മാടമ്പ് കുഞ്ഞുകുട്ടന്‍ ഏറ്റവും അവസാനമായി നല്‍കിയ അഭിമുഖമാണിത്. എല്ലാകാലത്തും തന്റെ ബോധ്യങ്ങള്‍ തുറന്നുപറയുകയും ധീരമായി നിലകൊള്ളുകയുംചെയ്ത ഒരു എഴുത്തുകാരന്റെ ഒളിവെട്ടം ഈ സംഭാഷണത്തിലും കാണാം. അക്ഷരംമുതല്‍ ആനവരെ ഒന്നും തനിക്ക് വര്‍ജ്യമായിട്ടില്ലെന്ന് അദ്ദേഹം ഈ സംഭാഷണത്തിലൂടെ അടിവരയിടുന്നു

അശ്വത്ഥാമാവ്, ഭ്രഷ്ട്-നോവല്‍ പേരുകളുടെ അര്‍ഥതലംവെച്ച് നോക്കുമ്പോള്‍ ആ അവസ്ഥ നോവലിസ്റ്റിനും ബാധകമായോ? വേണ്ടവിധം വേരോടാതെ പോയതായി തോന്നിയിട്ടുണ്ടോ

വേണ്ടമാതിരി ആയിട്ടില്ല എന്നുതോന്നിയിട്ടുണ്ട്. രണ്ടിനും ഇംഗ്ലീഷ് പരിഭാഷ വന്നു. സിനിമയായി. ഭ്രഷ്ട് മലയാളികളല്ലാത്തവര്‍ നാടകമാക്കി. താത്രി ടൈറ്റ് പാന്റും ഷര്‍ട്ടുമിട്ട് മുടിയൊക്കെ ക്രോപ്പ് ചെയ്ത് അരങ്ങില്‍ വന്നപ്പോള്‍ അരോചകത്വം തോന്നിയില്ല.

ഭ്രഷ്ട് യാഥാര്‍ഥ്യവും ഭാവനയും കലര്‍ന്ന നോവലാണ്. അതിന്റെ ശതമാനക്കണക്ക് എങ്ങനെയാണ്

ഭ്രഷ്ടിലെ കേന്ദ്രം സത്യമാണ്. താത്രി, 64 ആളുകള്‍ വ്യഭിചരിച്ചത്, ഭ്രഷ്ട് വന്നത് എല്ലാം സത്യം. താത്രി എങ്ങനെ വ്യഭിചാരിണിയായി എന്നതുമുഴുവന്‍ ഭാവനയാണ്.

'താത്രികുട്ടി: മഹാമായേ! രക്ഷിക്കണേ!' എന്ന പ്രാര്‍ഥനയോടെയാണ് ഭ്രഷ്ട് അവസാനിക്കുന്നത് താത്രിയെ അമ്മദൈവമാക്കുന്നതിലെ നീതി എന്താണ്

നമ്പൂതിരിസമുദായത്തിന്റെ അഹന്തയ്ക്കുകിട്ടിയ തല്ലാണ് താത്രി. യോഗക്ഷേമസഭ ഉണരാനുള്ള നിമിത്തമായി താത്രി. അമ്മ എന്നുവിളിച്ചത് എന്റെ ദേവീസങ്കല്പവുമായി ബന്ധപ്പെട്ടതാണ്. അമ്മ എന്നാല്‍ പരാശക്തിതന്നെ. അതിനുമുകളില്‍ ഒന്നുമില്ല.

പുരുഷാധിപത്യത്തിനെതിരേ ശരീരം ഉപകരണമാക്കി ശരീരംകൊണ്ട് പ്രതിരോധിക്കുകയാണ് താത്രി ചെയ്തത് എന്ന അഭിപ്രായത്തോട് യോജിക്കുമോ

സ്ത്രീകളെ ഏതുകാരണങ്ങളെക്കൊണ്ടാണോ പുരുഷന്‍ അടിമയാക്കുന്നത് അതേ കാരണങ്ങളെക്കൊണ്ടും സാമഗ്രികളെക്കൊണ്ടും പുരുഷനെ നിലംപരിശാക്കുകയാണ് താത്രി ചെയ്തത്. പുരുഷനോട് താത്രിക്ക് പ്രതികാരമുണ്ടായിരുന്നു. ഓത്തന്മാരെ കലാകാരന്മാരെ, സമൂഹത്തില്‍ വേറിട്ടുനില്‍ക്കുന്നവരെയാണ് താത്രി പ്രാപിച്ചത്. മര്‍മസ്ഥാനക്കാരെ പിടിച്ചുകെട്ടണം എന്ന് താത്രി ഉറപ്പിച്ചു

താത്രിക്ക് പുരുഷനോട് പകയായിരുന്നുവെന്ന് പറഞ്ഞല്ലോ. അശ്വത്ഥാമാവും പകയുടെ ആള്‍രൂപമല്ലേ? പകക്കഥകള്‍ എഴുതാനുള്ള മാനസികാവസ്ഥ എന്താണ്

ഉത്തമത്തില്‍നിന്ന് പടിപടിയായ അധഃപതനം. അതാണ് അശ്വത്ഥാമാവിന്റെ ജീവിതം. ദ്രോണരുടെ മകന്‍, വലിയ വില്ലാളി. പക്ഷേ, ബുദ്ധി ഉപദേശിച്ചത് മൂങ്ങയാണ്. ശാപം പേറി, ഗതികെട്ട ജന്മമായി അശ്വത്ഥാമാവ് മാറുകയായിരുന്നു.

നോവലിസ്റ്റായ സാഹചര്യം പറയൂ? പൂര്‍വമാതൃക, സ്വാധീനപുരുഷന്മാര്‍

ഓണം ഉത്രാടമാണ് എന്നെഴുതിയായിരുന്നു തുടക്കം. അശ്വത്ഥാമാവ് എഴുതി. കോവിലനെ കാണിച്ചു. കോവിലന്‍ തിരുത്തിയില്ല. രണ്ടുമാസം കഴിഞ്ഞ് ഒന്നുകൂടി വായിച്ചുകൊണ്ടുവരൂ എന്നുപറഞ്ഞു. ആ വായനയില്‍ ഞാന്‍ ഏറെ തിരുത്തി കോവിലനെ കാണിച്ചു. പിന്നെയും രണ്ടുമാസം കഴിഞ്ഞുവരാന്‍ കല്പനയായി. ഒരു തവണകൂടി ഇങ്ങനെയുണ്ടായി. നേരിട്ട് കോഴിക്കോട്ടുചെന്ന് എം.ടി. വാസുദേവന്‍നായരെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. അതുപ്രകാരംചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വാസുദേവന്‍നായരുടെ എഴുത്തുവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്നു. അക്കാലത്ത് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ആഴ്ചപ്പതിപ്പില്‍ വന്ന അശ്വത്ഥാമാവിന്റെ പേജുകള്‍ ചുമരില്‍ ഒട്ടിച്ചിരിക്കുന്നതായി കണ്ടു. എഴുത്തില്‍ മാതൃക, സ്വാധീനം അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ഞാന്‍ നല്ല രീതിയില്‍ എഴുതി അത്രതന്നെ.

എന്നാലും എഴുത്തില്‍ ചില ഇഷ്ടങ്ങളൊക്കെ സ്വാഭാവികമാണല്ലോ

നോവലില്‍ കോവിലന്‍, കഥയില്‍ ടി. പത്മനാഭന്‍, സി.വി. ശ്രീരാമന്‍. വി.കെ. എന്നിനോട് വലിയ ബഹുമാനമാണ്. സമകാലികരാഷ്ട്രീയവും ചരിത്രവും ഇത്രമാത്രം അറിയുന്ന എഴുത്തുകാരന്‍ ഉണ്ടായിട്ടില്ല. പൊളിറ്റിക്കല്‍ സറ്റയറില്‍ വി.കെ.എന്നിനെ വെല്ലാന്‍ ആരുമില്ല.

മാടമ്പിന്റെ കാവ്യാഭിമുഖ്യങ്ങള്‍ എന്തൊക്കെയാണ്

'ഗുരുവാക്കാമിച്ഛപോലെ/പാടി നീട്ടി ലഘുക്കളെ' എന്ന മട്ടിലുള്ള ദ്രാവിഡ വൃത്തങ്ങളോട് പഥ്യമില്ല. ശ്ലോകങ്ങളാണ് ഇഷ്ടം. ശ്ലോകങ്ങള്‍ക്ക് മുറുക്കം കൂടും. കുമാരനാശാന്റെ ശ്ലോകങ്ങളൊഴിച്ച് എല്ലാം ഇഷ്ടം. 'തൂണില്‍ കാവ്യം തുളുമ്പും...' എന്നു തുടങ്ങുന്ന വൈലോപ്പിള്ളിയുടെ ശ്ലോകമൊക്കെ അതിഗംഭീരമാണ്. വി.കെ. ഗോവിന്ദന്‍നായര്‍, പ്രേംജി, ദുര്‍ഗാദത്തന്‍ ഭട്ടതിരി എന്നിവരുടെ ശ്ലോകങ്ങള്‍ക്ക് അസാമാന്യ സൗന്ദര്യമാണ്. പുതിയ കവിതയില്‍ ആശയമുണ്ട്. പക്ഷേ, ഒന്നില്ല; കവിത. (a+b)2 എന്നത് വലിയ ആശയമാണ്. E=mc2 എന്നത് ലോകത്തിലെ ഏറ്റവും വലിയ ആശയമാണ്. പക്ഷേ, അതു കവിതയല്ല. അതുപോലെയാണ് ഇന്നത്തെ പുതിയ കവിതകള്‍. ഒരു തരികിട എന്നും പറയാം, ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും നന്നായി എഴുതും. ചുള്ളിക്കാട് നല്ല ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്.

മാടമ്പിനെ മലയാളി നിരൂപകരും വേണ്ടവിധം പരിഗണിച്ചിട്ടില്ല. നരേന്ദ്രപ്രസാദ് അശ്വത്ഥാമാവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ലല്ലോ

ഞാന്‍ സ്വന്തം കൃതികളുടെ നിരൂപണത്തിനുപിന്നാലെ പോകാറില്ല. നല്ല കൃതികള്‍ വരാത്തതുകൊണ്ട് നല്ല നിരൂപണവും വരുന്നില്ല എന്നതാണ് കാലത്തിന്റെ പ്രശ്‌നം. കുട്ടികൃഷ്ണമാരാര്‍, രാജഭരണകാലത്ത് കാളിദാസകൃതികളെക്കുറിച്ചാണ് എഴുതിയത്. എം.പി. ശങ്കുണ്ണിനായര്‍ ആധുനിക അവബോധങ്ങളുടെ നിരൂപകനായിരുന്നു. കാളിദാസനെക്കുറിച്ചും അക്കിത്തത്തെക്കുറിച്ചും എഴുതിയിട്ടുണ്ടല്ലോ.

മാടമ്പിലെ അഭിനേതാവിനെ എങ്ങനെ വിലയിരുത്തുന്നു

ഞാന്‍ നല്ല നടനല്ല. ആളുകളുടെ ദൃഷ്ടിയില്‍ ഞാന്‍ നന്നെന്നു പറയപ്പെടുന്നു. വി.ടി.യുടെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തില്‍ മുട്ടുശാന്തി അഭിനയമായി തുടങ്ങിയതാണ്. പിന്നെ പാപ്വപ്ഫന്‍ എന്ന കഥാപാത്രം സ്ഥിരമായി. സിനിമയില്‍ ഒരു സൗകര്യമുണ്ട്. രണ്ടാമത് ചെയ്യാമല്ലോ.

തിരക്കഥാരചന വശമാക്കിയത് എങ്ങനെയാണ്

കെ.ആര്‍. മോഹന്‍ 'അശ്വത്ഥാമാവ്' സിനിമയാക്കാന്‍ നിശ്ചയിച്ചപ്പോള്‍ പി. രാമന്‍ നായര്‍ ഇംഗ്ലീഷില്‍ തിരക്കഥ എഴുതി. സംഭാഷണം ഞാന്‍ മലയാളത്തിലാക്കണം. അങ്ങനെ തുടങ്ങി. ജയരാജിന്റെ ദേശാടനംമുതല്‍ ഏഴെണ്ണത്തിന് തിരക്കഥ എഴുതി. ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. തിരക്കഥയില്‍ ആരുടെയും സ്വാധീനമില്ല. തിരക്കഥയെഴുത്ത് സുഖമാണ്. നോവലെഴുത്തിന്റെ ടെന്‍ഷനില്ല. തിരക്കഥയില്‍ ഡയലോഗിലേ ഭാഷ വേണ്ടൂ... വിവരണത്തില്‍ ഭാഷ വേണ്ടല്ലോ. അയാള്‍ പുറത്തേക്ക് എന്നുമതി, സംഭാഷണത്തിലേ ഭാഷ മിനുക്കേണ്ടതുള്ളൂ. ഒരാളുടെയും തിരക്കഥ മുഴുവനായി വായിച്ചിട്ടില്ല.

സംഘപരിവാര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അതിനോട് ആഭിമുഖ്യം തോന്നാറുണ്ടോ

സംഘപരിവാറിന് ഹിന്ദുത്വപക്ഷപാതി എന്ന അര്‍ഥകല്പനവരാം. ആധുനികരാഷ്ട്രീയത്തിലെ പിന്തിരിപ്പന്മാര്‍ എന്നത്രേ ആക്ഷേപം. ഇന്ത്യക്ക് ഇന്ത്യയുടേതായ തത്ത്വചിന്താദര്‍ശനമുണ്ട്. അതിലൂടെ സഞ്ചരിക്കണം. കടംമേടിച്ച തത്ത്വചിന്ത പ്രായോഗികമല്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇവിടെ വേരുപിടിച്ചില്ലല്ലോ. അതൊന്നും നിലനില്‍ക്കില്ല. മാര്‍ക്‌സ്, മാവോ, ലെനിന്‍ മുതല്‍ ഇ.എം.എസ്., കെ. ദാമോദരന്‍വരെ വായിച്ചിട്ടുണ്ട്. പലതും വായിച്ചുമുഷിഞ്ഞു. കെ. ദാമോദരന്‍ ഭാരതീയ തത്ത്വചിന്തയെക്കുറിച്ച് എഴുതിയത് അര്‍ഥവത്താണ്.

ആനകളെ അറിയുന്ന മാടമ്പിന്റെ മറുമുഖം എന്താണ്

ഇല്ലത്ത് ആനയുണ്ടായിരുന്നു. തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ് ഭംഗിയുള്ള നൂറുശ്ലോകങ്ങളില്‍ മാതംഗലീല എഴുതി. പിന്നെ അദ്ദേഹം കമ്പക്കെട്ടിനെക്കുറിച്ചാണ് എഴുതിയത്. പടക്കത്തിന്റെ ശാക്തീയതയെപ്പറ്റി. മാതംഗലീല പഠിച്ചു, പൂമുള്ളി ആറാം തമ്പുരാനുകീഴില്‍. കുടലാറ്റുപുറം, വരിക്കാശ്ശേരി, ദേശമംഗലത്ത് ആനകള്‍ കേമമായിരുന്നു. ആനകളെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടിയില്‍ വന്നു. പുതിയ ആനക്കാര്യങ്ങള്‍ അറിയില്ല.

മാടമ്പിന്റെ എഴുത്തുജീവിതത്തെ സ്വാധീനിച്ച പുസ്തകം. അങ്ങനെ ഒന്നുണ്ടോ

ഇല്ല. ഭരണിപ്പാട്ടുമുതല്‍ സൗന്ദര്യലഹരിവരെ ഇഷ്ടമാണ്.

Content Highlights: Madampu Kunjukuttan last Interview