കോഴിക്കോട്ടെ കൊട്ടാരം റോഡില്‍നിന്ന് മാവൂര്‍ റോഡിലേയ്ക്ക് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്.അവിടെ ജാഫര്‍ഖാന്‍ കോളനിയില്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് ഒരു മൂന്ന് മുറി ഫ്‌ളാറ്റുണ്ട്. ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണിയ്ക്ക് എം.ടി.കൊട്ടാരം റോഡിലെ 'സിതാര' എന്ന വീട്ടില്‍നിന്നിറങ്ങും.ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൂടല്ലൂരിലെ കുന്നിറങ്ങി താനെത്തിച്ചേര്‍ന്ന നഗരത്തിന്റെ സായാഹ്നത്തിലൂടെ സഞ്ചരിച്ച് ഫ്‌ളാറ്റിലെത്തും. പുരസ്‌കാരങ്ങളും പുസ്തകങ്ങളും നിറഞ്ഞ മുറിയിലിരിയ്ക്കും.വായിക്കും .ആലോചിക്കും.അപൂര്‍വ്വമായി വരുന്ന സന്ദര്‍ശകരെ കേള്‍ക്കും,ആവശ്യത്തിന് മറുപടി പറയും.ഇതിനിടെ ബീഡി പലതവണ കൊളുത്തും, അത് കെടും,വീണ്ടും കൊളുത്തും...കണ്ടിരിക്കുമ്പോള്‍ അതൊരു കലയാണ് എന്ന് തോന്നും.

അത്തരം ഒരു വൈകുന്നേരമാണ് ഈ സംസാരം നടന്നത്.പുറത്ത് ഒരു പെരുമഴ തോര്‍ന്നിരിയ്ക്കുന്നു.എണ്‍പത്തിനാല് വര്‍ഷത്തെ തന്റെ ജീവിതത്തെക്കുറിച്ച് എം.ടി പറയുമ്പോള്‍ അതില്‍ ഒരുപാട് സംഭവങ്ങള്‍,ഓര്‍മ്മകള്‍,വ്യക്തികള്‍,വേദനകള്‍,പ്രയത്‌നങ്ങള്‍... ഇവയുടെ എല്ലാം നടുവിലൂടെ ഏകാകിയായ ഒരു മനുഷ്യന്‍ നടന്നുപോകുന്നു.ആ മനുഷ്യന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ:എഴുതുക.

ഗ്രീക്ക് എഴുത്തുകാരനായ കസാന്‍ദ് സാക്കിസിന്റെ അവസാനകാല രചനകളിലൊന്നായ 'റിപ്പാര്‍ട്ട് ടു ഗ്രീക്കോ'യുടെ ആദ്യവാചകങ്ങളിലൊന്നില്‍ അദ്ദേഹം എഴുതി :I am not tired.But the sun has set.വലിയ രചനകള്‍ സൃഷ്ടിച്ച എഴുത്തുകാരന്റെ വാക്കുകള്‍.എണ്‍പത് വയസ്സൊക്കെക്കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ പറയും:'ഇനി അനായാസേന മരണം...'ഒരേ സമയം എഴുത്തുകാരനും നാട്ടിന്‍പുറത്തുകാരനുമായ എം.ടിയില്‍ ഇപ്പോള്‍ ഈ രണ്ട് ഭാവങ്ങളുടെ സംഘര്‍ഷങ്ങള്‍ ഉണ്ടോ.. ?

എഴുത്തുകരന്‍, സാധാരണക്കാരനായ മനുഷ്യന്‍ എന്നീ രണ്ട് നിലകളിലുള്ള ജീവിതത്തിന്റെ ഒഴുക്കുകളില്‍ എനിയ്ക്കിതുവരെ സംഘര്‍ഷമൊന്നും അുഭവപ്പെട്ടിട്ടില്ല. ഏത് മനുഷ്യനും മരണമുണ്ട്. അതാര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് അതിനെക്കുറിച്ച് ആശങ്ക തോന്നാറുമില്ല. കുട്ടികള്‍ അതായില്ല ഇതായില്ല എന്ന സങ്കടവും ഇപ്പോള്‍ എന്നെ അലട്ടുന്നില്ല. പക്ഷേ ഒരാശങ്ക ഇപ്പോഴുമുണ്ട്: ഇനിയും എന്റെ പണികള്‍ തീര്‍ന്നിട്ടില്ല; ഇനിയുമുണ്ടല്ലോ, ആലോചിച്ച് വച്ചവയുണ്ടല്ലോ, തുടങ്ങിയവയുണ്ടല്ലോ എന്നൊക്കെയുള്ള ഒരുത്കണ്ഠ. അതുണ്ട്.

ഞാന്‍ തുടങ്ങിവച്ചത് പലതും തീര്‍ന്നില്ലല്ലോ എന്ന ആകുലതയുണ്ട്. പലതും വിട്ടുകളഞ്ഞിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടാവാറുണ്ട്. ചിലത് എഴുതാന്‍ തുടങ്ങി. എന്തോ ചില കാരണങ്ങളാല്‍ നിര്‍ത്തിവച്ചു. പിന്നീട് അതിലേയ്ക്ക് തിരിച്ചുവരാന്‍ പറ്റിയില്ല. പഴയ കടലാസുകള്‍ എടുത്തുനോക്കുമ്പോള്‍ എന്തുകൊണ്ട് അതിലേയ്ക്ക് തിരിച്ചുവരാന്‍ പറ്റിയില്ല എന്നാലോചിക്കാറുണ്ട്. അപ്പോള്‍ത്തോന്നും, എഴുതിയിട്ട് ശരിയായിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഞാനവിടെ നിര്‍ത്തില്ലല്ലോ.....

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴീക്കോടിന് എഴുതിയ ഒരു കത്തില്‍ എം.ടി എഴുതി: 'ജീവിക്കാന്‍ വേണ്ടി ഞാന്‍ വര്‍ഷത്തില്‍ രണ്ട് തിരക്കഥകള്‍ എഴുതുന്നു' എന്നാല്‍, സിനിമയില്‍ വലിയ സ്ഥാനം നേടിയിട്ടും എം.ടി തൊപ്പിയും കൂളിംഗ് ഗ്ലാസും വച്ച് അവിടെ സ്ഥിരവാസമാക്കിയില്ല. എപ്പോഴും സാഹിത്യത്തിലേയ്ക്ക് തിരിച്ചുവന്നു. മന:പ്പൂര്‍വ്വമായിരുന്നോ ഈ തരിച്ചുവരവുകള്‍.... ?

അഴീക്കോടിന് അങ്ങിനെയൊരു എഴുത്ത് എഴുതിയതായി എനിയ്ക്കിപ്പോള്‍ ഓര്‍മ്മയില്ല. സിനിമ എനിക്കിഷ്ടമായിരുന്നു; പക്ഷേ അതൊരു പ്രധാനവിഷയമായിരുന്നില്ല. ചില സാഹചര്യങ്ങള്‍കൊണ്ട് സിനിമയിലേയ്ക്ക് എത്തിപ്പെട്ടു എന്നേയുള്ളൂ. ഞാന്‍ അക്കാലത്തൊക്കെ തിരക്കഥ എഴുതിയിരുന്നത് അത്രയും അടുപ്പമുള്ള ആള്‍ക്കാര്‍ക്ക് വേണ്ടിയാണ്. സാമ്പത്തികമോഹങ്ങളൊന്നും ഉണ്ടായിട്ടല്ല. വലിയ സാമ്പത്തികമൊന്നും കിട്ടിയിട്ടുമില്ല. 'മുറപ്പെണ്ണി'ന് പ്രതിഫലമായി ശോഭന പരമേശ്വരന്‍ നായര്‍ എനിയ്ക്ക് തന്നത് ഒരു പാര്‍ക്കര്‍ പേനയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരോ വിദേശത്ത്‌നിന്ന് കൊണ്ടുവന്നതായിരുന്നു അത്. അതിലെനിയ്ക്ക് അശേഷം പരിഭവം അന്നുമില്ല, ഇന്നുമില്ല.

മറിച്ച് അതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു തിരക്കഥ കഴിയുമ്പോള്‍ അടുത്തത് തേടി ആളുകള്‍ വന്നു. അങ്ങിനെയങ്ങിനെ തുടര്‍ന്ന്‌പോയി. അപ്പോഴെല്ലാം, സാഹിത്യമാണ് എന്റെ തട്ടകം എന്ന് എനിയ്ക്ക് നല്ല ബോധ്യമണ്ടായിരുന്നു. സാഹിത്യത്തിന് വേണ്ടിയുള്ള സമയം സിനിമയ്ക്ക് നഷ്ടപ്പെടുത്തുകയാണോ എന്നും തോന്നിയിട്ടുണ്ട്. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്ന തോന്നല്‍ പിന്നീടുണ്ടായി. എഴുത്തുകഴിഞ്ഞ് ചിത്രീകരണസ്ഥലത്തും ഗാനനിര്‍മ്മാണസ്ഥലത്തും എഡിറ്റിംഗ് സ്ഥലത്തുമെല്ലാം ചെന്നിരിക്കുമായിരുന്നു, ചിലപ്പോള്‍. അതൊക്കെ അതിന്റെ മറ്റ് വശങ്ങള്‍ മനസ്സിലാക്കന്‍വേണ്ടിയിട്ടായിരുന്നു. അല്ലാതെ എനിയ്ക്കവിടെ ഒരു സ്റ്റാറാകാന്‍ വേണ്ടിയിട്ടല്ല.

പിന്നെ, എന്നെ സംബന്ധിച്ച് മറ്റൊരു കാര്യമുണ്ടായിരുന്നു: 'മാതൃഭൂമി'യിലെ ജോലിയോടുള്ള ബാധ്യതയുണ്ടായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം എന്ത് പറയും എന്ന തോന്നലുണ്ടായിരുന്നു. എട്ടോ പത്തോ ദിവസം ലീവെടുക്കും. ആദ്യ കോപ്പി ആ ദിവസങ്ങള്‍കൊണ്ടെഴുതും. പിന്നീട് തിരിച്ചുവന്ന് തിരുത്തിയെഴുതി അസ്സല്‍ പകര്‍പ്പെടുക്കും. കെ.എസ്.സേതുമാധവന് തിരക്കഥകള്‍ എഴുതി വായിച്ച് റെക്കോര്‍ഡ് ചെയ്ത് വരെ അയച്ചുകൊടുത്തിട്ടുണ്ട്. ഞാന്‍ കാരണം സേതു ബുദ്ധിമുട്ടരുത് എന്നുകരുതിയാണ് അങ്ങനെ ചെയ്തത്. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും എനിയ്ക്ക് എന്റെ എഴുത്ത്, പത്രപ്രവര്‍ത്തനം എന്നിവയൊക്കെത്തന്നെയായിരുന്നു പ്രധാനം.

MT

'അദ്ധ്യാപനായിരുന്നാല്‍ നന്നായിരുന്നു.എഴുതാനും വായിക്കാനും ധാരാളം ഒഴിവ് സമയം ലഭിക്കും'  എന്ന് എം.ടി  പറഞ്ഞിട്ടുണ്ട്.പക്ഷേ,താങ്കള്‍ പത്രപ്രവര്‍ത്തകനായി.പത്രപ്രവര്‍ത്തനം താങ്കളുടെ സാഹിത്യരചനയ്ക്ക് ഗുണം ചെയ്തിട്ടുണ്ടോ? ഹെമിംഗ്‌വേയും മാര്‍ക്കേസും ജോണ്‍ സ്‌റ്റെന്‍ബഗുമെല്ലാം പത്രപ്രവര്‍ത്തനം അവരുടെ എഴുത്തിന് ഗുണം ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്... ?

പത്രപ്രവര്‍ത്തനം ഒരു സര്‍ഗ്ഗാത്മക എഴുത്തുകാരനെ സംബന്ധിച്ച് ദോഷകരമായ കാര്യമല്ല. ജേണലിസം നമ്മുടെ കാഴ്ചപ്പാടുകളെ വിപുലമാക്കും. കുറേക്കൂടി ജീവിത ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലേക്കെത്തും. എന്റെ എഴുത്തിന്റെ ക്രാഫ്റ്റിനെ ജേണലിസം ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. നേരെ തിരിച്ചാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. സാഹിത്യത്തിലും എഴുത്തിലുമുള്ള എന്റെ താല്‍പ്പര്യം പത്രപ്രവര്‍ത്തനത്തിന് സഹായമാവുകയാണ് ചെയ്തത്.പല എഴുത്തുകാരും തുടക്കത്തില്‍ പത്രപ്രവര്‍ത്തകരായിരുന്നു. പിന്നെ,പതുക്കെപ്പതുക്കെ അതില്‍നിന്ന് മാറുകയായിരുന്നു.എഴുത്തിന്റെ ബാധ്യതകള്‍ അത്ര കൂടുതല്‍ വന്നതുകൊണ്ടാണ് അവര്‍ മാറിയത്.

ഏകാഗ്രതയും ഏകാന്തതയുമാണ് എം.ടി എന്ന് തോന്നിയിട്ടുണ്ട്.ഒരുകാലത്തും ചുറ്റുപാടുകളുടെ പലവിധബഹളങ്ങളില്‍ താങ്കള്‍ പെട്ടുകണ്ടിട്ടില്ല.ഏകാഗ്രതയും ഏകാന്തതയും എഴുത്തുകാരന് അനിവാര്യമാണോ? ഇവ രണ്ടും താങ്കള്‍ മന:പ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ?

ഏകാഗ്രതയും ഏകാന്തതയും എഴുത്തുകാരന്  അനിവാര്യമാണ് എന്ന് തന്നെയാണ് എന്റെ അനുഭവം. ഇവ രണ്ടും ഞാന്‍ ജോലി ചെയ്യാന്‍ വേണ്ടി സൃഷ്ടിച്ചെടുത്തത് തന്നെയാണ്. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി.സിനിമയ്‌ക്കൊക്കെ എഴുതാന്‍ പോയാല്‍ ചിലര്‍ തീര്‍ത്തും ഏകാന്തമായ സ്ഥലത്ത് നല്ല സൗകര്യമൊക്കെത്തരും. എന്നാല്‍ അത്തരം ഏകാന്തതയില്‍ ഇരുന്ന് എഴുതാന്‍ സാധിക്കില്ല.നമ്മുടെ ചുറ്റുപാടും ആളുകള്‍ വേണം, ബഹളം വേണം. അതിന് നടുവില്‍ ചെറിയ തുരുത്തുണ്ടാക്കി ഇരിയ്ക്കാന്‍ നമുക്ക് സാധിക്കണം. വീടിനകത്തിരിക്കുമ്പോഴും ഞാന്‍ വീടിന്റെ കോലാഹലങ്ങളില്‍പ്പെടാറില്ല. ഏറിവന്നാല്‍ കുട്ടികളോട് അല്‍പ്പം സംസാരിയ്ക്കും. അവരെ നിരീക്ഷിച്ച് ഇരിക്കാനാണ് എനിയ്ക്കിഷ്ടം. അവര്‍ നമ്മോട് സംസാരിക്കുന്നത് കേള്‍ക്കാനും. ആളുകളെക്കാണണം, കോലാഹലം വേണം, എന്നാല്‍ അവയൊന്നും നമ്മുടെ ഉള്ളിലേയ്ക്ക് വരാതെ സംരക്ഷിച്ചെടുക്കുകയും വേണം. വലിയ ബുദ്ധിമുട്ടുള്ള കാര്യമാണിത്.

പത്രപ്രവര്‍ത്തനത്തിന്റെ തിരക്കുകളില്‍ ജീവിച്ചപ്പോഴും എഴുത്തിനായുള്ള ഈ ഏകാഗ്രതയും ഏകാന്തതയും നിലനിര്‍ത്താന്‍ സാധിച്ചതെങ്ങിനെയാണ്... ?

അക്കാലത്ത് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ പോയാല്‍ രാത്രി വീണ്ടും 'മാതൃഭൂമി' ഓഫീസില്‍ വരേണ്ടിവരും. പ്രിന്റിംഗ് മാറ്റര്‍ റോട്ടറി പ്രസ്സില്‍ കയറ്റുന്നതിന് മുമ്പ് ഒന്നുകൂടി ഓടിച്ച്‌നോക്കി ഒപ്പിട്ടുകൊടുക്കണം. ഉത്തരവാദിത്തമാണ്;എന്നാലേ റോട്ടറി ഓടൂ. പണികഴിഞ്ഞ് പാളയത്തെ പാരീസ് ഹോട്ടലില്‍പ്പോയി ഭക്ഷണം കഴിച്ച് ബാക്കിയുള്ളത് വീട്ടിലെ നായയ്ക്ക്കൂടി പൊതിഞ്ഞെടുത്താണ് പോവുക. അപ്പോഴൊക്കെ മനസ്സില്‍ വേറെ ചിലത് ചിന്തിച്ചുകൊണ്ടിരിക്കും. സമാന്തരമായി അത് അങ്ങനെ ഓടിക്കൊണ്ടിരിക്കണം. അങ്ങിനെയാണ് ഏകാഗ്രത നിലനിര്‍ത്തിയത്.

എഴുത്തുകാരന് അച്ചടക്കം ആവശ്യമാണ് എന്ന് തോന്നിയിട്ടുണ്ടോ.. ?

ജീവിതത്തിന്റെ അച്ചടക്കം തന്നെയാണ് എഴുത്തിന്റെയും അച്ചടക്കം.

ഗ്രാമസേവകന്‍ മുതല്‍ പത്രാധിപര്‍വരെ പല ജോലികള്‍ എം.ടി ചെയ്തിട്ടുണ്ട്.പലപ്പോഴും ജോലി രാജിവെച്ചിട്ടുണ്ട്,ജോലി നഷ്ടപ്പെട്ടിട്ടുമുണ്ട്..ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതം താങ്കളെ ഭയപ്പെടുത്തിയിരുന്നോ?എന്തായിരുന്നു എം.ടിയുടെ ജീവിത ദര്‍ശനം..?

ഒരു ഗ്രാമത്തിലെ ഇടത്തരക്കാരില്‍ താഴെയുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ആഡംബരജീവിതത്തിലല്ല വളര്‍ന്നത്. ഞങ്ങള്‍ ഇടത്തരക്കാര്‍ക്ക് കൊല്ലത്തില്‍ രണ്ട് വിളവാണുള്ളത്:വിരിപ്പും മുണ്ടകനും. പുഞ്ചപ്പാടങ്ങളില്ല. വിരിപ്പ്കൃഷി കര്‍ക്കടമാവുമ്പോഴേയ്ക്കും കൊയ്യാറാവും. മഴ പിഴയ്ക്കുകയോ വൈകുകയോ ചെയ്താല്‍ ഓണത്തിന് നെല്ലുണ്ടാവില്ല. കൃത്യസമയത്ത് വിളവുണ്ടായാല്‍ മാത്രമേ നല്ല ഭക്ഷണം കിട്ടൂ.

randamoozhamഅച്ഛന്‍ സിലോണിലായിരുന്നു. പണമൊക്കെ അയച്ചുതരുമായിരുന്നു. അതുകൊണ്ട് വല്യേട്ടനും ചെറിയേട്ടനുമൊക്കെ നല്ല വേഷങ്ങളൊക്കെ ഉണ്ടായി. ഞാന്‍ ജനിച്ചപ്പോഴേയ്ക്ക് സാഹചര്യം മാറി. ഒരേ സമയത്ത് ഇന്ത്യയും സിലോണും സ്വതന്ത്രമായി. അച്ഛന്‍ തിരിച്ചുവരാതെ അവിടത്തന്നെ തുടര്‍ന്നു. അതുകൊണ്ട് പണം അയക്കുന്നതില്‍ നിയന്ത്രണം വന്നു. പണം വരാതാവുകയും കൃഷി പിഴയ്ക്കുകയും ചെയ്തപ്പോള്‍ വീട്ടിലെ സ്ഥിതി കഷ്ടമായി. അമ്മ കഷ്ടപ്പെടുന്നതൊക്കെ ഞാന്‍ കണ്ടു. അരിയില്ലാതെ ബുദ്ധിമുട്ടുന്നു. രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പലപ്പോഴും ചോറ് തികയില്ല. ഇപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ ഞാന്‍ ഉള്ളംകൈകൊണ്ട് ചോറ് മറച്ച് പിടച്ചിരിക്കുകയായിരുന്നു. അപ്പോള്‍ അമ്മ ചോദിച്ചു:'കുറച്ചേയുള്ളൂ അല്ലേ?' പുഴയില്‍നിന്ന് വരുമ്പോള്‍ പറിക്കുന്ന കുമ്മട്ടിക്കായകൊണ്ടുള്ള ഒരു കൂട്ടാന്‍കൊണ്ട് ഞാന്‍ തൃപ്തിപ്പെടും. 

കോളേജിലായപ്പോള്‍ ഏറ്റവുമധികം നാണക്കേട് തോന്നിയത് ആഴ്ചയിലൊരിക്കല്‍ അലക്ക്കാരന്‍ വരുമ്പോഴാണ്. ഒപ്പമുള്ളവര്‍ക്ക് ഒരട്ടിയുണ്ടാവും അലക്കിയതും അലക്കാനുള്ളതുമായി. ഒന്നോ രണ്ടോ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. നല്ല മുണ്ടോ ഷര്‍ട്ടോ ഇല്ല. ഇതൊക്കെ പറയേണ്ടത് വീട്ടിലാണ്. വീട്ടിലെ സ്ഥിതി മോശമായതുകൊണ്ട് പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ട് ജോലി എന്ന ഉത്കണ്ഠ ഉണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രിയില്‍ ബിരുദമെടുത്തത് തന്നെ സയന്‍സ് ബിരുദക്കാര്‍ക്ക് എളുപ്പത്തില്‍ ജോലികിട്ടും എന്നൊരു ധാരണ ഉണ്ടായിരുന്നത് കൊണ്ടാണ്. അതൊക്കെ വെറുതെയായി. പല ഇന്റര്‍വ്യൂവിനും പോയെങ്കിലും ഒന്നും കിട്ടിയില്ല. അദ്ധ്യാപക ലീവ് വേക്കന്‍സിയില്‍ മാഷായി പോയിരുന്നു. അവധിയില്‍പ്പോയവര്‍ നേരത്തേ തിരിച്ചുവരരുതേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയാവുമ്പോഴും കടന്ന്‌പോന്ന അനുഭവങ്ങള്‍ നിലനില്‍ക്കാനുള്ള ധൈര്യം തന്നു.അതുകൊണ്ടുതന്നെ എപ്പോഴും ജോലിയെക്കുറിച്ചുള്ള ഉത്കണഠ ഉണ്ടായിരുന്നെങ്കലും പേടി ഉണ്ടായിരുന്നില്ല.കാരണം ജീവിച്ച്‌പോകണം എന്നേ എനിയ്ക്ക് എപ്പോഴും ഉണ്ടായിരുന്നുള്ളൂ.

മറ്റെല്ലാ ദൈവങ്ങളുമില്ലെങ്കിലും കൊടിക്കുന്നത്തമ്മ ഇല്ല എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല എന്ന് എം.ടി പറഞ്ഞിട്ടുണ്ട്. അങ്ങ് സെന്‍ ബുദ്ധിസത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്, ഓഷോയെയും രമണമഹര്‍ഷിയേയും വായിച്ചിട്ടുണ്ട്, മൂകാംബിയില്‍പ്പോകാറുണ്ട്...എന്താണ് എം.ടിയുടെ ദൈവ സങ്കല്‍പ്പം.. ?

എന്റെ അമ്മ അമ്പലങ്ങളില്‍ കയറിയിറങ്ങിയിരുന്ന ഒരു സ്ത്രീയായിരുന്നില്ല. കുടുംബം നിലനിര്‍ത്തണമല്ലോ എന്ന ആധിയായിരുന്നു ജീവിതത്തിലെ അമ്മയുടെ ഏറ്റവും വലിയ പ്രശനം. ഞാന്‍ കര്‍ക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രക്കാരനാണ് എന്ന്‌പോലും അമ്മയ്ക്ക് അറിയുമോ എന്ന് നിശ്ചയമില്ല.പക്ഷേ കുടുംബത്തില്‍ ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളില്‍നിറയെ ദൈവങ്ങളും മിത്തുകളുമുണ്ടായിരുന്നു. 

ഒരു വിധവയുണ്ടായിരുന്നു,അവര്‍ക്ക് നാല് മക്കളായിരുന്നു. പാല്‍ കറന്ന് പുഴയുടെ അക്കരെ കൊണ്ടുപോയിക്കൊടുത്തിട്ടാണ് അവര്‍ കുട്ടികള്‍ക്ക് നേദ്യച്ചോറുമായി വരാറുണ്ടായിരുന്നുത്. ഒരു തുലാവര്‍ഷക്കാലത്ത് പുഴ നിറഞ്ഞപ്പോള്‍ തോണിക്കാരന്‍ പറഞ്ഞു: അമ്മാ തോണി വെലങ്ങില്ല, മെനക്കെടേണ്ട. അവര്‍ തിരിച്ചുവന്ന് കുട്ടികള്‍ക്ക് പാല്‍ കൊടുത്തിട്ട് പറഞ്ഞു: മക്കളേ ഇന്ന് ചോറില്ല. രാത്രി ആരോ വാതില്‍ക്കല്‍മുട്ടി. തുറന്നപ്പോള്‍ ഒരവ്യക്തരൂപം. 'കുട്ടികള്‍ക്ക് ചോറുകൊടുക്കൂ' എന്ന് പറഞ്ഞ് ഒരുരുളി അകത്തേക്ക് നീട്ടി. ഉരുളി തിരിച്ചുകൊടുക്കാന്‍ നോക്കുമ്പോള്‍ ആരെയും കണ്ടില്ല എന്നാണ് കഥ.

കൊടിക്കുന്നത്തമ്മയാണ് അത് എന്നാണ് വിശ്വാസം. മുത്തശ്ശിമാര്‍ പറയും:  'ചോറ് കൊണ്ടുവന്നുതന്ന അമ്മയാണ്, ഒന്ന്‌പോയി തൊഴുത് വരാം'. ഞാന്‍ വളര്‍ന്ന ചുറ്റുപാടില്‍ ഭക്തിയേക്കാള്‍ ഇത്തരത്തിലുള്ള മിത്തുകളായിരുന്നു. അവ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആദ്ധ്യാത്മിക ചിന്ത എന്ന നിലയ്ക്കല്ല. മൂകാംബികയില്‍പ്പോയത് ആ സ്ഥലത്തോട് ഇഷ്ടം തോന്നിയതുകൊണ്ടാണ്. ഒരു വനപ്രദേശം, താമസിക്കുന്നത് പൂജാരിമാരുടെ വീട്ടില്‍, പോരുമ്പോള്‍ സാധിക്കുന്ന കാശ് കൊടുക്കാം... ഇവയെല്ലാം ഇഷ്ടമായി. ദൈവമുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ,സ്‌കൂള്‍മാഷേപ്പോലെ നമ്മുടെ തെറ്റുകള്‍ കണ്ടുപിടിക്കുന്ന ദൈവമല്ല. എവിടെയോ ഇരുന്ന നമ്മെ നിയന്ത്രിക്കുന്ന പ്രകൃതിശക്തി. എല്ലാ അമ്പലങ്ങളിലും പോവുക, നമസ്‌കരിക്കുക ഇതിലൊന്നും എനിയ്ക്ക് താല്‍പ്പര്യമില്ല. ഇപ്പഴും ഏട്ടന്റെ മകന്‍ സതീശന്‍ പറഞ്ഞു: 'കൊടിക്കുന്നത്ത് ഒന്ന് പോണ്ടേ?'. പോവാം എന്ന് ഞാന്‍ പറഞ്ഞു. പോവണം.

പ്രായം ഏറുന്നതിനനുസരിച്ച് പലരിലും ആദ്ധ്യാത്മകചിന്ത വര്‍ദ്ധിക്കുന്നത് കണ്ടിട്ടുണ്ട്.അങ്ങിനെയുണ്ടോ എം.ടിയില്‍?

ഇല്ല.അങ്ങിനെയൊന്നുമില്ല. എല്ലാക്കാലത്തും ഇതുപോലൊക്കെത്തന്നെയായിരുന്നു എന്റെ ദൈവസങ്കല്‍പ്പം. ഏറ്റക്കുറച്ചിലുകളുണ്ടായിട്ടില്ല.

m t vasudevan nair

പണ്ട് കെ.പി.കേശവമേനോന്റെ സഹായിയായി തുഞ്ചന്‍ പറമ്പിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്ന താങ്കളിലേയ്ക്ക് പീന്നിട് ഒരു നമിത്തമെന്നോണം അതിന്റെ ചുമതല വന്നു. അതും താങ്കളുടെ എഴുത്തിന്റെ ഏറ്റവും തിരക്കപിടിച്ച കാലത്ത്. തുഞ്ചന്‍ പറമ്പിന്റെ ഇന്നത്തെ മാതൃകയ്ക്ക് എന്തായിരുന്നു പ്രചോദനം?വെല്ലുവിളികളെ എങ്ങിനെയാണ് മറികടന്നത്.. ?

ലണ്ടനില്‍ വില്യം ഷേക്‌സപിയറുടെ ജന്മസ്ഥലത്ത് പോയപ്പോഴാണ് ഞാന്‍ ഏറ്റവുമധികം പ്രചോദിതനായത്. ഒരു പിക്‌നിക് ഗ്രൗണ്ട്‌പോലെയായിരുന്നു അവിടം. ചെറിയ കുട്ടികളുമായി മ്യൂസിയത്തിലേക്ക് പോകുന്ന മുത്തശ്ശിമാര്‍ പറയും: 'ഇയാഗോ,ബാഡ് മാന്‍. 'അങ്ങിനെയൊന്നും ആക്കാന്‍ പറ്റില്ലെങ്കിലും ശ്രമിച്ചു. നോവല്‍ എഴുതന്നത്‌പോലെയുള്ള ക്രിയേറ്റീവ് വര്‍ക്ക് തന്നെയായിരുന്നു ഒരു സ്ഥാപനം കെട്ടിപ്പൊക്കിക്കൊണ്ടുവരിക എന്നത്. 

പണം വരുമോ എന്നതായിരുന്നു പ്രശ്‌നം. പിന്നീട് ഞാന്‍ എവിടെച്ചെല്ലുമ്പോഴും ഈയൊരു ലക്ഷ്യം കൂടി മനസ്സില്‍ വയ്ക്കും. എന്തൊക്കെ കാര്യങ്ങള്‍ക്ക് നമ്മള്‍ ആളുകളെ സമീപിയ്ക്കുന്നു. ഇത് നമുക്ക് വേണ്ടിയല്ലല്ലോ, ചോദിച്ചു. ചിലപ്പോള്‍ ആരെങ്കിലുമൊക്കെ പണം തരും, തന്നാല്‍ സന്തോഷമെന്ന് വിചാരിയ്ക്കും. ക്ഷണിച്ചുവരുത്തുന്ന എഴുത്തുകാരെ കോട്ടേജുകള്‍ ഇല്ലാത്ത കാലത്ത് പരിസരത്തെ വീടുകളിലാണ് താമസിപ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ വലിയ ബന്ധങ്ങളുണ്ടായി. ആന്ധ്രയില്‍നിന്ന് വന്ന ഒരു കവി ഇവിടെ ഒരു നമ്പൂതിരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മക്കളുടെ വിവാഹത്തിനെല്ലാം രണ്ടുപേരും പങ്കെടുക്കുന്ന രീതിയില്‍ ആ സൗഹൃദങ്ങള്‍ വളര്‍ന്നു.അതൊക്കെ കണ്ടപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്.

അങ്ങ് മാധ്യമപ്രവര്‍ത്തകനായിരുന്നു.പുതിയ കാലത്തെ മാധ്യമങ്ങളെ നിരീക്ഷിക്കാറുണ്ടോ ?

ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ എനിയ്ക്കുണ്ട്. പ്രത്യേകിച്ച് ദൃശ്യമാധ്യമത്തിന്റെ കാര്യത്തില്‍.അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അത് കാണാറില്ല. കുറച്ചുകാലം ഒരു ദൃശ്യമാധ്യമത്തിന്റെ തലപ്പത്ത് ഞാനുണ്ടായിരുന്നു.പ്രതിഫലം പറ്റാതെ. ആ മേഖല ഒന്ന് പഠിക്കാം എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ഇന്ന് ഈ മേഖലയിലുള്ള പലരേയും റിക്രൂട്ട് ചെയ്തതും ഞാന്‍ കൂടിച്ചേര്‍ന്നാണ്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെ ചോദ്യ ചെയ്യല്‍പോലെയാണ് ഇപ്പോഴുള്ള പല ചര്‍ച്ചകളും തോന്നാറുള്ളത്. സത്യത്തിന് വേണ്ടിയുള്ള ഒരന്വേഷണം ഉണ്ടോ എന്ന കാര്യം സംശയമുണ്ട്.

എംടിയുടെ പുസ്തകങ്ങള്‍ വാങ്ങാം

ഈ പ്രായത്തിലും പഴയ പുസ്തകശാലകളില്‍ കയറിയിറങ്ങുന്ന എം.ടി ഞങ്ങള്‍ക്കെല്ലാം അത്ഭുതമാണ്.എന്താണ് അങ്ങ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നത്.... ?

കേട്ടിട്ടുണ്ടെങ്കിലും മിസ്സ് ചെയ്ത ചില പുസ്തകങ്ങളുണ്ടാവും. അവ പലപ്പോഴും ഈ പഴയ പുസ്തകശാലകളില്‍നിന്നും കിട്ടും.മോണിക്ക ബാള്‍ഡ് വിന്‍ എന്നൊരു കന്യാസത്രീ എഴുതിയ ഒരു പുസ്തകമുണ്ട് : I leap over the walls.മഠം ഉപേക്ഷിച്ചുപോന്ന കന്യാസ്ത്രീയുടെ കഥയാണ്.ഞാന്‍ ആ പുസ്തകത്തെപ്പറ്റി കേട്ടിരുന്നു.ഒരു ദിവസം മദ്രാസില്‍ മൈലാപ്പൂരിലെ വഴിയോരത്ത് ആ പുസ്തകം വില്‍ക്കാന്‍ കിടക്കുന്നത്് കണ്ടപ്പോള്‍ എന്തോ ഒരു വലിയ കാര്യം കണ്ടെത്തിയ ആനന്ദമായിരുന്നു എനിയ്ക്ക്...
 

ഒരുപാട് യാത്ര ചെയ്ത ആളാണ്.യാത്രാ വിവരണങ്ങള്‍ എഴുതിയിട്ടുമുണ്ട്.യാത്രകള്‍ താങ്കളുടെ എഴുത്തിന് ഗുണകരമായിട്ടുണ്ടോ?ഇനിയും കാണാന്‍ മോഹിക്കുന്ന സ്ഥലങ്ങളുണ്ടോ ബാക്കിയായി.. ?

ഞാന്‍ മാതൃഭൂമിയില്‍ ചേരുന്ന കാലത്ത് പതിനൊന്ന് മാസം ജോലി ചെയ്താല്‍ ഒരു മാസം ഏണ്‍ഡ് ലീവ് കിട്ടുമായിരുന്നു.അത് മുഴുവന്‍ ഞാന്‍ യാത്രkalam ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്.അന്ന് ഇന്ത്യയുടെ ഓരോ ഭാഗങ്ങള്‍ ചെന്നുകണ്ടു.അജന്തയും എല്ലോറയുമെല്ലാം അങ്ങിനെ കണ്ടതാണ്.ഹെമിംഗ് വേയുടെ താവളമായിരുന്ന സ്‌പെയിനില്‍പ്പോയി കാളപ്പോര് കാണാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. കാളപ്പോര് നിര്‍ത്താന്‍ പോകുകയാണ് എന്നും കേട്ടു. അതുകൊണ്ട് കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ സ്‌പെയിനില്‍പ്പോയി കാളപ്പോര് കണ്ടു. 

ഇനി ലാറ്റിനമേരിക്ക കാണണം എന്നുണ്ട്.ആരോഗ്യമാണ് പ്രശ്‌നം. യാത്രയില്‍നിന്ന് എന്തെങ്കിലും തീം കിട്ടുമോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല.പുതിയ പ്രദേശങ്ങള്‍,സംഭവങ്ങള്‍, മനുഷ്യര്‍ എന്നിവരുമായി ബന്ധപ്പെടുമ്പോള്‍ അറിവിന്റെ മേഖലിയിലേയ്ക്ക് എന്തോ ചിലത് കൂടി വരുന്നു.

ഒരുതവണ മരണത്തിന്റെ വായില്‍നിന്ന് തിരിച്ചപോന്നയാളാണ് എം.ടി.ഇപ്പോള്‍ താങ്കള്‍ ജീവിത സായന്തനത്തിലാണ്.രണ്ട് കാലത്തേയും മരണത്തെക്കുറിച്ചുള്ള ചിന്തകളെങ്ങിനെയാണ്. ?

അന്ന് അസുഖമായിട്ടാണ് ഞാന്‍ മരണത്തിനടുത്തെത്തിയത്.മരണത്തില്‍നിന്ന് തിരിച്ചുവന്നപ്പോള്‍ത്തോന്നി:'ഇല്ല കഴിഞ്ഞിട്ടില്ല,അടിവരയിട്ടിട്ടില്ല'.മരണം ഒരു സത്യമായി ഇപ്പോഴും എവിടെയോ നില്‍ക്കുന്നുണ്ട്.അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയാണ് നല്ലത്.ജീവിച്ചിരിക്കുമ്പോള്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നാണ് ആലോചിക്കുന്നത്.

m t vasudevan nair

ആകെമൊത്തം ജീവിതത്തെക്കുറിച്ച് എന്താണ് തോന്നുന്നത്. ?

ജീവിതത്തോട് ഞാന്‍ കടപ്പെട്ടരിക്കുന്നു. രണ്ട് നേരം മര്യാദയ്ക്ക് ഭക്ഷണം പോലുമില്ലാതിരുന്ന അവസ്ഥയില്‍നിന്നാണ് ഞാന്‍ യാത്ര തുടങ്ങിയത്. വരുമാനം കുറഞ്ഞ കുട്ടികള്‍ ഒരു പരീക്ഷ എഴുതി ജയിച്ചാല്‍  ഹോസ്റ്റല്‍ ഫീസില്‍ ഇളവ് ലഭിക്കും എന്നറിഞ്ഞ് ഞാന്‍ ആ പരീക്ഷ എഴുതിയിട്ടുണ്ട്.ജയിച്ചപ്പോള്‍ പകുതി ഫീസായി.കൂടല്ലൂരിലെ കുന്നിന്‍ മുകളിലൂടെ ആറ് നാഴിക നടന്ന് സ്‌കൂളില്‍ പോകുമ്പോഴും കിട്ടിയത് കുറച്ച് അക്ഷരങ്ങളാണ്. ആ അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് ഞാന്‍ യാത്രക്കിറങ്ങിയത്. ജീവിതത്തില്‍ എന്നെ രക്ഷപ്പെടുത്തിയത് അക്ഷരങ്ങളാണ്. അതിന് നന്ദിയുണ്ട്.

കുറ്റബോധങ്ങളുണ്ടോ?

ഇല്ല.തിരിഞ്ഞുനോക്കുമ്പോള്‍ ചെയ്യരുതാത്തതായി എന്തെങ്കിലും ഞാന്‍ ചെയ്തതായി തോന്നിയിട്ടില്ല.തോന്നിയാല്‍ അത് പറയാന്‍ മടിയുമില്ല.
 
സംസാരം തീര്‍ന്നപ്പോള്‍ എം.ടി ഷര്‍ട്ടിന്റെ കീശയില്‍നിന്നും കുറേ കറന്‍സി നോട്ടുകള്‍ എടുത്ത് മേശമേലിട്ടു.അവ ഒതുക്കുന്നതിനിടയില്‍ വരിയില്‍നിന്ന് തെറ്റിയും തെറിച്ചുമുള്ള അക്ഷരങ്ങളോടെ ഒരെഴുത്ത്.കണ്ണിനടുത്തേക്ക് വച്ച് വായിച്ച് അദ്ദേഹം അത് പോക്കറ്റിലേക്ക്തന്നെയിട്ട് പറഞ്ഞു: 'നെയ്യാറ്റിന്‍ കരയുള്ള വസുമതി അമ്മ എന്ന സ്ത്രീയുടെ എഴുത്താണ്.92 വയസ്സ് പ്രായമുണ്ട് അവര്‍ക്ക്.ഒരു വര്‍ഷമായി അവരുടെ എഴുത്ത് വരുന്നു.ചിലപ്പോള്‍ എന്റെ എന്തെങ്കിലും വായിച്ചാലാവും,അല്ലെങ്കില്‍ ടി.വിയിലോ പത്രത്തിലോ  മറ്റോ എന്റെ ചിത്രം കണ്ടാല്‍.കത്തിനുള്ളില്‍ അഞ്ച് രൂപയുടേയോ പത്ത് രൂപയുടേയോ നോട്ടുണ്ടാവും.ഒരു വഴിപാടുപോലെ.ഞാന്‍ മറുപടിയും എഴുതാറുണ്ട്.'
    
അത് പറഞ്ഞ് എം.ടി ഒരു നിമിഷം നിര്‍ത്തി.കെട്ട ബീഡി ഒന്നുകൂടി കത്തിച്ചതിന് ശേഷം തുടര്‍ന്നു:'ഇത്തവണത്തെക്കത്ത് പിറന്നാളാശംസയാണ്.സാധാരണ കത്തിനടിയില്‍ 'വസുമതി അമ്മ' എന്ന് എന്നെഴുതിയാണ് അവര്‍ ഒപ്പിടുക.എന്നാല്‍ ഇത്തവണ എന്തോ 'അമ്മ'എന്നാണ് എഴുതിയിരിക്കുന്നത്.അത് വായിച്ചപ്പോള്‍ എന്തോ ഒരു....' അപ്പോഴേയ്ക്കും പുറത്ത് കര്‍ക്കടക മഴപെയ്ത് തുടങ്ങിയിരുന്നു.