തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലെ വീട്ടിലേക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന്റെ വാര്‍ത്തയെത്തിയത് തിങ്കളാഴ്ച സന്ധ്യയോടെയാണ്. അഭിനന്ദനങ്ങള്‍ക്ക് നടുവില്‍ എം. ലീലാവതിയെന്ന ടീച്ചറമ്മ നിറഞ്ഞ് ചിരിച്ചുനിന്നു. 'ഏറെ സന്തോഷം. ഒട്ടും പ്രതീക്ഷിച്ചതല്ല ഈ പുരസ്‌കാരം'. മൂന്നു പതിറ്റാണ്ടിനു ശേഷം ഒരിക്കല്‍ കൂടിയെത്തിയ കേന്ദ്ര പുരസ്‌കാരത്തിന്റെ ആഹ്ലാദം ടീച്ചര്‍ മറച്ചുവയ്ക്കുന്നില്ല. പുരസ്‌കാര വാര്‍ത്ത പുറത്തുവന്നതോടെ ഫോണിന് വിശ്രമമില്ല. പക്ഷേ, ഫോണിന്റെയും കാതിന്റെയും കേട് കാരണം സംസാരിക്കാന്‍ വയ്യെന്ന് ടീച്ചര്‍.
'കവിതാധ്വനി'ക്കാണ് 32 വര്‍ഷം മുന്‍പ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനത്തിനാണ് ഇക്കുറി പുരസ്‌കാരം. ''വാല്മീകി രാമായണം മലയാളത്തില്‍ അവതരിപ്പിക്കണമെന്നത് വലിയൊരു സ്വപ്നമായിരുന്നു. അതിന് ഏറെ അധ്വാനിച്ചു. ആയിരക്കണക്കിന് ശ്ലോകങ്ങള്‍ വായിച്ചു. രണ്ടു വര്‍ഷത്തോളം എല്ലാ ദിവസവും മുടങ്ങാതെ എഴുതി. 2009-ല്‍ പുസ്തകം പൂര്‍ത്തിയാക്കി. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ വീണ്ടും കാത്തിരിക്കേണ്ടി വന്നു. നാലുവര്‍ഷം കഴിഞ്ഞാണ് പുസ്തകം വെളിച്ചം കണ്ടത്'' - പുരസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ആ വാക്കുകളിലൂടെ-
എല്ലാവരും അറിയട്ടെ
നമ്മുടെ നാട്ടില്‍ പ്രയത്‌നത്തിന് അംഗീകാരം കുറച്ച് കുറവാണല്ലോ. എഴുതി പൂര്‍ത്തിയായിട്ടും നാലുവര്‍ഷം കഴിഞ്ഞാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കാനായത്. ഇനിയിപ്പോള്‍ നല്ല പ്രചാരം കിട്ടും. വാല്മീകി രാമായണത്തെക്കുറിച്ച് എല്ലാവരും അറിയാന്‍ ഈ അവാര്‍ഡ് കാരണമാകും.
ക്ഷേത്രമാണോ വേണ്ടത്
രാമന് ക്ഷേത്രം പണിയാനായി ബുദ്ധിമുട്ടുന്ന കാലമാണിത്. കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്ന നാട്ടിലാണ് ക്ഷേത്രത്തിനായി പണം മുടക്കുന്നത്. ക്ഷേത്രം പണിതുയര്‍ത്തുന്നതിനു പകരം എല്ലാവരും രാമായണം വായിച്ചാല്‍ നന്നായിരുന്നു.
24 മണിക്കൂര്‍ പോരാ
ദിവസത്തിന് 24 മണിക്കൂര്‍ പോരെന്നാണ് എനിക്ക് തോന്നാറുള്ളത്. വെളുപ്പിന് നാലു മണിക്ക് തുടങ്ങും ദിവസം. അടുക്കളയിലെ ജോലിക്കു ശേഷമാണ് എഴുത്തും വായനയും. ചിലപ്പോള്‍ പകല്‍ അല്പസമയം കിടക്കും.
അത്താഴം കഴിഞ്ഞ് കിടക്കാന്‍ പത്തു മണിയാകും. രാത്രിയിലും ഉറക്കം കുറവാണ്. ഉറക്കം വന്നില്ലെങ്കില്‍ എഴുന്നേറ്റിരുന്ന് വായിക്കുകയോ എഴുതുകയോ ചെയ്യും.
അടുത്തിടെ കാലടി സര്‍വകലാശാലയില്‍ ഒരു പരിപാടിക്ക് പോയി. ചുമ കാരണം സംസാരം പലപ്പോഴും തടസ്സപ്പെട്ടു. അതിനാല്‍ ഇപ്പോള്‍ പൊതു പരിപാടികള്‍ക്ക് പോകുന്നത് കുറവാണ്. എഴുതാനും വായിക്കാനും കുറെയുണ്ട്. കുറച്ചേറെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതണം. പിന്നെ ചില പുസ്തകങ്ങളും പൂര്‍ത്തിയാക്കണം.
ഉപദേശിക്കാനില്ല
പുതിയ തലമുറയിലെ എഴുത്തുകാരോട് ഉപദേശിക്കാനൊന്നും ഞാനില്ല. അതിനുള്ള മഹത്ത്വമൊന്നും എനിക്കില്ല. ഓരോരുത്തരും ഇഷ്ടം അനുസരിച്ച് എഴുതട്ടെ.
ഡോ. എം.ലീലാവതിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക