കാലത്തെ നേര്‍വഴി നടത്താനുള്ള തന്റെ ദൗത്യവുമായി നാടിനു കൂട്ടിരിക്കുകയാണ് സാനുമാഷ്; ചുറ്റിലും കാണുന്ന അനീതിയോടും അസഹിഷ്ണുതയോടും കലഹിച്ചുകൊണ്ട്. നന്മയുടെ അടയാളങ്ങളില്‍ സന്തോഷിച്ചുകൊണ്ട്. എഴുത്തിലും വാക്കിലും നിറയെ കാണാം ആ ദൗത്യത്തിന്റെ ചിഹ്നങ്ങള്‍. 

എറണാകുളത്ത് കാരക്കാമുറിയിലാണ് പ്രൊഫ. എം.കെ. സാനു എന്ന എല്ലാവരുടെയും സാനുമാഷ് താമസിക്കുന്നത്. മുന്‍വശത്തെ മുറിയില്‍ പുരസ്‌കാരങ്ങള്‍ക്കും ദേവീശില്പത്തിനും  നടുവില്‍ അദ്ദേഹം ഇരിക്കുന്നു. മാതൃഭൂമി സാഹിത്യപുരസ്‌കാരം മാഷിനു പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. നഗരം ഹര്‍ത്താലില്‍ മയങ്ങിയ ഉച്ചനേരത്ത് അദ്ദേഹം 'മാതൃഭൂമി'യോട് മനസ്സു തുറന്നു. 

ഒരുപാടാളുകളുടെ ഗുരുനാഥനാണ് മാഷ്... ?  

ഞാന്‍ അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ചിട്ട് 35 വര്‍ഷമായി. മഹാരാജാസ് കോളേജില്‍നിന്നാണ് വിരമിച്ചത്. പഠിപ്പിച്ചുതുടങ്ങിയത് ആലപ്പുഴ എസ്.ഡി. ഹൈസ്‌കൂളില്‍. അന്നുമുതല്‍ തന്നെ കുട്ടികളോട് എനിക്കും എന്നോട് അവര്‍ക്കും സവിശേഷമായ സ്‌നേഹമുണ്ടായിരുന്നു. ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ ഇപ്പോഴും വരാറുണ്ട്, എന്നെ കാണാന്‍. വരുമ്പോള്‍ മുണ്ടും ഷര്‍ട്ടുമൊക്കെ കൊണ്ടുവരും. കുറേക്കാലമായി എനിക്ക് ഇതൊന്നും വാങ്ങേണ്ടിവന്നിട്ടില്ല. ചിലര്‍ ഇപ്പോള്‍ വരുന്നത് പുളിശ്ശേരിയും സാമ്പാറും അവിയലും അച്ചാറുമാക്കെ കൊണ്ടാണ്. എല്ലാവരെയും കാണുന്നത് വല്ലാത്തൊരു ആനന്ദമാണെനിക്ക്.  വലിയ നിലയിലൊക്കെ എത്തിയവരാണെങ്കിലും എനിക്കവര്‍ പഴയ കുട്ടികള്‍ തന്നെയാണ്. 

ഇന്ന് അങ്ങനെ ഊഷ്മളമായ ഗുരുശിഷ്യബന്ധം കുറവാണല്ലോ... ?  
 
അത് സങ്കടകരമാണ്. വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ പണ്ടൊരു ഹൃദയബന്ധമുണ്ടായിരുന്നു. പരസ്പരം പറയാനും കേള്‍ക്കാനുമുള്ള മനസ്സുണ്ടായിരുന്നു. ഓരോരുത്തരും തുരുത്തുകളായി അവരവര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന കാലമല്ലായിരുന്നു അത്. കുട്ടികളെ കൂടുതലറിയാന്‍ അധ്യാപകര്‍ക്കും അധ്യാപകരെ കൂടുതല്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും കഴിയണം. കുട്ടികളെ വളര്‍ത്തുമ്പോള്‍, ചിലകാര്യങ്ങളില്‍  'നോ'എന്നു പറയാന്‍ രക്ഷിതാക്കള്‍ക്കും കഴിയണം. 

ഇപ്പോഴത്തെ മാഷിന്റെ  യാത്രയും എഴുത്തും വായനയുമൊക്കെ... ?  

വയ്യായ്കയുണ്ട്. കാഴ്ച വളരെക്കുറഞ്ഞു. നിങ്ങളെ ഒരു മൂടലിലേ കാണുന്നുള്ളൂ. കാഴ്ചക്കുറവ് ഇനി കൂടിവരും. കുറച്ചേ വായനയുള്ളൂ. അതും ലെന്‍സ് ഉപയോഗിച്ച്.  പ്രായമേറുകയല്ലേ... കുറച്ചൊന്ന് ഉറക്കെ പറയണം, കേള്‍ക്കാന്‍. അങ്ങനെ വലിയ യാത്രകളൊന്നുമില്ല ഇപ്പോള്‍. അത്യാവശ്യം ആരെങ്കിലുമൊക്കെ വിളിച്ചാല്‍ മീറ്റിങ്ങുകള്‍ക്കൊക്കെ പോകും. ഒരുപാട് യാത്ര ചെയ്തിരുന്നു. ഇവിടെയും വിദേശത്തുമൊക്കെയായി. ഒരിക്കല്‍ അമേരിക്കയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ യേശുദാസുമൊത്താണ് പോയത്. അവിടെച്ചെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഈ യേശുദാസ് ആദ്യമായി പാടിയത് 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ് ഇത്' എന്ന പാവനമായ വരികളാണെന്ന്. 

ഇന്ന് ആ മാതൃകാസ്ഥാനത്തിന്റെ സ്ഥിതി മോശമായിട്ടില്ലേ... ?  

ശരിയാ.. പഴയ സ്ഥിതി കഴിഞ്ഞു. ഇന്നു ജാതിയും മതവും നോക്കി ആളുകളെ പ്രോത്സാഹിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു, പലരും. നിങ്ങള്‍ക്കറിയാമോ ഈഴവനായിരുന്ന കുമാരനാശാന്റെ ആദ്യ ഖണ്ഡകാവ്യം 'വീണപൂവി'നു അവതാരികയെഴുതിയത് സി.എസ്. സുബ്രഹ്മണ്യം പോറ്റിയാണ്. അത് പാഠപുസ്തകമാക്കിയത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ്. 'നളിനി'ക്ക് അവതാരികയെഴുതിയത് രാജരാജവര്‍മയാണ്. പക്ഷേ, ഞാന്‍ വിഷാദവാനല്ല. ഇക്കാലത്തും നല്ലതിനായി എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് ഞാന്‍ ചിന്തിക്കുന്നു. ജാഗരൂകനാകുന്നു, എന്നെക്കൊണ്ടാവുംവിധം പറയുന്നു, പ്രവര്‍ത്തിക്കുന്നു. 

ഗുരുദേവദര്‍ശനങ്ങള്‍ അങ്ങേക്കു വഴികാട്ടിയായിട്ടുണ്ടല്ലോ... ?  

അതെ. അതൊരു വെളിച്ചമായിരുന്നു. എന്നെപ്പോലെ ഒരുപാടുപേരെ നയിച്ച വെളിച്ചം. ശ്രീനാരായണ ഗുരുദേവനോട് തോന്നിയത് ഒരു ആരാധനാഭാവമാണ്. കര്‍മമാണ് ജീവിതസാഫല്യമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഗുരു തന്നെയാണ് എന്റെ ജീവിതദര്‍ശനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയും. ആലപ്പുഴ തുമ്പോളിയിലെ മംഗലത്തുവീടെന്ന എന്റെ തറവാട്ടുവീട്ടില്‍ അദ്ദേഹം വന്നിട്ടുണ്ട്. അതിന്റെ ധന്യസ്മരണ നിലനിര്‍ത്താന്‍ നിലവിളക്കിനുമുന്നില്‍ അദ്ദേഹത്തിന്റെ ചിത്രം വളരെനാള്‍ തറവാട്ടിലുണ്ടായിരുന്നു.
 
അഭിമുഖം കഴിഞ്ഞ് താന്‍ പതിറ്റാണ്ടുകള്‍ അധ്യാപകനായിരുന്ന മഹാരാജാസ് കോളേജിലേക്ക് പോകാനായി അദ്ദേഹത്തോടൊപ്പം പുറത്തേക്കിറങ്ങുമ്പോള്‍ സാനുമാഷ് പറഞ്ഞു: ''അറുപതുവര്‍ഷം മുമ്പാണ് ഞാനീ വീടു?െവച്ചത്. അന്നിവിടം ഇങ്ങനെയൊന്നുമല്ല. പൊന്തക്കാടു പിടിച്ച സ്ഥലം. ഒരു ചാരായഷാപ്പും കള്ളുഷാപ്പും ഇവിടെയുണ്ടായിരുന്നു. 

വീടുണ്ടാക്കാന്‍ പതിനാറായിരം രൂപ വായ്പയെടുത്തു. എണ്ണായിരം രൂപയായിരുന്നു സ്ഥലവില. അന്ന് മാസശമ്പളം 125 രൂപയാണ്.'' എം.ജി. റോഡുവഴി പോകുമ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു: ''ഞാനും സഹോദരന്‍ അയ്യപ്പനും മാതൃഭൂമി പത്രാധിപര്‍ എ.പി. ഉദയഭാനുവും കൂടി നടക്കാനിറങ്ങുന്ന വഴി ഇതായിരുന്നു.'' മഹാരാജാസിലെത്തി. മൂടിക്കെട്ടിയ ആകാശത്തിനുതാഴെ കാമ്പസിലെ മരങ്ങള്‍ കൂടുതല്‍ ഇരുട്ടുപരത്തി. 

''ഇപ്പോഴും എന്തു റൊമാന്റിക് ആണ് ഈ അന്തരീക്ഷം, ഇവിടെയെത്തുമ്പോള്‍ മാഷ് ഓര്‍ക്കുന്നത് എന്താണ്?''

ഒന്നും മറക്കാനാവുന്നതല്ല. ആദ്യമായി ഇവിടെ അധ്യാപകനായി ചേരാന്‍ വന്ന ദിവസം മുതല്‍ എല്ലാം നല്ല ഓര്‍മയുണ്ട്. ഒരു ഓര്‍മ, ഈ കാമ്പസിന്റെ ഭയത്തിന്റേതാണ്. അന്ന് അടിയന്തരാവസ്ഥയായിരുന്നു. പോലീസ് കുട്ടികളെ ഓടിച്ചിട്ടു തല്ലുന്നു. ഞങ്ങള്‍ പറഞ്ഞതൊന്നും കേട്ടില്ല, അവര്‍. നിലത്തിട്ട് തല്ലിയും വലിച്ചിഴച്ചും ഭീകരാന്തരീക്ഷമുണ്ടാക്കി. ഒരു കുട്ടി സ്റ്റാഫ്മുറിയുടെ വാതിലിനുപിന്നില്‍ ഒളിച്ചുനിന്നു. മുറിയില്‍വന്നു നോക്കിയ പോലീസ് അവനെ കാണാതെ തിരിച്ചുപോയി. ഞാന്‍ അപ്പോള്‍ അനുഭവിച്ച ആശ്വാസം....''

ഒരു വിദ്യാര്‍ഥിയെപ്പോലെ മാഷ് കുറച്ചുനേരം കൂടി അവിടം നടന്നുകണ്ടു. ഇവിടെ ഒരിടത്ത്  ഒരു ചെമ്പകമുണ്ടായിരുന്നെന്നും അതിന്റെ സുഗന്ധം ഗേറ്റ് കടക്കുമ്പോഴേ വരുമെന്നും മാഷ് ഓര്‍മിച്ചു.  അത് പോയ കാലത്തിന്റെ സുഗന്ധമാണെന്ന് ആ മുഖത്ത് തെളിഞ്ഞ മന്ദഹാസം പറയാതെപറഞ്ഞു.