രു സ്വവര്‍ഗാനുരാഗിയാണ് എന്ന് വെളിപ്പെടുത്തല്‍ നടത്തിയ മലയാളിയാണ് കോഴിക്കോട് സ്വദേശിയായ കിഷോര്‍ കുമാര്‍. രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആത്മകഥയും സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട ലേഖനങ്ങളും പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. പുസ്തത്തെക്കുറിച്ചും കാഴ്ച്ചപ്പാടുകളെക്കുറിച്ചും കിഷോര്‍ കുമാര്‍ സംസാരിക്കുന്നു.

'രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍' എന്ന പുസ്തകത്തെക്കുറിച്ച് ? 

എന്റെ ആത്മകഥയും സ്വവര്‍ഗപ്രണയത്തെ കുറിച്ചുള്ള മനുഷ്യാവകാശ-മന:ശാസ്ത്ര-സാഹിത്യ-സിനിമ ലേഖനങ്ങളും അഭിമുഖങ്ങളും അടങ്ങിയ പുസ്തകമാണ് ''രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍''. എന്റെ മലയാളം എഴുത്തുകള്‍ ആദ്യമായി അച്ചടിച്ചു വന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആയിരുന്നു എന്ന് അഭിമാനപൂര്‍വം പറയട്ടെ. 2009 ജൂലായിൽ പ്രസിദ്ധീകരിച്ച ബൃഹത്തായ ലേഖനത്തെ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ''സ്വവര്‍ഗാനുരാഗികളുടെ മാനിഫെസ്റ്റോ'' എന്നായിരുന്നു വിശേഷിപ്പിച്ചത്. അതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ പുസ്തകത്തിലുണ്ട്. 

കൂടാതെ പല കാലത്തായി മാസികകളിലും അക്കാദമിക് കോണ്‍ഫറന്‍സുകളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളും പുതുതായി എഴുതിയവയും ഒക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ നാട്ടിലെ സ്വവര്‍ഗപ്രേമികള്‍ അനുഭവിക്കുന്ന  വിവാഹത്തിനായുള്ള സമ്മര്‍ദ്ദം, ചികിത്സിച്ചു മാറ്റുവാനുള്ള ശ്രമങ്ങള്‍, നാട് വിട്ടുപോവാനുള്ള ത്വര എന്നിവയെയൊക്കെ എങ്ങിനെ നേരിടാമെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ കൃതികളെ കുറിച്ചുള്ള വിശദമായ പഠനം സാഹിത്യപ്രേമികള്‍ക്കും മുംബൈ പോലീസ്, സഞ്ചാരം എന്നീ സിനിമകളെ കുറിച്ചുള്ള പഠനങ്ങള്‍ സിനിമാപ്രേമികള്‍ക്കും ആസ്വാദ്യമാവും.
 
സ്വന്തം അനുഭവങ്ങള്‍ തുറന്നെഴുതാന്‍ എപ്പോഴാണ് തീരുമാനിക്കുന്നത് ?
 
പുസ്തകത്തിന്റെ ഹൈലറ്റ് എന്നത് എന്റെ ആത്മകഥ തന്നെയാണ്. എന്നെങ്കിലും എഴുത്തുകള്‍ പുസ്തകമാക്കുകയാണെങ്കില്‍ ആത്മകഥ അതില്‍ ഉള്‍പ്പെടുത്തുമെന്ന് പണ്ടേ തീരുമാനിച്ചിരുന്നു. കാരണം സ്വവര്‍ഗലൈംഗികത എന്ന ജൈവയാഥാര്‍ത്ഥ്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഏതൊരു താത്വിക ലേഖനത്തെക്കാളും കഴിയുക വ്യക്തിപരമായ അനുഭവങ്ങള്‍ തുറന്ന്പറയുന്നതിന് തന്നെയാണ്. കൂടാതെ കേരളം-ബെംഗളൂരു-കാന്‍പുര്‍-ഡല്‍ഹി-അമേരിക്ക എന്ന ഒരു വലിയ കാന്‍വാസില്‍ നടക്കുന്ന എന്റെ ജീവിതകഥ മലയാളി വായനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു പുതിയ അനുഭവമായിരിക്കും.
 
ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന് തിരിച്ചറിഞ്ഞത് ഏത് പ്രായത്തിലായിരുന്നു? അസ്തിത്വ പ്രതിസന്ധി നേരിട്ടിരുന്നോ, ഉണ്ടങ്കെില്‍ മറികടന്നതെങ്ങിനെ ? 
 
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സഹപാഠിയോട് തോന്നിയ ശാരീരിക ആകര്‍ഷണത്തെ കുറിച്ച് ആത്മകഥയില്‍ പറയുന്നുണ്ട്. എന്നാല്‍ അന്ന് അതിനൊരു പേരുണ്ടെന്നോ എനിക്ക് ഭാവിയിലും സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് മാത്രമേ ആകര്‍ഷണം തോന്നൂ എന്നൊന്നും അറിയില്ലല്ലോ. അന്നതൊരു കൗതുകം മാത്രം. പിന്നീട് കൗമാരകാലത്താണ് എല്ലാവരുടെയും ലൈംഗികത ശക്തിപ്പെടുന്നത്. അന്നും പിന്നീട് യൗവനകാലത്തുമെല്ലാം ഇതൊക്കെ വലുതായാല്‍ മാറിക്കൊള്ളും അല്ലെങ്കില്‍  വിവാഹശേഷം നിര്‍ത്താം എന്നൊക്കെയായിരുന്നു വിചാരിച്ചിരുന്നത്.  25-ാം വയസില്‍ ''ഞാന്‍ സ്വവര്‍ഗപ്രേമിയാണ്'' എന്ന് സ്വയം അംഗീകരിക്കുന്നത് വരെ അസ്തിത്വ പ്രതിസന്ധിയിലായിരുന്നു. അതിനെ മറികടന്നതിന്റെ വിശദാംശങ്ങള്‍ ആത്മകഥയിലുണ്ട്.
 
ലൈംഗിക വൈവിധ്യങ്ങളോടുള്ള കുടുംബത്തിന്റെ കാഴ്ച്ചപ്പാട് എപ്രകാരമുള്ളതായിരുന്നു ?
 
കുടുംബം വിവാഹാലോചനകള്‍ തുടങ്ങുമ്പോഴാണ് ഒരാള്‍ക്ക് താന്‍ സ്വവര്‍ഗപ്രേമിയാണെന്ന കാര്യം അവരോട് വെളിപ്പെടുത്തേണ്ടി വരുന്നത്. കേരളത്തിലെ ഏതൊരു കുടുംബത്തെയും പോലെ ഞാനിത് പറയുന്നത് വരെ അവര്‍ക്ക് ഇതിനെ കുറിച്ച് പ്രത്യേകിച്ച് ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല. അവരോട് വെളിപ്പെടുത്തുന്നതിന് മുന്‍പ് തന്നെ ഞാന്‍ സ്വവര്‍ഗലൈംഗികതയെ കുറിച്ച് വിശദമായി പഠിച്ചിരുന്നു. ഇത് ഒരു ന്യൂനപക്ഷത്തിന് ജന്മനായുള്ള സവിശേഷതയാണെന്നും ചികിത്സ കൊണ്ട് മാറ്റിയെടുക്കാന്‍ പറ്റില്ലെന്നുമെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയത് ഞാന്‍ തന്നെയാണ്. എന്റെ സഹോദരീസഹോദരന്മാരില്‍ ചിലര്‍ പഠിപ്പും ലോകവിവരവും ഒക്കെ ഉള്ളവരായത് എന്നെ ഇക്കാര്യത്തില്‍ സഹായിച്ചിട്ടുണ്ട്.
 
സ്വന്തം താല്പര്യത്തില്‍ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ പുസ്തകങ്ങളും വായനയും എത്രയേറെ സ്വാധീനിച്ചു?
 
ഇതിനെ വെറുമൊരു താല്‍പര്യം അല്ലെങ്കില്‍ വ്യക്തിഗതമായ തിരഞ്ഞെടുപ്പ് എന്നൊന്നും ലളിതവല്‍ക്കരിക്കാതിരിക്കുക. സ്വവര്‍ഗലൈംഗികത ചികിത്സിച്ചു മാറ്റുവാന്‍ വൃഥാ ശ്രമിക്കുന്ന ആളുകളുള്ള നാടാണ് നമ്മുടേത്. ചില സ്വവര്‍ഗപ്രേമികള്‍  വിവാഹ സമ്മര്‍ദം മൂലം വിഷാദരോഗത്തില്‍ വീഴുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യുന്നു. സ്വവര്‍ഗലൈംഗികതയെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ സ്വവര്‍ഗപ്രേമികള്‍  അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനെ കുറിച്ച് ഞാന്‍ ദീര്‍ഘകാലത്തെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം വിവരങ്ങളും എങ്ങനെ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോവാം എന്നുമെല്ലാം എന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
 
താങ്കളുടെ മെച്ചപ്പെട്ട ഗാര്‍ഹിക, സാമൂഹിക പശ്ചാത്തലം പ്രതിസന്ധികളെ മറികടക്കാന്‍ സഹായകരമായി എന്ന് കരുതുന്നുണ്ടോ? 
 
ഞാന്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാം എന്ന ആത്മവിശ്വാസം  ഉണ്ടായിരുന്നു. ആ ഒരു ഹൃദയബന്ധം എനിക്ക്  വീട്ടുകാരുമായി ഉണ്ട്. പിന്നെ ജോലി കിട്ടിയതിന് ശേഷം വീട്ടില്‍ നിന്നകന്ന്  വ്യത്യസ്ത സമൂഹങ്ങളില്‍ സ്വന്തമായി ജീവിച്ചതും എന്റെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.
 
ഒരു പക്ഷേ സാമ്പത്തികമായും സാമൂഹികമായും മോശമായ ചുറ്റുപാടിലാണ് ജീവിക്കേണ്ടി വന്നിരുന്നെങ്കില്‍ ഇത്തരം ഒരു തുറന്നു പറച്ചില്‍ സാധ്യമാകുമായിരുന്നോ? 
 
ഏഴ് മക്കളുള്ള, അച്ഛന്‍ പലചരക്ക് കച്ചവടക്കാരനും അമ്മ വീട്ടമ്മയുമായ ഒരു സാധാരണ ലോവര്‍-മിഡില്‍ ക്ലാസ് കുടുംബമായിരുന്നു എന്റെത്.  ബിടെക് പഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വിദ്യാഭ്യാസ ലോണ്‍ എടുത്ത കാര്യമൊക്കെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.  ഞാനുള്‍പ്പെടെയുള്ള  ചില മക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ പിന്നീട്  സാമ്പത്തിക നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 

എനിക്ക് തുറന്ന് പറയാന്‍ പറ്റിയത് മെച്ചപ്പെട്ട സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകള്‍ ഉണ്ടായത് കൊണ്ട് മാത്രമല്ല-ഞാനൊരു കലാകാരനും എഴുത്തുകാരനും ആയതുകൊണ്ടാണ്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തിലേക്ക് എത്തിക്കേണ്ട കടമയുള്ള, അവരുടെ പ്രതിനിധിയാണ് സ്വവര്‍ഗപ്രേമികളായ  എഴുത്തുകാര്‍. എന്നെ  കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യുന്നു. അത് പ്രയോജനകരമാവേണ്ടത്  സാമ്പത്തിക-സാമൂഹികനിലയിലുള്ള ഭേദമെന്യേ  മലയാളികളായ എല്ലാ  ലൈംഗികന്യൂനപക്ഷ (LGBTI : ലെസ്ബിയന്‍-ഗേ-ബൈസെക്ഷ്വല്‍-ട്രാന്‍സ് ജന്റര്‍- ഇന്റര്‍സെക്‌സ്) വിഭാഗങ്ങള്‍ക്കുമാണ്.
 
മാധവിക്കുട്ടി അടക്കമുള്ളവരുടെ കഥകള്‍ ഈ വിഷയം മനോഹരമായി കൈകൈര്യം ചെയ്ത കാര്യം പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പിന്നീട് ഇത്തരത്തിലുള്ള സര്‍ഗസൃഷ്ടികള്‍ക്ക് ഇടിവ് സംഭവിച്ചു എന്നു തോന്നുന്നുണ്ടോ?
 
മാധവിക്കുട്ടിയെ പോലുള്ള ഒരു പ്രതിഭ ഭാഷയില്‍ വല്ലപ്പോഴുമൊക്കെ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് തന്നെ സ്വവര്‍ഗപ്രേമികളുടെ സ്വാതന്ത്ര്യത്തിനായി ചെറുകഥയെഴുതിയ ദീര്‍ഘദര്‍ശിയായിരുന്നു അവര്‍. ആധുനിക കാലത്തും കെ.ആര്‍ മീര (''കമിംഗ് ഔട്ട്''),  സി.വി. ബാലകൃഷ്ണന്‍ (''എഡ്വിന്‍ പോള്‍'') എന്നിവര്‍ പുരുഷ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് മനോഹരമായ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. പുസ്തകത്തിലെ ഒരദ്ധ്യായത്തില്‍ അത്തരം സാഹിത്യത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം ചെയ്യുന്നുണ്ട്.

മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ സിനിമയും ഇക്കാര്യത്തില്‍ ഗൗരവകരമായ സമീപനം സ്വീകരിച്ചു എന്നു പറയാന്‍ സാധിക്കുമോ?
 
ഈയടുത്ത കാലത്ത് മലയാള സിനിമയും ഗേ-ലെസ്ബിയന്‍-ട്രാന്‍സ് ജന്റര്‍ വിഷയം കൂടുതലായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.  എന്നാല്‍ സ്വവര്‍ഗലൈംഗികത ഒളിപ്പിച്ചുവെക്കുന്നതിന്റെ, അങ്ങനെ ഒളിപ്പിച്ചുവെച്ച് വിവാഹം ചെയ്യുന്നവരുടെ ഒക്കെ പ്രശ്‌നങ്ങളാണ്  നമ്മുടെ സിനിമയില്‍ കൂടുതല്‍ വരുന്നത്. ഇതില്‍ നിന്നൊരു മാറ്റം ആവശ്യമാണ്. മുഖ്യധാരാ സിനിമകളില്‍ നായകന്റെയോ നായികയുടെയോ കുടുംബം അല്ലെങ്കില്‍ സുഹൃത്ത് എന്ന രീതിയിലുള്ള  ഉപകഥാപാത്രങ്ങളായി സ്വവര്‍ഗപ്രേമി-പ്രതിനിധാനങ്ങള്‍  വരണം. എന്നാലേ ഈ വിഷയം ജനമധ്യത്തിലേക്ക്  എത്തുകയുള്ളൂ.
 
സ്വന്തം അസ്ഥിത്വം വെളിപ്പെടുത്താനാകാതെ ജീവിക്കേണ്ടിവരുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരേട് എന്താണ് പറയാനുള്ളത്. 
 
ആദ്യം ''ഞാന്‍ സ്വവര്‍ഗപ്രേമിയാണ്'' എന്ന് സ്വയം അംഗീകരിക്കാന്‍ ശ്രമിക്കുക. ഇത് ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ പറ്റില്ലെന്നു മനസിലാക്കുക. മറ്റ് സ്വവര്‍ഗപ്രേമികളുമായി സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നിങ്ങള്‍ക്ക് വളരെ അടുപ്പവും വിശ്വാസവും ഉള്ള കുടുംബാംഗം/സുഹൃത്ത് എന്നിവരോട് നിങ്ങളുടെ അവസ്ഥയെ പറ്റി പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. വിവാഹ സമ്മര്‍ദ്ദം, മറ്റുള്ളവരില്‍ നിന്നുള്ള ഭീഷണി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്വിയറള ( Queerala ), സഹയാത്രിക തുടങ്ങിയ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കായുള്ള സംഘടനകളെ സമീപിക്കാവുന്നതാണ്.
 
ട്രാന്‍സ് ജന്റര്‍ സൗഹൃമാവാന്‍ സമൂഹം ശ്രമിക്കുന്നുണ്ട്. പക്ഷെ സ്വര്‍ഗാനുരാഗികളെ ഇപ്പോഴും അംഗീകരിക്കാന്‍ സമൂഹം തയ്യാറായിട്ടില്ല. കോടതി പോലും. എങ്ങനെ നോക്കി കാണുന്നു ഇതിനെ?
 
ഇത് ബോധവല്‍ക്കരണത്തിന്റെ അപാകതയാണ്. ട്രാന്‍സ് ജന്റര്‍മാരെ അംഗീകരിക്കുന്നവര്‍ക്ക്  സ്വവര്‍ഗപ്രേമികളെ  മനസിലാക്കുവാനും അംഗീകരിക്കുവാനും കഴിയേണ്ടതാണ്. സ്വവര്‍ഗപ്രേമികള്‍ ജന്മനായുള്ള ലിംഗാവസ്ഥയില്‍ തന്നെ തുടരാനും അറിയപ്പെടാനും ആഗ്രഹിക്കുന്നു എന്ന് മാത്രം. കോടതിവിധിപോലും ട്രാന്‍സ് ജന്റര്‍ വ്യക്തികളുടെ രതിയെ കുറിച്ച് മൗനമാണ്.  ''പ്രകൃതിവിരുദ്ധ''രതി ആര് ചെയ്താലും (ആണും-പെണ്ണും തമ്മില്‍ പോലും) കുറ്റകരമാണെന്നാണ് ബ്രിട്ടീഷുകാര്‍ 1861-ല്‍ ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ച 377 വകുപ്പ് നിയമം പറയുന്നത്.  സ്വവര്‍ഗപ്രേമിയാണ് എന്ന് വെളിപ്പെടുത്തുന്നത് (തന്റെ ലൈംഗിക ചായ്‌വ് അങ്ങിനെയാണെന്ന് പറയുന്നത് ) നിയമപ്രകാരം കുറ്റകൃത്യമല്ല എന്ന് ലൈംഗികന്യൂനപക്ഷങ്ങള്‍ മനസിലാക്കേണ്ടതാണ്.