ഇന്ത്യന്‍സാഹിത്യത്തിലെ ഉന്നതമായ വ്യക്തിത്വമാണ് കന്നഡ എഴുത്തുകാരനായ ചന്ദ്രശേഖര കമ്പാര്‍. ജ്ഞാനപീഠ പുരസ്‌കൃതനായ കമ്പാറിനെ ഇത്തവണ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം ഒരിക്കല്‍ക്കൂടി ആദരിച്ചു. പുരസ്‌കാരവാര്‍ത്തയ്ക്ക് തൊട്ടുശേഷം നടന്ന ഈ സംസാരത്തിന്റെ ആദ്യഭാഗത്തില്‍ കമ്പാര്‍ കൂടുതലും പറയുന്നത് താനനുഭവിച്ച കര്‍ണാടക ഗ്രാമജീവിതത്തിന്റെ നിഷ്‌കളങ്കഭംഗികളെക്കുറിച്ചാണ്
ജനുവരി രണ്ടിന് 84-ാം പിറന്നാള്‍ ആഘോഷിച്ച താങ്കള്‍ക്ക്, തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മകളില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്ന ബാല്യകാലാനുഭവങ്ങള്‍ എന്തൊക്കെയാണ്.
കമ്മാര സമുദായത്തില്‍പ്പെട്ട, സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഞങ്ങളുടെ ഗ്രാമമായ ഖോഡഗേരി വടക്കന്‍ കര്‍ണാടകത്തില്‍ ഇന്നത്തെ ബെല്‍ഗാം ജില്ലയിലാണ്. മറാത്താ സാമ്രാജ്യത്തിലെ പേഷ്വാമാരുടെ (1718 നൂറ്റാണ്ടുകളില്‍) കുതിരപ്പട്ടാളത്തിന്റെ പ്രമുഖ താവളമായിരുന്നത്രെ ഖോഡഗേരി. 'ഖോഡ' എന്നാല്‍, ഹിന്ദിയിലും മറാത്തിയിലും കുതിര എന്നാണര്‍ഥം. ഇതില്‍നിന്നാണ് ഖോഡഗേരി എന്ന പേരുവന്നത്. ഗ്രാമത്തിന്റെ ഒരു വശത്തുകൂടി ഘടപ്രഭാനദി ഒഴുകുന്നുണ്ട്. ഇത് വടക്കുനിന്ന് ഒഴുകിവന്ന് ഒരു പ്രത്യേക സ്ഥലത്തുവെച്ച് വടക്കോട്ടുതന്നെ ('യു'ടേണ്‍ പോലെ) തിരിഞ്ഞൊഴുകുന്നു.
ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇപ്പോഴും നല്ല തെളിച്ചമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടുനില്‍ക്കുന്ന നാളുകളായിരുന്നു അവ. ഖോഡഗേരി ഒരു കുഗ്രാമമായിരുന്നു. ആകെ ഒരു എലിമെന്ററി സ്‌കൂള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രാമീണരില്‍ മഹാഭൂരിപക്ഷവും എഴുത്തും വായനയും അറിയാത്തവരായിരുന്നെങ്കിലും അന്നവിടെ സ്വാതന്ത്ര്യസമരസേനാനികള്‍ നാലുപേരുണ്ടായിരുന്നു. അതിലൊരാള്‍ എന്റെ അച്ഛന്‍ ബസവണ്ണപ്പ കമ്പാര്‍തന്നെ. മഹാത്മാഗാന്ധിയെക്കുറിച്ച് അവര്‍ സംസാരിച്ചിരുന്നത് അത്യന്തം ഭക്തിബഹുമാനങ്ങളോടെയാണ്.
ഗ്രാമത്തിലേക്കുവേണ്ടുന്ന കാര്‍ഷികോപകരണങ്ങളും ഗൃഹോപകരണങ്ങളും ഉണ്ടാക്കുന്നതും കേടുപാടുകള്‍ തീര്‍ക്കുന്നതും അച്ഛന്റെ ആലയില്‍നിന്നായിരുന്നു. ജ്യേഷ്ഠന്‍ അച്ഛനെ സഹായിക്കാന്‍വേണ്ടി കുലത്തൊഴിലില്‍ പ്രാവീണ്യംനേടി. എന്തുകൊണ്ടോ എനിക്കതില്‍ താത്പര്യംതോന്നിയിരുന്നില്ല. എന്നാലും അച്ഛനെയും ജ്യേഷ്ഠനെയും സഹായിക്കാന്‍ ഞാന്‍ ചിലപ്പോള്‍ ആലയില്‍ ചെല്ലും. തുരുത്തിയായിരുന്നു എനിക്ക് പ്രിയപ്പെട്ട ഉപകരണം. കനലുകളില്‍ കാറ്റടിച്ച് അഗ്‌നിയെ ജ്വലിപ്പിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു.
അച്ഛന് എന്നെ സ്‌കൂളില്‍ചേര്‍ത്ത് പഠിപ്പിക്കണമെന്നുതന്നെയായിരുന്നു ആഗ്രഹം. ആദ്യമൊക്കെ എനിക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. ഗ്രാമത്തില്‍ ഇടയ്ക്കിടെ നാടകക്കമ്പനികള്‍ വന്ന് തമ്പടിക്കും. പാരിജാതക്കമ്പനികള്‍ എന്നാണ് അവ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഏറ്റവും പ്രശസ്തയായ കലാകാരിയായിരുന്നു കൗജലഗി നിങ്കമ്മ. ഗായികയും അഭിനേത്രിയുമായിരുന്ന അവരുടെ അദ്ഭുതകരമായ കലാപ്രകടനങ്ങള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. കണ്ണുകളടച്ച് അവര്‍ ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍, നാടകത്തിലെ മാറിവരുന്ന സന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്കും അനുസൃതമായി അവരുടെ സ്വരത്തില്‍ വ്യതിയാനങ്ങളുണ്ടാകുന്നത് കേട്ടും കണ്ടും ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. അവരെ ഒരു മനുഷ്യസ്ത്രീയായിട്ടല്ല, അപ്‌സരസ്സായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. ശാരീരികമായി അവര്‍ അത്ര സുന്ദരിയാണെന്ന് പറയാനാവില്ല. പക്ഷേ, കൈകളുയര്‍ത്തി ശ്രീകൃഷ്ണനെ വിളിച്ചുപാടാന്‍ തുടങ്ങിയാല്‍ അവരുടെ ശരീരത്തിന്റെ ഇളംതവിട്ടുനിറം ഇളകിപ്പോവുകയും അതില്‍ ഒളിഞ്ഞിരുന്ന അപ്‌സരസ്സ് വെളിപ്പെടുകയും ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഈ നാടകട്രൂപ്പുകള്‍ ജനകീയമാക്കിയ പാട്ടുകള്‍ പാടിക്കൊണ്ടും സംഭാഷണങ്ങള്‍ ഉരുവിട്ടുകൊണ്ടും സ്വതന്ത്രനായി നടക്കാനായിരുന്നു എനിക്കിഷ്ടം. അതിനുവേണ്ടി ഞാന്‍ രാവിലെ കന്നുകാലികളെ മേയ്ക്കാന്‍കൊണ്ടുപോകും. ഇത് അച്ഛന്‍ ശ്രദ്ധിക്കുകയും എന്നെ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് കഠിനമായി ആജ്ഞാപിക്കുകയുംചെയ്തു. ഞാന്‍ പഠിച്ച് 'ജര്‍മന്‍കാരനെപ്പോലെ വലിയ ശാസ്ത്രജ്ഞനാവണം' എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നിട്ട് നമ്മുടെ കുലത്തൊഴിലിന് ഉപയുക്തമായ പുതിയ യന്ത്രങ്ങളുംമറ്റും കണ്ടുപിടിക്കണം.
കുടുംബപരമായി അക്ഷരാഭ്യാസംപോലും കഷ്ടിയായിരുന്ന താങ്കള്‍ അക്ഷരങ്ങളുടെ ലോകത്തിലേക്ക് ആകൃഷ്ടനായത് എങ്ങനെയാണ്? ബാല്യത്തില്‍ അതിനുള്ള പ്രേരണകള്‍ എന്തായിരുന്നു
വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിറകിലായിരുന്നെങ്കിലും ധന്യമായ സാംസ്‌കാരികപാരമ്പര്യമുള്ള ജനതയായിരുന്നു എന്റെ ഗ്രാമത്തിലേത്. ഈ സാംസ്‌കാരികപാരമ്പര്യം സംഗീതത്തിന്റെയും കവിതയുടേതുമായിരുന്നു. എന്റെ ഗ്രാമത്തിലേക്കുവരൂ, പഴയ തലമുറയിലെ ആളുകളില്‍ പലരും കവിതയിലൂടെ അന്യോന്യം സംസാരിക്കുന്നത് ഇപ്പോഴും കേള്‍പ്പിച്ചുതരാം. കാവ്യാലാപനം, നാടകാവതരണം, മുന്‍കൂട്ടി തയ്യാറെടുപ്പൊന്നുമില്ലാത്ത പ്രഭാഷണം-ഇതൊക്കെ ആ ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. അവിടെയാണ് ഞാന്‍ പിറന്നുവളര്‍ന്നത്. സാംഗ്യാബാള്യാ, ശ്രീകൃഷ്ണ പാരിജാതാ തുടങ്ങിയ നാടോടിനാടകങ്ങളും 'ലാവണി' പോലുള്ള നാടന്‍പാട്ടുകളുംമറ്റും ഗ്രാമീണരെ രസിപ്പിക്കാനായി എപ്പോഴും ഉണ്ടാകുമായിരുന്നു. നിരക്ഷരരും ചൂഷിതരുമായ എന്റെ ജനം അവരുടെ ജീവിതത്തെ പാട്ടുകളിലൂടെ, സഞ്ചിതമായ സാമൂഹികാനുഭവങ്ങളെ പിടിച്ചെടുക്കുകയും കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്തുകൊണ്ടിരുന്നു. എനിക്ക് സ്വാഭാവികമായും അത് പകര്‍ന്നുകിട്ടി. അതുകൊണ്ടാണ് വിദ്യാഭ്യാസംനേടാനും എഴുത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കാനും എനിക്ക് സാധിച്ചത്.
സാമൂഹികാനുഭവം, സമ്പന്നമായ പ്രാദേശികസംസ്‌കാരം എന്നൊക്കെ താങ്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ടല്ലോ. അക്ഷരാഭ്യാസമില്ലാത്തവരില്‍നിന്ന് പകര്‍ന്നുകിട്ടിയതെന്ന് താങ്കള്‍തന്നെ പറയുന്ന ഈ സാംസ്‌കാരികപശ്ചാത്തലത്തെക്കുറിച്ച് വിശദീകരിക്കാമോ
ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം. ഗ്രാമത്തിലെ മുതിര്‍ന്നവരുടെ യോഗങ്ങള്‍ ചേര്‍ന്നിരുന്നത് എന്റെ അച്ഛന്റെ ആലയുടെ മുമ്പിലാണ്. അവര്‍ കൂടിയിരുന്ന് പല വിഷയങ്ങളും ചര്‍ച്ചചെയ്യുമായിരുന്നു. ഒരിക്കല്‍ ചര്‍ച്ചാവിഷയം ഇതായിരുന്നു: ഏറ്റവും സുന്ദരനായ പുരുഷന്‍ ആരാണ്? ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണ്? ആളുകള്‍ വ്യത്യസ്തമായി അഭിപ്രായം പറഞ്ഞു. ഗാന്ധിജിയും കസ്തൂര്‍ബായും, നെഹ്റുവും കമലയും-ഇങ്ങനെ ഉത്തരങ്ങള്‍ പലതും ഉയര്‍ന്നുവന്നു. ഒരുപാടുനേരത്തെ വാഗ്വാദങ്ങള്‍ക്കുശേഷം എന്റെ അച്ഛന്‍ എഴുന്നേറ്റുനിന്ന് ഉറച്ചശബ്ദത്തില്‍ പറഞ്ഞു: ''ഏറ്റവും സുന്ദരനായ പുരുഷന്‍ അധ്വാനംകൊണ്ട് വിയര്‍ത്ത, വയലില്‍ പണിചെയ്യുന്ന പുരുഷനാണ്. ഏറ്റവും സുന്ദരിയായ സ്ത്രീ, ആദ്യമായി ഗര്‍ഭിണിയായ സ്ത്രീയാണ്.'' അവിടെ ഉണ്ടായിരുന്നവരെല്ലാം അത് തലകുലുക്കി സമ്മതിക്കുകയും ആ ദിവസത്തെ ചര്‍ച്ച അവസാനിക്കുകയും ചെയ്തു.
അക്കൂട്ടത്തില്‍ എന്റെ അച്ഛനടക്കം ഏതാനുംപേര്‍ക്കുമാത്രമേ അക്ഷരാഭ്യാസമുണ്ടായിരുന്നുള്ളൂ. ഒന്നോ രണ്ടോ ആഴ്ച പഴക്കമുള്ള ദിനപ്പത്രം ബെല്‍ഗാമില്‍നിന്നുവരുത്തി അദ്ദേഹം തന്റെ കൂട്ടുകാര്‍ക്കുവേണ്ടി ഉറക്കെ വായിക്കും. ദേശീയനേതാക്കളെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമുള്ള വാര്‍ത്തകളാവും അധികവും. വായനയിലൂടെ കിട്ടുന്ന വാര്‍ത്താശകലങ്ങള്‍ കേള്‍വിക്കാര്‍ ഉടന്‍തന്നെ വിശദമായി നാടകവത്കരിക്കുകയും ഈ വായനക്കൂട്ടത്തില്‍ ഹാജരാവാതിരുന്നവരെ അറിയിക്കുകയുംചെയ്യും. ഗാന്ധിജിയും ജിന്നയും അന്യോന്യം സംസാരിച്ചതിന്റെ വാര്‍ത്തയാണ് ഒരിക്കല്‍ അച്ഛന്‍ വായിച്ചത്. അതുകേട്ട് ഗുഡസ്യ എന്ന സുഹൃത്ത് ഉടന്‍തന്നെ അയാളുടേതായ രീതിയില്‍ അത് വിശദീകരിക്കാന്‍ തുടങ്ങി.
'എടോ, വിവരമറിഞ്ഞോ? ജിന്ന ഗാന്ധീടെ ആശ്രമത്തില്‍ ചെല്ലുമ്പോള്‍ ഗാന്ധി അവിടെ നിലത്തിരിക്ക്യായിരുന്നു. ജിന്നയെ കണ്ടയുടനെ ഗാന്ധി പറഞ്ഞു: ''വരൂ, വരൂ ജിന്നാ, എന്തിനാ നീ പുറത്തുനിന്നത്?'' അപ്പോള്‍ ജിന്ന അകത്തുകടന്ന് ഗാന്ധിയോട് ഒരു ചോദ്യം: ''ഓ, ഗാന്ധിസാഹിബ്, സഹോദരന്മാര്‍ക്കുപോലും ഇന്നല്ലെങ്കില്‍ നാളെ വഴിപിരിയേണ്ടിവരും. ഇതുപോലുള്ള കുഴപ്പങ്ങളുമായി നമുക്ക് എത്രവര്‍ഷം ജീവിക്കാനാവുമെന്നാ നിങ്ങള് വിചാരിക്കുന്നേ? അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങടെ പാകിസ്താന്‍ ഇങ്ങുതന്നേക്ക്. നിങ്ങള് നിങ്ങടെ ഹിന്ദുസ്ഥാന്‍ വെച്ചോളൂ...'' അതുകേട്ട് ഗാന്ധി കോപിച്ചു: ''ജിന്നാ, നീ എന്ത് അസംബന്ധമാ ഈ പറയുന്നത്? അര്‍ഥശൂന്യമായകാര്യം! നമ്മള് സഹോദന്മാര്‍ ഒരുമിച്ചുനിന്നാല്‍ നമുക്ക് പുലികളെപ്പോലെ ജീവിക്കാം. വിഘടിച്ചുനിന്നാലോ എലികളെപ്പോലെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. മനുഷ്യനായാല്‍ വിവേകംവേണം!''
മുന്‍കൂട്ടി ഒരു തയ്യാറെടുപ്പുമില്ലാതെത്തന്നെ ഏതുകാര്യവും നാടകവത്കരിക്കാന്‍ എന്റെ ഗ്രാമക്കാര്‍ക്ക് അസാമാന്യസിദ്ധിയുണ്ടായിരുന്നു.
താങ്കളുടെ കൃതികളില്‍ മനുഷ്യന്റെ ക്രൂരതയും ഹിംസാത്മകതയും ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ ധാരാളമുണ്ട്. ആഖ്യാനങ്ങളില്‍ പ്രതിനായകന്മാര്‍ക്കാണ് പലപ്പോഴും പ്രാമുഖ്യം കൈവരുന്നത്. ഇത് താങ്കള്‍ പറയുന്ന സാമൂഹികാനുഭവത്തിന്റെ ഭാഗംതന്നെയാണോ

ഘടപ്രഭാനദി മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ് ഒഴുകുമായിരുന്നു. അപ്പോഴാണ് കൊലപാതകങ്ങള്‍ നാട്ടില്‍ ധാരാളമായി നടന്നിരുന്നത്. ശവശരീരങ്ങള്‍ നദിയിലേക്ക് എറിയാന്‍ വളരെ എളുപ്പമാണല്ലോ. ഈ ശവങ്ങള്‍ മിക്കവാറും നദി വടക്കോട്ടുതിരിയുന്നിടത്തുവന്ന് കുടുങ്ങാറാണ് പതിവ്. ചിലതിനെയൊക്കെ ഗ്രാമവാസികള്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്യും. പിന്നീടവര്‍ ഈ ശവങ്ങളെയും കൊലപാതകങ്ങളുടെ കാരണങ്ങളെയും തിരിച്ചറിയാനുള്ള കഠിനപരിശ്രമം നടത്തും. കൊടുംഭീകരരും നിര്‍ദയരുമായ കൊലപാതകികള്‍പോലും മരണാനന്തരക്രിയകളില്‍ അചഞ്ചലമായ വിശ്വാസമുള്ളവരായിരുന്നു. അത്തരം ആചാരാനുഷ്ഠാനങ്ങളില്‍ പരിണതരായ ഒരാളെക്കൊണ്ട് ശവത്തിന് ആവശ്യമായ കര്‍മങ്ങള്‍ചെയ്യിച്ച് നല്ലൊരു സംസ്‌കാരം ഏര്‍പ്പാടുചെയ്യാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശവങ്ങള്‍ക്ക് ഈവിധം അന്ത്യക്രിയ നടത്തിയില്ലെങ്കില്‍ തങ്ങള്‍ക്ക് നരകത്തില്‍പോകേണ്ടിവരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ചെറുപ്പംമുതല്‍ക്കേ ഇത്തരം അനുഭവങ്ങള്‍ എനിക്ക് ധാരാളമുണ്ടായിട്ടുണ്ട്. എന്റെ ഗ്രാമത്തിന്റെ ലോകം നിങ്ങളറിയുന്ന ലോകത്തെക്കാള്‍ വളരെ വലുതായിരുന്നു. അത് സമ്പൂര്‍ണവുമായിരുന്നു. അവിടെ വിവേചനങ്ങളൊന്നുമില്ലായിരുന്നു. ആ ലോകത്തില്‍ നിങ്ങള്‍ക്ക് എല്ലാം കാണാം-സ്വര്‍ഗവും നരകവും അതുപോലുള്ള പതിന്നാലു ലോകങ്ങളും അന്ധവിശ്വാസങ്ങളും സത്യങ്ങളും രാഷ്ട്രീയവും വ്യഭിചാരവും അക്രമവും കൊലപാതകങ്ങളും എല്ലാം... അത്തരം വൈവിധ്യപൂര്‍ണവും സമ്പന്നവുമായ സംസ്‌കാരമായിരിക്കണം എന്നെ എഴുത്തുകാരനായി രൂപപ്പെടുത്തിയത്.
കുന്നിന്‍ചെരിവില്‍ പാട്ടുപാടിയും നാടകത്തിലെ സംഭാഷണങ്ങള്‍ ഉറക്കെപ്പറഞ്ഞും മറ്റുകുട്ടികളെ അമ്പരപ്പിച്ചുകൊണ്ടിരുന്ന താങ്കളെ ഒരുദിവസം അച്ഛന്റെ നിര്‍ദേശമനുസരിച്ച് ജ്യേഷ്ഠന്‍ വന്ന് കൈയും കാലും കെട്ടി എടുത്തുകൊണ്ടുപോയി സ്‌കൂളില്‍ വിട്ടതായി താങ്കള്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസവുമായി എങ്ങനെയാണ് പൊരുത്തപ്പെടാന്‍ കഴിഞ്ഞത്
പാട്ടിലും കവിതയിലുമുള്ള എന്റെ അതിയായ താത്പര്യം, മുന്നൊരുക്കമൊന്നുമില്ലാതെ ഞാന്‍ കുറിച്ചും ചൊല്ലിയുംകൊണ്ടിരുന്ന കവിതകളെ എന്റെ അധ്യാപകര്‍ ഇഷ്ടത്തോടെ കേട്ട് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്, ചെറുപ്രായത്തില്‍ത്തന്നെ കന്നഡ പുസ്തകങ്ങള്‍ വായിക്കാന്‍ ശീലിച്ചത് -ഇതൊക്കെയാവാം ക്രമേണ സ്‌കൂളില്‍പോകാന്‍ എന്നില്‍ ആവേശമുളവാക്കിയ ഘടകങ്ങള്‍. കഷ്ടപ്പാടും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു പഠിക്കാനുള്ള എന്റെ പരിശ്രമങ്ങള്‍. ഖോഡഗേരി എലിമന്ററി സ്‌കൂളിലെ പഠിത്തം പൂര്‍ത്തിയാക്കിയതോടെ വീട്ടിലെ ദാരിദ്ര്യവും പ്രശ്‌നങ്ങളും കണക്കിലെടുത്ത് തുടര്‍ന്ന് പഠിക്കേണ്ടെന്നുതന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്നെ ജര്‍മന്‍കാരെപ്പോലുള്ള ഒരു ശാസ്ത്രജ്ഞനാക്കണമെന്ന അച്ഛന്റെ തീരുമാനത്തിന് മാറ്റമില്ലായിരുന്നു. അങ്ങനെ അടുത്ത പട്ടണമായ ഗോകാക്കിലെ ഹൈസ്‌കൂളില്‍ എന്നെ ചേര്‍ത്തു. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഭാഗ്യത്തിന് അവിടെ അധ്യാപകനായിരുന്ന കൃഷ്ണമൂര്‍ത്തി പുരാണിക് എന്ന പ്രശസ്ത സാഹിത്യകാരനുമായി പരിചയപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറി. ആ പ്രായത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ എല്ലാ നോവലുകളും കഥകളും ഞാന്‍ വായിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ കവിത എഴുതിയിരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. സ്‌നേഹപൂര്‍വം അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.
ഗോകാക്കിലെ ഹൈസ്‌കൂളിലേക്ക് എന്നെ അയക്കുമ്പോള്‍ അച്ഛന്‍ കരുതിയിരുന്നത് എന്റെ പഠനം സൗജന്യമായിരിക്കുമെന്നാണ്. പക്ഷേ, നാലുമാസം കഴിഞ്ഞപ്പോള്‍, അതിന് സാധ്യതയില്ലെന്ന് സ്പഷ്ടമായി. ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഞാന്‍ വീട്ടിലേക്കുമടങ്ങി. അച്ഛന്‍ തീര്‍ത്തും നിരാശനായി. പക്ഷേ, പുരാണിക് മാഷ് അടങ്ങിയിരുന്നില്ല. സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയംഗങ്ങളുമായി സംസാരിക്കുകയും എന്റെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ അവരെ പ്രേരിപ്പിക്കുകയുംചെയ്തു. അങ്ങനെ ഞാന്‍ വീണ്ടും ഗോകാക്കിലെത്തി. പിന്നീട് പുരാണിക് മാഷ് എന്നെ പ്രശസ്തമായ സാവളഗി മഠത്തിലേക്ക് കൊണ്ടുപോയി അന്നത്തെ മഠാധിപതിയായ സിദ്ധരാമസ്വാമികളെ പരിചയപ്പെടുത്തി. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വലിയ ആസ്വാദകനും പരിപോഷകനുമായിരുന്നു സ്വാമികള്‍. അനാഥരും ആലംബഹീനരുമായ എത്രയോ ആളുകള്‍ക്ക് സാവളഗിമഠം അഭയകേന്ദ്രമായിരുന്നു. പ്രമുഖമായ സാഹിത്യകൃതികളെല്ലാം വായിച്ചുപഠിക്കാനും കവിതയെഴുതാനും അദ്ദേഹം എനിക്ക് നിരന്തരപ്രചോദനം നല്‍കി. മഠത്തിലെത്തുന്ന സന്ദര്‍ശകരുടെമുന്നില്‍ എന്നെ മാതൃകാവിദ്യാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളേജില്‍ ചേരാന്‍ ബെല്‍ഗാമിലേക്ക് പോകുന്നതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് സ്വാമികളായിരുന്നു.

വലിയ നഗരമായ ബെല്‍ഗാമിലെ കോളേജില്‍ ചേരാന്‍ ആഗ്രഹിക്കുന്നതുപോലും അപ്രായോഗികമാണെന്ന് ആദ്യം തോന്നി. അച്ഛന്റെ തുച്ഛമായ വരുമാനംകൊണ്ട് എന്നെ കോളേജില്‍ പഠിപ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു. എങ്കിലും ആഗ്രഹം തീവ്രമായിരുന്നതിനാല്‍ എന്റെ ഏക ആശ്രയമായ സിദ്ധരാമസ്വാമികളെ ചെന്നുകണ്ടു. അദ്ദേഹം കോളേജില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നുമാത്രമല്ല, അതിനുവേണ്ട എല്ലാസഹായവും ചെയ്തു. കൃഷ്ണമൂര്‍ത്തി പുരാണിക്, സിദ്ധരാമസ്വാമികള്‍, പില്‍ക്കാലത്ത് ബെല്‍ഗാം ലിംഗരാജകോളേജില്‍ എന്റെ ഗുരുവും അഭ്യുദയകാംക്ഷിയുമായിരുന്ന പ്രൊഫ. ഭൂസഹൂര്‍മഠ് -ഇവരാണ് എന്റെ ഗോഡ്ഫാദേഴ്സ് എന്ന് കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു.
പദ്മഭൂഷണ്‍ ലഭിച്ചപ്പോള്‍ എന്തുതോന്നി
സന്തോഷം തോന്നി. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആഘോഷമൊന്നും വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഏത് അംഗീകാരവും ആഹ്ലാദകരമാണ് എന്നേ പറയാനുള്ളൂ.
അടുത്ത ലക്കത്തില്‍ അവസാനിക്കും
ചന്ദ്രശേഖര കമ്പാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Kannada writer Chandrashekhar kambar Malayalam Interview