പ്രശസ്ത ചിത്രകാരന്‍ കെ. പ്രഭാകരന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും ജീവനോടെ നമുക്കു മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്നു. കണ്ടുശീലിച്ച ചിത്രരചനാവഴികളില്‍ നിന്ന് മാറിനടക്കുകയും ഒപ്പംതന്നെ പരിചിതമായ ജീവിതത്തിന്റെ നേര്‍പകര്‍പ്പുകളായി കലയെ ഉള്‍ക്കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. റാഡിക്കല്‍ ചിത്രരചനയുടെ വഴിയേ അദ്ദേഹം നടന്നു. പ്രശസ്ത ചിത്രകാരിയും അദ്ദേഹത്തിന്റെ ഭാര്യയുമായ കബിത മുഖോപാധ്യായ പ്രഭാകരന്‍ എന്ന കലാകാരനെയും മനുഷ്യനെയും ഓര്‍ത്തെടുക്കുന്നു. ജീവിതത്തിലും കലയിലും സ്വന്തം സ്വത്വത്തെ തുറന്നുവെക്കുകയും പൂര്‍ണമായും കലയെ ബഹുമാനിച്ചുകൊണ്ട് ജീവിക്കുകയും ചെയ്ത ആ ചിത്രകാരനൊപ്പമുള്ള ജീവിതത്തെ പറഞ്ഞുവെക്കുന്നു കബിത. 

'എന്റെ തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രകാരന്മാരില്‍ ഒരാളായിരുന്നു പ്രഭാകരന്‍. ശാന്തിനികേതനില്‍ വെച്ചായിരുന്നു ഞങ്ങളുടെ ആദ്യ കണ്ടുമുട്ടല്‍. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ചിത്രകലയെപ്പറ്റി കൂടുതല്‍ മനസിലാക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പ്രഭാകരന്റെ രചനകളുടെ സവിശേഷത തന്നെയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. വ്യത്യസ്തമായ ആഖ്യാന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1987-ല്‍ ഞാന്‍ ശാന്തിനികേതില്‍ ചേര്‍ന്ന സമയത്ത് ഒരു പെയിന്റിംഗ് എക്‌സിബിഷന്‍ കാണാനിടയായി. ഇന്ത്യയിലെ പ്രശസ്ത ചിത്രകാരനായ ജുബിന്‍ ചൗദരിയുടെ നേതൃത്വത്തിലായിരുന്നു അത്. പ്രഭാകരന്റെ ചിത്രങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.' കബിത പറയുന്നു.  

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് പ്രഭാകരന്റെ കലയുടെ പ്രധാന ഘടകം. അനാഥരായവര്‍, തെരുവില്‍ അലയുന്നവര്‍... അങ്ങനെ പലതരം ജീവിതങ്ങള്‍ ജീവിക്കുന്ന മനുഷ്യരെയാണ് കലയില്‍ അദ്ദേഹം പകര്‍ത്തിവെച്ചത് എന്ന് നിരീക്ഷിക്കുന്നു കബിത. ഒപ്പം തന്നെ പ്രഭാകരന്‍ എന്ന വ്യക്തിയെക്കൂടി ഓര്‍ത്തെടുക്കുന്നു അവര്‍ : 

kabitha

'ഒരു വ്യക്തി എന്ന നിലയില്‍ പ്രഭാകരന്‍ വളരെ സത്യസന്ധമായ, തുറന്ന സമീപനമായിരുന്നു വെച്ചുപുലര്‍ത്തിയിരുന്നത്. കള്ളക്കളികള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നടക്കില്ലായിരുന്നു. തെറ്റുകള്‍ ചെയ്താല്‍ ഉടനെ കണ്ടെത്തുമായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു സുഹൃത്തായി നിലകൊള്ളാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ നിരവധി സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും നന്നായി സംസാരിക്കാനും താല്പര്യമായിരുന്നു. ശരിക്കും ഒരു രസികന്‍. കലയെയും ജീവിതത്തെയും രണ്ടായി കണ്ടിരുന്നില്ല പ്രഭാകരന്‍. അവയെ വ്യത്യസ്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. പല മേഖലകളിലുമുള്ള വ്യക്തികളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കല, രാഷ്ട്രീയ,ചലച്ചിത്രമേഖലകളിലുള്ള ഒട്ടേറെ വ്യക്തികളില്‍നിന്നും ലഭിച്ച പിന്തുണ വലുതായിരുന്നു.  നിരവധി എക്‌സിബിഷനുകള്‍ പതിനാല് വര്‍ഷങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ ഒരുമിച്ച് നടത്തി. അതെല്ലാം അദ്ദേഹത്തോടൊത്തുള്ള നല്ല ഓര്‍മകളായിരുന്നു. ' 

പ്രഭാകരന്റെ അവസാനകാലത്തെ അവര്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ :

'വളരെ പെട്ടെന്ന് ജ്വലിച്ചമര്‍ന്നുപോയ പ്രതിഭയാണ് പ്രഭാകരന്‍. ആശുപത്രിയിലായിരുന്ന സമയങ്ങളില്‍ വളരെ ഉത്സാഹത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. രോഗാവസ്ഥയിലും അദ്ദേഹം ചിത്രങ്ങള്‍ വരച്ചിരുന്നു. ആശുപത്രിയിലെ നെഴ്‌സുമാരുടെ ചിത്രങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ വരച്ചിരുന്നു. സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് എല്ലാം എഴുതിനല്‍കുമായിരുന്നു. ആരോഗ്യം കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. പൂര്‍ണ പിന്തുണ പലപ്പോഴും കിട്ടാതെ പോയി...' അവര്‍ പറഞ്ഞുനിര്‍ത്തി.

Content highlights : kabitha mukhopadhayaya remebering artist and husband k prabhakaran