പുന്നപ്ര വയലാറിന്റെ പശ്ചാത്തലത്തില്‍ കെ.വി. മോഹന്‍ കുമാര്‍ എഴുതിയ 'ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം' ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കി. നോവലിനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാര്‍ സംസാരിക്കുന്നു.

പുരസ്‌കാര നേട്ടത്തെക്കുറിച്ച്... 

മലയാളത്തിലെ ഏറ്റവും ശ്രേഷ്ഠമായ പുരസ്‌കാരങ്ങളിലൊന്നാണ് വയലാര്‍ അവാര്‍ഡ്. അതിലുപരി ഞങ്ങളുടെ നാടിന്റെ അഭിമാനമായ കവിയുടെ പേരിലുള്ള പുരസ്‌കാരം എന്ന പ്രത്യേകത കൂടിയുണ്ടതിന്. നാട്ടുകാരനായ ഒരാളുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചു എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. വയലാര്‍ എന്ന പേരിലുള്ള ഒരു ഭൂപ്രദേശത്തിന്റെ കഥകൂടിയാണ് എന്റെ നോവല്‍ ഉഷ്ണരാശി പറയുന്നത്. 

എന്തുകൊണ്ട് പുന്നപ്ര-വയലാര്‍

ചെറിയപ്രായം മുതല്‍ കേട്ടുവളര്‍ന്ന ഐതിഹാസിക സമരകഥയാണ് പുന്നപ്ര വയലാര്‍. പട്ടാളത്തിന്റെ തോക്കിന് മുന്നില്‍ വാരിക്കുന്തവുമേന്തിചെന്ന് വെടിയേറ്റ് പിടഞ്ഞു വീണ ഒരുപാട് പേരുടെ കഥ അതിനുപിന്നിലുണ്ട്. എന്നാല്‍ ഇതുവരെയും ഒരിക്കല്‍ പോലും ഒരു ബ്രഹദ് രചനയ്ക്ക് പുന്നപ്ര - വയലാര്‍ സമരകാലഘട്ടം പശ്ചാത്തലമായിട്ടില്ല. തകഴിയുടെ രണ്ടിടങ്ങഴിയിലൊക്കെ ആ കാലഘട്ടത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും പൂര്‍ണമായും ആ കാലഘട്ടം നോവലിന് വിഷയമായിട്ടില്ല. പി. ഭാസ്‌കരന്‍ വയലാര്‍ ഘര്‍ജിക്കുന്നു എന്ന പേരില്‍ ഒരു ഖണ്ഡകാവ്യം എഴുതി. എസ്.എല്‍. പുരം സദാനന്ദന്‍ പുന്നപ്ര- വയലാര്‍ എന്ന പേരില്‍ സിനിമയ്ക്ക് തിരക്കഥയെഴുതി. എങ്കിലും മലയാള സാഹിത്യത്തിലിപ്പോഴും കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ചിരസ്മരണ പോലൊരു കൃതി ഉണ്ടായിട്ടില്ല. 

നോവലിലെ ഭാവനയുടെ അംശം 

ഉഷ്ണരാശി ഒരു ചരിത്ര പശ്ചാത്തലമുള്ള സമകാലിക നോവലാണ്. എന്നാല്‍ ഇതൊരു ചരിത്ര നോവലല്ല. പിന്നില്‍ ചരിത്രം വരുന്നു എന്നേയുള്ളൂ. മൂന്ന് തരത്തിലുള്ള കഥാപാത്രങ്ങളാണ് നോവലിലുള്ളത്. ഒന്ന്, ചരിത്രത്തിന്റെ ഭാഗമായ കഥാപാത്രങ്ങള്‍. വസ്തുതാപരമായി തന്നെ വേണം അവരെ നോവലില്‍ ചിത്രീകരിക്കാന്‍. കാരണം അത് വസ്തുതകളാണ്, ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടാമത് ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്ന് നമ്മള്‍ സങ്കല്പിക്കുന്ന കഥാപാത്രങ്ങള്‍. അത്തരം കഥാപാത്രങ്ങള്‍ അന്ന് ജീവിച്ചിരുപ്പുണ്ടാകും. എന്നാല്‍ അവരുടെ കൂടുതല്‍ വിവരങ്ങള്‍ നമുക്കറിയില്ല. ആ കഥകളില്‍ പലതും അന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കല്പികമായി സൃഷ്ടിച്ചതാണ്.  പൂര്‍ണമായും സാങ്കല്പികമായ കഥാപാത്രങ്ങളാണ് മൂന്നാമത്തെ വിഭാഗം. കഥയെ നയിക്കുന്ന അപരാജിത, ദിശ, നിരജ്ഞന്‍, വാസുദേവന്‍മാഷ് - ഇവരെല്ലാം പൂര്‍ണമായും സാങ്കല്പികമാണ്. 

ഉഷ്ണരാശിയുടെ സമകാലിക പ്രസക്തി

1930കള്‍ മുതല്‍ 2013 വരെയുള്ള കേരളത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം നോവലില്‍ വിശകലനം ചെയ്യുന്നുണ്ട്. വളരെ ആത്മാര്‍ത്ഥതയുള്ള കമ്മൂണിസ്റ്റുകാരുണ്ടായിരുന്ന കാലഘട്ടം എന്നതാണ് പുന്നപ്ര വയലാര്‍ സമരകാലഘട്ടത്തിന്റെ പ്രത്യേകത. തൊഴിലാളി വര്‍ഗത്തിന്റെ സംഘാടനത്തിലൂടെ ജന്മിമാരുടെയും അധികാര വര്‍ഗത്തിന്റെയും നിഷ്ഠൂരതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ ഉയര്‍ന്നുവന്ന ഒരു ബഹുജന ശക്തി അന്നുണ്ടായിരുന്നു. അതില്‍നിന്ന് ഈ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഒരുപാട് മാറ്റം ഉണ്ടായിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ തന്നെ രീതിശാസ്ത്രങ്ങള്‍ മാറി. പഴയകാലഘട്ടത്തിലുള്ള ഒരു കമ്മിറ്റഡ് കമ്മ്യൂണിസം എന്ന രീതിയില്‍നിന്ന് മാറി എന്ന വിശകലനവും വിമര്‍ശവും ഈ നോവലിലുണ്ട്.

ഇഷ്ട കൃതി

എഴുതുന്ന എല്ലാം കൃതികളും ഇഷ്ട കൃതികളാണ്. ഉഷ്ണരാശിയും ഇഷ്ട കൃതി തന്നെയാണ്. ഇതിന് മുമ്പ് എഴുതിയ പ്രണയത്തിന്റെ മൂന്നാം കണ്ണും അത്തരത്തിലൊന്ന് തന്നെയാണ്. ഇത്രയും അംഗീകരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ പോലും അവാര്‍ഡുകള്‍ ആ പുസ്തകത്തിനും   ലഭിച്ചിരുന്നു. മറ്റൊരു തലത്തില്‍ എഴുതിയ കൃതിയായിരുന്നു അത്.  താന്ത്രിക് ബുദ്ധസമെന്ന നമുക്ക് അത്ര പരിചിതമല്ലാത്ത വിഷയം പ്രതിബാധിക്കുന്ന ദാര്‍ശനിക തലത്തിലെഴുതിയ കൃതിയാണ് മൂന്നാം കണ്ണ്. ഏറ്റവും അടുത്ത് എഴുതിയത് 'എടലാപ്പിടി പ്രണയരേഖ'കളാണ്. അത് ഉഷ്ണരാശിയുടെ ഒരു ഓഫ് ഷൂട്ട് എന്ന് പറയാം. ഉഷ്ണരാശി എഴുതാന്‍വേണ്ടിയുള്ള വായനയില്‍ കണ്ടെത്തിയത് വികസിപ്പിച്ച് എടലാപ്പിടി പ്രണയരേഖകളാക്കിയത്. പി കൃഷ്ണപിള്ളയുടെ പ്രണയമാണ് അതില്‍ പറയുന്നത്. 

തിരക്കുകള്‍ക്കിടയിലെ എഴുത്ത്

പ്രാണവായുപോലെ ജീവിതത്തിന്റെ ഭാഗമാണ് എനിക്ക് എഴുത്ത്. എഴുത്തില്‍നിന്ന് മാറിനിന്ന് എന്നെ കാണാന്‍ സാധിക്കില്ല. ഞാന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന സമയത്തും സിവില്‍ സര്‍വീസില്‍ വന്നതിന് ശേഷവുമെല്ലാം എഴുത്ത് എന്റെ കൂടെത്തന്നെയുണ്ട്. അത്‌കൊണ്ട് തന്നെ എഴുത്തിന് വേണ്ടി പ്രത്യേക സമയം കണ്ടെത്തേണ്ടി വരുന്നില്ല. 

സിനിമ

എന്റെ മേഖല എഴുത്താണ്. സിനിമ എന്റെ മേഖലയായി കണ്ടിട്ടില്ല. അവസരം വന്നപ്പോള്‍ സിനിമ ചെയ്തു എന്ന് മാത്രം.