''മുക്ക് ഒരുവഴി കല്പിച്ചിട്ടുണ്ട്. ആ വഴിയിലേക്ക് നമ്മെ നയിക്കുന്ന നിമിത്തങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം. ഒന്നും യാദൃച്ഛികമല്ല'', ഇങ്ങനെ വിശ്വസിക്കുന്നയാളാണ് ഡോ. കെ. ജയകുമാര്‍. കവി, ചലച്ചിത്രഗാനരചയിതാവ്, പെയിന്റര്‍, പരിഭാഷകന്‍, സംവിധായകന്‍ എന്നിങ്ങനെ പല മേഖലകളില്‍ തിളങ്ങുന്ന പ്രതിഭ. ഒപ്പം ഭരണതലത്തില്‍ കളക്ടറായും സെക്രട്ടറിയായും ചീഫ് സെക്രട്ടറിയായുമൊക്കെയുള്ള നൈപുണ്യവും. 

അഞ്ചുവര്‍ഷംമുമ്പ് ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെപേരില്‍ മലയാളത്തിനൊരു സര്‍വകലാശാല നിലവില്‍വന്നപ്പോള്‍ ജയകുമാര്‍ അതിന്റെ അമരക്കാരനായതും യാദൃച്ഛികമല്ല. 'മലയാളസര്‍വകലാശാല സമീപനവും സ്വരൂപവും' എന്നപേരില്‍ അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍നിന്നാണ് സര്‍വകലാശാലയുടെ പിറവി. ആ സ്ഥാപനത്തെ മലയാളത്തിന്റെ അഭിമാനസ്ഥാനമായി മാറ്റിയെടുത്തു അദ്ദേഹം. മലയാളസര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലര്‍ എന്ന 'ചരിത്രപദവി'യില്‍നിന്ന് നവംബര്‍ 30-ന് വിരമിക്കുന്ന ജയകുമാര്‍ സംസാരിക്കുന്നു...

ചെറുഭാഷകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.  ഒരു സര്‍വകലാശാലയ്ക്ക് ഭാഷയെ വീണ്ടെടുക്കാന്‍ കഴിയുമോ...? 

ഭാഷയില്‍ മാറ്റങ്ങള്‍വരുത്തുക എന്നത് ഒരുവര്‍ഷംകൊണ്ടോ രണ്ടുവര്‍ഷംകൊണ്ടോ സാധ്യമാവുന്ന കാര്യമല്ല. വളര്‍ച്ചയും തളര്‍ച്ചയും അനുക്രമമായാണ് സംഭവിക്കുക. ഭാഷനേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയല്ല മലയാളസര്‍വകലാശാല. സമൂഹത്തിന്റെ മനോഭാവങ്ങളില്‍ ഒരുപാട് പോരായ്മകളുണ്ട്. അത് ഈ ഭാഷയെ പലതലങ്ങളിലും തളര്‍ത്തിയിട്ടുമുണ്ട്. സര്‍വകലാശാല എന്നനിലയില്‍ എന്തുചെയ്യാന്‍ പറ്റുമെന്നാണ് ഞങ്ങള്‍ ആലോചിച്ചത്. നമ്മുടെ ഭാഷയിലുള്ള അഭിമാനവും ആത്മവിശ്വാസവും വളര്‍ത്തലാണ്  പ്രധാനദൗത്യം.

ആ ദൗത്യത്തില്‍ എത്ര മുന്നേറി...? 

ആദ്യവര്‍ഷം തന്നെ, എന്‍ട്രന്‍സ് പരീക്ഷയില്‍ 550 കുട്ടികള്‍ പരീക്ഷയെഴുതി. പഠനം മലയാളമാധ്യമത്തിലാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടികള്‍ വരാന്‍ തയ്യാറായി. തുടക്കത്തില്‍ത്തന്നെ ആളുകളില്‍ ഒരു വിശ്വാസമുണ്ടാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. ആ കുട്ടികളില്‍ ഭൂരിപക്ഷംപേരും പല സ്ഥാപനങ്ങളില്‍ ജോലികിട്ടിപ്പോയി, ചിലര്‍ ഇവിടെ പഠനവും ഗവേഷണവും തുടരുന്നു. തരക്കേടില്ലാത്ത രീതിയില്‍ അവരെ ഉള്‍ക്കൊള്ളാന്‍ കേരളസമൂഹത്തിനു സാധിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്ത് വ്യത്യസ്ത ബിരുദാനന്തരബിരുദകോഴ്സുകള്‍ തുടങ്ങാന്‍ കഴിഞ്ഞതും മലയാളത്തിന് ലഭിച്ച സ്വീകാര്യതയാണ്.

ഇംഗ്ലീഷ് പഠിച്ച് വിശ്വപൗരന്മാരാകേണ്ട കുട്ടികളെ മലയാളത്തിലേക്ക് ചുരുക്കിക്കളയുന്നു എന്ന് പരാതിപറയില്ലേ മലയാളികള്‍...? 

ഇവിടെ പി.ജി. കോഴ്സുകള്‍ മാത്രമേ ഉള്ളൂ. ബിരുദം വരെ ഇംഗ്ലീഷ് പഠിച്ച് ഞങ്ങളുടെ കാമ്പസിലെത്തുന്നവര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ അതിന് ഞങ്ങള്‍ കുറ്റക്കാരല്ല. ഒരുപാട് മുന്‍വിധികളുടെ തടവുകാരാണ് നമ്മള്‍. ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ടുമാത്രമേ നമ്മുടെ കുട്ടികള്‍ രക്ഷപ്പെടൂ എന്ന വിചാരം ശരിയല്ല. കേരളത്തില്‍തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയില്‍ ഒരുപാട് അവസരങ്ങളുണ്ട്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, വ്യവസായസ്ഥാപനങ്ങള്‍... ഇവിടെയൊക്കെ അവസരമുണ്ട്. 

തൊഴില്‍ക്ഷമത ഒരു പ്രശ്‌നമാകാം എന്നതുകൊണ്ടാണ് ഡിപ്ലോമാ പഠനം കൂടി ഉള്‍പ്പെടുത്തിയത്. കേരളത്തിലെ മറ്റൊരു സര്‍വകലാശാലയിലും ഇതില്ല. ഇനി എം.ബി.എ. തുടങ്ങണം. കേരളത്തിലെ മാനേജ്മെന്റ് ജോലികള്‍ ചെയ്യാന്‍ കഴിയുന്ന എം.ബി. എ.ക്കാരാണ് നമുക്കുവേണ്ടത്, ഐ.ഐ.എമ്മില്‍നിന്ന് പഠിച്ചിറങ്ങിയവരല്ല. ഇവിടെ അഞ്ചുകോടിയും പത്തുകോടിയും ഇരുപതുകോടിയുമൊക്കെ ഇടപാടുള്ള എത്രയോ കമ്പനികള്‍ ഉണ്ടല്ലോ. അവിടെയൊക്കെ മലയാളമറിയുന്ന, കേരളത്തിലെ സാഹചര്യങ്ങളറിയുന്ന ആളുകള്‍ വേണ്ടേ? പണ്ട് എച്ച്.എസ്.പി.സി. ബാങ്കിന്റെ ഒരു പരസ്യമുണ്ടായിരുന്നു: 'ഗ്ലോബല്‍ ബാങ്ക് വിത്ത് എ ലോക്കല്‍ ടച്ച്'. ഇതുപോലെ തദ്ദേശസ്പര്‍ശമുള്ള കോഴ്സുകളാവണം ഇവിടെ ഉണ്ടാവേണ്ടത്.

മറ്റുസര്‍വകലാശാലകളില്‍നിന്ന് മലയാളസര്‍വകലാശാലയ്ക്കുള്ള വ്യത്യാസം...? 

കേരളത്തിലെ മറ്റെല്ലാ സര്‍വകലാശാലകളിലും ബോധനമാധ്യമം ഇംഗ്ലീഷ് ആണ്. മറ്റൊരുഭാഷയില്‍ ഇതൊക്കെ സാധിക്കും എന്ന ചിന്തപോലും ഉണ്ടാകാത്ത തരത്തില്‍ ഭാഷാസാമ്രാജ്യത്വം നിലനില്‍ക്കുന്നിടത്താണ് മലയാളസര്‍വകലാശാല നടത്തിയ ധീരവും വിപ്ലവകരവുമായ മാറ്റം. ഇവിടെ മലയാളമാധ്യമത്തില്‍ മാത്രമേ പഠനം നടക്കൂ. 

എം.എ.യും എം.ഫിലും പിഎച്ച്.ഡി.യുമെല്ലാം മലയാളത്തില്‍ പഠിക്കണം. സാഹിത്യവും ഭാഷാശാസ്ത്രവും പോലുള്ള വിഷയങ്ങള്‍ മാത്രമല്ല ഏതുവിഷയവും മലയാളത്തില്‍ പഠിക്കാമെന്നു തെളിയിച്ചു ഞങ്ങള്‍. ഭാഷ മാത്രമല്ല, കേരളത്തെക്കുറിച്ചുള്ള സകല അറിവുകളുടെയും അന്താരാഷ്ട്രകേന്ദ്രമാകണം മലയാളസര്‍വകലാശാല. നമ്മുടെ സര്‍വകലാശാലകള്‍ നമ്മുടേതായ അറിവുകള്‍ക്ക് പ്രാമുഖ്യം കൊടുക്കാത്തിടത്താണ് മലയാളസര്‍വകലാശാല അതിന്റെ ഇടം കണ്ടെത്തിയിരിക്കുന്നത്.

ചുരുങ്ങിയ കാലയളവില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാല നടത്തി. അതൊക്കെ ലോകത്തോടുവിളിച്ചുപറയണ്ടേ...? 

ആളുകള്‍ അത് കാണാതിരിക്കില്ല. അത്രയേറെ ചെയ്തിട്ടുണ്ട് ഞങ്ങള്‍. കേരളത്തിന്റെ, വിശേഷിച്ച് വെട്ടത്തുനാടിന്റെ പൈതൃകം ആവിഷ്‌കരിക്കുന്ന മ്യൂസിയം തയ്യാറാക്കി. എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഭാഷണവും ജീവിതപരിസരവും രേഖപ്പെടുത്തി സൂക്ഷിക്കുന്ന 'സുവര്‍ണരേഖകള്‍' പദ്ധതി തുടങ്ങി. പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് എല്ലാവര്‍ഷവും നടത്തുന്ന 'സാഹിതി' സാഹിത്യോത്സവങ്ങള്‍, നിലവാരമുള്ള സിനിമകള്‍ പരിചയപ്പെടുത്തുന്ന 'ദര്‍ശിനി' അന്താരാഷ്ട്രചലച്ചിത്രമേള, ദേശീയസെമിനാറുകള്‍ തുടങ്ങി കാമ്പസിന്റെ ഭാവുകത്വം രൂപപ്പെടുത്തുന്ന എത്രയോ പരിപാടികള്‍.

മലയാളത്തിന്റെ മഹിമ രാജ്യത്തിനുപുറത്തേക്ക് എത്തിക്കുന്നതിനും ശ്രമങ്ങളുണ്ടായി. ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ച് രണ്ട് പ്രൊഫസര്‍മാരെ അധ്യാപനത്തിനും ഗവേഷണത്തിനുമായി നിയമിച്ചു. ഗുണ്ടര്‍ട്ടും കേരളവും എന്ന ബൃഹദ്പുസ്തകവും ഗുണ്ടര്‍ട്ടിന്റെ ജീവചരിത്രപരിഭാഷ, കേരളനാടകം എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഇപ്പോള്‍ ലഭ്യമല്ലാത്ത കൃതികള്‍ വഴിയേ വരുന്നു. തിരഞ്ഞെടുത്ത മികച്ച മലയാളസാഹിത്യകൃതികള്‍ മികച്ച പ്രസാധകരിലൂടെ ഇംഗ്ലീഷില്‍ മൊഴിമാറ്റി ലോകസമക്ഷം എത്തിച്ചു.
 
1,30,000 വാക്കുകളുള്ള മഹാനിഘണ്ടു വരാന്‍പോവുകയാണ്. ഉച്ചാരണത്തിന്റെ ഓഡിയോ, പദനിഷ്പത്തിവിവരണം എന്നിവ സഹിതമുള്ള ഇത്രയും ബൃഹത്തായ നിഘണ്ടു മലയാളത്തില്‍ ആദ്യത്തേതാണ്. ഇന്റര്‍നെറ്റിലൂടെ ഭാഷയെ അന്താരാഷ്ട്രതലത്തില്‍ പരിചയപ്പെടുത്തുക എന്ന ദൗത്യവുമായി തുടങ്ങിയ ഭാഷാ ടെക്നോളജികേന്ദ്രം രൂപകല്പന ചെയ്ത ഓണ്‍ലൈന്‍ സ്വനസഞ്ചയം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ഭൂമി വാങ്ങുന്നതുസംബന്ധിച്ച് ഉയര്‍ന്ന വിവാദം സര്‍വകലാശാലയുടെ നാളെയെ ബാധിക്കുമോ...? 

ഭൂമിയുടെ വിവാദം ആവശ്യമില്ലാത്ത ഒന്നായിരുന്നു. ഒരു വിദഗ്ധസമിതിപഠിച്ച് വിവാദങ്ങളില്‍ കഴമ്പുണ്ടോ എന്ന് തീരുമാനിക്കാന്‍ പറഞ്ഞ് ഞങ്ങളത് വിട്ടു. പെട്ടെന്ന് ഭൂമി കിട്ടിയില്ലെങ്കിലും പ്രതിസന്ധിയൊന്നുമില്ല. പുതിയ കോഴ്സുകള്‍ തുടങ്ങണമെങ്കില്‍ നിലവിലെ കെട്ടിടത്തിന് മുകള്‍നിലകള്‍ പണിതാല്‍മതി. തര്‍ക്കമില്ലാതെ ഭൂമികിട്ടിയാല്‍ വികസനം വേഗത്തിലാവും. ഭാവി ശോഭനമാവാന്‍ ഇരുപത് വര്‍ഷത്തിനുള്ള ദര്‍ശനരേഖ തയ്യാറാക്കിയിട്ടുണ്ട്.

വര്‍ഷങ്ങളോളം പല അധികാരസ്ഥാനങ്ങളില്‍ വാണ് ഇപ്പോള്‍ ഒരുദിവസം ഇറങ്ങിപ്പോവുമ്പോള്‍ വിഷമമില്ലേ...? 

റിട്ടയര്‍മെന്റ് ഒരു ശൂന്യതാബോധം സൃഷ്ടിക്കും. വിശേഷിച്ച് അധികാരസ്ഥാനങ്ങളില്‍നിന്നുള്ള റിട്ടയര്‍മെന്റ്. അങ്ങനെ തകര്‍ന്നുപോയ പലരെയും എനിക്കറിയാം. പക്ഷേ, നമ്മളത് തിരിച്ചറിഞ്ഞാല്‍ പ്രശ്‌നമില്ല. ഈ സ്ഥാനമാനങ്ങളൊന്നും എന്റേതല്ല എന്ന ബോധ്യം ഉണ്ടായിരിക്കണം. ഇദം ന മമ. എനിക്കാ ബോധ്യമുണ്ട്.

ഇനി വിശ്രമമാണോ...? 

ജീവിതസായാഹ്നമായി എന്നത് നേരാണ്. ഞാനതിനെ വാര്‍ധക്യം എന്നുവിളിക്കില്ല. വിശ്രമത്തെക്കുറിച്ച് എനിക്ക് ആലോചിക്കാനേ പറ്റില്ല. ജോലിയുടെ തിരക്കുകള്‍ കാരണം എന്നിലെ കവിയോട്, കലാകാരനോട് വേണ്ടത്ര നീതി കാണിക്കാനായിട്ടില്ല എന്നൊരു തോന്നലുണ്ട്. അതില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. മനസ്സ് എവിടെയെല്ലാം പോയി മുട്ടിയോ അവിടെയെല്ലാം കുറച്ചുകൂടി ഗാഢമായി സഞ്ചരിക്കണം. വായനയില്‍, എഴുത്തില്‍, പെയിന്റിങ്ങില്‍... തിരുവനന്തപുരത്തേക്ക് താമസം മാറിയാലുടന്‍ ലൈബ്രറിയിലെ അംഗത്വം പുതുക്കണം.

ബഹുമുഖപ്രതിഭയാണ് താങ്കള്‍. ഉള്ളിലെ കലാകാരന്‍ പുറമേക്കുള്ള ഉദ്യോഗസ്ഥനുമായി/ഭരണാധികാരിയുമായി എങ്ങനെ ഒത്തുപോവുന്നു... ?   
 
എന്നിലെ കവിയാണ് എന്നിലെ ഉദ്യോഗസ്ഥനെ ത്രാണനം ചെയ്തത്. എല്ലാം ചെയ്യുമ്പോഴും ഒരു നിസ്സംഗത കൂടെയുള്ളതുകൊണ്ട് അഹന്തവരുന്നില്ല, മനുഷ്യത്വം സൂക്ഷിക്കാനുമാവുന്നു. പക്ഷേ, ഇവിടെ വന്നപ്പോള്‍ എഴുത്തുകുറഞ്ഞു എന്നുപറയാം. ഇത് ഐ.എ.എസില്‍ ഇരിക്കുമ്പോഴുള്ളതുപോലുള്ള ജോലിയല്ല. അവിടെ ഒരു സിസ്റ്റമുണ്ട്. അതുകൊണ്ട് എനിക്കെന്തെങ്കിലും ജാഗ്രതക്കുറവുവന്നാലും വലിയ കുഴപ്പമില്ല. എന്നാല്‍ ഇവിടെ പുതിയ ഒരു സിസ്റ്റം ഉണ്ടാക്കുകയാണ്. അതില്‍ എന്തെങ്കിലും കുഴപ്പംവന്നാല്‍ ലക്ഷ്യംതന്നെ പാളും. അതുകൊണ്ട് എന്റെ സൃഷ്ടിപരമായ ഊര്‍ജവും ഭാവനയുമെല്ലാം ഇവിടെ ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്.

ജോലി എന്നതിലപ്പുറം ഇവിടെ വൈകാരികമായ ഒരു മുഴുകലും ഉണ്ടായിക്കാണുമല്ലോ... ? 

തീര്‍ച്ചയായും. എന്തൊക്കെയോ ഭ്രമകല്പനയിലാണ് മലയാളിസമൂഹം. ഈ സമൂഹത്തിന് ഒരു സോഷ്യല്‍ എന്‍ജിനീയറിങ് ആവശ്യമുണ്ട്. മലയാളത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നവരെ ഉണര്‍ത്താന്‍ എന്റെ വിഭവശേഷിയനുസരിച്ച് ഒരു പ്രസ്ഥാനം ആരംഭിക്കണമെന്ന് ആലോചിക്കുന്നു. സമൂഹത്തിലെ വിവിധതുറകളിലുള്ളവരെ അതില്‍ അണിചേര്‍ക്കണം. 'മലയാണ്മ'യെന്നാണ് പ്രസ്ഥാനത്തിന് കണ്ടുവെച്ച പേര്. അതിന്റെ രൂപം ഇനിയും തെളിഞ്ഞുവരേണ്ടിയിരിക്കുന്നു.