ശ്മീരിലെ ഹിസ്ബുള്‍മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അബ്ദുല്‍ മജിദ് ഖാനെ കണ്ടപ്പോള്‍ എന്തായിരുന്നു അനുഭവം? സൗഹൃദത്തിന് പുറത്ത് ചോദിച്ച ചോദ്യത്തിന് ഒരു പൊട്ടിച്ചിരി സമ്മാനിച്ചുകൊണ്ട് ജോസി ജോസഫ് തിരിച്ചൊരു ചോദ്യമെറിഞ്ഞു. 'അവര്‍ക്ക് പണികിട്ടിയില്ലേ?'

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫല്‍റ്റ് അഴിമതി തുടങ്ങി ഇന്ത്യയെ പിടിച്ചു കുലുക്കിയ അഴിമതിക്കഥകള്‍ പുറത്തെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി പത്രപ്രവര്‍ത്തകനാണ് ജോസി ജോസഫ്. ദി ഹിന്ദുവില്‍ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ജോസി ജോസഫിന്റെ ആദ്യ പുസ്‌കമാണ് എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് : ദി ഹിഡണ്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ. ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനത്തിന് മുന്നോടിയായി അദ്ദേഹം മാതൃഭൂമിയോട് സംസാരിക്കുന്നു. 

എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് എന്ന പുസ്തം എഴുതാനുള്ള ആശയം രൂപപ്പെട്ടതെങ്ങനെയാണ്?

ഇരുപത് ഇരുപത്തിയഞ്ച് വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇതിനിടയില്‍ ഏഴോളം സ്ഥാപനങ്ങളില്‍ എനിക്ക് ജോലി മാറേണ്ടി വന്നു. പല സ്ഥാപനങ്ങളിലും നമ്മള്‍ കണ്ടെത്തുന്ന വാര്‍ത്തകള്‍ വിവിധ കാരണങ്ങളാല്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. എന്റെ ജോലി മാറ്റത്തിന്റെ പ്രധാന കാരണം വാര്‍ത്തകള്‍ പലതും പ്രസിദ്ധീകരിക്കപ്പെടാത്തിന്റെ അമര്‍ഷമായിരുന്നു. 

ഏഴു വര്‍ഷം മുമ്പ് ഞാന്‍ ഒരു അക്കാദമിക്ക് പുസ്തകം എഴുതാന്‍ ആലോചിച്ചു. എന്നാല്‍ ഒരു അക്കാദമിക് പുസ്തകത്തേക്കാള്‍ എനിക്ക് എഴുതാന്‍ സാധിക്കുന്നത് പത്രപ്രവര്‍ത്തന സംബന്ധമായ ഒരു പുസ്തകമാണെന്ന് പിന്നീട് മനസിലായി. എന്റെ ദൈനംദിന ജോലിയില്‍ പലപ്പോഴും പറയാന്‍ സാധിക്കാതെ പോയ സമകാലീന ഇന്ത്യയുടെ യഥാര്‍ഥ കഥ വിളിച്ചു പറയണം എന്ന ആഗ്രഹത്തില്‍ നിന്നാണ് 'ദി ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് ' രൂപം കൊണ്ടത്.

എന്താണ് എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് ചര്‍ച്ച ചെയ്യുന്നത് ? 

ഇന്ത്യയില്‍ എല്ലാം വില്‍ക്കപ്പെടും എന്നാണ് എന്റെ സിദ്ധാന്തം. നിങ്ങള്‍ക്ക് ശരിയായ ഇടനിലക്കാരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഒരു ജനന സര്‍ട്ടിഫിക്കറ്റാകട്ടെ, സര്‍ക്കാര്‍ രേഖയാകട്ടെ എന്തും വാങ്ങാം. ഇത് തെളിയിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സാധാരണക്കാരായ ഇടനിലക്കാര്‍, ഗാന്ധി കുടുംബത്തിലെ ഇടനിലക്കാര്‍, ആയുധ ഇടപാടുകള്‍ അടക്കമുള്ളവയുടെ വന്‍കിട ഇടനിലക്കാര്‍ എന്നിവരിലൂടെ സഞ്ചരിച്ച് പുസ്തകം ഇടനിലക്കാരാകുന്ന രാഷ്ട്രീയക്കാരുടെ ബന്ധുക്കളെക്കുറിച്ചുള്ള വിവരണത്തില്‍ എത്തിച്ചേരുന്നു. 

പുസ്തകത്തിലെ മറ്റൊരു അധ്യായം ഇന്ത്യയിലെ പ്രൈവറ്റ് എയര്‍ലൈനുകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്. 1990കളില്‍ ഇന്ത്യയിലെ ആദ്യ സ്വകാര്യ എയര്‍ലൈന്‍സായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈസ് ആരംഭിച്ചത് ഒരു മലയാളി കുടുംബമായിരുന്നു. 1997ല്‍ അതിന്റെ മാനേജിങ് ഡയറക്ടറായിരുന്ന തഖിയുദ്ദീന്‍ വാഹിദ് മുംബൈയില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അവര്‍ക്ക് പിറകേ എയര്‍ലൈന്‍സ് തുടങ്ങിയ നരേഷ് ഗോയല്‍ മുന്നിലെത്തുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഗോയലിന്റെ അധോലോക ബന്ധങ്ങളുമാണ് ആ അധ്യായം ചര്‍ച്ച ചെയ്യുന്നത്. 

അതില്‍ നിന്ന് വീണ്ടും നമ്മുടെ ജനാധിപത്യത്തെ നിയന്ത്രിക്കുന്ന മുതലാളിമാരെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുന്നു. അവസാനത്തെ അധ്യായം മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീടിനെക്കുറിച്ചാണ്. മുംബൈയില്‍ അനാഥകുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് ആ വീട് കെട്ടിപ്പൊക്കിയിരിക്കുന്നത്. 

എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് 'കഴുകന്മാരുടെ സദ്യ' ആ പേരിലേക്ക് എത്തിയതെങ്ങനെയാണ് ?

പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയെക്കുറിച്ചുള്ള അനവധി വസ്തുതകള്‍ പ്രത്യേകിച്ച് ദിശയില്ലാതെ സഞ്ചരിക്കുന്നതായി തോന്നി. അതിനാല്‍ ഒരു മികച്ച തലക്കെട്ട് വേണമെന്ന് തോന്നി. അങ്ങനെയാണ് 'കഴുകന്മാരുടെ സദ്യ' എന്ന പേരിലേക്ക് എത്തിയത്. 

ഇന്ത്യ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് എന്നാണ് ആദ്യം തലക്കെട്ടിട്ടത്. പിന്നീട് ഇന്ത്യ എന്നത് മാറ്റി 'എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്' എന്ന പേര് തീരുമാനിച്ചു. നമ്മള്‍ ആകാശത്തുനിന്ന് നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ സമ്പന്നര്‍ പാവപ്പെട്ടവന്റെ അവകാശങ്ങള്‍ കഴുകന്മാരെപ്പോലെ കൊത്തിപ്പറിക്കുന്നതായി കാണാം. അതുകൊണ്ടാണ് എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് എന്ന പേര് പുസതകത്തിന് നല്‍കാന്‍ തീരുമാനിച്ചത്. 

ഫിക്ഷനോ നോണ്‍ ഫിക്ഷനോ എന്ന് വേര്‍തിരിക്കാന്‍ സാധിക്കാത്തവണ്ണം വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നു? 

തികച്ചും നോണ്‍ഫിക്ഷനാണെങ്കിലും ബിഹാറിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകം തുടങ്ങുന്നത് ബിഹാറിലെ 'ഹൃദയ്ചക്' എന്ന ഗ്രാമത്തിലാണ്. അവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗവണ്‍മെന്റ് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എങ്ങനെ ഇടനിലക്കാന്‍ ഇടപെടുന്നു എന്നതില്‍ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. അവിടെ നിന്ന് ഇന്ത്യയിലെ പല ഇടനിലക്കാരിലേക്ക് എഴുത്ത് സഞ്ചരിക്കുന്നു.

പ്രമുഖരായ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍ എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ട്. ആരുടേയും പേര് എടുത്തുമാറ്റിയിട്ടില്ല. തെളിവുകള്‍ ഉള്ളിടത്തെല്ലാം പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതെന്റെ ഒരു പിടിവാശി തന്നെയായിരുന്നു. വാര്‍ണിഷുകളടിക്കാത്ത ഇന്ത്യയുടെ സത്യം റിപ്പോര്‍ട്ട് ചെയ്യണം എന്നായിരുന്നു. 

എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് പറയുന്നതെല്ലാം സത്യമാണോ? 

എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് എഴുതുന്നതിന്റെ ഭാഗമായി ഏതാണ്ട് 12,000 ത്തോളം രേഖകള്‍ ശേഖരിച്ചു. അതിന്റെ പിന്‍ബലത്തിലാണ് പുസ്തകത്തിലെ ഓരോ വരികളും എഴുതിയിരിക്കുന്നത്. പറയുന്ന ഓരോ വാചകത്തിന് പിന്നിലും തെളിവായി രേഖകള്‍ വേണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇത്രയും താമസം എടുത്തത്. ഈ രേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടാനാണ് തീരുമാനം. 

അംബാനിയുടെ വീടിന്റെ കാര്യത്തിലും എയര്‍ലൈന്‍സിന്റെ കാര്യത്തിലും അടക്കം തെളിവുകള്‍ ഉണ്ടോ? 

തീര്‍ച്ചയായും. അഴിമതിയാണ് നമ്മുടെ രാജ്യത്ത് നടമാടുന്നതെങ്കിലും മിടുക്കരും സത്യസന്ധരായ ഒരുപാട് പേര് നമ്മുടെ രാജ്യത്തുണ്ട്. അവര്‍ ഉയര്‍ത്തുന്ന ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്. അത്തരം ഒരുപാട് പേരുടെ സഹകരണം ഈ പുസ്തകത്തിന് പിന്നിലുണ്ട്. 

അംബാനിയുടെ വീടിന്റെ കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി കറങ്ങി നടക്കുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ അതിന്റെ കാര്യം അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം. 

പുസ്തകം ഉണ്ടാക്കിയ പ്രതിഫലനം എത്രത്തോളമുണ്ടായിരുന്നു? 

ഇരുപത് വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ പുസ്തകം. ഇനിയും പുസ്തകങ്ങള്‍ എഴുതണം എന്നാണ് എന്റെ ആഗ്രഹം. പുസ്തകത്തോടുള്ള പ്രതികരണം കാണുമ്പോള്‍ ഒരു പാട് നല്ല മനുഷ്യരുടെ അമര്‍ഷം സ്വാംശീകരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. 

പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ രണ്ട് മൂന്ന് ലീഗല്‍ നോട്ടീസുകള്‍ വന്നിരുന്നു. അതിനുള്ള മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പുസ്തകം വിറ്റുപോകുന്നുണ്ട്. ഇപ്പോഴുള്ള നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളില്‍ ബസ്റ്റ് സെല്ലറുകളിലൊന്നാണ് ഈ പുസ്തകം. 

ഇന്ത്യന്‍ ജനാധിപത്യം സഞ്ചരിക്കുന്നത് ശരിയായ വഴിയിലാണോ? 

നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനം എന്നത് വളരെ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ കൈകളിലാണ്. നമ്മള്‍ എല്ലാവരും ഈ രാജ്യത്തെ പാവപ്പെട്ടവന് അവകാശപ്പെട്ട വിഭവങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 70 ശതമാനം ജനങ്ങളും ഇന്നും താമസിക്കുന്നത് ഗ്രാമങ്ങളിലാണ്. എന്നാല്‍ അത് മറച്ചുവച്ച് ചില നഗരങ്ങളിലെ കെട്ടിടങ്ങള്‍കാട്ടി നമ്മള്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഇത് ഒരു പ്രചാരണം മാത്രമാണ്. 

ബുക്കിന്റെ കവര്‍ പോലും അതനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിദര്‍ഭയിലെ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്റെ കുടിലിന് പിന്നില്‍ നഗരത്തിന്റെ ചിത്രം എന്ന നിലയിലാണ് കവര്‍. ഇവരുടെ സങ്കടങ്ങള്‍ പോലും കൊത്തിത്തിന്നുന്ന ഒരു കഴുകനായിരിക്കുകയാണ് നമ്മള്‍. അതിനെതിരായ ഉത്കണ്ഠ കൂടിയാണ് ഈ പുസ്തകം. 

രാജ്യത്തെ പിടിച്ചു കുലുക്കിയ ഒരു പാട് അഴിമതിക്കഥകള്‍ പുറത്തെത്തിച്ചു. എങ്ങനെയാണ് അത്തരം വാര്‍ത്തകളിലേക്ക് എത്തിച്ചേര്‍ന്നത് ? 

അതിനെ പറ്റി എനിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവരുണ്ട്. ചില അജ്ഞാത സന്ദേശങ്ങള്‍ എത്താറുണ്ട്. എന്നാല്‍ നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് വിശ്വാസം അവര്‍ക്കുണ്ടാകണം. ബിസിനസ് ലോബികളും വിവരങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ എനിക്ക് ലഭിക്കുന്ന വിവരം കൃത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഞാന്‍ പ്രസിദ്ധീകരിക്കാറുള്ളൂ.

എന്നാല്‍ കണ്ടെത്തുന്നതില്‍ ഒരു വിഭാഗം മാത്രമേ പ്രസിദ്ധീകൃതമാകുന്നുള്ളൂ. പ്രസിദ്ധീകൃതമാകാത്ത വാര്‍ത്തകള്‍ സൂക്ഷിക്കുന്ന മോര്‍ഗ് എന്ന ഒരു ഫോള്‍ഡറുണ്ട് അതില്‍ ഒരുപാട് വാര്‍ത്തകളുണ്ട്. എങ്കിലും നമ്മള്‍ മുന്നോട്ട് പോകണം. 

യു. പി.എ സര്‍ക്കാറിന്റെ കാലത്തെ അഴിമതികളാണ് അധികവും പുറത്തുകൊണ്ടുവന്നത് നരേന്ദ്ര മോദി സര്‍ക്കാറിനെ കുറിച്ച് എന്താണ് പ്രതീക്ഷിക്കുന്നത്? 

എല്ലാ സര്‍ക്കാറുകള്‍ക്കും ഒരു ഗ്രാഫുണ്ട്. ഇലക്ഷന്‍ വിജയിച്ചു കഴിഞ്ഞാല്‍ ജനസമ്മതി ഉയര്‍ന്നു നില്‍ക്കും. പിന്നീടാണ് അത് ഇടിഞ്ഞ് തുടങ്ങുന്നത്. മോദി സര്‍ക്കാരിന്റെ ജനസമ്മതി ഇടിഞ്ഞ് തുടങ്ങുന്നതേയുള്ളൂ. ഇനി അഴിമതിക്കഥകള്‍ പുറത്തുവരാന്‍ തുടങ്ങും. 

പക്ഷേ ഈ ഗവണ്‍മെന്റ് വന്നതിന് ശേഷം ഒരു പേടി മാധ്യമങ്ങള്‍ക്കിടയിലുണ്ട്. അതിനാല്‍ വാര്‍ത്തകള്‍ പുറത്തേക്ക് വരുന്നില്ല. വി.കെ. സിങ്ങിനെ ക്കുറിച്ചും നിര്‍മല സീതാരാമനെക്കുറിച്ചുമുളള ഒന്നു രണ്ട് സ്റ്റോറികള്‍ ഇതിനകം ചെയ്തു കഴിഞ്ഞു. എന്നാല്‍ പണ്ടത്തെ പോലെ മറ്റ് മാധ്യമങ്ങള്‍ അത് ഏറ്റെടുക്കാന്‍ മടികാണിക്കുന്നു. 

josy joseph

രാജ്യത്തെ സാമ്പത്തിക രീതികളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചുമുള്ള ഒരു നേര്‍ക്കാഴ്ച പുസ്തകം നല്‍കുന്നുണ്ടോ? 

രാജ്യത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള കഥകള്‍ പുസ്തകത്തില്‍ അങ്ങോളമിങ്ങോളം കാണം. എന്നാല്‍ അത് രസകരമായ കഥകളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് വായിച്ചു വരുമ്പോള്‍ ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ബോധം ലഭിക്കും. 

പുസ്തകം മലയാളത്തില്‍ പ്രതീക്ഷിക്കാമോ? 

പുസ്തകം മലയാളത്തില്‍ മാത്രമല്ല ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാന്‍ പദ്ധതിയുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പരമാവധി ഇന്ത്യക്കാരില്‍ പുസ്തകം എത്തിക്കുകയാണ് എന്റെ ലക്ഷ്യം. അങ്ങനെ എന്താണ് ഇന്ത്യയില്‍ നടക്കുന്നതെന്നത് എന്നതിനെക്കുറിച്ച് അവര്‍ ബോധവാന്മാരാകണം. അതിനായി കശ്മീരി, ഉര്‍ദ്ദൂ അടക്കമുള്ള ചെറിയ ഭാഷകളില്‍ പുസ്തകം റൈറ്റ് ഫ്രീയായി നല്‍കാനാണ് തീരുമാനം.

ഇന്ത്യന്‍ യുവത്വത്തോട് എന്താണ് പറയാനുള്ളത് ? 

ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണ്. 50 ശതമാനം പേരും 25 വയസിന് താഴെയുള്ളവരാണ്. വരും വര്‍ഷങ്ങളില്‍ വീണ്ടും ഇത് ചെറുപ്പമാകും. അങ്ങനെ ഒരു രാജ്യത്ത് നമ്മുടെ പ്രതീക്ഷകള്‍ ചെറുപ്പക്കാരിലാണ്. എന്റെ മകള്‍ അടക്കമുള്ള വരുന്ന തലമുറ അവര്‍ക്ക് ലഭിക്കാതെ പോകുന്ന അവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കും. അവരുടെ വാശികള്‍ക്കും അരിശത്തിനും ആവശ്യങ്ങള്‍ക്കും മുന്നില്‍ പഴയ ഇന്ത്യക്ക് തലകുനിക്കേണ്ടി വരും. ഇന്ത്യ നന്നാകും എന്നാണ് എന്റെ പ്രതീക്ഷ.