ചിന്തയുടെ വെളിച്ചവും അന്വേഷണാത്മക മനസ്സിന്റെ ജാഗ്രതയും എഴുത്തിന്റെ ഭംഗിയും സംഗമിക്കുന്ന രാഷ്ട്രീയനേതാവാണ് ജയറാം രമേഷ്. രാഷ്ട്രീയത്തിന്റെ തിരക്കുകളിൽ വ്യാപൃതനാവുമ്പോഴും അക്ഷരങ്ങളെ അദ്ദേഹം ഒപ്പംകൂട്ടുന്നു, നെഹ്രുവിനെപ്പോലെ. ആഴവും പരപ്പുമുള്ള പുസ്തകങ്ങൾ രചിക്കുന്നു. വി.കെ. കൃഷ്ണമേനോന്റെ ജീവചരിത്രത്തിനുശേഷം ജയറാം രമേഷ് എഴുതിയ ‘THE LIGHT OF ASIA-the poem that defined THE BUDHA’ എന്ന പുസ്തകം ഇരുപതുവർഷത്തെ അന്വേഷണത്തിന്റെയും തപസ്സിന്റെയും സൃഷ്ടിയാണ്. തന്റെ ചിന്താലോകത്തെയും എഴുത്തുജീവിതത്തെയും രാഷ്ട്രീയനിരീക്ഷണങ്ങളെയും തുറന്നിടുകയാണ് രണ്ടു ലക്കങ്ങളിൽ അവസാനിക്കുന്ന അഭിമുഖത്തിൽ ജയറാം രമേഷ്‌

രുപത് വർഷത്തെ അന്വേഷണമാണ് ലൈറ്റ് ഓഫ് എഷ്യയെക്കുറിച്ചുള്ള പുസ്തകമായി രൂപമെടുത്തത്. ബുദ്ധനെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾ ലഭ്യമായിരിക്കെ എന്തുകൊണ്ട് എഡ്വിൻ ആർനോൾഡിന്റെ ഈ രചന? എന്തായിരുന്നു ഇത്തരത്തിൽ ഒരന്വേഷണത്തിന് പ്രേരണ

ഇത്തരമൊരു ആശയം ഒരുപാട്‌ കാലംമുമ്പുതന്നെ എന്റെ മനസ്സിലുണ്ടായിരുന്നു. ചൈനയിലെ ചില സംഭവവികാസങ്ങൾ സംബന്ധിച്ച് 20 വർഷംമുമ്പ് ഒരു ലേഖനം എഴുതിയപ്പോൾ ലൈറ്റ് ഓഫ് ഏഷ്യയെക്കുറിച്ച് ഞാൻ പ്രതിപാദിച്ചിരുന്നു. അന്നുമുതൽ വിപുലമായ അന്വേഷണം ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ വളരെ പ്രധാനപ്പെട്ട പ്രതിഭാസാന്നിധ്യമായിരുന്നു എഡ്വിൻ ആർനോൾഡ്‌. ഹിതോപദേശവും ഗീതഗോവിന്ദവും മഹാഭാരതവും അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ രചന ഭഗവദ് ഗീതാ വിവർത്തനമായിരുന്നു. 1885-ലെ ആർനോൾഡിന്റെ ഗീതാവിവർത്തനമായ ദ സോങ്‌ സെലസ്റ്റിയൽ (The song Celestial) മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു. മരിക്കുന്നതുവരെ ഗാന്ധിജി ആ വിവർത്തനഗ്രന്ഥം തന്റെ കൈവശം സൂക്ഷിച്ചിരുന്നു. പലവട്ടം ഈ തർജമയിൽനിന്ന് അദ്ദേഹം ഉദ്ധരിച്ചിരുന്നു. ഈ പരിഭാഷ വായിക്കാൻ അദ്ദേഹം പലരോടും ശുപാർശചെയ്യുമായിരുന്നു. ഗീതയുടെ പല വിവർത്തനങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ആർനോൾഡിന്റെ പരിഭാഷ ആദരീണയമെന്നായിരുന്നു ഗാന്ധിജി എക്കാലത്തും പറഞ്ഞിരുന്നത്. ആത്മകഥയിലും ഗാന്ധിജി ഈ പുസ്തകത്തെക്കുറിച്ച് എഴുതി. ഹൈന്ദവസംസ്കാരത്തിലേക്കുള്ള, ഹൈന്ദവചിന്തയിലേക്കുള്ള, ഹൈന്ദവപാരമ്പര്യത്തിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകമെന്ന് അദ്ദേഹം രേഖപ്പെടുത്തി. 19-20 വയസ്സ് പ്രായമുള്ളപ്പോഴാണ് ഗാന്ധി ഈ വിവർത്തനം ലണ്ടനിൽവെച്ച് ആദ്യമായി വായിച്ചത്. അവിടെവെച്ച് ഗാന്ധിജി എഡ്വിൻ ആർനോൾഡിനെ നേരിൽ കാണുകയും ചെയ്തു. രണ്ടുപേരും ലണ്ടനിലെ വെജിറ്റേറിയൻ സൊസൈറ്റി അംഗങ്ങളുമായിരുന്നു. അങ്ങനെയാണ് ഇരുവരും പരിചയത്തിലായത്. ലൈറ്റ് ഓഫ് ഏഷ്യയിലേക്ക് എത്തിച്ചേരാൻ ഈ ചരിത്രവും വായനാനുഭവങ്ങളും എനിക്കും പ്രേരണയായി. ലോകം മുഴുവൻ ലൈറ്റ് ഓഫ് ഏഷ്യ എന്ന രചനയുടെ വെളിച്ചം പതിഞ്ഞിട്ടുണ്ട്. പല മേഖലകളിൽ, പല വ്യക്തികളിൽ, പല കാലങ്ങളിൽ.

ബുദ്ധൻ ലോകത്തെ സ്വാധീനിച്ചിരിക്കുന്നത് പലതരത്തിലാണ്. തത്ത്വചിന്തയുടെയോ സംസ്കാരത്തിന്റെയോ ആധ്യാത്മികതയുടെയോ രാഷ്ട്രീയത്തിന്റെയോ ഒക്കെ തലത്തിൽ സ്വാധീനങ്ങളുണ്ട്. പലർക്കും പലതാണ് ബുദ്ധൻ. ഗാന്ധിജിയിലും നെഹ്രുവിലും ഡോ. ബി.ആർ. അംബേദ്കറിലും മാത്രമല്ല സ്വാമി വിവേകാനന്ദനിലും ബുദ്ധചിന്തയും ലൈറ്റ് ഓഫ് ഏഷ്യയും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് താങ്കൾ തന്നെ കണ്ടെത്തുന്നു. എന്താണ് വിലയിരുത്തൽ

സ്വാമി വിവേകാനന്ദനെ ലൈറ്റ് ഓഫ് ഏഷ്യ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഗാന്ധിജിയിലേക്കൊക്കെ എത്തുന്നതിന് വളരെ മുമ്പായിരുന്നു അത്. വിവേകാനന്ദൻ ലൈറ്റ് ഓഫ് ഏഷ്യയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലും അമേരിക്കയിലുമൊക്കെ ബുദ്ധിസത്തെക്കുറിച്ചും ബുദ്ധനെക്കുറിച്ചും പ്രഭാഷണം നടത്തിയിട്ടുണ്ട്. ടാഗോർ, ഗാന്ധി, നെഹ്രു എന്നിവരിലൊക്കെ ലൈറ്റ് ഓഫ് ഏഷ്യക്ക് സ്വാധീനമുണ്ടായിരുന്നു. എന്നാൽ, ഇതിലുള്ള അടിസ്ഥാനവ്യത്യാസം വിവേകാനന്ദനും ടാഗോറും ഗാന്ധിയും നെഹ്രുവുമൊക്കെ ബുദ്ധനെ കണ്ടത് സംസ്കാരത്തിന്റെ വീക്ഷണത്തിലാണ് (കൾച്ചറൽ പോയന്റ് ഓഫ് വ്യൂ), നാഗരികമായ ഒരു കാഴ്ചപ്പാടിലാണ്. എന്നാൽ, അംബേദ്കർ ബുദ്ധനെ കണ്ടത് ഒരു രാഷ്ട്രീയവ്യക്തിത്വം (പൊളിറ്റിക്കൽ ഫിഗർ) എന്നനിലയിലാണ്. ബുദ്ധനോടുള്ള അംബേദ്കറുടെ പ്രതിജ്ഞാബദ്ധത രാഷ്ട്രീയവീക്ഷണത്തിലാണ്. രാഷ്ട്രീയസ്വരൂപം എന്നനിലയിലാണ് അംബേദ്കർ ബുദ്ധനെ കണ്ടത്. ഇതാണ് വീക്ഷണങ്ങളിലെ വ്യത്യാസം. ബുദ്ധൻ നടത്തിയ ജാതിയാഥാസ്ഥിതികത്വത്തിന്റെ നിരാസമാണ് ബുദ്ധചിന്തകളിൽ അംബേദ്കർ കണ്ടത്. 1956 ഒക്ടോബറിൽ അംബേദ്കർ മരിക്കുന്നതിന് രണ്ടുമാസംമുമ്പ് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അനുയായികൾ ബുദ്ധിസം സ്വീകരിച്ചു. അംബേദ്കറുടെ മരണശേഷം പ്രസിദ്ധീകരിച്ച ബുദ്ധ ആൻഡ് ഹിസ് ധമ്മ എന്ന പുസ്തകം ബുദ്ധനെക്കുറിച്ചുള്ള അംബേദ്കറുടെ വ്യാഖ്യാനമാണ്. അംബേദ്കർ മാത്രമാണ് ബുദ്ധനെ പൊളിറ്റിക്കൽ ഫിഗർ എന്നനിലയിൽ വ്യാഖ്യാനിച്ചത്.

ശ്രീനാരായണഗുരു, കുമാരനാശാൻ, നാലപ്പാട്ട് നാരായണ മേനോൻ എന്നിവരും പൊളിറ്റിക്കൽ ഫിഗർ എന്നനിലയിലല്ല ബുദ്ധനെ കണ്ടത്, ബ്രാഹ്മണ യാഥാസ്ഥിതികത്വത്തെ വെല്ലുവിളിക്കാൻ തിരുവിതാംകൂറിലും മദ്രാസ് പ്രസിഡൻസിയിലും ബുദ്ധചിന്തകളെ ഉപയോഗിക്കുന്നുണ്ടെങ്കിലും. കുമാരനാശാന്റെ ലൈറ്റ് ഓഫ് ഏഷ്യാ വിവർത്തനമായ ‘ശ്രീബുദ്ധചരിത’ത്തെക്കുറിച്ച്, കഴിഞ്ഞ വർഷം ഞാൻ കവയിത്രി സുഗതകുമാരിയുമായി സംസാരിച്ചിരുന്നു. ശ്രീബുദ്ധചരിതം, തന്നെ ഗാഢമായി സ്വാധീനിച്ചിരുന്നതായി സുഗതകുമാരി അന്ന് പറഞ്ഞു. മനുഷ്യരോട് മാത്രമല്ല, പക്ഷികളോടും മരങ്ങളോടും മൃഗങ്ങളോടും നദികളോടുമുള്ള അനുതാപംകൊണ്ട് തന്റെ ജീവിതത്തെ ആശാന്റെ രചന നിറച്ചെന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം. പരിസ്ഥിതിയോടുള്ള അവരുടെ മുഴുവൻ പ്രതിജ്ഞാബദ്ധതയും ജീവിതത്തോടുള്ള മുഴുവൻ സമീപനങ്ങളും രൂപപ്പെടുത്തപ്പെട്ടത് ശ്രീബുദ്ധന്റെ ദർശനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അവർ പറഞ്ഞു. ആശാന്റെ വിവർത്തനത്തെക്കുറിച്ച് കുമാരനാശാന്റെ ബന്ധു പി. വിജയകുമാറിനോടും നാലപ്പാട്ടിന്റെ ലൈറ്റ് ഓഫ് ഏഷ്യാ വിവർത്തനമായ പൗരസ്ത്യദീപത്തെക്കുറിച്ച് ഡോ. സുവർണ നാലപ്പാട്ടിനോടും ഞാൻ സംസാരിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലാ ലൈബ്രറിയിൽനിന്ന് കുറെ മെറ്റീരിയലുകൾ കിട്ടി.

ഭൗതികനേട്ടങ്ങൾകൊണ്ട് ജീവിതത്തെ അളക്കുന്ന ഒരു കാലഘട്ടമാണിത്. പണവും അധികാരവും ആഗ്രഹങ്ങളുമാണ് മാനദണ്ഡങ്ങൾ. ഇക്കാലത്ത് ബുദ്ധന്റെ തത്ത്വചിന്തകളും ലൈറ്റ് ഓഫ് ഏഷ്യയുടെ സമീപനങ്ങളും എത്രമാത്രം പ്രസക്തമാണ്, പ്രായോഗികമാണ്

ബുദ്ധനെ സംബന്ധിച്ച് വൈരുധ്യമായിത്തോന്നുന്ന ഒരു കാര്യം, ബുദ്ധൻ ഒരിക്കലും ബുദ്ധനാകാൻ ശ്രമിച്ചിരുന്നില്ല എന്നതാണ്! ബുദ്ധൻ ഒരിക്കലും നിങ്ങൾ ആരെങ്കിലും ആരുടെയെങ്കിലും ഭക്തനാകണമെന്ന് ഉപദേശിച്ചിട്ടില്ല. ‘നിങ്ങളാണ് നിങ്ങളുടെ വെളിച്ച’മെന്നാണ് ബുദ്ധൻ പറഞ്ഞത്. നിങ്ങൾ നിങ്ങളുടെ സത്യത്തെ അന്വേഷിക്കണമെന്നാണ് ബുദ്ധൻ നിർദേശിച്ചത്. നിങ്ങൾ നിങ്ങളുടെ വെളിച്ചത്തിനായി തിരയണമെന്നാണ് പറഞ്ഞത്. അതിന് സൂത്രവാക്യങ്ങളൊന്നുമില്ല. ബുദ്ധിസം രൂപപ്പെടുത്തിയത് ബുദ്ധനല്ല. അദ്ദേഹത്തിന്റെ അനുയായികളാണ്. നെഹ്രു തന്റെ DISCOVERY OF INDIA എന്ന വിഖ്യാതഗ്രന്ഥത്തിൽ, ബുദ്ധനിൽ തന്നെ ഭ്രമിപ്പിച്ചതെന്താണെന്ന് വിശദീകരിച്ചിട്ടുണ്ട്. ബുദ്ധനെ ഒരു സുപ്രീം ലോജിഷ്യൻ എന്നാണ് നെഹ്രു വിശേഷിപ്പിക്കുന്നത്. യുക്തികളുടെ തത്ത്വങ്ങൾക്കുവേണ്ടിയാണ് ബുദ്ധൻ വാദിച്ചിരുന്നതെന്ന് നെഹ്രു പറയുന്നു. പൂർണമായ യുക്തിയോടെയാണ് ബുദ്ധൻ സംസാരിച്ചിരുന്നത്. ബുദ്ധൻ ഒരിക്കലും ഭഗവാൻ എന്നൊന്നും പറഞ്ഞിരുന്നില്ല. ദൈവത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും സംസാരിച്ചിട്ടില്ല. ബുദ്ധൻ മാനവികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ധാർമികതയെക്കുറിച്ചുമാണ് സംസാരിച്ചത്. പിൽക്കാലത്താണ് ബുദ്ധന്റെ തത്ത്വചിന്തകൾ മതമായിട്ടും ഇസമായിട്ടും മാറിയത്. സമകാലികലോകത്ത് ബുദ്ധന്റെ പ്രസക്തി വളരെ,വളരെ പ്രധാനമാണെന്നാണ് ഞാൻ കരുതുന്നത്. അനുതാപം, സമത്വം, മാമൂലുകളുടെ നിരസനം തുടങ്ങിയ ബുദ്ധന്റെ സമീപനങ്ങളുടെ മൂല്യങ്ങളാണ് അതിനുകാരണം. നിങ്ങളിൽത്തന്നെയുള്ള സത്യത്തിനായുള്ള അന്വേഷണം നിങ്ങൾക്കുതന്നെ ഒരു പരീക്ഷണമായിമാറുന്നു. ഇതൊക്കെ വളരെ പ്രധാനപ്പെട്ട സന്ദേശങ്ങളാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, ബുദ്ധസന്ദേശത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് ഹിന്ദൂയിസത്തെയും ഇസ്‌ലാമിസത്തെയും ക്രിസ്ത്യാനിറ്റിയെയും രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതുപോലെതന്നെ നാശകരമാണെന്നാണ് എന്റെ അഭിപ്രായം. കാരണം ബുദ്ധിസം നിലവിലുള്ള രാജ്യങ്ങളെല്ലാം ഹിംസാരഹിതമാണെന്നോ വിദ്വേഷരഹിതമാണെന്നോ പറയാൻ നമുക്ക് കഴിയുമോ? ശ്രീലങ്ക, മ്യാൻമാർ, തായ്‌ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ നോക്കൂ. ബുദ്ധിസത്തിന്റെ രാഷ്ട്രീയപരമായ ഉപയോഗം മറ്റെന്തിനെയുമെന്നതുപോലെ വിനാശകരമാണ്. ഇന്നത്തെ കാലത്ത്, ബുദ്ധന്റെ പ്രാധാന്യം ദലൈലാമയുടെ വ്യക്തിത്വത്തിലൂടെ കൂടുതൽ ഉയർന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, സഹജീവിസ്നേഹവും അനുതാപവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ദലൈലാമ ഒരു ഉന്നത വ്യക്തിത്വമാണ്. ഞാൻ ഭാഗ്യവാനാണ്, എന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് ദലൈലാമയാണ്. ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്.

A CHEQUERED BRILLIANCE
പുസ്തകം വാങ്ങാം

ഞാനൊരു ബുദ്ധിസ്റ്റല്ല. ഞാനൊരു ബുദ്ധിസ്റ്റ് പണ്ഡിതനുമല്ല. സാരനാഥിൽ ഞാൻ പോയിട്ടുണ്ട്. ബുദ്ധഗയയിലും മഹാബോധിയിലും പോയിട്ടുണ്ട്. ഒരു ബുദ്ധിസ്റ്റ് എന്ന നിലയിലല്ല, ഒരു ഇന്ത്യാചരിത്ര വിദ്യാർഥിയെന്നനിലയിലാണ് ഞാൻ അവിടെയൊക്കെ പോയത്. എന്നാൽ, ഇന്ത്യാചരിത്രത്തിൽ എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചത് ആരാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ബുദ്ധൻ എന്നായിരിക്കും എന്റെ ഉത്തരം. ശങ്കരാചാര്യരോടും എനിക്ക് തുല്യമായ ആദരവുണ്ട്. യാദൃച്ഛികമായി ഒരു കാര്യംകൂടി പറയാം. ആദിശങ്കരാചാര്യരെക്കുറിച്ചുള്ള വിമർശനങ്ങളിൽ ഒരെണ്ണം എന്താണെന്നറിയാമോ? ശങ്കരാചാര്യർ പ്രച്ഛന്നബുദ്ധൻ (ക്രിപ്‌റ്റോ ബുദ്ധിസ്റ്റ്) ആണത്രേ! യാഥാസ്ഥിതിക ബ്രാഹ്മണർ ശങ്കരാചാര്യർക്കുനേരെ ഉയർത്തിയ ആരോപണം അദ്ദേഹം പ്രച്ഛന്നബുദ്ധനാണെന്നാണ്! വളരെ രസകരമാണ് ഇതെല്ലാം. ഇന്ത്യാചരിത്രത്തിന്റെ ഈ ഘട്ടം കുറച്ചാളുകൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

അവതാരികയ്ക്കായി സമീപിച്ചപ്പോൾ ദലൈലാമയുടെ പ്രതികരണം എന്തായിരുന്നു

അദ്ദേഹം വളരെ ദയാലുവാണ്. അനുതാപമുള്ള സൗമ്യമായ പെരുമാറ്റം. വളരെ വിഷമംപിടിച്ച ജീവിതം നയിക്കുന്ന ഒരാൾ. ആത്യന്തികമായി സ്വന്തം രാജ്യത്തെയും സംസ്‌കാരത്തെയുമാണ് അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത്. സന്തോഷത്തോടെയാണ് അദ്ദേഹം അവതാരിക എഴുതിത്തന്നത്. മറ്റൊരുകാര്യം, ലൈറ്റ് ഓഫ് ഏഷ്യക്ക് ബോധ് ഗയയിലും സ്വാധീനമുണ്ടായിരുന്നുവെന്നതാണ്. ബോധ് ഗയയുടെ നിയന്ത്രണത്തെച്ചൊല്ലി എഴുപതുവർഷമായി ഒരു തർക്കം നടന്നിരുന്നു. ബോധ് ഗയ ദീർഘകാലമായി ശൈവരായ ഹിന്ദുപുരോഹിതരുടെ അധീനതയിലായിരുന്നു. എന്നാൽ, ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച മഹാബോധിക്ഷേത്രം നിലവിലുള്ള ബോധ് ഗയ തങ്ങളുടെ നിയന്ത്രണത്തിലാകണമെന്ന് ബുദ്ധിസ്റ്റുകൾ വാദിച്ചു. ലൈറ്റ് ഓഫ് ഏഷ്യയുടെ പ്രസിദ്ധീകരണത്തിനുശേഷമാണ് തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായപ്പോൾ 1953-നുശേഷം ബോധ് ഗയയുടെ ഭരണം ഹിന്ദുപുരോഹിതന്മാരുടെ കൈകളിൽനിന്ന് ഒരു മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറി. ഈ കമ്മിറ്റിയിൽ പകുതിപേർ ഹിന്ദുക്കളും പകുതിപേർ ബുദ്ധിസ്റ്റുകളുമാണ്. 50:50 പരിഹാരമാണത്. ഏറക്കുറെ അയോധ്യാ തർക്കത്തിന് സമാനം, ബാബറി മസ്ജിദ് തർക്കംപോലെ. ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് മുസ്‌ലിങ്ങളും ഞങ്ങൾക്ക്‌ വിശുദ്ധമാണെന്ന് ഹിന്ദുക്കളും ഒരുപോലെ അവകാശപ്പെട്ടു. അതുപോലയുള്ള തർക്കമാണ് മഹാബോധിയെച്ചൊല്ലിയുമുണ്ടായത്. ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അവകാശവാദമുന്നയിച്ചു. ഒടുവിൽ എഴുപത് വർഷങ്ങൾക്കുശേഷം അന്തിമപരിഹാരനിർദേശം ഉരുത്തിരിഞ്ഞുവന്നു.

എഡ്വിൻ ആർനോൾഡിന്റെ അനന്തരതലമുറ ഭോപാലിലുണ്ടെന്ന് താങ്കൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണവർ ഭോപാൽ നിവാസികളായത്

ആർനോൾഡിന്റെ പേരക്കുട്ടികളും ചെറുമക്കളും ഭോപാലിലുണ്ടെന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. ആർനോൾഡിന്റെ മകൻ വില്യം ചാനിങ്‌ ആർനോൾഡ് 1920-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ വരുകയും ഭോപാലിലെ രാജകുടുംബത്തിലെ ഇളമുറക്കാരുടെ ഇംഗ്ലീഷ് അധ്യാപകനാവുകയും ചെയ്തു. രാമായണം, മഹാഭാരതം എന്നിവയെക്കുറിച്ച് ഇംഗ്ലീഷിൽ രണ്ടു പുസ്തകങ്ങൾ തയ്യാറാക്കിയ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു ചാനിങ്‌ എന്ന് ഓർക്കണം. ലോംഗ്മാൻ ഇന്ത്യൻ ക്ലാസിക് പരമ്പരയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകങ്ങൾ ഇന്ത്യൻ സ്കൂളുകളിൽ ഇംഗ്ലീഷ് പാഠപുസ്തകങ്ങളായിരുന്നു. ചാനിങ്‌ ഭോപാലിലെ ഒരു മുസ്‌ലിം സ്ത്രീയെയാണ് വിവാഹം കഴിച്ചത്. ഉത്തർപ്രദേശിലെ സുൽത്താൻപുരിലായിരുന്നു വിവാഹശേഷം താമസിച്ചത്. അവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. മകനും മകളും. മകനെ മുസ്‌ലിം വിശ്വാസപ്രകാരവും മകളെ ക്രിസ്ത്യൻ വിശ്വാസപ്രകാരവുമാണ് വളർത്തിയത്. മകൾ ഗ്രേസ് ആർനോൾഡ് ലണ്ടനിലേക്കുപോയി. തൊണ്ണൂറു വയസ്സുള്ള അവർ ഇപ്പോഴും ലണ്ടനിൽ ജീവിച്ചിരിപ്പുണ്ട്. ഗ്രേസ് ആർനോൾഡിന്റെ മക്കളെല്ലാവരും ക്രിസ്തുമത വിശ്വാസികളാണ്. ഗ്രേസിന്റെ സഹോദരൻ റഫീഖ് ആർനോൾഡ് ഭോപാലിലാണ് കുടുംബസമേതം താമസിച്ചത്. റഫീഖിന്റെ മക്കളും പേരക്കുട്ടികളുമെല്ലാം ഇപ്പോഴും ഭോപാലിലുണ്ട്. ഞാൻ അവരോടെല്ലാം ഓൺലൈനിലൂടെ സംസാരിച്ചു. പഴയ ചില ഫോട്ടോകൾ അവർ എനിക്ക് തന്നു. അതിൽ ചിലത് ഞാൻ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ചെറുമക്കളിൽ പലർക്കും വല്യപ്പൂപ്പനെക്കുറിച്ച് കാര്യമായൊന്നും അറിവുണ്ടായിരുന്നില്ല. വല്യപ്പൂപ്പൻ എഡ്വിൻ ആർനോൾഡിനെക്കുറിച്ച്‌ ഞാൻ ശേഖരിച്ചിരുന്ന പല അറിവുകളും അവർക്ക് അമൂല്യമായ കണ്ടുപിടിത്തങ്ങളായിരുന്നു.

ലൈറ്റ് ഓഫ് ഏഷ്യയിൽനിന്ന് നമുക്ക് താങ്കളുടെ മറ്റ് രചനാലോകങ്ങളിലേക്ക് കടക്കാം. തൊട്ടുമുമ്പിറങ്ങിയ പുസ്തകം വി.കെ. കൃഷ്ണമേനോന്റെ ജീവചരിത്രമാണ്. ജീവചരിത്രരചന വളരെ ദുഷ്‌കരമായ എഴുത്തുവേലയാണ്. രണ്ടുതരം ജീവചരിത്രങ്ങളാണ് പൊതുവേ പ്രസിദ്ധീകരിക്കപ്പെടുക. ഒന്ന്, പുകഴ്ത്തൽ. രണ്ട്, ഇകഴ്ത്തൽ. അതിനപ്പുറം കൃഷ്ണമേനോനെ കണ്ടെത്തിയ പുസ്തകം എന്നനിലയിൽ താങ്കളുടെ രചന ശ്രദ്ധേയമായിക്കഴിഞ്ഞു. എങ്ങനെയാണിത് സാധിച്ചത്

എഴുത്തിന് ആധാരമായ വിഷയത്തെ, ഹീറോയോ സീറോയോ ആക്കുകയല്ല ജീവചരിത്രകാരന്റെ ജോലി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പ്രശ്നം ഒരാളെ ഒന്നുകിൽ ഹീറോ ആക്കും അല്ലെങ്കിൽ സീറോ ആക്കും എന്നതാണ്. പൊതുജനസമക്ഷം എല്ലാ വിവരങ്ങളും രേഖപ്പെടുത്തിനൽകുകയാണ് ജീവചരിത്രകാരന്റെ ചുമതല എന്നാണ് എന്റെപക്ഷം. വായനക്കാർ അവരുടെ മനസ്സ് ഇതിൽ നിക്ഷേപിച്ച് തീരുമാനങ്ങളെടുക്കട്ടെ. ആ രീതിയാണ് ഞാൻ ജീവചരിത്രരചനകളിൽ പാലിക്കുക. കൃഷ്ണമേനോന്റെ ജീവചരിത്രത്തിലും ഇതു കാണാൻകഴിയും. മലയാളികളടക്കം പലർക്കും കൃഷ്ണമേനോൻ ഒരു ഹീറോയാണ്. കേരളത്തിനു പുറത്തുള്ള പലർക്കും കൃഷ്ണമനോൻ ഹീറോ തന്നെ. പക്ഷേ, ഒരുകാര്യം മറക്കരുത്, അദ്ദേഹത്തെ വിമർശിക്കുന്നവരുമുണ്ട്. 1962-ൽ ചൈനയുമായുണ്ടായ യുദ്ധത്തിൽ ഇന്ത്യക്കുണ്ടായ പതനത്തിന് ഉത്തരവാദി കൃഷ്ണമേനോനാണെന്ന് ആരോപിക്കുന്നവരുണ്ട്. ഭയങ്കര ധാർഷ്ട്യമുണ്ടായിരുന്ന വ്യക്തിയാണെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. കൃഷ്ണമേനോന്റെ ഈ രണ്ടു വശങ്ങളും പറയുകയാണ് ഞാൻ ജീവചരിത്രത്തിൽ ചെയ്തിരിക്കുന്നത്. വിധി പറയാൻ ഞാൻ ആളല്ല. ഞാൻ ഒരു ജഡ്ജിയല്ല. കൃഷ്ണമേനോൻ നല്ലവനാണോ മോശക്കാരനാണോ എന്ന് വിധിയെഴുതുകയല്ല എന്റെ ജോലി. കൃഷ്ണമേനോനെക്കുറിച്ച്‌ ലഭിക്കാവുന്ന വിവരങ്ങൾ ശേഖരിച്ച് അതുപയോഗിച്ച് ജീവചരിത്രമെഴുതുക എന്നതാണ്. കൃഷ്ണമേനോൻ വിവാഹം കഴിച്ചിരുന്നില്ല, അതിനാൽ ചില മാനസിക സമീപനങ്ങളുണ്ടായിരുന്നു, അദ്ദേഹത്തിന് വളരെ വിഷമകരമായ ബാല്യകാലമായിരുന്നു, തകർന്നുപോയ രണ്ടു പ്രണയബന്ധങ്ങളുണ്ടായിരുന്നു എന്നിങ്ങനെയൊക്കെയുള്ള സിദ്ധാന്തങ്ങൾ രൂപവത്‌കരിച്ച് ജീവചരിത്രങ്ങളെഴുതുന്നവരുണ്ട്. ഇതിലൊക്കെ എന്താണ് കാര്യം? ഇത്തരം ഘടകങ്ങൾ എങ്ങനെയാണ് ഒരാളുടെ പൊതുപെരുമാറ്റങ്ങളെ ബാധിക്കുന്നത് എന്നതാണ് എന്റെ ചോദ്യം. ഇന്ത്യയിൽ പലരും ഗോസിപ്പുകളെ അടിസ്ഥാനമാക്കിയാണ് ജീവചരിത്രങ്ങൾ എഴുതുന്നത്. അവർ ഒരാളോട് സംസാരിക്കും. അതേക്കുറിച്ച്‌ മറ്റൊരാളോട് ചോദിക്കും. ഇവർ രണ്ടുപേരും പറഞ്ഞ കാര്യങ്ങൾ മൂന്നാമതൊരാളോട് ചർച്ചചെയ്യും. എന്നിട്ട് ഈ ഗോസിപ്പുകളെല്ലാം ചേർത്ത് ജീവചരിത്രം എഴുതും. ഇതെല്ലാം വെറും വർത്തമാനങ്ങളാണ്. രേഖപ്പെടുത്തിയ ചരിത്രങ്ങളൊന്നുമല്ല. ജീവചരിത്രകാരന്മാർ യഥാർഥത്തിൽ വസ്തുതകളുടെ കണ്ടെടുക്കലുകാരാണ്. എഴുതപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ ജീവചരിത്രങ്ങൾ തയ്യാറാക്കാറുള്ളത്. അതേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. കൃഷ്ണമേനോന്റെ ജീവചരിത്രമെഴുതുമ്പോൾ എന്റെ കൈയിൽ ആയിരക്കണക്കിന് രേഖകളുണ്ടായിരുന്നു. ഡൽഹിയിലെ നെഹ്രു ലൈബ്രറിമുതൽ ലോകത്തുള്ള പലതരം ലൈബ്രറികളിൽനിന്ന് ശേഖരിച്ചവയാണ്. എഴുതപ്പെട്ട രേഖകളാണ് വിശ്വസനീയമെന്നാണ് ഞാൻ കരുതുന്നത്.

വ്യക്തി, രാഷ്ട്രീയനേതാവ്, ഭരണാധികാരി എന്നീനിലകളിൽ കൃഷ്ണമേനോനെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ എന്താണ്

വളരെ ആകർഷണീയമായ വ്യക്തിത്വമായിരുന്നു കൃഷ്ണമേനോൻ. ആബ്‌സല്യൂട്ട്‌ലി ഫാസിനേറ്റിങ്‌ ക്യാരക്ടർ. മഹാനായ ഒരു വ്യക്തി. 1935 മുതൽ 1962 വരെ ഇന്ത്യൻ ചരിത്രത്തിൽ വളരെ നിർണായകമായ സാന്നിധ്യമായിരുന്നു. നെഹ്രുവിന് ഏറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു. നെഹ്രുവിന്റെ ആത്മാർഥ സ്നേഹിതനും സഖാവും സഹപ്രവർത്തകനുമായിരുന്നു. സഹോദരനെപ്പോലെയായിരുന്നു. നെഹ്രുവിന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു കൃഷ്ണമേനോൻ. പൊതുവേ ഏകാകിയായിരുന്ന നെഹ്രുവിന് അടുപ്പമുണ്ടായിരുന്നത് മകളോടും കൃഷ്ണമേനോനോടുമായിരുന്നു. ഗാന്ധിയോടും പട്ടേലിനോടുമെല്ലാമൊപ്പം നെഹ്രു പ്രവർത്തിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, അവരൊക്കെ സഹപ്രവർത്തകരെന്നമട്ടിലായിരുന്നു. എന്നാൽ, വ്യക്തിപരമായ തലത്തിൽ, നെഹ്രു ഏറ്റവും അടുപ്പംപുലർത്തിയത് കൃഷ്ണമേനോനോടായിരുന്നു. ഐക്യരാഷ്ട്രസഭയിൽ കൃഷ്ണമേനോൻ വളരെ പ്രധാനപ്പെട്ട റോൾ വഹിച്ചിരുന്നു. ലോകത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കൃഷ്ണമേനോൻ ശ്രമിച്ചിരുന്നു. 1950-കളിൽ ഫോർമുലമാൻ എന്നായിരുന്നു കൃഷ്ണമേനോനെ അടുപ്പക്കാർ വിളിച്ചിരുന്നത്. കാരണം, എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൃഷ്ണമേനോനോട് ചർച്ചചെയ്താൽ പരിഹാരമുണ്ടാകും. അദ്ദേഹം ഒരു ഫോർമുലയുമായി രംഗപ്രവേശം ചെയ്യും. വലിയ ധാർഷ്ട്യക്കാരനായിരുന്നു. വളരെ പരുക്കനായിരുന്നു. ഹീ വാസ് റൂഡ് ടു മെൻ, ചാമിങ്‌ ടു ഇൻ ടു വിമൻ! ഹി മേഡ് എ ഡിസ്റ്റിൻങ്‌ഷൻ ബിറ്റ്‌വീൻ മെൻ ആൻഡ് വിമൻ. വെരി ചാമിംഗ് ടു വിമൻ, ബട് ഹി വാസ് റൂഡ് ടു മോസ്റ്റ് മെൻ എക്‌സെപ്‌റ്റ്‌ നെഹ്രു!

ഇന്ത്യൻ ഭരണഘടന നിർമിക്കുന്നതിൽ കൃഷ്ണമേനോൻ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. ഇക്കാര്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യൻ ഭരണഘടനയുടെ ആമുഖ (പ്രിയാംബിൾ)ത്തിന്റെ കരട് തയ്യാറാക്കിയത് കൃഷ്ണമേനോനായിരുന്നു. ജനങ്ങൾ പലരും ഇക്കാര്യം മനസ്സിലാക്കിയിട്ടില്ല. ഭരണഘടന തയ്യാറാക്കാൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി വേണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് കൃഷ്ണമേനോനാണ്, 1930-കളിൽ. ഇന്ത്യയിൽ പല നേതാക്കളും ഇങ്ങനെയൊരാവശ്യം മനസ്സിലാക്കുന്നതിന് വളരെ മുമ്പുതന്നെ. അമ്പതുകളിൽ അദ്ദേഹം പ്രതിരോധമന്ത്രിയായി. ഡി.ആർ.ഡി.ഒ. എന്ന സ്ഥാപനം കൃഷ്ണമേനോന്റെ സംഭാവനയാണെന്ന് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം പറയുമായിരുന്നു. ടാങ്ക് ഫാക്ടറി, എയർക്രാഫ്റ്റ് ഫാക്ടറി എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. നരേന്ദ്രമോദി മേക് ഇൻ ഇന്ത്യ എന്ന് പറയുന്നതിന് ദശകങ്ങൾക്കുമുമ്പ് കൃഷ്ണമേനോൻ അത് നടപ്പാക്കി! പ്രതിരോധരംഗത്തെ സ്വയംപര്യാപ്തതയ്ക്ക് അടിസ്ഥാനമിട്ടത് കൃഷ്ണമേനാനാണ്. തീർച്ചയായും 1962-ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് രാജ്യം നേരിട്ട തിരിച്ചടിയും നിർണായകമായിരുന്നു. ആ സമയത്ത് സർക്കാരിൽനിന്ന് ആര് പുറത്തുപോകണമെന്ന ചോദ്യം പാർട്ടിക്കുള്ളിൽ ഉയർന്നു. കൃഷ്ണമേനോൻ പോകുമോ അതോ നെഹ്രു പോകുമോ? നെഹ്രു പോകുന്നതിൽ പാർട്ടിക്ക് താത്‌പര്യമുണ്ടായിരുന്നില്ല. കൃഷ്ണമേനോൻ പോകണമെന്നതായിരുന്നു പാർട്ടിയുടെ നിലപാട്. ഒടുവിൽ കൃഷ്ണമേനോൻ രാജിവെച്ചു. എന്തൊക്കെയായാലും വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നു കൃഷ്ണമേനോൻ.

ജയറാം രമേഷിന്റെ പുസ്തകം വാങ്ങാം

menonmanoj47@gmail.com

Content Highlights: Jairam Ramesh About Budha And VKKrishnaMenon Light of Asia