പ്രതികൂലമായ കാറ്റ് കടലിലെ സുഗമസഞ്ചാരത്തിന് തടസ്സമാകുമ്പോൾ കാറ്റിനൊപ്പം ഓടിക്കൊണ്ട് പയ്യെപ്പയ്യെ സ്വന്തം ലക്ഷ്യത്തിലേക്കെത്തുന്ന കോശോട്ട വിദഗ്ദരായ ലക്ഷദ്വീപുകാരെ മലയാളത്തിനു പരിചയപ്പെടുത്തിയത് ഇസ്മത്ത് ഹുസൈൻ എന്ന എഴുത്തുകാരനാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കോലോടം' എന്ന നോവൽ അങ്ങനെ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ മലയാളം നോവലുമായി. എഴുത്തുകാരനുമായുള്ള അഭിമുഖം വായിക്കാം.

ലക്ഷദ്വീപുകാരനായ ഇസ്മത്ത് ഹുസൈൻ മലയാളികൾക്ക് പരിചിതനാവുന്നത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കോലോടം' എന്ന നോവലിലൂടെയാണ്. ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ മലയാള നോവലിന്റെ രചയിതാവാണ് താങ്കൾ. എന്താണ് ലക്ഷദ്വീപിന്റെ ഐതിഹ്യം?

പണ്ട് പണ്ട് ജിദ്ദയിൽ നിന്നും പുറപ്പെട്ട ഒരു കപ്പലിൽ ഒരു മഹാനായ സൂഫിവര്യൻ ഉണ്ടായിരുന്നു. അദ്ദേഹം യാത്രചെയ്തു വരികെ അറബിക്കടലിലെത്തി. പ്രഭാതധ്യാനം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ പ്രശാന്തസുന്ദരമായ പ്രകൃതിയെ കണ്ടു സന്തോഷഭരിതനായി. ഈ സന്തോഷത്തിന് എന്തെങ്കിലും അടയാളം വേണം എന്ന ചിന്തയിൽ അദ്ദേഹം തന്റെ കയ്യിലുള്ള തസ്ബി മാല പൊട്ടിച്ച് കടലിലെറിഞ്ഞു. തിരികെ വരുമ്പോൾ തസ്ബിമാലയിൽ കോർത്തതുപോലെ അറബിക്കടലിൽ ദ്വീപുകൾ പ്രത്യക്ഷപ്പെട്ടു. അത് കാലാന്തരേ ലക്ഷദ്വീപ് എന്നറിയപ്പെട്ടു. ഇതാണ് തങ്ങളുടെ നാടിനെക്കുറിച്ചുള്ള ഇവിടുത്തുകാരുടെ വിശ്വാസം. ലക്ഷദ്വീപിന്റെ ഐതിഹ്യം സൂഫിസവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സൂഫി പാരമ്പര്യവുമായിട്ടവളരെ അടുത്തുകിടക്കുന്നവയാണ്. ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകങ്ങളെല്ലാം തന്നെ. ഇവിടുത്തെ ആചാരങ്ങളും ചിട്ടകളുമെല്ലാം സൂഫിസവുമായി താദാത്മ്യം പ്രാപിച്ചവയാണ്.

ലക്ഷദ്വീപിന്റെ സാംസ്കാരികവേരുകൾ ആഴ്ന്നുകിടക്കുന്നതാവട്ടെ കേരളത്തിലുമാണ്. മലബാർ കലക്ടറേറ്റിന്റെ ഭാഗമായിരുന്നു ലക്ഷദ്വീപ്. കോഴിക്കോടുനിന്നാണ് കവരത്തിയിലേക്ക് സംസ്ഥാനം മാറ്റുന്നത്. കേരളവുമായിട്ട് അഭേദ്യമായ ബന്ധമുള്ള ആളുകളാണ് ഞങ്ങൾ. ഞങ്ങൾ സംസാരിക്കുന്നത് മലയാളത്തിന്റെ പ്രാഗ് രൂപത്തിലുള്ള ഭാഷ തന്നെയാണ്. കേരള സിലബസ്സാണ് ഞങ്ങളുടെ കുട്ടികൾ പഠിക്കുന്നത്. കേരളത്തിൽ നിന്നും കുടിയേറിയവരാണ് ലക്ഷദ്വീപുകാർ എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഷയുടെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്. പിന്നെയൊരു വിഭാഗം പറയുന്നത് ലക്ഷദ്വീപുകാർ പോളിനേഷ്യയിൽ നിന്നും കുടിയേറിയവരാണ് എന്നാണ്. അതും തള്ളിക്കളയാൻ പറ്റുന്നതല്ല. ഞങ്ങളുടെ വീടുകളുടെ മാതൃകകൾ,കടൽവാഹനങ്ങളായി ഉപയോഗിക്കുന്ന ഓടങ്ങളുടെ മാതൃക, ഷെഡ്ഡുകളുടെ മാതൃക എന്നിവയെല്ലാം പോളിനേഷ്യയുമായി അഭേദ്യമായ ബന്ധമുള്ളവയാണ്.

ലക്ഷദ്വീപ് ഭരിച്ചതും കേരളത്തിലെ രാജാക്കന്മാർ തന്നെയായിരുന്നു. പല്ലവ രാജാക്കന്മാരായിരുന്നു ആദ്യഭരണകർത്താക്കളെന്ന് പറയപ്പെടുന്നുണ്ട്. അതുകഴിഞ്ഞിട്ട് ചിറക്കൽ രാജവംശം ഭരിച്ചു. ശേഷം അറക്കൽ ബീവി ഭരിച്ചു. പിന്നെ ടിപ്പുസുൽത്താനും ഭരിച്ചു. അതിനു ശേഷമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് ദ്വീപ് ഉൾപ്പെടുന്നത്.

പ്രകൃതിശാസ്ത്രപരമായി അസാധാരണമായ സൗന്ദര്യം ഉള്ള പ്രദേശമാണ് ലക്ഷദ്വീപ്. പ്രകൃതി ലോലപ്രദേശവുമാണ്. പവിഴപ്പുറ്റുകളാൽ നിർമിതമായ, പവിഴപ്പാറകളുടെ മാത്രം ദൃഢതയുള്ള കരപ്രദേശമേ ഞങ്ങൾക്കുള്ളൂ.  രണ്ടുനിലയിൽ കൂടുതൽ കെട്ടിപ്പടുക്കാൻ പാടില്ല എന്ന നിയമം വന്നത് ഈ പവിഴപ്പാറകളുടെ ബലക്ഷയം അധികാരികൾക്ക് അറിയുന്നതുകൊണ്ടാണ്. പവിഴപ്പാറകൾക്കുമുകളിൽ രൂപം കൊണ്ട ദ്വീപുസമൂഹമാണ് ലക്ഷദ്വീപ്. കോർപ്പറേറ്റ് രീതിയിലുള്ള കെട്ടിടങ്ങളും വലിയ ടൂറിസം പദ്ധതികളും വൻ കോർപ്പറേറ്റ് നിക്ഷേപവുമെല്ലാം ലക്ഷദ്വീപിന് താങ്ങാൻ കഴിയുന്നതല്ല. അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യുമ്പോൾ ദ്വീപ് കടലിൽ കലങ്ങിപ്പോവുകയേ ഉള്ളൂ.

ദ്വീപ് ജനതയുടെ ദൈനംദിനപ്രവൃത്തികളും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം താങ്കൾ 'കോലോട'ത്തിൽ വിവരിക്കുന്നുണ്ട്. വർത്തമാനകാലദ്വീപ് സാഹചര്യത്തിൽ 'കോലോട'ത്തിലെ ജീവിതങ്ങൾക്ക് പ്രസക്തിയേറുന്നുണ്ടല്ലോ

തെങ്ങ് കൃഷിയും മത്സ്യബന്ധനവുമൊക്കെയാണ് ദ്വീപിന്റെ ഭൂപ്രകൃതിയ്ക്കിണങ്ങിയതെന്ന് ഇത്രയും കാലം ഇവിടെ ജീവിച്ച ഞങ്ങൾക്കറിയാം. ഞങ്ങളുടെ പൂർവികർ പകർന്നുതന്ന അറിവുകളാണവ.ഇപ്പോൾ മുന്നോട്ടുവെക്കാനുദ്ദേശിക്കുന്ന കോർപ്പറേറ്റ് താൽപര്യങ്ങൾ ഇവിടെ നടപ്പാവില്ല. ലോകടൂറിസം മാപ്പിൽ ഇടംപിടിച്ച ബംഗാരം തന്നെ നോക്കാം. ബംഗാരത്തെ കേന്ദ്രം വിൽപ്പനക്കുവെച്ചു. നിരവധി ടൂറിസ്റ്റ് താമസസങ്കേതങ്ങൾ വന്നു ലക്ഷദ്വീപിലെ മരാമത്ത് പണികളൊക്കെ ഞങ്ങളുടെ ആൾക്കാർ തന്നെയാണ് ടെൻഡർ വിളിച്ചെടുക്കാറ്. ബംഗാരയുടെ വികസനവും പറഞ്ഞ് നൂറ് നൂറ്റമ്പത് കോടിയുടെ ലേലം വിളിയാണ് നടന്നത്. കോടികൾ മുടക്കി ടെൻഡർ ലേലത്തിൽ വിളിച്ചെടുക്കാനുള്ള ശേഷിയൊന്നും ഇവിടുത്തുകാർക്കുന്നില്ല. പുറത്തുനിന്നും വൻകോർപ്പറേറ്റ് ഇടപെടൽ ഉണ്ടായി കേന്ദ്രം ഇച്ഛിച്ചതുപോലെ അവർക്കു വേണ്ടപ്പെട്ടവർക്കു തന്നെ മരാമത്ത് പണികളുടെ കോൺട്രാക്ട് ലഭിക്കുകയും ചെയ്തു. ദ്വീപിൽ നിന്നും വന്ന് ദ്വീപിൽ തന്നെ ചിലവാക്കപ്പെടേണ്ട പണമാണ്. എത്രയധികം ആളുകൾക്ക് തൊഴിൽ ലഭിക്കുന്നതാണ്. ബിസിനസ്സാണ് അവർ നോട്ടമിടുന്നത്.

ഇസ്മത്ത് ഹുസൈൻ
ഇസ്മത്ത് ഹുസൈൻ

മാലിദ്വീപുപോലെ ലക്ഷദ്വീപിനെ മാറ്റിയെടുക്കണം എന്നാണ് പുരോഗമനവാദം. ആയിരത്തിൽപരം ചെറുദ്വീപുകൾ ചേർന്നതാണ് മാലിദ്വീപുകൾ. അവിടെ ജനവാസമുള്ളത് വളരെ കുറഞ്ഞ ദ്വീപുകളിലാണ്. ജനവാസമില്ലാത്ത ദ്വീപുകൾ കേന്ദ്രീകരിച്ചാണ് അവിടെ ടൂറിസം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മുപ്പത്തിയാറ് ദ്വീപുകളുടെ സഞ്ചയമാണ് ലക്ഷദ്വീപ്. അതിൽ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. ബാക്കി ഇരുപത്തിയാറ് ദ്വീപുകളിൽ ഉപയോഗിക്കാൻ പറ്റുന്നവയിൽ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കുന്നതിൽ ദ്വീപുകാർക്ക് ഒട്ടും വിയോജിപ്പില്ല. വെറും മുപ്പത്തിരണ്ട് സ്ക്വയർ കിലോമീറ്ററാണ് ദ്വീപിലെ കരപ്രദേശമുള്ളത്. ഇതിൽ സർക്കാർ കൈവശമുള്ള ഭൂമിയും ജനവാസമില്ലാത്ത ഭൂമിയും ഒഴിവാക്കിയാൽ വളരെ തുച്ഛം ഭൂമിയേ ആളുകളുടെ കൈവശമുള്ളൂ. ആ ഭൂമിയെ ഉദ്ദേശിച്ചുകൊണ്ട് വികസനമെന്നപേരിൽ സ്വേച്ഛ നടപ്പിലാക്കിയാൽ തദ്ദേശീയർ എവിടെയാണ് ജീവിക്കുക? എങ്ങനെയാണ് ജീവിക്കുക? അതുകൊണ്ടുതന്നെയാണ് ദ്വീപ് ജനത ഇപ്പോഴത്തെ സൈര്യജീവിതത്തിൽ വന്ന ഇടപെടലുകളെ ശക്തമായി എതിർക്കുന്നത്.

കല, സംസ്കാരം, വിദ്യാഭ്യാസം ലക്ഷദ്വീപിന്റെ സംഭാവനകൾ എന്തൊക്കെയാണ്?

യഥാർഥത്തിൽ ലക്ഷദ്വീപിലെ ജനസംഖ്യയുടെ നൂറുശതമാനവും ട്രൈബൽ വിഭാഗത്തിലുള്ളവരാണ്. ഷെഡ്യൂൾഡ് ട്രൈബുകാർ മാത്രമുള്ള പ്രദേശത്താണ് ഇപ്പോൾ കയ്യേറ്റശ്രമങ്ങൾ നടക്കുന്നത്. കേരളവിദ്യാഭ്യാസ വകുപ്പിനോട് ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ കലാസാംസ്കാരിക സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാനാണ്.. ഇത്രയും കാലമായിട്ട് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത് ലക്ഷദ്വീപിനെക്കുറിച്ചോ, ഇവിടുത്തെ കലകളെക്കുറിച്ചോ, സാഹിത്യത്തെക്കുറിച്ചോ, ചരിത്രത്തെക്കുറിച്ചോ ഒന്നുമല്ല. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രം, ലക്ഷദ്വീപിന്റെ കടൽപ്രകൃതം ഇതൊന്നും ഞങ്ങളുടെ പാഠ്യപദ്ധതിയിൽ വന്നിട്ടില്ല. കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ലോകത്തെക്കുറിച്ചും ചോദിച്ചുകഴിഞ്ഞാൽ വ്യക്തമായിട്ട് ഞങ്ങൾക്കറിയാം. പക്ഷേ ലക്ഷദ്വീപിനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളറിയില്ല. അപ്പോൾ കരിക്കുലത്തിൽ വരുത്തേണ്ടതായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള അടിമുടി സംഘർഭരിതമായ അന്തരീക്ഷം സംജാതമായിരിക്കുന്നത്.

ലക്ഷദ്വീപിന്റെ അനുഷ്ഠാനകല എന്നു പറയുന്നത് 'കാറ്റുവിളി' ആണ്. കോലോടം എന്ന നോവലിൽ അതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഓടം കടലിലേക്ക് പോയിക്കഴിഞ്ഞാൽ പ്രതികൂലസാഹചര്യം കൊണ്ട് വരാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായാൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം കൂടിച്ചേർന്ന കടൽക്കരയിൽ കഞ്ഞിവെക്കും. കഞ്ഞിവെച്ചുകഴിഞ്ഞാൽ സ്ത്രീകളെല്ലാവരും ഒന്നിച്ചുകൂടി ഒരു നൃത്തചെയ്യും. അക്കാറ്റും കാറ്റില്ല, ഇക്കാറ്റും കാറ്റില്ല.....എന്നുപാടി ദൈവത്തോട് ഒരു പ്രാർഥനയുണ്ട് അവർക്ക്. ആ പാട്ടുനൃത്തത്തിനവസാനം അവരുടെ തുണിത്തുമ്പിൽ കാറ്റിനെ കോരിക്കൊണ്ടുപോയി കടലിലേക്ക്‌ കളയും. ആ അനുഷ്ഠാനം കഴിച്ചാൽ ഓടം ദ്വീപിലേക്ക് തിരിച്ചുവരാറുണ്ട് എന്നാണ് വെറും നിസ്സഹായരായ ദ്വീപ് നിവാസികളുടെ വിശ്വാസം. പ്രാർഥനയല്ലാതെ അവർക്ക് വെറൊന്നും ചെയ്യാനുമില്ല. അത്തരം നിസ്സഹായതയിൽ നിന്നും ഉണ്ടായതാണ് കാറ്റുവിളി എന്ന അനുഷ്ഠാനകല. കോൽക്കളി, പരിചക്കളി, തിക്കറ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഞങ്ങൾക്കിടയിലുണ്ട്. സമൂഹമായിട്ടാണ് ഞങ്ങളുടെ ഓരോ കലകളും അനുഷ്ഠിക്കാറുണ്ട്. മിനിക്കോയ് ദ്വീപിൽ ലാവാഡാൻസുപോലെയുള്ളതൊക്കെയുണ്ട്. അവരുടെ സംസ്കാരം തന്നെ
വേറെയാണ്.

സാഹിത്യപരമായി ലക്ഷദ്വീപിന്റെ പാരമ്പര്യം വിശദമാക്കാമോ?

ലക്ഷദ്വീപിന്റെ എഴുത്തുസാഹിത്യത്തിലേക്ക് നോക്കുമ്പോൾ അറബിമലയാളത്തിലുള്ള കൃതികളാണ് ആദ്യകാലത്തെ ലക്ഷദ്വീപ് സാഹിത്യത്തിലുള്ളത്. ഇവിടുത്തെ മുസ്ലിം പാരമ്പര്യത്തിന്റെ ഭാഗമായിട്ടു വരുന്നതാണത്. പത്തിരുനൂറ് വർഷം മുമ്പത്തെ കൃതികൾ ഇന്നും വാമൊഴിപ്പാട്ടുകളായി ഞങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. അതിനെല്ലാം തന്നെ എഴുത്തുരേഖകളുമുണ്ട്. നോവൽസാഹിത്യത്തെ അധികരിച്ചിട്ടുള്ള പാട്ടുകൾ ഞങ്ങൾക്കിടയിൽ സജീവമായി തലമുറയിൽ നിന്നും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. മാലപ്പാട്ടുകൾ, ക്വിസ്സപ്പാട്ടുകൾ, എന്നിവക്കൊപ്പം തന്നെ ദ്വീപിൽ ഒരു കപ്പൽ വന്നു വീണതിനെക്കുറിച്ച് മുന്നൂറ്റിച്ചില്ലാനം പേജുകളുള്ള ഒരു പാട്ടു ഇന്നും ഞങ്ങൾ പാടിനടക്കുന്നു. ചരിത്രവും ഐതിഹ്യങ്ങളും പാട്ടിലൂടെ അവതരിപ്പിക്കുന്ന ഒരു സമ്പ്രദായം ഇവിടെയുണ്ട്. ഫോക്ലോറുകൾക്കും ഇവിടെ പഞ്ഞമില്ല. ഒരുപാട് നാടൻപാട്ടുകൾ ഞങ്ങളുടെ ജീവിതവും തൊഴിലും പ്രണയവും വിരഹവുമായൊക്കെ ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ആലിരാജാവ് അമ്മേനി ദ്വീപിൽ നിന്നും ഓമനപ്പൂവ് എന്നുപേരായ ഒരു പെൺകുട്ടിയെ മോഹിച്ച് കല്യാണം കഴിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഓമനപ്പൂവ് എന്നുപറയുന്ന ഒരു രസകരമായ പാട്ടുണ്ട്. അതുപോലെ കടൽക്കൊള്ളക്കാരനായ കുട്ടിയമ്മദ് വന്ന് കൽപ്പേനി ദ്വീപിലുള്ള സാണംകദിയയെ കട്ടുകൊണ്ടുപോയതുമായ സംഭവുമായി ബന്ധപ്പെട്ട് സാണംകദിയ എന്ന ഒരു പാട്ട് നിലനിൽക്കുന്നുണ്ട്. വളരെ രസകരമാണ് ഈ പാട്ടുകൾ. മീൻപിടിത്തവുമായി ബന്ധപ്പെട്ട പറവമാല എന്ന ഒരു പാട്ടുണ്ട്. പറവ എന്നത് പറക്കുന്ന ഒരുതരം മീനാണ്. ആ മീനിനെ ചെറുതോണിയിൽ പിടിക്കാൻ പോകുന്ന ഒരു സമ്പ്രദായവും ഇവിടെയുണ്ട്. അതിനെ കുറിച്ചുള്ള പാട്ടാണ് പറവമാല. കേരളത്തിലും തമിഴ്നാട്ടിലും ലക്ഷദ്വീപിലും ഒരുപോലെ പ്രചാരണത്തിലുള്ള പാട്ടാണ് യൂസഫ്കിസ്സപാട്ട്. ആന്ദ്രോത് ദ്വീപിലുള്ള ഐശ്യരോട് മുത്തുകോയാ തങ്ങളാണ് ഇതിന്റെ രചന നടത്തിയിരിക്കുന്നത്.

അങ്ങനെ പാട്ടുപാരമ്പര്യത്തിന്റെ ഒരു വലിയ ശേഖരം തന്നെ ഇന്നും അച്ചടിപുരളാതെ ലക്ഷദ്വീപിലെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അതുപോലെ കോലസ്സിരിമാല എന്നുപറയുന്ന അധ്യാത്മികകൃതിയും ലക്ഷദ്വീപിനുണ്ട്. സൂഫിസവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ദ്വീപിന്റെ പാരമ്പര്യം എന്നു പറഞ്ഞല്ലോ. മനുഷ്യന്റെ ശരീരവും ആത്മാവും രണ്ട് സ്ത്രീകളായി ചിത്രീകരിച്ച് കൊണ്ടാണ് ഈ കൃതി രചിച്ചിട്ടുള്ളത്.കോലസ്സിരി എന്നുപറഞ്ഞാൽ സ്ത്രീയുടെ കോലം പ്രാപിച്ചവൾ എന്നാണ് അർഥം. ദ്വീപുഭാഷയിൽ വളരെ രസകരമായിട്ടുള്ള പ്രയോഗങ്ങളെല്ലാം അതിൽ ഉപയോഗിച്ചിട്ടുണ്ട്. വേലയെടുക്കുന്നവൾ എന്ന അർഥത്തിൽ ശരീരത്തെ വേലസ്സിരി എന്നും സൗന്ദര്യമുള്ളവൾ എന്ന അർഥത്തിൽ ആത്മാവിനെ ബാലസ്സിരി എന്നും വിളിക്കുന്നുണ്ട് ഈ പാട്ടിൽ. മനസ്സിന്റെ മോശമായ കാര്യങ്ങളെയെല്ലാം സംസ്ക്കരിച്ചുകഴിഞ്ഞാൽ ജീവിതസാക്ഷാത്‌ക്കാരത്തിനുള്ള ആത്മവിദ്യകളാണ് ഇതിലുള്ളത്.

മഹരങ്കീസുമാല എന്ന ഒരു മാലപ്പാട്ടുണ്ട്. അത് ശരിക്കും അറബി മലയാളത്തിൽ രചിച്ച നോവലാണ്. രാജാവും രാജാവിന്റെ ഭാര്യയും രാജാവിന്റെ അനുചരനും ഒക്കെ അടങ്ങിയിട്ടുള്ള കൗതുകമുള്ള ഒരു കഥയാണിത്. അറബിക്കഥപോലെ രസകരമായതൊന്ന്. ഇത്തരത്തിൽ മിത്തുകളുടെയും വാമൊഴിപ്പാട്ടുകളുടെയും സാംസ്കാരികാന്തരീക്ഷത്തിൽ സൈ്വര്യജീവിതം നയിച്ചുവരികയാണ് ഞങ്ങൾ.

താങ്കളുടെ മേൽവിലാസത്തിൽ ഏറെ ആകർഷകമായി തോന്നിയ ഒന്നാണ് വീടിന്റെ പേരായ അനുരഞ്ജനം. വർത്തമാനകാലദ്വീപ് ജീവിതത്തിൽ ഏറെ ചർച്ചചെയ്യപ്പെടേണ്ട ഒരു പേരായിരിക്കുന്നു അനുരഞ്ജനമെന്നത്.

ലക്ഷദ്വീപിന്റെ രാഷ്ട്രീയം വളരെ പ്രത്യേകതകൾനിറഞ്ഞതാണ്. ഓരോ ദ്വീപുകാരന്റെയും ചോര പരിശോധിച്ചാൽ പാർട്ടിക്കാരുടെ കൊടിയുടെ നിറമായിരിക്കും എന്നാണ് പറയുക. ഡോ. കെ.കെ മുഹമ്മദ് കോയയുടെയും പി.എം. സെയ്തിന്റെയും പാർട്ടി എന്നാണ് ദ്വീപുകാർ തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുക. അവരുടെ പാർട്ടിയുടെ നിറമായിരിക്കും ഇവരുടെ ചോരക്കും എന്നുപറയാറുണ്ട്. രാഷ്ട്രീയപരമായിട്ടും ദ്വീപുകാർ സമാധാനപ്രിയരാണ്. അവിടേക്കാണ് വളരെ കലുഷിതമായ നിയമങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്നത്. ഓരോ ദ്വീപുകാരന്റെയും പ്രശ്നമാണിത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ഞങ്ങൾ. രാഷ്ട്രീയത്തിന്റെ വേർതിരിവുകൾ ഞങ്ങൾക്കിടയിലില്ല. നേരത്തെയുള്ളത് ശരിക്കും പറഞ്ഞാൽ തികച്ചും അന്ധമായ പിന്താങ്ങളുകളായിരുന്നെങ്കിൽ ഇപ്പോൾ സുവ്യക്തമായരാഷ്ട്രീയബോധം ഓരോ ദ്വീപുകാരനുമുണ്ട്. വൈകാരികമായ രാഷ്ട്രീയ വിധേയത്തങ്ങളിൽ നിന്നും ദ്വീപ് ജനത കരകയറിക്കഴിഞ്ഞു. പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്നത് ദ്വീപ് ജനത ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭീകരതയെ തിരിച്ചറിയുകയും സ്വതന്ത്രമായ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കാൻ പ്രാപ്തിയുള്ളവരായിത്തീരുകയും ചെയ്തു എന്നതാണ്. അനുരഞ്ജനം ഞങ്ങളുടെ മാർഗമാണ്, അനീതികളോട് അനുരഞ്ജനവുമില്ല.

ഭക്ഷണം,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ പുതിയ ഇടപെടലുകളും പിടിമുറുക്കങ്ങളും വന്നതായി അറിയുന്നു.

ലക്ഷദ്വീപ് പണ്ടുമുതലേ തന്നെ തൽപ്പരകക്ഷികളുടെ നോട്ടത്തിൽ പെട്ടതാണ്. നേരിട്ട് ഇടപെടാനും കൈവെക്കാനുമുള്ള സാഹചര്യം അവർക്ക് ഇതുവരെ വന്നുചേർന്നില്ല എന്നതായിരുന്നു ലക്ഷദ്വീപിന്റെ ഭാഗ്യവും. വിദ്യാഭ്യാസത്തിന്റ കാര്യത്തിൽ മലയാളം ആണ് ഞങ്ങൾക്കേറ്റവും തുണ. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷയുടെ അൽപം കൂടി ഉയർന്നതലത്തിലുള്ള സംവേദനക്ഷമതയാണത്. കേരളാ പാറ്റേണിലുള്ള ഇംഗ്ലീഷ് മീഡിയമാണ് മിക്ക ദ്വീപുകളിലും പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈയടുത്ത ദിവസം ഉത്തരവ് വന്നു. കേരളാസിലബസ് ഇനി പഠിപ്പിക്കേണ്ടതില്ല. മുഴുവനായും സി.ബി.എസ്.ഇ സിലബസ്സാക്കി മാറ്റി. ദ്വീപിൽ നിന്നെല്ലാം ഏകസ്വരത്തിൽ പ്രതിഷേധമുയർന്നു. ഞങ്ങൾക്ക് കേരളാപാറ്റേൺ തന്നെ മതി എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും സി.ബി.എസ്.ഇ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം കേരളാപാറ്റേണിലുള്ള മലയാളം മീഡിയം വിദ്യാഭ്യാസം തുടരുകയും ചെയ്യുന്നുണ്ട്.

ലക്ഷദ്വീപുകാരൻ എന്തുപഠിക്കണം, എന്തുഭക്ഷിക്കണം, എന്തുജോലിചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ പിടിമുറുക്കിയാൽ ഞങ്ങൾ അസ്വസ്ഥരാവുകതന്നെ ചെയ്യും. മത്സ്യവും തേങ്ങയും കഴിച്ച് ജീവിച്ചവരാണ് ലക്ഷദ്വീപുകാർ. അരിയൊക്കെ കിട്ടാക്കനിയായിരുന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. തേങ്ങയും ആൽവൃക്ഷത്തിന്റെ കായയായ പാലലവും അത്തിപ്പഴവും മച്ചിങ്ങയും കൊഴിച്ച് തിന്ന കാലമൊക്കെ ദ്വീപിനുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞുപോയി. കറവയറ്റ പശുക്കളെ അറുത്ത് ഭക്ഷിക്കുക എന്നത് ഞങ്ങൾ രുചിയോടെ ആസ്വദിച്ചഭക്ഷണമാണ്. വൻകരയിൽ നിന്ന് കൊണ്ടുവരുന്ന പശുക്കളും പോത്തുമൊക്കെയാണ് ഞങ്ങൾ മാംസത്തിനായി ഉപയോഗിക്കാറ്. മാംസത്തിനുമാത്രമായി കാലികളെ വളർത്തുന്ന രീതിയൊന്നും ഇവിടെയില്ല. പ്രാദേശികമായി വളരെകുറച്ച് അറവുശാലകൾ മാത്രമാണുള്ളത്. വാണിജ്യാടിസ്ഥാനത്തിൽ അറവുമില്ല. പൊതുവിൽ ലഭ്യമല്ലാത്തതും എന്നാൽ പ്രിയങ്കരവുമായ ഭക്ഷണം കൊണ്ടുവന്ന് രുചിയോടെ കഴിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബീഫ് എന്നത്. ആ രുചിസ്വാതന്ത്ര്യത്തെയാണ് കേന്ദ്രം വിലക്കിയിരിക്കുന്നത്.

ഗോവധനിരോധനം എന്നതിൽ ദ്വീപുകാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമൊന്നുമില്ല. പക്ഷേ ഞങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തെ വിലക്കുക എന്നതിലാണ് അത് ഗൗരവമാകുന്നത്. തീൻമേശവരെ, സ്വകാര്യതയെ ചോദ്യം ചെയ്തുകൊണ്ട് ഭരണാധികാരിയുടെ വിലക്കപ്പെട്ട കൈ എത്തുന്നു എന്നതാണ് വിഷയം. നിയമപരമായി എല്ലാവരും കഴിക്കുന്ന ഭക്ഷണമാണ് ബീഫ്. അത് ഞങ്ങൾക്ക് വിലക്കപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

ഗുണ്ടാനിയമത്തിന്റെ കരട് രേഖയൊക്കെ പൂർത്തിയായിരിക്കുകയാണ്. ക്രിമിനൽ നീതിനിർവഹണം ശരിയായ രീതിയിലല്ലേ അവിടെ നടക്കുന്നത്?

ശരിക്കുംആലോചിക്കുമ്പോൾ രസകരമായ സംഭവം തന്നെയാണ് ദ്വീപും ഗുണ്ടാനിയമവും. ഈ പറഞ്ഞ നിരോധനങ്ങളൊക്കെ നമ്മൾ വിശദമായി ദ്വീപ് സാഹചര്യത്തിൽ പഠിക്കേണ്ടതുണ്ട്. ഗുണ്ടാനിയവമും, ബീഫ്നിരോധനവും, ലാന്റ് അക്വിസിഷൻ ആക്ടുമെല്ലാം ഇപ്പോൾ കരടുരൂപത്തിലാണ് ഉള്ളത്. അത് നിയമമായി ഇറങ്ങാതിരിക്കട്ടെ. ഗുണ്ടാനിയമത്തിലേക്ക് വരാം. ലക്ഷദ്വീപിൽ ആകെ മൂന്നുകൊലപാതകങ്ങളാണ് കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തിനുള്ളിൽ നടന്നിട്ടുള്ളത. കേരളത്തിൽ കഴിഞ്ഞ എഴുപത്തിയഞ്ച് വർഷമായിട്ട് നടന്ന കൊലപാതകങ്ങളുടെ ചരിത്രം ഒന്നുപരിശോധിക്കൂ, കർണാടകയിലും തമിഴ്നാട്ടിലും ഡൽഹിയിലും ഗുജറാത്തിലുമുള്ളത് പരിശോധിക്കൂ. അപ്പോൾ ഭരണകൂടം അനുശാസിക്കുന്ന എല്ലാ നിർദ്ദേശങ്ങളുംപാലിച്ചുകൊണ്ട് പരസ്പരസഹകരണത്തോടെ ജീവിക്കുന്നത് ആരാണ്? ഒരു കത്തിക്കുത്ത് കേസോ, തട്ടിക്കൊണ്ടുപോകലോ, ക്വട്ടേഷൻസംഘങ്ങളുടെ പരസ്പരാക്രമണങ്ങളോ ഇവിടെയില്ല. പിന്നെയും പറയട്ടെ, ഞങ്ങൾ വളരെ സമാധാനപരമായിട്ടാണ് ജീവിച്ചിരുന്നത്. കെ. മുരളീധരൻ പറഞ്ഞതാണ് ഓർമ വരുന്നത് ലക്ഷദ്വീപിൽ ഇപ്പോൾ ഒരു ഗുണ്ട മാത്രമേ ഇറങ്ങിയിട്ടുള്ളൂ.

ഇത്തരം സാഹചര്യത്തിൽ ഇവിടെ ഗുണ്ടാനിയമത്തിന്റെ ആവശ്യകതയെന്താണ്? വ്യക്തവും ഗൂഢവുമായഉദ്ദേശ്യങ്ങൾ ആ നിയമത്തിന്റെ പിറകിലുണ്ട്. കലക്ടറുടെ ന്യായീകരണങ്ങൾക്കെതിരെ എന്റെ നാടായ കിൽത്താൻ ദ്വീപിൽ പ്രതിഷേമുണ്ടായി. ആ പ്രതിഷേധത്തിൽ പങ്കെടുത്ത ഇരുപത്തിനാലുപേരെ അറസ്റ്റുചെയ്തു. അറസ്റ്റുചെയ്ത ഇരുപത്തിനാലുപേരെ കൊണ്ടുപോയി തടവിലിടാൻ പറ്റിയ ജയിൽ അവിടെയില്ല. എം.പിയുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിർമിച്ച ഒരു മൾട്ടിപർപ്പസ് ഹാളിൽ ഇൗ ഇരുപത്തിനാല് പേരെയും കൊണ്ടുപോയി താമസിപ്പിച്ചു. വെറും രണ്ട് കക്കൂസുകളാണ് അവിടെയുള്ളത്. അറസ്റ്റ്ചെയ്തവരുടെ കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായി. ബാക്കി ഇരുപത്തിമൂന്നുപേരും പ്രൈമറികോൺടാക്റ്റുകാരായി. ഇവരെ ഇനി എന്തുചെയ്യണം എന്ന അവസ്ഥയിലായി അധികൃതർ. ഇതാണ് ദ്വീപിലെ ജയിൽ അവസ്ഥ. ഞങ്ങൾക്ക് ജയിൽ സംവിധാനത്തെ ആശ്രയിക്കേണ്ടി വരാറേയില്ല. പാർപ്പിക്കാൻ ആളുകൾ ഇല്ലാത്തതിനാൽ എത്രയോ കാലമായി കവരത്തിയിലെ ജയിൽ ഒരു സ്മാരകം പോലെ നിൽക്കുന്നു. ഇതാണ് കുട്ടികളേ ജയിൽ എന്ന് സ്കൂൾവിനോദയാത്രക്കുപോകുമ്പോൾ പറഞ്ഞുകൊടുക്കാം എന്ന ഉപകാരം മാത്രമേ ജയിലുകൾ കൊണ്ട് ദ്വീപുകൾക്ക് ഉണ്ടാവാറുള്ളൂ. ഗുണ്ടാ ആക്ട് നിലവിൽ വരുന്നതോടെ ഇവിടുത്തെ സ്കൂളുകളും ഗവൺമെന്റ് അടച്ചുപൂട്ടാൻ ധൃതികൂട്ടുന്ന സ്ഥാപനങ്ങളുമെല്ലാം ജയിൽ സംവിധാനത്തിന്റെ ഭാഗമായിമാറും എന്ന ആശങ്കയാണുള്ളത്.

നാഷണൽ ക്രൈം റെക്കോർഡ്സ് പ്രകാരം ലക്ഷദ്വീപിലെ ക്രൈം റേറ്റ് പൂജ്യമാണ്. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമോ കേനദ്രഭരണപ്രദേശങ്ങളോ ഈ സ്റ്റാറ്റസ് നിലനിർത്തുന്നുണ്ടോ? ഇവിടുത്തെ ക്രൈം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇത്രയും കാലത്തിനിടയിൽ ഒന്നോ രണ്ടോ ആളുകൾ കഞ്ചാവ് സംബന്ധമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടാവാം. അടിപിടിയോ, പിടിച്ചുപറിയോ ഇവിടെയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ ലക്ഷദ്വീപിലെ ആകെ കേസുകളുടെ എണ്ണം മൂന്ന് കൊലപാതകങ്ങളാണ്. വ്യത്യസ്ത കേസുകളിലായി, കാലങ്ങളിലായി മാനസികാസ്വാസ്ഥ്യമുള്ള മൂന്നുപേരാണ് ഇത് ചെയ്തിരിക്കുന്നത്. ഇവിടെയാണ് ഗുണ്ടാനിയമത്തിന്റ കരടുരേഖ പൂർത്തിയാക്കാൻ തിരക്കുകൂട്ടുന്നത്. ഇവിടെയാണ് അതിഭീകരപ്രദേശമായി മുദ്രകുത്താൻ ശ്രമിക്കുന്നത്.

'കോലോടം' എന്ന നോവൽ പറഞ്ഞിവെക്കുന്ന ദ്വീപ്ജീവിതം എന്നത് തികച്ചും ജാതീയവ്യവസ്ഥകൾ നിലനിൽക്കുന്ന, അന്ധവിശ്വാസങ്ങളും മറ്റും നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ ജീവിതമാണ്. ഇനി ഒരു രാഷ്ട്രീയനോവലിനുകൂടിയുള്ള സാധ്യത ഇന്നത്തെ ദ്വീപ് ജീവിതത്തിൽ നിന്നും കാണുന്നുണ്ടോ?

തീർച്ചയായിട്ടും. എന്റെ ആലോചനയിലുള്ള വിഷയമാണത്. 'കോലോടം' അന്നെഴുതുമ്പോൾ ഏറ്റവുംകൂടുതൽ എന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയ സംഭവം ഇവിടുത്തെ ജാതിവ്യവസ്ഥിതിയായിരുന്നു. എല്ലായിടങ്ങളിലും ഉള്ളതുപോലെ ഒരു പ്രണയമുണ്ടായാൽപോലും ഒന്നിച്ചുജീവിക്കാനനുവദിക്കാത്ത ജാതി വിദ്വേഷം ലക്ഷദ്വീപിലുണ്ട്. അവിടെയാണ് വലിയകോയ എന്ന പക്വതയുള്ള കഥാപാത്രത്തെ 'കോലോട'ത്തിൽ അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിന്റെ പ്രകൃതിക്കനുസരിച്ച് ജീവിക്കാൻ കഴിയുന്ന, സൂഫിപാരമ്പര്യമുള്ള ഒരു കഥാപാത്രമാണ് വലിയകോയ. അവിടെ അദ്ദേഹം നടത്തുന്ന ചില വിപ്ളവങ്ങളുണ്ട്. പട്ടിണിയായിരുന്നു അക്കാലത്തെ ദ്വീപിലെ ഏറ്റവും വലിയ ശത്രു. തൊട്ടടുത്തുതന്നെ ജാതിയുമുണ്ട്. പട്ടിണി ഒരുമിച്ചനുഭവിച്ചവർക്കിടയിലായിരുന്നു ഈ ജാതിവേർതിരിവ് എന്നും മനസ്സിലാക്കണം. അങ്ങനെയുള്ള സാഹചര്യത്തിലാണ് വലിയകോയ ജാതിയെ കബറടക്കുന്നത്. കോയ, മേലാച്ചേരി എന്നീ ജാതികളെയാണ് പള്ളിപ്പറമ്പിൽ കൊണ്ടുപോയി അദ്ദേഹം കബറടക്കുന്നത്. അങ്ങനയുള്ള ഒരു പശ്ചാത്തലമാണ് 'കോലോട'ത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് പക്ഷേ ഞാൻ ചിന്തിക്കുന്നത് രാഷ്ട്രീയസംരക്ഷണം ആവശ്യമുള്ള ലക്ഷദ്വീപിനെക്കുറിച്ചാണ്. അത് ഉടൻ തന്നെ എഴുതുക തന്നെ ചെയ്യും.

കോശോട്ടം- പ്രതികൂലമായ കാറ്റിനെ തോൽപ്പിക്കാൻ ഒരേദിശയിൽ ഓടി കാറ്റിനെ കീഴ്പ്പെടുത്തുന്ന ഓട്ടം- വളരെ രസകരമായി അവതരിപ്പിക്കുന്നു താങ്കൾ. ഇനി സത്യത്തിൽ ഏത് ഓട്ടമാണ് ദ്വീപിന്റെ രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യമേഖലയിൽ നടക്കാൻ പോകുന്നത്?

എന്റെ സഹപ്രവർത്തകന് ഈയിടെ ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുകയുണ്ടായി. ദ്വീപിലെ വർത്തമാനകാല അന്തരീക്ഷത്തിൽ ആശങ്കപ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതിയതാണ് കാരണമായത്. സാംസ്കാരിക പ്രവർത്തർ കൂടിയായ സർക്കാർ ഉദ്യോഗസ്ഥർ സത്യത്തിൽ ഭയത്തോടുകൂടിയാണ് ഇത്തരം സാഹചര്യത്തെ നോക്കിക്കാണുന്നത്. കടൽ എന്ന പ്രതികൂലസാഹചര്യത്തെ വരുതിക്കുനിർത്തി ജീവിതം കരുപ്പിടിപ്പിച്ചവരാണ് ദ്വീപുകാർ. കടൽ ഏതുസമയവും ഇണങ്ങുകയും പിണങ്ങുകയും ചെയ്യാം. ഞങ്ങൾ സ്വയം ആർജിച്ചെടുത്ത ടെക്നിക്കുകൾകൊണ്ട് കടലിനെ പരുവപ്പെടുത്തിയെടുത്തതാണ്. പറങ്കികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടിക്കൊണ്ട് ഇവിടെനിന്നും തുരത്തിയിട്ടുണ്ട് ദ്വീപുകാർ. കുട്ടിയമ്മദിനെപ്പോലെയുള്ള കടൽക്കൊള്ളക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ദ്രോഹിച്ചുകൊണ്ട് സ്വർണവും പണവുമൊക്കെ കവർന്നുകൊണ്ടുപോകുമ്പോൾ തന്ത്രപൂർവം നേരിട്ട ആളുകളാണ് ഞങ്ങളുടെ പിൻതലമുറക്കാർ. അറക്കൽ ബീവിയുടെ ഭരണകയ്യേറ്റങ്ങളിൽ പ്രതിഷേധിച്ച് അറക്കൽ പട്ടാളത്തെ പിടിച്ചുകെട്ടി ടിപ്പുവിന്റെ കൊട്ടാരത്തിൽ കൊണ്ടുപോയി ഇനിമുതൽ അറക്കൽ ഭരണം ഞങ്ങൾക്കുവേണ്ട എന്നു പ്രഖ്യാപിച്ചവരാണ് ദ്വീപുകാർ. അങ്ങനെ ദൃഢമായ ഒരു പാരമ്പര്യം ദ്വീപിനുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം ഇങ്ങനെയൊരു പ്രതിസന്ധി ദ്വീപിന് നേരിടേണ്ടി വന്നിട്ടില്ല.

കാറ്റ് ശക്തമായി കടലിൽ ആഞ്ഞടിക്കുമ്പോൾ ഞങ്ങളുടെ ഓടം ലക്ഷ്യം വെച്ചത് കോഴിക്കോടിനെയാണെങ്കിൽ ആ ലക്ഷ്യത്തിലെത്താൻ പറ്റില്ല. അപ്പോൾ കാറ്റിനനുകൂലമായിട്ട് ദിശതിരിച്ച് മെല്ലെമെല്ലെ ലക്ഷ്യസ്ഥാനത്തെത്തുന്ന കോശോട്ടമാണ് എക്കാലവും ഞങ്ങളുടെ സാങ്കേതികവിദ്യ. സാമൂഹിക-രാഷ്ട്രീയാന്തരീക്ഷത്തിൽ സാധ്യമാവേണ്ടുന്ന ഒരു കോശോട്ടത്തെക്കുറിച്ചാണ് ഇപ്പോൾ ഞങ്ങൾ ചിന്തിക്കുന്നത്. ഒരു പ്രത്യേകതരം കോശോട്ടത്തിൽ ഏർപ്പെട്ടാലേ ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. ആ കോശോട്ടം എന്നെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധിയൊക്കെ പ്രയോഗിച്ച നിസ്സഹകരണത്തിന്റെയും അഹിംസയുടെ സത്യാഗ്രഹത്തിന്റെയും നിരാഹാരത്തിന്റെയും ധ്യാനാത്മകമായ സമീപനങ്ങൾതന്നെയാണ്.

അതിന്റെ പ്രായോഗികത തുടക്കത്തിൽ തന്നെ ദ്വീപ് ജനത പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. മൃഗസംരക്ഷണവകുപ്പ് വിൽക്കാൻവെച്ച പശുക്കളെ വാങ്ങിക്കുന്നില്ല എന്ന് തീരുമാനിച്ചത് ജനങ്ങൾ തന്നെയാണ്. ഒരു നേതൃത്വവും പറഞ്ഞതല്ല. ആരും ലേലത്തിൽ പങ്കെടുക്കേണ്ടതില്ല എന്നു തീരുമാനിച്ചത് ജനങ്ങൾ തന്നെയാണ്. ബഹിഷ്കരണപ്രസ്ഥാനത്തിന്റെ പുനർജന്മമാണ് നടന്നത്. ആ ബഹിഷ്കരണത്തെ ദ്വീപിലെ ഒരു മനുഷ്യൻ പോലും എതിർത്തില്ല എന്നതാണ് ആശാവഹം. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. പ്രായോഗിക തലത്തിൽ ജനങ്ങൾ തന്നെ സമരവക്താക്കളാകുന്ന അവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു.

താങ്കൾ നേരത്തെ പറഞ്ഞ വൈകാരികവും സാമൂഹികവും സാംസ്കാരികവുമായ ബന്ധം കേരളവുമായി എത്രകാലം നിലനിർത്താൻ കഴിയും എന്നതിൽ ആശങ്കയുണ്ടോ?

എന്റെയൊക്കെ ചെറുപ്പകാലത്ത് ബാപ്പ കരയിലേക്ക് പോകുമ്പോൾ കന്യാകുമാരി മുതൽ ഗുജറാത്ത് വരെയുള്ള തീരപ്രദേശങ്ങളിലൊക്കെ ദ്വീപുകാരുടെ ഓടം എത്താറുണ്ടായിരുന്നു. വൻകര എന്ന് ദ്വീപുകാർ പറയുന്നത് മലയാളക്കരയെയാണ്. ഈ തീരപ്രദേശങ്ങളെയൊക്കെയും ചേർത്തിട്ടാണ് ദ്വീപുകാർ മലയാളക്കരയെന്ന് പറയുന്നത്. ഞങ്ങൾക്ക് മലയാളക്കരയെ മാത്രമേ അറിയുകയുള്ളൂ. മംഗലാപുരമായാലും ഗുജറാത്തായാലും കന്യാകുമാരിയായാലും ഞങ്ങൾക്ക് മലയാളക്കരയാണ്. മലയാളക്കരയിലേക്കാണ് ബാപ്പ പോകുന്നത് എന്നറിഞ്ഞാൽ കരകാണാനും,കെട്ടിടങ്ങൾ കാണാനും കരയെ അനുഭവിക്കാനുമുളള ആഗ്രഹത്താൽ കൂടെ പോകാൻ ഞാൻ നിർബന്ധം പിടിക്കും. ഇപ്പോൾ വരാൻ പറ്റില്ല, തിരികെ വരുമ്പോൾ അവിടെ നിന്നും മലയാളം കൊണ്ടുവരാം എന്ന് ബാപ്പ പറയും. ഓടത്തിലേറി ബാപ്പ പോയിക്കഴിഞ്ഞാൽ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പാണ് മലയാളത്തിനുവേണ്ടി. തിരികെ വരുമ്പോൾ ബാപ്പ വാക്കുപാലിച്ചിരിക്കും. പനയോലയിൽ പൊതിഞ്ഞ കുറേ മലയാളം അദ്ദേഹം കൊണ്ടുവരും. ഇതിന്റെ കെട്ട് പൊട്ടിക്കുന്നത് ഒരു ചടങ്ങാണ്. ഞങ്ങൾ കുട്ടികൾ അക്ഷമയോടെ കാത്തിരിക്കും. മഗ്രിബ് നമസ്കാരം കഴിഞ്ഞിട്ടാണ് ബാപ്പ കെട്ട് പൊട്ടിക്കുക. കത്തിയെടുത്ത് കെട്ട് പൊട്ടിച്ച് പനയോല നിവർത്തുമ്പോൾ തന്നെ മലയാളത്തിന്റെ മണം പരക്കും. അതിന്റെ കഷ്ണം മുറിച്ച് ഓരോരുത്തർക്കായും തിന്നാൻ തരും. ഞങ്ങൾ രുചിയോടുകൂടി മലയാളം കഴിക്കും.

വളർന്നുവലുതായി, ഒറ്റയ്ക്ക് കോഴിക്കോടൊക്കെ വരാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത് ചെറുപ്പത്തിൽ ഞങ്ങൾ തിന്ന മലയാളമത്രയും മിഠായിതെരുവിലെ രുചിയൂറും ഹൽവകളായിരുന്നുവെന്ന്. അത്രയും ഞങ്ങളുടെ ഓർമകളും വേരുകളും ആഴ്ന്നുകിടക്കുന്നത് കോഴിക്കോടും മലപ്പുറത്തും എറണാകുളത്തും കാസർകോടും കണ്ണൂരുമാണ്. മംഗലാപുരവുമായിട്ടും ഞങ്ങൾക്ക് ഇതേ ബന്ധം തന്നെയാണ് ഉള്ളത്. മംഗലാപുരത്തെ ഒഴിച്ചുനിർത്തി കോഴിക്കോടും എറണാകുളവും ദ്വീപിനുമുന്നിൽ കൊട്ടിയടക്കുന്നു എന്നതിൽ തികച്ചും നിഗൂഢവും ദുരുദ്ദേശപരവുമായ നീക്കങ്ങൾ ഇല്ലേ എന്നു ഞങ്ങൾ സംശയിക്കുന്നു. കോഴിക്കോടും എറണാകുളവും അടഞ്ഞാൽ ദ്വീപിലേക്ക് തുറക്കുന്ന ഏകവാതിൽ മംഗലാപുരമാണ്. സ്വാഭാവികമായും എറണാകുളം ഹൈക്കോടതിയെ ആശ്രയിക്കുന്ന ഞങ്ങൾ ഹൈക്കോടതി കർണാടകയിലേക്ക് മാറ്റുന്നു എന്ന പ്രചരണത്തെ മുഖവിലക്കെടുക്കേണ്ടതുണ്ട്. കേരളത്തെക്കാൾ സുഗമമായി കർണാടകയ്ക്ക് ദ്വീപിനുമേലുള്ള കേന്ദ്രത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നുറപ്പാണല്ലോ. അതിനുള്ള രാഷ്ട്രീയാന്തരീക്ഷമാണ് അവിടെയുള്ളത്. മുറിച്ചുതിന്ന 'മലയാള'ത്തിന്റെ രുചിയും പറഞ്ഞുപഠിച്ച മലയാളത്തിലെ പദങ്ങളിലുമാണ് ലക്ഷദ്വീപിന്റെ പ്രതീക്ഷയുള്ളത്.

വ്യവസ്ഥാപിത അജണ്ട നടപ്പിലാക്കപ്പെടുന്നു എന്നതിനെ ഞങ്ങൾ ഭയക്കുന്നു. കടൽത്തീരത്താണ് ഞങ്ങളുടെ ഉറക്കം. കാറ്റുമറ എന്ന ഓലഷെഡ് താൽക്കാലികമായി കെട്ടിയുണ്ടാക്കും.. എല്ലാ കുടുംബങ്ങൾക്കും ഇതുപോലെ ഓലഷെഡ്ഡുണ്ടാവും. അതിൽ കിടന്നുറങ്ങി കടലിൽ നിന്നും പിടിക്കുന്ന മീൻ കടപ്പുറത്തുതന്നെ വെച്ച് ചുട്ടെടുത്ത് തേങ്ങാപ്പൂളും കൂട്ടിതിന്ന് ഉറങ്ങുന്നവരാണ് ഞങ്ങൾ. കാലുകൾ മുഴുവൻ വെളുത്തമണലിൽ പൂഴ്ത്തിവെച്ച് ഓലമടലിനെ കുത്തനെ നിർത്തി അതിൽ ചാരിക്കിടന്നുറങ്ങുന്നവരാണ് ഞങ്ങൾ. ദ്വീപിനെ അത്രമേൽ ഉള്ളോട്ടെടുത്തവരാണ്. കാറ്റുമറയിൽ കിടന്നു പറയുന്ന രാക്കഥകളും പാടുന്ന പാട്ടുകളുമാണ് ഞങ്ങളുടെ സംസ്കാരം. അതൊന്നും അന്യംനിന്നുപോകാനോ ആ പാരമ്പര്യം പിഴുതെറിയാനോ ആരെയും അനുവദിക്കുകയുമില്ല.

ഇസ്മത്ത് ഹുസൈന്റെ 'കോലോടം' എന്ന നോവൽ വാങ്ങാം

Content Highlights : Inteview with Writer Ismath Hussain from Lakshadweep based on novel kolodam published by Mathrubhumi Books