മഹാഭാരതം, ഒരേസമയം, ഒരു സാഹിത്യകൃതിയാണ്. ഒപ്പം ഒരു ചരിത്രമാണ്. അതിനപ്പുറത്ത് അതൊരു സാമൂഹികരേഖയാണ്. അതിനുമപ്പുറം അതൊരു ഐതിഹ്യവുമാണ്. മഹാഭാരതം ഒരു ജൈവനിലമാണ്. എല്ലാവേരുകളും അതിലാണ് ആഴ്ന്നുനിൽക്കുന്നത്...തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്റെ തമിഴ് നോവൽ പരമ്പരയായ 'വെൺമുരശ്' 27 വാല്യങ്ങളായാണ് പുറത്തിറങ്ങിയത്. മഹാഭാരതം എന്ന മഹാഭൂമികയെക്കുറിച്ച് ജയമോഹനുമായി അരുൺ പി ഗോപി നടത്തിയ സംഭാഷണം വായിക്കാം.
രണ്ടരപ്പതിറ്റാണ്ട് നീളുന്ന നിരന്തരപഠനമാണ് മഹാഭാരതത്തെക്കുറിച്ച് താങ്കൾ നടത്തിയിട്ടുള്ളത്. മഹാഭാരതത്തെ പുനരാഖ്യാനംചെയ്യുന്ന തമിഴ് നോവലായ 'വെൺമുരശ്' പൂർത്തിയായിക്കഴിഞ്ഞു. മഹാഭാരതത്തിന്റെ ഘടനാസവിശേഷത ഒരു എഴുത്തുകാരനെന്നനിലയിൽ താങ്കളെ വിസ്മയിപ്പിക്കുന്നതെങ്ങനെയാണ്?
അസംഖ്യം കഥകളെ നെയ്തുണ്ടാക്കുന്ന ഘടനയാണ് മഹാഭാരതത്തിനുള്ളത്. ഒരു എഴുത്തുകാരനെന്നനിലയിൽ മഹാഭാരതം എന്നെ വിസ്മയിപ്പിക്കുന്നതും ഇതുകൊണ്ടാണ്. ഒരുപാട് കഥകളെ കൂട്ടിയോജിപ്പിക്കുന്ന മഹാകാവ്യം. മഹാഭാരതമെന്നത് ഒരു കഥയല്ല, കഥകൾകൊണ്ട് നെയ്തെടുത്ത ഒരു വലിയ ചിത്രശാലയാണ്. ഉദാഹരണത്തിന് അഗ്നിപുത്രിയാണ് ദ്രൗപദി. അഗ്നിയിലെരിയുന്നപോലെയാണ് ആ കഥാപാത്രം. കുറച്ചുപിന്നിലേക്കുപോയാൽ തപതി എന്ന കഥാപാത്രത്തെ കാണാനാവും. അഗ്നികൊണ്ട് ശരീരമുള്ള സ്ത്രീയാണ് തപതി. ദ്രൗപതിയുടെ പൂർവരൂപമാണ് അവൾക്ക്. താപം നിറഞ്ഞവൾ. കത്തുന്ന സ്ത്രീ എന്നതുതന്നെ ഒരു വലിയ രൂപകമാണ്. ദ്രൗപദിയുടെ കഥ ദമയന്തിയുടെ കഥയുമായി താരതമ്യപ്പെടുത്തിനോക്കൂ. ഏതാണ്ട് രണ്ടും ഒരേ കഥയാണെന്ന് മനസ്സിലാകും. സ്വയംവരം, ചൂതുകളി, സഭയിൽ ദ്രൗപദി അപമാനിതയാകുക, കാട്ടിലേക്കുചെല്ലുക... എല്ലാമുണ്ട്. മറ്റൊന്ന്, മൊത്തം മഹാഭാരതത്തിന്റെ ഒരു ചുരുങ്ങിയ രൂപം വിരാടപർവത്തിൽ കാണാൻ കഴിയും. അതിലും ചൂതുകളിയുണ്ട്, സഭയിൽ അപമാനിതയാകുന്നുണ്ട്, യുദ്ധമുണ്ട്. കഥകൾക്കൊണ്ടുള്ള ഒരു ചൂതുകളിയാണ് മഹാഭാരതം. കഥകൾ കഥകളെ മാറ്റിമറിക്കുന്നു. പറഞ്ഞുപറഞ്ഞ് കഥകൾ മാറുന്നു. കർണന്റെ കഥതന്നെ മൂന്നുരൂപത്തിലാണ് കാണപ്പെടുന്നത്. കർണാടകസംഗീതത്തിൽ ഒരേസ്വരം സൂക്ഷ്മമായി പാടിപ്പാടി വികസിപ്പിക്കാറുണ്ട്. അതുപോലെ ഒരു ഇംപ്രവൈസേഷനാണ് മഹാഭാരതം കഥകളിൽ ചെയ്യുന്നത്. ജീവിതം, ചരിത്രം, രാഷ്ട്രീയം, അധികാരം എല്ലാം കഥയാണ്. അതുകൊണ്ടാണ് കഥകളുടെ മഹാസാഗരമായ മഹാഭാരതം ആകർഷിക്കപ്പെടുന്നത്. ഒരുപാട് വംശകഥകളും നാടോടിക്കഥകളും നീതികഥകളും മഹാഭാരതത്തിലുണ്ട്. മൂവായിരം കൊല്ലംമുമ്പ് ജീവിച്ചിരുന്ന സൂതന്മാരുടെയും പാണന്മാരുടെയും സംഭാവനയുണ്ടതിൽ. മഴവെള്ളം ഒലിച്ച് കായലിൽ എത്തുന്നപോലെ അവരെല്ലാം പാടിയ കഥകൾ അവിടെ വന്നുചേർന്നിട്ടുണ്ട്. അവരെല്ലാം മഹാകാഥികരാണ്. പെട്ടെന്ന് ഞാൻ സ്വർഗത്തിൽ എത്തിയെന്നിരിക്കട്ടെ, അവിടെ ടോൾസ്റ്റോയി, ദസ്തയേവ്സ്കി, തോമസ് മൻ, വ്യാസൻ, ഹോമർ, കാളിദാസൻ, വൈക്കം മുഹമ്മദ് ബഷീർ, തകഴി ഇവരെല്ലാവരുമിരിക്കുന്നിടത്ത് എത്തിച്ചേർന്ന പ്രതീതിയാണ് മഹാഭാരതം വായിക്കുമ്പോൾ ഒരു കാഥികനെന്നനിലയിൽ എനിക്കുണ്ടാകുന്നത്.
മഹാഭാരതത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ സങ്കല്പിക്കാൻ കഴിയുമോ? പക്ഷേ, പുനരാഖ്യാനങ്ങളിൽ ഏതെങ്കിലുമൊരു കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ടും മറ്റുകഥാപാത്രത്തെ നിറംകൂട്ടിയോ നിറംകുറച്ചോ അവതരിപ്പിക്കുന്ന രചനാശൈലിയാണ് കാണാനാവുക. പി.കെ. ബാലകൃഷ്ണൻ രചിച്ച 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന കൃതിയിൽ അർജുനനെ ഇകഴ്ത്തിയെന്ന് താങ്കൾ വിമർശിച്ചിട്ടുണ്ട്.
മഹാഭാരതത്തിന്റെ ശക്തി, കേന്ദ്രകഥാപാത്രമില്ലെന്നതാണ്. കേന്ദ്രകഥാപാത്രമുണ്ടെങ്കിൽ ആ കഥാപാത്രം പ്രതിനിധാനംചെയ്യുന്ന ഭാവം, ആദർശം, ചിന്ത എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടാകും കഥ വികസിക്കുക. മഹാഭാരതം ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഒരു തരത്തിലും പൊരുത്തപ്പെട്ടുപോകാത്ത നായകന്മാരുടെ നീണ്ടനിര അതിലുണ്ട്. കൃഷ്ണൻ മഹാഭാരതത്തിന്റെ നായകനാണ്. അർജുനൻ നായകനാണ്, കർണൻ നായകനാണ്. നായകസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാവുന്ന പതിനഞ്ചുകഥാപാത്രങ്ങളെങ്കിലും മഹാഭാരതത്തിലുണ്ട്. ഇവരുടെയെല്ലാവരുടെയും കഥയായി മാറുമ്പോഴാണ് അതിന്റെ വ്യാപ്തി ഇത്രയേറെ വലുതാകുന്നത്. കൊടുമുടികൾമാത്രമുള്ള ഒരു ഭൂമികയാണ് ഹിമാലയം. എല്ലാ മഹാകാവ്യങ്ങളും ബൃഹദാഖ്യാനങ്ങളാണ്. മഹാഭാരതം ബൃഹദാഖ്യാനങ്ങളുടെ ബൃഹദാഖ്യാനമാണ്. ബൃഹദാഖ്യാനങ്ങൾക്ക് കേന്ദ്ര കഥാപാത്രമുണ്ടാവും. മഹാഭാരതത്തിന് കേന്ദ്രകഥാപാത്രമില്ലാത്തത് അതുകൊണ്ടാണ്. മഹാഭാരതം വായിക്കുമ്പോൾ നാം വളരുന്നതിനനുസരിച്ച് ആദർശനായകന്മാരും മാറിക്കൊണ്ടിരിക്കും. പത്തുവയസ്സിലൊക്കെ ഭീമനാകാം നമ്മുടെ ആദർശനായകൻ. പതിനഞ്ചുവയസ്സ് പിന്നിടുമ്പോൾ അർജുനനാകാം. നിരന്തരസഞ്ചാരിയും നിത്യ കാമുകനുമാണല്ലോ ആ കഥാപാത്രം. കുറച്ച് പ്രായംചെല്ലുമ്പോൾ, ജീവിതം കുരുക്ക് നിറഞ്ഞതാണെന്നും അതിന്റെ സത്ത ധർമമല്ല വിധിയാണെന്നുമൊക്കെ വിശ്വസിക്കുന്ന പ്രായത്തിൽ കർണനായിരിക്കും നായകൻ. താത്ത്വികമായ ചിന്തകളിലേക്കെത്തുമ്പോൾ കൃഷ്ണൻ നമ്മുടെ നായകനാകും. ചിലർക്ക് ഭീഷ്മരായിരിക്കാം ആ സ്ഥാനത്ത്. എന്റെ ഒരു സുഹൃത്തിന് വിദുരരാണ് മാനസികനായകൻ.
പുനരാഖ്യാനമെന്നത് ഒരു വ്യൂപോയിന്റിലൂടെ മാത്രമാണ് മഹാഭാരതത്തെ നോക്കിക്കാണുന്നത്. ആ വ്യൂപോയിന്റ് മാത്രമാണ് പുറത്തേക്കുവരുന്നത്. അല്ലാതെ മഹാഭാരതത്തിനോട് പൂർണമായും നീതിപുലർത്താനാകില്ല എന്നതാണ് വസ്തുത. എൻഡ്ലെസായ ഒരു സമസ്യയാണ് ജീവിതം. ഉത്തരമില്ലാത്ത ഒരു കടങ്കഥയാണ് ജീവിതമെന്നുള്ള ഒരു വ്യൂ പോയന്റിലൂടെയാണ് പി.കെ. ബാലകൃഷ്ണൻ കാണുന്നത്. കർണനെന്ന കഥാപാത്രം ഇതിനേറെ സഹായകമാണ്. ഇത് മികച്ച രീതിയിൽ ബാലകൃഷ്ണൻ അവതരിപ്പിക്കുന്നുണ്ട്. ചാഞ്ചല്യപ്പെട്ട മനുഷ്യന്റെ കഥപറയുമ്പോൾ എം.ടി. ഭീമനെ കൊണ്ടുവരുന്നു. ഇത് സ്വാഭാവികമാണ്. അത് മറ്റൊരു വ്യൂപോയന്റാണ്. ഇതിലൂടെ മഹാഭാരതം പൂർണമായും വരിച്ചിടാനാകില്ല. മഹാഭാരതം അർജുനന്റെ കഥകൂടിയാണ്. അർജുനൻ വലിയ കാരക്ടറാണ്. മഹാഭാരതത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് കൂടുതൽ വെളിച്ചം തെളിയിച്ച് കാണിക്കുന്നതുകൊണ്ട് മഹാഭാരതം കുറയുന്നുവെന്ന് അർഥമാക്കേണ്ടതില്ല. മഹാഭാരതത്തിന്റെ പൂർണരൂപം പുറത്തുവരുന്നില്ലെങ്കിലും ദാർശനികമായ ഒരുഭാഗം വളരെ തിളക്കത്തോടെ വരുകയാണ് ഇത്തരം പുനരാഖ്യാനങ്ങൾ ചെയ്യുന്നത്. നരേന്ദ്രകോഹ്ലിയുടെ മഹാസമർ, എസ്.എൽ. ബൈരപ്പയുടെ പർവ എന്നീവയാണ് എനിക്കിഷ്ടമായ മഹാഭാരത നോവലുകൾ. രണ്ടാമൂഴം, ഇനി ഞാനുറങ്ങട്ടെ എന്നീ നോവലുകൾ ഒരു കോണിലൂടെ നോക്കുന്ന കഥകളാണ്. 'ദാറ്റ്സ് ഗുഡ്; ബട്ട് നോട്ട് ഗ്രാന്റ് വിഷൻ'
മഹാഭാരതമെന്ന ഇതിഹാസത്തെ, അതിന്റെ ഭൂമിശാസ്ത്രവും ദാർശനികവുമായ തലങ്ങളെ ജയമോഹൻ എങ്ങനെയാണ് പഠനവിഷയമാക്കുന്നത്?
മഹാഭാരതം, ഒരേസമയം, ഒരു സാഹിത്യകൃതിയാണ്. ഒപ്പം ഒരു ചരിത്രമാണ്. അതിനപ്പുറത്ത് അതൊരു സാമൂഹികരേഖയാണ്. അതിനുമപ്പുറം അതൊരു ഐതിഹ്യവുമാണ്. തകഴിയുടെ ചെമ്മീൻ എന്ന കൃതിയിൽ മുക്കുവജീവിതങ്ങളുടെ സാമൂഹികരേഖ കാണാൻ സാധിക്കും. കേരളചരിത്രത്തിന്റെ ഒരു ഭാഗമാണത്, ഒരു ഐതിഹ്യവുമാണ്. അങ്ങനെ ഒരു കൃതിയെ പലതരത്തിൽ വായിക്കാം. മഹാഭാരതംപോലൊരു ബൃഹത്തായ മൂലപാഠം പല രീതിയിൽ വായിച്ചെടുക്കാവുന്നതാണ്. ഒരു മഹായുദ്ധത്തിന്റെ കഥ, സൂതന്മാർ പാടിയലഞ്ഞ കഥ. അതിനെ ഒരു ക്ലാസിക് ടെക്സ്റ്റാക്കി മാറ്റിയത് കൃഷ്ണദ്വൈപായനൻ എന്ന വ്യാസനാണ്. പിന്നീടതിൽ വംശകഥകൾ വൈശമ്പായനൻ എഴുത്തിച്ചേർത്തു. ജൈമിനി നീതിശാസ്ത്രം എഴുതിച്ചേർത്തു. അങ്ങനെ വ്യാസന്റെ നാലുശിഷ്യന്മാർ നാലുതരത്തിൽ എഴുതിച്ചേർത്തുവെന്നുമാണ് സങ്കല്പം. നാലുതലങ്ങളും
പൂർത്തിയാകാതെ വന്നപ്പോൾ സൂതദേവൻ ഫോക്ലോർ കഥകളും അതിൽ എഴുതിച്ചേർത്തെന്നും പറയപ്പെടുന്നു. മഹാഭാരതം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് അതിന്റെ ഭൂരിഭാഗവും നീതിശാസ്ത്രമാണെന്നതാണ്. അത് അഞ്ചാമത്തെ വേദമെന്നും ധർമശാസ്ത്രങ്ങളിൽ പ്രധാനമായത് അതാണെന്നും കരുതപ്പെടുന്നു. ധർമശാസ്ത്രമെന്ന് പറയപ്പെടുന്ന നൂറിലേറെ കൃതികൾ മഹാഭാരതത്തിൽ കാണാൻ കഴിയും. അതിന്റെയുള്ളിൽ ധാരാളം ഉപനിഷത്തുക്കളുണ്ട്. ഗീത ഒരു ഉപനിഷത്താണ്. വ്യാസനീതി ഒരു ഉപനിഷത്താണ്, ഭീഷ്മനീതി ഒരു ഉപനിഷത്താണ്, ഗണികനീതി ഒരു ഉപനിഷത്താണ്. മറ്റൊന്ന് മഹാഭാരതമെന്നത് വലിയൊരു ചരിത്രമാണ്. ഇന്ത്യയുടെ വിവിധ ഭൂഭാഗങ്ങളെക്കുറിച്ച് അതിൽ പ്രതിപാദിക്കുന്നുണ്ട്. പർവതനിരകൾ, പുണ്യക്ഷേത്രങ്ങളുടെ കണക്ക്, മലനിരകൾ, കുന്നുകൾ എന്നിവയുടെയെല്ലാം വിവരണം കാണാൻ സാധിക്കും. ഒപ്പം അതൊരു വലിയ മനുഷ്യകഥനവുമാണ്. മനുഷ്യസ്വഭാവത്തിന്റെ എല്ലാതലങ്ങളും പ്രതിപാദ്യവിഷയമാകുന്ന ഉജ്ജ്വലമായ നാടകീയഭാവന അതിൽ കാണാം. പിൽക്കാലത്ത് എഴുതപ്പെട്ട എല്ലാ പുരാണങ്ങളുടെയും അടിസ്ഥാനപുരാണം മഹാഭാരതമാണ്. വളരെക്കാലത്തിനുശേഷം എഴുതപ്പെട്ട പുരാണമാണ് ദേവീഭാഗവതം. ദേവീഭാഗവതം മഹാഭാരതത്തിലെ കഥകളുടെ മറ്റൊരു വ്യാഖ്യാനമാണ്. മഹാഭാരതം ഒരു ജൈവനിലമാണ്. എല്ലാ വേരുകളും അതിലാണ് ആഴ്ന്നുനിൽക്കുന്നത്.
ഭഗവദ്ഗീത, മഹാഭാരതത്തിന്റെ കേന്ദ്രബിന്ദുവാണെന്ന ഒരു വ്യാഖ്യാനമുണ്ട്. അതേസമയം, ബൗദ്ധസൗമ്പ്രദായത്തിലുള്ള 'ധർമസങ്കല്പ'മാണ് ഗീതയിൽ കാണാൻ കഴിയുന്നതെന്ന മറുവ്യാഖ്യാനവുമുണ്ട്. ഭക്തിപ്രസ്ഥാനകൃതികളിലാകട്ടെ ഗീതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുമില്ല...
ഇന്ത്യയുടെ ചിന്താഗതിയിൽ ഇന്ന് ഏറ്റവും വലിയ ഭാരം എന്നുപറയാവുന്നത്, അമ്പതുകൊല്ലത്തിലേറെയായി ജെ.എൻ.യു. ചുറ്റിപ്പറ്റിയുണ്ടായ മുൻവിധിനിറഞ്ഞ ചരിത്രരചനയാണ്. റൊമീല ഥാപ്പർ തുടങ്ങി ഒരു നിരതന്നെ ഇവിടെയുണ്ട്. സായിപ്പിന് എന്തുവേണമോ അത് എഴുതിക്കൊടുക്കലാണ് ഇവിടെയുള്ള ജെ.എൻ.യു. ചരിത്രകാരന്മാർ ചെയ്യുന്നത്. അവാർഡുപോലുള്ള കാര്യങ്ങൾക്കുവേണ്ടി ചിന്തയെയും ചരിത്രത്തെയും മാറ്റിയെഴുതുന്നത് നീതീകരിക്കാനാകാത്തതാണ്. അവർക്ക് ഗവേഷണത്തിൽ സത്യത്തെക്കാൾ വലുത് സ്വന്തം രാഷ്ട്രീയമാണ് ചെറിയൊരു അക്കാദമിക് സർക്കിളിൽ പറഞ്ഞ് ബോധ്യപ്പെടുത്തി സ്വയം സംസാരിച്ചുകൊണ്ടിരിക്കാം. എന്നാൽ, പുറത്തുള്ള ജനത അത് അംഗീകരിക്കുന്നില്ല. അവർക്ക് ഗവേഷണമറിയില്ല. പക്ഷേ, സ്വന്തം സംസ്കാരമെന്താണെന്ന് അറിയാം. ഇവരുടെ അമ്പതുകൊല്ലത്തെ വളച്ചൊടിക്കലും തലതിരിച്ചുള്ള അവലോകനങ്ങളുമാണ് ഇന്ന് ഹൈന്ദവവർഗീയത ഇത്രകണ്ട് വളരാൻ കാരണം. ഹിന്ദുമതത്തിനെയും ചിന്താഗതികളെയും ഇവർ മൃഗീയമായി ആക്രമിക്കുകയുണ്ടായി. അപ്പോൾ ഹൈന്ദവതയുടെ സംരക്ഷകരായി വർഗീയശക്തികൾ മുമ്പോട്ടുവന്നു. ഇന്ന് മൂവായിരം കൊല്ലത്തെ ചരിത്രമുള്ള സംസ്കാരംമുഴുവൻ അവരുടെ വോട്ടുബാങ്കിന് ആളെപ്പിടിക്കാനുള്ളതായി മാറിയിരിക്കുന്നു. ഇനി അവരുടെ കൈയിൽനിന്നുവേണം നാം മഹാഭാരതവും രാമായണവും പിടിച്ചെടുക്കാൻ.
ധർമത്തെക്കുറിച്ചാണല്ലോ ചോദ്യം, മഹാഭാരതമുടനീളം ധർമത്തെപ്പറ്റിമാത്രമാണ് സംസാരിക്കുന്നത്. മഹാഭാരതം ഉണ്ടാകുന്നതുതന്നെ അതിനുമുമ്പുണ്ടായിരുന്ന ആദിവാസി സംസ്കാരങ്ങളിൽനിന്നും ഒരു ഉറപ്പുള്ള ഫ്യൂഡൽ സംസ്കാരം ഉണ്ടാക്കിയെടുക്കാൻവേണ്ടിയാണ്. മഹാഭാരതം പലതരം ആദിവാസി ധർമങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അവയിൽനിന്ന് ഒരു സമന്വയം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. കുന്തി പലതരം ധർമങ്ങളെക്കുറിച്ച് പറയുണ്ട്. എങ്ങനെയാണ് ശ്വേതകേതു പുതിയധർമം ഉണ്ടാക്കിയതെന്ന് വിശദീകരിക്കുന്നു. അത്തരത്തിലുള്ള മുന്നൂറോളം ഭാഗങ്ങൾ മഹാഭാരതത്തിലുണ്ട്. മഹാഭാരതത്തിൽ ഏതുഭാഗമെടുത്ത് നോക്കിയാലും ധർമത്തെക്കുറിച്ച് കാണാൻ സാധിക്കും. അതായത് ഒരു രാജാവ് സ്വന്തം വിജയത്തിനായി എന്തും ചെയ്യാമെന്നത് ഒരുതരം ധർമമാണ്. അതാണ് ഗണികൻ പറയുന്നത്. ഒരു രാജാവിന് ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചേ ഭരിക്കാൻ കഴിയുകയുള്ളൂവെന്ന് പറയുന്നതും മറ്റൊരു ധർമമാണ്. അതാണ് വിദുരർ പറയുന്നത്. രണ്ടുധർമങ്ങളും തമ്മിലുള്ള വൈരുധ്യാത്മക പുരോഗമനമാണ് നാം മഹാഭാരതത്തിൽ കാണുന്നത്.
നേരത്തേ പറഞ്ഞിരുന്നല്ലോ, നീതിശാസ്ത്രങ്ങളെക്കുറിച്ച്, അവ പറയുന്നതും മുഴുവൻ ധർമങ്ങളെക്കുറിച്ചാണ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ ധർമസംവാദം എന്നുപറയുന്നതും മഹാഭാരതം തന്നെയാണ്. ഇന്ത്യയെന്ന മഹാരാജ്യം ഒരുപാട് വംശീയ, ജാതിയ സംസ്കാരമുള്ളതാണ്. പലതരം വംശീയതകളും ജാതികളുമുള്ള ഒരു രാജ്യത്ത് ഒരുപാട് നീതിസമ്പ്രദായങ്ങളും ധർമസമ്പ്രദായങ്ങളുമുണ്ട്. അവയെ മുഴുവൻ സംവാദത്തിലൂടെ ഒന്നാക്കാനുള്ള പരിശ്രമമാണ് മഹാഭാരതം ചെയ്യുന്നത്. അങ്ങനെയത് നിരന്തരം ധർമത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ധർമപുത്രൻ എന്നാണ് അതിലെ ഒരു നായകന്റെ പേരുതന്നെ. എല്ലായിടത്തും യുധിഷ്ഠിരൻ സംസാരിക്കുന്നത് ധർമത്തെക്കുറിച്ചാണ്. അങ്ങനെ ഉടനീളം ധർമത്തെക്കുറിച്ച് സംസാരിക്കുന്ന ഒരുകൃതി അതിന്റെ ഒരുഭാഗമായുള്ള ഗീത ചൂണ്ടിക്കാണിച്ച് അതിലുള്ള ധർമം, പിന്നീട് ആയിരം വർഷം കഴിഞ്ഞുവന്ന ബുദ്ധിസത്തിൽനിന്നാണ് ഉണ്ടായതെന്ന് പറയുന്നത് ബുദ്ധിപരമായ കുതന്ത്രമാണ്. അതിൽ ദുരുദ്ദേശ്യമുണ്ട്. ഹിന്ദുമതത്തിൽ ധർമമുണ്ടാകാൻ സാധ്യതയില്ലെന്ന വർഷങ്ങളായി പല കൊളോണിയലിസ്റ്റുകളും എഴുതിപ്പോരുന്നതാണ്. ഇത്തരം ഉദ്ദേശ്യശുദ്ധിയില്ലാത്ത ഗവേഷകർ നിമിത്തമാണ് ഹൈന്ദവസംസ്കാരത്തിന് എതിരാണെന്ന് ബി.ജെ.പി.ക്കാർ പറയുമ്പോൾ അത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ വിലപ്പോവുന്നത്.
Content Highlights: Interview Writer Jayamohan Shares his views on Mahabharatha with Arun P Gopi