*എഴുത്ത് പുതിയ തലമുറയ്ക്ക് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. *എഴുത്തിന്റെ ക്യാൻവാസിൽ ഭയവും മുൻവിധിയുമില്ലാതെ ഇടപെടുന്നു*രാഷ്ട്രീയ കവിതയെന്നോ പരിസര കവിതയെന്നോ തുടങ്ങിയ ബാനറുകൾ മുൻ തലമുറകളെപ്പോലെ പേറുന്നില്ല-ഇന്ത്യൻ യുവകവികളിൽ ശ്രദ്ധേയനായ ആദിത്യ ശങ്കർ തന്റെ കവിതകളെക്കുറിച്ച് സംസാരിക്കുന്നു.

ബൈലിംഗ്വൽ പോയറ്റ് എന്ന കാറ്റഗറിയിലാണ് ആദിത്യ. മലയാള കവിതായിടങ്ങളിൽ ഇടയ്ക്കിടെ വന്നുപോകുന്നയാൾ. രണ്ടിടങ്ങളിലും യുവകവികളെ എങ്ങനെ സ്വീകരിക്കപ്പെടുന്നു? എവിടെ നിന്നാണ് കൂടുതൽ മോട്ടിവേഷൻ ലഭിച്ചിരിക്കുന്നത്? എണ്ണത്തിലും പ്രചാരത്തിലും മുന്നിൽ നിൽക്കുന്നത് ആദിത്യന്റെ ഇംഗ്ലീഷ്‌ കവിതകളാണ്.

നമ്മുടെ കാവ്യപാരമ്പര്യം അറിയുന്നവർക്കറിയാം പോയറ്റ്/കവി എന്ന വിശേഷണം തന്നെയാണ് കവിതയിലെ ഏറ്റവും വലിയ സ്വീകാര്യതയെന്നത്. ആ ബഹുമതിയ്ക്ക് യോജിച്ച സാഹിത്യ സംഭാവന നടത്തുക എന്നതാണ് ഒരു എഴുത്തുകാരന് പ്രധാനം. ഒരു കവിതയിൽ നിന്ന് അടുത്ത കവിതയിലേക്ക് സഞ്ചരിക്കുക, അതിൽ മുന്നോട്ട് പോവുക എന്നത്. എല്ലാക്കാലത്തുമുള്ള പോലെ, വളരെ പ്രതിഭയുള്ള നൂറു കണക്കിന് യുവകവികൾ ഇന്നും ലോകകവിതയിലുണ്ട്. പ്രതിഭയുള്ളവരുടെ എഴുത്ത് ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ലോകം മുഴുവൻ എത്തുന്നു. മലയാളത്തിൽ നിന്ന് പല സഹ എഴുത്തുകാരുടെയും കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു. അത് പോലെ, ഇംഗ്ലീഷിലുള്ള മികച്ച സഹ എഴുത്തുകാരുടെ കവിതകൾ മലയാളത്തിലേക്കും. കവിതയുടെ വിഷയം അതിന് പിന്നിൽ പ്രവർത്തിക്കുന്ന അനുഭവതലം എന്നിവ അനുസരിച്ച് നമ്മൾ കവിതയുടെ ഘടനയിലും അവതരണത്തിലും തിരഞ്ഞെടുപ്പ് നടത്താറില്ലേ. അത് പോലെ, കാവ്യപരിസരത്തെ ആശ്രയിച്ച് ഭാഷയും (ഇംഗ്ലീഷ്/മലയാളം) ഞാൻ തിരഞ്ഞെടുക്കുന്നു. ആഗോളസാധ്യത മുന്നോട്ട് വെക്കുന്നതിനാൽ ഇംഗ്ലീഷ് ഭാഷയിൽ വായനാ സമൂഹവും വലുതാണ്. മാത്രമല്ല, ലോകത്തെ പുതിയ കവിതയുടെ നിലവാരത്തിൽ നിന്നാലേ ഒരു 'ഔട്സൈഡർ' എന്ന നിലയിൽ പ്രസിദ്ധീകൃതമാവുക തന്നെയുള്ളൂ. ഈ നിലയ്ക്ക് നമ്മുടെ കവിത എവിടെ നിൽക്കുന്നു എന്ന ബോധ്യം നമ്മൾക്ക് ലഭിക്കും. പല കവിതകളും പുസ്തകങ്ങളും വ്യാപകമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു എന്നത് സന്തോഷപൂർവം ഓർക്കട്ടെ. എല്ലാരുടെയും ഒപ്പമെങ്കിലും ഒറ്റയ്ക്ക് നിൽക്കാനും സ്വയം കേൾക്കാനും അതിൽ മറ്റുള്ളവരെ കേൾപ്പിക്കാനുമൊക്കെയുള്ള ഒരു ശ്രമം കൂടിയാണല്ലോ കവിതയെഴുത്ത്.

ആഫ്റ്റർ സീയിങ്, പാർട്ടി പൂപേഴ്സ്, ഡബിൾ എക്സൽ എന്നീ കവിതാസമാഹാരങ്ങൾ തികച്ചും വ്യസ്തമായ വഴികൾ തിരഞ്ഞെടുത്തവയാണ്. തികച്ചും ഉത്തരാധുനികമായ കാഴ്ചപ്പാടുകൾ കോസ്മോപൊളിറ്റൻ തീമുകൾ. കവിതയെ ആദിത്യന്റെ തലമുറ എങ്ങനെ നിർവചിക്കുന്നു?

അവസരം കിട്ടാത്തവരുടെ സംസാരമാണ് കവിത എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കേൾക്കാൻ ആളില്ലാത്തവരുടെ വിളിച്ച് പറയൽ. അതിനാൽ തന്നെ, പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ പക്ഷത്ത് അത് ചേരുന്നു. പറയാനുള്ളത് ശക്തിയോടും ആഴത്തിലും പറയുക എന്നത് സ്വയമേ നിർവഹിക്കുന്നു. ഇത്തരത്തിൽ കവിതയുടെ ക്യാൻവാസിനെ ഫലപ്രദമായി വിന്യസിക്കാത്ത കൗതുക രചനകൾ നിലനിൽക്കില്ല എന്നത് കവിതയുടെ നിത്യസത്യമായി ഇപ്പോഴും തുടരുന്നു. അങ്ങനെയെങ്കിലും, എഴുത്തിന്റെ പ്രധാനദൗത്യം ഏറ്റവും പുതിയ നിമിഷത്തെയും അതിന്റെ സത്തയെയും കണ്ടെത്തുകയാണെന്ന് പുതിയ കവിത തിരിച്ചറിയുന്നുണ്ട്. സാങ്കേതികതയോടും വസ്തുക്കളോടും യുദ്ധത്തോടും രോഗത്തോടും സാമ്പത്തിക പ്രതിസന്ധികളോടും ലൈംഗികതയോടും വിവേചനത്തോടും മറ്റും സഹവർത്തിക്കുന്ന പുതിയ മനുഷ്യനെ അത്തരം കവിതകളിൽ കാണാം. പുതിയ ലോകത്തോടൊപ്പമെത്താനുള്ള പാച്ചിൽ, അതിന്റെ അറിയായ്കകൾക്കുള്ളിൽ ജീവിച്ച് പോകാനുള്ള ശ്രമം, ഇതിനൊപ്പമുള്ള യാത്രയും വിയോജിപ്പുമുണ്ട് പുതിയ കവിതയിൽ. അതിനാൽ തന്നെ, എഴുത്ത് പുതിയ തലമുറയ്ക്ക് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. ഉറച്ച ബോധ്യങ്ങൾ അല്ല, തീരാ സംശയങ്ങളാണവർക്ക് കവിത. അതിലവർ മുൻ തലമുറകൾ അനുശാസിക്കുന്ന നിയമങ്ങളൊന്നും പാലിക്കാൻ ശ്രമിക്കുന്നില്ല. എഴുത്തിന്റെ ക്യാൻവാസിൽ ഭയവും മുൻവിധിയുമില്ലാതെ ഇടപെടുന്നു, ഒപ്പമുള്ളവരുടെ എഴുത്ത് വായിക്കുന്നു. രാഷ്ട്രീയ കവിതയെന്നോ പരിസര കവിതയെന്നോ തുടങ്ങിയ ബാനറുകൾ മുൻ തലമുറകളെപ്പോലെ പേറുന്നില്ല. നമ്മുടെ കാവ്യ പാരമ്പര്യത്തോടല്ല വെയ്-വെയുടെ ഇൻസ്റ്റലേഷൻ ആർട്ടിനോടും സിസ്സാക്കോയുടെ സിനിമയോടും ഒപ്പം പുതിയ കവിത അതിന്റെ സെൻസിബിലിറ്റി ചലിപ്പിക്കാൻ ആഗ്രഹിക്കുന്നു. ലോക സിനിമയെക്കുറിച്ചുള്ള ആഫ്റ്റർ സീലിങ് (2006) മുതൽ എല്ലാ എഴുത്തിലും ഈ ഒരു ഫോക്കസിൽ തന്നെയാണ് കവിതയിൽ ഇടപെടാൻ ശ്രമിച്ചിട്ടുള്ളത്.

There are hundreds of birds in this city, unnoticed.
| recognize the one that flies from this page.
There are hundreds of poets in the city, unnoticed.
..സാഹിത്യത്തിലെ ഐഡന്റിറ്റി ക്രൈസിസ് വെളിവാക്കുന്ന കവിതാശകലം. നിരവധിപേരുടെ ആത്മഗതം. ആദിത്യ പ്രതിനിധാനം ചെയ്യുന്ന കവിസമൂഹത്തിന് സോഷ്യൽ മീഡിയ എന്ന വിശാലമായ പ്ളാറ്റ് ഫോം തന്നെ ധാരാളമല്ലേ?


മാധ്യമം ഒരു കവിയെയോ അയാളുടെ സാധ്യതകളെയോ നിർവച്ചിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ല. ചെറിയ മാസികകൾ നടത്തിയും എഴുതിയും തന്നെയാണ് ഇന്നത്തെ പ്രമുഖ എഴുത്തുകാർ തുടങ്ങിയത്. അച്ചടി, ബ്ലോഗ്, സോഷ്യൽ മീഡിയ മറ്റ് ഡിജിറ്റൽ പബ്ലിഷിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ തികച്ചും സാങ്കേതികമായ വേർതിരിവുകളാണ്. കേരളത്തിലെ തന്നെ പ്രമുഖമായ മാധ്യമങ്ങളുടെ ഡിജിറ്റൽ റീച്ച് എങ്ങനെ വളരുന്നു എന്നത് നമ്മൾ കാണുന്നുണ്ടല്ലോ. അങ്ങനെയിരിക്കെ, അച്ചടിക്കവിതയുടെ മേന്മ ഡിജിറ്റൽ കവിതയുടെ മേന്മ എന്നിങ്ങനെയുള്ള ചർച്ചകളിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. മാധ്യമങ്ങളുടെ ഇടയിലുള്ള അധികാരക്രമം മാറി മറിഞ്ഞ് കൊണ്ടേയിരിക്കും. എത്താതാവുന്ന എല്ലാ മാധ്യമങ്ങളിലും എത്തുക എന്നതാണ് കവിതയെ സംബന്ധിച്ച് പ്രധാനം. കവി കേന്ദ്രിതമായ വായനാ പദ്ധതി നിലനിൽക്കുന്ന കേരളത്തിൽ കവി ബാഹുല്യം കൊണ്ടുള്ള ഐഡന്റിറ്റി ക്രൈസിസ് ഒരു തരത്തിൽ നല്ലതാണ്. കവികളേക്കാൾ കവിത മുന്നോട്ട് വരട്ടെ.

5000 square feet villa,
75 Kg of weight,
4,999 FB friends, and
60 years of memory.
The man who died yesterday
is a fool, like us.

ഒറ്റയടിയക്ക് മനുഷ്യനെ കൊന്നുകളഞ്ഞ പ്രതീതിയാണ് രഹസ്യം എന്ന് പേരിട്ടിരിക്കുന്ന കവിതയിലെ വരികൾ തരുന്നത്. എന്തായിരുന്നു ഇങ്ങനെയൊരു കവിത രചിക്കാനുണ്ടായ പ്രചോദനം?

മനുഷ്യർ നിന്ന നിൽപ്പിൽ അപ്രത്യക്ഷരാവുന്ന, എന്നാൽ അവരുടെ തിരോധാനത്തിൽ വലിയ അസ്വസ്ഥതയൊന്നും തോന്നാത്ത ഒരു സമൂഹമാണ് നമ്മുടേതെന്ന് പലപ്പോഴും ഞെട്ടലോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു മദ്ധ്യവർഗ്ഗ സുഖജീവിതത്തിന്റെ ശേഷിപ്പിലുള്ള മൗഢ്യം അയാളുടെ തന്നെ മരണത്തെ മുൻനിർത്തി അവതരിപ്പിക്കുക എന്നതായിരുന്നു ഈ കവിതയുടെ ഫോക്കസ്.

When children ask what is left when a bird flies off from the tree's branches...ആദിത്യന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന വരികൾ. രാഷ്ട്രീയവും സാഹിത്യവും തമ്മിൽ നല്ലനീക്കുപോക്കുകൾ ഉണ്ടെന്ന് ആദിത്യൻ സമ്മതിക്കുന്നുണ്ടോ?

ആത്യന്തികമായി സാഹിത്യവും ഒരു പറച്ചിൽ ആണല്ലോ. അതിൽ നമ്മുടെ പ്രതീക്ഷകളും രാഷ്ട്രീയവും പ്രണയവും എല്ലാം വരും. നമ്മൾ സ്വീകരിക്കുന്ന എഴുത്ത് രീതി അനുസരിച്ച് രാഷ്ട്രീയം നേരിട്ടോ പരോക്ഷമായോ അവതരിപ്പിക്കാമെന്ന് മാത്രം. പുതിയ കവിതയ്ക്ക് അതിന്റേതായ പുതിയ രാഷ്ട്രീയവും ഉണ്ട്. ടെക്നോ-ഇമ്പീരിയലിസവും ഡിജിറ്റൽ കോളോണിയലിസവും പോസ്റ്റ് ഇക്കോ-പൊളിറ്റിക്സും തുടങ്ങി പുതിയ രാഷ്ട്രീയ ചിന്തകളോടത് സംവദിക്കുന്നു. സീരിയസ് ആയ പുതിയ കവിത പൊതുവിൽ ആന്റി-പോപ്പുലിസ്റ്റ്‌ ആണെന്നും കാണാം. നിലവിലുള്ള കാവ്യരീതികളോട് ചേർന്ന നിൽക്കാത്ത, പുതിയ ദിശ തീർക്കുന്ന കവിതകൾക്ക് കവിതയുടെ പോലും മുഖ്യധാരയിൽ സ്ഥാനം ലഭിക്കില്ലെന്നത് സ്വാഭാവികം. എങ്കിലും, ഒറ്റയ്ക്ക് നിന്നാലും കവിതയെ പുതുക്കണമെന്ന പുതിയ കവിതയുടെ ദാർഷ്ട്യത്തോടും രാഷ്ട്രീയത്തോടും യോജിപ്പ്.

ഉഷ്ണ മേഖലയിലെ കാമത്തിന് തണലിന്റെ മണം.
ഭൂമിയുടെ പൊക്കിളിൽ മാന്തളിരുകളുടെ കൈപ്പട പോലെ,
സൂര്യരശ്മികൾ കൊതിക്കുന്ന വൈക്കോൽത്തുറുവിനകം പോലെ,
കൂറകളുടെ കാമശാസ്ത്രത്തിലെ പത്തായപുരകൾ പോലെ.
വീട്ടിലെ കാമം
ഇരുട്ട് തിന്ന് വീർത്ത
മുറിയുടെ കുംഭയ്ക്കുള്ളിൽ.
അടച്ച ജനാലയിലൂടെ ശബ്ദം വാർന്ന്, പാൽ തളച്ച് പൊന്തുന്നതറിയാതെ, തൂവി, തൂവി.

മനുഷ്യസഹജമായ അടക്കിപ്പിടിക്കലുകൾ കൊണ്ട് സമ്പന്നമായകവിത. മലയാളത്തിലേക്കെത്തുമ്പോൾ ആദിത്യ കവിതയ്ക്ക് അല്പം കൂടി ജാഗരൂകത കൈവന്നിരിക്കുന്നതുപോലെ. സംസ്കാരങ്ങളുടെ അതിർത്തി ലംഘനം ഈയിടത്തിലും പ്രശ്നമാണോ?

ഭൂമിശാസ്ത്രപരമായ അതിർത്തികളുടെ മൂർത്തതയില്ല സംസ്കാരങ്ങൾ തമ്മിലുള്ള അതിർത്തികൾക്ക്. അവ കെട്ടുപിണഞ്ഞു കിടക്കുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയും സമഗ്രതയും അടയാളപെടുത്തുക എന്നത് മാത്രമാണ് എഴുത്തിലൂടെ നിർവഹിക്കാൻ ശ്രമിക്കുന്നത്. അതിനാൽ, അടക്കിപ്പിടിക്കലുകളുള്ളവരെപ്പറ്റിയുള്ള കവിത അടക്കിപ്പിടിക്കലുകൾ കൊണ്ട് സമ്പന്നമാക്കുക എന്നത് തന്നെയാണ് ശരിയെന്ന് തോന്നുന്നു.

ദൈവം ആനിമേഷൻ പഠിച്ച കാലത്ത്, പ്രവർത്തി സമയം കഴിഞ്ഞുള്ള അഞ്ച് മിനുറ്റിൽ, സൂക്ഷ്മജീവികൾക്ക് സ്തോത്രം കവിതകളുടെ തലക്കെട്ടുകൾക്ക് അച്ഛൻ കെ.ജി എസ് സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. അച്ഛന്റെ കവിതകളെ എങ്ങനെ മകൻ വായിക്കുന്നത്?

Robert Bresson is French cinema as Dostoevsky is the Russian novel and Mozart is the German Music എന്ന് ഗൊദാർദ് പറഞ്ഞതോർക്കുന്നു. കലയിലേയും സാഹിത്യത്തിലേയും അതികായന്മാർ (മാസ്റ്റേഴ്സ്) ചെയ്ത് വെച്ച വർക്കുകൾ ആ ഭാഷയേയും സമൂഹത്തെയും കുറേക്കാലം വേട്ടയാടുന്നു ഉദാഹരണത്തിന്, 'കണ്ടു കണ്ടാണ്..' '..നിന്ന് വാർത്തകളൊന്നുമില്ല' തുടങ്ങി ചെറിയ ശൈലികളിൽേപ്പാലും അവരുടെ സിഗ്നേച്ചർ അവശേഷിക്കുന്നു. അങ്ങനെയുള്ള ഒരു എഴുത്തുകാരന്റെ മകനെന്നതിൽ അഭിമാനം, സന്തോഷം. ആ എഴുത്തിനെ മാനിക്കുകയും അതിൽ നിന്ന് പഠിക്കുകയുമൊക്ക ചെയ്യുമ്പോഴും ആ ശൈലിയിൽ നിന്നും അതിന്റെ രാഷ്ട്രീയത്തിൽ നിന്നും ഉത്‌കണ്ഠകളിൽ നിന്നും വേർപ്പെട്ട, ടെക്നോളോജിയുടെയും സിനിമയുടെയും ജ്ഞാനസൂക്ഷ്മതകളുടേതുമായ പുതുകവിതയുടെ ഒരു അനുഭവ മണ്ഡലത്തിൽ നിന്നാണ് ഞാൻ എഴുതുന്നത്. മറ്റാരേയും പോലെ എന്ന് മാത്രമല്ല, അവനവനെത്തന്നെ അവർത്തിക്കാതിരിക്കുക എന്നതാണ് ആഗ്രഹം.

ടങ്ങളിൽ നിന്ന് കവിത വാറ്റിയെടുക്കുന്ന
നിങ്ങളുടെ രസരാസവിദ്യയിലുണ്ട്
അയാളുടെ മെഷീൻ ലേർണിംഗിന്റെ
നിതാന്ത വീക്ഷണം.

സാഹിത്യമൊരു തൊഴിലാക്കിയവർക്കെതിരെയുള്ള ഒളിയമ്പുകളാണോ? സാഹിത്യം ഒരു സൈഡ് ബിസിനസ് ആണോ?

എഴുത്ത് ഒരു ആന്തരിക പ്രവർത്തനം. അത് സദാ നടന്നുകൊണ്ടിരിക്കുന്നു. ഗവേഷണത്തെ പോലെ നേരിട്ടുള്ള അലച്ചിലുകളും പഠനങ്ങളുമില്ല എന്ന് മാത്രം. കൃത്യമായ ചരിത്ര ബോധവും നീതി ബോധവുമൊക്കെയുള്ള ഒരു ജ്ഞാനമണ്ഡലത്തെ പിൻപറ്റിത്തന്നെയാണ് പുതുകവി ഒരു കവിതയിൽ എത്തിച്ചേരുന്നത്. കവിത അല്ലെങ്കിൽ സാഹിത്യം അവർക്ക് തീർച്ചയായും ഒരു സൈഡ് ബിസിനസ്സോ ഫുൾ-ടൈം ബിസിനസ്സോ അല്ല; അതൊരു ബിസിനസ്സേയല്ല. ചോദ്യത്തിൽ പറഞ്ഞപോലെ തന്നെ, കൺസ്യൂമറിസം എങ്ങനെ നമ്മളെ ഗ്രസിച്ചിരിക്കുന്നു എന്നത് തന്നെയാണ് ഈ കവിതയുടെ ഉത്കണ്ഠ. 90-കളിൽ ചർച്ച ചെയ്ത് തീർന്ന പഴയ കൺസ്യൂമറിസം അല്ലെന്ന് മാത്രം; അതിന്റെ ഏറ്റവും പുതിയ മുഖം. സാഹിത്യത്തെ ഇതിൽ നിന്ന് വേറിട്ട് കാണാൻ കഴിയാത്തതിനാൽ അതിനെത്തന്നെ ഈ കവിത ഉദാഹരണമാക്കുന്നു.

ഒരു കവിതയിൽ നിന്നെടുത്ത കവിതയിലേക്ക് അവധിയപേക്ഷിക്കണമെന്നത് കർശനം
കവിതയ്ക്ക് വേണ്ടി വരുന്ന മൂലധന നിക്ഷേപത്തിന്റെ കണക്ക് വെയ്ക്കണം,
വാക്കുകളുടെ നികുതി കൃത്യമായി എല്ലാവർഷവുമടയ്ക്കണം
.
വാക്കുകൾക്ക് കരമടയ്ക്കേണ്ടുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഉണ്ട്. ആ കാലത്ത് തന്നെയല്ലേ നമ്മൾ ജീവിക്കുന്നത്? വാക്കുകൾക്ക് വേണ്ടി വലിയ കരം അടച്ച് കഴിഞ്ഞവരല്ലേ ഗൗരി ലങ്കേഷും വരവര റാവുവും പെരുമാൾ മുരുകനും സൽമാൻ റുഷ്ദിയും മറ്റും. പല രീതിയിൽ അരികുവൽക്കരിക്കപ്പെടുമ്പോഴും വാക്കുകളുടെ പ്രാധാന്യം ഇവരടച്ചു തീർത്ത കരത്തിൽ നമുക്ക് കാണാവുന്നതല്ലേയുള്ളൂ?

Content Highlights: Interview, Young Indian Poet Adithyan Sankar