ഫെയ്സ്ബുക്കില്‍ പല വിഷയങ്ങളെക്കുറിച്ചും കുറിപ്പുകള്‍ ഇടുന്ന സ്വഭാവമുണ്ടായിരുന്ന രാജശ്രീ എന്ന അധ്യാപിക പെട്ടന്നൊരു ദിവസമാണ് കല്യാണിയുടെയും സുഹൃത്ത് ദാക്ഷായണിയുടെയും കഥ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതൊരു തുടക്കമായിരുന്നു. കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയ്ക്ക് തുടര്‍ച്ചയുണ്ടായി. വായനക്കാര്‍ ആ പെണ്ണുങ്ങളുടെ കഥയ്ക്കായി കാത്തിരുന്നു. വായിച്ചാസ്വദിച്ചു, വിമര്‍ശിച്ചു, അഭിപ്രായങ്ങള്‍ പങ്കുവെച്ചു. 

സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത കല്യാണിയുടേയും ദാക്ഷായണിയുടെയും കഥ മാതൃഭൂമി ബുക്സ് പുസ്തകമാക്കിയിരിക്കുകയാണ്. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന പേരില്‍. പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് വിറ്റുതീര്‍ന്നു. മികച്ച പ്രതികരണം നേടി വില്‍പ്പന തുടരുന്ന പുസ്തകത്തെക്കുറിച്ചും എഴുത്ത് വഴികളെക്കുറിച്ചും എഴുത്തുകാരിയും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് അധ്യാപികയുമായ രാജശ്രീ ആര്‍. സംസാരിക്കുന്നു. 

എങ്ങനെയാണ് രാജശ്രീയുടെ എഴുത്തിന്റെ തുടക്കം ? 

വിദ്യാഭ്യാസകാലത്താണ് എഴുതിത്തുടങ്ങിയത്. അന്ന് പക്ഷേ മത്സരങ്ങള്‍ക്ക് വേണ്ടിയാണ് എഴുതിയിരുന്നത്. ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് അധ്യാപകരാണ് തിരിച്ചറിഞ്ഞത്. അതോടെ രചനാ മത്സരങ്ങള്‍ക്ക് അയക്കാന്‍ ആരംഭിച്ചു. അതില്‍ക്കൂടുതല്‍ എഴുത്തിനോട് എനിക്ക് ഒരു മമത ഉണ്ടായിരുന്നില്ല. എന്നാല്‍ സമ്മാനങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍, എഴുത്തിനോട് ഇഷ്ടം തുടങ്ങി. പറ്റിയ മേഖലയാണെന്നും ഇതില്‍ തുടരാമെന്നും തോന്നി. പിന്നീട് കോളേജ് വിദ്യാഭ്യാകാലത്തും രചന മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. 22 വയസിനുള്ളില്‍ പത്തോളം ചെറുകഥകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 

മുഖ്യധാരാ മാധ്യമങ്ങളില്‍ എന്റെ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും 22-23 വയസ്സോടെ എഴുത്തിന് തുടര്‍ച്ചയില്ലാത്തതായിപ്പോയി. ഞാന്‍ മാത്രമല്ല, ആ കാലഘട്ടത്തില്‍ എന്റെ പ്രായത്തിലുള്ള ഒരുപാട് എഴുത്തുകാര്‍ ഉണ്ടായിരുന്നു. അവരില്‍ എഴുത്ത് തുടര്‍ന്നവരെക്കാള്‍ കൂടുതലായിരിക്കും അവസാനിപ്പിച്ചവര്‍. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇതൊരു ജീവിതമാര്‍ഗമായി എടുക്കാനുള്ള പ്രയാസം. പ്രധാന വരുമാന മാര്‍ഗം എന്ന നിലയില്‍ നിലനിന്ന്‌പോകാന്‍ സാധിക്കില്ല. രണ്ടാമത് എഴുത്തിനെക്കുറിച്ച് നമ്മള്‍ തന്നെ ഉണ്ടാക്കുന്ന ചില ധാരണകളുണ്ട്. എഴുത്ത് അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള ചില ആത്മവിമര്‍ശങ്ങള്‍. എഴുതി ഫലിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ആത്മനിന്ദ തോന്നും ചിലപ്പോള്‍.

കൃഷ്ണന്‍ നായരെപ്പോലുള്ള വിമര്‍ശകരുള്ള കാലമാണ് അത്. 1996ല്‍ എന്റെ ഒരു കഥ അദ്ദേഹം സാഹിത്യവാരഫലത്തില്‍ വിമര്‍ശിക്കാന്‍ എടുത്തിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയ അംഗീകാരമായിരുന്നു. പിന്നെ എഴുത്ത് നിന്നുപോയതിന് നമ്മുടെ ഭാഗത്ത് നിന്നുള്ള ഉപേക്ഷയും കാരണമാണ്. ഒപ്പം ജീവിതത്തിന്റെ മുന്‍ഗണനകള്‍ മാറിയതും കാരണമാകാം. ജോലി, കല്യാണം, കുടുംബം എന്നിങ്ങനെ വരുമ്പോള്‍ സ്ത്രീകള്‍ സ്വാഭാവികമായും ഇത്തരം രംഗത്തുനിന്ന് ഉള്‍വലിഞ്ഞ് പോകാറുണ്ട്. എഴുത്ത് തുടര്‍ന്നുകൊണ്ട് പോകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഇപ്പോഴും വെല്ലുവിളിയാണ്. 

ഫെയ്സ്ബുക്കില്‍ നോവല്‍ എഴുതി തുടങ്ങിയത് എങ്ങനെയാണ് ? 

രണ്ട് വര്‍ഷം മുമ്പാണ് കല്യാണിയേച്ചി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. ഫെയ്സ്ബുക്കില്‍ സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ വേണ്ടി ഞാന്‍ രൂപപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു കല്യാണിയേച്ചി. കല്യാണിയേച്ചിയും ഞാനെന്ന ആഖ്യാതാവും തമ്മിലുള്ള സംഭാഷണങ്ങളാണ് ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നത്. പത്തോ പന്ത്രണ്ടോ സംഭാഷണങ്ങളാണ് ഉണ്ടാവുക. അതില്‍ കല്യാണിയേച്ചി ഏറ്റവും പ്രാദേശികമായ ഭാഷയില്‍ സംസാരിക്കും. ഞാന്‍ മാനക മലയാളത്തിലും. അങ്ങനെയായിരുന്നു അതിന്റെ ഒരു ശൈലി. രണ്ട് വര്‍ഷത്തോളം അത് തുടര്‍ന്നിരുന്നു. 

അങ്ങനെയൊരു സംഭാഷണ ശകലം എഴുതുന്നതിനായാണ് അന്നും പതിവ് പോലെ ഫെയ്സ്ബുക്ക് തുറന്നത്. കല്യാണിയേച്ചി എന്നെഴുതി രണ്ട് കുത്തിടുന്നതിന് പകരം കല്യാണിയേച്ചിക്ക് ദാക്ഷായണി എന്ന ഒരു സുഹൃത്തുണ്ടായിരുന്നു എന്നാണ് എഴുതി തുടങ്ങിയത്. പിന്നീടത് തുടരുമെന്നോ, നോവലായി മാറുമെന്നോ ഒന്നും അന്ന് കരുതിയിരുന്നില്ല. പത്തോ പന്ത്രണ്ടോ വാക്യങ്ങള്‍ എഴുതി ഒരു ചെറിയ കഥയാക്കി അവസാനിപ്പിക്കുകയാണ് അന്ന് ചെയ്തത്. പിറ്റേ ദിവസം ആളുകള്‍ അതിന്റെ ബാക്കിയെവിടെ എന്ന് ചോദിച്ചതിനെത്തുടര്‍ന്നാണ് രണ്ടാം ഭാഗം എഴുതുന്നത്. പിന്നീട് അതൊരു തുടര്‍ച്ചയായി. ഒരു ദിവസം പോലും അത് മുടക്കാന്‍ സാധിച്ചില്ല. എഴുതിത്തുടങ്ങിയത് 75 ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍ത്തുന്നത്. കൃത്യസമയത്ത് പോസ്റ്റ് ചെയ്തില്ലെങ്കില്‍ വായനക്കാര്‍ ചോദിക്കാന്‍ തുടങ്ങി. അവരുടെ സമ്മര്‍ദ്ദം കൂടിവന്നപ്പോള്‍ പിന്നെ എഴുതാതിരിക്കാന്‍ പറ്റില്ലെന്നായി.

ഒരുഘട്ടം കഴിഞ്ഞപ്പോള്‍, വായനയെയും എഴുത്തിനെയും ഗൗരവമായി സമീപിക്കുന്നവര്‍ ഇത് നോവലിന്റെ വഴിയ്ക്കാണ് പോകുന്നതെന്നും ശ്രദ്ധിച്ചാല്‍ മികച്ച സൃഷ്ടിയാക്കാമെന്നും ആത്മവിശ്വാസം തന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിലേക്ക് മടങ്ങിവരുന്നയാള്‍ എന്ന നിലയ്ക്ക് ആ ആത്മവിശ്വാസം വളരെ വലുതായിരുന്നു. 

ഫെയ്സ്ബുക്കില്‍ എഴുതിയ നോവല്‍ പുസ്തകമാകുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത് ? 

ഫെയ്സ്ബുക്കില്‍ എഴുതുമ്പോള്‍ ഇതൊരു നോവലായി മാറുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഒരു നോവലിന്റെ ഘടനയിലേക്ക് ഇതിനെ കൊണ്ടുവരാന്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമായിരുന്നു. തുടക്കത്തില്‍ നാല് അധ്യായങ്ങളോളം പുതിയതായി എഴുതി അതിനെ കഥയോട് കൂട്ടിച്ചേര്‍ത്തു. അവസാനം പന്ത്രണ്ടോളം അധ്യായങ്ങള്‍ കുറച്ച് മെനക്കെട്ട് തന്നെ എഴുതി. ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമാണ് പ്രസിദ്ധീകരിച്ച നോവലിന്റെ ഘടന. 

ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഇതൊരു പുസ്തകമാകാനുള്ള സാധ്യത വായനക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. പ്രമുഖ പ്രസാധകരുടെ പേരുകളൊക്കെ അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍പോലും ഒരു പ്രസാധകര്‍ സമീപിക്കുമെന്നോ, പ്രസിദ്ധീകരിച്ച് കാണുമെന്നോ യാതൊരു പ്രതീക്ഷയും എനിക്ക് ഉണ്ടായിരുന്നില്ല. ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞതിനാല്‍ തന്നെ ഒരുപാട് പേര്‍ വായിച്ച് കഴിഞ്ഞതാണ്. വീണ്ടും ഇതില്‍ ഒരു പ്രസാധകര്‍ താല്പര്യം കാണിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. മാതൃഭൂമി പോലെ മുന്‍നിരയിലുള്ള ഒരു പ്രസാധകര്‍ ഇതിനെ സമീപിച്ചപ്പോള്‍ എനിക്ക് അവിശ്വസനീയമായാണ് തോന്നിയത്. സന്തോഷം തോന്നി. മാതൃഭൂമിയിലൂടെ നോവല്‍ വായനക്കാരില്‍ എത്തിയെന്നതില്‍ അതിയായ സന്തോഷമുണ്ട്.

എന്താണ് 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' പറയുന്നത് ?

എത്രയെല്ലാം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അസാധാരണമായ ഒരു ഗ്രാമീണ മനസ് നിലനിര്‍ത്തുന്ന സ്ഥലമാണ് എന്റെ നാടായ പറശ്ശിനിക്കടവ്. കുട്ടിക്കാലത്ത് നാട്ടില്‍ ഞാന്‍ കണ്ടിട്ടുള്ള സ്ത്രീകളുണ്ട്. തനിനാടന്‍ സ്ത്രീകള്‍. അവരെ കണ്ടിട്ടാണ് ഞാന്‍ വളരുന്നത്. അവരുടെ ജീവിതത്തോടുള്ള നീരീക്ഷണങ്ങള്‍, സ്വീകരിക്കുന്ന നിലപാടുകള്‍ അത് പലപ്പോഴും വലിയ ബലമായിട്ടുണ്ട്. പലപ്പോഴും അവരുടെ ആ നിലപാടുകള്‍ വിപ്ലവകരമായി തോന്നിയിട്ടുണ്ട്. അവര്‍ ഒരു നിലപാട് എടുക്കുമ്പോള്‍ അത് വിപ്ലവമാകണമെന്നോ, ചരിത്രമാകണമെന്നോയില്ല. പക്ഷേ 50 വര്‍ഷത്തെ ചരിത്രം എടുക്കുമ്പോള്‍ സ്ത്രീ ജീവിതങ്ങളുടെ ധീരമായ ചിത്രമാണ് അത്തരം സ്ത്രീകള്‍ നല്‍കുന്നത്. ഈ ഒരു സംഘം സ്ത്രീകളെ പ്രതിനിധീകരിക്കുകയാണ് നോവല്‍. അവരുടെ ചില രീതികള്‍, ചില തുറസുകള്‍ എല്ലാം നോവലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മറ്റൊന്ന് സാംസ്‌കാരിക വ്യത്യാസങ്ങളാണ്. ജീവിതത്തെ തന്നെ മാറ്റി മറിച്ചുകളയുന്നത്ര ശക്തിയുണ്ട് ഈ സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്ക്. ചെറിയ കേരളമാണ്, ഇട്ടാവട്ടമാണ് എന്നൊക്കെ പറയും. പക്ഷേ അതിനപ്പുറത്ത് കേരളത്തിന്റെ രണ്ട് അറ്റങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടുകളാണ് പുലര്‍ത്തുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങള്‍കൂടി നോവലിലുണ്ട്. 

രണ്ട് സ്ത്രീകളുടെ കഥ എന്ന് പൊതുവില്‍ പറഞ്ഞുവെങ്കിലും നോവല്‍ രണ്ട് സ്ത്രീകളുടെ മാത്രം കഥയല്ല. അടിസ്ഥാനപരമായി ഒരു ദേശത്തിന്റെ ജീവിത ചിത്രീകരണമാണിത്. 50 വര്‍ഷം മുമ്പുള്ള കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമം എന്നുള്ളതാണ് അതിന്റെ പശ്ചാത്തലം. അതിലുള്ള എല്ലാ കഥാപാത്രങ്ങളും ഈ സ്ത്രീകളുടെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നവരാണ്.

ദാക്ഷായണി എന്ന കഥാപാത്രം തികച്ചും ഫിക്ഷനാണ്. എന്നാല്‍ കല്യാണിയേച്ചി എന്ന കഥാപാത്രം പഴയകാല സ്ത്രീകളുടെ പ്രതിരൂപമാണ്. ചിലയിടത്ത് ഫിക്ഷന്‍, ചിലയിടത്ത് ചരിത്രം, ചിലയിടത്ത് ജീവിതം എന്നിങ്ങനെയാണ് പുസ്തകം പോകുന്നത്. അതിനെ ഇഴതിരിച്ച് കാണാന്‍ സാധിക്കാത്തവിധമാണ് നോവലിന്റെ ഘടന. കല്യാണിയും ദാക്ഷായണിയുമല്ലാതെ ഇനിയും കഥാപാത്രങ്ങളുണ്ട് നോവലില്‍. കുഞ്ഞിപ്പെണ്ണുണ്ട്. ചേയിക്കുട്ടിയുണ്ട്. മൊത്തത്തില്‍ പഴയകാലത്തിന്റെ പെണ്ണത്വത്തെ, പെണ്‍മയെയാണ് നോവല്‍ ചിത്രീകരിക്കുന്നത്.  

നോവല്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചപ്പോഴും പിന്നീട് പുസ്തകമാക്കിയപ്പോഴും എന്തായിരുന്നു വായനക്കാരുടെ പ്രതികരണം? 

വായനക്കാരുടെ അടുത്തുനിന്ന് കിട്ടിയ പ്രോത്സാഹനം, പിന്തുണ അതെല്ലാം വലുതാണ്. ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വന്ന പ്രതികരണങ്ങളില്‍ അധികവും സ്ത്രീകളുടെയായിരുന്നു. ഞാന്‍ എഴുതിയ വാക്യങ്ങള്‍ അവര്‍ എനിക്ക് തിരിച്ചയച്ചുതരും. kalyaniyennum dakshayaniyennum peraya randu sthreekalude kathaഅതെനിക്കൊരു കൗതുകമായിരുന്നു. എന്തുകൊണ്ട് ഇത്രയും സ്ത്രീ വായനക്കാര്‍ ഇതില്‍ വീണുപോയതെന്ന് ഞാന്‍ ആലോചിച്ചു. കല്യാണിയിലും ദാക്ഷായിണിയിലുമുള്ള എന്തൊക്കെയോ അംശങ്ങള്‍ അവരില്‍ ഉണ്ടായിരുന്നിരിക്കണം. അവര്‍ പറയാന്‍ വെച്ചത്, പറയാതെ മൂടിവെച്ചത് അതെല്ലാം കല്യാണിയും ദാക്ഷായണിയും പറയുകയോ, ജീവിക്കുകയോ ചെയ്തിട്ടുണ്ടാകണം. അതാകും ഒരു പക്ഷേ സ്ത്രീകള്‍ അതിനോട് താല്പര്യത്തോടെ പ്രതികരിച്ചത്. 

സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് ദേശമില്ല എന്നത് വലിയ പ്രതിസന്ധിയാണ്. ജനിച്ച് വളരുന്ന നാട് അവളുടെതല്ല എന്ന രീതിയിലാണ് അവളെ പരിചരിക്കുന്നത്. അവള്‍ അവിടെനിന്ന് പോകാനുള്ളവളാണ്. കുടുംബത്തില്‍ നിന്ന്, ദേശത്തുനിന്ന്, സൗഹൃദങ്ങളില്‍ നിന്ന് പോകാനുള്ളവള്‍. വേണമെങ്കില്‍ ഭര്‍ത്താവിന്റെ നാടിനെ സ്വന്തം നാടായി സ്വീകരിക്കാം. പക്ഷേ പുരുഷനുള്ളത് പോലെ ഒരാത്മബന്ധം ദേശവുമായി സ്ത്രീയ്ക്ക് സാധ്യമല്ലാത്ത ഒരു വ്യവസ്ഥയുണ്ട്. അതിനെയാണ് ദാക്ഷായണി നോവലില്‍ ചോദ്യം ചെയ്യുന്നത്. അത്തരം ചില സന്ദര്‍ഭങ്ങള്‍ വായനക്കാരായ സ്ത്രീകള്‍ക്ക് ഒരുപക്ഷേ ഇഷ്ടപ്പെട്ടിരിക്കാം. 

നോവലില്‍ അധികവും കണ്ണൂര്‍ ഭാഷയും ശൈലിയുമാണല്ലോ. ഭാഷ ആസ്വാദനത്തിന് വെല്ലുവിളിയായി എന്ന പ്രതികരണം ഉണ്ടായോ ? 

ഭാഷ വലിയ പ്രശ്നം തന്നെയായിരുന്നു. ആദ്യ ഭാഗങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇടുമ്പോള്‍ പ്രശ്നമുണ്ടായിരുന്നു. വായനക്കാരില്‍ പലരും അര്‍ഥം ചോദിക്കുമായിരുന്നു. കണ്ണൂര്‍ക്കാരായ വായനക്കാരാണ് അതിന് വിശദീകരണം നല്‍കിയിരുന്നത്. എന്തെങ്കിലും പറയാനുള്ള അവസരം എനിക്ക് അവര്‍ തന്നിരുന്നില്ല. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തന്നെ വേറെ അര്‍ഥങ്ങളുണ്ട് എന്ന് എനിക്ക് മനസ്സിലായത് അതിന് ശേഷമാണ്. കണ്ണൂര്‍ ഭാഷ എങ്ങനെ പ്രയോഗിക്കണം എന്ന് വരെ പറഞ്ഞുതന്ന വായനക്കാരുണ്ടായിരുന്നു. 

നോവല്‍ മുന്നോട്ട് പോയപ്പോള്‍ ഭാഷയുടെതായ ബുദ്ധിമുട്ട് മറികടന്നു എന്നാണ് വായനക്കാര്‍ തന്നെ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉടനടി കിട്ടുന്നത് ഇക്കാര്യത്തില്‍ സഹായകമായിരുന്നു. കണ്ണൂര്‍ ഭാഷയ്ക്ക് പുറമേ ചിലയിടത്ത് മാനകഭാഷ ഉപയോഗിച്ചിട്ടുണ്ട്. കൊല്ലത്തിന്റെ ഭാഷ വന്നിട്ടുണ്ട്. കഥയില്‍ താല്പര്യം വന്നതോടെ ഭാഷാപരമായ ബുദ്ധിമുട്ട് വായനക്കാര്‍ മറന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പിന്നീട് അത്തരം ചര്‍ച്ചകള്‍ വന്നിരുന്നില്ല. നോവല്‍ പുസ്തകമാകുമ്പോഴും കണ്ണൂര്‍ ഭാഷയുടെ ഈയൊരു ഗ്രാമീണത വായനക്കാര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കും എന്ന് കരുതുന്നു. 

കണ്ണൂര്‍ ഭാഷയ്ക്ക് ഒപ്പം 50 വര്‍ഷം മുമ്പുള്ള കണ്ണൂര്‍ പശ്ചാത്തലത്തിലാണ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. എന്തെല്ലാം തരത്തിലുള്ള തയ്യാറെടുപ്പുകള്‍ നോവലിലായി നടത്തി ? 

ചില പ്രയോഗങ്ങള്‍, തെറികള്‍ ഇവയെല്ലാം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന തെറികളിലൊക്കെ ചില പുതുക്കങ്ങള്‍ വന്നിട്ടുണ്ട്. പഴയകാലത്ത് അങ്ങനെയല്ല അവ ഉപയോഗിച്ചിരുന്നത്. ചില പ്രാക്കുകള്‍ ഉണ്ട്. 'പുല്ലാഞ്ഞി പിടിച്ച് പറിച്ച് പോട്ടെ' എന്നൊക്കെയാണ്. പാമ്പ് കടിച്ച് മരിച്ച് പോട്ടെ എന്നാണ് അര്‍ഥം. പുല്ലാഞ്ഞി എന്നത് മൂര്‍ഖനെയാണ്. മൂര്‍ഖന് പുല്ലാഞ്ഞി എന്ന പ്രയോഗം തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. ഇത്തരം ചില കാര്യങ്ങള്‍ എനിക്ക് അപരിചിതമായിരുന്നു. അതൊക്കെ പഴയ ആളുകളോട് ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. നോവലിലെ ഉപകഥകള്‍ കഥകള്‍, ചോന്നമ്മയുടെ കഥകളൊക്കെ മുതിര്‍ന്ന തലമുറയിലെ ആളുകള്‍ പറഞ്ഞ് തന്നിട്ടുള്ളതാണ്. ഫോക്ലോറില്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും നാമമാത്രമായ സൂചനകള്‍ മാത്രമുള്ള ഇത്തരം കഥകള്‍. അത്തരം കഥകള്‍ക്ക് ഗ്രാമാന്തരങ്ങളില്‍ വ്യാഖ്യാനഭേദങ്ങളുണ്ട്. അതെല്ലാം മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. അത്തരത്തില്‍ ഗവേഷണം നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ എഴുത്ത് ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും അവസാനം നോവലിനായി നന്നായി കഷ്ടപ്പെട്ടിരുന്നു. 

എന്താണ് രാജശ്രീയുടെ എഴിത്ത് ശൈലി. എത്രകാലം കൊണ്ടാണ് ഈ നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത് ?

നോവല്‍ 75 ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്. കൃത്യം രണ്ടര മാസം. എഴുതിയത് ഫോണിലാണ്. ഫോണിന്റെ നോട്ട്പാഡില്‍. പേനയും കടലാസും തൊട്ടിട്ടില്ല. ഒഴിവ് സമയം കിട്ടുമ്പോള്‍ എല്ലാം എഴുതാം എന്നതാണ് ഫോണ്‍ ഉപയോഗിക്കുമ്പോഴുള്ള പ്രത്യേകത. ഡോക്ടറെ കാണാന്‍ നില്‍ക്കുമ്പോള്‍, ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, രാത്രിയില്‍ എന്നിങ്ങനെ ഫോണ്‍ കൈയ്യില്‍ ഉള്ളതിനാല്‍ എപ്പോഴും എഴുത്ത് നടക്കും. ആ അര്‍ത്ഥത്തില്‍ ഏറ്റവും പുതിയ തരത്തില്‍ എഴുതപ്പെട്ട നോവലാണ് ഇത്. പേനയും കടലാസും ഒക്കെ ഉപയോഗിച്ച് ഏകാന്തതയില്‍ അനുധ്യാനിച്ച് എഴുതാനിരിന്നിരുന്നെങ്കില്‍ ഒരു പക്ഷേ ഈ നോവല്‍ സംഭവിക്കുമായിരുന്നില്ല. സ്മാര്‍ട്ട് ഫോണുള്ളത് കൊണ്ട് ഉണ്ടായ നോവലാണിത് എന്നു പറയാം. 

എന്തെല്ലാമാണ് പുതിയ എഴുത്തുകള്‍, പുസ്തകങ്ങള്‍ ?

വായിക്കുമ്പോള്‍, എഴുതാനുള്ള കഴിവ് എനിക്കും ഉണ്ടല്ലോ അത് പൊടിതട്ടിയെടുക്കാം എന്ന് വിചാരിക്കും. ഫിക്ഷനുകള്‍ വായിക്കുക, പുസ്തകങ്ങല്‍ പരിചയപ്പെടുക എന്നതെല്ലാം തൊഴിലിന്റെ ഭാഗമാണ്. പലപ്പോഴും ശ്രമിച്ച് നോക്കിയിട്ടുണ്ട്. പക്ഷേ അതൊന്നും ലക്ഷ്യം കണ്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് നോവല്‍ എഴുതാം എന്ന് കരുതി പേനയും കടലാസുമെടുത്ത് എഴുത്ത് തുടങ്ങിയത്. അതൊരു അഞ്ച് അധ്യായമായപ്പോഴാണ് കല്യാണിയും ദാക്ഷായണിയും മനസ്സില്‍ കേറുന്നത്. അതോടെ മറ്റേത് അവിടെ മാറ്റിവെച്ച് ഈ നോവല്‍ പൂര്‍ത്തിയാക്കി. ഇനിയിപ്പോള്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭാഷയും പരിസരവുമൊക്കെയായി മറ്റേ നോവല്‍ പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹമുണ്ട്. അഞ്ച് അധ്യായമായി നില്‍ക്കുകയാണ്. അതിന്റെ തുടര്‍ച്ചയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് ഇനി. 

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Interview with writer Rajasree R, author of best selling novel Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha.