ബർസ ബസന്ത ബൈശാഖ, ആരണ്യ, നിഷിദ്ദ പൃഥി,പരിചയ, ആഷാബാരി, യാജ്ഞസേനി, സമുദ്രസ്വര, ആദിഭൂമി തുടങ്ങി ആഖ്യായികകളുടെ ഭൂമികയാണ് പ്രതിഭാറായ്. റായിയുടെ മിക്ക കൃതികളും മലയാളത്തിന് സുപരിചിതമാണ്. രണ്ടാമൂഴത്തിനൊപ്പം മലയാളി കൂട്ടിവായിച്ച കൃതിയാണ് യാജ്ഞസേനി. തന്റെ ചിന്തയിലും പ്രവൃത്തിയിലും തികച്ചും പുരോഗമനാശയങ്ങൾ വച്ചുപുലർത്തുന്ന പ്രതിഭാറായ് ജ്ഞാനപീഠസമിതിയുടെ അധ്യക്ഷകൂടിയാണ്. ഒഡീഷയിലെ 'ആഖ്യായിക' എന്നു പേരായ വീട്ടിലിരുന്നു കൊണ്ട് സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും റായ് സംസാരിക്കുന്നു.

ദ്രൗപദി തന്റെ പ്രിയ സഖാവായ ശ്രീകൃഷ്ണനയച്ച കത്തുകളിലൂടെ മഹാഭാരതത്തെ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ആഖ്യാനം ചെയ്ത കൃതിയാണ് പ്രതിഭാ റായിയുടെ 'യാജ്ഞസേനി.' ഉത്തരാധുനിക ഇന്ത്യയുടെ വനിതാ പ്രതിനിധി എന്ന തലത്തിൽ നിന്നും ഒരുപടികൂടി ഉയർന്നു നിൽക്കുന്ന നായിക. ഇതുവരെയുള്ള ദ്രൗപദി എന്ന സങ്കല്പം തന്നെ മാറ്റിയെഴുതാൻ എന്തായിരുന്നു പ്രചോദനം?

'യാജ്ഞസേനി' എന്ന നോവൽ തുടങ്ങുന്നത് കഥയുടെ ക്ലൈമാക്സിൽ നിന്നാണ്. നാനൂറ്റി അമ്പത്തിരണ്ട് പേജുകൾ അവസാനിക്കുമ്പോൾ ഒരു തുടക്കം ബാക്കിവെച്ചുകൊണ്ട് നോവൽ അവസാനിക്കുന്നു. ഗീതോപദേശത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ജീവിതത്തിന്റെ നിത്യതയെയാണ് പ്രതീകാത്മകമാക്കിയിരിക്കുന്നത്. വ്യാസനുശേഷം ധാരാളം പേർ മഹാഭാരതമെഴുതി. അപ്പോൾ എന്തുകൊണ്ട് തന്റെ സഖാവ് ശ്രീകൃഷ്ണനെഴുതുന്ന കത്തുകളിലൂടെ ദ്രൗപദിയെ അവതരിപ്പിച്ചുകൂടാ?

സ്ത്രീജീവിതത്തിൽ അനുഭവിച്ചുകൂട്ടുന്ന മാനസികശാരീരികസംഘർഷങ്ങളുടെ പ്രതിനിധിയല്ല എന്റെ യാജ്ഞസേനി. മനുഷ്യരാശിയ്ക്കുവേണ്ടി ശബ്ദമുയർത്തുന്ന, ആധുനികമനോഭാവമുള്ള സ്ത്രീത്വമാണ് എന്റെ ദ്രൗപദി. ഒരു യാഥാസ്ഥിക ജീവിതാന്തരീക്ഷത്തിൽ കഴിയുന്ന ഇടുങ്ങിയ ചിന്താഗതിക്കാരിയായ ആര്യൻ യുവതിയല്ല അവൾ. താൻ രാജ്ഞിയാണെന്നോ, കുലസ്ത്രീയാണെന്നോ ഉള്ള ബോധ്യത്തെ പരിഗണിക്കാതെ പ്രായം, ലിംഗം,ജാതി,മത വിവേചനങ്ങൾക്കതീതമായ സ്ത്രീത്വമാണ് ദ്രൗപദി. വ്യാസനെപ്പോലെയോ സരളദാസനെപ്പോലെയോ ഉള്ള കഥാപാത്രങ്ങളെ നിങ്ങൾ യാജ്ഞസേനിയിൽ കാണില്ല, മന:പൂർവ്വമാണത്. ആയിരം വർഷം പഴക്കമുള്ള വെറുമൊരു പുരാണകഥാപാത്രമല്ല എനിക്ക് ദ്രൗപദി. അതിനേക്കാൾ പഴക്കമുള്ള എന്നാൽ ഇക്കാലത്തെ ഏതൊരു യുവമനസ്സിനേക്കാളും യുവത്വം കാത്തുസൂക്ഷിക്കുന്ന മനഃസ്ഥിതിയ്ക്കുടമയാണ് യാജ്ഞസേനി. കാലാതീതമായ ഒരു ദീർഘായുസ്സിനുടമയാണവൾ. യാജ്ഞസേനി എന്നത് ദ്രൗപദിയുടെ വെറുമൊരു പര്യായമല്ല. യജ്ഞസേനന്റെ (ധ്രുപദൻ) മകൾ എന്ന അർഥം കൂടിയുണ്ട്. അതേസമയം തന്നെ യാഗാഗ്നിയിൽ നിന്നും ജന്മംകൊണ്ടവൾ എന്ന അർഥം കൂടി കൂട്ടിവായിക്കേണ്ടതാണ്. തീയിൽ കുരുത്തവളാണ്. ഏത് ദുർഘടസാഹചര്യത്തെയും അതിജീവിക്കാൻ കഴിവുള്ളവൾ, എന്നാലോ വളരെ മോശമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവൾ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ കാര്യത്തിൽ ഇത് ശരിയല്ലേ, എല്ലാ സമൂഹത്തിലും ഇതുതന്നെയല്ലേ സ്ത്രീകളുടെ അവസ്ഥ?

ഇന്ന് ദ്രൗപദിമാർ നിരന്തരം അപമാനിക്കപ്പെടുകയും ലൈംഗികാതിക്രമണത്തിനു വിധേയരായിക്കൊണ്ടിരിക്കുകയുമാണല്ലോ. അതിന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതായിരിക്കുന്നു. ഏകലവ്യന്മാർ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിൽ നിരന്തരം മനുഷ്യാവകാശംലംഘനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. അധികാര ദുർമോഹങ്ങൾക്കായി അഭിമന്യുമാർ വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രർന്മാർ തങ്ങളുടെ ബന്ധുമിത്രാദികൾക്കു വേണ്ടി ഇന്നും അന്ധരായിക്കൊണ്ടേയിരിക്കുന്നു. പണത്തിനും അധികാരത്തിനും വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുക്കാൻ അവർക്കൊരു മടിയുമില്ലാതായിരിക്കുന്നു. ഗാന്ധാരിമാരാണെങ്കിൽ ഭർതൃപൂജയുടെ പേരിൽ അന്ധരായിത്തുടരാൻ നിർബന്ധിതരാവുന്നു. കർണൻമാർ സ്വത്വപ്രതിസന്ധിയാൽ നീതി നിഷേധിക്കപ്പെട്ട് ഉഴറുന്നു. എല്ലായിടത്തും എല്ലായ്പ്പോഴും മനുഷ്യന്റെ നിലനില്പിനായി മാനസികമായും ശാരീരികമായും കുരുക്ഷേത്രയുദ്ധങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. അപ്പോൾ അനീതിയ്ക്കതിരെയും മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്കെതിരെയും ശബ്ദിക്കുകയാണ് എന്റെ ദ്രൗപദി ചെയ്തത്. യാജ്ഞസേനിയിലൂടെയല്ലാതെ ഞാനിതെല്ലാം എങ്ങനെ പറയാനാണ്?

പ്രതിഭാ റായ് വളരെ ആധുനികമായ ജീവിതപരിസരത്തു നിന്നാണ് ഉയർന്നുവന്നത്. എന്നാൽ ദാമ്പത്യജീവിതത്തിലെ പരമ്പരാഗതസമ്പ്രദായങ്ങളെ മാറ്റിമറിച്ചുകൊണ്ട് കുടുംബത്തിൽ നിന്നും വിപ്ലവം തുടങ്ങി താങ്കൾ.

വിദ്യാസമ്പന്നരും ആധുനികരുമായ മാതാപിതാക്കളുടെ മകളാണ് ഞാൻ. ഒഡീഷയിലെ ഒരു സാധാരണ ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. അന്നത് ഘട്ടക് ജില്ലയായിരുന്നു. ഇപ്പോളത് ജഗത്സിങ്പുർ ആണ്. എന്റെ പിതാവ് പരശുറാം ദാസ് പട്ന യൂണിവേഴ്സ്റ്റിയ്ക്കു കീഴിലെ രാവൺഷാ കോളേജിൽ നിന്നും സയൻസ് ബിദുദം നേടിയ ആളാണ്. ബുദ്ധിമാനും സമർഥനുമായ വിദ്യാർഥിയായിരുന്നു അദ്ദേഹം.

എന്റെ അമ്മയെ വളർത്തിയത് അവരുടെ അമ്മാവനായിരുന്നു. അമ്മാവനാകട്ടെ ബ്രിട്ടീഷ് രാജിലെ പോലീസ് സൂപ്രണ്ടായിരുന്നു. അപ്പോൾ അമ്മാവന്റെ സ്ഥലംമാറ്റത്തിനനുസരിച്ച് അമ്മയുടെ പഠനവും പലയിടങ്ങളിലായിരുന്നു. അച്ഛൻ ജംഷേഡ്പുരിലെ ടാറ്റാ അയേൺ സ്റ്റീൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും രാജ്യസ്നേഹം കാരണം ജോലിയുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനിറങ്ങിപ്പുറപ്പെട്ടു. തികച്ചും ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് അക്ഷരാഭ്യാസം പകർന്നുകൊടുക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടു അദ്ദേഹം. ക്വിറ്റ് ഇന്ത്യാപ്രസ്ഥാനം ശക്തമായപ്പോൾ (1942) അദ്ദേഹം ഗ്രാമത്തിലെ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. തന്റെ സ്കൂളിനെ പ്രൈമറി ലെവലിൽ നിന്നും ഹൈസ്കൂൾ ലെവലിലേക്ക് ഉയർത്തുകയാണ് ആദ്യം ചെയ്തത്.

ഞങ്ങൾ അഞ്ചുസഹോദരിമാരും രണ്ടും സഹോദരന്മാരുമാണ് അച്ഛനുമമ്മയ്ക്കുമുള്ളത്. സഹോദരന്മാരിൽ നിന്നും യാതൊരു വേർതിരിവും അനുഭവിക്കാതെയാണ് ഞങ്ങളും വളർന്നത്. എല്ലാവർക്കും കുട്ടികൾ എന്ന പരിഗണന മാത്രം ലഭിച്ചു.അവിടെ വലിപ്പച്ചെറുപ്പമോ ലിംഗവ്യത്യാസമോ ആരും പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. മെട്രിക്യുലേഷൻ കഴിഞ്ഞതോടെ ജീവിതത്തിലും കാഴ്ചപ്പാടിലും നിലപാടിലും തികച്ചും ആധുനികമായ മനോഭാവം വച്ചുപുലർത്താൻ തുടങ്ങി ഞാൻ. അടിച്ചമർത്തപ്പെട്ടവരോട് കാണിക്കുന്ന അനീതിയിൽ വ്രണപ്പെട്ടിരുന്നു അച്ഛന്റെ ഹൃദയം എപ്പോഴും. അദ്ദേഹം നിരന്തരം അതിനെതിരേ കലഹിച്ചു. ഏകദൈവവിശ്വാസിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുസ്ലിം സുഹൃത്തുക്കൾ വീട്ടിൽ വരികയും ഭക്ഷണം കഴിക്കുകയും അവർ കഴിച്ച പാത്രങ്ങളെല്ലാം അമ്മ വൃത്തിയാക്കിവയ്ക്കുകയും ചെയ്യും. ഞങ്ങളുടെ സ്കൂൾ കെട്ടിടം സ്ഥിതിചെയ്തിരുന്നതിന് ചുറ്റും മുസ്ലിങ്ങളായിരുന്നു. അന്നുവരെ പട്ടികജാതിയിലാണ് ഉൾപ്പെടുത്തിയിരുന്നത്. അച്ഛന്റെ സൃഹൃത്തുക്കളുടെ മക്കൾ ഞങ്ങളുടെയും കൂട്ടുകാരായി. അമ്മ വളരെ പരമ്പരാഗതമായ ജീവിതരീതിയുമായി ശീലിച്ചുപോന്നതാണെങ്കിലും ചിന്തയിൽ ആധുനികതയുണ്ടായിരുന്നു. കവാസ്താ ജാതിയിൽ ജനിച്ച ഞങ്ങൾ ജാതീയചിന്തകളെയും ഉപചാരങ്ങളെയും അവഗണിക്കാനായി വൈഷ്ണവിസം സ്വീകരിച്ചു. എന്റെ സഹോദരന്മാരെപ്പോലെ തന്നെ എനിക്ക് സൈക്കിളിൽ ഇഷ്ടം പോലെ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. പയ്യെപ്പയ്യെ ഞാനെന്റേതായ ഒരു ശൈലി കണ്ടെത്തി. പാരമ്പര്യമൂല്യങ്ങൾക്കു വിലകല്പിച്ചുകൊണ്ട് ആധുനികമനോഭാവത്തോടെ വളരുകയും മതപരമായ പിടിവാശികളോട് മുഖം തിരിക്കുകയും ചെയ്തു.

അക്ഷയ് റായ് എന്ന എൻജിനീയറായ ജമീന്ദാറെയാണ് ഞാൻ വിവാഹം ചെയ്തത്. മതപരമായി വളരെ യാഥാസ്ഥിതികമായൊരു കുടുംബം. എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ കുടുംബത്തിലെ യാഥാസ്ഥിതികതകളെ അതേപോലെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്തുപോന്ന ഒരാളായിരുന്നു. ഭർതൃമാതാവിന്റെ വീട്ടിലെത്തിയപ്പോൾ പരമ്പരാഗതമായ ജീവിതവുമായി ഞാൻ വീർപ്പുമുട്ടാൻ തുടങ്ങി. പക്ഷേ ഞാൻ അവരെ ബുദ്ധിമുട്ടിക്കാതെ,വേദനിപ്പിക്കാതെ മുതിർന്നവരെ ബഹുമാനിച്ചു ജീവിച്ചു. ഗ്രാമത്തിലെ കൂട്ടുകുടുംബത്തിൽ നിന്നും മാറി ഞങ്ങൾ രണ്ടുപേരും ജീവിതമാരംഭിച്ചപ്പോൾ യാഥാസ്ഥിതികമായ എല്ലാ പിടിവാശികളും ഭർത്താവ് എന്റെമേൽ നിർബന്ധിച്ചു ചുമത്താൻ തുടങ്ങി. മൂന്നുവർഷത്തിനുള്ളിൽ ഒരു പെൺകുട്ടിയും രണ്ടു ആൺകുട്ടികളുമുണ്ടായി ഞങ്ങൾക്ക്. വളരെ മെലിഞ്ഞ് ശോഷിച്ച് ഒന്നൂതിയാൽ പറന്നുപോകുന്ന ദുർബലമായ ശാരീരികാവസ്ഥയായിരുന്നു എനിക്കപ്പോൾ. ഏതാണ്ടൊരേ പ്രായമുള്ള മൂന്നു മക്കളെ പരിപാലിക്കുന്നതിനെക്കുറിച്ച് ഊഹിക്കാമല്ലോ. വീട്ടുജോലികളും പിന്നെ എന്റെ ജോലിയും എല്ലാം ഒരുമിച്ച് മാനേജ് ചെയ്യണം. അതത്ര എളുപ്പമുള്ള ഒന്നല്ല.

ആ സമയത്താണ് ഭർത്താവ് പറയുന്നത് അദ്ദേഹത്തിന്റെ ഗ്രഹനിലയിൽ ശനി അടുത്ത ഏഴുവർഷത്തേക്ക് അത്ര ഗുണം ചെയ്യില്ലെന്ന്. അതുകൊണ്ട് ഞാൻ എല്ലാ ശനിയാഴ്ചയും വെള്ളം കുടിക്കാതെ വ്രതമെടുക്കണം. അതാണ് പരിഹാരം! ഞാൻ പരമ നിശബ്ദയും സഹിഷ്ണുതയുമുള്ള മാതൃകാ പത്നിയാണപ്പോൾ. എല്ലാ ശനിയാഴ്ചയും ഞാൻ വ്രതമെടുക്കാൻ തുടങ്ങി. മാനസികമായി എനിക്കെന്റെ ചെയ്തിയോട് ഒരു മതിപ്പുമില്ലായിരുന്നു. ഭാര്യ ശനിദേവനെ ഭക്ത്യാദരവോടെ ആരാധിക്കാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് അസുഖവും അസുഖകരമായ കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചത് എന്നാണ് ഞാൻ വ്രതമനുഷ്ഠിച്ചില്ലെങ്കിൽ അദ്ദേഹം വിശ്വസിക്കുക. എന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമം പിടിച്ചതായിരുന്നു അതൊക്കെ.

എന്റെ സഹോദരിയുടെ വിവാഹസമയമാണ്. അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകണമെങ്കിൽ ഒരു പുഴ മുറിച്ചു കടക്കണം. മെയ്മാസമായതിനാൽ പുഴ വറ്റിവരണ്ടിരിക്കുന്നു. പുഴയ്ക്കുകുറുകേയുള്ള റോഡ് അപകടത്തിലായതു കാരണം ഞങ്ങൾ പുഴയിലിറങ്ങിയിട്ടാണ് നടക്കുന്നത്. അതൊരു ശനിയാഴ്ചയായിരുന്നു. ഞാനാണെങ്കിൽ ഒരു തുള്ളി വെള്ളമിറക്കാൻ പോലും കഴിയാതെ വ്രതത്തിലാണ്. മൂന്നുപേർ എന്റെ മൂന്നു മക്കളെയും എടുത്തു നടക്കുന്നുണ്ട്. നട്ടുച്ചസൂര്യന്റെ ഉഗ്രതാപവുമേറ്റ് ഞങ്ങൾ നടന്നുനീങ്ങുകയാണ്. പുഴയിലെ മണൽ വെയിലേറ്റ് തീപിടിച്ചതുപോലെ ചുട്ടുപൊള്ളിക്കുന്നുണ്ട് കാലുകളെ. എനിക്ക് അസഹ്യമായ തലവേദന തുടങ്ങി. വരണ്ടതൊണ്ടയിൽ നിന്നും ഒരു കവിൾ വെള്ളം ഓക്കാനത്തോടെ പുറത്തേക്ക് വന്നു. ഞാനവിടെ മരിച്ചുവീഴുകയാണെന്ന് തോന്നിപ്പോയി. ആരുടെയോ പക്കൽ നിന്നും വെള്ളക്കുപ്പി പിടിച്ചുവാങ്ങി ഞാൻ മടമടാ കുടിച്ചു; അരക്കുപ്പിയോളം.

ആശ്വാസത്തോടെ തലയുയർത്തി നോക്കിയപ്പോൾ എന്റെ ഭർത്താവ് സ്തബ്ധനായിനിൽക്കുന്നു! അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെള്ളം കുടിക്കാൻ പാടില്ലാതെ വ്രതമെടുക്കേണ്ട ശനിയാഴ്ചയാണ് ഞാനിത് ചെയ്തത്. മഹാപരാധം. അദ്ദേഹമൊന്നും പറഞ്ഞില്ലെങ്കിലും എനിക്ക് മനസ്സിലായി ആ മനസ്സിലുള്ളത്. വിവാഹശേഷം എന്റെ ആദ്യത്തെ സ്വത്വപ്രതിഷേധമായിരുന്നു അത്. ഉറച്ച ശബ്ദത്തിൽ ഞാനദ്ദേഹത്തോട് പറഞ്ഞു; എന്റെ മൂന്നു മക്കളെയും നിങ്ങളുടെ കൈകളിലേൽപിച്ച് മരിക്കാൻ എനിക്ക് മനസ്സില്ല. നിങ്ങളുടെ നിർബന്ധപ്രകാരമുള്ള വ്രതങ്ങൾക്ക് ഇന്നുമുതൽ എന്നെകിട്ടില്ല. ശനി നിങ്ങൾക്കനുകൂലമല്ലെങ്കിൽ നിങ്ങളെന്തുകൊണ്ട് വ്രതമെടുക്കുന്നില്ല? എന്നെയെന്തിന് കഷ്ടപ്പെടുത്തണം? എന്നിലൂടെ എങ്ങനെയാണ് ശനിദേവൻ നിങ്ങളിൽ പ്രസാദിക്കുക? ഇത്തരം കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ തന്നെ എല്ലാ ശനിയാഴ്ചയും വ്രതമനുഷ്ഠിക്കണം. നമ്മുടെ വേദങ്ങൾ പറയുന്നു വലം കൈയുടെ പാപത്തിന് ഇടം കൈയെ ശിക്ഷിക്കാനാവില്ലെന്ന്. നിങ്ങൾ വേദങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ പറയട്ടെ അടുത്ത ശനിയാഴ്ചമുതൽ ഞാൻ വ്രതമനുഷ്ഠിക്കുകയില്ല.

ഭർത്താവ് എന്നെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു; നിനക്കിഷ്ടമതാണെങ്കിൽ അങ്ങനെയാവട്ടെ.
സഹോദരിയുടെ വീട്ടിൽ ചെന്നപ്പോൾ വിഭവസമൃദ്ധമായ വിരുന്നാണ് ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഭക്ഷണസാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു. പക്ഷേ എനിക്കൊരു ഗ്ലാസ്  ഇളനീരാണ് തന്നത്. അവരോട് ഭർത്താവ് പറഞ്ഞേ്രത എനിക്ക് വ്രതമാണൈന്ന്. ഞാനൊന്നും മിണ്ടിയില്ല. പിറ്റെ ശനിയാഴ്ച മുതൽ ഞാൻ വ്രതമെടുത്തില്ല, എന്റെ ഭർത്താവും അദ്ദേഹത്തിനുവേണ്ടി അതുചെയ്തില്ല, കാരണം കുട്ടികളെപ്പോലെ അദ്ദേഹത്തിനും വിശപ്പ് സഹിക്കാൻ കഴിയില്ലായിരുന്നു. സിവിൽ എൻജിനീയറായതുകൊണ്ട് എപ്പോഴും ഫീൽഡ് വർക്ക് ഉണ്ടാകും. അപ്പോൾ വെയിലും വിശപ്പും ഒരുപോലെ സഹിക്കാനാവില്ല. ഏഴുവർഷം അദ്ദേഹത്തിന് ശനിയുടെ എന്തപഹാരമായിരുന്നു ഉണ്ടായിരുന്നത് എന്നെനിക്കറിയില്ല.

അനാചാരങ്ങൾക്കെതിരേയും അന്ധവിശ്വാസങ്ങൾക്കെതിരേയുമുള്ള എന്റെ ആദ്യത്തെ പ്രതിരോധം ഫലം കണ്ടു. പിന്നെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും ഞാൻ ഇതേരീതിയിൽ കൈകാര്യം ചെയ്തുതുടങ്ങി. എന്റെ ഭർത്താവ് ഒരുപക്ഷേ സന്തുഷ്ടനായിരിക്കില്ല പക്ഷേ എതിർത്തൊന്നും പറഞ്ഞില്ല. എന്റെ പ്രാർഥനാമുറിയിൽ ഏത് ജാതിക്കാർക്കും മതക്കാർക്കും പ്രവേശിക്കാം; എന്റെ അച്ഛന്റെ ആരാധനാമുറിപോലെ. പതുക്കെ പതുക്കെ ഭർത്താവ് എന്റെ നിലപാടുമായി അനുരഞ്ജനത്തിലെത്തി, ഒരു പക്ഷേ അത്ര സന്തോഷത്തോടെയൊന്നുമായിരിക്കില്ല. കേരളത്തിലെ ആയുർവേദ തൈലങ്ങളും ലുങ്കികളും ഞാൻ വാങ്ങിക്കൊണ്ടുപോകുമായിരുന്നു അദ്ദേഹത്തിനുവേണ്ടി.

prathibha

ഇന്ത്യൻ സാഹിത്യം പരമോന്നതപുരസ്കാരമായി കണ്ടുവരുന്ന ജ്ഞാനപീഠം പുരസ്കാരസമിതിയുടെ അധ്യക്ഷയാണ് പ്രതിഭാ റായ്. എങ്ങനെകാണുന്നു ആ പദവിയെ?

ജ്ഞാനപീഠസമിതിയുടെ അധ്യക്ഷപദവിയ്ക്കായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് വന്നപ്പോൾ സന്തോഷമുണ്ടായി. ആദ്യമായാണ് ഒരു സ്ത്രീയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എനിക്കേറെ അഭിമാനമുണ്ട് അതിൽ. വളരെ ജനാധിപത്യപരമായ ഒരു പുരസ്കാര സമിതിയാണത്. എന്റെ സഹപ്രവർത്തകർക്കൊപ്പം നല്ല നിലയിൽ പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. വളരെയേറെ സ്വകാര്യതകൾ സൂക്ഷിക്കുന്ന ജ്ഞാനപീഠസമിതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ വിശദമാക്കേണ്ടതില്ല. മലയാളത്തിൽ അക്കിത്തത്തിന് പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.

ദ്രൗപദി നദിയിൽ നീരാടുമ്പോൾ ഒഴുക്കിൽപെട്ടുപോകുന്നു.രക്ഷിക്കുന്നത് കർണനാണ്. കർണന്റെ ഇന്റേണൽ റൊമാൻസ് അവിടെത്തന്നെ റായ് വർക്കൗട്ടാക്കിയിരിക്കുന്നു.

ദ്രൗപദി സഖിമാരോടൊത്ത് നീരാടുമ്പോൾ ഒഴുക്കിൽപെടുന്നുണ്ട്. അവിടെ കർണനല്ലാതെ മറ്റാരാണ് രക്ഷിക്കാൻ യോഗ്യൻ? പക്ഷേ കർണൻ അതിനെ കാണുന്നത് മറ്റൊരു തരത്തിലായിട്ടാണ് ഞാൻ വ്യഖ്യാനിച്ചത്. ജീവിതത്തിലെ നിരാശയും മടുപ്പും കാരണം ദ്രൗപദി ആറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചതായി കർണൻ പറഞ്ഞുപരിഹസിക്കുന്നു. അപ്പോൾ കർണൻ ചോദിക്കുന്നുണ്ട് അഞ്ചു ഭർക്കാന്മാരുണ്ടായിട്ടും ആറ്റിൽചാടി ജീവിതമവസാനിപ്പിക്കാനാണോ യോഗം എന്ന്. ദ്രൗപദി അതിന് കൃത്യമായ മറുപടിയും നല്കുന്നുണ്ട്.

പ്രതിഭാ റായ് ഏറെ ഇഷ്ടപ്പെടുന്ന, ആസ്വദിക്കുന്ന ഒന്നാണ് യാത്രകൾ. ഒരു മടുപ്പുമില്ലാതെ, ശാരീരികമായ അവശതകൾ വകവെക്കാത നിരന്തരം യാത്രചെയ്യുന്നു താങ്കൾ. എങ്ങനെ സാധിക്കുന്നു?

ചെറുപ്പം മുതലേ യാത്ര എനിക്ക് വളരെയിഷ്ടമാണ്. സ്കൂൾ കാലത്ത് എന്റെ സൈക്കിളിൽ ഗ്രാമം മുഴുവൻ സഞ്ചരിക്കുകയും അവിടെയുള്ള ജീവിതങ്ങളെ അടുത്തറിയുകയും ചെയ്തതാണ് എന്റെ എഴുത്തുജീവിതത്തിലെ നിധിശേഖരങ്ങൾ. ബിരുദപഠനകാലത്ത് ജിയോളജി പഠിക്കുകയും ടീച്ചറും സഹപാഠികളുമൊത്ത് വിനോദയാത്രകൾ പോവുകയും ചെയ്യുമായിരുന്നു. പിന്നെ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി കോളേജ് അധ്യാപികയായപ്പോൾ നാഷണൽ, ഇന്റർനാഷണൽ സൈക്കോളജിക്കൽ കോൺഫറൻസുകൾക്കായി പലനാടുകളിലും പോയി.

എഴുത്തുകാരിയെന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പല രാജ്യങ്ങളിലും പോകാൻ സാധിച്ചു. പോരാത്തതിന് വ്യക്തിപരമായ താല്പര്യം കൊണ്ട് പലരാജ്യങ്ങളും ഒറ്റയ്ക്ക് സഞ്ചരിച്ച് കാണാനും പറ്റി. ഇളയ മകൻ കാനഡയിലാണ്. എല്ലാ വർഷവും അവന്റെയടുക്കലേക്ക് പോകും. പിന്നെ അവിടെ നിന്നും സാധ്യമായ രാജ്യങ്ങളൊക്കെ സന്ദർശിക്കാൻ പോകും.

അമേരിക്കയിൽ നിന്നും അലാസ്കയിലേക്ക് എട്ടു ദിവസത്തെ ടൂറിനായി പോകാൻ ഒരിക്കൽ അവസരം ലഭിച്ചു. മഞ്ഞും കടലും മാത്രമുള്ള അലാസ്കൻ സൗന്ദര്യം ആസ്വദിക്കാൻ പറ്റി. 'ശേഷ ഈശ്വർ'(The Last God) എന്ന നോവൽ പൂർത്തീകരിക്കാൻ സഹായിച്ചത് ഈ യാത്രയാണ്. ലോകത്താകമാനമുള്ള ജനജീവിതം അടുത്തറിയാൻ യാത്രകളെന്നെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പതിനൊന്ന് യാത്രാവിവരണങ്ങളെഴുതി. നോവൽ പോലെ തന്നെ എന്റെ യാത്രാവിവരണങ്ങളും ആളുകൾ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. ധാരാളം വായിക്കുകയും ധാരാളം യാത്രചെയ്യുകയും ചെയ്യുന്ന ഒരാളായിരിക്കണം എഴുത്തുകാരൻ/ എഴുത്തുകാരി.

prathibha

ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരു അനാഥബാലൻ താൻ വിശ്വസിക്കുന്ന ഏകദൈവത്തെയും ഏകമതത്തെയും അന്വേഷിച്ചു നടത്തുന്ന യാത്ര- അതാണല്ലോ ശേഷാ ഈശ്വർ

അതെ. 2016-ലാണ് നോവൽ പൂർത്തിയാക്കിയത്. നോവൽ ഇറങ്ങിയപ്പോൾ തന്നെ വായനക്കാർ ഏറ്റെടുത്തു. ഉടൻ തന്നെ ഉർദുവിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ളീഷ് വിവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നിരൂപകശ്രദ്ധ വളരെയധികം ലഭിച്ച നോവലുകളിലൊന്നാണ് അത്.

എം.ടി യുമായി ഊഷ്മളബന്ധം സൂക്ഷിക്കുന്ന എഴുത്തുകാരിയാണ് താങ്കൾ.

നാല് പതിറ്റാണ്ടായി ഞങ്ങളുടെ സൗഹൃദം തുടങ്ങിയിട്ട്. ഡൽഹിയിലെ സാഹിത്യ അക്കാദമി സെമിനാറിൽ വച്ചാണ് ഞാനദ്ദേഹവുമായി പരിചയപ്പെടുന്നത്. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കാലത്താണ് 'ദ്രൗപദി' മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്. സാഹിത്യ അക്കാദമിയുടെ എക്സിക്യുട്ടീവd കമ്മറ്റിയിൽ ഞാനും എം.ടിയും ഒഡീഷയെയും കേരളത്തെയും പ്രതിനിധീകരിക്കുന്ന അംഗങ്ങളായി ഒരുമിച്ച് സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹം ഒരു സഹോദരിയുടെ പരിഗണന എപ്പോഴുമെനിക്ക് തന്നു. തനിക്ക് സ്വന്തമായി സഹോദരിമാരൊന്നുമില്ല, പ്രതിഭാറായിയെ ആ സ്ഥാനത്താണ് കാണുന്നതെന്ന് പറഞ്ഞപ്പോൾ അതായിരുന്നു എനിക്കു ലഭിച്ച വലിയ അംഗീകാരം. 2018-ൽ ഞാൻ കോഴിക്കോട് വന്നപ്പോൾ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടു. ഊഷ്മളമായ സ്വീകരണമായിരുന്നു എനിക്ക് ലഭിച്ചത്.

അതുപോലെ അന്ന് മാതൃഭൂമിയിൽ നിന്നും എനിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാർ അന്നെന്നെ വരവേറ്റത് വേദനയോടെയാണ് ഓർക്കാൻ കഴിയുക. അദ്ദേഹം പനിച്ചുവിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ അവിടുത്തെ ആളുകൾക്ക് എന്നെ പരിചയപ്പെടുത്തുമ്പോൾ ഞാനദ്ദേഹത്തോട് വിശ്രമിക്കാൻ അഭ്യർഥിച്ചു. പക്ഷേ അദ്ദേഹം തനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുകൊണ്ട് സംസാരം തുടർന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദു:ഖത്തിൽ ഞാനും പങ്കുചേർന്നു. ഉഷാ വീരേന്ദ്രകുമാറിനെ കാണണം. അവരോടൊപ്പം അൽപനേരമിരിക്കണം. കോവിഡ് വിലക്കുകളൊക്കെ നീങ്ങട്ടെ.

കേരളത്തോട് ഞാനെന്നും കടപ്പെട്ടിരിക്കുന്നു. ഇതെന്റെ നാടുപോലെത്തന്നെയാണെനിക്ക്. വർഷത്തിലൊരിക്കലെങ്കിലും വരാൻ സാധിക്കാറുണ്ട് കേരളത്തിലേക്ക്. ഡോ. ആർസുവാണ് കേരളത്തിലെ മറ്റൊരു സൗഹൃദം. അക്കാദമികവും സാഹിത്യപരവുമായ കാര്യങ്ങൾ ഞങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ട്. ഈ വർഷത്തെ യാത്രകൾ ഒക്കെയും കോവിഡ് വിലക്കിയിരിക്കുകയാണല്ലോ.

കോവിഡ് കാലത്തെ സർഗാത്മകതെയെക്കുറിച്ച്?

മനുഷ്യസമൂഹത്തിന്റെ അതിജീവനത്തെക്കുറിച്ചുള്ള ആകുലതയല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും എനിക്ക് തോന്നിയിട്ടില്ല. എഴുത്തുകാരി എന്ന നിലയിൽ ഞാനെപ്പോഴും സമ്പൂർണ ലോക്ഡൗണിലാണ്; ഏകാന്തതയാണ് എനിക്കേറെയിഷ്ടം. കൊറോണക്കാലത്തെ ആസ്പദമാക്കി കഥകളെഴുതി. പുതിയ നോവൽ പണിപ്പുരയിലേക്ക് കടന്നു. വെബിനാറുകളുടെ കാലമാണ് ഇത്. കുറേ വെബിനാറുകൾ ചെയ്തു. ഞാൻ പുറത്തേക്കിറങ്ങിയിട്ടില്ല ഇതുവരെ. നോവലെഴുത്തിൽ ഏർപ്പെട്ടാൽ അങ്ങനെതന്നെയാണ് ചെയ്യാറ്. വീട്ടിലിരുന്ന് എഴുതുകതന്നെ. എഴുത്തുകാർ മാനവികതയ്ക്കുവേണ്ടി എഴുതിക്കൊണ്ടേയിരിക്കണം.

Content Highlights: Interview with Writer Pratibha Ray