നു എസ്. പിള്ളയെന്ന യുവാവ് ചരിത്രപുസ്തകങ്ങളിലെ അടിക്കുറിപ്പുകള്‍തേടി യാത്രതുടങ്ങിയത് പത്തൊമ്പതാം വയസ്സിലാണ്. 25-ാം വയസ്സിലെത്തിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ 'ഐവറിത്രോണ്‍' എന്ന പ്രസിദ്ധകൃതിയുടെ രചയിതാവ് എന്ന നിലയില്‍ അറിയപ്പെട്ടു. ഇന്നിപ്പോള്‍ രണ്ടുവര്‍ഷംകൂടി പിന്നിടുമ്പോള്‍ 'റബെല്‍ സുല്‍ത്താന്‍സ്' എന്ന രണ്ടാമത്തെ പുസ്തകവുമായി അയാള്‍ നമുക്കുമുന്നില്‍ നില്‍ക്കുന്നു. അസാധാരണമായ ഉള്‍ക്കാഴ്ചയോടെ ചരിത്രത്തെ പഠിക്കുന്ന ഈ യുവാവ് ചെറുപ്രായത്തിലേ ചരിത്രരചനയിലെ വേറിട്ട വഴിയാകുന്നു

'ഐവറിത്രോണി'ന്റെ ഗ്രന്ഥകാരന്‍ എന്ന ജീവിതം അവസാനിക്കുകയാണ്. രണ്ടാമത്തെ പുസ്തകം വന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആദ്യപുസ്തകത്തിന്റെ അനുഭവം പങ്കുവെക്കാമോ?

ആ പുസ്തകം പ്രതീക്ഷച്ചതിനേക്കാളും ഭംഗിയായി സ്വീകരിക്കപ്പെട്ടു. 25 വയസ്സുമാത്രമുള്ള, ആര്‍ക്കുമറിയാത്ത ഒരെഴുത്തുകാരന്‍, എല്ലാവരും മറന്നുകഴിഞ്ഞ ഒരു മുഖ്യകഥാപാത്രം,  700 പേജുള്ള പുസ്തകം. ഓരോ അധ്യായത്തിലും 21,000-ത്തിലധികം വാക്കുകള്‍. എനിക്കും പബ്ലിഷര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, അതൊരു വിജയമായി. പുസ്തകം ധാരാളം വില്‍ക്കപ്പെട്ടു. വലിയ വായനക്കാരുണ്ടായി. പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ഇപ്പോഴും ആളുകള്‍ അത് വായിക്കുന്നു. ഇത്രയും വലിയ ഒരു പുസ്തകം ഇനി ഞാനെഴുതാനിടയില്ല. ആറുവര്‍ഷത്തെ അധ്വാനമായിരുന്നു. വളരെ വിശദമായിത്തന്നെ എഴുതി. ഇനി അതുപോലൊരെണ്ണം എഴുതാന്‍ എനിക്ക് ആഗ്രഹവുമില്ല.

പുതിയ പുസ്തകം ഏറെ വ്യത്യസ്തമാണ്. ഐവറിത്രോണിലെ മുഖ്യ കഥാപാത്രം 1985-ലാണ് മരിച്ചത്. പുതിയതിന്റെ കഥ അവസാനിക്കുന്നതുപോലും 1707-ലാണ്. അത്ര വ്യത്യസ്തമായ ഒരു കാലത്തിന്റെ കഥയാണ്. അങ്ങ്  വിദൂരത്തുള്ള ചരിത്രമാണിത്. അതിന്റെ വിവരങ്ങള്‍ മറ്റേതിനെ അപേക്ഷിച്ച് കുറവാണ്.  ആ കാലഘട്ടത്തെപ്പറ്റിയുള്ള ഒരു സമഗ്രചിത്രമാണ് എന്റെ മനസ്സില്‍. ഇതൊരു പരീക്ഷണം കൂടിയാണ്. ശീലിച്ചുപോയ ദീര്‍ഘമായ എഴുത്തില്‍നിന്നുള്ള മാറ്റം.

തിരുവിതാംകൂറിലെ ഒരു ചെറിയ ചരിത്രമുഹൂര്‍ത്തം എഴുതിയയാള്‍ ഡെക്കാന്റെ വിശാലമായ ചരിത്രത്തിലേക്കാണ് രണ്ടാമതായി കടക്കുന്നത്. എന്തുകൊണ്ടാണ് ഡെക്കാന്‍ വിഷയമായി സ്വീകരിച്ചത് 

ആദ്യപുസ്തകം എന്റെ മലയാളി വേരുകളോടുള്ള സ്‌നേഹമായിരുന്നു. രണ്ടാമത്തേത് ഞാന്‍ വളര്‍ന്ന പുണെ ഉള്‍പ്പെട്ട സ്ഥലത്തോടുള്ള സ്‌നേഹവും.  അവിടെ ഞാന്‍ ഡെക്കാന്റെ കഥകള്‍കേട്ടാണ് വളര്‍ന്നത്. യാത്രപോവുമ്പോള്‍ പഴയ പല കെട്ടിടങ്ങളും കണ്ടിരുന്നു. ഗോവയില്‍വെച്ച് ദീവാര്‍ ഐലന്റില്‍ ഒരു പഴയ ഗണപതിക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍  കാണാനിടയായി. ബഹാമണീസിന്റെ കാലത്ത്  നശിപ്പിക്കപ്പെട്ട ക്ഷേത്രമാണ്. പിന്നീടത് പോര്‍ച്ചുഗീസുകാരുടെ കൈയിലെത്തി. അവരതിനെ ഒരു പള്ളിയാക്കി മാറ്റിപ്പണിതു. അവിടെ ഇപ്പോഴും എഴുതിവെച്ചിട്ടുണ്ട്  ഇതൊരു പഴയ ഗണപതി ക്ഷേത്രമായിരുന്നെന്ന്. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴുമുണ്ട്. അതുപോലെ ഹൈദരാബാദിലെ ഗോല്‍ക്കോണ്ട ഫോര്‍ട്ട്, കുത്തബാ ശവകുടീരങ്ങള്‍... ഇതൊക്കെ കണ്ടപ്പോഴാണ് അതിന്റെയൊക്കെ ചരിത്രമന്വേഷിച്ച് പോകണമെന്ന് തോന്നിയത്. ചുരുക്കം ചില പണ്ഡിതരൊഴിച്ച്  പൊതുവേ ഇതൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. അക്കാദമിക്തലത്തില്‍മാത്രം ഒതുങ്ങിയ ഒരു ചരിത്രം. ഡെക്കാന്‍ എന്നാല്‍ ശിവജി. അതിനുപിറകോട്ടൊന്നും ആരും പോയില്ല. അങ്ങനെ മങ്ങിക്കിടക്കേണ്ട ഒന്നല്ല ഡെക്കാന്റെ ചരിത്രം എന്ന് എനിക്കുതോന്നി; മറന്നുപോയ ആ ചരിത്രവ്യക്തികളെ പോപ്പുലര്‍ വായനയിലേക്ക് കൊണ്ടുവരണമെന്നും. അങ്ങനെയാണ് ഈ പുസ്തകത്തിന്റെ തുടക്കം.

 പൊതുവില്‍ മുഖ്യധാരാചരിത്രത്തിന്റെ അടിക്കുറിപ്പുകളായി ചുരുങ്ങിയ കാര്യങ്ങളെയാണ് മനുവിലെ ചരിത്രകാരന്‍ അന്വേഷിക്കുന്നത്.
 സേതുലക്ഷ്മിബായി ആയാലും െഡക്കാനിലെ സുല്‍ത്താന്മാരായാലും അങ്ങനെത്തന്നെയാണ്. ഈ അടിക്കുറിപ്പിന്റെ ചരിത്രം തേടലിലാണ് എനിക്ക് താത്പര്യം. ചരിത്രം മറന്നുപോയവരെ തിരഞ്ഞ് കണ്ടെത്തുക. അവരുടെ കഥകളെഴുതി അവരെപ്പറ്റി ലോകത്തെ അറിയിക്കുക. ഇതല്പം പ്രയാസമുള്ള കാര്യമാണ്. എന്നാലും അന്വേഷിച്ചുപോയാല്‍ കണ്ടെത്താന്‍ കഴിയും. പഴയ രേഖകളൊക്കെയുണ്ട്, ശിലാലിഖിതങ്ങളുണ്ട്, സാഹിത്യകൃതികളുണ്ട്. അവയില്‍നിന്നെല്ലാം ചരിത്രം കണ്ടെത്താന്‍ കഴിയും.

ഡെക്കാന്റെ ചരിത്രം മുഖ്യധാരാചരിത്രത്തിന്റെ ഭാഗമായതേയില്ല. നമുക്ക് അക്ബറിനെയറിയാം. എന്നാല്‍, അക്ബറിനോളം പ്രസക്തനായ ഇബ്രാഹിം ആദില്‍ഷാ നമ്മുടെ മുന്നില്‍ വന്നതേയില്ല. എന്തായിരിക്കാം കാരണം?

ഇതിന് പല കാരണങ്ങളുണ്ട്. പൊതുവായ ഒരു കാരണം  നോര്‍ത്ത് ഇന്ത്യന്‍ പക്ഷപാതമാണ്. എല്ലാം ഡല്‍ഹിയുടെ ചുറ്റുവട്ടത്ത് നിന്നുകൊണ്ട് കാണുന്ന ഒരു രീതി. അതുകൊണ്ട് ആ ഭാഗത്തെ ചരിത്രം മുഖ്യധാരയുടെ ഭാഗമായി. അധികാരമുള്ളിടത്താണ് പണ്ഡിതരും എഴുത്തുകാരും എപ്പോഴും നിലകൊണ്ടത്.   അങ്ങനെ നോര്‍ത്ത് ഇന്ത്യന്‍ ചരിത്രത്തിന് കിട്ടിയ പ്രാധാന്യം  സൗത്ത് ഇന്ത്യക്ക് കിട്ടിയില്ല. മറ്റൊരു കാരണം ഡെക്കാന്‍ തകര്‍ന്നതോടെ അവിടത്തെ നഗരങ്ങള്‍ അപ്രസക്തമായി. ഹൈദരാബാദ് ഒഴികെ മറ്റെല്ലാം ഓര്‍മയായി. അവിടെയൊന്നും ചരിത്രം പറയാന്‍ ആളില്ലാതായി.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഡെക്കാന്റെ ഇന്നലെകളില്‍നിന്ന് എന്താണ്  നമുക്ക് പഠിക്കാനുള്ളത്? ഡെക്കാനിലെ ഹിന്ദു-മുസ്ലിം ഇടപെടലുകളുടെ വലിയൊരു ചിത്രം മനുവിന്റെ പുസ്തകത്തില്‍ കാണാനുണ്ട്. അതൊന്ന് വിശദീകരിക്കാമോ

ഈ പുസ്തകം ഇപ്പോള്‍ എഴുതാനുള്ള കാരണവും അതായിരുന്നു. ഇന്നത്തെ രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ ആ ചരിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത്തരം ചര്‍ച്ച ആവശ്യമായ വിട്ടുവീഴ്ചയില്ലാത്ത ഒരു രാഷ്ട്രീയകാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ആ ചരിത്രം പറയാനുള്ള ശരിയായ സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് മൂന്നാമതായിമാത്രം എഴുതണമെന്ന് തീരുമാനിച്ച പുസ്തകം രണ്ടാമത്തേതായി ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. രണ്ടുമതങ്ങള്‍ക്ക് പരസ്പരധാരണയോടെ ഒത്തുജീവിക്കാമെന്നതിന്റെ നല്ലൊരു ഉദാഹരണമായിരുന്നു ഡെക്കാന്റെ ചരിത്രത്തില്‍ കണ്ടത്.

പൊതുവില്‍ അന്യമതസ്ഥര്‍ക്കെല്ലാം അക്കാലത്ത് എല്ലായിടത്തും  സ്ഥാനമുണ്ടായിരുന്നു. ഹിന്ദു-മുസ്ലിം വേര്‍തിരിവ് ഇല്ലായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. സ്വന്തം ഔദ്യോഗിക ഇമേജിന്റെ കാര്യംവരുമ്പോള്‍  മതങ്ങളെ  രണ്ടുകൂട്ടരും ഉപയോഗിച്ചു. അതേസമയം, 'സുല്‍ത്താന്‍' എന്ന പേര് ഹിന്ദു ഭരണാധികാരികളും ഉപയോഗിച്ചു. മുസ്ലിം സുല്‍ത്താന്മാരെപ്പോലെ  ഹിന്ദു സുല്‍ത്താന്മാരുമുണ്ടായി. ഹിന്ദു എന്ന പദംപോലും അക്കാലത്താണ് പ്രചാരത്തിലാവുന്നത്. ഹിന്ദു എന്നൊരു 'മാസ് ഐഡന്റിറ്റി'   അന്നില്ലായിരുന്നു. മുസ്ലിമിനെ എതിര്‍ക്കാന്‍പോലും ബ്രാഹ്മണരും അധഃസ്ഥിതരും ഒന്നിക്കുമായിരുന്നില്ല. മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതുപോലും ഉയര്‍ന്ന തലത്തിലുള്ളവര്‍ക്കിടയില്‍ മാത്രമായിരുന്നു. രണ്ടു മതങ്ങളും രണ്ടുതരത്തിലുള്ള ജീവിതരീതിയാണ് മുന്നോട്ടുവെക്കുന്നത് എന്നുപോലും  മേലേത്തട്ടിലുള്ളവര്‍മാത്രമേ അറിഞ്ഞിരുന്നുള്ളൂ. താഴേത്തട്ടില്‍ അങ്ങനെയൊരു വേര്‍തിരിവേ ഉണ്ടായിരുന്നില്ല. പണവും അധികാരവും രാഷ്ട്രീയവും കൂടിച്ചേരുന്നിടത്താണ് മതം നിലനിന്നത്. ഹിന്ദുസുല്‍ത്താനും മുസ്ലിം സുല്‍ത്താനും പൊതുജനത്തിന് ഒന്നുപോലായിരുന്നു. ഏകനാഥിന്റെ ഒരു കവിതയുണ്ട്. അതില്‍ ഹിന്ദു-ടര്‍ക്ക് (മുസ്ലിങ്ങള്‍ ടര്‍ക്ക് എന്നും അറിയപ്പെട്ടു) സംവാദമുണ്ട്. അതില്‍ത്തന്നെ ഹിന്ദു-ദളിത് (അധഃസ്ഥിതര്‍ )സംവാദമുണ്ട്. അതുപോലും വെറും കളിയാക്കല്‍ മാത്രമാണ്. അവിടെയൊന്നും മതവിരോധം കാണാനില്ല.

ലോകം ഡെക്കാനെ നോക്കിക്കണ്ടത് ഏകീകൃത സ്വഭാവമുള്ള ഒരു രാജ്യമെന്ന നിലയിലാണ്. എന്നാല്‍, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ഡെക്കാന്‍ ലോകത്തിന്റെ ഒരു പരിച്ഛേദമായിരുന്നു എന്ന് മനു എഴുതിയിട്ടുണ്ട്. ഇതൊന്നു വിശദീകരിക്കാമോ

പുറത്തുനിന്നുള്ളവര്‍ക്ക് അല്‍ ഹിന്ദിലേക്ക് കടന്നു വരുമ്പോള്‍ അതൊരു ഏകീകൃതസമൂഹമാണെന്നേ തോന്നിയിരുന്നുള്ളൂ. എന്നാല്‍, നമ്മുടെ വീക്ഷണത്തില്‍ അതൊരു വലിയ ലോകമാണ്. അവിടെ ഹിന്ദു സുല്‍ത്താന്മാരുണ്ട്, മുസ്ലിം സുല്‍ത്താന്മാരുണ്ട്. ബ്രാഹ്മണവേരുകളുള്ള മുസ്ലിം രാജവംശങ്ങളുണ്ടായിരുന്നു. അഹമ്മദ് നഗറില്‍ ബ്ലാക്ക് ക്യൂന്‍പോലുമുണ്ടായിരുന്നു. പേര്‍ഷ്യന്‍ ബ്ലഡും ബ്ലാക്ക് ബ്ലഡും ഉണ്ടായിരുന്നു. കൊട്ടാരങ്ങളില്‍ ഇംഗ്ലീഷ് പെണ്ണുങ്ങള്‍വരെ രാജദാസികളായി ഉണ്ടായിരുന്നു. ജോര്‍ജിയയിലെയും അഫ്ഗാനിസ്താനിലെയും പെണ്ണുങ്ങള്‍ വേറെയും. ഇതൊക്കെ കാണിക്കുന്നത് ഡെക്കാന്‍ അന്നത്തെ ലോകത്തെ ഉള്‍ക്കൊണ്ടിരുന്നു എന്നാണ്. അന്നത്തേതും ഒരു നെറ്റ്വര്‍ക്ക്ഡ് ലോകമായിരുന്നു. ഇന്നത്തൈത്ര വിപുലമായ അര്‍ഥത്തിലല്ലെന്നുമാത്രം.

ഒരു ചരിത്രവിദ്യാര്‍ഥി എന്നനിലയില്‍ ഡെക്കാന്‍ പഠനം എന്തുപാഠമാണ് മനുവിന് നല്‍കിയത്

ഒന്നും കേട്ടറിഞ്ഞതുപോലെ വിശ്വസിക്കരുതെന്ന്; പറഞ്ഞുകേട്ടതുപോലെ ഉള്‍ക്കൊള്ളരുതെന്ന്. യാഥാര്‍ഥ്യം അതില്‍നിന്നൊക്കെ വളരെ അകന്നാവും നിലകൊള്ളുന്നത്. ഓരോന്നിനും ഒരുപാട് തലങ്ങളുണ്ട്, സൂക്ഷ്മഭേദങ്ങളുണ്ട്, വൈവിധ്യങ്ങളുണ്ട്. ചരിത്രകാരന്മാര്‍ക്കും വായനക്കാര്‍ക്കും മുന്‍വിധികളുണ്ടാകാം. സത്യത്തിന് അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയണം. ചരിത്രം അറിഞ്ഞതിനേക്കാളും ഗഹനമാണ്, നിഗൂഢമാണ്, വിസ്മയകരവുമാണ്. ഞാന്‍ വ്യക്തികളിലൂടെ ചരിത്രം കാണാനാണ് ശ്രമിച്ചത്. വ്യക്തികളെപ്പറ്റി മനസ്സിലാക്കിയാല്‍ അവര്‍ ജീവിച്ച ലോകത്തെപ്പറ്റി അറിയാന്‍ കഴിയും. ആ കാഴ്ച വേറിട്ടതും ഗഹനവുമായിരിക്കും. അതിലൂടെ വായനക്കാരനിലേക്ക് എളുപ്പം കടന്നുചെല്ലാന്‍ കഴിയുന്നു. ഭൂതകാലത്തിലെ വ്യക്തികളിലൂടെ അവരുടെ കാലത്തെ മനസ്സിലാക്കുന്ന രീതിയോടാണ് എനിക്ക് ആഭിമുഖ്യം.

തിരുവിതാംകൂറിന്റെ ചരിത്രം ചികഞ്ഞപ്പോള്‍ സേതുലക്ഷ്മിബായിയെ കൂട്ടിനുകിട്ടി. െഡക്കാനില്‍ ആരെയാണ് മനു തിരഞ്ഞെടുക്കുക

ഇബ്രാഹിം ആദില്‍ഷായും മാലിക്ക് അംബറും. രണ്ടുപേരും അസാധാരണ വ്യക്തിത്വങ്ങളാണ്. ഹിന്ദുദൈവങ്ങളെ ആരാധിച്ച, സംസ്‌കൃതം പഠിച്ച, മറാത്തി സംസാരിച്ച ആദില്‍ഷാ. എത്യോപ്യയില്‍ അടിമയായി ജനിച്ച് ബാഗ്ദാദുവഴി ഡെക്കാനിലെത്തിയ ആഫ്രിക്കക്കാരനായ മാലിക് അംബര്‍.
മുഗളന്‍മാരുടെ കടന്നുകയറ്റത്തെ നേരിടാന്‍ ഡെക്കാന്‍ സൈന്യത്തിന്റെ മുന്നില്‍നിന്നത് മാലിക്ക് അംബറായിരുന്നു. രണ്ട് തലമുറ മുഗളന്മാരെ അദ്ദേഹം നേരിട്ടു. അദ്ദേഹത്തിന്റെ മകളെയാണ് നിസാംഷാ സുല്‍ത്താന്‍ വിവാഹം ചെയ്തത്. പിന്നീട്‌ െഡക്കാനില്‍ത്തന്നെ മരിച്ചു. അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും അവിടെയുണ്ട്.

ഇന്ത്യയുടെ ഭൂതകാലം കുറേക്കൂടി വ്യക്തതയോടെ പുറത്തുവരേണ്ടതുണ്ട് എന്നൊരു തോന്നലുണ്ടോ? പ്രചാരത്തിലുള്ള നമ്മുടെ പല മിത്തുകളും തകര്‍ക്കപ്പെടേണ്ടതല്ലേ

ചരിത്രം ഇത്രയും രാഷ്ട്രീയവത്കരിച്ച ഒരു കാലത്ത് ചരിത്രത്തെ യാഥാര്‍ഥ്യബോധത്തോടെ ഗൗരവമായി കാണേണ്ടതുണ്ട്. അത്തരം ശ്രമങ്ങള്‍ ചെറിയതോതില്‍ ഇപ്പോള്‍ നടക്കുന്നുമുണ്ട്.  ഇഷ്ടാനുസരണം മാറ്റിപ്പറയാനുള്ള ഒരു രാഷ്ട്രീയച്ചരക്കല്ല ചരിത്രം. ഇന്ന് അങ്ങനെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, ആ ബോധ്യമാണ് പിന്നീടെഴുതാന്‍ കരുതിവെച്ച ഡെക്കാന്റെ ചരിത്രം ഞാന്‍ ഇപ്പോള്‍ത്തന്നെ എഴുതിയതിന്റെ  കാരണം. ട്വിറ്ററില്‍ പോള്‍ നടത്തി ചരിത്രം തീരുമാനിക്കപ്പെടുന്ന കാലമാണിത്!  തോറ്റയുദ്ധങ്ങളെ ജയിച്ചതായി പ്രചരിപ്പിക്കുന്ന കാലമാണിത്! ഗവേഷണങ്ങളും പുതിയ പഠനങ്ങളും അത്യാവശ്യമായിരിക്കുന്നു. അത്തരം ഒരു താത്പര്യം വര്‍ധിച്ചുവരുന്നുണ്ട്. ഇതൊന്നും അവസാനവാക്കല്ല. എന്റെ പുസ്തകങ്ങളും പത്തുവര്‍ഷം കഴിയുമ്പോള്‍ കാലഹരണപ്പെട്ടുപോയേക്കാം. എന്നാലും അതൊരു വഴിതുറന്നിടലാണ്. ഈ സാഹചര്യത്തില്‍ ഇതേറെ പ്രസക്തവുമാണ്. ഇനിയങ്ങോട്ട് ചരിത്രം വെറുമൊരു നിഷ്‌കളങ്കമായ കളിയല്ല.  മനുഷ്യരുടെ ജീവിതത്തെവരെ അതില്ലാതാക്കുന്നുണ്ട്.

പൊതുവില്‍ നിലവിലുള്ള  നമ്മുടെ ചരിത്രകൃതികളുടെ ന്യൂനതയായി മനു കരുതുന്നതെന്താണ്

ജനങ്ങളിലേക്കെത്തുന്നതിനുള്ള കഴിവാണ്  പ്രധാന പ്രശ്‌നം. ചരിത്രം  ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തുന്നില്ല. ഒരു സെമിനാറിലോ കോണ്‍ഫറന്‍സിലോ പ്രബന്ധമവതരിപ്പിച്ച് മാറിയിരിക്കാന്‍ എനിക്ക് താത്പര്യമില്ല. ചരിത്രവും അതിന്റെ ഗവേഷണഫലങ്ങളും ജനങ്ങളിലേക്കെത്തണം. ആദ്യം വന്നുപറഞ്ഞവനാണ് സത്യം പറഞ്ഞവന്‍ എന്ന തലത്തിലേക്ക് തരംതാഴരുത്. ഇത്രയധികം തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കുന്ന കാലത്ത് ചരിത്രത്തെ ജനങ്ങളിലേക്കെത്തിക്കുകതന്നെ വേണം. അതാണ് എന്റെ പുസ്തകങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ജനങ്ങളത് വായിക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം. ചരിത്രത്തെ അതത് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കുക എന്നതാണ് ചരിത്രകാരന്‍ ചെയ്യേണ്ടത്. അത് വായിക്കുന്ന കാലത്തിന്റെ രാഷ്ട്രീയത്തിനുവേണ്ടിയാവരുത്.

 

Content Highlights : Interview with writer Manu S Pillai