എന്തുകൊണ്ട് വി.എസ്സിനെ കാലഹരണപ്പെട്ട പുണ്യാളൻ എന്നു വിശേഷിപ്പിച്ചു? പിണറായി അല്ലാതെ മറ്റൊരു ചോയ്സ് ഇല്ലാതെ പോയത് എന്തുകൊണ്ട്? കേരളത്തിലെ കമ്യൂണിസ്റ്റ് അനുഭാവികൾക്ക് കമ്യൂണിസം എന്താണെന്ന് അറിയാമോ? എം. മുകുന്ദൻ മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.

ഒരു മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോൾ പിണറായി വിജയൻ ചെയ്യുന്നത്. കാലാനുസൃതമായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറണം. അതിന് സാധിക്കുക പിണറായിലൂടെ മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആധുനികമായ മുഖം നൽകാൻ പിണറായിക്ക് മാത്രമേ സാധിക്കുകയുള്ളു. കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.

വി.എസ്സും ഇ.എം.എസും രണ്ട് തലത്തിലുള്ള നേതാക്കന്മാരാണ്. വി.എസ് ജനകീയനായ നേതാവാണ്. കമ്യൂണിസ്റ്റുകാരുടെ ഒരു വൈകാരിക അനുഭവമാണ് വി.എസ്. അദ്ദേഹത്തെ ഡീകൺസ്ട്രക്ട് ചെയ്തു നോക്കിയാൽ പക്ഷേ നമുക്കൊന്നും കാണാനാവില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വയനാട്ടിൽ കഞ്ചാവ് വേട്ടയ്ക്ക് പോയിരുന്നു. ബൂട്ട്സ് ഒക്കെ ഇട്ട് കുടയൊക്കെ പിടിച്ചാണ് പോയത്. എന്റെ വിയോജിപ്പുകൾ ഇതെല്ലാമായിരുന്നു- ഇതൊന്നുമായിരുന്നില്ല ഒരു മുഖ്യമന്ത്രിയുടെ പണി. ഒരു മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ പിണറായി വിജയൻ ചെയ്യുന്ന കാര്യങ്ങളാണ്. ഒരാൾ ഇമേജ് ഉണ്ടാക്കുക എന്നതല്ല കാര്യം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് കാര്യം. അത്തരത്തിലുള്ളതൊന്നും വി.എസ് ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ഹൃദയശുദ്ധിയുള്ള ഒരു മനുഷ്യൻ. ആത്മശുദ്ധികൊണ്ട് ഒരാൾക്ക് മുഖ്യമന്ത്രിയാകാനാവില്ല.

എന്റെ വിദ്യാഭ്യാസം ജനങ്ങളിൽ നിന്നാണ് എന്നാണ് വി.എസ് ഒരിക്കൽ പറഞ്ഞത്. അത് ശരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ജനങ്ങൾക്കിടയിൽ ജീവിച്ചത് കൊണ്ട് മാത്രം ഒരാൾക്ക് നാട് ഭരിക്കാനുള്ള അർഹതയുണ്ടാവില്ല. കേരളത്തെ പുനഃസൃഷ്ട്ടിക്കാൻ വി.എസിന് സാധിക്കുമായിരുന്നില്ല. അതാണ് ഞാൻ വിമർശിച്ചത്. 'ദിനോസറുകളുടെ കാലം' എന്ന കഥ എഴുതിക്കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ദുഃഖം തോന്നിയിരുന്നു. പക്ഷെ അത് എഴുത്തുകാരന്റെ ഉത്തരവാദിത്തമായിരുന്നു. ഇ.എം.എസിനെ കുറിച്ചോ വി.എസിനെ കുറിച്ചോ നല്ലകാര്യങ്ങൾ മാത്രം പറഞ്ഞാൽ അതിൽ സത്യസന്ധത ഉണ്ടാവില്ല. പക്ഷേ കഥയോടുള്ള സമീപനം വൈകാരികമായിരുന്നു. എനിക്കെതിരെ നാട്ടിൽ പന്തംകൊളുത്തി പ്രകടനമൊക്കെ നടന്നു. വി.എസ് എന്നത് വിഗ്രഹവത്‌ക്കരിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് 'കാലഹരണപ്പെട്ട പുണ്യാളൻ' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇ.എം.എസ് ഒരു ബുദ്ധിജീവിയാണ്. അദ്ദേഹത്തിന് വലിയ പാണ്ഡിത്യമുണ്ടായിരുന്നു.

മലയാളി ജനിക്കുന്നത് തന്നെ ഇടതുപക്ഷ മനസ്സോടുകൂടിയാണ്. അങ്ങനെ ജനിക്കുന്ന ഒരു കുട്ടിക്ക് വളരുമ്പോൾ മുന്നിലുള്ള ആശയം കമ്യൂണിസമാണ്. കേരളത്തിന്റെ രാഷ്ട്രീയം എന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. ആ ഉത്തരവാദിത്തം പാർട്ടി സൂക്ഷിക്കുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി കാലാനുസൃതമായി മാറേണ്ടതുണ്ട്. എന്തുകൊണ്ട് പിണറായി എന്ന ചോദ്യത്തിന് എനിക്കുള്ള ഉത്തരം വേറെയാരു ചോയ്സ് എന്റെ മുമ്പിലില്ല എന്നതാണ്.

ദശലക്ഷക്കണക്കിനാളുകൾ കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികളാണ്. പക്ഷേ അതിൽ എത്രപേർക്കറിയാം എന്താണ് യഥാർഥ കമ്യൂണിസമെന്ന്? നമ്മുടെ കമ്യൂണിസം വൈകാരികമാണ്. യഥാർഥ കമ്യൂണിസം കാലത്തിനനുസൃതമായുള്ള മാറ്റങ്ങൾ ഉൾക്കൊള്ളും. അത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചയാളാണ് പിണറായി. ഒരു പക്ഷേ കേരള കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ആധുനികനാണ് പിണറായി. പരമ്പരാഗത കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ പിണറായിയിലൂടെ യാഥാർഥ്യമായിട്ടുണ്ടാവില്ല. ആയതിനാൽ തന്നെ അദ്ദേഹത്തിന് ധാരാളം എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. സ്വാഭാവികം മാത്രമാണ് അതെല്ലാം.

കേരളത്തിൽ ഒരു മാറ്റം വരണമെന്നുള്ളത് നമ്മുടെ ആവശ്യമാണ്. പണ്ടൊക്കെ വിദേശനിക്ഷേപങ്ങൾ കൊണ്ടുവരിക എന്നു പറഞ്ഞാൽ വളരെ നെഗറ്റീവ് ആയിട്ടുള്ള കാര്യമായിട്ടാണ് ആളുകൾ കണ്ടിരുന്നത്. ഇന്ന് ആ കാഴ്ചപ്പാടൊക്കെ മാറിയിരിക്കുന്നു. ഇന്ന് വിദേശനിക്ഷേപത്തെ ആളുകൾ പോസിറ്റീവായി കാണുന്നു. പിണറായി സർക്കാരിന് തുടർച്ചയില്ലെങ്കിലും പ്രശ്നമില്ല, അത്രമാത്രം ക്ഷേമ പദ്ധതികളും വികസനങ്ങളും വന്നു കഴിഞ്ഞു കേരളത്തിൽ. അതെല്ലാം പിണറായിയുടെ നേതൃത്വത്തിൽ വന്നതാണ്. ആകെയുള്ളപ്രശ്നം അദ്ദേഹത്തിന്റെ ശരീരഭാഷയാണ്. ആളുകളോട് ഇടപഴകാൻ അദ്ദേഹത്തെക്കാളും മിടുക്ക് വി.എസ്സിനാണ്. പക്ഷേ ജനപ്രിയനാവുക എന്നതിനേക്കാൾ മുഖ്യം ജനസേവതൽപരനാവുക എന്നതു തന്നെയാണ്.

Content Highlights :Interview with Veteran Writer M Mukundan discussion on V S Achuthanandan and Pinarayi Vijayan Issues