ഴുത്തുകാരുടെ ജീവിതം അവരുടെ എഴുത്തിലേക്ക് തുറക്കുന്ന മറ്റൊരു വാതിലാണ്. എഴുത്തുകാര്‍ എഴുതാനൊരുങ്ങുന്ന, എഴുതുന്ന, എഴുതിക്കഴിഞ്ഞ ജീവിതനിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് അനുഭൂതി ചരിത്രത്തിന്റെ വിശാല ലോകത്ത് സവിശേഷ ഇടമുണ്ട്. വി.കെ.എന്നിന്റെ ഭാര്യ ഓര്‍മിച്ചെടുക്കുന്ന ഈ വി.കെ.എന്‍ സന്ദര്‍ഭങ്ങള്‍ അതിനാല്‍ മലയാള സാഹിത്യത്തിലെ ഒരു മഹാസാന്നിധ്യത്തെക്കുറിച്ചുള്ള ചരിത്രരേഖയാണ്. വി.കെ.എന്നിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ആഴ്ചപ്പ്തിപ്പിലൂടെ പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്റെ പത്‌നി വേദവതി വി.കെ.എന്‍. അഭിമുഖത്തിന്റെ ഒരു ഭാഗം വായിക്കാം.

വി.കെ.എന്നിന്റെ മദ്യപാനവും പ്രസിദ്ധമാണല്ലോ. മദ്യപാനം ജിവിതത്തെയോ എഴുത്തിനെയോ ബാധിച്ചതായി തോന്നിയിട്ടുണ്ടോ? വി.കെ.എന്നുമായി ബന്ധപ്പെട്ട പല മദ്യപാനകഥകളിലും അതിശയോക്തിയില്ലേ? 

ഡല്‍ഹിയില്‍നിന്ന് വന്നശേഷമാണ് പാകംതെറ്റി കഴിക്കാന്‍ തുടങ്ങിയത്. ചില ദിവസങ്ങളില്‍ പുറപ്പെട്ടുപോകും. എങ്ങോട്ടാണെന്ന് പറയില്ല. ഞാന്‍ ചോദിക്കാറുമില്ല. മനസ്സില്‍ എന്തെങ്കിലും കണ്ടുകൊണ്ടാവണം യാത്ര. ബുദ്ധിമാനാണ് വി.കെ.എന്‍. ചിലപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് പോയപോലെയാവില്ല തിരിച്ചുവരിക. നല്ല ഭാരമായിരിക്കും. വന്നുകയറിയാല്‍ നീണ്ട മൗനമാണ്. ഞാന്‍ മോരൊക്കെ തയ്യാറാക്കിവെച്ചിരിക്കും. പരസ്പരം സംസാരിക്കില്ല. വീട്ടില്‍വന്ന് വിസ്തരിച്ച് കുളിക്കുകയേ വേണ്ടൂ- വി.കെ.എന്‍. പഴയ ആളാവും. കുടിയുടെ കാലത്ത് നല്ല പോലെ മത്സ്യവും മാംസവുമൊക്കെ കഴിക്കുമായിരുന്നു ദേഹരക്ഷയ്ക്ക്. വീട്ടിലിരുന്ന് കഴിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അപ്പൊഴുമതെ, നല്ലപോലെ ഭക്ഷണം കഴിക്കും. 

ആ ലഹരി ഇറങ്ങിയാല്‍ പിന്നെ എഴുത്തിന്റെ ദിവസങ്ങളാണ്. പുറത്തു പോയി കുടിക്കുന്നതിന്റെ രഹസ്യം പിന്നീടറിഞ്ഞു. നാട്ടിന്‍പുറത്തെ കഥകള്‍ കേള്‍ക്കാനാണ്. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായത് കഥകളായി വന്നിട്ടുണ്ട്. ലഹരിക്കുശേഷമുള്ള എഴുത്തിലായിരുന്നു ഒരു കാലത്ത് വി.കെ.എന്നിന്റെ ലഹരി. കുടിച്ച് ഒറ്റവരിപോലും വി.കെ.എന്‍. എഴുതിയിട്ടില്ല. ആദ്യമൊക്കെ മുകളിലത്തെ മുറിയിലിരുന്നായിരുന്നു എഴുത്ത്. പിന്നെ താഴത്തെ മുറിയിലിരുന്നായി. മദ്യപനായ ഭര്‍ത്താവ് എന്ന അസ്വസ്ഥതാകാലം എനിക്കുണ്ടായിട്ടില്ല. 'പിതാമഹ'നൊക്കെ മദ്യാനന്തരലഹരിയില്‍ എഴുതിയതാണ്.

വി.കെ.എന്നിന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മദ്യപാനം വി.കെ.എന്‍. എഴുത്തിനെ തുണച്ചു എന്ന് ഒരര്‍ഥത്തില്‍ പറയാം. ഞാനതിന് കൂട്ടുനിന്നു എന്നല്ല; എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെട്ടില്ല. ആ മദ്യപാനം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം കാലം ഞാനതിനെ എതിര്‍ത്തിട്ട് എന്ത് ഫലം? പുറത്ത് മദ്യപാനകഥകളെക്കുറിച്ചൊന്നും എനിക്കറിയില്ല. ഫലിതവചനങ്ങളും പ്രവര്‍ത്തികളും ഉണ്ടായിരുന്നിരിക്കാം. എല്ലാം നര്‍മമായി കാണുന്ന വി.കെ.എന്നിനെ ഗൗരവക്കാര്‍ക്ക് പിടിക്കില്ല. വി.കെ.എന്‍. ആക്ഷേപഹാസ്യവും വിമര്‍ശനവും നടത്തിയതിനെ വ്യക്തിപരമായി കണ്ടവര്‍ ധാരാളമുണ്ട്. വി.കെ.എന്നിനാവട്ടെ അവരോട് ഒരു വക വ്യക്തിവിരോധവും ഉണ്ടായിരുന്നതുമില്ല. 

തന്റെ അന്ധ ആരാധകരെവരെ അകറ്റിനിര്‍ത്തുന്ന സ്വഭാവം വി.കെ.എന്നിന് ഉണ്ടായിരുന്നുവല്ലോ ..? 

weeklyദിവസേന വീട്ടില്‍ വരുന്നവരോട് കുശലം പറഞ്ഞിരുന്നാല്‍ എഴുത്ത് നടക്കുമോ? അത്തരം ആരെയും വി.കെ.എന്‍. പരിഗണിച്ചിരുന്നില്ല. വെറുതെ പരിചയപ്പെടാനും ഇന്റര്‍വ്യൂ നടത്താനും ഫോട്ടോ എടുക്കാനുമൊക്കെ വരുന്നവര്‍ക്ക് വാതില്‍ തുറന്നുകൊടുത്തിരുന്നില്ല. എഴുത്തിന്റെ നല്ലൊരു മൂഡിലാവും ഇവരുടെ വരവ്. അതുകൊണ്ട് ആദ്യമേ നിയന്ത്രണം വരുത്തി. അതു നന്നായി. എന്നാല്‍ വേണ്ടപോലെ സുഹൃത്തുക്കള്‍ വി.കെ.എന്നിനുണ്ടായിരുന്നു.

വിവാഹാനന്തരജീവിതത്തില്‍ പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടല്ലോ. അന്നേക്ക് വി.കെ.എന്‍. പ്രസിദ്ധനാവുന്നു. ഒപ്പം ഉദ്യോഗവും. ആ കാലം ഓര്‍ മിക്കാനാവുമോ?

നമ്മള്‍ കുടിയുടെ കാര്യമല്ലേ പറഞ്ഞുവന്നത് ? അരീക്കോട് തക്കാളിയൂര്‍ ദേവസ്വത്തില്‍ ജോലിയിലിരിക്കുന്ന കാലത്താണ് കുടി അധികമാവുന്നത്. ദേവസ്വം ഓഫീസിനടുത്ത് വാടകവീട്ടിലായിരുന്നു താമസം. ദേവസ്വം ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ട് പോകേണ്ടിവരും. അവിടെ പോയാല്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാങ്ങും. ചെലവിനുള്ളത് കഴിച്ചാല്‍ ബാക്കി പുസ്തകം വാങ്ങാനായി നീക്കിവയ്ക്കും. അന്നൊക്കെ എഴുത്ത് ചുരുക്കമാണ്. വായനയോട് വായന. 1955 ഏപ്രിലില്‍ മകനെയും 1957 ഒക്ടോബറില്‍ മകളെയും പ്രസവിച്ചു. ബാലചന്ദ്രനും രഞ്ജനയും. എഴുത്തുകാരുമായുള്ള സൗഹൃദമൊക്കെ തുടങ്ങുന്നത് ആ കാലത്താണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

 

Content Highlights:Vedavathi V K N, Malayalam literature, V K N