'എഴുത്തുകാര്‍ ദേശീയസാഹിത്യം സൃഷ്ടിക്കുന്നു. പക്ഷേ, വിവര്‍ത്തകര്‍ വിശ്വസാഹിത്യം സൃഷ്ടിക്കുന്നു' -നൊബേല്‍ ജേതാവായ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ജോസ് സരമാഗോ പറഞ്ഞു. ഇന്ത്യയെപ്പോലെ അസംഖ്യം ഭാഷകളും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളുമുള്ള ഒരു രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്കതിനെ ഇങ്ങനെ തിരുത്തുകയോ ചുരുക്കുകയോ ചെയ്യാം: 'എഴുത്തുകാര്‍ പ്രാദേശികസാഹിത്യം സൃഷ്ടിക്കുന്നു; വിവര്‍ത്തകര്‍ ദേശീയസാഹിത്യം സൃഷ്ടിക്കുന്നു.' ലോകസാഹിത്യത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് എന്താണ് നമ്മുടെ ദേശീയസാഹിത്യം എന്ന ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഭാഷകളില്‍ മാത്രമല്ല, വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഭാഷകളിലും ഇവിടെ ധാരാളം സാഹിത്യകൃതികള്‍ ഉണ്ടാകുന്നുണ്ട്. ഇവയെക്കുറിച്ച് നാം അറിയുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് അപൂര്‍വമാണ്. പലരചനയും അവയുടെ ഇംഗ്ലീഷ് പരിഭാഷയില്‍നിന്നാണ് മലയാളത്തിലേക്ക് പകര്‍ത്തുന്നത്. അപ്പോഴേക്കും അതിന് ഒരുപാട് മാറ്റങ്ങള്‍വന്നിട്ടുണ്ടാകും. 'ഗീതാഞ്ജലി' ബംഗാളിയില്‍നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തുന്നതും ഇംഗ്ലീഷില്‍നിന്ന് മൊഴിമാറ്റം ചെയ്യുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രയോഗസവിശേഷതകളും സാംസ്‌കാരികസ്വത്വവുമുണ്ട്. എന്താണ് ഭാരതീയസാഹിത്യമെന്ന് മനസ്സിലാക്കാന്‍, പ്രാദേശികഭാഷകളില്‍ പ്രത്യക്ഷപ്പെടുന്ന സാഹിത്യം അന്യോന്യം അറിഞ്ഞേതീരൂ, ഉള്‍ക്കൊണ്ടേ തീരൂ. ഇതിന് അടിസ്ഥാനപരമായി വേണ്ടത് വിവിധ ഭാഷാപണ്ഡിതരും സര്‍ഗധനരുമായ വിവര്‍ത്തകരാണ്. ഈ ദൗത്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നയാള്‍ എന്നനിലയിലാണ് സുധാകരന്‍ രാമന്തളി മലയാളത്തില്‍ ശ്രദ്ധേയനാവുന്നത്. സുധാകരന്‍ രാമന്തളി തന്റെ സപര്യയെക്കുറിച്ച് സംസാരിക്കുന്നു...

കണ്ണൂര്‍ജില്ലയിലെ രാമന്തളിയില്‍ മലയാളം മീഡിയത്തില്‍ പഠിച്ചുവളരുകയും മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ കഥകളും നോവലുകളും എഴുതുകയുംചെയ്തിരുന്ന താങ്കള്‍, പ്രാമാണികകൃതികള്‍ പരിഭാഷപ്പെടുത്തുംവിധം കന്നഡയില്‍ അവഗാഹം നേടിയതെങ്ങനെയാണ്?

ലോചിക്കുമ്പോള്‍ എനിക്കുതന്നെ അദ്ഭുതം തോന്നാറുണ്ട്. 2013-ലാണ് കന്നഡയില്‍നിന്ന് ഞാന്‍ വിവര്‍ത്തനം ചെയ്ത ആദ്യകൃതിയായ 'ജോകുമാരസ്വാമി' പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരന്‍ എന്നതിലുപരി ചെറുപ്പം മുതല്‍ക്കേ ഞാനൊരു സാമൂഹികപ്രവര്‍ത്തകനായിരുന്നു. വ്യക്തവും ശക്തവുമായ രാഷ്ട്രീയനിലപാടുകളും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനവും. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സില്‍ ടെക്നീഷ്യനായി ചേരുമ്പോള്‍ 20 വയസ്സ്. നിയമനംലഭിച്ച് അടുത്തദിവസംതന്നെ യൂണിയനില്‍ അംഗത്വമെടുക്കാന്‍ ചെന്നു. അന്ന് എച്ച്.എ.എലിന്റെ ബെംഗളൂരു കോംപ്ലക്‌സില്‍ ഏഴുഡിവിഷനിലായി പതിനയ്യായിരത്തിലേറെ തൊഴിലാളികളുണ്ടായിരുന്നു. ഇവരെ സമഗ്രമായി പ്രതിനിധീകരിച്ചിരുന്നത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന സ്വതന്ത്രവും ഏകവുമായ സംഘടനയായിരുന്നു. വര്‍ഷങ്ങളോളം ഞാനതിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരായ തൊഴിലാളികളെ ഇംഗ്ലീഷിലുംമറ്റും അഭിസംബോധന ചെയ്യുന്ന ഒരു രീതിയാണ് അവിടെ ഉണ്ടായിരുന്നത്. ക്രമേണ സംസ്ഥാനഭാഷയായ കന്നഡ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന ബോധം വലിയ സമ്മര്‍ദങ്ങളൊന്നുമില്ലാതെത്തന്നെ നേതാക്കള്‍ക്കുണ്ടായി. യൂണിയന്റെ യോഗങ്ങളിലും എന്റെ ഡിവിഷനിലെ ചടങ്ങുകളിലും സംസാരിക്കുന്നത് കന്നഡയില്‍ത്തന്നെയാകണമെന്ന് ഞാന്‍ സ്വയം നിഷ്‌കര്‍ഷിച്ചു. അന്നുമുതലാണ് എന്റെ കന്നഡപഠനം ആരംഭിച്ചത്. ഓരോ അക്ഷരങ്ങളായി എഴുതിയും വായിച്ചും സംസാരിച്ചും ഒരു പുതിയ ഭാഷ പഠിക്കുകയായിരുന്നു. എച്ച്.എ.എലില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ആര്‍.എന്‍. ചന്ദ്രശേഖറാണ് ഭാഷാപഠനത്തിലെ എന്റെ ആദ്യഗുരു. ജോലികഴിഞ്ഞ് മണിക്കൂറുകളോളം എന്നെ പഠിപ്പിക്കാനും സാഹിത്യം, സാമൂഹികശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ചന്ദ്രശേഖര്‍ ഫാക്ടറി കോളനിയില്‍ത്തന്നെ കഴിച്ചുകൂട്ടി. ഇന്ന് ഇദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും കന്നഡപ്രസ്ഥാനങ്ങളുടെ സമുന്നതനായ നേതാവുമാണ്.

പശ്ചിമഘട്ടത്തിന്റെ നടുവിലാണല്ലോ കര്‍ണാടകസംസ്ഥാനം സ്ഥിതിചെയ്യുന്നത്; രണ്ടുമലനിരകള്‍ക്കിടയില്‍. 17-ാം നൂറ്റാണ്ടിലാണ് നമ്മുടെ ഭാഷയ്ക്ക് ഒരു രൂപമുണ്ടാവുന്നത്. പക്ഷേ, അതിനെക്കാള്‍ എത്രയോ വര്‍ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടുന്ന ഭാഷയാണ് കന്നഡ. മലയാളസാഹിത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ അന്തരത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

താരതമ്യപഠനം രണ്ടുഭാഷയിലുള്ള കൃതികള്‍തമ്മിലാവാം. പക്ഷേ, പൊതുവേയുള്ള താരതമ്യം വൃഥാവ്യായാമംമാത്രമാവും. മുന്‍വിധിയോടുകൂടി വിഷയത്തെ സമീപിക്കുന്നവര്‍മാത്രമേ അതിന് മുതിരാറുള്ളൂ. 1800-ലേറെ വര്‍ഷത്തെ സാഹിത്യപാരമ്പര്യമുള്ള ഭാഷയാണ് കന്നഡ. പതിമ്മൂന്നാം നൂറ്റാണ്ടിലെ ദാര്‍ശനികനും സാമൂഹികപരിഷ്‌കര്‍ത്താവുമായ ബസവേശ്വരന്റെ വചനങ്ങള്‍ ഉത്തമസാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും നിദര്‍ശനങ്ങളാണ്. വചനകാരന്മാരുടെ നീണ്ട പരമ്പരതന്നെയുണ്ട്. അതില്‍ അദ്ഭുതകരമായ സര്‍ഗവൈഭവം പ്രകടമാക്കിയ അക്കമഹാദേവിയെപ്പോലുള്ള കവികള്‍ എത്രയോ! ഇവരില്‍ ബഹുഭൂരിപക്ഷവും സമൂഹത്തിന്റെ താഴേക്കിടയിലുള്ള ചൂഷിതരും മര്‍ദിതരും അഭിജാതമെന്ന് കരുതിയിരുന്ന വിദ്യാഭ്യാസം സാമൂഹിക കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ടവരുമായ വിഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു. പിന്നീട് ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തും സാമൂഹികനീതിക്കും മാനവികതയ്ക്കുംവേണ്ടി ശബ്ദമുയര്‍ത്തിയ അനേകം കവികളും കീര്‍ത്തനകാരന്മാരും പ്രത്യക്ഷപ്പെട്ടു. നമ്മുടെ ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സമകാലികനാണ് ശ്രേഷ്ഠകവിയും സംഗീതജ്ഞനുമായ കനകദാസനന്‍. അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍, രണ്ടായിരത്തോളം പേജുവരുന്ന കാവ്യങ്ങളും കീര്‍ത്തനങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു മഹാസംരംഭത്തിന്റെ അവസാനഘട്ടത്തിലാണ് ഞങ്ങള്‍, കര്‍ണാടകസര്‍ക്കാരിന്റെ കന്നഡ ആന്‍ഡ് സംസ്‌കൃതി മന്ത്രാലയത്തിനുകീഴില്‍. ഈ പ്രോജക്ടിന്റെ കോ-ഓര്‍ഡിനേറ്ററും എഡിറ്ററുമായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ സുപ്രധാനമായ അവസരമായി ഞാന്‍ കാണുന്നു. സാഹിത്യത്തില്‍ അവഗാഹമുള്ളവരെന്ന് പൊതുവേ ധാരണയുള്ള ചില സുഹൃത്തുക്കള്‍ നമുക്കുണ്ട്. 'കന്നഡയിലെന്ത് സാഹിത്യം!' എന്ന് എന്നോടുതന്നെ ചോദിച്ച ചില മഹാന്മാരുണ്ട്. അതറിയാന്‍ പരിമിതമായ സ്വന്തം കഴിവുകളുപയോഗിച്ച് വര്‍ഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയ്ക്ക് പറയാനുള്ളത്, ഇത്തരം ചോദ്യങ്ങള്‍ അറിവിന്റെയും പക്വതയുടെയും അഭാവത്തില്‍നിന്നാണ് രൂപംകൊള്ളുന്നത് എന്നുമാത്രമാണ്. ഒരു ചെറിയ ഉദാഹരണം പറയാം, ബസവേശ്വരന്റെ വാക്കുകള്‍.

'സ്ഥാവര അളിയുവുദു

ജംഗമ ഉളിയുവുദു'

(ഉറച്ചിരുന്നവര്‍ നശിച്ചുപോകുന്നു ചലിച്ചിരുന്നവര്‍ പിടിച്ചുനില്‍ക്കുന്നു)

ഒരിടത്തുതന്നെ ഉറച്ചുനില്‍ക്കുന്നവര്‍ നശിച്ചുപോകും. ഇത് നിത്യജീവിതത്തിലെ ഏതുസന്ദര്‍ഭത്തെക്കുറിച്ചുമാവാം. അജ്ഞന്റെ അഭിപ്രായസ്ഥിരതയെക്കുറിച്ചുമാവാം. ചലിച്ചുകൊണ്ടിരിക്കുന്നവര്‍ ജീവി തത്തില്‍ പിടിച്ചുനില്‍ക്കും. നിരന്തരമായ ചലനത്തിലൂടെമാത്രമേ മാറ്റമുണ്ടാകൂ, മാറ്റത്തിലൂടെമാത്രമേ പുരോഗതിയുണ്ടാവൂ എന്നാണ്. പതിമ്മൂന്നാം നൂറ്റാണ്ടില്‍ ബസവേശ്വരന്‍ പറഞ്ഞതിന്റെ പൊരുള്‍ പടിഞ്ഞാറുനോക്കികളായ നമ്മുടെ ബുദ്ധിജീവികളുടെ ശ്രദ്ധയില്‍ പെടുകയേയില്ല. അവര്‍ക്ക് സായിപ്പന്മാര്‍ പറഞ്ഞാല്‍മാത്രമേ തത്ത്വചിന്തയാവൂ.

Sudhakaran Ramanthali and Chandrasekhara Kambar
സുധാകരന്‍ രാമന്തളിയും ചന്ദ്രശേഖര കമ്പാറും

പ്രഗല്ഭസാഹിത്യകാരന്മാരുടെ കൃതികളില്‍ എത്തിയതെങ്ങനെ? യു.ആര്‍. അനന്തമൂര്‍ത്തി, ചന്ദ്രശേഖര കമ്പാര്‍, എസ്.എല്‍. ഭൈരപ്പ തുടങ്ങിയ പ്രഗല്ഭരുടെ കൃതികള്‍ വിവര്‍ത്തനംചെയ്യുന്ന തലത്തിലേക്ക് എത്തിയതെങ്ങനെ?

ഒരു മലയാളി പ്രസിദ്ധീകരണത്തിനുവേണ്ടി ചന്ദ്രശേഖര കമ്പാറിന്റെ അഭിമുഖം തയ്യാറാക്കാന്‍ കഴിയുമോ എന്ന് എന്നോട് ചോദിച്ചത് എം.കെ. ഹരികുമാറാണെന്ന് ഞാന്‍ ഓര്‍ക്കുന്നു. അതിനുമുമ്പുതന്നെ കമ്പാറിനെക്കുറിച്ച് ഞാന്‍ ധാരാളം കേട്ടിരുന്നു. അദ്ദേഹത്തിന്റെ നോവല്‍ മലയാളത്തില്‍ വന്നത് -സി. രാഘവന്‍മാഷ് വിവര്‍ത്തനംചെയ്ത 'കൂലോത്തെ ചിങ്കാരമ്മ' - വായിച്ചിരുന്നു. ഫോക്ലോറിന്റെയും ഗ്രാമ്യസംസ്‌കൃതിയുടെയും ശക്തമായ സ്വാധീനമുള്ള മൗലികപ്രതിഭയാണ് അദ്ദേഹമെന്നും അറിഞ്ഞിരുന്നു. അന്ന് ജ്ഞാനപീഠമൊഴികെ രാജ്യത്തെ മറ്റു പ്രമുഖമായ അംഗീകാരങ്ങളൊക്കെ അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. ഞാന്‍ മൂന്നുമണിക്കൂറോളം കമ്പാറുമായി സംസാരിച്ചു. ശുദ്ധകന്നഡഭാഷയിലായിരുന്നു സംഭാഷണം മുഴുവനും. കന്നഡ സാഹിത്യം, ഭാരതീയ സാഹിത്യം, വിശ്വസാഹിത്യം, ഫോക്ലോര്‍ എന്നുവേണ്ട, രാഷ്ട്രീയമുള്‍പ്പെടെ ചര്‍ച്ചാവിഷയമായി. അന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ അല്പം കാത്തിരിക്കൂ എന്നു പറഞ്ഞ് അദ്ദേഹം തന്റെ എഴുത്തുമുറിയിലേക്കുചെന്ന് അഞ്ചു പുസ്തകങ്ങളുമായിവന്നു. അവധാനപൂര്‍വം ഓരോന്നായി തുറന്ന് 'പ്രിയമിത്രം സുധാകരന്' എന്നെഴുതി ഒപ്പിട്ട് എന്നെ ഏല്പിച്ചു. നന്ദിപറഞ്ഞുകൊണ്ട് ഞാനതു സ്വീകരിച്ചപ്പോള്‍ അദ്ദേഹം പതുക്കെ എന്റെ പുറത്തുതട്ടി: ''നിങ്ങള്‍ ഇത് മലയാളത്തിലാക്കൂ.'' ഞാന്‍ അമ്പരന്നുപോയി. അന്നോളം ഒരു നോട്ടീസുപോലും കന്നഡയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുനോക്കിയിട്ടില്ലാത്ത ഞാന്‍, ജീവിച്ചിരിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനായ ഇദ്ദേഹത്തിന്റെ കൃതികള്‍ എങ്ങനെ മലയാളത്തിലാക്കും? ഞാന്‍ വിനയപൂര്‍വം പറഞ്ഞു: ''സര്‍...ഇന്നോളം വിവര്‍ത്തനമൊന്നും ചെയ്തിട്ടില്ല.'' നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് അദ്ദേഹം അന്ന് പകര്‍ന്നുതന്ന ആത്മവിശ്വാസമാണ് ഈ രംഗത്തെ എന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. കമ്പാറിന്റെ കൃതികള്‍ വായിച്ചുതുടങ്ങിയപ്പോള്‍ ഭാഷ അത്യന്തം ക്‌ളിഷ്ടമായി അനുഭവപ്പെട്ടിരുന്നു. ഉത്തരകര്‍ണാടകത്തിലെ നാടോടിഭാഷയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. ആദ്യവായനയോടുകൂടി ആ ഗ്രാമീണശൈലി മനസ്സിലായിത്തുടങ്ങി. ഇന്നെനിക്ക് ഏറെ ഇഷ്ടമുള്ളതാണ് ആ ശൈലി. 'ജി.കെ. മാസ്റ്ററുടെ പ്രണയകാലം' എന്ന ലഘുനോവലാണ് ആദ്യം വിവര്‍ത്തനം ചെയ്തുതീര്‍ത്തത്. ഒമ്പതു ലക്കങ്ങളിലായി അത് 'കലാകൗമുദി'യില്‍ പ്രസിദ്ധീകരിച്ചു. അപ്പോഴേക്ക് സാഹിത്യത്തിലെ സമഗ്രസംഭാവനകള്‍ക്കായി ഭാരതീയ ജ്ഞാനപീഠപുരസ്‌കാരം കമ്പാറിന് ലഭിച്ചുകഴിഞ്ഞിരുന്നു.

ശിഖരസൂര്യന്റെ' വിവര്‍ത്തനത്തില്‍ എത്തിയതെങ്ങനെ?

എം.പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് 'ജോകുമാരസ്വാമി' (നാടകം), 'ശിഖരസൂര്യന്‍' (നോവല്‍) എന്നിവ പരിഭാഷപ്പെടുത്തിയത്. മാതൃഭൂമി ബുക്‌സ് തന്നെയായിരുന്നു പ്രസാധകര്‍.

കന്നഡയില്‍നിന്ന് മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങളുടെ എണ്ണം എത്രത്തോളമുണ്ട്? നമ്മുടെയും അവരുടെയും സമകാലികസൃഷ്ടികള്‍ എങ്ങനെ വിലയിരുത്തുന്നു? ചെറുകഥ, കവിത തുടങ്ങിയ രൂപങ്ങളില്‍ മലയാളം മറ്റ് ഇന്ത്യന്‍ ഭാഷകളെക്കാള്‍ മുന്നിലല്ലേ?

കന്നഡയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനങ്ങള്‍ കുറവാണ്. എന്നാല്‍, മലയാളത്തില്‍നിന്ന് കുറച്ചധികം പുസ്തകങ്ങള്‍-നാനൂറിലധികം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നാണ് എന്റെ 
അറിവ്. ഏകദേശം 140 പുസ്തകങ്ങളാണ് കന്നഡയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. കന്നഡയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തുന്നതില്‍ കൂടുതല്‍ മുഴുകാന്‍ കഴിവുള്ളവര്‍ വളരെ കുറവാണ്. ഇല്ലായെന്നുതന്നെ പറയാം. മലയാളത്തില്‍നിന്ന് എം.ടി.യുടെ രണ്ടാംമൂഴം ഉള്‍പ്പെടെ ഒട്ടേറെ കൃതികള്‍ കന്നഡയിലേക്ക് വിവര്‍ത്തനംചെയ്തത് സി. രാഘവന്‍മാഷാണ്. അനന്തമൂര്‍ത്തി, ആര്‍.കെ. നാരായണന്‍, ശിവരാമകാറന്ത് തുടങ്ങിയ പലരുടെയും കൃതികള്‍ കന്നഡയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തം ചെയ്തതും രാഘവന്‍ മാഷാണ്. മികച്ച പണ്ഡിതനും വിവര്‍ത്തകനുമായിരുന്നു അദ്ദേഹം.

ട്രാന്‍സലേഷന്‍ എന്ന പദത്തിന്റെ അര്‍ഥം വിവര്‍ത്തനം എന്ന വാക്കില്‍ ഒതുക്കിപ്പറയാം. അതിലുപരി ഈ ട്രാന്‍സലേഷനെ മഹത്തരമാക്കുന്ന ഘടകങ്ങള്‍ എത്രത്തോളമുണ്ട്?

ട്രാന്‍സലേഷന്‍ എന്നത് സാഹിത്യകൃതിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ശരിക്കും ഒരു സര്‍ഗാത്മക പ്രവര്‍ത്തനംതന്നെയാണ്. സര്‍ഗാത്മകയില്ലാത്ത വിവര്‍ത്തകര്‍ പരാജയമായിരിക്കും. മറ്റൊരുഭാഷയിലെ സര്‍ഗാത്മകതയെ നമ്മുടെ ഭാഷയിലേക്ക് ഭാവശുദ്ധിയോടെ പകര്‍ത്തണമെങ്കില്‍ തീര്‍ച്ചയായിട്ടും നമ്മുടെ ഭാഷയിലുള്ള സര്‍ഗാത്മകത വിവര്‍ത്തകനുണ്ടായിരിക്കണം. കന്നഡയില്‍നിന്ന് 'ശിഖരസൂര്യന്‍' ഞാന്‍ വിവര്‍ത്തനംചെയ്യുമ്പോള്‍ മൂലഭാഷ കന്നഡയാണ്. ആ സ്രോതസ്സ് എടുത്തിട്ടാണ് ടാര്‍ജറ്റ് ലാംഗ്വേജായ മലയാളത്തിലേക്ക് ഞാന്‍ വിവര്‍ത്തനം ചെയ്യുന്നത്. ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പദാനുപദവിവര്‍ത്തനം വിവര്‍ത്തനമല്ല. ഒരുപാട് സാംസ്‌കാരികമായിട്ടുള്ള പ്രശ്‌നങ്ങളുണ്ട്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ നമ്മുടെ വടക്കന്‍ ജില്ലകളില്‍ അയാള്‍ എന്നുപറഞ്ഞാല്‍ വലിയ ബഹുമാനമാണ്. പക്ഷേ, തെക്കോട്ട് പോയിക്കഴിഞ്ഞാല്‍ അയാള്‍ എന്നു പറയുന്നത് ഏതാണ്ടൊരു കള്‍ച്ചറില്ലായ്മയാണെന്ന് നമുക്കുതോന്നും. അദ്ദേഹം എന്നോക്കെ പറഞ്ഞാല്‍ കുഴപ്പമില്ല. സംബോധനമുതല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മറ്റൊരുദാഹരണം നമ്മുടെ നാട്ടില്‍ അമ്മാവന്റെ മകളെ കല്യാണം കഴിക്കാം. ഇവിടെ ചേച്ചിയുടെ മകളെ കല്യാണം കഴിക്കാം. മലയാളത്തില്‍ ഇത് അതേപടി തര്‍ജമ ചെയ്യാനാവില്ല. മലയാളത്തില്‍ അത് മോറല്‍ ഇഷ്യു ആണ്. അതിനൊരു ഫുട്ട്നോട്ട് വേണം. അങ്ങനെ സാംസ്‌കാരികമായിട്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാകേണ്ടതുണ്ട്. കന്നഡയില്‍ അച്ഛനോട് ചോദിക്കുന്നത് നീ എവിടെ പോകുന്നു എന്നാണ്. കന്നഡയില്‍ അച്ഛനെ നീ എന്നു വിളിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, മലയാളി വായനക്കാരന് അതേപടി പകര്‍ത്തിയാല്‍ അത് ഉള്‍ക്കൊള്ളാനാകുമോ? അങ്ങനെയുള്ള ചില വ്യത്യാസങ്ങള്‍ സര്‍ഗാത്മകമായി സംയോജിപ്പിക്കേണ്ടതുണ്ട്. ആ ഭാഷയിലുള്ള കൃതികള്‍ ഏതുതരത്തിലുള്ള സാംസ്‌കാരികവും സാമൂഹ്യപരവും ആയിട്ടുള്ള മാനങ്ങളാണോ ഉള്‍ക്കൊള്ളുന്നത് അതേ തലത്തിലുള്ള മാനങ്ങളെ നമ്മുടെ ഭാഷയില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവുള്ളവര്‍ക്കുമാത്രമേ എഫക്റ്റീവായി വിവര്‍ത്തനം ചെയ്യാന്‍ സാധിക്കൂ.\

Content Highlights :Interview with Translator Sudhakaran Ramanthali by Byju Nettara