ടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, ശരീരശാസ്ത്രം തുടങ്ങിയ നോവലുകളിലൂടെയും യുത്തനേസിയ, പെണ്‍മാറാട്ടം തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സമീപകാല മലയാള സാഹിത്യത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച എഴുത്തുകാരിൽ ഒരാളാണ് ബെന്യാമിന്‍. അദ്ദേഹത്തെ തേടി ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള ജെ.സി.ബി. സാഹിത്യ പുരസ്‌കാരവുമെത്തി. ബെന്യാമിന്റെ ഏറ്റവും പ്രസിദ്ധമായ നോവല്‍ ആടുജീവിതത്തിന് ചലച്ചിത്ര ഭാഷ്യവും ഒരുങ്ങുകയാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ ബെന്യാമിന്‍ സംസാരിക്കുന്നു...

ആടുജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നജീബ് എന്ന കഥാപാത്രത്തിന് അനുയോജ്യന്‍ പൃഥിരാജാണ് എന്നത് ആരുടെ തീരുമാനമായിരുന്നു ?

തീര്‍ച്ചയായും അത് ഡയറക്ടറുടെ തീരുമാനമാണ്. ഒരു എഴുത്തുകാരന് ആ കാര്യത്തില്‍ വളരെ ചെറിയ പങ്കേ വഹിക്കാനുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം സിനിമ എന്നത് ഒരു നോവലിനോ കഥയ്‌ക്കോ സംവിധായകന്‍ നല്‍കുന്ന വ്യാഖ്യാനമാണ്. ആ വ്യാഖ്യാനത്തിനുള്ളില്‍ ആരൊക്കെ കഥാപാത്രമാകണമെന്നും ആരൊക്കെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്നും തീരുമാനിക്കാനുള്ള അവകാശം സംവിധായകനാണ്. അപ്പോള്‍ തീര്‍ച്ചയായും അത് ബ്ലെസ്സിയുടെ തീരുമാനമായിരുന്നു.

സിനിമയുടെ ചിത്രീകരണം എവിടെവരെയായി?

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കേരളത്തിലായിരുന്നു. അത് ആറ് മാസങ്ങള്‍ക്ക് മുൻപേ കഴിഞ്ഞിരുന്നു. നജീബിന്റെ ഓര്‍മയില്‍ വരുന്ന കാര്യങ്ങളും ഒരു പാട്ടുമൊക്കെയാണ് ചിത്രീകരിച്ചത്. രണ്ടാം ഷെഡ്യൂള്‍ കഴിഞ്ഞ മുപ്പതാം തീയതി ജോര്‍ദാനില്‍ തുടങ്ങി. അടുത്ത ഷെഡ്യൂള്‍ ഈജിപ്തിലുമായി നടത്താനാണ് ഉദ്ദേശിക്കുന്നത്.

മഞ്ഞവെയില്‍ മരണങ്ങള്‍ കുറ്റാന്വേഷണ സ്വഭാവമുള്ള നോവലാണ്. അടുജീവിതം നേരെ തിരിച്ചും. ഏത് തരം കഥകളോടാണ് കൂടുതല്‍ താല്‍പര്യം ?

അങ്ങനെ പറയാന്‍ പറ്റില്ല. കാരണം കഥ ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് എന്തായിരിക്കുമെന്ന ധാരണയില്‍ നിന്നാണ് ഓരോ വര്‍ക്കും ചെയ്യുന്നത്. ഇപ്പോള്‍ നജീബിനെ പോലുള്ള ഒരു സാധാരണക്കാരന്റെ കഥയെഴുതുമ്പോള്‍ അത് സാധാരണക്കാരന് കൂടി മനസ്സിലാവുന്ന തരത്തില്‍ കൊണ്ടുവരികയാണ് ചെയ്യുന്നത്. പക്ഷേ, മഞ്ഞവെയില്‍ മരണങ്ങളിലെത്തുമ്പോള്‍, പുതിയ കാലത്തിലെ കുട്ടികളും അവരുടെ ജീവിതവും ഒക്കെയാവുമ്പോള്‍ അതിന്റെ രീതിയും കുറേക്കൂടി ത്രില്ലറാവണമെന്ന് തീരുമാനിക്കുകയായിരുന്നു. അത്കൊണ്ടു തന്നെ കഥയാണ് യഥാര്‍ഥത്തില്‍ നോവലിന്റെ ശൈലി തീരുമാനിക്കുന്നത്.

ത്രില്ലര്‍ എന്ന നിലയില്‍ എത്രത്തോളം പഠനങ്ങളാണ് മഞ്ഞവെയില്‍ മരണങ്ങള്‍ക്കുവേണ്ടി നടത്തിയത്?

വളരെ യാദൃശ്ചികമായി കിട്ടിയ തന്തുവില്‍ നിന്നാണ് കഥ തുടങ്ങുന്നത്. എന്നാല്‍ പിന്നീട് വില്ല്വാര്‍വട്ടം രാജാക്കന്മാര്‍,  ആന്ത്രപ്പേര്‍ കുടുംബത്തിന്റെ ചരിത്രം, ഉദയംപേരൂരിന്റെ ചരിത്രം, മറിയംസേവ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതായി വന്നിട്ടുണ്ട്. ഒരു വിഷയം നമ്മുടെ കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ച് ധാരാളമായി അന്വേഷിക്കുകയും പഠിക്കുകയും അതിനകത്ത് എന്തൊക്കെ വിഷയങ്ങളെ  വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ കൊണ്ടു വരാന്‍ പറ്റും എന്നതിനെ പറ്റി അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.

മഞ്ഞവെയില്‍ മരണങ്ങള്‍ എഴുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തെല്ലാമാണ് ?

മഞ്ഞവെയില്‍ മരണമെന്ന നോവലിന്റെ ക്രാഫ്റ്റില്‍ തന്നെയാണ് വെല്ലുവിളികള്‍ നേരിട്ടത്. അത് രണ്ട് കഥാപാത്രങ്ങളായി കഥ പറയുന്നു. ത്രില്ലര്‍ സ്വഭാവമുണ്ട്, സസ്പെന്‍സ് പുറത്ത് പറയാന്‍ പാടില്ല, അങ്ങനെ എല്ലാംകൂടി  ചേരുമ്പോള്‍ അതിനെ എങ്ങനെ ഇഴചേര്‍ത്ത് കൊണ്ടുപോകാം എന്നുള്ളത് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ മുന്നോട്ട് പോകുംതോറും അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. വെല്ലുവിളികളാണ് ഒരു എഴുത്തുകാരന്റെ എറ്റവും വലിയ സന്തോഷമെന്ന് പറയുന്നതും.

ഒരു കഥയില്‍ പറയാത്തൊരു കഥയുണ്ടാവണമെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. എല്ലാ കഥകളിലും ഈ രീതി കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടോ ?

പരമാവധി ശ്രമിക്കാറുണ്ട്. കാരണം വായനക്കാരന്‍ വായിച്ചു കഴിയുമ്പോള്‍ ശൂന്യം ശുഭം എന്നൊക്കെ തീരുമാനിക്കുന്നതിനേക്കാള്‍ അപ്പുറത്ത് രണ്ടാമത് ഒന്നുകൂടി ചിന്തിക്കാന്‍ എന്തെങ്കിലും ഉണ്ടാവണം എന്നുതന്നെയാണ്. അതുകൊണ്ട് അങ്ങിനെ ഒരു സ്പേസ് ബാക്കി നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ കഥ പറയാറുള്ളത്.

ബെന്യാമിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Benyamin, Jasmine Days, Aadujeevitham, Manja Veyil Maranangal, Shareera Shasthram, JCB Prize