പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ വലിയമ്മയ്‌ക്കൊപ്പം ആലങ്ങാട്ട് താമസിച്ചായി പഠനം. അന്ന് ഇയ്യാലില്‍ വൈദ്യുതിയില്ല. വലിയമ്മയുടെ വീട്ടില്‍ വൈദ്യുതിയുണ്ട്. അവിടെ രാത്രിയും വായിക്കാനാവുമെന്നതായിരുന്നു പ്രധാന ആകര്‍ഷണം. ബി.എസ്സി. കഴിഞ്ഞാല്‍ ബി.എഡിനുപോയി മാഷാവലാണ് പരമ്പരാഗത വഴി. ട്യൂട്ടോറിയല്‍ കോളേജുകളില്‍ അധ്യാപകനായി. പതിവ് പാരലല്‍ അധ്യാപകരെപ്പോലെ എല്ലാ വിഷയവും പഠിപ്പിക്കാനുള്ള ആത്മവിശ്വാസമായിരുന്നു കൈമുതല്‍.
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദത്തിന് ചേരാന്‍ അവസരം ലഭിച്ചെങ്കിലും കായികാധ്വാനം വേണ്ട പഠനമായതിനാല്‍ നിനക്ക് ചേരില്ലെന്നായിരുന്നു മുതിര്‍ന്നവരുടെ ഉപദേശം. ബി.എസ്സി. പരീക്ഷാഫലം വന്ന് രണ്ട് മാസത്തിനകം റെയില്‍വേയില്‍ ജോലിയായി.
അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിര്‍ഭയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുധ്യത്തിന്റെ മാത്രം കഥയല്ല. അപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചനകൂടിയാണത്.
2000 മുതല്‍ 2006 വരെ മദ്രാസിലായിരുന്നു. വളരെ സമയമെടുത്താണ് എഴുത്ത്. അത് പുസ്തകങ്ങള്‍ പുറത്തുവരുന്നതിനിടയ്ക്കുള്ള സമയം പരിശോധിച്ചാല്‍ വ്യക്തമാവും. കുറേ വായിച്ച്, കുറേ വിവരശേഖരണം നടത്തി, അങ്ങനെയങ്ങനെ.... വൈശാഖന്‍ മാഷാണ് എന്തെങ്കിലുമൊക്കെ കുറിച്ച് വാരികകള്‍ക്ക് അയയ്ക്കണമെന്ന് നിര്‍ദേശിച്ചത്. തമിഴ് എഴുത്തുകാരുമായുള്ള ബന്ധം അറിയാവുന്നതിനാലാവണം അദ്ദേഹം അങ്ങനെ നിര്‍ദേശിച്ചത്. കെ.സി. നാരായണന്‍ തന്ന പ്രോത്സാഹനവും മറക്കാനാവില്ല.
മനുഷ്യപുത്രന്‍ എന്ന തമിഴ് കവിയുമായുള്ള അഭിമുഖമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വീല്‍ ചെയറിലാണ് ജീവിതമെങ്കിലും നല്ല ആത്മവിശ്വാസമുള്ള എഴുത്തുകാരനാണ് അദ്ദേഹം. തുടര്‍ന്ന്, തമിഴിലും തെലുങ്കിലുമായി അറുപതോളം അഭിമുഖങ്ങള്‍. എസ്. രാമകൃഷ്ണന്‍, ചാരുനിവേദിത തുടങ്ങിയ എഴുത്തുകാര്‍, ഭാരതീരാജ, ഇളയരാജ, കരുണാനിധി, കനിമൊഴി, അമീര്‍ സുല്‍ത്താന്‍, ഗദ്ദര്‍.... ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിമുഖം മലയാളത്തില്‍ വന്നു.
പത്രപ്രവര്‍ത്തനത്തിലോ അഭിമുഖ ശേഖരണത്തിലോ മുന്‍പരിചയമൊന്നും ഇല്ലായിരുന്നു. ഇത് മറ്റൊരുതരത്തില്‍ അനൗപചാരിക പഠനമായി. അഭിമുഖങ്ങളും അതുമായി ബന്ധപ്പെട്ട് വന്നുചേരുന്ന മൊഴിമാറ്റങ്ങളുമൊക്കെയായി ആകെത്തിരക്കായി.
തമിഴ് മൊഴിയുടെ മണം വിടാതെ മൊഴിമാറ്റം നടത്തലായിരുന്നു പതിവ്. ഭാഷാന്തരീകരണത്തിന് ഇ.കെ. ദിവാകരന്‍ പോറ്റി അവാര്‍ഡ്, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അവാര്‍ഡ്, നല്ലി ദിസൈ എട്ടും പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. അടുത്ത പുസ്തകം എന്ന മോഹം ഈ തിരക്കില്‍ ഇല്ലാതാവുമോയെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ഇത് ഇനിയധികം വേണ്ടെന്ന് തീരുമാനിച്ചത്.
ടി.ഡി. രാമകൃഷ്ണന്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍
ആല്‍ഫ
ആല്‍ഫ പുറത്തിറങ്ങിയപ്പോള്‍ മലയാളത്തിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്നൊക്കെ ചിലര്‍ വിശേഷിപ്പിച്ചു. സയന്‍സ് ഫിക്ഷന്‍ സെമിനാറില്‍ പങ്കെടുക്കാനും ക്ഷണം കിട്ടി. ഒരുപക്ഷേ ആ പേരാവണം വഴിതെറ്റിച്ചത്. പുസ്തകം കൈയില്‍നിന്ന് പുറത്തുവിട്ടാല്‍ എഴുത്തുകാരന് അത് എങ്ങനെ വായിക്കണമെന്ന് പറയാനുള്ള അവകാശമില്ല. ആ അവകാശം വായനക്കാരന്റേതാണ്.
എഴുത്തുകാരനെന്ന നിലയില്‍ ആദ്യരചനയുടെ പരിമിതികളും ആല്‍ഫയ്ക്കുണ്ടായിരിക്കാം. പക്ഷേ, അതിന്റെ രാഷ്ട്രീയമാനം വളരെ കുറച്ചുപേര്‍ക്കേ പിടികിട്ടിയുള്ളൂ. ഒരു അപരിചിതനായ എഴുത്തുകാരന്റെ രചനയായിട്ടുപോലും അത് നന്നായി സ്വീകരിക്കപ്പെട്ടു. വൈശാഖന്‍ മാഷാണ് കൈയെഴുത്തുപ്രതി വായിച്ച് ധൈര്യം തന്നത്. അവതാരിക എഴുതിത്തരികയും ചെയ്തു. അന്ന് ആലോചന സാഹിത്യ വേദിയിലാണ് അത് പ്രകാശനം ചെയ്തത്. പാലക്കാടും പരിസരങ്ങളും എഴുത്തിനെ ഒരുപാട് സ്വാധീനിച്ചു.
ഇട്ടിക്കോരയുടെവെല്ലുവിളികള്‍
2008-ലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര ഖണ്ഡശഃ പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. 2009-ല്‍ പുസ്തകമായി. കുന്നംകുളത്തെ കച്ചവടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പരിപ്രേക്ഷ്യത്തില്‍ ഒരു പുസ്തകം ചെയ്യണമെന്ന ആഗ്രഹത്തില്‍നിന്നാണ് ഇതിനുള്ള ശ്രമം തുടങ്ങുന്നത്. ഒരു പേരിന്റെ നീചമായ അര്‍ഥത്തില്‍ പരിചയപ്പെടുത്തപ്പെട്ട നാടാണ് ഞങ്ങളുടേത്. നോവലിന്റെ ഭൂമികയെക്കുറിച്ചാലോചിച്ചപ്പോള്‍ കുന്നംകുളം മനസ്സില്‍ നിറഞ്ഞു.
കുന്നംകുളവുമായി ബന്ധപ്പെട്ട് ഒരുപാട് കെട്ടുകഥകളും കേട്ടുകേള്‍വികളും ഉണ്ട്. എന്നാല്‍, ഇട്ടിക്കോര ഒരു കെട്ടിച്ചമയ്ക്കപ്പെട്ട പുരാവൃത്തമായിരുന്നു. ഒരര്‍ഥത്തില്‍ ഒരുതരം ഞാണിന്മേല്‍ക്കളി. ഇനി നോവലിന് ഭാവിയില്ല, നല്ല നോവലെഴുതാന്‍മാത്രം ബൗദ്ധികശേഷിയുള്ളവര്‍ ഇല്ല എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്ന കാലത്താണ് ഇട്ടിക്കോര പുറത്തുവരുന്നത്.
പുസ്തകം സമൂഹത്തെ വഴിതെറ്റിക്കുന്നു എന്നായിരുന്നു ആദ്യ ആരോപണം. വനിതാവിരുദ്ധം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു. ഇത്തരം സാഹിത്യത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നുവരെ മുതിര്‍ന്ന ചില സാഹിത്യകാരന്മാര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഉണ്ടാവണമെന്ന് ഉദ്ദേശിച്ചിരുന്ന എതിര്‍പ്പുതന്നെയാണ് ഉണ്ടായത്. ഇട്ടിക്കോര തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. കുറുഞ്ചിവേലനാണ് മൊഴിമാറ്റം നടത്തിയത്. 2009-ല്‍ ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു. 2010-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷുടെ പേരിലുള്ള പുരസ്‌കാരം, തുളുനാട് അവാര്‍ഡ് തുടങ്ങിയവ ഈ പുസ്തകത്തെ തേടിയെത്തി. കോര എന്ന അടിസ്ഥാനം ഇയ്യാലിലാണെങ്കിലും രാഷ്ട്രീയാകാശത്തിന്റെ വളര്‍ച്ചക്കാലം പാലക്കാട്ടാണ്.
അവിചാരിതമായെത്തിയ ആണ്ടാള്‍ ദേവനായകി
തൃശ്ശൂരില്‍ ഒരു യോഗത്തില്‍ പത്തുമിനിട്ട് ശ്രീലങ്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയതില്‍നിന്നാണ് മൂന്നാം പുസ്തകമായ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' പിറക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ശ്രീലങ്കന്‍ രാഷ്ട്രീയം വിഷയമായത്. നോവലെറ്റ് എന്ന രീതിയിലായിരുന്നു ആദ്യം ആലോചിച്ചത്. പക്ഷേ, പിന്നീട് കാന്‍വാസ് വലുതായി.
2014-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ഫാസിസത്തിന്റെ വരവിന് അരങ്ങൊരുക്കുന്നതിന്റെ മൂര്‍ധന്യത്തിലാണ് അതിന്റെ വരവ് എന്നുകൂടി വിശേഷിപ്പിക്കാം. മാവേലിക്കര വായനാ പുരസ്‌കാരം, കെ. സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ.പി. കളയ്ക്കാട് സാഹിത്യ പുരസ്‌കാരം എന്നിവ ഇതിനകം ലഭിച്ചു.
വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്നു ഫാസിസത്തിന്റെ മുന്നില്‍ നിസ്സഹായരായിപ്പോയ ഒരു ജനതയുടെ കഥ.
ഗുഡ്‌സ് ഗാര്‍ഡിന്റേതുള്‍പ്പെടെ സന്ധ്യകള്‍ ഇല്ലാത്ത ജോലിയാണ് റെയില്‍വേയില്‍. പുലര്‍ച്ചെയുമില്ല വൈകുന്നേരവുമില്ല. വെള്ളം, വെളിച്ചം, വായന, സംസാരിക്കാനൊരാള്‍ എന്നിവയൊന്നുമില്ലാത്ത ജോലിയാണ് ഗാര്‍ഡിന്റേത്. കൈയില്‍ രണ്ട് കൊടിയും വിളക്കുമായി ഏതാണ്ട് തടവുകാരന്റെ സ്ഥിതി. ഒരു പെട്ടിക്കകത്തായിരിക്കും ജീവിതത്തിനുവേണ്ട എല്ലാം.
അന്ന് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. കഥാകൃത്ത് വൈശാഖന്‍ മാഷ് അന്ന് ഒലവക്കോട്ട് (ഇന്ന് മരക്കമ്പനി നില്‍ക്കുന്ന സ്ഥലം) പാരലല്‍ കോളേജ് നടത്തുന്നു. റെയില്‍വേക്കാരന് എഴുത്തുകാരനാവാം എന്ന ആത്മവിശ്വാസം തന്നത് വൈശാഖന്‍ മാഷാണ്. കവി പത്മദാസ്, വാസുദേവന്‍ പോറ്റി, രമേശ് ഗോപാലകൃഷ്ണന്‍ തുടങ്ങി റെയില്‍വേക്കകത്തെ സൗഹൃദങ്ങളും ഒരുപാട് വിലമതിക്കുന്നു.
പാലക്കാട്ടെ സാഹിത്യക്കൂട്ടായ്മ
1985-90 കാലം പാലക്കാട്ടെ സാഹിത്യക്കൂട്ടായ്മയുടെ പുഷ്‌കലകാലമായിരുന്നു. ആലോചന സാഹിത്യവേദി എല്ലാത്തരം ചിന്തകളെയും ഉള്‍ക്കൊണ്ടു. കോട്ടമൈതാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യേശുദാസും സുഗതകുമാരിയുമൊക്കെ പങ്കെടുത്തത് ഓര്‍മകളിലുണ്ട്.
പാലക്കാട്ട് ആദ്യം താമസിച്ചത് ഉമ്മിണിയിലാണ്. പിന്നീടാണ് റെയില്‍വേ കോളനിയിലേക്ക് മാറുന്നത്. 2008 മുതല്‍ 2012 വരെ ഇയ്യാലില്‍ പണിത വീട്ടിലായിരുന്നു (സൂര്യകാന്തി) താമസം. കുട്ടികളുടെ പഠനം നാട്ടില്‍നിന്ന് മാറിയതോടെ വീണ്ടും പാലക്കാട്ടുകാരനായി. വിരമിച്ചശേഷം വീണ്ടും ഇയ്യാലിലേക്ക്. അപ്പോഴും വിലാസം മാത്രമേ മാറുന്നുള്ളൂ എന്ന് വിശ്വസിക്കാനാണിഷ്ടം.
ജീവിതരേഖ
ടി.ഡി. രാമകൃഷ്ണൻ- എഴുത്തിന്റെ പുത്തൻ മുനമ്പ് കണ്ടെത്തിയ കഥാകാരൻ. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത് ഇയ്യാൽ സ്വദേശി. അച്ഛൻ ദാമോദരൻ ഇളയത്. അമ്മ ശ്രീദേവി അന്തർജനം. കുടുംബവേരുകൾ പാലക്കാട് തത്തമംഗലത്തേക്ക് നീളും. തത്തമംഗലത്ത് ഇല്ലമെന്നാണ് കുടുംബപ്പേര്. മൂന്നൂറുവർഷംമുമ്പ് ആദ്യം കൊപ്പത്തേക്കും പിന്നീട് ഇയ്യാലിലേക്കും പൂർവികരുടെ കുടുംബമെത്തി എന്നാണ് കരുതപ്പെടുന്നത്. അച്ഛനമ്മമാരുടെ മൂത്തമകൻ. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. അച്ഛൻ കമ്യൂണിസത്തെ മതമെന്നുതന്നെ നിനച്ചു. അക്കാലത്ത് വീട്ടിലുണ്ടായിരുന്ന ഏക ഫോട്ടോ ഇ.എം.എസ്സിന്റേതായിരുന്നുവെന്ന് ഇന്നും ഓർക്കുന്നുണ്ട്.
പത്താംക്ലാസുവരെ കുന്നംകുളം ബോയ്സിലും എരുമപ്പെട്ടി ഗവ. ഹൈസ്കൂളിലും. പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ.
1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. 82 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട് ജോലിയെടുത്തു. 83-ൽ ടിക്കറ്റ് എക്സാമിനറായി മദ്രാസിലും സേലത്തും. 85-ൽ പാലക്കാട്ട് വന്നു. കഴിഞ്ഞ 30 വർഷത്തോളമായി പാലക്കാട് കേന്ദ്രീകരിച്ച ജീവിതം. ഇടയിൽ മൂന്നരവർഷം ചരക്കുവണ്ടികളുടെ ഗാർഡുമായിരുന്നു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺട്രോളറായി. 2000-ത്തിൽ ഡെപ്യൂട്ടി ചീഫ് കൺട്രോളറായി. 2006 മുതൽ ചീഫ് കൺട്രോളർ.
2000 മുതൽ 2006 വരെ ചെന്നൈയിൽ റെയിൽവേ ടൈം ടേബിൾ പ്ലാനിങ് വിഭാഗത്തിലായിരുന്നു. 85-ലായിരുന്നു വിവാഹം. കോട്ടയ്ക്കൽ സ്വദേശിനി ആനന്ദവല്ലിയാണ് ഭാര്യ. മകൻ വിഷ്ണു രാമകൃഷ്ണൻ മുംബൈ എച്ച്.സി.എല്ലിലാണ്. മകൾ സൂര്യ എം.ടെക് വിദ്യാർഥിനി.
ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ നോവലുകളുടെ രചയിതാവ്.
ഷോഭാ ശക്തിയുടെ ‘മ്’ മലയാളത്തിലേക്ക് മൊഴിമാറ്റി. അഭിമുഖങ്ങളുടെ സമാഹാരമായ ‘തമിഴ് മൊഴിയഴക്’, ചാരുനിവേദിതയുടെ ‘തപ്പുതാളങ്ങൾ’ എന്നിവയും പ്രസിദ്ധീകരിച്ചു.