'പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' എന്ന പുസ്തകം ഇന്ന് എം.ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തിരിക്കുകയാണ്. പുനത്തിലിന്റെ സന്തതസഹചാരിയായിരുന്ന ടി. രാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പുനത്തിലിന്റെ നാലാം ചരമ വാര്‍ഷികദിനത്തിലാണ് വായനക്കാര്‍ക്കു മുന്നിലെത്തുന്നത്. ഈയവസരത്തില്‍ പുനത്തിലോര്‍മകള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരന്‍. 

എഴുപതുകളിലെ പുനത്തില്‍ കുഞ്ഞബ്ദുള്ള തനിക്കൊപ്പം അവസാനനാളുകള്‍ വരെ കൊണ്ടുനടന്നിരുന്ന  സൗഹൃദങ്ങളിലൊന്നാണ് ടി. രാജന്‍. 'മാഷ്' എന്ന് പുനത്തില്‍ വിളിച്ചിരുന്ന രാജന്‍ മാഷിന്റെ ഓര്‍മകളിലെ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച്? 

T. Rajan
ടി. രാജൻ

1971-ലാണ് പുനത്തില്‍ വൈദ്യപഠനം കഴിഞ്ഞിട്ട് നാട്ടിലേക്ക് തിരിച്ചുവരുന്നത്. അക്കാലത്ത് എം.ബി.ബി.എസ്സുകാര്‍ കുറവാണ്. നാട്ടില്‍ എല്‍.ഐ.എമ്മുകാരാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മരുന്നു കുറിച്ചു കൊടുക്കുന്നത്. പഴയ കാലത്ത് അങ്ങനെയാണ്. എം.ബി.ബി.എസ്സുകാരെ കിട്ടാനില്ലാത്തതുകൊണ്ട് രോഗികള്‍ക്ക് ആശ്രയം എല്‍.ഐ.എമ്മുകാരാണ്. അതുകൊണ്ടുതന്നെ കോഴിക്കോട് ജില്ലയിലെ എം.ബി.ബി.എസ്സുകാരെല്ലാം കൂടി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറെ പോയിക്കണ്ടു. പുനത്തില്‍ കുഞ്ഞബ്ദുള്ള മുന്‍നിരയിൽത്തന്നെയുണ്ട്. ഡി.എം.ഒയോട് തങ്ങളുടെ തൊഴില്‍രഹിതമായ അവസ്ഥയെക്കുറിച്ചും ഇവിടുത്തെ ആരോഗ്യമേഖലയില്‍ എം.ബി.ബി.എസ്സുകാര്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരിച്ചു. ഡി.എം.ഒ. ഉടന്‍ തന്നെ ക്ലാര്‍ക്കിനെ വിളിച്ചിട്ട് എവിടെയെല്ലാമാണ് ഡോക്ടര്‍മാര്‍ ഇല്ലാത്തത് എന്നു കണ്ടുപിടിച്ച് ടൈപ്പ് ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞു. ക്ലാര്‍ക്ക് അതുപോലെ ചെയ്തു. ഡി.എം.ഒ. ആ ലിസ്റ്റ് ആകമാനം നോക്കിയിട്ട് പുനത്തിലിന്റെയും കൂട്ടരുടെയും മുന്നിലേക്ക് ലിസ്റ്റ് നീട്ടിയിട്ട് പറഞ്ഞു: ''നിങ്ങള്‍ക്ക് ഇതില്‍പ്പറഞ്ഞിരിക്കുന്ന ഏതു പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം. സൗകര്യമുള്ള കേന്ദ്രങ്ങള്‍ക്കുനേരെ പേരും വിലാസവും എഴുതി ഒപ്പിട്ട് തരണം.'' പുനത്തില്‍ ചേറോട് പ്രൈമറി ഹെല്‍ത്ത് സെന്ററിനുനേരെ പേരെഴുതി ഒപ്പിട്ടു. 

പുനത്തില്‍ മെഡിക്കല്‍ ഓഫീസറായി നിയമിതനായിക്കൊണ്ടുള്ള നിയമന ഉത്തരവ് അപ്പോല്‍ തന്നെ കൈപ്പറ്റി. അഞ്ഞൂറ് രൂപയാണ്  ശമ്പളം. ഗസറ്റഡ് റാങ്കും സ്വന്തമായി ബില്ലെഴുതി ട്രഷറിയില്‍നിന്നു കൈപ്പറ്റാനുള്ള സ്വാതന്ത്ര്യവും ഉള്ള പദവിയോടെയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന അലിഗഡ് പ്രൊഡക്ട് കേരളത്തിലെ ആരോഗ്യമേഖലയെ സേവിക്കാന്‍ തുടങ്ങുന്നത്. ഒന്നുരണ്ടു കൊല്ലക്കാലമേ ആ ജോലിയില്‍ അദ്ദേഹം തുടര്‍ന്നുള്ളൂ. കൂടുതല്‍ വരുമാനം ലഭിക്കുന്ന മേഖല സ്വകാര്യ പ്രാക്ടീസാണെന്ന് മനസ്സിലാക്കിയ പുനത്തില്‍ എടച്ചേരിയില്‍ സ്വകാര്യ പ്രാക്ടീസ് തുടങ്ങി. അക്കാലത്താണ് വടകര മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഡോ. പി.പി. ബാലകൃഷ്ണന്‍ പുനത്തിലിനെ പരിചയപ്പെടുന്നത്. സാഹിത്യാഭിരുചിയുള്ള പി.പി. ബാലകൃഷ്ണന്‍ വടകരയിലെ ആദ്യലക്ഷണയുക്ത ആശുപത്രി എന്നുപേരെടുത്ത ജനത ഹോസ്പിറ്റല്‍ സ്ഥാപിച്ചപ്പോള്‍ പുനത്തിലിനെ സേവനത്തിനായി ക്ഷണിച്ചു. 

പുനത്തില്‍ സന്തോഷപൂര്‍വം ആ ക്ഷണം സ്വീകരിച്ചു. ആ കാലത്താണ്‌ പുനത്തിലിനെ ഞാന്‍ പരിചയപ്പെടുന്നത്. അധ്യാപകനായിരുന്നുവെങ്കിലും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലും പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ സാഹിത്യസമ്മേളനങ്ങളില്‍ പുനത്തിലിനെ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് നേരില്‍ പോയി കണ്ടതും സംസാരിച്ചതും. പുനത്തില്‍ എന്നെ മാഷെ എന്നും ഞാന്‍ അദ്ദേഹത്തെ ഡോക്ടറെ എന്നും വിളിച്ചുപോന്നു. പുനത്തില്‍ അധികകാലം അവിടെ നിന്നില്ല. ജനത ആശുപത്രി വിട്ട് വടകരയിലെ എടോടി എന്ന സ്ഥലത്ത് മൂന്നുമുറികള്‍ ഒരു കടയ്ക്കു മുകളില്‍ എടുത്ത് അദ്ദേഹം സ്വന്തമായി ക്ലിനിക് തുടങ്ങി. പുനത്തില്‍ സ്വന്തമായി ക്ലിനിക് തുടങ്ങിയ കാലംതൊട്ട് ഞങ്ങള്‍ തമ്മില്‍ ആത്മാര്‍ഥമായ ബന്ധം പുലര്‍ത്തി വന്നു. സ്‌കൂള്‍ വിട്ടാല്‍ ഞാന്‍ നേരെ ക്ലിനിക്കിലെത്തും. രോഗികളെയൊക്കെ പറഞ്ഞയച്ച ശേഷം, ആറു മണിയോടെ ഞങ്ങളുടെ സംസാരം തുടങ്ങും. 

പുനത്തില്‍ ഇന്നേവരെ അദ്ദേഹം എഴുതിയ കഥകളെക്കുറിച്ചോ നോവലിനെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല. നാല്‍പ്പഞ്ചു വര്‍ഷക്കാലം ഞാനും ഡോക്ടറും തമ്മില്‍ ആത്മാര്‍ഥബന്ധം തുടര്‍ന്നു. അതിനിടയില്‍ ഒരു തവണ പോലും സ്വന്തം കഥയെപ്പറ്റി ഒരക്ഷരം മിണ്ടാത്ത പുനത്തില്‍ പക്ഷേ, ലോകത്തെ സകലസാഹിത്യവും പറഞ്ഞിരുന്നു. നാട്ടിലെ രാഷ്ട്രീയ, സാഹിത്യ സാംസ്‌കാരിക, ആരോഗ്യമേഖലകളിലെ പ്രശ്‌നങ്ങള്‍ പറയും. രോഷാകുലനാവും. അദ്ദേഹം മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി കഴിഞ്ഞതിനുശേഷമാണ് ഞാന്‍ പരിചയം സ്ഥാപിക്കുന്നത്. 

1965-ലാണ് 'ജീവശ്ശവങ്ങള്‍' എന്ന കഥ എഴുതുന്നത്. അച്ചടിച്ചുവന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വ്യാകരണപരമായി ജീവശ്ശവങ്ങള്‍ എന്ന തലക്കെട്ട് ശരിയല്ല. ജീവ+ ശവങ്ങള്‍= ജീവച്ഛവങ്ങള്‍ എന്നാണ്. എന്‍.വി കൃഷ്ണവാരിയരുടെ പത്രാധിപത്യത്തില്‍, എം.ടിയുടെ മേല്‍നോട്ടത്തില്‍, എ.എസ്സിന്റെ ചുവന്ന നിറത്തിലുള്ള ഇലസ്‌ട്രേഷനില്‍ ആ കഥ ജീവശ്ശവങ്ങള്‍ എന്ന പേരില്‍ത്തന്നെ അച്ചടിച്ചു വന്നു. ഉള്ളടക്കം കൊടുക്കുന്ന ആദ്യത്തെ പേജില്‍ കഥയുടെ പേര് വ്യാകരണത്തെറ്റില്ലാതെ ജീവച്ഛവങ്ങള്‍ എന്നാണ് അച്ചടിച്ചിരിക്കുന്നത്. ആദ്യത്തെ പേജിലെ ജീവച്ഛവങ്ങള്‍ പത്രാധിപരുടെ ശരിയും കഥയുടെ പേജിലെ ജീവശ്ശവങ്ങള്‍ എഴുത്തുകാരന്റെതും! 

ഡിഗ്രിയ്ക്ക് ബ്രണ്ണന്‍ കോളേജില്‍ മലയാളം പഠിച്ചയാളാണ് പുനത്തില്‍. എം.എന്‍. വിജയന്‍ മാഷിന്റെ ശിഷ്യനാണ്. വ്യാകരണം അറിയാത്തയാളല്ല. അറിയാതെയല്ല, ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഡോ. കെ.എൻ. എഴുത്തച്ഛന്റെ ലേഖനമാണ് ആ ലക്കം കവര്‍ സ്‌റ്റോറി. രണ്ടാമത് പുനത്തിലിന്റെ കഥയും. അക്കാലത്തെ ആഴ്ചപ്പതിപ്പിന്റെ സ്വഭാവമനുസരിച്ച് ചെറുകഥ അച്ചടിക്കുക അവസാനത്തെ പേജുകളിലാണ്. ആഴ്ചപ്പതിപ്പ് രണ്ടാം സ്ഥാനം കൊടുത്ത കഥയാണ് ജീവശ്ശവം. അത് എഴുത്തുകാരന്റെ ഔന്നത്യമാണ്. അന്ന് പുനത്തിലിന് വയസ്സ് ഇരുപത്തിയഞ്ച്. പതിനെട്ടാം വയസ്സുതൊട്ടേ കഥയുടെ ഔന്നത്യം കൊണ്ട് മുതിര്‍ന്ന എഴുത്തുകാരുടെ പട്ടികയിലേക്ക് കടന്നതാണ് പുനത്തില്‍. അങ്ങനെയുള്ള പുനത്തില്‍ തന്റെ എഴുത്തുകളെക്കുറിച്ച് ഒരക്ഷരം പറയില്ല.

പുനത്തിലിന്റെ എല്ലാ ശീലങ്ങളും രാജന്‍ മാഷ് കണ്ടറിഞ്ഞതാണ്

അതേക്കുറിച്ച് പറയാനുണ്ട്. പ്രാക്ടീസ് കഴിഞ്ഞാല്‍ അദ്ദേഹം നേരെ വീട്ടിലേക്കു പോകുമ്പോള്‍ അധികവും ഞാനും കൂടെ പോകുമായിരുന്നു. അന്നദ്ദേഹം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൃത്യമായ വൃത്തിബോധവും സൗന്ദര്യബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടിലെത്തിയാല്‍ നേരെ കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വീണ്ടും ഞങ്ങള്‍ സംസാരിക്കാനിരിക്കും. പത്ത് പതിനൊന്നുമണിവരെ ആ സംസാരം നീളും. അത്താഴം അദ്ദേഹത്തോടൊപ്പം കഴിക്കും. വീണ്ടും സംസാരിക്കും. പുനത്തിലിന്റെ കാഴ്ചപ്പാടുകള്‍ നമ്മള്‍ക്ക് കേട്ടാലും കേട്ടാലും തീരില്ല. ലോകത്തെക്കുറിച്ച് അതിവിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നു ഡോക്ടര്‍ക്ക്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയായിരുന്നു. ഞാനന്ന് അവിവാഹിതനാണ്. വീട്ടില്‍ നമ്മുടെ വരവ് അറിയിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മിക്കവാറും പുനത്തിലിന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഉറക്കവും. 

രാജന്‍മാഷ് അറിയുന്ന പുനത്തില്‍ കുടുംബസ്ഥനായ, ഉത്തരവാദിത്തമുള്ള ആളായിരുന്നോ?

ഡോക്ടറെക്കുറിച്ച് എല്ലാവരും കൊട്ടിഘോഷിക്കുന്നത് കേട്ടിട്ടുണ്ട് തികഞ്ഞ അരാജകവാദിയാണ്, തോന്നുംപോലെ ജീവിച്ചയാളാണ് എന്നൊക്കെ. എത്ര നല്ല കുടുംബസ്ഥനായിരുന്നു എന്നത് മറ്റാരേക്കാളും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കറിയാം. പുനത്തിലിന്റെ ജ്യേഷ്ഠന്‍ അബ്ദുറസാഖ്, അനിയന്മാര്‍ അബ്ദുള്‍സത്താര്‍, ഹുസൈന്‍... ഇളയ രണ്ടു സഹോദരങ്ങളെയും പഠിപ്പിച്ച് അധ്യാപകരാക്കിയത് പുനത്തിലാണ്. ജ്യേഷ്ഠസഹോദരന്റെ മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസം ഏറെക്കുറേ എറ്റെടുത്തത് പുനത്തിലാണ്. ജേഷ്ഠ്യസഹോദരന്റെ മകള്‍ പ്രണയിക്കുന്നയാളെ വിവാഹം കഴിക്കണം എന്നു വാശിപിടിച്ചപ്പോള്‍ ചെറുക്കന്റെ പശ്ചാത്തലം അന്വേഷിക്കാന്‍ പുനത്തില്‍ എന്നെ പറഞ്ഞയച്ചു. പുനത്തിലിന് ചെറുക്കന്റെ എല്ലാ ചുറ്റുപാടും അറിയണമായിരുന്നു. ഞാന്‍ വിശദമായി അന്വേഷിച്ച്, ഡോക്ടര്‍ ചോദിക്കാനിടയുള്ള എല്ലാ ചോദ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് വിവരം അറിയിച്ചു. പുനത്തിലാണ് വിവാഹം നിശ്ചയിച്ചത്. പുനത്തിലും ഭാര്യ ഹലീമയും ഞാനും കൂടിയാണ് പെണ്‍കുട്ടിക്കുവേണ്ട ആഭരണങ്ങള്‍ കോഴിക്കോട് പോയി വാങ്ങുന്നത്.

punathil and wife haleema
പുനത്തില്‍ കുഞ്ഞബ്ദുള്ള, ഹലീമ

പുനത്തിലിന്റെ മൂന്നുമക്കളെയും ഉന്നതനിലയില്‍ത്തന്നെ പഠിപ്പിച്ചു. മകള്‍ നാസിമയെ കോഴിക്കോട് ഫറൂഖ് കോളേജിലും ആണ്‍കുട്ടികളായ ആസാദിനെയും നവാബിനെയും ഊട്ടിയിലെ ഗുഡ്‌ഷെപ്പേഡിലും ആണ് പഠിപ്പിച്ചത്. ആസാദ് എഞ്ചിനീയറിങ്ങും നവാബ് ബി.ഡി.എസ്സും പഠിച്ചത് പുനത്തിലിന്റെ മേല്‍നോട്ടത്തിലാണ്. വളരേ അച്ചടക്കമുള്ള വീട്ടുകാരനായിരുന്ന പുനത്തിലിനെ എനിക്കറിയാം. എഴുപത്തിയൊന്നു മുതല്‍ തൊണ്ണൂറ്റിയഞ്ചു വരെയുള്ള പുനത്തില്‍ ഗൃഹാതുരനായ പുനത്തിലാണ്. തൊണ്ണൂറ്റിയഞ്ചു മുതല്‍ രണ്ടായിരം വരെയുള്ള കാലഘട്ടങ്ങളില്‍ വടകരയില്‍ വലിയ കെട്ടിടം വാടകയ്‌ക്കെടുത്ത് ആശുപത്രി നടത്തിക്കൊണ്ടുപോയിരുന്നു പുനത്തില്‍.

രണ്ടായിരം മുതലാണ് പുനത്തില്‍ പതുക്കെ വീട് വിട്ടുള്ള, സ്വയം മറന്നുള്ള ജീവിതത്തിലേക്ക് ചുവടുമാറ്റാന്‍ തുടങ്ങിയത്. അദ്ദേഹം കുറച്ചുകാലം വയനാട്ടില്‍ താമസമാക്കി. വയനാട്ടിലെ ഒറ്റയാള്‍ താമസം പുനത്തിലിനെ മറ്റൊരു ദിശയിലേക്ക് നയിച്ചുതുടങ്ങിയിരുന്നു. വയനാട്ടില്‍നിന്നു തിരുവനന്തപുരത്തേക്ക് മാറി. അത് കൂടുതല്‍ സാഹസികമായിരുന്നു പുനത്തിലിന്. തിരുവനന്തപുരത്തുനിന്നു പിന്നെ കോഴിക്കോട് കാസാബ്ലാങ്കയിലേക്ക്, സ്വന്തമായി ഫ്‌ലാറ്റ് വാങ്ങി ജീവിതം മദ്യോന്മത്തമാക്കാന്‍ തുടങ്ങി. ഇതിനിടയിലെല്ലാം മാഷെ എന്ന വിളി എവിടെ നിന്നെങ്കിലുമൊക്കെ എന്നെത്തേടി വരുമായിരുന്നു. 

അലിഗഡ്ഡില്‍നിന്നു പുനത്തില്‍ വന്നത് ഒരാണ്‍കുഞ്ഞുമായിട്ടാണ്

അതെ. ആ കുഞ്ഞിന്റെ അമ്മ മേരി എന്ന സ്ത്രീയായിരുന്നു. മലയാളിയായ അവര്‍ ആശുപത്രി സ്റ്റാഫായിരുന്നു. പുനത്തിലുമായി സ്‌നേഹത്തിലായി. പുനത്തിലിന് അങ്ങനെയൊരു സ്‌നേഹബന്ധം ഉണ്ടായിരുന്ന കാര്യം ആര്‍ക്കുമറിയില്ല. ഹലീമയില്‍ മൂത്തമകളുമുണ്ടായിട്ടുണ്ട്. പുനത്തിലിന്റെ പിതാവിനും ഇക്കാര്യം അറിയില്ല. മേരി മരിച്ചു പോയപ്പോള്‍ കുട്ടി അനാഥനായി. പുനത്തില്‍ ഇക്കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ട് പിതാവിന് കത്തെഴുതി. ഒരു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത കുഞ്ഞാണ്. പിതാവ് ഉടന്‍ തന്നെ മറുപടി എഴുതി; കുഞ്ഞിനെയും കൊണ്ട് ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുക. ട്രെയിനില്‍ അലിഗഡ്ഡില്‍നിന്നു വരുമ്പോള്‍ മൂന്നു ദിവസം പിടിക്കും. പുനത്തില്‍ ഒറ്റയ്ക്കാണ്. കൈക്കുഞ്ഞിനെയും കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. കുഞ്ഞിന്റെ സുരക്ഷയെക്കരുതി ഡല്‍ഹിയില്‍നിന്നു ബാംഗ്ലൂരിലേും അവിടെനിന്നു കോഴിക്കോട്ടേക്കും വിമാനത്തില്‍ കയറിയാണ് പുനത്തിലും കുഞ്ഞും വീട്ടിലെത്തുന്നത്. പുനത്തിലിന്റെ മാതാവ് നേരത്തേ മരിച്ചുപോയതാണ്. 

1962-ല്‍ അലിഗഡ്ഡില്‍ പഠിക്കാന്‍ പോയ പുനത്തില്‍ 1964-ല്‍ നാട്ടിലെത്തി ഹലീമയെ വിവാഹം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ധനാഢ്യരില്‍ ഒരാളായിരുന്ന ജാവാ അഹമ്മദ്ഹാജിയുടെ മകളാണ് ഹലീമ. ചെറുപ്പത്തില്‍ ഇന്തോനേഷ്യയിലെ ജാവയില്‍ പോയി പണിയെടുത്ത് പണക്കാരനായ വ്യക്തിയാണ് അദ്ദേഹം. ഒരുപാട് സ്ഥലങ്ങളും മലകളും വയലുകളും കെട്ടിടങ്ങളുമെല്ലാം അദ്ദേഹം വാങ്ങിക്കൂട്ടി. ഭൂപരിഷ്‌കരണനിയമം വന്നപ്പോള്‍ മിച്ചഭൂമി സര്‍ക്കാറിലേക്ക് വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അത്രയേറെ സ്വത്തുണ്ടായിരുന്നു. പതിനാലാമത്തെ വയസ്സില്‍ അവര്‍ പുനത്തിലിനെ വിവാഹം കഴിച്ചതാണ്. സ്വാമി എന്നാണ് ഹലീമ പുനത്തിലിനെ കളിയായി വിളിച്ചിരുന്നത്.

കുഞ്ഞുമായി പുനത്തില്‍ വന്നപ്പോള്‍ ഹലീമയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇനിമേലില്‍ പുനത്തിലുമായി ബന്ധം വേണ്ടെന്ന് അവര്‍ ഹലീമയോട് ചട്ടം കെട്ടി. അവര്‍ പക്ഷേ, ആ ഉത്തരവുകളെല്ലാം അവഗണിച്ചു. തുടക്കത്തില്‍ കുഞ്ഞിനെ പുനത്തിലിന്റെ സഹോദരി ആയിഷ പരിപാലിച്ചു. പിന്നീട് ഹലീമ തന്നെ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്തി. പുനത്തിലിനും ഹലീമയ്ക്കും പിന്നീട് ഒരു കുഞ്ഞുകൂടി പിറന്നു. അതും ആണ്‍കുഞ്ഞായിരുന്നു. അവരെ രണ്ടു പേരെയുമാണ് ഊട്ടിയില്‍ പഠിക്കാന്‍ ചേര്‍ത്തത്. 

പിന്നെയെപ്പോഴാണ് പുനത്തില്‍ കുടുംബത്തെ വിട്ടുപോയത്?

ആദ്യകാലങ്ങളില്‍ നൂറ്റമ്പത് രോഗികളെ വരെ ടോക്കണ്‍ അടിസ്ഥാനത്തിലും അതിനുശേഷം വരുന്ന രോഗികളെ അല്ലാതെയും കണ്‍സള്‍ട്ട് ചെയ്തയാളാണ് പുനത്തില്‍. അങ്ങനെ പ്രാക്ടീസ് ചെയ്തിരുന്ന വടകരയിലെ ലീഡിങ് ഡോക്ടറാണ്. അരാജകത്വം വെച്ച് ഇങ്ങനെയൊന്നും ചികിത്സിക്കാന്‍ പറ്റില്ലല്ലോ. കൃത്യമായ ജീവിതചര്യകളും ശീലങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിരാവിലെ എഴുന്നേല്‍ക്കും. ആ ശീലം ചെറുപ്പത്തിലേ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ പിതാവും വലിയ ധനികനായിരുന്നു. മതപഠനവും കൃത്യസമയത്തെ നമസ്‌കാരശീലങ്ങളും ഒരു മുസ്ല്യാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചാണ് പഠിപ്പിച്ചിരുന്നത്. അക്കാലത്തെ അനുഭവങ്ങളൊക്കെ അദ്ദേഹം പറയുമായിരുന്നു. ഉറക്കത്തില്‍ മുസ്ല്യാര്‍ അടിച്ചെഴുന്നേല്‍പ്പിച്ചായിരുന്നു നമസ്‌കരിപ്പിക്കുക. ഞങ്ങള്‍ ഒന്നിച്ചുള്ള യാത്രകളില്‍ എനിക്കനുഭവമുള്ളതാണ് അദ്ദേഹത്തിന്റെ കൃത്യതയുള്ള ഉണരലും എഴുത്തും.

രണ്ടായിരാമാണ്ടിന്റെ തുടക്കത്തോടെയാണ് പുനത്തില്‍ എല്ലാം കൈവിട്ടത്. ആ കൈവിടല്‍ എനിക്കൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ളതായിരുന്നു. അപ്പോഴേക്കും ജീവിതത്തിലെ സായാഹ്നനിഴല്‍ വീണുതുടങ്ങിയിരുന്നു. കോഴിക്കോട് ഫ്‌ലാറ്റ് ജീവിതം പുനത്തിലിനെ മറ്റാരോ ആക്കിത്തീര്‍ത്തു. പുനത്തിലിനെ തേടി ഞാന്‍ അവിടെയും പോയിട്ടുണ്ട്. മദ്യസല്‍ക്കാരങ്ങളുടെ ആള്‍ക്കൂട്ട ബഹളം കണ്ട്, എന്റെ പുനത്തിലിനെ തിരിച്ചറിയാനാകാതെ നിന്നിട്ടുണ്ട്. അപ്പോഴും പക്ഷേ മാഷേ എന്ന വിളിയ്ക്ക് യാതൊരു ഇടര്‍ച്ചയോ അകല്‍ച്ചയോ ഇല്ലായിരുന്നു എന്നത് എന്നെ വീണ്ടും വീണ്ടും പുനത്തിലിനെ തേടിപ്പോകാന്‍ പ്രേരിപ്പിച്ചു.

കോഴിക്കോട് ചാലപ്പുറത്തെ ഫ്‌ലാറ്റില്‍ താമസിക്കുമ്പോള്‍ പുനത്തിലിനെ സഹായിക്കാന്‍ സെക്രട്ടറിമാരും ഹെല്‍പ്പര്‍മാരും ഒക്കെ ഉണ്ടായി. എന്താവശ്യത്തിനും ആളുണ്ട്. അവര്‍ക്ക് അദ്ദേഹത്തിന്റെ ചെലവില്‍ ഭക്ഷണവും മദ്യവും ഉറക്കവും എല്ലാം സൗജന്യം. ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് പകല്‍ മദ്യപിക്കാതിരുന്ന പുനത്തില്‍ കോഴിക്കോടെത്തിയപ്പോള്‍ പകല്‍ മദ്യപിക്കാന്‍ തുടങ്ങി. അത് നേരവും കാലവും ഇല്ലാത്ത തരത്തിലുള്ള മദ്യപാനമായി. കോഴിക്കോടേക്ക് എന്നെ വിളിക്കുമ്പോള്‍ അദ്ദേഹം പറയും, മാഷേ നേരത്തേ വരണം. രണ്ടു മൂന്നു മണിയായാല്‍ ഞാന്‍ ഓഫായിപ്പോകും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള കാത്തിരിപ്പാണ്. നന്നായി ഭക്ഷണം ഉണ്ടാക്കും. രാവിലെ മദ്യപിക്കരുത് എന്നുപറഞ്ഞ യുവഡോക്ടറായിരുന്ന പുനത്തില്‍ കോഴിക്കോട് സ്ഥിരതാമസമാക്കിയപ്പോള്‍ രാവിലെ തന്നെ മദ്യം കഴിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പുനത്തിലിന് പ്രായമായിത്തുടങ്ങിയിരുന്നു എന്നോര്‍ക്കണം. അരാജകവാദി എന്ന് ആളുകള്‍ കൊട്ടിഘോഷിക്കുന്ന പുനത്തില്‍ തന്റെ നല്ലനാളുകള്‍ കൃത്യമായി ലക്ഷ്യപ്രാപ്തിയ്ക്കായി ഉപയോഗിച്ചിരുന്നു. 

പുനത്തില്‍ മതവിശ്വാസിയായിരുന്നോ?

പുനത്തില്‍ വിശ്വാസിയായിരുന്നു. എന്നാല്‍ അന്ധവിശ്വാസമോ തീവ്രവിശ്വാസമോ അദ്ദേഹത്തിന് ഒന്നിലും ഇല്ലായിരുന്നു. പുനത്തിലിന് മേരിയിലുണ്ടായ മകന്‍ താന്‍ ജീവിച്ചുവളര്‍ന്ന സാഹചര്യത്തെ ഉള്‍ക്കൊണ്ട് സഹോദരങ്ങളുടെ മതമാണ് സ്വീകരിച്ചത്. 

മരിച്ചു കഴിഞ്ഞാല്‍ ഹിന്ദു ആചാരപ്രകാരം തന്നെ അടക്കംചെയ്യണം എന്നു പറഞ്ഞിട്ടുണ്ട് പുനത്തില്‍

പുനത്തില്‍ അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. ക്യൂന്‍സ് ഹോട്ടലിനു മുമ്പിലുള്ള കടലിലേക്ക് നടന്ന് കടലില്‍ മുങ്ങിത്താഴ്ന്ന് മരിക്കുമെന്നും മുങ്ങിമരണമാണ് ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞതും പുനത്തിലാണ്. മരണം എന്നത് ഒരു വെളിച്ചം അണയുന്നതു പോലെയാണെന്ന് അദ്ദേഹം പറയുമായിരുന്നു. അണഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ല. അതായിരുന്നു പുനത്തിലിന് മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. തനിക്ക് ചിതയൊരുക്കണം എന്ന പ്രഖ്യാപനത്തിനാധാരമായ സംഭവം പറയാം. 

പുനത്തില്‍ ഒരു രാത്രി താന്‍ ഹിന്ദുവായി എന്നു പ്രഖ്യാപിച്ചു. അന്നു ഞാന്‍ കൂടെയുണ്ട്. പക്ഷേ, മതംമാറ്റമാണ് നടക്കുന്നതെന്ന് എനിക്കറിയില്ല. അബ്ദുള്ള എന്ന പേരിന്റെ ഹിന്ദുനാമം ദേവദാസ് എന്നാണെന്ന് ഡോക്ടര്‍ പറയാറുണ്ട്. വാര്‍ത്തകള്‍ ശരംപോലെ നാനാദിക്കും പാഞ്ഞു. പുനത്തില്‍ ഒരു കുലുക്കവുമില്ലാതെ ഇരുന്നു. അനവധി ഫോണ്‍ കോളുകള്‍ വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്താണ് കാര്യമെന്ന്‌ എനിക്കപ്പോള്‍ പിടികിട്ടിയില്ല. ഞാന്‍ ഫോണെടുക്കുന്നു പുനത്തിലിന് കൊടുക്കാന്‍ മറുപുറത്തുനിന്നും പറയുന്നു. തിരക്കിലാണ് എന്ന് പറയാന്‍ പുനത്തില്‍ എന്നെ ചട്ടം കെട്ടുന്നു. ഞാനന്ന് കേരള കൗമുദിയുടെ പ്രാദേശിക ലേഖകനാണ്. ആ ജോലി തരപ്പെടുത്തിത്തന്നത് പുനത്തിലാണ്. അങ്ങനെയുള്ള ഞാന്‍ ഈ വാര്‍ത്ത അറിഞ്ഞിട്ടേയില്ല. പക്ഷേ മറ്റു പത്രങ്ങളില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് ഞാനാണ്! പുനത്തിലിനോട് കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞു, താന്‍ മതം മാറിയ കോലാഹലമാണെന്ന്. 

പിറ്റേന്ന് ഹലീമയുടെയും മക്കളുടെയും അടുത്തേക്കാണ് ഞാന്‍ പോയത്. ഹലീമയ്ക്ക് ഭര്‍ത്താവ് മതം മാറിയ കൂസലൊന്നുമില്ല. പക്ഷേ, പ്രശ്‌നം മറ്റൊന്നായിരുന്നു. അവരുടെ ബന്ധുക്കള്‍ ഒന്നടങ്കം വന്നിരിക്കുന്നു. പുനത്തില്‍ ഹിന്ദവായിക്കഴിഞ്ഞാല്‍ പിന്നെ ഹലീമയുമായുള്ള ബന്ധം മുറിഞ്ഞു. അത് സ്വാഭാവികമായും നടപ്പിലാകും. അപ്പോള്‍ ഹലീമയെ തിരികെ കൊണ്ടുപോകാന്‍ ആള് വന്നിരിക്കുകയാണ്. എണ്‍പത്തിയഞ്ചിലാണ് സംഭവം. ഞാന്‍ ഉടന്‍ തന്നെ പുനത്തിലിന്റെ അടുത്തെത്തി. കയ്യിലുണ്ടായിരുന്ന ഒരു കടലാസില്‍ ഇങ്ങനെ എഴുതി. ''ഞാന്‍ എവിടെയും പോയിട്ടില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന ഞാന്‍ മതം മാറിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.'' ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നെഴുതിയശേഷം ഞാന്‍ അദ്ദേഹത്തോട് ഒപ്പിടാന്‍ പറഞ്ഞു. അദ്ദേഹം മിണ്ടാതെ ഒപ്പിട്ടുതന്നു. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയായി ഞാന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്തു. അതോടെ ഹലീമയെ കൊണ്ടുപോകാന്‍ വന്നവര്‍ പിന്‍വലിഞ്ഞു.

മതംമാറ്റവിവാദം കഴിഞ്ഞ് മൂന്നു മാസം കഴിയുംമുമ്പേ പുനത്തില്‍ വീണ്ടും പുതിയ പ്രതിഭാസവുമായി വാര്‍ത്തകളില്‍ നിറഞ്ഞു. വടകരയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരിക്കുന്നു! ഞാന്‍ ഉടക്കി നില്‍ക്കും എന്നറിയാവുന്ന ഒരു കാര്യവും എന്നോട് പറയില്ല, മാത്രമല്ല, കണ്ടാല്‍ കണ്ടതായി ഭാവിക്കുകപോലുമില്ല. പുനത്തിലിനെ കയ്യില്‍ കിട്ടിയത് വീട്ടില്‍ വെച്ചാണ്. ഹലീമ അകത്തിരിക്കുന്നു. ഞാന്‍ അവര്‍ കേള്‍ക്കേ, അവര്‍ കൂടി പറയേണ്ട വഴക്കുകള്‍ പുനത്തിലിനോട് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മകള്‍ നാസിമ പറഞ്ഞു:  'രാജന്‍ മാഷേ, രണ്ടു മാസം മുമ്പ് ഉപ്പാവ ഹിന്ദു മതത്തില്‍ പോയതല്ലേ. അങ്ങനെയുള്ള ഉപ്പാവയ്‌ക്കെന്താ ബി.ജെ.പി. സ്ഥാനാര്‍ഥിയായിക്കൂടേ' എന്നുചോദിച്ച് ചിരിച്ചു. അവരെ സംബന്ധിച്ചിടത്തോളം പുനത്തില്‍ അങ്ങനെയൊക്കെയാണ്. 

Book cover
പുസ്തകം വാങ്ങാം

പുനത്തില്‍ രാജന്‍ മാഷിനെ ഇങ്ങോട്ടുവിളിക്കുന്ന ഓരോ കോളുകള്‍ക്കും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമായ സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നല്ലേ

പലപ്പോഴും അങ്ങനെയായിരുന്നു. ഒന്നുകില്‍ കാണണം എന്നു പറയാന്‍, അല്ലെങ്കില്‍ താനിപ്പോള്‍ എവിടെയാണെന്നുപറയാന്‍ അതുമല്ലെങ്കില്‍ തികച്ചും വ്യക്തിപരമായ കാര്യം പറയാന്‍ പുനത്തില്‍ വിളിക്കുമായിരുന്നു. അങ്ങനെയൊരിക്കല്‍ വിളിച്ചപ്പോള്‍ ആ സ്വരത്തിന് നല്ല നനവുണ്ടായിരുന്നു. ഞാന്‍ ഫോണെടുത്ത് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മാഷേ എന്ന മറുപുറത്തെ വിളിയില്‍ നിന്നറിയാം ഇപ്പുറം ഞാന്‍ മൗനമായി കേട്ടിരിക്കേണ്ടതാണോ പ്രതികരിക്കേണ്ടതാണോ എന്ന്. അന്ന് പുനത്തില്‍ പറഞ്ഞു; മാഷേ ഹലീമ മൊഴി പറഞ്ഞു. നവാബ് വന്നിട്ട് പറഞ്ഞു ബാപ്പച്ചി ഒപ്പിട്ട് കൊടുത്തേക്ക് എന്ന്. അദ്ദേഹത്തിന്റെ ഇളയമകന്‍ നവാബാണ് ഉമ്മയുടെ മൊഴിചൊല്ലല്‍ നോട്ടീസുമായി വന്നിരിക്കുന്നത്. പുനത്തില്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. ഇക്കണ്ടതെല്ലാം കാട്ടിക്കൂട്ടുമ്പോഴും ഒരു കളിതമാശ എന്നതിനപ്പുറം ഹലീമ കാര്യമായി എടുക്കില്ല എന്നായിരുന്നു പുനത്തിലിന്റെ വിശ്വാസം. ഹലീമ മനസ്സാ അതു ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. അവരുടെ കുടുംബാംഗങ്ങളുടെ ഇടപെടല്‍ ആകാം അത്. അതിനുള്ള എല്ലാ സാഹചര്യവും പുനത്തില്‍ ഒരുക്കിയിട്ടുമുണ്ട്. പുനത്തില്‍ ഒപ്പിട്ടുകൊടുത്തു. ഹലീമ തന്റെ ജീവിതത്തില്‍നിന്നു പിന്‍വാങ്ങി എന്ന കാര്യം പക്ഷേ പുനത്തിലിന് മരണം വരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. 

കാസാബ്ലാങ്കയില്‍നിന്നു പണിക്കര്‍ റോഡിലേക്കുള്ള ഫ്‌ലാറ്റിലേക്ക് പുനത്തില്‍ താമസം മാറുമ്പോള്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിക്കപ്പെട്ടിരുന്നില്ല എന്ന ആരോപണമുണ്ട്.

എം. മുകുന്ദന്‍, എം.എ. ബേബി തുടങ്ങിയവര്‍ അവിടെ വന്നാണല്ലോ അദ്ദേഹത്തെ കണ്ടത്. ഞാന്‍ നിത്യസന്ദര്‍ശകനായിരുന്നു. കാസാബ്ലാങ്കയിലെ വരവുപോക്കുകള്‍ നടന്നില്ല. ഇനിയും കാസാബ്ലാങ്കയില്‍ തുടര്‍ന്നാല്‍ അധികം താമസിയാതെ മരിച്ചുപോകും എന്ന് ഞാന്‍ മക്കളോട് വിളിച്ചു പറഞ്ഞിരുന്നു. അത്രയും മോശമായ കൂട്ടുസല്‍ക്കാരങ്ങള്‍ കൊണ്ട് പുനത്തില്‍ സ്വയം മറന്ന് ജീവിക്കുകയാണ്. രാവും പകലും ഓര്‍മയില്ലാത്ത മദ്യപാനവും കൂട്ടുകാരും. നഷ്ടം ഈ കൂട്ടുകെട്ടിലെ ആര്‍ക്കുമല്ല. അദ്ദേഹത്തിന്റെ മക്കള്‍ക്കും കുടുംബത്തിനും മാത്രമാണ്. അതുകൊണ്ട് അവര്‍ നിയന്ത്രണം വെച്ചിരിക്കാം. അത് മക്കളും പുനത്തിലും തമ്മിലുള്ള കാര്യമാണ്. മറ്റുള്ളവര്‍ക്ക് അതിലൊരു അഭിപ്രായവും പറയാന്‍ പറ്റില്ല. മകള്‍ നാസിമ കോഴിക്കോട് തന്നെയായിരുന്നു താമസം. അതുകൊണ്ട് ഭക്ഷണവും മരുന്നും മറ്റു കാര്യങ്ങളുമെല്ലാം കൃത്യമായി എത്തിച്ചു നല്‍കാന്‍ നാസിമയ്ക്കു കഴിഞ്ഞു. പുനത്തില്‍ ശാരീരികമായി അവശനായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആളെ വച്ചു. പുനത്തില്‍ ആഗ്രഹിക്കുന്ന സ്വകാര്യതയെ മാനിച്ചു കൊണ്ടുതന്നെയായിരുന്നു മക്കള്‍ ശുശ്രൂഷിച്ചത്. രണ്ടു വര്‍ഷം അത്തരത്തില്‍ പുനത്തില്‍ ജീവിച്ചു. പുനത്തിലിന്റെ രോഗാവസ്ഥ മോശമായപ്പോള്‍ ബേബി മെമ്മോറിയലിലേക്കു മാറ്റി. 2017- ഒക്ടോബര്‍ ഇരുപത്തിയേഴിന് അദ്ദേഹം വിടപറഞ്ഞു. ഒരു പേപ്പറിലെ ഒപ്പുകൊണ്ട് തീരുന്നതല്ല ഹലീമയും പുനത്തിലും തമ്മിലുള്ള ബന്ധം. അതുകൊണ്ടുതന്നെ തന്റെ സ്വാമി വിടപറയുമ്പോള്‍ ഹലീമ യാത്രപറയാനായി അവസാനമായി ചെന്നുകണ്ടു. പുനത്തിലോളം ഔന്നത്യം ഹലീമയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഹലീമയെന്ന പേര് അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ന്നുതന്നെയിരിക്കും. 

Content Highlights : Interview with T Rajan About Punathil Kunjabdulla