• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

 മഹാഭാരതത്തെ 'ജീവിതപ്പെരുങ്കടലാ'യി വായിക്കുക- സുനില്‍ പി ഇളയിടം

Nov 29, 2020, 12:11 PM IST
A A A

മനുഷ്യജീവിതത്തിലെ മഹാസംഘര്‍ഷങ്ങളെക്കുറിച്ചുള്ള, അതിലെ പല പല അടരുകളെക്കുറിച്ചുള്ള, ഇത്രയും വലിയ എടുപ്പുകള്‍ മനുഷ്യഭാവനയില്‍ ഏറെയൊന്നുമില്ല. അതില്‍ ഒരിടത്തുമാത്രമായി നാം തടഞ്ഞുനില്‍ക്കരുത്. മഹാഭാരതം നിരന്തരം കവിഞ്ഞൊഴുകുന്നുണ്ട്. അതിനൊപ്പം നാമും ഒഴുകണം

# എന്‍.ഇ. സുധീര്‍
സുനില്‍ പി ഇളയിടം
X
സുനില്‍ പി ഇളയിടം

സുനിശ്ചിതമായ ഒരു ഏകമൂല്യത്തെ മഹാഭാരതം മുന്നോട്ടുവെക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. മതപരവും ആധ്യാത്മികവുമായി വായിക്കുമ്പോൾ അങ്ങനെ തോന്നാം. അത് തെറ്റൊന്നുമല്ല. ഞാനതിനെ ജീവിതമൂല്യങ്ങളുടെ വലിയൊരു പടക്കളമായാണ് കാണുന്നത്. അപ്പോൾത്തന്നെ
പരമമായി ആദരിക്കപ്പെടേണ്ട ഒരു ശാശ്വതതത്ത്വം മഹാഭാരതത്തിലുണ്ട്
-സുനിൽ പി. ഇളയിടവുമായി എൻ.ഇ. സുധീർ മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി നടത്തിയ ദീർഘസംഭാഷണം വായിക്കാം.

മഹാഭാരതത്തെ അറിഞ്ഞ് വായിച്ചൊരാൾ എന്ന നിലയിലാണ് ഈ സംഭാഷണം. എന്തായിരുന്നു ആ വായനയ്ക്കു പിന്നിലെ മുഖ്യപ്രേരണ?

ക്ലാസിക്കുകളെക്കുറിച്ചുള്ള ഇറ്റാലോ കാൽവിനോയുടെ പ്രശസ്തമായ നിർവചനമുണ്ടല്ലോ; ഒരു ക്ലാസിക് ആരും ആദ്യമായി വായിക്കുന്നില്ല എന്ന്. ആദ്യവായനതന്നെ പുനർവായനയാകുന്നതരം കൃതികൾ എന്നാണ് കാൽവിനോ പറയുന്നത്. എന്റെ മഹാഭാരതവായനയും അങ്ങനെയായിരുന്നു. അത് ഒറ്റയടിക്ക് വായിച്ചുതീർത്തതല്ല. കുട്ടിക്കാലത്തുകേട്ട കഥകൾ മുതൽക്കേ മഹാഭാരതം എന്റെ കൂടെയുണ്ട്. അന്നത് വലിയ വിസ്മയമായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് ഭാരതപര്യടനം, രണ്ടാമൂഴം, ഇനി ഞാൻ ഉറങ്ങട്ടെ, യയാതി... അങ്ങനെ പലതും വായിച്ചു. ഇരാവതി കാർവെയുടെയും ടി.വി.എം. തിവിക്രമൻ നമ്പൂതിരിപ്പാടിന്റെയും വ്യാഖ്യാനങ്ങൾ. കൊസാംബിയുടെ ഗീതാപഠനം. ഇതൊക്കെ വായിച്ചതിനുശേഷമാണ് ഞാൻ മഹാഭാരതത്തിന്റെ ഗദ്യവിവർത്തനം വായിച്ചത്. അത് 1990-കളുടെ പകുതിയോടെയാവണം. അപ്പോഴേക്കും എന്റെ വിശ്വാസവും ഭക്തിയുമൊക്കെ അവസാനിച്ചിരുന്നു. അതുകൊണ്ട് ആദ്യകാലത്തെ മഹാഭാരത കഥാതാത്‌പര്യങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു മഹാഭാരത വായന. സാഹിത്യപരവും ചരിത്രപരവുമായ പ്രേരണകളായിരുന്നു അപ്പോൾ പ്രബലമായിരുന്നത്. അതിലെന്നെ നയിച്ചത് പി.കെ. ബാലകൃഷ്ണനാണ് എന്നുപറയാം. ദസ്തയേവ്സ്കിയുടെ നോവലുകൾപോലെ സമകാലികമായി വായിക്കാവുന്ന കൃതിയെന്ന് അദ്ദേഹം മഹാഭാരതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 'കാരമസോവ് സഹോദരന്മാ'രും 'ഭൂതാവിഷ്ടരും' എൻ.കെ. ദാമോദരന്റെ വിവർത്തനത്തിൽ വായിച്ച് ദസ്തയേവ്സ്കിയിൽ ഞാൻ ഭൂതാവിഷ്ടനായ കാലത്താണ് പി.കെ. ബാലകൃഷ്ണന്റെ ഈ അഭിപ്രായം വായിക്കുന്നത്. അതെന്റെ തലയ്ക്കുപിടിച്ച ഒരാശയമായിരുന്നു. ഒപ്പംതന്നെ ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലേക്കുള്ള ഏറ്റവും വലിയ വഴികളിലൊന്നായും ബാലകൃഷ്ണൻ മഹാഭാരതത്തെ വിശേഷിപ്പിക്കുന്നുണ്ട്. പ്രാചീന ഇന്ത്യാചരിത്രം അപ്പോഴേക്കും എന്റെ വലിയ ആഭിമുഖ്യങ്ങളിലൊന്നായിരുന്നു. എന്റെ രാഷ്ട്രീയ വീക്ഷണംകൊണ്ടാവാം അത്. എന്തായാലും ഇതു രണ്ടുമായിരുന്നു എന്റെ മഹാഭാരതവായനയുടെ അടിസ്ഥാനം. സാഹിത്യവും ചരിത്രവും. കാൽനൂറ്റാണ്ടിനു ശേഷവും അതങ്ങനെത്തന്നെ തുടരുന്നുണ്ട്.

മനുഷ്യഭാവനകൊണ്ട് സൃഷ്ടിക്കപ്പെട്ട ഏറ്റവും വിപുലവും ഉദാത്തവുമായ ഒരു സാഹിത്യസൃഷ്ടിയാണ് മഹാഭാരതം. എന്നാൽ, പൊതുവിൽ ആ രീതിയിലല്ല ഇന്ത്യയിൽ മഹാഭാരതത്തെ വായനക്കാർ സമീപിക്കുന്നത്. പുരാണത്തിന്റെ ഒരു പരിവേഷത്തിലാണ്, ഭക്തിയുടെ കണ്ണിലൂടെയാണ് മഹാഭാരതം ഈ 21-ാം നൂറ്റാണ്ടിലും വായിക്കപ്പെടുന്നത്. താങ്കളുടെ സമീപനം എന്തായിരുന്നു? അതൊരു സാഹിത്യവായനയായി മാറുന്ന കാലം നമുക്ക് സ്വപ്നംകാണാനൊക്കുമോ?

എന്റെ മഹാഭാരതവായനയുടെ അടിസ്ഥാനങ്ങളിലൊന്ന് അതിന്റെ സാഹിതീയതയാണ്. മതപരവും മറ്റുമായ പരിവേഷങ്ങൾ ഉണ്ടെങ്കിലും ഗീതപോലെ ഒരു മതാത്മകപാഠമല്ല മഹാഭാരതം. ഒരു ഘട്ടത്തിലും അതൊരു മതപാഠം മാത്രമായി നിലനിന്നിട്ടില്ല; ഇരുപതാം ശതകത്തിൽ പ്രത്യേകിച്ചും. ഇരുപതാം നൂറ്റാണ്ടിലെ മഹാഭാരതജീവിതത്തിന് സാഹിത്യപരവും കലാപരവും വൈജ്ഞാനികവുമായ വിപുല മാനങ്ങളുണ്ട്. ഖണ്ഡേക്കറുടെയും എം.ടി.യുടെയും പി.കെ. ബാലകൃഷ്ണന്റെയും ശിവജി സാവന്തിന്റെയും പ്രതിഭാറായുടെയും മറ്റും നോവലുകൾ, പീറ്റർ ബ്രൂക്കിന്റെയും ധരംവീർ ഭാരതിയുടെയും ജി. ശങ്കരപ്പിള്ളയുടെയും നാടകങ്ങൾ, രവിവർമ, നന്ദലാൽ ബോസ്, ഗണേശൻ, എം.എഫ്. ഹുസൈൻ തുടങ്ങിയവരുടെ ചിത്രങ്ങൾ, മാളവിക സരുക്കായ്യുടെയും മല്ലികാ സാരാഭായ്യുടെയും നൃത്താവിഷ്കാരങ്ങൾ, മാരാരുടെയും ഇരാവതി കാർവെയുടെയും ബദരീനാഥ് ചന്ദോപാധ്യയുടെയും സൂക്താങ്കറുടെയും ബെൾവൾക്കറുടെയും മറ്റും പാഠവിശകലനങ്ങൾ, എ.കെ. രാമാനുജന്റെയും സോണി വെൻഡിഗറുടെയും മറ്റും സാഹിതീയ മിത്തിക്കൽ പഠനങ്ങൾ, കൊസാംബിയുടെയും ഥാപ്പറുടെയും ആർ.എസ്. ശർമയുടെയും ചരിത്രപഠനങ്ങൾ, അംബേദ്കറുടെ വിമർശനാത്മക പാരായണങ്ങൾ... അങ്ങനെ നൂറു നൂറു പ്രകാരങ്ങളിലാണ് ഇരുപതാം നൂറ്റാണ്ടിൽ മഹാഭാരതം ജീവിച്ചത്. അത് കേവലമൊരു മതപാഠമല്ല. മഹാഭാരതത്തിന്റെ സാഹിത്യജീവിതത്തിന് ഇരുപതാം ശതകത്തിൽ കൂടുതൽ പ്രാധാന്യം കൈവന്നതായും എനിക്ക് തോന്നുന്നുണ്ട്. എങ്കിലും എപ്പോഴെങ്കിലും ഒരു സാഹിത്യപാഠം മാത്രമായി മഹാഭാരതം മാറുമോ എന്ന് സംശയമാണ്; അതിന്റെ ഭാവി പ്രവചിക്കാൻ ഞാൻ മുതിരുന്നില്ലെങ്കിലും.

എഴുത്തച്ഛനും കുഞ്ഞിക്കുട്ടൻ തമ്പുരാനും മഹാഭാരത വിവർത്തനത്തിലൂടെ മലയാളത്തെ അനുഗ്രഹിച്ചവരാണല്ലോ. താങ്കൾ രണ്ടും നോക്കിക്കാണുമല്ലോ. ആ രണ്ടു വിവർത്തനങ്ങളെപ്പറ്റിയും ഒന്നു പറയാമോ?

രണ്ടും നോക്കിയിട്ടുണ്ട്. അതുകൂടാതെ കിസരി മോഹൻ ഗാംഗുലിയുടെ ഇംഗ്ലീഷ് വിവർത്തനവും എന്റെ പക്കലുണ്ട്. സൂക്താങ്കറുടെ ക്രിട്ടിക്കൽ എഡിഷനും എം.എൻ. ദത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ഞങ്ങളുടെ സർവകലാശാലയിലുള്ളതും പരിശോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വിശദമായി വായിച്ചത് വിദ്വാൻ പ്രകാശത്തിന്റെ ഗദ്യപരിഭാഷയാണ്. കഥയും കഥാസന്ദർഭങ്ങളും ആശയലോകവും എല്ലാം മനസ്സിലാക്കാൻ അത് വളരെ സഹായകമാണ്. എന്നാൽ, മഹാഭാരതത്തിന്റെ കാവ്യാത്മകതയും ദർശനഗാംഭീര്യവും അതിൽനിന്ന് കിട്ടില്ല. അക്കാര്യത്തിൽ തമ്പുരാന്റെ വിവർത്തനം വ്യത്യസ്തമാണ്. വാസ്തവത്തിൽ അദ്ദേഹത്തിന്റെ വിവർത്തനത്തിന് പല പ്രകൃതങ്ങളുണ്ട്. ചിലപ്പോഴത് 'എന്റെ മക്കൾ പാണ്ഡവന്മാരും എന്തേ ചെയ്തിതു സഞ്ജയാ?' എന്ന സരളമായ മലയാളത്തിലാണ്. ചിലപ്പോൾ തമ്പുരാൻ 'കാലമൂലം സർവ്വമെന്നീ ജഗദ്ബീജം ധനഞ്ജയാ' എന്നിങ്ങനെ സംസ്കൃതപാഠം ഒട്ടൊക്കെ അതേപടി മലയാളമായി നൽകും. ചിലപ്പോഴാകട്ടെ 'ഖട്വംഗനാഭാഗ ദിലീപതുല്യ യയാതി മാന്ധാതൃസമപ്രഭാവൻ' എന്ന് അത്യന്തം ക്ലിഷ്ടവുമാവും. സംസ്കൃതപാഠവുമായും അതിന്റെ പാരമ്പര്യവുമായും നല്ല പരിചയമില്ലാത്തവർക്ക് തമ്പുരാനെ പിൻപറ്റുക അത്ര എളുപ്പമാവില്ല എന്നാണെന്റെ തോന്നൽ. സംസ്കൃതമൂലപാഠവും മലയാള പരിഭാഷയും ഒരുമിച്ചുനൽകുന്ന ഒരു പാഠം മലയാളത്തിലുണ്ടാവണം എന്നാണ് ഞാൻ കരുതുന്നത്. എം.എൻ. ദത്തിന്റെ ഇംഗ്ലീഷ് പാഠം അങ്ങനെയൊന്നാണ്. അതുപോലൊന്ന്. അപ്പോഴേ മഹാഭാരതത്തിന്റെ കാവ്യമഹിമ മലയാളവായനക്കാർക്ക് പൂർണമായി അനുഭവവേദ്യമാകൂ.

വായനയുടെ സ്വഭാവം ഒന്നു വിശദീകരിക്കാമോ? അതൊരു ആനന്ദാനുഭവമായിരുന്നുവോ? അതോ എന്തെങ്കിലും ക്ലേശം അനുഭവപ്പെട്ടുവോ? ഞാനുദ്ദേശിച്ചത് കഥയുടെ വലുപ്പമോ കഥാപാത്രബാഹുല്യമോ വായനയെ അലോസരപ്പെടുത്തിയോ എന്നാണ്

എന്റേത് ഒറ്റയടിക്കുള്ള വായനയായിരുന്നില്ല. കാൽനൂറ്റാണ്ടിനുമുമ്പാണ് വിദ്വാൻ പ്രകാശത്തിന്റെ പത്തു വാല്യങ്ങളായുള്ള മഹാഭാരത പരിഭാഷ ലഭിച്ചത്. എട്ടൊമ്പത് മാസമെങ്കിലും അത് വായിക്കാൻ എടുത്തുകാണണം. അത് ഒരുപാട് ആഹ്ലാദവും വിസ്മയവും പകർന്ന വായനാനുഭവമായിരുന്നു. എങ്കിലും അതുകൊണ്ടുമാത്രം കഥാപാത്രബന്ധങ്ങളും സന്ദർഭങ്ങളുമെല്ലാം സമ്പൂർണമായി തെളിഞ്ഞുകിട്ടിയെന്ന് പറയാനാവില്ല. എന്റെ മഹാഭാരതവായന കൂടുതലുംചരിത്രപരവും സാഹിതീയുമായ താത്‌പര്യങ്ങളോടെയായിരുന്നു. അതുകൊണ്ട് ഇക്കാര്യം ഒരു വലിയ പ്രശ്നമായി തോന്നിയില്ല എന്നതാണ് വാസ്തവം.

ഭാരതത്തിന്റെ വായനയിൽ ഏറ്റവും വിസ്മയിപ്പിച്ച ഒരു സന്ദർഭം ഓർത്തെടുക്കാമോ
മൗസലപർവത്തിലെ സർവനാശത്തിന്റെ ചിത്രം. പി.കെ. ബാലകൃഷ്ണൻ മഹാഭാരതത്തിന്റെ ആന്റി ക്ലൈമാക്സ് എന്നാണിതിനെ വിശേഷിപ്പിച്ചത്. പൊതുവേ ഏറെ ശ്രദ്ധകിട്ടിയിട്ടില്ലാത്ത ഒരു ഭാഗമാണത്. വിജയികളെല്ലാം അവിടെ പരാജിതരാകുന്നു. ഈശ്വരാവതാരം കാൽമടമ്പിൽ അമ്പേറ്റുമരിക്കുന്നു. ഈശ്വരനഗരിയായ ദ്വാരകയെ കടൽ വിഴുങ്ങുന്നു. യദുകുലം തമ്മിലടിച്ച് മരിക്കുന്നു. അർജുനന്റെ സമസ്തപ്രതാപവും പാഴാകുന്നു. എല്ലാ ഉയർച്ചകളും നിലംപൊത്തുമെന്ന് മഹാഭാരതം പറയുന്നതിന് ഇത്രമേൽ ഗംഭീരമായ ഒരാവിഷ്കാരം കാണാനാവില്ല. വിജയപ്രതാപങ്ങളുടെ നിരർഥകതയെക്കുറിച്ചുള്ള അതുല്യമായ ചിത്രീകരണമാണത്.

പറഞ്ഞുകേട്ടതിൽനിന്നും മുമ്പ് അറിഞ്ഞതിൽനിന്നും വ്യത്യസ്തമായ ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും ഈ വായനയിൽ കണ്ടെത്താനിടയായോ

ഞെട്ടിപ്പിക്കുന്നത് എന്നു പറഞ്ഞുകൂടാ. എങ്കിലും അസാധാരണമോ വിസ്മയകരമോ ആയി തോന്നിയ പല ഭാഗങ്ങളുമുണ്ട്. മഹാപ്രസ്ഥാനവേളയിൽ ദ്രൗപദി വീഴുമ്പോൾ യുധിഷ്ഠിരൻ പറയുന്ന വാക്കുകൾ ('വിശേഷിച്ചും പക്ഷപാതമിവൾക്കുണ്ടർജുനന്റെ മേൽ ഇവളേൽക്കുന്നുണ്ടതിന്റെ ഫലം പുരുഷസത്തമ') തീർത്തും അപ്രതീക്ഷിതമായിരുന്നു. രണ്ടാമൂഴത്തിൽ എം.ടി. ആ ഭാഗം അതുല്യഭംഗിയോടെ ആവിഷ്കരിച്ചിട്ടുണ്ട്. ഞാനത് എം.ടി.യുടെ സ്വതന്ത്രകല്പനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അത് വ്യാസഭാവന തന്നെയാണെന്ന് മനസ്സിലായത്. എന്തൊരു ജീവിതക്കാഴ്ചയാണ്! മരണമുഹൂർത്തത്തിലും പിടിവിടാത്ത വാസനാബന്ധങ്ങൾ! 'ജന്തുവിന്നു തുടരുന്നുവാസനാബന്ധമിങ്ങുടലുവീഴുവോളവും' എന്നാണല്ലോ ആശാനും പറഞ്ഞത്.

മഹാഭാരതത്തിന്റെ സൂക്ഷ്മവായന സുനിൽ പി. ഇളയിടമെന്ന വ്യക്തിയിൽ/വായനക്കാരനിൽ പറയത്തക്ക എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയോ?

ജീവിതത്തിലെ അഗാധസംഘർഷങ്ങളെക്കുറിച്ചും അതിന്റെ പരമമായ നൈഷ്ഫല്യത്തെക്കുറിച്ചും ഇത്രയും ആഴത്തിൽ അനുഭവിപ്പിച്ച കൃതികൾ കുറവാണ്. യക്ഷപ്രശ്നത്തിലെ യുധിഷ്ഠിരന്റെ ഉത്തരം വലിയ തെളിച്ചംതന്ന ഒന്നായിരുന്നു. 'എല്ലാ ജീവജാലങ്ങളും അനുനിമിഷം മരണത്തിന്റെ വായിലേക്ക് നീങ്ങുമ്പോഴും തനിക്കൊരാൾക്ക് അത് ബാധകമല്ലെന്ന് കരുതി ജീവിക്കാൻ ഓരോ മനുഷ്യനും കഴിയുന്നതാണ് ഏറ്റവും വലിയ ആശ്ചര്യം' എന്ന ഉത്തരം. മനുഷ്യജീവിതത്തെ ഇത്രയും ദുരന്തശോഭയോടെ ആവിഷ്കരിക്കുന്ന വാക്യങ്ങൾ ഏറെയൊന്നുമില്ല. അങ്ങനെ വലിയ ചില ഉൾക്കാഴ്ചകൾ മഹാഭാരതം തന്നു.

മഹാഭാരതം മുന്നോട്ടുവെക്കുന്ന മൂല്യബോധത്തെ വർത്തമാനകാല സാമൂഹികപശ്ചാത്തലത്തിൽ ഒന്നു ചേർത്തുവായിക്കാമോ?

സുനിശ്ചിതമായ ഒരു ഏകമൂല്യത്തെ മഹാഭാരതം മുന്നോട്ടുവെക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. മതപരവും ആധ്യാത്മികവുമായി വായിക്കുമ്പോൾ അങ്ങനെ തോന്നാം. അത് തെറ്റൊന്നുമല്ല. ഞാനതിനെ ജീവിതമൂല്യങ്ങളുടെ വലിയൊരു പടക്കളമായാണ് കാണുന്നത്. അപ്പോൾത്തന്നെ പരമമായി ആദരിക്കപ്പെടേണ്ട ഒരു ശാശ്വതതത്ത്വം മഹാഭാരതത്തിലുണ്ട് എന്ന് ഞാൻ കരുതുന്നുണ്ട്. കാന്റിന്റെ കാറ്റഗറിക്കൽ-ഇംപെരേറ്റീവ് പോലൊന്ന്. ധർമത്തെക്കുറിച്ചുള്ള ഒരു മഹാഭാരതവാക്യമാണത്. 'തനിക്ക് അഹിതമായി തോന്നുന്നത് മറ്റൊരാളിൽ പ്രവർത്തിക്കരുത്. അന്തിമമായി ഇതാണ് ധർമം; ബാക്കിയെല്ലാം ഇഷ്ടം പോലെ' എന്ന് മഹാഭാരതം പറയുന്നുണ്ട് ('ന തത്‌പരസ്യസന്ദധ്യാൽ പ്രതികൂലം യദാത്മനി ഏഷസംക്ഷേപതോധർമ്മ കാമാഭന്യപ്രവർത്തതേ'). നമ്മുടെ വിശ്വാസിസമൂഹവും മതരാഷ്ട്രീയക്കാരുമെല്ലാം ഇതോർത്ത് പ്രവർത്തിച്ചാൽ ഈ രാജ്യം മിക്കവാറും രക്ഷപ്പെടും.

മഹാഭാരതവായന ഒരുവിധം പൂർണമായി എന്നു തോന്നുന്നുണ്ടോ? വീണ്ടും വായിക്കണം എന്ന പ്രേരണ നിലനിൽക്കുന്നുണ്ടോ?

ഒട്ടുമില്ല. പൂർണമായെന്ന തോന്നലേയില്ല. ഇനിയും വായിക്കാനുണ്ട്. സംസ്കൃതപാഠവും മലയാള പരിഭാഷയും ചേർത്തുവെച്ച് വായിക്കണം എന്നാഗ്രഹമുണ്ട്. സംസ്കൃതം അറിയാത്തതുകൊണ്ട് മൂല്യപാഠത്തിലൂടെ സഞ്ചരിക്കാൻ അതേ വഴിയുള്ളൂ. എം.എൻ. ദത്തിന്റെ സംസ്കൃത-ഇംഗ്ലീഷ് പാഠവും തമ്പുരാന്റെ വിവർത്തനവും ചേർത്തുവെച്ചുള്ള ഒരു വായന. എപ്പോഴെങ്കിലും നടക്കും എന്നാണ് മോഹം.

മഹാഭാരതത്തെ ഭാവിയിലെ വായനക്കാർ എങ്ങനെ നേരിടണം എന്നാണ് താങ്കൾ കരുതുന്നത്?

മുൻവിധികളില്ലാതെ വായിക്കുക. മഹാഭാരതത്തെ ജീവിതപ്പെരുങ്കടലായി വായിക്കുക. മനുഷ്യജീവിതത്തിലെ മഹാസംഘർഷങ്ങളെക്കുറിച്ചുള്ള, അതിലെ പല പല അടരുകളെക്കുറിച്ചുള്ള, ഇത്രയും വലിയ എടുപ്പുകൾ മനുഷ്യഭാവനയിൽ ഏറെയൊന്നുമില്ല. അതിൽ ഒരിടത്തുമാത്രമായി നാം തടഞ്ഞുനിൽക്കരുത്. മഹാഭാരതം നിരന്തരം കവിഞ്ഞൊഴുകുന്നുണ്ട്. അതിനൊപ്പം നാമും ഒഴുകണം. അപ്പോഴേ മഹാഭാരതത്തെ അറിയാനാകൂ.

ontent Highlights: Interview with Sunil P Ilayidam by N E Sudheer Publishes in MAthrubhumi Weekend

PRINT
EMAIL
COMMENT
Next Story

കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍

ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിന്റെ ഉടമസ്ഥതയിലുള്ള 'റെഡീമർ' ബോട്ട് .. 

Read More
 

Related Articles

വിശുദ്ധ കെവിനും കറുമ്പി കിളിയും! ഷീമസ് ഹീനിയുടെ കവിതയ്‌ക്കൊരു വിവര്‍ത്തനം
Books |
Specials Today |
സാഹിത്യ നൊബേല്‍ നൂറ്റിപ്പതിനേഴ്, എഴുത്തുകാരികള്‍ പതിനാറ്!
Books |
സമഗ്രസംഭാവനയ്ക്കുള്ള ഇന്‍ഡിവുഡ് ഭാഷാപുരസ്‌കാരം കെ. ജയകുമാറിന്
Books |
ഇതാ ഇന്നുപിടിച്ച മത്തി, ഇതാ ഇന്നിറങ്ങിയ പുസ്തകം!
 
  • Tags :
    • Sunil P Ilayidam
    • N E Sudheer
    • Books
    • Weekend
More from this section
മഹാകവി കുമാരനാശാനും പത്‌നി ഭാനുമതിയമ്മയും
കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മുതലാളി ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കണം; ഇല്ലേല്‍ പിന്നെയൊരുകാലത്തും ഇരിക്കാനാവില്ല- ഒരു പ്രേംനസീര്‍ തത്വം
KP Balachandran
വിവര്‍ത്തകന്റെ ഷെര്‍ലക് ഹോംസ്
M Nandakumar
ചെമ്പോലയിലെ ചരിത്രത്തിന്റെ ചിരികള്‍
EK Nayanar
'എന്ത് പിറന്നാള്‍, എന്താഘോഷം'...ഇന്നും സഖാവ് അങ്ങനെയേ പറയൂ!-ശാരദ ടീച്ചര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.