തിരക്കഥാകൃത്തും അഭിനേതാവുമായ സിബി തോമസ്സിന്റെ പ്രഥമനോവലായ കുറ്റസമ്മതം മാതൃഭൂമി ഡോട്‌കോം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. നോവല്‍ സങ്കേതത്തിലേക്കുള്ള തന്റെ കാല്‍വെപ്പുകളെക്കുറിച്ച് സിബി തോമസ്സുമായുള്ള സംഭാഷണം വായിക്കാം.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ തികച്ചും റിയലിസ്റ്റാക്കായ പോലീസ് ഓഫീസര്‍ കഥാപാത്രത്തെയാണ് സിബി തോമസ് എന്ന യഥാര്‍ഥ പോലീസുകാരന്‍ പരിചയപ്പെടുത്തിയത്. താങ്കളുടെ കഥയും തിരക്കഥയും സിനിമകളാവുകയും ചെയ്തു. 'കുറ്റസമ്മതം' എന്ന സൃഷ്ടിയിലൂടെ, തികച്ചും വ്യത്യസ്തമായ നോവല്‍ സങ്കേതത്തിലൂടെ, സാഹിത്യലോകത്തേക്കും പ്രവേശിക്കുകയാണ്. നോവലെഴുത്തിന് പ്രചോദനമായത് എന്താണ്?

സത്യത്തില്‍ എന്റെ കലാജീവിതത്തിന് ഒരു പുനര്‍ജനി ഉണ്ടായത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ്. വര്‍ഷങ്ങളായി നമ്മള്‍ അടക്കിപ്പിടിച്ചിരുന്ന കലയെ പുറത്ത് പ്രദര്‍ശിപ്പിക്കാനും അതിന് കയ്യടിക്കാനും ആളുകള്‍ ഉണ്ടാകുക എന്നത് വലിയൊരു പ്രചോദനമാണ്. ആളുകള്‍ തന്ന സ്വീകാര്യതയുടെ ബലത്തിലാണ് എന്റെ സര്‍വീസില്‍ നടന്ന ചില കാര്യങ്ങളുടെ, അനുഭവങ്ങളുടെ പ്രചോദനത്തില്‍ നോവല്‍ എന്ന സങ്കേതത്തിലേക്ക് ശ്രദ്ധ തിരിച്ചത്. സംവിധായകന്‍ ഗിരീഷ് ദാമോദറാണ് ഇത് നോവലാക്കാന്‍ പ്രേരിപ്പിച്ചത്. 

'കുറ്റസമ്മതം' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ദീര്‍ഘകാലം ജോലി ചെയ്ത് വലിയ അനുഭവസമ്പത്ത് താങ്കള്‍ക്കുണ്ട്. ഈ നോവലിലെ സംഭവങ്ങള്‍ യാഥാര്‍ഥ്യമാണോ?

കുറ്റസമ്മതം ഒരു ക്രൈം തില്ലറാണ് എന്നതിനപ്പുറം ഒരാള്‍ എങ്ങനെ കുറ്റവാളിയാകുന്നു എന്നതിനെക്കുറിച്ചാണ് സംവദിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കുറ്റസമ്മതത്തിലെ പല മുഹൂര്‍ത്തങ്ങളും എന്റെ പ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. യഥാര്‍ഥ കേസുകളില്‍ നിന്നും ലഭ്യമായ വിവരങ്ങളും അന്വേഷണ മാതൃകകളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏറിയകൂറും ഭാവനയ്ക്കുവിട്ടുകൊടുത്തിട്ടുള്ളവയാണ്.  

 താങ്കളുടെ യൂണിഫോം ജീവിതാനുഭവങ്ങള്‍ എത്രത്തോളം ഈ നോവലിനെ സ്വാധീനിച്ചിട്ടുണ്ട്?

എന്റെ യൂണിഫോം അനുഭവങ്ങളുടെ വിവരണം തന്നെയാണ് ഈ നോവല്‍ എന്നുതന്നെ പറയാം. പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കാനോ, മനസ്സാക്ഷിക്കുതകുന്ന രീതിയില്‍ പെരുമാറാനോ കഴിയാതെ വരാറുണ്ട് പലപ്പോഴും നമുക്ക്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നമ്മള്‍ പ്രതികരിക്കാതെ പോകുന്നു. അത് നമ്മുടെ സോഷ്യല്‍ സെറ്റപ്പിന്റെ ഭാഗമാണ്. ഇതിനിടയില്‍ നമുക്ക ആശ്വാസം തരുന്നത് മനസ്സാക്ഷിക്കുനിരക്കാത്ത സംഭവങ്ങളെക്കുറിച്ച് ആരോടെങ്കിലും പറയുമ്പോഴോ എഴുതിവെക്കുമ്പോഴോ ആണ്. 'കുറ്റസമ്മതം' എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു എഴുത്താണ് ഇതിനെല്ലാം പറ്റിയ ഏറ്റവും നല്ല മാധ്യമമെന്ന്.

സിനിമയിലും നോവലുകളിലും കാണുന്നപോലത്രയും നാടകീയമാണോ കേരളത്തിലെ ഒരു പോലീസുകാരന്റെ ജീവിതം?

സിനിമയിലും നോവലിലും കാണുന്നതിലും ഒരുപടി മേലെയാണ് ഒരു പോലീസുകാരന്റെ ഒരു ദിവസത്തെ ഔദ്യോഗികജീവിതം. പലപ്പോഴും പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ഉണ്ടാവുക. ഡിപ്പാര്‍ട്ടുമെന്റല്‍ റൂള്‍സിന്റെ പരിധിയ്ക്കുള്ളില്‍ ജീവിക്കുന്നവരാണ് ഞങ്ങള്‍. അതിനനുസരിച്ചുമാത്രമേ പ്രതികരണവും പ്രവര്‍ത്തനവും പാടുള്ളൂ. വല്ലാത്തൊരു സ്ട്രസ് ആണത്. അതേപ്പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 

പ്രിയപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്, പുതിയ തലമുറയിലെ എഴുത്തുകള്‍ വായിക്കാറുണ്ടോ?

അങ്ങനെ അധികം വായനയുള്ള ആളൊന്നുമല്ല ഞാന്‍. സമയം കിട്ടാറില്ല, അതു കണ്ടെത്താറില്ല എന്നതുതന്നെയാണ് വിഷയം. കോളേജുകാലങ്ങളില്‍ വായിക്കുമായിരുന്നു. പോലീസ് ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ക്കൊന്നും അധികം സമയം നമുക്ക് കിട്ടില്ല. വായിച്ചവയില്‍ എം.ടിയുടെ ആരാധകനാണ് ഞാന്‍. ബെന്യാമിന്റെ എഴുത്ത് ഇഷ്ടമാണ്. ഏറെ ഇഷ്ടം ദസ്തയേവ്‌സ്‌കിയെ ആണ്. കുറ്റവും ശിക്ഷയുമെല്ലാം എന്നെ ഏറെ സ്വാധീനിച്ച കൃതിയാണ്. പിന്നെ പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ...എന്റെ വായനാ ഓര്‍മകളെയാണ് ഞാന്‍ പറയുന്നത്. മറ്റ് എഴുത്തുകാരെയൊന്നും ഇഷ്ടമല്ല എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുപാട് പേരെ ഇനിയും വായിക്കാനുണ്ട്. കൃതികളുമായി കൂടുതല്‍ അടുത്തറിയേണ്ടതുണ്ട്. 

 വലിയ അനുഭവങ്ങള്‍ ഉള്ള പോലീസുകാരോട് ഒക്കെ മലയാളികള്‍ ചോദിക്കുന്ന ചോദ്യമുണ്ട്. എന്നാണ് സര്‍വീസ് സ്റ്റോറി എഴുതുന്നത്? എഴുത്തിന്റെ ലോകത്ത് തുടരുമോ?

അനുഭവങ്ങള്‍ ഒരുപാട് ഉണ്ട്. അവയെല്ലാം എവിടെയെങ്കിലും രേഖപ്പെടുത്തണം എന്നുതന്നെയാണ് ആഗ്രഹം. കുറ്റസമ്മതം എഴുതിക്കഴിഞ്ഞപ്പോള്‍ നോവല്‍ ഒരു നല്ല മാധ്യമമായി അുഭവപ്പെട്ടു. മലയാളികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന വായനകളില്‍ ഒന്നാണ് സര്‍വീസ് സ്‌റ്റോറികള്‍. റിട്ടയര്‍മെന്റായിട്ട് അതേപ്പറ്റി ആലോചിക്കാം. അതിനുമുമ്പ് അനുഭവങ്ങളെ നോവല്‍ രൂപത്തിലാക്കാന്‍ തന്നെയാണ് താല്‍പര്യപ്പെടുന്നത്. 

 പോലീസ് ജീവിതത്തിലെ ഓരോ ദിനങ്ങളും ഓരോ നോവലുകളാണെന്ന് പറഞ്ഞാല്‍?

ഒരു വിഷയത്തെ ഭാവനാത്മകമായിക്കൂടി വികസിപ്പിക്കാന്‍ സാധിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പോലീസ് ജീവിതത്തിലെ ഒരു ദിവസമെന്നല്ല,ഓരോ പരാതിക്കാരന്റെ പരാതികളും ഓരോ കേസുകളും ഓരോ നോവലാണ്. 

 നിങ്ങള്‍ പോലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുന്ന രീതികള്‍ സിനിമയിലും മറ്റും കാണുന്നതുപോലെ തന്നെയാണോ?

സിനിമയില്‍ കുറ്റം സമ്മതിപ്പിക്കുന്ന രീതികള്‍ അത്ര റിയലിസ്റ്റിക്കല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരു മനുഷ്യന്റെ ശരീരത്തില്‍ കൈവെക്കുമ്പോള്‍, അത് അയാളുടെ ശരീരത്തില്‍ എത്രകണ്ട് പ്രത്യഘാതങ്ങള്‍ ഉണ്ടാക്കും എന്ന കൃത്യമായ ധാരണ പോലീസുകാര്‍ക്കുണ്ടായിരിക്കണം. അതേപ്പറ്റി കൃത്യമായ അവബോധത്തോടെയാണ് പോലീസുകാര്‍ പെരുമാറേണ്ടത്. അത് പാലിക്കപ്പെടാതെ പോകുമ്പോഴാണ് ലോക്കപ്പ് മരണങ്ങള്‍ സംഭവിക്കുന്നത്. ഒരു മനുഷ്യന്റെ ജീവനെയോ ജീവിതത്തെയോ ബാധിക്കുന്ന തരത്തില്‍ ഉപദ്രവിക്കാന്‍ പാടില്ല. പക്ഷേ പോലീസുകാരന് കിട്ടേണ്ട വിവരങ്ങള്‍ കിട്ടണമെങ്കില്‍ ചില രീതിയിലുള്ള വ്യായാമമുറകളിലൂടെ പറയിപ്പിക്കാറുണ്ട്. അതവരുടെ ഭാവിജീവിതത്തെ ബാധിക്കുന്ന തരത്തിലായിരിക്കില്ല. എന്നിരുന്നാലും ആ സമയം അവര്‍ക്കത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അത്തരം രീതികളും ഇപ്പോള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ പലരീതികളും വന്നുകഴിഞ്ഞു. അതിനെക്കുറിച്ച് വെളിപ്പെടുത്താന്‍ പറ്റില്ല. അതും തരണം ചെയ്യാനുള്ള അടവുകള്‍ കുറ്റവാളികള്‍ പയറ്റിത്തെളിയും എന്നതുതന്നെയാണ് കാരണം.  

 എഴുത്ത് എന്ന വൈകാരിക പ്രവൃത്തിയും പോലീസ് എന്ന റിയലിസ്റ്റിക് ജോലിയും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുന്നു.

പോലീസ് എന്ന റിയലിസ്റ്റിക് ജോലിയില്‍ നമ്മള്‍ പ്രകടിപ്പിക്കാനാഗ്രഹിക്കുന്ന വികാരങ്ങളും എന്നാല്‍ സര്‍വീസ് ചട്ടങ്ങള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ പ്രകടിപ്പിക്കാനാവാതെ വരുന്ന വികാരങ്ങളുമാണ് എഴുത്തുകളിലൂടെ പുറത്തുവരുന്നത്. നമ്മള്‍ വളരെയധികം ആഗ്രഹിച്ചു പ്രകടിപ്പിക്കുന്നതിനാല്‍ എഴുത്ത് നമുക്ക് ഒരുപാട് സംതൃപ്തി തരുന്നുണ്ട്. ഒരു വിഷയം ഏതുരീതിയില്‍ കൈകാര്യം ചെയ്യണം എന്നത് സര്‍വ്വീസ് ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ എഴുത്തിലൂടെ അത് സാധിക്കുമ്പോള്‍ ആത്മനിര്‍വൃതിയാണുണ്ടാകുന്നത്. രണ്ടും പൊരുത്തപ്പെടുത്തി കൊണ്ടുപോകുമ്പോള്‍ നല്ല അനുഭവമാണ് ലഭിക്കുക.  

കാക്കിക്കുള്ളിലെ കലാഹൃദയം എന്ന വിശേഷണം കാലങ്ങള്‍ക്കുമുമ്പേ ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞുപോയതാണ്.  കലാമൂല്യമുള്ള പോലീസുകാരെ എങ്ങനെയൊക്കെയാണ് സമൂഹത്തിന് ഉപകാരപ്രദമാക്കാന്‍ കഴിയുക?

കലാഹൃദയമുള്ള ആള്‍ക്ക് പ്രശ്‌നങ്ങളെ കൂടുതല്‍ വിശാലതയോടെ കാണാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ക്രിമിനല്‍ നമ്മുടെ മുന്നില്‍ വരികയാണെങ്കില്‍ അയാള്‍ ക്രിമിനല്‍ ആയിത്തീരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ നമ്മള്‍ ബാധ്യസ്ഥനാവും. അങ്ങനെയുള്ള താല്‍പര്യങ്ങള്‍ നമുക്കുണ്ടാവും. അതിന്റെ ഫലമായി പ്രതിയുമായി ഒരു വൈകാരികബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു. ഇതേ വൈകാരികബന്ധം പ്രതിയിലും ഉളവായിട്ടുണ്ടെങ്കില്‍ ശാരീരികപീഡനങ്ങളോ ശാസ്ത്രീയമായ തെളിവെടുപ്പുകളോ സങ്കീര്‍ണമായ ചോദ്യം ചെയ്യലുകളോ ഇല്ലാതെ തന്നെ എളുപ്പത്തില്‍ തന്നം കുറ്റം തെളിയിക്കാന്‍ സാധിച്ചേക്കും. അമ്പതുശതമാനവും ഇതേരീതിയില്‍ കുറ്റങ്ങള്‍ തെളിയിക്കപ്പെടുന്നവയാണ്. കഠിനഹൃദയരായ, ഒട്ടും സഹകരിക്കാത്തവരോട് മാത്രമേ നമുക്കാ കലാഹൃദയം മാറ്റിവെക്കേണ്ടതുള്ളൂ. 

പോലീസുകാരും ആത്യന്തികമായി മനുഷ്യര്‍ തന്നെയല്ലേ. സമൂഹത്തിലെ എല്ലാ കലകളും അവരും ആസ്വദിക്കുന്നുണ്ട്. മികച്ചവേദികള്‍ കിട്ടുമ്പോള്‍ അവരത് ജനങ്ങളിലേക്കെത്തിക്കുന്നു. അത്തരം കലാകാരന്മാരെ സമൂഹം പ്രോത്സാഹിപ്പിക്കട്ടെ.

 പോലീസ് വകുപ്പില്‍ നിരവധി ട്രോളന്മാര്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് പോലീസ് ട്രോളുകള്‍ സജീവമായിരുന്നു. മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കാനും പ്രോത്സാഹനം നല്‍കാനും ഡിപ്പാര്‍ട്ടമെന്റ് തയ്യാറാകാറുണ്ടോ?

പോലീസ് ട്രോളന്മാര്‍ വളരെ ആക്ടീവാണ്. ബൗദ്ധികമായി മികച്ചനിലവാരം പുലര്‍ത്തുന്ന ട്രോളുകള്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. നല്ല രസമാണ് ഇവയെല്ലാം കാണുമ്പോള്‍. ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ പോലീസ് വകുപ്പ് തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു എന്നത് സ്വീകാര്യതയുള്ള കാര്യമാണ്. പന്ത്രണ്ട് സിനിമകളില്‍ ഞാന്‍ ഇപ്പോള്‍ അഭിനയിച്ചു. തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലായി പതിനൊന്നോളം സിനിമകള്‍ ഇറങ്ങാനിരിക്കുന്നു. ഇതെല്ലാം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ചെയ്യുന്നത്. അത് വലിയ നേട്ടം തന്നെയാണ്. നമ്മുടെ കലാപരമായ കഴിവുകളെ കാക്കിക്കുള്ളിലെ മറ്റു കലാഹൃദയങ്ങള്‍ തന്നെയാണ് അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. 

വീണ്ടും കുറ്റസമ്മതത്തിലേക്കു വരാം. ആഖ്യാതാവ് ഒരു പോലീസുകാരനാണ്. പാറമടയ്ക്കടുത്തുള്ള വാടകവീട്ടിലെ കൊലപാതകത്തെക്കുറിച്ച് അദ്ദേഹം നടത്തുന്ന അന്വേഷണം വളരെ ഉദ്വേഗപരമായാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആദ്യത്തെ നടപടികള്‍ എന്തൊക്കെയാണ്?

ഒരു മരണം നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍, അത് സംശയാസ്പദമാണ്, എന്ന അഭിപ്രായം ഉയര്‍ന്നുവരികയോ നമുക്ക് തന്നെ തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ മരണം നടന്ന സ്ഥലത്തെത്തുകയും സീന്‍ ഓഫ് ക്രൈം പോലീസ് സംരക്ഷണത്തിലാക്കുകയും വേണം. പൊതുജനങ്ങളുടെ കടന്നുകയറ്റം ഇല്ലാത്തവിധത്തില്‍ കയറുകൊണ്ടോ മറ്റോ സംഭവസ്ഥലം സംരക്ഷിത വലയത്തിലാക്കണം, കാവലും ഏര്‍പ്പാടാക്കണം. ഏതുകുറ്റവാളിയും താന്‍ ചെയ്ത കുറ്റത്തിന്റെ തെളിവ് അവശേഷിപ്പിച്ചതിനുശേഷം മാത്രമേ ആ സ്ഥലം വിട്ടുപോകുകയുള്ളൂ. തെളിവ് വളരെ സൂക്ഷ്മതയേറിയതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിരിക്കും എന്നതില്‍ സംശയമൊന്നും വേണ്ട. അത് കണ്ടെത്തുക എന്നതാണ് അന്വേഷണോദ്യോഗസ്ഥന്റെ ചുമതല. മൃതദേഹം വിവിധ ആംഗിളുകളില്‍ ഫോട്ടോ എടുത്തശേഷം വിരലടയാളം പരിശോധിക്കും. കൂടുതല്‍ തെളിവുകള്‍ വിരലടയാളവിദഗ്ധര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കും. പോലീസ്‌നായയുടെയും ശാസ്ത്രീയപരിശോധനയുടെയും ആവശ്യമുണ്ടാവും. മരണം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ പിന്നീട് കൃത്യം ചെയ്തവരെ കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ട് നേരിടാറുണ്ട്. 

കുറ്റസമ്മതം എഴുതിക്കഴിഞ്ഞപ്പോള്‍ അടുത്ത വിഷയം മനസ്സില്‍ രൂപംകൊണ്ടോ?

കുറ്റസമ്മതം എഴുതുന്നതിനുമുന്നേ സെവന്റീന്‍ അവേഴ്‌സ് എന്ന കഥയായിരുന്നു മനസ്സില്‍. സമൂഹത്തിലെ ഉന്നതനായ ഒരു വ്യക്തിയുടെ മരണവും അയാളുടെ മൃതദേഹത്തിനരികിലെ ആദ്യത്തെ പതിനേഴ് മണിക്കൂറുമായിരുന്നു പ്രമേയം. സിനിമയ്ക്കായി ആലോചിച്ചതാണ്. തിരക്കഥ പൂര്‍ത്തിയായി. വൈകാതെ തന്നെ സിനിമയാക്കാനുള്ള ചര്‍ച്ചകളും നടന്നതാണ്. കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയി. അത് ഉടന്‍തന്നെ നോവലാക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുറ്റസമ്മതത്തിനുശേഷമുള്ള നോവല്‍ അതായിരിക്കും. സമയമെടുത്ത് ആലോചിച്ച് വ്യത്യസ്തമായ രീതിയില്‍ ചെയ്യാന്‍ ഒരുപാട് വിഷയങ്ങള്‍ മനസ്സിലുണ്ട്. 

Content Highlights : Interview with siby Thomas Writer and Screenpaly Writer