ലയുടെ പലവഴികളിലൂടെ അന്വേഷിച്ചന്വേഷിച്ചാണ് മലയാളിയായ ആര്‍. ശിവകുമാര്‍ രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനില്‍ എത്തിയത്. പിന്നീട് ആ തപോവനമായി അദ്ദേഹത്തിന്റെ തട്ടകം. ലോകപ്രശസ്തമായ ആ സര്‍വകലാശാലയിലെ കലാഭവന്റെ അധ്യക്ഷന്‍ വരെയായി അദ്ദേഹം. തന്നെ ചുറ്റിനിന്ന കലയുടെ  ലോകത്തെക്കുറിച്ച് ശിവകുമാര്‍ സംസാരിക്കുന്നു

ശാന്തിനികേതന്റെ ശക്തനായ ഒരു വക്താവായിട്ടാണ് താങ്കള്‍ അറിയപ്പെടുന്നത്. ടാഗോറിന്റെ സ്വപ്നസാഫല്യഭൂമികയായ ശാന്തിനികേതനില്‍ താങ്കള്‍ എങ്ങനെ എത്തിപ്പെട്ടു... ? 

യാദൃച്ഛികമായിരുന്നു. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഒരു ആര്‍ട്ടിസ്റ്റ് ആകണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ, എവിടെ പ്രവേശനം കിട്ടുമെന്ന് അറിയില്ലായിരുന്നു. അന്ന് കേരളത്തില്‍ കലാഭ്യസനകേന്ദ്രങ്ങള്‍ വികസിച്ചിരുന്നില്ല. ഞാന്‍ ഇന്ത്യയില്‍ പലയിടത്തും അപേക്ഷകള്‍ അയച്ചു. കൂട്ടത്തില്‍ മദ്രാസിലും. മദ്രാസില്‍ അന്ന് കേരളത്തില്‍നിന്ന് വിദ്യാര്‍ഥികളെ എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് അന്ന് അവിടെ പ്രിന്‍സിപ്പല്‍ ആയിരുന്ന ധനപാല്‍ സഹാനുഭൂതിനിറഞ്ഞ മറുപടിതന്നു. അച്ഛന്റെ ഒരു ബന്ധു ബറോഡയെപ്പറ്റിയും അന്ന് അവിടത്തെ പ്രമുഖ കലാധ്യാപകനായിരുന്ന കെ.ജി. സുബ്രഹ്മണ്യനെപ്പറ്റിയും പറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴേക്കും അവിടെ പ്രവേശനത്തീയതി കഴിഞ്ഞുപോയിരുന്നു. 

ഒരു വര്‍ഷം പാഴാവുമല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു. പിന്നത്തെ ലക്ഷ്യം ശാന്തിനികേതന്‍ ആയി. ഭാഗ്യത്തിന് അവിടെനിന്ന് ആശാവഹമായ ക്ഷണം കിട്ടി. സെന്‍ട്രല്‍ സ്‌കൂളില്‍ എന്റെ കലാധ്യാപകന്‍ ഹരിദാസന്‍മാഷ് ആയിരുന്നു. മണര്‍ക്കാട്ടെ പേരെടുത്ത പോര്‍ട്രെയ്റ്റ് ചിത്രകാരനായിരുന്ന രാമകൃഷ്ണന്‍ ആചാരിയുടെ മകനും പ്രശസ്ത ചിത്രകാരനായ എ. രാമചന്ദ്രന്റെ ആദ്യകാലസുഹൃത്തും ആയിരുന്നു അദ്ദേഹം. ഹരിദാസന്‍മാഷ് എന്നെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ പുസ്തകങ്ങള്‍ വഴി ടാഗോര്‍ എനിക്ക് പരിചിതനായിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ്, ശാന്തിനികേതനില്‍ ഞാന്‍ എത്തിപ്പെട്ടത്.

ശാന്തിനികേതനും കേരളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...? 

അവ തമ്മില്‍ സുദീര്‍ഘമായ ഒരു ബന്ധമുണ്ട്. കെ.ജി. സുബ്രഹ്മണ്യനും എ. രാമചന്ദ്രനും മറ്റും അവിടെ പഠിച്ചവരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരകാലയളവില്‍ ശാന്തിനികേതനെ ബംഗാളിന്റെ പുറത്തേക്കു കൊണ്ടുവന്നതില്‍ മലയാളികള്‍ വഹിച്ച പങ്ക് വലുതാണ്. സുബ്രഹ്മണ്യന്‍, രാമചന്ദ്രന്‍ എന്നിവര്‍ പ്രധാനികള്‍. കെ.എസ്. രാധാകൃഷ്ണനും ഞാനുമൊക്കെ ഈ ശ്രേണിയിലെ ഇളയ കണ്ണികള്‍.

സുബ്രഹ്മണ്യന്‍ പലതലങ്ങളിലും ഒരു അതികായനാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കലാചിന്തയെയും തത്ത്വചിന്തയെയും വിദ്യാഭ്യാസത്തെയും ഉയര്‍ത്തിപ്പിടിക്കാനും അവയെ കലാവിദ്യാഭ്യാസരംഗത്ത് സമന്വയിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. എ. രാമചന്ദ്രനും അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നമ്മള്‍ നമ്മുടെ അടിയന്തരചുറ്റുപാടുകളെ കേന്ദ്രീകരിച്ചു പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണല്ലോ. ഞാനും അങ്ങനെ ചെയ്തു. അവിടത്തെ ആര്‍ക്കൈവ്സ്, അധ്യാപകനെന്നനിലയ്ക്കും ഗവേഷകനെന്നനിലയ്ക്കും എനിക്ക് വളരെയധികം ഉപയോഗപ്പെട്ടു.

ദീര്‍ഘകാലം ശാന്തിനികേതനില്‍ പ്രവര്‍ത്തിച്ചതിനാല്‍, കലാചിന്തയെ ബംഗാളിന്റെ കണ്ണിലൂടെ കാണാനും കലാചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാനും താങ്കള്‍ക്കു കഴിഞ്ഞുവല്ലോ. കനപ്പെട്ട ഒരുപാട് പുസ്തകങ്ങളുണ്ട്, താങ്കളുടേതായിട്ട്... ? 

എന്റെ പുസ്തകങ്ങള്‍ ഏറക്കുറെ അംഗീകരിക്കപ്പെട്ടതായി തോന്നുന്നു. ഒരുപക്ഷേ, കൃത്യസമയത്ത് രചിക്കപ്പെടാന്‍ ഇടയായി എന്നതിനാലായിരിക്കാം അങ്ങനെ. ശാന്തിനികേതന്റെ സാംഗത്യത്തെക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. കേരളത്തില്‍നിന്നെത്തി ബംഗാളിലെ സംസ്‌കൃതി കുറേയൊക്കെ ഏറ്റുവാങ്ങാന്‍ ഇടയായതിനാല്‍ ഒരു ഇന്‍സൈഡര്‍ ഔട്ട്സൈഡര്‍ കാഴ്ചവട്ടത്തിലൂടെ ശാന്തിനികേതനെ നോക്കിക്കാണാന്‍ എനിക്കു സാധിച്ചു എന്നാണ് തോന്നുന്നത്. വ്യക്തിപരമായ ബന്ധങ്ങളെ സ്തുതിപാടലിലേക്കു നയിക്കാതെയും കാഴ്ചപ്പാടുകളെ വികലമാക്കാതെയും നിലനിര്‍ത്തിക്കൊണ്ട് വസ്തുനിഷ്ഠമായ വിശകലനം നടത്തിയവരാണ് സുബ്രഹ്മണ്യനും രാമചന്ദ്രനും.

1920 മുതല്‍ 1945 വരെയുള്ള കാലത്ത് കലയിലെ ഏറ്റവും ക്രിയാത്മകമായ കേന്ദ്രം ശാന്തിനികേതനാണ്. പുതിയ ആശയങ്ങളും ശൈലികളും ശാന്തിനികേതനില്‍ ഉടലെടുത്തത് ഈ സമയത്താണ്. പില്‍ക്കാലത്ത് ബോംബെയിലും മദ്രാസിലും ഡല്‍ഹിയിലും മറ്റും കലാകേന്ദ്രങ്ങള്‍ വന്നു. മുഴുവന്‍ ഇന്ത്യയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ദൃശ്യബോധം വളര്‍ത്തിയെടുക്കാനായിരുന്നു ശാന്തിനികേതന്റെ ശ്രമം. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍, സ്വാതന്ത്യലബ്ധിക്കുശേഷം ആളുകള്‍ ഇതിന്റെ പ്രാധാന്യം വിസ്മരിച്ചുതുടങ്ങി. ഒരു സങ്കുചിത ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാണിതെന്ന് അവര്‍ തെറ്റിദ്ധരിച്ചു. 'ഇത് ബംഗാള്‍ സ്‌കൂളിന്റെ ഭാഗമാണ്' എന്നുപറഞ്ഞ് തള്ളിക്കളയുകയും ചെയ്തു. രാജ്യത്തിന്റെ ആധുനികമായ സാംസ്‌കാരികാവശ്യങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ശാന്തിനികേതന്‍ മുന്നോട്ടുപോയത് എന്നതാണ് വസ്തുത. അത് ദേശീയപ്രസ്ഥാനത്തിന്റെ ഒരു പ്രതിഫലനം മാത്രമായിരുന്നില്ല.  അതുമായി കുറേയേറെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുതാനും. എന്നാല്‍, അതൊന്നും പലരും തിരിച്ചറിഞ്ഞില്ല.

ചിത്രകാരനില്‍നിന്ന് കലാചിന്തകനിലേക്കുള്ള താങ്കളുടെ പരിണാമത്തെപ്പറ്റി... ? 

കലാചരിത്രം പഠിക്കാന്‍ ചേര്‍ന്നതിനുശേഷവും ഞാന്‍ പടം വരയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതില്‍ ഒരു വഴിത്തിരിവ് സംഭവിച്ചു. അതിന് ഒരു കാരണം കെ.ജി. സുബ്രഹ്മണ്യന്‍ ആണ്. 1977-ല്‍ അദ്ദേഹം അവിടെ വിസിറ്റിങ് പ്രൊഫസറായി വന്നു. ഞാന്‍ ഇടയ്ക്കിടെ അദ്ദേഹവുമായി സംസാരിക്കും പടങ്ങള്‍ വരച്ചത് കാണിക്കും. ഏതെങ്കിലും ഒരു മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെയാണെങ്കില്‍, താങ്കള്‍ പടം വരയ്ക്കുകയും കലയെപ്പറ്റി എഴുതുകയും ചെയ്യുന്നുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, താനൊരു കലാചരിത്രകാരനല്ലെന്നും കലയെക്കുറിച്ചുള്ള തന്റെ ചില കാഴ്ചപ്പാടുകള്‍ ആവിഷ്‌കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം മറുപടിതന്നത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. തുടര്‍ന്ന്, ഇന്ത്യന്‍ കലാചരിത്രത്തെപ്പറ്റി ഒരു വിശകലനാത്മക വിശദീകരണവും അദ്ദേഹം നല്‍കി. ആനന്ദകുമാരസ്വാമി, ഹാവെല്‍, സ്റ്റെല്ല കാംറിഷ് എന്നിവരൊക്കെ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് ആഴത്തിലും പരപ്പിലും സഞ്ചരിച്ചവരാണ്. അവരുടെ ബൃഹത്തായ സംഭാവനകള്‍ അതു തെളിയിക്കുന്നു. കലാചരിത്രം പഠിക്കുകയാണെങ്കില്‍, അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്മള്‍ മൂലധാതുക്കള്‍ കണ്ടെത്തണം.

മേല്‍പ്പറഞ്ഞ മൂന്നുപേര്‍ക്കും ചരിത്രം, ഭാഷ, കല എന്നിവയെ സംബന്ധിച്ച് നല്ല ബോധ്യവും ആവിഷ്‌കാരസിദ്ധിയും ഉണ്ടായിരുന്നു. ആ ജ്ഞാനത്തിലാണ് അവര്‍ തങ്ങളുടെ എഴുത്തിനെ മുന്നോട്ടുകൊണ്ടുപോയത്. പിന്നീടുള്ള തലമുറയ്ക്ക് പാണ്ഡിത്യമുണ്ടായിരുന്നെങ്കിലും ആഴവും ഉദ്ദേശ്യബോധവും കുറവായിരുന്നു. അതിന്റെ അടുത്ത തലമുറയാവട്ടെ, കാര്യങ്ങളുടെ ജനകീയവത്കരണത്തിനാണ് ശ്രമിച്ചത്. ആദ്യം പറഞ്ഞവര്‍ ഭാരതീയകലാചരിത്രത്തിന് നല്ലൊരു അടിത്തറയിട്ടു. എന്നാല്‍, അതിനെ കെട്ടിയുയര്‍ത്താന്‍ പിന്നീടുവന്നവര്‍ക്കു കഴിഞ്ഞില്ല. കലാചിന്തകരുടെ നാലാം തലമുറയില്‍പ്പെടുന്ന നിങ്ങളെല്ലാം ഒന്നാം തലമുറയുടെ സംഭാവനകളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുകയും ചില മേഖലകളെ ഫോക്കസ് ചെയ്തു പഠിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്നാണ് കെ.ജി. സുബ്രഹ്മണ്യന്‍ എന്നോടു പറഞ്ഞത്. ആദ്യമൊന്നും എനിക്ക് അദ്ദേഹത്തോടു യോജിക്കാന്‍ പറ്റിയില്ലെങ്കിലും കലാചരിത്രപഠനത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളുടെ വെളിച്ചം എനിക്കു ബോധ്യപ്പെട്ടു. ഒരു കാര്യത്തില്‍ അമര്‍ന്നിരിക്കണമെന്ന് ഞാന്‍ പഠിച്ചു. നമ്മുടെ സിദ്ധികള്‍ വികസിക്കാന്‍ അത് ഉപകരിക്കും. 1981-ല്‍ അധ്യാപകനായപ്പോള്‍, പഠിപ്പിക്കലും ഗവേഷണവും മുന്‍ഗണന നേടിയതോടെ ചിത്രരചന പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു.

കെ.ജി. സുബ്രഹ്മണ്യന്‍, എ. രാമചന്ദ്രന്‍ എന്നിവരെ സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍ താങ്കള്‍ തയ്യാറാക്കിയിട്ടുണ്ട്. രാമചന്ദ്രന്‍ താങ്കളുടെ സീനിയര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഗുരു ആയിരുന്നു രാം കിങ്കര്‍. അപ്പോള്‍ രാം കിങ്കര്‍, എ. രാമചന്ദ്രന്‍, ആര്‍. ശിവകുമാര്‍ എന്ന ഒരു ?േശ്രണി ശാന്തിനികേതനില്‍ വരുന്നു...? 

നന്ദലാല്‍ ബോസിന്റെ ശിഷ്യന്മാരായിരുന്നു ബിനോദ് ബിഹാരി മുഖര്‍ജിയും രാം കിങ്കറും. സുബ്രഹ്മണ്യനും എ. രാമചന്ദ്രനും ബിനോദ് ബിഹാരിയുടെയും രാം കിങ്കറിന്റെയും പ്രധാന ശിഷ്യരാണ്. ഒരു പരമ്പരയുടെ സമുന്നതബന്ധം അതില്‍ കാണാം. നന്ദലാലിന്റെ ദര്‍ശനത്തെ വ്യാപിപ്പിച്ചവരും ഇവരാണ്. പാരമ്പര്യത്തിന്റെ ശ്രേഷ്ഠമായ അനുസ്യൂതി അതിലുണ്ട്. ഞാന്‍ ശാന്തിനികേതനിലെത്തിയപ്പോഴേക്കും ബിനോദ് ബിഹാരി വിരമിച്ചിരുന്നു. രാം  കിങ്കര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം ശ്രേഷ്ഠനായ അധ്യാപകന്‍ മാത്രമല്ല മഹാനായ മനുഷ്യസ്‌നേഹിയും കറയറ്റ കലാകാരനുമായിരുന്നു. ഇടയ്ക്കുവന്ന് ഞങ്ങളോടു സംസാരിക്കും. രാമചന്ദ്രന്‍ ഇടയ്ക്കിടെ ഡല്‍ഹിയില്‍നിന്നു വരുമ്പോഴും ചര്‍ച്ചകള്‍ പതിവായിരുന്നു. അദ്ദേഹം ശാന്തിനികേതനില്‍ അധ്യാപകനായിരുന്നില്ല. എന്നാല്‍,  ശാന്തിനികേതന്റെ ശ്രേണിയില്‍ രാമചന്ദ്രനും ഉണ്ട്. നന്ദലാലിന്റെ കാഴ്ചവട്ടത്തില്‍ വേണം നമുക്ക് ഈ വസ്തുതകളെയൊക്കെ കാണാന്‍.

നൂറ്റിയമ്പതാം ജന്മവര്‍ഷത്തില്‍പ്പോലും ടാഗോറിനെപ്പറ്റി കേരളത്തില്‍ അറിയുന്നത് ഗീതാഞ്ജലിയും മറ്റും രചിച്ച എഴുത്താളന്‍ മാത്രമായിട്ടാണ്. അദ്ദേഹത്തിന്റെ ഇതരമേഖലകളെക്കുറിച്ചുള്ള അജ്ഞത ഇവിടെ തുടരുന്നു... ? 

1909 കഴിഞ്ഞുള്ള സമയത്ത് രബീന്ദ്രനാഥ് ഒരു എഴുത്തുകാരനെന്ന നിലയില്‍ ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചു. പാരമ്പര്യത്തെ മാത്രം അവലംബിച്ച് ഒരു പുതിയ കല ഉരുത്തിരിയുക എന്നത് അത്ര അര്‍ഥവത്തല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനെ മറികടക്കുകയായിരുന്നു ലക്ഷ്യം. സമകാലിക ജീവിതവും യാഥാര്‍ഥ്യവും പ്രതിഫലിക്കുന്ന കലയാണ് നമുക്കാവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കി. പിതാവ് ദേബേന്ദ്രനാഥ് ടാഗോറിന്റെ നിര്‍ദേശാനുസരണം  തങ്ങളുടെ പൈതൃകസ്വത്തുക്കള്‍ നോക്കിനടത്താന്‍വേണ്ടി കിഴക്കന്‍ ബംഗാളിലെ ഉള്‍ഗ്രാമങ്ങളില്‍ ജീവിച്ചതില്‍നിന്നും ഉണ്ടായ അനുഭവങ്ങളാണ് ഇത്തരം ആശയങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത്.

Content Highlights: R Shiva Kumar, rabindranath tagore, shantiniketan