കോവിലന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ഓണററി ഡോക്ടറേറ്റ് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ നല്കിയില്ല. പല കാരണങ്ങൾ കൊണ്ടും അവാർഡുദാനം നീണ്ടുപോയി. അതേറ്റുവാങ്ങാതെ അദ്ദേഹം അന്തരിക്കുകയും ചെയ്തു. പ്രായാധിക്യത്താലുള്ള അവശതയിലും ഡി.ലിറ്റ് നല്കുന്ന വേളയിലെ മറുപടി പ്രസംഗത്തിനായി വാക്കുകളെ മനസ്സിൽ കൂട്ടിച്ചേർക്കുകയായിരുന്നു എഴുത്തുകാരൻ. ഒരു ദശാബ്ദത്തിനുശേഷം വീണ്ടും ഉയർന്നു വന്ന ഡി.ലിറ്റിനെക്കുറിച്ചു പ്രതികരിക്കുകയാണ് അദ്ദേഹത്തിന്റെ മകൾ പ്രൊഫസർ വിജയ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലെറ്റേഴ്സ് നല്കി ആദരിക്കുന്ന ദിനം കാത്തിരുന്ന കോവിലനെക്കുറിച്ച്?

അച്ഛൻ ഏറ്റവും കൂടുതൽ ആദരിച്ചിരുന്ന പദവിയായിരുന്നു പ്രൊഫസർ എന്നത്. എല്ലാറ്റിന്റെയും ഉത്തരവാദിത്തമുള്ള പദവിയായിട്ടാണ് അദ്ദേഹം അതിനെ കണ്ടിരുന്നത്. കോഴിക്കോട് സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോൾ ഏറെ സന്തോഷമായിരുന്നു ആ മുഖത്ത്. മരണം വരെ അത് കിട്ടിയില്ലല്ലോ എന്ന് അച്ഛൻ വേവലാതിപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ അച്ഛന്റെ പ്രായത്തിൽ അത് സ്വാഭാവികമായിരിക്കും. മറുപടി പ്രസംഗം തയ്യാറാക്കുന്നതിനെക്കുറിച്ച് മകൻ അജിതനോട് എപ്പോഴും പറയുമായിരുന്നു. എപ്പോൾ വിളിച്ചാലും ഡി.ലിറ്റ് പോയി സ്വീകരിക്കാനായി അദ്ദേഹം ഒരുങ്ങി നിന്നിരുന്നു. ആശുപത്രിയിൽ നിന്നും ചോദിച്ചതും അതെപ്പറ്റിയായിരുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങളോട് കോവിലന് അല്പം സ്നേഹം കൂടുതലായിരുന്നോ?

അച്ഛന് അധ്യാപകനാകാൻ വലിയ ഇഷ്ടമായിരുന്നു. തൃശൂർ രാമവർമപുരത്ത് ടി.ടി.സിയ്ക്ക് പോകാൻ തയ്യാറെടുത്ത് പായയും തലയിണയും വരെ എടുത്ത് പോയപ്പോളാണ് അവിടെ നോട്ടീസ് ബോർഡിൽ അച്ഛന്റെ പേരിന്റെ അടിയിൽ മാത്രം ചുവന്നമഷികൊണ്ട് വരച്ചിട്ടിരിക്കുന്നത് കണ്ടത്. അവിടെ നിന്നും തിരിച്ചുപോന്നു. രണ്ടുദിവസത്തിനുശേഷം കൊച്ചിയിൽ നേവിയിലേക്ക് ആളെ എടുക്കുന്നുണ്ടെന്ന് കേട്ട് അവിടേക്ക് പോയി. അങ്ങനെ അച്ഛന്റെ വഴിമാറി.

കാൺപൂർ ഐ.ഐ.ടിയിൽ മൂന്നുവർഷം എൻ.സി.സി ഓഫീസറായി അച്ഛൻ ജോലിചെയ്തു. അച്ഛന്റെ വാക്കുകളിൽ നിന്നറിയാമായിരുന്നു ഐ.ഐ.ടി എന്ന സ്ഥാപനത്തോടുള്ള ആദരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അച്ഛന് അങ്ങനെയൊരു വികാരമുണ്ടായിരുന്നു. അവിടെ ഗവേഷണത്തിന് വരുന്നവരുമൊക്കെയായി അച്ഛൻ നല്ല ബന്ധം സ്ഥാപിച്ചിരുന്നു. വളരെ പവിത്രതയോടെയാണ് അത്തരം ഉന്നതവിദ്യാഭ്യാസപ്രവർത്തനങ്ങളെ അച്ഛൻ കണ്ടിരുന്നത്. അപ്പോൾ കാലിക്കറ്റ് സർവകലാശാല പ്രഖ്യാപിച്ച ബഹുമതിയ്ക്ക് അദ്ദേഹം എത്ര വിലമതിച്ചുകാണുമെന്നൂഹിക്കാമല്ലോ.

മരണാനന്തരം ഡോക്ടർ കോവിലൻ എന്ന വിശേഷണത്തിലേക്ക് എഴുത്തുകാരൻ വലിച്ചിഴയ്ക്കപ്പെടുന്നു

ഡി.ലിറ്റ് ഉണ്ടെന്നറിഞ്ഞപ്പോൾ അത് കിട്ടാനുള്ള കൊതി അദ്ദേഹത്തിനുമുണ്ടായിരുന്നു. പലപ്പോഴും സംസാരത്തിൽ നിന്നും അങ്ങനെ തോന്നിയിട്ടുണ്ട്. പ്രഖ്യാപിച്ച കാലത്ത് അച്ഛനത് നേരിട്ട് കൊടുക്കാൻ സർവകലാശാല മുൻകയ്യെടുത്തില്ല. അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും അത് കൊടുക്കാനുള്ള നീക്കങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറേപ്പേർ രംഗത്തു വന്നിരുന്നു.

അച്ഛൻ പോയിട്ട് ഒരു ദശാബ്ദമായി. മരണാനന്തരം ഡോക്ടർ കോവിലൻ എന്ന പേര് അദ്ദേഹത്തിന്റെ സ്വത്വത്തിന് എത്രമാത്രം ചേരുമെന്നറിയില്ല. അച്ഛൻ ജീവിച്ചിരിക്കേ അത് ലഭിക്കാനായി ഓടി നടന്നത്, അച്ഛന്റെ ആഗ്രഹസഫലീകരണത്തിനായി പ്രയത്നിച്ചത് അജിതനായിരുന്നു. അനിയനും പോയി. ഇനിയാര് കാണാൻ? ഇനിയിപ്പോ ഡി.ലിറ്റ് കിട്ടുമോ ഇല്ലയോ എന്നതൊന്നും ആകുലപ്പെടുത്തുന്ന വിഷയമല്ല. അച്ഛൻ മരിച്ച ഉടനെ തന്നെ കിട്ടിയിരുന്നെങ്കിൽ പിന്നെയും സമാധാനിക്കാമായിരുന്നു.

ചരിത്രത്തിൽ ഇതെഴുതപ്പെടും. ഒരു യൂണിവേഴ്സിറ്റി ആദരണീയനായ എഴുത്തുകാരനോട് ഇത്രയും നിരുത്തരവാദപരമായി പെരുമാറി എന്നത് ലോകം അറിയണം. പ്രായമായ ആളാണ്. എത്രയും നേരത്തേ ചടങ്ങുകൾ നടത്തണം എന്നവർക്ക് ചിന്തിക്കുകയും പ്രായോഗികമാക്കുകയും ചെയ്യാമായിരുന്നു.

ഇനി യൂണിവേഴ്സിറ്റി ആ ഡി.ലിറ്റ് വച്ചുനീട്ടിയാൽ വേണ്ടെന്നാണോ?

ഒരിക്കലുമത് നിരസിക്കില്ല. അത്തരം നിന്ദകളൊന്നും ഞങ്ങളുടെ ഭാഗത്തുനിനിന്നുണ്ടാവില്ല. വൈകിയാണെങ്കിലും അത് കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നെങ്കിൽ അവർ കൊടുക്കട്ടെ. ഡോക്ടർ പദവികൊണ്ട് അച്ഛന് ഇനിയൊന്നും നേടാനില്ലല്ലോ. അച്ഛൻ പലയിടത്തും പലപ്പോഴും ഒതുക്കപ്പെട്ടിട്ടുണ്ട്. പലപുരസ്കാരങ്ങളും അച്ഛന് കിട്ടുമെന്ന് പ്രത്യാശ വരുത്തിവച്ചുകൊണ്ട് തട്ടിമാറ്റപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇതും. കോവിലൻ എന്ന എഴുത്തുകാരൻ വായനക്കാർക്കിടയിൽ ഇത്തരം ബഹുമതികളുടെ ആവശ്യമൊന്നുമില്ലാത്തയാളാണ്.

Content Highlights: Interview with proffessor Vijaya, Daughter of kovilan, Regarding Calicut University DLitt issue