സന്ധ്യയാകുന്നു. ചേര്‍ത്തല തൈക്കല്‍ കടപ്പുറത്ത് സാനുമാഷ് നിന്നു. വയലറ്റ് പൂക്കളുള്ള അടംപതയുടെ വള്ളികള്‍ പടര്‍ന്നുകയറുന്ന തീരം. കണ്ണെത്താവുന്ന ദൂരം കടലിലേക്കു നോക്കിനില്‍ക്കുകയാണദ്ദേഹം. പിന്നീടൊരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു, 'നിലാവുള്ള ചില രാത്രികളില്‍ അച്ഛന്‍ എന്നെയും കൂട്ടി ഇവിടെ വരുമായിരുന്നു. മണല്‍പ്പുറത്ത് തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍ അച്ഛന്‍ കഥ പറയും. മാണിക്യം ശിരസ്സിലേറ്റി വരുന്ന സര്‍പ്പത്തിന്റെ കഥ. ഈ കടലിനപ്പുറം, ഏഴാം കടലിനുമപ്പുറത്തുള്ള ദ്വീപിലെ വെറും കല്ല് ഊതിയൂതി സര്‍പ്പം മാണിക്യമാക്കും. എന്നിട്ട് അതുമായാണ് വരവ്. തിരയില്‍ മറഞ്ഞ്, പിന്നെ ഉയര്‍ന്ന്... അങ്ങനെ... രാത്രിയില്‍ ദൂരെ മാണിക്യത്തിന്റെ വെട്ടം കാണാനാവും.' അച്ഛനെ ചാരിയിരുന്ന് മാണിക്യത്തിന്റെ വെട്ടം തിരഞ്ഞിരുന്ന കുട്ടി ഇപ്പോഴും അദ്ദേഹത്തിലുണ്ട്. പണ്ടത്തെ അദ്ഭുതത്തോടെ കടലിനപ്പുറത്തേക്ക് നോക്കി നില്പാണ്.
ഫിഷിങ് ഹാര്‍ബര്‍ വരുന്നതിന്റെ തിരക്കാണിവിടെ ഇപ്പോള്‍. തീരത്ത് വലിയ പാറക്കല്ലുകളിടുന്നു. ചെറിയ മണ്‍പാതയില്‍ വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍. അപ്പുറത്ത് പുലിമുട്ടില്‍ കടല്‍കാണാന്‍ വന്ന യുവാക്കള്‍. അവരുടെ വിലകൂടിയ ബൈക്കുകള്‍. തീരത്തെ കല്ലുകളില്‍ ഉടഞ്ഞ ബീര്‍ക്കുപ്പികള്‍. രാത്രി ആരൊക്കെയോ നാവുകുഴഞ്ഞു പാടിയ സംഘഗാനം ഉടക്കിനില്‍ക്കുന്ന വേലിത്തലപ്പുകള്‍. തീരത്തുനിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് സാനുമാഷ് വളര്‍ന്ന അര്‍ത്തുങ്കലിലേക്കുള്ള റോഡരികിലെ തൈക്കല്‍ വീട്. ജനിച്ച് കുറേക്കാലം വളര്‍ന്നത് തുമ്പോളിയിലെ മംഗലത്തുവീട്ടിലാണ്. ആ വീട് ഇപ്പോഴില്ല. അതൊരു കൂട്ടുകുടുംബമായിരുന്നു. ഏറെക്കഴിയും മുമ്പ് അച്ഛന്‍, സാനുവിനെയും അമ്മയെയും തൈക്കലിലെ വീട്ടിലേക്കു കൊണ്ടുവരുകയായിരുന്നു. ഇവിടെനിന്നാണ് മലയാളമറിഞ്ഞ വിമര്‍ശകനായും പ്രഭാഷകനായും അദ്ദേഹം വളര്‍ന്നത്, സാനുമാഷായത്, അനേകം ഗുരുക്കന്മാര്‍ക്കും ഗുരുവായിത്തീര്‍ന്നത്.
ദീപ്തമായ പ്രശാന്തത
വീടിന്റെ വിശാലമായ മുറ്റം നിറയെ പഞ്ചാരമണലാണ്. അവിടമാകെ നിഴല്‍വിരിച്ച് നട്ടുമാവുകള്‍. ഒരരികില്‍ ചെറിയ കുളം. അതിന്റെ കരയില്‍ പൂവിട്ട് ചെമ്പകം. വെളുത്ത നന്ത്യാര്‍വട്ടപ്പൂക്കള്‍ വീണുമയങ്ങുന്ന മണ്ണ്.
'പണ്ട് ഈ മുറ്റത്ത് രാത്രികളില്‍ അക്ഷരശ്ലോകമുണ്ടായിരുന്നു. ചുറ്റുമുള്ളവര്‍ കൂടും. വിഷുവിനും ഓണത്തിനും വട്ടക്കളി പതിവാണ്. വട്ടക്കളിക്ക് പഴയ പാട്ടുകള്‍ മാത്രമായിരുന്നില്ല. അന്നെഴുതപ്പെട്ടിരുന്ന കവിതകളും ഈണത്തില്‍ ചൊല്ലിക്കളിക്കും. ആശാന്റെ 'കരുണ'യും കെടാമംഗലം പപ്പുക്കുട്ടിയുടെ 'പടനില'വും വള്ളത്തോളിന്റെ 'മാതൃവന്ദന'വും ഇങ്ങനെ പാടിയിരുന്നു. സ്വാമി സത്യദേവന്‍ ചൊല്ലി പ്രചരിപ്പിച്ചിരുന്നു, അന്ന് ഈ കവിതകള്‍. ഓണത്തിന് ഈ മുറ്റത്ത് ആലാത്തൂഞ്ഞാലിടും. കുടുകുടു കളിയും കിളിമാസും നടക്കും. ഒരു ബാലികയെ നടുക്കിരുത്തി തുമ്പി തുള്ളിക്കും. കിണ്ണം കൊട്ടി, എന്തേ തുമ്പീ തുള്ളാത്തൂ... എന്നു പാടും. പാട്ടിനും കൊട്ടിനുമൊടുവില്‍ ബാലിക ഭ്രമലോകത്തിലായി തുള്ളാന്‍ തുടങ്ങും. അതൊക്കെ അന്നത്തെ ആഘോഷങ്ങള്‍'-അദ്ദേഹം ഓര്‍മകളിലേക്ക് വഴിമാറി.
കണ്ടയാശാന്റെ സ്‌കൂളില്‍
ആദ്യം പഠിച്ചത് തുമ്പോളിയില്‍ കണ്ടയാശാന്‍ നടത്തിയിരുന്ന സ്‌കൂളിലാണ് (ഇപ്പോള്‍ ആ സ്‌കൂളില്ല). പിന്നെ, ആലപ്പുഴ ജിയോ തര്‍ട്ടീന്ത് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍. പത്തുവരെ അവിടെ പഠിച്ചു. അതുകഴിഞ്ഞ് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ സെക്കന്‍ഡ് ഗ്രൂപ്പെടുത്ത് ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. പാസായി. പക്ഷേ, തിരുവനന്തപുരത്ത് പഠനം തുടരാന്‍ കഴിയുന്ന സാമ്പത്തികസ്ഥിതിയായിരുന്നില്ല അന്ന്. അന്നത്തെ കഷ്ടപ്പാടുകളില്‍ ആരോടും സഹായം ചോദിക്കാനും തയ്യാറായില്ല. ഇന്നും അതാണ് മാഷിന്റെ സ്വഭാവം. പുസ്തകങ്ങളുടെ റോയല്‍റ്റി പോലും ചോദിക്കില്ല. 'ചോദിക്കാന്‍ മടിയാണ്. അത് ആദര്‍ശമോ ഒന്നും കൊണ്ടല്ല. അതാണ് സ്വഭാവം.' -ഇങ്ങനെയാണ് അദ്ദേഹം അതേക്കുറിച്ച് പറയുക.
എഴുത്തുകാരനാവുന്നു...
അമ്പതുകളിലാകണം, തിരുവനന്തപുരത്തുെവച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വലിയൊരു സാഹിത്യസമ്മേളനം നടന്നിരുന്നു. അതേക്കുറിച്ച് സാനുമാഷ് പറയുന്നത് ഇങ്ങനെ: 'സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരാളായി ഞാനും നിന്നു. ആ സമ്മേളനത്തില്‍ ഒരു തര്‍ക്കമുണ്ടായി. രൂപഭദ്രതാവാദമെന്ന പേരിലാണത് പിന്നീട് അറിയപ്പെട്ടത്. കൃതിയുടെ ഉള്ളടക്കം മനോഹരമായിരുന്നാല്‍ മാത്രം പോര, അതിനു കലാപരമായ രൂപഭംഗിയും ഉണ്ടായിരിക്കണമെന്ന് ഒരു കൂട്ടര്‍. രൂപത്തില്‍ കാര്യമില്ലെന്നും ഉള്ളടക്കം മാത്രം നന്നായാല്‍ മതിയെന്നും മറ്റൊരു കൂട്ടര്‍. അങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. പാര്‍ട്ടി സാഹിത്യകാരന്മാര്‍ ഒരുപക്ഷത്ത്. രൂപഭംഗി വേണമെന്നു പറഞ്ഞവര്‍ മറുപക്ഷത്ത്. അവരെ 'രൂപഭദ്രന്മാര്‍' എന്നു മറുഭാഗം കളിയാക്കി വിളിച്ചു.
രൂപഭദ്രന്മാരില്‍ കെ. ബാലകൃഷ്ണന്‍, കാമ്പിശ്ശേരി, കെ. ദാമോദരന്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. അന്നു ഞാന്‍ പ്രസംഗിച്ചു, എല്ലാ നല്ല എഴുത്തിലും പരീക്ഷണത്തിന്റെ അംശമുണ്ടാകുമെന്ന്. അതിന് ഞാന്‍ ഉദാഹരണമാക്കിയത് വാള്‍ട്ട് വിറ്റ്മാനെയാണ്. അദ്ദേഹത്തിന് വൃത്തത്തിലെഴുതാന്‍ പ്രയാസമുണ്ട്. ഛന്ദസ്സില്ലാത്ത, അതേസമയം സവിശേഷമായ ഒരു താളത്തിലാണ് എല്ലാ കവിതകളും എഴുതിയിരുന്നത്. ലോകപ്രസിദ്ധനായ അദ്ദേഹത്തെ ഋഷിയായ കവിയെന്നാണ് ടാഗോര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അക്കാര്യങ്ങള്‍ ഞാന്‍ വിശദമായിത്തന്നെ സംസാരിച്ചു. പ്രസംഗം കേട്ട കെ. ബാലകൃഷ്ണന്‍ അത് കൗമുദിക്കുവേണ്ടി എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. 'എടേ പയ്യന്‍' എന്നാണ് അദ്ദേഹം എന്നെ അഭിസംബോധന ചെയ്തിരുന്നത്. ഞാന്‍ എഴുതിക്കൊടുത്തു. മൂന്നു ലക്കങ്ങളായി പ്രസിദ്ധീകരിച്ചു. അതു വായിച്ച് പലരും കത്തയച്ചു. ഒരു കത്ത് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടേതായിരുന്നു. ഈ എഴുത്തുകാരന്‍ ആരാണ് എന്ന് അന്വേഷിച്ച് കുറ്റിപ്പുഴ, അയച്ച കത്ത് ബാലകൃഷ്ണന്‍ എന്നെ കാണിച്ചു. വലിയ സന്തോഷം തോന്നി.
പിന്നീടാണ് എന്റെ എഴുത്ത് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സാഹിത്യകൃതികളൊക്കെ വായിക്കുമായിരുന്നു. വായിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമൊക്കെ തോന്നിയാല്‍ എഴുതും. പലര്‍ക്കും അന്നവ അയച്ചുകൊടുക്കുമായിരുന്നെങ്കിലും ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. നിരൂപണത്തിന്റെയൊക്കെ ആദ്യരൂപമായിരുന്നു അവയെന്നു വേണമെങ്കില്‍ പറയാം. എല്ലാവരെയും പോലെ തുടക്കത്തില്‍ ഞാനും ഒന്നോരണ്ടോ കഥകളെഴുതിക്കാണും. കവിത എഴുതിയിട്ടില്ല.'
പ്രസംഗകനാവുന്നു...
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേരേണ്ട, സ്വതന്ത്ര തിരുവിതാംകൂറായി നില്‍ക്കാം എന്ന് അഭിപ്രായമുള്ളവര്‍ തിരുവിതാംകൂറിലുണ്ടായിരുന്നു, ദിവാനടക്കം. അതിനെതിരേ പ്രസംഗിച്ചാണ് സാനുവിലെ പ്രസംഗകന്‍ രൂപപ്പെടുന്നത്. തന്ത്രശാലി ആയിരുന്നതിനാല്‍ സ്വതന്ത്രതിരുവിതാംകൂര്‍ എന്ന തന്റെ ആശയത്തിനൊപ്പം ചില സമുദായസംഘടനകളെ നിര്‍ത്താന്‍ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ക്കു കഴിഞ്ഞു. ഇതു സംബന്ധിച്ച പ്രമേയം താന്‍ കൂടി അംഗമായ എസ്.എന്‍.ഡി.പി. ശാഖയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ എതിര്‍ക്കാന്‍ തന്നെയായിരുന്നു വിദ്യാര്‍ഥിയായിരുന്ന സാനുവിന്റെയും ചില സുഹൃത്തുക്കളുടെയും തീരുമാനം. അവര്‍ നേതൃത്വത്തിനു കത്തുനല്‍കി. സുഹൃത്തുക്കളില്‍ ഒരാളാണ് ശാഖായോഗത്തില്‍ പ്രമേയത്തെ എതിര്‍ത്തു സംസാരിക്കാമെന്ന് ഏറ്റിരുന്നത്. എന്നാല്‍ സമയമായപ്പോള്‍ അയാള്‍ പിന്മാറി. ആ ദൗത്യം സാനു ഏറ്റെടുത്തു. അതാണ് പ്രസംഗത്തുടക്കം. പ്രമേയം പാസായെങ്കിലും അന്നത്തെ പ്രസംഗം പലര്‍ക്കും ഇഷ്ടപ്പെട്ടു. പില്‍ക്കാലത്ത് അനേകായിരം വേദികള്‍ക്ക് അലങ്കാരമായ മനോഹര പ്രഭാഷണങ്ങളുടെ അരങ്ങേറ്റമായിരുന്നു അത്.
പിന്നീടു വന്നത് പ്രസംഗത്തിന്റെ കാലം. അന്നു പലതരത്തിലുള്ള ആശയങ്ങള്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കപ്പെട്ടത് പ്രസംഗങ്ങളിലൂടെയായിരുന്നു. അന്നൊക്കെ പ്രസംഗിച്ചു തുടങ്ങുമ്പോള്‍ മുതല്‍ അദ്ദേഹം പൂര്‍ണമായ ബോധത്തിലല്ലാതാകുമായിരുന്നു. ലഹരിയായി പ്രസംഗം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. ഒരുപാട് കാലമെടുത്തു, സംയമനം ശീലിക്കാന്‍. ഒരിക്കല്‍ തന്റെ പ്രസംഗം കഴിഞ്ഞയുടന്‍ പ്രശസ്തനിരൂപകന്‍ പ്രൊഫ. എം. കൃഷ്ണന്‍നായര്‍ വന്ന് അഭിനന്ദിച്ചത് സാനുമാഷ് ഓര്‍ക്കുന്നു. ശക്തിയും ഭംഗിയുമുള്ള പ്രസംഗമെന്നാണ് മന്നത്ത് പദ്മനാഭന്‍ പറഞ്ഞത്. ചെറിയ ക്ലാസുകളില്‍ പഠിപ്പിച്ച ആര്‍. സുഗതന്‍ പറഞ്ഞത് 'മനോഹരമായ ഈ പ്രസംഗം ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്' എന്നാണ്. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
വായനക്കാരനാകുന്നു...
വീട്ടില്‍ പുരാണഗ്രന്ഥങ്ങളും ആധ്യാത്മിക പുസ്തകങ്ങളുമൊക്കെയുണ്ടായിരുന്നു. അച്ഛന്‍ കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ആശാന്‍കവിതകളൊക്കെ സാനു ഹൃദിസ്ഥമാക്കി. ആശാനില്‍ ആകൃഷ്ടനായത് അച്ഛന്റെ സ്വാധീനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റൊരുവശം, ആശാന്റെ ഏതു കവിതയിലുമുള്ള, എല്ലാവരെയും നന്നെ ആകര്‍ഷിക്കുന്ന ഒരു ഇന്ദ്രജാലമാണ്, അര്‍ഥത്തിനപ്പുറം. അതാണ് സാനുവിന് ഇഷ്ടമായത്. ആ കവിതകളുടെ പൊരുളും ആകര്‍ഷിച്ചിട്ടുണ്ട്. ആശാനുമായി വളരെയേറെ അടുക്കാന്‍ അതാണ് കാരണമായത്. 'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന പ്രശസ്ത ഗ്രന്ഥമെഴുതിയ സാനുമാഷ് ചങ്ങമ്പുഴയെക്കുറിച്ച് പറയുന്നതിങ്ങനെ: 'എനിക്ക് ഒരു ദുഃഖഭാവം കുട്ടിക്കാലം മുതലേയുണ്ട്. ഒരു വിഷാദം. അതെന്റെ ഭാവമാണ്. പലപ്പോഴും വിഷാദവാനായിരിക്കും. അച്ഛന്‍ അത് ശ്രദ്ധിച്ചിരുന്നു. മറ്റുകുട്ടികളൊക്കെ കളിച്ചുനടക്കുമ്പോഴും ഞാന്‍ അതിലൊന്നും ചേരാതെ എന്തിനോ ദുഃഖിച്ചിരുന്നു. കളികളില്‍ മനസ്സ് വ്യാപരിച്ചില്ല. ആ വിഷാദമായിരിക്കണം ചങ്ങമ്പുഴയിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആദ്യത്തെ വായനയില്‍ത്തന്നെ രമണനില്‍ ഞാന്‍ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. അതു പ്രസിദ്ധീകരിച്ചപ്പോള്‍ വാങ്ങാന്‍ പണമുണ്ടായിരുന്നില്ല. ഒരു കൂട്ടുകാരനോടൊപ്പം സൈക്കിളില്‍ പുസ്തകക്കടയില്‍ പോയി. ഒരു നോട്ടുബുക്ക് കരുതിയിരുന്നു. കടയില്‍ ചെന്ന് രമണന്‍ വാങ്ങി അതുമുഴുവന്‍ നോട്ടുബുക്കിലേക്ക് പകര്‍ത്തിയെഴുതി. അങ്ങനെ രമണന്‍ സ്വന്തമാക്കി.'
ചങ്ങമ്പുഴയുടെ കത്ത്
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചങ്ങമ്പുഴയുടെ ഒരു കവിത വായിച്ച് അതില്‍ ആകൃഷ്ടനായ സാനു, അദ്ദേഹത്തിന് ഒരു കത്തെഴുതി. ആ കവിതയുടെ ആസ്വാദനക്കുറിപ്പ്. മടക്കത്തപാലില്‍ തന്നെ അദ്ദേഹത്തിന്റെ മറുപടി കിട്ടി. താന്‍ സാധാരണഗതിയില്‍ വിമര്‍ശകന്മാരെ വകവയ്ക്കാത്ത ആളാണെന്നും വലിയ വിമര്‍ശകരെപ്പോലും കണക്കാക്കാത്ത ആളാണെന്നും ഒക്കെയായിരുന്നു കത്തില്‍. കത്ത് സാനുവിനെ വളരെ സ്പര്‍ശിച്ചു. നല്ല ആസ്വാദനത്തില്‍നിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ് തന്റേതെന്ന് ചങ്ങമ്പുഴ കണ്ടെത്തിയത് അദ്ദേഹത്തെ ഇന്നും സന്തോഷിപ്പിക്കുന്നു. അന്നുമുതല്‍ അദ്ദേഹത്തോട് അടുപ്പമായി. എന്നാല്‍ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമെഴുതാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. 'ഞാന്‍ എന്തെഴുതാനും സമയമെടുക്കും' എന്നാണ് അതേക്കുറിച്ച് അദ്ദേഹം പറയുന്നത്. ചങ്ങമ്പുഴയുടെ ഒരു ചരമവാര്‍ഷികദിനത്തില്‍ തകഴിയും വൈലോപ്പിള്ളിയും സാനുമാഷും കൂടി ചങ്ങമ്പുഴയുടെ വീട്ടില്‍ ചെന്ന് അമ്മയെ കണ്ടിരുന്നു. അന്ന് ആ അമ്മ കുറെ കരഞ്ഞു. അതു കണ്ടുകഴിഞ്ഞപ്പോഴാണ് ചങ്ങമ്പുഴയുടെ ജീവിതത്തെക്കുറിച്ച് വിശദമായൊരു പുസ്തകമെഴുതണമെന്ന് സാനുമാഷിന് തോന്നിയത്. പിന്നീട് വിശദാംശങ്ങള്‍ തേടിപ്പിടിച്ചു. 'ആ കവിവ്യക്തിത്വത്തെ കുറിച്ചാണ് ഞാനെഴുതിയത്. ജീവിതമെന്ന പളുങ്കുപാത്രത്തെ സ്വയം എറിഞ്ഞുടച്ച കവിയായിരുന്നു അദ്ദേഹം. ആ കാവ്യവ്യക്തിത്വം എം.പി. വീരേന്ദ്രകുമാറും വരച്ചുകാട്ടിയിട്ടുണ്ട്, 'ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം' എന്ന മനോഹരമായ പുസ്തകത്തില്‍. ചങ്ങമ്പുഴയുടെ കവിവ്യക്തിത്വത്തിന്റെ രണ്ടുവശവും വരച്ചുകാട്ടുന്ന പുസ്തകമാണത്.
എം.എല്‍.എ.ക്കാലം
എറണാകുളം നിയോജകമണ്ഡലത്തില്‍നിന്ന് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി 1987-ലാണ് സാനുമാഷ് നിയമസഭയിലെത്തിയത്. സഭാംഗജീവിതം തികച്ചും പുതിയ അനുഭവമായിരുന്നു. വിദ്യാഭ്യാസരംഗത്തെ അഴിമതിയെക്കുറിച്ച് അന്ന് നേരിട്ടറിയാമായിരുന്നതിനാല്‍ അതുള്‍െപ്പടെയുള്ള അനീതികള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ നിയമസഭാംഗത്വം ഉപയോഗിച്ചു. എങ്കിലും ഒരു എം.എല്‍.എ.യുടെ പതിവു സമ്പ്രദായങ്ങള്‍ അദ്ദേഹത്തിന്റേതുമായി പൊരുത്തപ്പെട്ടില്ല എന്നു വേണം കരുതാന്‍. എം.എല്‍.എ. എന്ന നിലയ്ക്കുണ്ടായ തിരക്കുകള്‍ പ്രഭാഷണത്തെയും എഴുത്തിനെയുമൊക്കെ ബാധിച്ചു. 'എം.എല്‍.എ. ആകുമ്പോള്‍ നമുക്ക് സ്വകാര്യസമയം കുറവായിരിക്കും എം.എല്‍.എ. ജനങ്ങളുടേതാണല്ലോ. മിക്കവാറും പുലര്‍ച്ചെ അഞ്ചുമണിക്കു മുമ്പുതന്നെ വീട്ടില്‍ ആളുകളെത്തിയിരിക്കും. ശുപാര്‍ശകള്‍ക്കും മറ്റുമായി. ഒരിക്കല്‍ രാത്രി രണ്ടുമണിക്ക് 'സാറേ... സാറേ' എന്ന് ഉച്ചത്തില്‍ വിളിച്ച് ഒരാള്‍ വീട്ടിലേക്ക് ഓടിവന്നു. ജനലിലൂടെ ഉള്ളിലേക്ക് ടോര്‍ച്ചടിച്ച് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സഹോദരനെ പോലീസ് പിടിച്ചുകൊണ്ടുപോയി. കള്ളുകുടിച്ച് ബഹളമുണ്ടാക്കിയതിന്. എം.എല്‍.എ. ഇടപെടണം അതിനാണ് വന്നത്. അയാളെ ഇറക്കിക്കൊണ്ടുവരണം. അങ്ങനെ എത്ര സംഭവങ്ങള്‍... അവരൊക്കെ നമുക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ആവശ്യങ്ങള്‍ അവര്‍ക്ക് വളരെ വലുതാണ്. എന്നാല്‍ ചിലതൊന്നും നമുക്ക് ചെയ്യാന്‍ കഴിയുന്നതായിരിക്കില്ല. അങ്ങനെയുള്ള ധര്‍മസങ്കടങ്ങളില്‍ പെട്ടുപോയിട്ടുണ്ട്'-അദ്ദേഹം പറഞ്ഞു.
വെളിച്ചം ഗുരുദേവന്‍
മാഷ് എപ്പോഴും പറയും, തന്റെ ജീവിതദര്‍ശനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന്. ഗുരുദേവന്‍ ഒരുപാടുപേര്‍ക്കെന്നപോലെ മാഷിനും വെളിച്ചമാണ്. തുമ്പോളിയിലെ അദ്ദേഹത്തിന്റെ തറവാട്ടുവീട്ടില്‍ ഗുരുദേവന്‍ രണ്ടുവട്ടം വന്നിട്ടുണ്ട്. അന്നദ്ദേഹം തങ്ങിയ മുറി ഒരുദേവാലയം പോലെയാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. അവിടെ കെടാവിളക്കു കൊളുത്തി ആ സാന്നിധ്യത്തെ പൂജിക്കുന്നു. വീട്ടില്‍ വരുന്നവര്‍ ആ മുറിയുടെ മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. ഗുരുഭക്തി അങ്ങനെ കുട്ടിയിലേ തന്നെ രൂഢമൂലമായി. ഗുരുദേവന്റെ 'ദൈവദശകം' സന്ധ്യാപ്രാര്‍ഥനയില്‍ ചൊല്ലിയിരുന്നു. അതിനു പൂരകമായി മൂലൂര്‍ പദ്മനാഭപ്പണിക്കരുടെ ശ്ലോകവും പ്രാര്‍ഥനയില്‍ അന്ന് ഉള്‍പ്പെട്ടിരുന്നു. ആര്‍ക്കും ഉപകാരമൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും ആരെയും ദ്രോഹിക്കാതെ ജീവിക്കുകയെന്ന തത്ത്വം ജീവിതത്തില്‍ നിഷ്ഠയായി പാലിക്കാന്‍ സാധിച്ചത് ഗുരുദേവ ഭക്തിയിലാണെന്ന് മാഷ് പറഞ്ഞിട്ടുണ്ട്. ആര്‍ക്കും വേദനയുണ്ടാക്കുംവിധം അദ്ദേഹം സംസാരിച്ചിട്ടില്ല. പരുഷവാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. 'എടാ പോടാ' വിളി കുട്ടിക്കാലത്തുപോലുമില്ല. 'എടോ' എന്നുപോലും ആരെയും സംബോധന ചെയ്തിട്ടില്ല. അത് ഗുരുവിന്റെ സ്വാധീനം കൊണ്ടുണ്ടായതാണ്. ഗുരുവിന്റെ എല്ലാ കൃതികളും അദ്ദേഹം വായിച്ചിട്ടുണ്ട്. 'എല്ലാം വായിച്ചിട്ടുണ്ട്. പക്ഷേ, അവ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ സംശയമാണ്.' -ഗുരുവിനുമുന്നില്‍ ശിരസ്സു നമിക്കുംപോലെ അദ്ദേഹം പറഞ്ഞു.
കുടുംബം
1953-ല്‍ ആയിരുന്നു സാനുമാഷിന്റെ വിവാഹം. എം.എ.യ്ക്കുചേര്‍ന്ന സമയമായിരുന്നു അത്. അദ്ദേഹം അച്ഛനും അമ്മയ്ക്കും ഒറ്റമകനാണ്. അച്ഛന്റെ ജ്യേഷ്ഠന്റെ മകന്‍ പി.കെ. വേലായുധനാണ് അന്നത്തെ രക്ഷാകര്‍ത്താവ്. കോണ്‍ഗ്രസിന്റെയും എസ്.എന്‍.ഡി.പി.യുടെയും നേതാവായിരുന്ന അദ്ദേഹമാണ് മാഷിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനുമുമ്പ് ഭാര്യയെ കണ്ടിട്ടില്ല. അന്നാണ് ആദ്യമായി കാണുന്നത്. എ.ജെ. ജോണ്‍ നയിച്ച തിരുകൊച്ചി മന്ത്രിസഭയില്‍ അംഗമായിരുന്ന വി. മാധവന്റെ മകള്‍ രത്‌നമ്മയാണ് മാഷിന്റെ ഭാര്യ. രഞ്ജിത്ത്, രേഖ, ഗീത, സീത, ഹാരിസ് എന്നിവര്‍ മക്കളും.
കൂട്ടുകാര്‍
തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നത് പിന്നീട് വലിയ രാഷ്ട്രീയനേതാക്കളായിത്തീര്‍ന്ന പി. വിശ്വംഭരനും പി. രവീന്ദ്രനും. മലയാറ്റൂര്‍ രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ സീനിയറായിരുന്നു. ആ ബാച്ചിലായിരുന്നു പറവൂര്‍ ദേവരാജനും. അടുത്തിരുന്നയാളാണ് കമുകറയും ആര്‍. പ്രസന്നനും. ദേവരാജന്‍ കൂട്ടുകാരനായിരുന്നെങ്കിലും തനിക്ക് പാട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മാഷ് പറയുന്നു. പക്ഷേ, നന്നായി ആസ്വദിക്കും. മധുര മണി അയ്യരുടെയും ശെമ്മാങ്കുടിയുടെയും ചെമ്പൈയുടെയും എം.എസ്. സുബ്ബലക്ഷ്മിയുടെയുമൊക്കെ കച്ചേരി ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തില്‍ പോയി കേട്ടിരുന്നു.
തൈക്കല്‍ വീട്ടില്‍ സാനുമാഷ് എത്തിയെന്ന് കേട്ടറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്തിയിരുന്നു. എല്ലാവരോടും മാഷ് വിശേഷങ്ങള്‍ ചോദിച്ചു. അവരുമായി പഴയകാലം പങ്കിട്ടു. നല്ല കായല്‍മീനും കടല്‍മീനും സമൃദ്ധമായി കിട്ടിയിരുന്നതാണ് മാഷിന്റെ കുട്ടിക്കാലം. അന്ന് ജനങ്ങളുടെ സ്ഥിരം ഉറപ്പായ ആഹാരം മീനായിരുന്നു. മീന്‍ വറുത്തും കറിവെച്ചും പീരയാക്കിയും കഴിച്ചു. ചെമ്മീന്‍കൊണ്ട് വടയുണ്ടാക്കി കൊടുത്തിട്ടുണ്ട്, അമ്മ. ഇഞ്ചിയൊക്കെ ചേര്‍ത്ത ആ വട വളരെ രുചികരമായിരുന്നു എന്ന് അദ്ദേഹമോര്‍ക്കുന്നു.
എം.കെ. സാനുവിന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം