ഴുത്തുജീവിതത്തിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന സമയത്ത് തന്നെയാണ് പ്രഭാവര്‍മ്മയെത്തേടി ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശീയപുരസ്‌കാരമെത്തുന്നത്.പേരൂര്‍ക്കടയിലെ 'ആര്‍ദ്ര'ത്തിലിരുന്ന് പാട്ടിനെപ്പറ്റി, കവിതയെപ്പറ്റി, കവിതയ്ക്കും പാട്ടിനുമിടയിലെ ജീവിതത്തെപ്പറ്റി പ്രഭാവര്‍മ്മ സംസാരിക്കുന്നു

എഴുത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണല്ലോ. ഇതിനിടയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് മുതല്‍ ചലച്ചിത്രഗാനരചനയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം വരെ. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു...?

ചിലതൊക്കെ ചെയ്തു. ചെയ്തതെല്ലാമൊന്നും പാഴായിപ്പോയില്ല എന്ന് ആരോ എന്നോടു പറയുന്നതുപോലെ തോന്നുന്നു. അത്
പുരസ്‌ക്കാരം ലഭിച്ചതു കൊണ്ടുമാത്രമല്ല. 'ഒരു കല്‍ത്തുറുങ്കാണീ ഹൃദയം; ഇതില്‍ തളഞ്ഞൊടുങ്ങിപ്പോവുന്നല്ലോ ജീവപര്യന്തം സ്നേഹം' എന്ന എന്റെ കവിത വായിച്ചിട്ട് 'ഇതെന്റെ ജീവിതമാണ്' എന്ന് ഒരു  പോസ്റ്റുകാര്‍ഡില്‍ പൂജപ്പുരയിലെ ഒരു ജീവപര്യന്തത്തടവുകാരന്‍ എനിക്ക് എഴുതിയതുകൊണ്ടു കൂടിയാണ്. എവിടെയോ ആര്‍ക്കോ ആശ്വാസമാവുന്നിടത്താണല്ലോ എഴുത്തിന്റെ സാഫല്യം. ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണു മലയാളത്തിലെത്തുന്നത്. അതിനെക്കുറിച്ച്...അതിന് എന്റെ ഗാനം നിമിത്തമായി എന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണിപ്പോള്‍ വിതരണം ചെയ്തത്. ഈ വലിയ കാലയളവില്‍ മലയാളഗാനത്തിന് മൂന്നു തവണയേ കിട്ടിയിരുന്നുള്ളൂ. 1973-ല്‍ വയലാര്‍. 1988-ല്‍ ഒ.എന്‍. വി. 2002-ല്‍ യൂസഫലി കേച്ചേരി. ഇതില്‍ തന്നെ യൂസഫലി കേച്ചേരി, ജാവേദ് അക്തറുമായി പങ്കിടുകയായിരുന്നു. അര്‍ഹതയില്ലാതിരുന്നതുകൊണ്ടല്ല മലയാളത്തിനു കിട്ടാതിരുന്നത്. മിക്ക വര്‍ഷവും മികച്ച ഗാനം മലയാളത്തില്‍ നിന്നുതന്നെയുള്ളതായിരുന്നു.

എന്നിട്ടും എന്തുകൊണ്ടാവാം പരിഗണിക്കപ്പെടാതെ പോയത്...?

മിഴിവ് ഇതള്‍ വിടര്‍ത്തി ബോദ്ധ്യപ്പെടുത്താന്‍ കഴിയാതെ പോയിരിക്കാം. ചില സാങ്കേതികത്വങ്ങള്‍ തടസ്സമായി വന്നിട്ടുണ്ടാവാം.നല്ല ഒരു പാട്ട് ഒരു സിനിമയിലുണ്ടായി എന്നിരിക്കട്ടെ. പ്രൊഡ്യൂസര്‍ ആ സിനിമയെ മത്സരത്തിനയച്ചില്ലെങ്കിലോ? നല്ല പാട്ടുള്ളതെങ്കിലും ചിത്രം നിലവാരമില്ലായ്മയാല്‍ പ്രഥമ തലത്തിലേ തിരസ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഗാനഭാഗം മുറിച്ചു കളഞ്ഞിട്ടാണു ചിത്രം മത്സരത്തിനയച്ചിട്ടുള്ളതെങ്കിലോ? ഇനി ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ, അതിന്റെ പരിഭാഷ വെച്ചിട്ടില്ലെങ്കിലോ? പരിഭാഷ വെച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അത് നല്ല ഭാഷയിലല്ല എന്നു വന്നിട്ടുണ്ടെങ്കിലോ? ബാക്കിയെല്ലാം ശരിയായെന്നിരിക്കട്ടെ; ഈ പാട്ട് ആസ്വദിക്കാനും സമര്‍ത്ഥിക്കാനും കഴിയുന്നവര്‍ ജൂറിയില്‍ ഇല്ലെങ്കിലോ? ഇങ്ങനെ പല കാരണങ്ങളുണ്ടാവാം. ഏതായാലും ഒരു കാര്യം എനിക്കു ബോദ്ധ്യമുണ്ട്. പി. ഭാസ്‌കരന്‍ മാഷും വയലാറും ഒ.എന്‍.വിയും, ശ്രീകുമാരന്‍ തമ്പിയും ഒക്കെ നിരവധി തവണ ദേശീയ പുരസ്‌കാരം കിട്ടാന്‍ അര്‍ഹതയുള്ളവരായിരുന്നു. നല്ല പരിഭാഷ എപ്പോഴും വളരെ പ്രധാനമാണ്. 'മേഘം പൂത്തു തുടങ്ങി' എന്ന പാട്ട് ജൂറിയുടെ  മുമ്പിലെത്തിയത് 'cloud started getting infected with fungus' എന്നാണെന്ന് ഈയിടെ കേട്ടു.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ ഇത്തവണ അംഗമായിരുന്നുവെന്നും ഈ പാട്ടുകള്‍ ഒക്കെ മറ്റൊരാളുടേതായി മുമ്പില്‍ വന്നിരുന്നുവെന്നും കരുതുക. ഏതു പാട്ടിനാകും പുരസ്‌കാരം നല്‍കുക...?

ജാവേദ് അക്തറിന്റെ രണ്ടു പാട്ടുകളും എന്റെ തന്നെ മറ്റു രണ്ടു പാട്ടുകളുമായാണ് അന്തിമഘട്ടത്തില്‍ മത്സരമുണ്ടായത് എന്നാണ് കേട്ടത്. ജാവേദ് അക്തര്‍ പലതവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ്. എനിക്കു ബഹുമാനമുള്ള ഗാനരചയിതാവാണ്.എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മത്സരഗാനം കേട്ടിട്ടില്ല. അതുകൊണ്ട് അതേക്കുറിച്ചു പറയാനാവില്ല. മത്സരരംഗത്തുണ്ടായിരുന്ന എന്റെ മറ്റു രണ്ടുപാട്ടുകള്‍ കുഞ്ഞാലിമരയ്ക്കാറിലെ കണ്ണാ നീ... എന്നു തുടങ്ങുന്ന ഒന്നും കോളാമ്പിയിലെ തന്നെ ഓരോരോ നോവിന്‍ കനലിലും' എന്നതുമാണ്. ആദ്യത്തേതു ശ്രേയാഘോഷാല്‍ എം.ജി. ശ്രീകുമാര്‍ എന്നിവര്‍ പാടിയതാണെങ്കില്‍ രണ്ടാമത്തേതു ബോംബെ ജയശ്രീ പാടിയതാണ്. ഇപ്പോള്‍ അവാര്‍ഡു കിട്ടിയതു മധുശ്രീ പാടിയ 'ആരോടും' എന്ന പാട്ടിനാണ്. ഗാനരചനയിലെ ശില്പഭദ്രതയുടെയും ഭാവഭദ്രതയുടെയും അളവുകോല്‍ വെച്ചു നോക്കിയാല്‍ ഞാന്‍ ബോംബെ ജയശ്രീ പാടിയ ഓരോരോ നോവിന്‍ കനലിനും എന്ന പാട്ടിനു കൊടുക്കുമായിരുന്നു രജതകമല്‍. എല്ലാ പാട്ടുകളും ആലാപനത്തില്‍ ഒരേപോലെ മികച്ചതാണെങ്കിലും. രചനയെ മാത്രം അടിസ്ഥാനപ്പെടുത്തിയാണിതു പറയുന്നത്.

കവിതയില്‍ നിന്നും ഗാനത്തിലേക്കും തിരിച്ചുമുള്ള ദൂരം...?

കവിത കണ്ണീരു പോലെയോ തേങ്ങല്‍ പോലെയോ ആണ്. വിളിച്ചുവരുത്താനാവില്ല. വരുമ്പോള്‍ തടഞ്ഞുനിര്‍ത്താനുമാവില്ല.
ചലച്ചിത്രഗാനത്തില്‍ ഈ സ്വാഭാവികതയില്ല. കവിത പലപ്പോഴും സ്വകീയാനുഭവത്തില്‍ നിന്നോ അതില്‍ വന്നു തട്ടിയോ ആണുണ്ടാവുക. എന്നാല്‍ ചലച്ചിത്ര ഗാനം പരകീയാനുഭവത്തില്‍ നിന്നോ അതിന്റെ പ്രതിഫലനത്തില്‍ നിന്നോ ആണുണ്ടാവുക. അതുകൊണ്ട് വൈയക്തികത കുറയും. എന്നാല്‍, കഥാപാത്രത്തിന്റെ അനുഭവം, ഇതിവൃത്തസന്ദര്‍ഭം എന്നിവ കവിയുടെ ജീവിതാനുഭവവുമായോ മനോഘടനയുമായോ പ്രതിപ്രവര്‍ത്തിക്കുന്നിടത്ത് ഗാനം കവിതയുടെ തലത്തിലേക്കുയരും. ചന്ദനമരത്തിന്റെ ഏതു ഭാഗം മുറിച്ചാലും ചന്ദനഗന്ധം എന്നപോലെ കവിത്വമുള്ള മനസ്സ് എന്തെഴുതിയാലും അതില്‍ കവിതയുടെ സൗരഭം പുരളും; പരാഗരേണുക്കള്‍ തിളങ്ങും.

കവി ആയി അറിയപ്പെടുന്നയാള്‍ ഗാനരചയിതാവായി അംഗീകരിക്കപ്പെടുമ്പോള്‍ ഒരു തരംതാഴല്‍ അനുഭവപ്പെടില്ലേ...?

ഇല്ല. കവിതയുടെ പ്രഭാതരശ്മികള്‍ പാട്ടുസാഹിത്യത്തില്‍ നിന്നാണ് പ്രസരിച്ചത്. മലയാള കാവ്യകൃതികളില്‍ ആദ്യത്തേത് എന്നു കരുതപ്പെടുന്ന രാമചരിതം തന്നെ അതിന് ഉദാഹരണമായെടുക്കാം. തിരുനിഴല്‍ മാലയും ഭാരതംപാട്ടും, കിളിപ്പാട്ടും കൃഷ്ണഗാഥയും ഒക്കെ പാട്ടുസാഹിത്യത്തിന്റെ തന്നെ ഭാഗമല്ലേ? പാട്ടില്‍ നിന്നു വേര്‍പെട്ട് മലയാളിക്ക് ഒരു ജീവിതമുണ്ടോ? കുഞ്ഞിനെ കളിപ്പിക്കാന്‍ ചാഞ്ചാടുണ്ണീ എന്ന പാട്ട്. ഉറക്കാന്‍ താരാട്ടുപാട്ട്. സര്‍പ്പബാധ ഒഴിപ്പിക്കാന്‍ സര്‍പ്പം പാട്ട്. ഓണക്കളിക്കു തുമ്പിപ്പാട്ട്. വള്ളം തുഴയാന്‍ വഞ്ചിപ്പാട്ട്, പരദേവതയെ പ്രീതിപ്പെടുത്താന്‍ തോറ്റംപാട്ട്. കൃഷിയിറക്കാന്‍ ഞാറ്റുപാട്ട്, കൊയ്യാന്‍ കൊയ്ത്തുപാട്ട്. ഹിന്ദുവിന് തിരുവാതിരപ്പാട്ട്, മുസ്ലീമിനു കെസ്സുപാട്ട്, ക്രിസ്ത്യാനിക്കു മാര്‍ഗംകളിപ്പാട്ട്, വടക്ക് പയ്യന്നൂര്‍പാട്ട്, തെക്ക് ഉലകുടപെരുമാള്‍പ്പാട്ട്. പാട്ടില്ലാതെ മലയാളിയില്ല. ഇത് ഇവിടെ മാത്രമല്ല. അരിസ്റ്റോട്ടില്‍ കവിതയെ പലതായി തിരിച്ചപ്പോള്‍ അതില്‍ 'Lyrics' നെ ഉള്‍പ്പെടുത്തി. ഷെല്ലിയും കീറ്റ്സുമൊക്കെ ലിറിക്കല്‍ പാരമ്പര്യത്തെ പിന്‍പറ്റിയവരല്ലേ? ടാഗോറിനു നൊബേല്‍ നേടിക്കൊടുത്തതുതന്നെ ഗീതങ്ങളുടെ അഞ്ജലിയല്ലേ?  2016-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ നേടിയത് കവിയല്ല, പാട്ടുകാരനായ പാട്ടെഴുത്തുകാരന്‍ ബോബ് ഡിലനാണ്‌. പാട്ടുകളെ സാഹിത്യത്തിന്റെ ശാഖയായിത്തന്നെ അംഗീകരിക്കേണ്ടതാണ്. ചലച്ചിത്ര സന്ദര്‍ഭങ്ങളെ മറികടന്നു നമ്മുടെ ജീവിതത്തില്‍ കൂട്ടുപോരുന്ന എത്രയോ ഗാനങ്ങളുണ്ട്.  സിനിമ വിസ്മരിക്കപ്പെട്ടു പതിറ്റാണ്ടുകളായിട്ടും ആ പാട്ടുകള്‍ നമ്മുടെ മനസ്സില്‍ ജീവിക്കുന്നില്ലേ.

പാട്ടില്‍ നിന്നു പിന്‍വാങ്ങി കവിതയില്‍ ഒതുങ്ങി നില്‍ക്കണമെന്നു പലരും ഉപദേശിക്കാറുണ്ടല്ലോ. പ്രതികരണം...?

അങ്ങനെ ഒതുങ്ങേണ്ട കാര്യമില്ല. 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാന്‍ ഓമലേ' എന്ന എന്റെ പാട്ട് എനിക്ക് ഒരു പുരസ്‌കാരവും നേടിത്തന്നിട്ടില്ല. എന്നാല്‍, യൂട്യൂബിലും മറ്റും പോയി നോക്കൂ. ഓരോദിവസവും അതിന്റെ എത്ര കവര്‍വേര്‍ഷനാണു വരുന്നത്? അത് ആസ്വദിച്ചവരുടെ എണ്ണം എടുക്കാന്‍ ഒന്നു ശ്രമിച്ചു. ഒരു കോടി കടന്നപ്പോള്‍ ഞാന്‍ തന്നെ നിര്‍ത്തി. 'ഒടിയനിലെ' ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്' എന്ന പാട്ട് അഞ്ചുദിവസം കൊണ്ട് അമ്പതുലക്ഷം കടന്നു. ഇത്തരത്തിലുള്ള സ്വീകാര്യതയുടെ അപാരസാധ്യത മുമ്പിലുള്ളപ്പോള്‍, സ്വീകരിക്കാന്‍ ഇത്രയേറെ ആളുകളുള്ളപ്പോള്‍ ഞാന്‍ എന്തിന് അതുപേക്ഷിച്ചു പിന്തിരിഞ്ഞുപോകണം?

കവി, ഗാനരചയിതാവ് ഏതാണു മനസ്സിനു തൃപ്തി തരുന്നത്...?

അത് കവിത തന്നെയാണ്. കവിക്കു ഗാനരചയിതാവിനു കിട്ടുന്ന സെലിബ്രിറ്റി പരിവേഷമൊന്നും കിട്ടില്ല. എങ്കിലും മനസ്സിനു സുഖം
തരുന്നതു കവിത്വം തന്നെയാണ്. സിനിമയ്ക്ക് എഴുതിക്കൊടുക്കുന്ന പാട്ടുകളൊന്നും ഞാന്‍ സൂക്ഷിച്ചുവെക്കാറുപോലുമില്ലായിരുന്നു.
ഇപ്പോഴാണ് അതു തുടങ്ങിയത്. കവിതയുടെ കാര്യത്തില്‍ ഒരിക്കലും അങ്ങനെയായിരുന്നിട്ടില്ല. നിരവധി പേരുടെ സംഗീതസംവിധാന
ജീവിതത്തിനു തുടക്കം കുറിക്കാന്‍ നിമിത്തമായത് എന്റെ വരികളാണ് എന്നത് എനിക്കു സന്തോഷം തരുന്ന കാര്യമാണ്. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, കല്ലറ ഗോപന്‍, പ്രേംസാഗര്‍, ബെന്നറ്റ്- വീത് രാ​ഗ് തുടങ്ങിയവര്‍. ഇപ്പോഴിതാ ഡോ. കെ. ഓമനക്കുട്ടി, കാവാലം ശ്രീകുമാര്‍ എന്നിവരും എന്റെ പാട്ടിന് ഈണമിട്ടുകൊണ്ടു കടന്നുവരുന്നു. പൊതിച്ചോറിലൂടെയാണു കാവാലം ശ്രീകുമാര്‍ എത്തുന്നത്. ലൈഫ് ലൈനിലൂടെ ഓമനക്കുട്ടി ടീച്ചറും.

മലയാള ചലച്ചിത്ര ഗാന-സംഗീത ശാഖകളുടെ വികാസ പരിണാമങ്ങളെ എങ്ങനെ വിലയിരുത്തുന്നു...?

ഹിന്ദിപ്പാട്ടിന്റെയും തമിഴ് പാട്ടിന്റെയും ഈണത്തില്‍, ചേരാത്ത കുറേ സംസ്‌കൃത പദങ്ങള്‍ ക്രമരഹിതമായി അടുക്കി വെക്കലായിരുന്നു തുടക്കത്തില്‍. 'മനോഹരമീ മഹാരാജ്യം ക്ഷുധാപരിപീഡിതം പാടേ' എന്ന മട്ടില്‍ നിന്ന് 'ആ മലര്‍പ്പൊയ്കയില്‍ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ' എന്നനിലയിലേക്കു മലയാളത്തിലെ പാട്ടുമാറി. പാണ്ഡിത്യബോധത്തോടു പ്രതികരിക്കുന്ന നിലയില്‍ നിന്ന് മനസ്സിനോടു ഭാവാത്മകമായി പ്രതികരിക്കുന്ന നിലയിലേക്കുള്ള മാറ്റം. വയലാറും പി. ഭാസ്‌ക്കരനും ഒ.എന്‍.വിയും ശ്രീകുമാരന്‍തമ്പിയുമൊക്കെയുണ്ട് ഈ മാറ്റം വരുത്തിയവരുടെ നിരയില്‍. എന്നാല്‍, ഇന്ന് ആ ഭാവത്മകത ചോര്‍ന്നു പോവുന്നു. Cacophony എന്ന് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കാവുന്ന കര്‍ണകഠോരപദങ്ങളുടെ ക്രമരഹിതമായ അട്ടഹാസമായി പാട്ട് മാറുന്നു. ഈ തിരിച്ചുപോക്കില്‍ നിന്ന് പാട്ടിനെ തിരിച്ചുപിടിക്കാന്‍ കഴിയണം.അതിന്, സംഗീതം കീബോര്‍ഡില്‍ നിന്നല്ല, അന്തരാത്മാവില്‍ നിന്നാണ് ഉണ്ടാവുന്നത് എന്ന ബോധം ഉണ്ടാവണം. പ്രാണധാര കലര്‍ന്നതാണു നാദം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള ധ്യാനം ഉണ്ടാവണം. സാഹിത്യബോധവും സംസ്‌കാരബോധവും ഉണ്ടാവണം. എ.ആര്‍. റഹ്‌മാന്‍ വലിയ സെന്‍സേഷന്‍ ഉണ്ടാക്കിയ സംഗീത സംവിധായകനാണല്ലോ. അദ്ദേഹം എത്രയോ പാട്ടുകളില്‍ നമ്മുടെ കീര്‍ത്തനശീലുകള്‍, ചൊല്‍വഴക്കങ്ങള്‍ ദ്രാവിഡമൊഴിയഴകുകള്‍, ദണ്ഡകപദക്രമങ്ങള്‍, നാടന്‍ ശീലുകള്‍, കഥകളിപ്പദങ്ങള്‍, തിരുവാതിരപ്പാട്ടുകള്‍ എന്നിവ മൗലികമായി നവീകരിച്ചുപയോഗിച്ചിരിക്കുന്നു. അങ്ങനെ ഉപയോഗിക്കാന്‍ സംസ്‌കാരത്തിന്റെ ഈടുവെയ്പ്പുകളെക്കുറിച്ചു വലിയ അവബോധമുണ്ടെങ്കിലേ പറ്റൂ. ആ മനസ്സ് റഹ്‌മാനുണ്ട്. 

പുതിയ തലമുറയ്ക്കാവശ്യം മറ്റൊന്നാണ് എന്ന സമീപനമാവുമോ പുതിയ സംഗീത സംവിധായകരില്‍ ചിലരെ നയിക്കുന്നത്...?

പുതിയ തലമുറയ്ക്ക് അസ്വീകാര്യനാണോ റഹ്‌മാന്‍? ഭാവാത്മകമായ ഗാനങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ പുതിയ തലമുറ അതിനെ സ്വീകരിക്കും. റിയാലിറ്റി ഷോകളില്‍ പുതിയ കുട്ടികള്‍ പഴയപാട്ടുതേടിപോവുന്നതല്ലേ നമ്മള്‍ കാണുന്നത്? നമ്മുടെ പരിമിതികളാവരുത്, പുതിയതലമുറയുടെ ആസ്വാദന സംസ്‌കാരത്തെ അളക്കാനുള്ള മുഴക്കോല്‍.

ഒരു ചെമ്പനീര്‍ പൂ പരാമര്‍ശിക്കാതെ താങ്കളുമായുള്ള ഒരു അഭിമുഖവും പൂര്‍ണമാവില്ല. അതിന്റെ പിറവിയെക്കുറിച്ച്...?

പ്രണയം നിശ്ശബ്ദമായി വിനിമയം ചെയ്യപ്പെടേ ഒന്നാണ്. ഐ ലവ് യൂ എന്ന് എഴുതി അറിയേണ്ടതോ അറിയിക്കേണ്ടതോ അല്ല. നമ്മുടെ പല പ്രണയഗാനങ്ങളും പ്രണയ പ്രഖ്യാപനങ്ങളുടെ സ്വഭാവത്തിലുള്ളതായിരുന്നു. എന്നാല്‍ ഇവിടെ, അത്തരം പ്രഖ്യാപനങ്ങളൊന്നുമില്ല. എന്നുമാത്രമല്ല, ഇതാ ഒരു പൂ എന്നു പറയേണ്ടിടത്ത്, 'പൂവു നീട്ടിയിട്ടില്ല. എന്നാണ് പറയുന്നത്.
ഈ നിശ്ശബ്ദവിനിമയത്തിന്റെ സ്വഭാവമാവാം അതിനെ വേറിട്ടതാക്കിയത്.മുറ്റത്തെ മുല്ലപൂത്താല്‍ ആരെങ്കിലും പറഞ്ഞല്ലല്ലോ, അതിന്റെ സൗരഭംകൊണ്ടല്ലേ അത് നാം അറിയേണ്ടത്?

സംഗീത സംവിധായകന്‍ ഉണ്ടാക്കുന്ന ട്യൂണിനൊപ്പിച്ച് എഴുതുന്നതോ അതോ എഴുതിയ വരികള്‍ ട്യൂണ്‍ ചെയ്യുന്നതോ പ്രിയതരം...?

രണ്ടാമത്തേതാണു പ്രിയം. അതിന്റെ സ്വാതന്ത്ര്യത്തെ ആദ്യത്തേതു വല്ലാതെ പരിമിതപ്പെടുത്തും. അനുരാഗം എന്നു പറയേണ്ട സന്ദര്‍ഭമാണെന്നു വെക്കുക. സംഗീത സംവിധായകന്‍ അവിടെ രണ്ട് അക്ഷരമേ അനുവദിച്ചിട്ടുണ്ടാവൂ. എന്തുചെയ്യും? സ്നേഹം, പ്രണയം, അനുരാഗം തുടങ്ങിയ വാക്കുകളൊന്നും അവിടെ പറ്റില്ല. പാട്ടിനു പരിക്കേല്‍ക്കുന്നതിങ്ങനെയാണ്. ട്യൂണിനനുസരിച്ച്
എഴുതുന്നതു ദുഷ്‌കരമെന്നുമല്ലതാനും. ആ വിധത്തില്‍ ധാരാളം എഴുതിയിട്ടുണ്ട്. വൃത്തത്തിന് അനുസരിച്ച് കവിത എഴുതുന്നില്ലേ? സത്യത്തില്‍ ഈ വൃത്തങ്ങളും ചിട്ടപ്പെടുത്തി വെച്ച ട്യൂണ്‍ തന്നെയല്ലേ? അതു വഴങ്ങുന്നവര്‍ക്ക് ട്യൂണിനനുസരിച്ചു പാട്ടെഴുതുന്നത് അസാധ്യമൊന്നുമല്ല. പക്ഷെ, ഒന്നുണ്ട്. കവിതയില്‍ വൃത്തം ഏത് എന്നു തീരുമാനിക്കുന്നത് കവിതയുടെ ഭാവമാണ്. ആ ഭാവത്തിനനുസരിച്ച് കവിത വാര്‍ന്നു വീണുകൊള്ളും. അതു വിയോഗിനിയോ കേകയോ എന്ന് ആലോചിക്കേണ്ടതേയില്ല.

പുതിയ ചിത്രങ്ങള്‍...?

പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാറും, ഉരു, എയ്റ്റീന്‍ പ്ലസ്, ഉള്‍ക്കനല്‍ തുടങ്ങിയവയും ഇറങ്ങാനിരിക്കുന്നു. എം. മുകുന്ദന്റെ കഥയെ
ആസ്പദമാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കാരൂരിന്റെ കഥയെ മുന്‍നിര്‍ത്തി രാജീവ്നാഥ് സംവിധാനം ചെയ്യുന്ന പൊതിച്ചോറ്, വിജയകുമാറിന്റെ ലൈഫ്ലൈന്‍, ജഹാംഗീറിന്റെ സമാന്തരപ്പക്ഷികള്‍, ചെറിയാന്‍ കല്പകവാടിയുടെ പെണ്ണ് തുടങ്ങി ചിലതു റെക്കോഡിങ് വേളയില്‍ നില്‍ക്കുന്നു. ഇതിനു പുറമെ മൃച്ഛകടികം എന്ന സംസ്‌കൃത സിനിമയുമുണ്ട്. 

എഴുത്തും രാഷ്ട്രീയവും എങ്ങനെ ചേര്‍ന്നു പോവുന്നു...?

ഇവയ്ക്കിടയില്‍ വൈരുദ്ധ്യമൊന്നുമില്ല. പാബ്ലോനെരൂദയ്ക്കും പിക്കാസോയ്ക്കും യൂജീന്‍ ഒനീലിനും ഭീഷ്മസാഹ്നിക്കും സരമാഗായ്ക്കും ക്രിസ്റ്റഫര്‍ കോഡ്വെല്ലിനും അനുഭവപ്പെടാത്ത വൈരുദ്ധ്യം എനിക്ക് എങ്ങനെ അനുഭവപ്പെടാന്‍? പക്ഷെ, ഒന്നുണ്ട്. എഴുത്തുകാരന്‍ രാഷ്ട്രീയക്കാരനാവുമ്പോള്‍ അയാളെ രണ്ട് പട്ടികകളിലും പെടുത്താന്‍ സമൂഹത്തിനു വൈമുഖ്യമുണ്ടായെന്നുവരും. 'അയാള്‍ സാഹിത്യകാരനല്ലേ' എന്ന ചോദ്യം കൊണ്ട് രാഷ്ട്രീയത്തില്‍ നിന്നും 'രാഷ്ട്രീയക്കാരനല്ലേ' എന്ന ചോദ്യം കൊണ്ട് സാഹിത്യത്തില്‍ നിന്നും പുറത്താക്കാനാവും. എഴുതുക എന്നത് അധികയോഗ്യതയായല്ലാതെ അയോഗ്യതയായി കാണുന്ന നില ഉണ്ടായെന്നു വരും. എഴുതുന്നു എന്ന 'അയോഗ്യത' കഴിച്ചാല്‍ മറ്റുള്ളവര്‍ക്കൊപ്പമോ ചിലര്‍ക്കെങ്കിലും മേലെയോ തന്നെയാണ് എഴുത്തുകാരനും എന്നതു സൗകര്യപൂര്‍വ്വം ചിലര്‍ വിസ്മരിച്ചുവെന്നുവരും. എങ്കിലും ഇത് എഴുത്തുകാരന്റെ ഉല്‍ക്കണ്ഠയല്ല.

വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു...?

വിമര്‍ശനങ്ങളെ രണ്ടായി തരംതിരിക്കും ഞാന്‍. സ്വന്തം സാഹിത്യജീവിതം കൊണ്ട് വിമര്‍ശിക്കാനുള്ള യോഗ്യത നേടിയിട്ടുള്ളവരാണോ വിമര്‍ശിക്കുന്നത് എന്നു നോക്കും. അങ്ങനെയുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് മനസ്സുകൊടുക്കും. അങ്ങനെയല്ലാതെ കൂലിത്തല്ലുകാരുടെ നിലയിലിറങ്ങുന്ന ചിലരുണ്ട്.  അവര്‍ എഴുതുന്നതു വായിക്കാറില്ല. പറയുന്നതു കേള്‍ക്കാറുമില്ല. നമ്മുടെ ഉറക്കം കെടുത്തി സന്തോഷിക്കാനുള്ളതാണ് അവരുടെ പുറപ്പെടലുകള്‍. അങ്ങനെ സന്തോഷിക്കാന്‍ ഞാന്‍ അവരെ അനുവദിക്കില്ല. അവര്‍ എന്താ പറഞ്ഞത് എന്ന് അറിഞ്ഞാലല്ലേ അസ്വസ്ഥനാവൂ. അറിയുന്നില്ലെങ്കിലോ?
'ഒരു കുടം ടാറുണ്ട്, ഒരു കുറ്റിച്ചൂലുണ്ട്, പെരുവാ നിറയെ തെറിയുമുണ്ട് ' എന്ന് അത്തരക്കാരെക്കുറിച്ച് കടമ്മനിട്ട.

വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും കവിതയും പാട്ടും ഒക്കെ നിലനിര്‍ത്തുന്നതെങ്ങനെ...?

മനസ്സില്‍ കവിതയുണ്ടെങ്കില്‍ ഏതു സാഹചര്യത്തിലായാലും അത് തുളുമ്പി വീഴാതിരിക്കില്ല. എല്ലാ തിരക്കില്‍ നിന്നുമൊഴിഞ്ഞ് സമ്പൂര്‍ണ വിശ്രമത്തിലായെന്നിരിക്കട്ടെ. അതുകൊണ്ട് സാഹിത്യമുണ്ടായിക്കൊള്ളണമെന്നുമില്ല. എഴുതാനായി സിവില്‍ സര്‍വീസ് രാജിവെച്ചുപോയ മലയാറ്റൂര്‍ പിന്നീട് എന്തെങ്കിലും എഴുതിയോ?

എഴുതിയ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരികള്‍...?

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാന്‍ ഓമലേ
ഒരു വേള നിന്‍നേര്‍ക്കു നീട്ടിയില്ലാ...
(സ്ഥിതി)
ഏതു സുന്ദര സ്വപ്നയവനിക
നീക്കി നീ വന്നൂ...
എന്‍ മന്ദഹാസങ്ങള്‍, എന്റെയുള്‍ത്താപങ്ങള്‍
നിന്നില്‍ തുടങ്ങും; ഒടുങ്ങും!
(ഓട്ടോറിക്ഷക്കാരന്റെ ഭാര്യ)
ഇല്ല നീയെന്നാകിലില്ലാ സ്വപ്നവും ഞാനും
പിന്നെയെന്തുണ്ടാകുമിരുളും മൃതിയുമല്ലാതെ (നടന്‍)
നിറയൗവ്വനത്തിന്റെ
വെയിലസ്തമിക്കുന്നു;
നിഴലായ് നീ മടങ്ങുന്നൂ...
(ശീലാബതി)

എഴുത്ത് ഒരു സ്വതന്ത്ര ആവിഷ്‌ക്കാരമാണ്.നിലവിലെ സ്ഥിതിയില്‍ എഴുത്ത് എത്രത്തോളം സ്വതന്ത്രമാണ്...? 

സര്‍ഗാത്മകതയുടെ പൂത്തുലയല്‍ അസാധ്യമാക്കുന്ന ഭീതിദമായ അന്തരീക്ഷം കനപ്പെട്ടുവരുന്നു. 'മദാലസാ മഞ്ജുള വാഗ്വിലാസാ' എന്ന് സരസ്വതിയെക്കുറിച്ച് എഴുതിയതു കാളിദാസനാണ്. ഇന്നായിരുന്നു അദ്ദേഹം ജീവിച്ചിരുന്നതെങ്കില്‍, ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍...എന്താകുമായിരുന്നു കഥ? 'ഗോപീപീനപയോധര മര്‍ദ്ദന ചഞ്ചല കരയുഗ ശാലീ' എന്നു ഗീതാഗോവിന്ദത്തില്‍ ജയദേവന്‍ എഴുതി. ഈ വരികള്‍ ക്ഷേത്രങ്ങളില്‍ കാലങ്ങളായി സോപാനഗീതമായി ആലപിച്ചുവരുന്നു. ഇന്ന് ഒരു കവി ഇത് എഴുതിയാലോ? ഈ വരികളുടെ പരിഭാഷ ചങ്ങമ്പുഴ നിര്‍വഹിച്ചിട്ടുള്ളത് ഇങ്ങനെയാണ്, 'ഗോപികമാരുടെ തടമുല തഴുകും പാണിതലോല്ലസിതന്‍' അനുവദിക്കുമോ ഈ വരികള്‍? ദൈവങ്ങള്‍ക്ക് അല്പപ്രാണികളായ മനുഷ്യരുടെ പ്രതിരോധമൊന്നും ആവശ്യമില്ല എന്നു കോടതികളെങ്കിലും ഇവര്‍ക്കു പറഞ്ഞുകൊടുക്കാന്‍ തയ്യാറാവേണ്ടതാണ്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ എഴുത്തുകാരെ കേസില്‍ കുരുക്കുന്ന ശല്യവ്യവഹാരികളെ കോടതികള്‍ നിയന്ത്രിക്കേണ്ടതാണ്. ഭൂമി ഉരുണ്ടതാണ് എന്നു പറഞ്ഞ ശാസ്ത്രജ്ഞനെ പൗരോഹിത്യം മുട്ടില്‍ നില്‍ക്കാന്‍ നിര്‍ബന്ധിച്ചു. പുതിയ കാലത്തു കോടതികള്‍ കൂടി അതു ശരിവെച്ചാല്‍ പിന്നെ ശാസ്ത്രവുമുണ്ടാവില്ല, സാഹിത്യവുമുണ്ടാവില്ല.

രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ലഭിക്കാതിരുന്നിട്ടുണ്ടോ...?

ഇല്ല. എന്റെ രാഷ്ട്രീയത്തിന്റെ നേരേ എതിര്‍ രാഷ്ട്രീയത്തിലുള്ളവര്‍ ഭരിക്കുമ്പോഴാണ് പല പ്രധാന അംഗീകാരങ്ങളും കിട്ടിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുമ്പോള്‍ കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ചലച്ചിത്രഗാന ദേശീയ പുരസ്‌ക്കാരവും ലഭിക്കുമ്പോള്‍ നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി. ചലച്ചിത്ര ഗാനരചനയ്ക്കുള്ള ഒരു സ്റ്റേറ്റ് അവാര്‍ഡ് ഞാന്‍ വാങ്ങിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. അതു തരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സാംസ്‌കാരിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിക്കുന്നതുപോലെ അടുത്തു നിന്നു പറഞ്ഞു; 'അവാര്‍ഡുകളില്‍ ഞങ്ങള്‍ രാഷ്ട്രീയം നോക്കാറില്ല എന്നത് ബോധ്യപ്പെട്ടല്ലൊ' എന്ന്. രാഷ്ട്രീയമായി മാറ്റി നിര്‍ത്തി എന്ന് എനിക്കു പരാതിയേ ഇല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നിര്‍ണയത്തില്‍ പ്രധാനമന്ത്രിക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഒരു പങ്കുമില്ല എന്നതു മറ്റൊരു കാര്യം. അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്.

പുതിയ പദ്ധതികള്‍...?

'രൗദ്രസാത്വികം' എന്ന മൂന്നാമത്തെ കാവ്യാഖ്യായിക പുറത്തിറങ്ങാനിരിക്കുന്നു. ആത്മകഥയും എഴുതുന്നുണ്ട്. പുതിയ
കാവ്യസമാഹാരവും പണിപ്പുരയിലാണ്. 'After the Aftermath' എന്ന ഇംഗ്ലീഷ് നോവല്‍ ഈ മാസം പുറത്തിറങ്ങും. അധികാരവും കലയും
തമ്മിലുള്ള സംഘര്‍ഷമാണ് വിഷയം. അധികാരത്തിനു കലയോട് അനസൂയവിശുദ്ധമെന്നൊന്നും പറയാനാവാത്ത വിധമുള്ള അസഹിഷ്ണുതയുണ്ട്. അവയ്ക്കിടയിലുള്ള സംഘര്‍ഷത്തിന്റെ പലവിധ തലങ്ങളാണ് നോവലിലുള്ളത്.

അപ്പോള്‍ താങ്കള്‍ ഭരണകൂടത്തോടു ചേര്‍ന്നു നില്‍ക്കുന്നതോ...?

ഭരണവും ഭരണകൂടവും വ്യത്യസ്തമാണ്. ഭരണകൂടത്തോടുള്ള ഏറ്റുമുട്ടലിനു ഭരണം പോലും ആയുധമാവും. ഞാന്‍ ഭരണകൂടത്തോടല്ല, രാഷ്ട്രീയത്തോടാണ് ചേര്‍ന്നു നില്‍ക്കുന്നത്. അതാകട്ടെ, എന്റെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണു താനും. അധികാരത്തില്‍ നിന്നകന്നു തന്നെ രാഷ്ട്രീയം നിലനിര്‍ത്താന്‍ പറ്റും; വൈലോപ്പിള്ളി പറഞ്ഞപോലെ, ഒരു സൗവര്‍ണ പ്രതിപക്ഷമായി.

 

Content Highlights: Interview with poet lyricist Prabha Varma