ലയാളകവിതയുടെ ബഹുതല സൗന്ദര്യമായ സച്ചിദാനന്ദന് മേയ് 28-ന് 75 വയസ്സാവുന്നു. അരനൂറ്റാണ്ടിലധികം അനുസ്യൂതമായി കാവ്യരചനയിലൂടെ മലയാളിയുടെ കാവ്യാനുശീലനത്തെ നിരന്തരം നവീകരിച്ച സച്ചിദാനന്ദന്‍ ഇപ്പോഴും അത് തുടരുന്നു. കവിതയുടെ ലോകാന്തരങ്ങളിലേക്ക് ഈ ചെറുഭാഷയെയും ദേശത്തെയും കൈപിടിച്ച് നടത്തുന്നു. സച്ചിദാനന്ദന്‍ സംസാരിക്കുമ്പോള്‍ കാവ്യഭാവങ്ങളുടെ പലപല വര്‍ണങ്ങളും ഗന്ധങ്ങളുമുള്ള ലോകഭൂപടം വിടരുകയാണ്

അതിദീര്‍ഘമായ ഒരു കാവ്യജീവിതമാണ് താങ്കള്‍ പിന്നിടുന്നത്. കണ്ണടച്ചിരിക്കുമ്പോള്‍ ഈ കാവ്യജീവിതത്തിന്റെ ഋതുപ്പകര്‍ച്ചകള്‍ എങ്ങനെയാണ് മനസ്സില്‍ വന്നുപോകുന്നത്

നിരൂപകരെ സംബന്ധിച്ചിടത്തോളം എന്റെ കവിതയില്‍ ഋതുപ്പകര്‍ച്ചകള്‍ ഉണ്ടെന്നുവരാം. എന്നെപ്പോലെ അന്‍പത്തിയഞ്ചു വര്‍ഷമെങ്കിലും അനുസ്യൂതമായി കാവ്യരചന നടത്തുന്ന ഏതൊരു കവിയുടെയും സര്‍ഗജീവിതത്തെ സംബന്ധിച്ച ഒരു പൊതുസത്യം, ഞങ്ങളുടെയൊക്കെ കവിതയില്‍ തുടര്‍ച്ച അന്വേഷിക്കുന്നവര്‍ക്ക് തുടര്‍ച്ച കാണാം, വിച്ഛേദം തേടുന്നവര്‍ക്ക് ഘട്ടങ്ങള്‍ കാണാം എന്നതാണ്. കവിതയെ പ്രമേയങ്ങളായി ചുരുക്കുന്നവരുണ്ട്. സമീപനങ്ങളും ശൈലിയും ബിംബവും സ്വരവും എല്ലാം പ്രധാനമായി എടുക്കുന്നവരുമുണ്ട്. എന്റെ ഏറ്റവും വിശ്വസ്തരായ വായനക്കാര്‍, അവര്‍ അത്ര വലിയ സംഖ്യയൊന്നും ഉണ്ടാവില്ല, ഉണ്ടാവുകയും വേണ്ടാ, എന്റെ കവിതയില്‍ തുടര്‍ച്ച കാണുന്നവരാണ്. ഈ അഭിമുഖത്തിനുമുമ്പ് ഞാന്‍ മറ്റൊരു നല്ല വായനക്കാരന്റെ (ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഒരു കവികൂടിയാണ് അദ്ദേഹം) ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. അദ്ദേഹം എന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട കവിതകളില്‍ (ഗാനം, അഞ്ചുസൂര്യന്‍, എഴുത്തച്ഛന്‍ എഴുതുമ്പോള്‍, രൂപാന്തരം) പോലും എന്റെ പില്‍കാല പരിണാമത്തിന്റെ സൂചനകള്‍ വായിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് കഴിയുന്നത് എന്റെ കവിതയുടെ ഭാഷയുടെ ചലനവേഗം, ബിംബങ്ങളുടെ ഉപയോഗം തുടങ്ങിയ സൂക്ഷ്മവശങ്ങളില്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ്. അതേസമയം, മാറ്റങ്ങള്‍ അദ്ദേഹം കാണുന്നില്ലെന്നല്ല, അവയെ ആകസ്മികമായ ചാട്ടങ്ങള്‍ ആയല്ലാ, അനുസ്യൂതമായ ഒരു പരിണാമത്തിന്റെ പടവുകളായാണ് കാണുന്നത് എന്നതാണ് ശ്രദ്ധേയം. ആത്മകഥാപരമായി പറയുമ്പോള്‍ ഞാന്‍പോലും അറുപതുകള്‍, എഴുപതുകള്‍, എണ്‍പതുകള്‍ എന്നൊക്കെ ഉപയോഗിച്ചെന്നു വരാം. മറിച്ച് അഞ്ചുസൂര്യന്‍ എന്ന കവിതയിലെ ഭിന്നഭാവങ്ങളുടെ, അഥവാ സൂര്യന്മാരുടെ, അനുക്രമമായ, അഥവാ ക്രമരഹിതമായ, വിടര്‍ച്ചയായി എന്റെ പില്‍കാലകവിതയെ കണ്ടെന്നും വരാം. ഇവിടെ വായനയുടെ രീതിയാണ് പ്രധാനം. കണ്ണടച്ചാലും തുറന്നാലും ഇപ്പോള്‍ ഈ തുടര്‍ച്ചയാണ് ഞാന്‍ കൂടുതലായി കാണുന്നത്. എനിക്കു കാണാന്‍ കഴിയുന്ന ഒരു മാറ്റം ഒരുപക്ഷേ, ഭാഷാപരമായ ലാളിത്യത്തിലേക്കുള്ള നീക്കമാണ്. 'ലാളിത്യം' എന്നു പറയുമ്പോള്‍ കവിതയ്ക്ക് സാധ്യമായ ലാളിത്യം മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, കവിതയില്‍ എന്നും ഒരു പരോക്ഷതയുണ്ടല്ലോ. എന്റെ ആദ്യകാലത്തെ പല കവിതകളെക്കുറിച്ചും കുറേപ്പേരെങ്കിലും 'ദുര്‍ഗ്രഹം' എന്നു പറയാറുണ്ട്. ബിംബങ്ങളുടെ സങ്കീര്‍ണത, അപരിചിതപദങ്ങളുടെ ബാഹുല്യം, ഇവയുടെ ഉപയോഗം ഇവയില്‍നിന്ന് ഉണ്ടായതാണ് ആ കലക്കം. പിന്നെപ്പിന്നെ എന്റെ കവിതയില്‍ ഒരു തെളിച്ചം ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്റെ അനുവാചകര്‍ ആരും ഇപ്പോള്‍ 'ദുര്‍ഗ്രഹത'യെക്കുറിച്ച് പരാതി പറയാറില്ല. എന്നാല്‍, എന്റെ നല്ല രചനകള്‍, അങ്ങനെ വല്ലതുമുണ്ടെങ്കില്‍, വളരെ പ്രത്യക്ഷമായ പ്രസ്താവങ്ങള്‍ ആണെന്നും ഞാന്‍ കരുതുന്നില്ല.

ലോകകവിതയുടെ അതിവിശാല മേഖലകളിലൂടെ സഞ്ചരിക്കുമ്പോഴും മലയാളകവിതയുടെ ഇളന്നീര്‍ശുദ്ധിയെ താങ്കള്‍ എങ്ങനെയാണ് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നത്

യഥാര്‍ഥകവികളെല്ലാം നല്ല കവിതവായനക്കാരുമാണ്. അങ്ങനെയല്ലാത്ത ധാരാളം കവികള്‍ ഉള്ള ഒരു കാലത്താണ് നാം എന്നറിയാമെങ്കിലും. പി.കെ. പാറക്കടവുമായുള്ള ഒരു അഭിമുഖത്തിലാണെന്നു തോന്നുന്നു, ഞാന്‍ പറഞ്ഞിട്ടുണ്ട്, ലോകത്തെ എല്ലാ കവികളും ചേര്‍ന്ന് അവസാനിക്കാത്ത ഒരു കവിത എഴുതുകയാണെന്ന്. കവിതയെ നാം മലയാളകവിത, ഇന്ത്യന്‍ കവിത, വിശ്വകവിത എന്നെല്ലാം വേര്‍തിരിക്കാറുണ്ടെന്നതു ശരിതന്നെ, അതിന്റെ ആവശ്യവും ചിലപ്പോള്‍ വരാം. പക്ഷേ, കവികള്‍ പ്രാഥമികമായി സ്വന്തം സ്ഥലവും കാലവും ഭാഷയും ശ്വസിക്കെത്തന്നെ ആത്യന്തികമായി ഒരേ പ്രാണവായു, (ഇപ്പോള്‍ അതിനു വലിയ വിലയാണല്ലോ) ശ്വസിക്കുന്നവരാണ്. അതെ, ഞാന്‍ ഒരു മലയാളകവിയാണ്; ആ ഭാഷയില്ലെങ്കില്‍, അഥവാ ആ ഭാഷ സംസാരിക്കുന്ന ജനതയില്ലെങ്കില്‍, ഞാനില്ല. പക്ഷേ, നമ്മുടെയെല്ലാം ഭക്ഷണം, ചിലപ്പോള്‍ ജലംപോലും, പലയിടങ്ങളില്‍നിന്ന് വരുംപോലെ, മലയാളകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പുറംകവിതയുടെയും പാരമ്പര്യവര്‍ത്തമാനങ്ങള്‍ ഇന്നത്തെ കവികളില്‍ കണ്ടെത്താം. അതേസമയം, ഞാന്‍ ആശാന്റെയും വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും കുഞ്ഞിരാമന്‍ നായരുടെയും ബാലാമണിയമ്മയുടെയും സുഗതകുമാരിയുടെയും അയ്യപ്പപ്പണിക്കരുടെയും തുടര്‍ച്ചയാണെന്നും എനിക്കറിയാം. അവരെല്ലാം എന്നിലുണ്ട്, എന്റെ ഭാഷയില്‍, അഗാധമായി.

സ്വന്തം കവിതയുടെ ആധാരശ്രുതിയായി അങ്ങ് സ്വയം കരുതുന്നത് എന്താണ്? കാല്പനികതയാണോ? കാലത്തോടുള്ള പ്രതിരോധമാണോ? ആത്മഭാഷണമാണോ...

കവിത, ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, അവനവനുമായുള്ള ഒരു സംഭാഷണമാണ്, അപരരുമായും പ്രകൃതിയുമായും പ്രപഞ്ചവുമായും ഉള്ള സംഭാഷണങ്ങളുമാണ്. ലാവണ്യബോധത്തെ നീതിബോധംകൊണ്ടും നീതിബോധത്തെ ലാവണ്യബോധം കൊണ്ടും നവീകരിക്കുകയാണ് കവിതയുടെ ഒരു പ്രധാന ദൗത്യം. എന്റെ രീതിയില്‍ ഞാനും അതു ചെയ്യാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ.

പാബ്ലോ നെരൂദ താങ്കളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്

എനിക്ക് പ്രത്യേകം ഇഷ്ടമുള്ള പത്തു ലോക കവികളെ എടുത്താല്‍ അതില്‍ ഷേക്സ്പിയര്‍, ലോര്‍ക്കാ എന്നിവര്‍ക്കൊപ്പം നെരൂദ ഉണ്ടാകും. അതിനുകാരണം ആ കവിതയുടെ സര്‍വസ്പര്‍ശിത്വമാണ്. നക്ഷത്രങ്ങള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, മരങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍ ഇവയ്‌ക്കെല്ലാം പുതുജീവന്‍ നല്‍കുന്ന കവിതയാണത്. അദ്ദേഹം എത്രത്തോളം രാഷ്ട്രീയകവിയാണോ അത്രത്തോളം പ്രകൃതികവിയും പ്രണയകവിയുമാണ്, ഇതാണ് ചില്ലറ രാഷ്ട്രീയകവികളില്‍നിന്ന് അദ്ദേഹത്തിന്റെ കവിതയെ ഉയര്‍ത്തി നിര്‍ത്തുന്നത്. ഒരു രാഷ്ട്രീയാഭിപ്രായം എടുത്തുകാട്ടി നിങ്ങള്‍ക്ക് ആ കവിതയെ നിരാകരിക്കാനാവില്ല. എന്റെ കവിതയെയല്ലാ, കാവ്യസങ്കല്പത്തെയാണ് നെരൂദ സ്വാധീനിച്ചിട്ടുള്ളത്. കവിതയില്‍ എല്ലാറ്റിനും ഇടമുണ്ട് എന്ന സങ്കല്പത്തെ.

കാവ്യരചനയുടെ പല പല 'മീറ്ററു'കള്‍ മാറിമാറി ഉപയോഗിക്കുന്നയാളാണ് താങ്കള്‍. ഇതില്‍ ഏതുരീതിയാണ് വായനക്കാരില്‍ കവിത സന്നിവേശിപ്പിക്കാന്‍ ഏറ്റവും ഉതകുക എന്നാണു താങ്കള്‍ കരുതുന്നത്

എന്റെ കൈയില്‍ അത്തരം സൂത്രവാക്യങ്ങളൊന്നുമില്ല. ഓരോ കവിതയ്ക്കും ഓരോ ജൈവസ്വഭാവമുണ്ട്, അവ വാര്‍ന്നുവീഴുന്നത് അവയുടെ മാത്രമായ രീതികളിലാണ്. ഞാന്‍ ഗദ്യത്തില്‍ രചിച്ച കവിതകളൊന്നും എനിക്ക് പദ്യരൂപത്തില്‍ സങ്കല്പിക്കാന്‍ വയ്യ, മറിച്ചും. പനി, സത്യവാങ്ങ്മൂലം, ഇടങ്ങള്‍, പക്ഷികള്‍ എന്റെ പിറകേ വരുന്നു, ഒരു ചെറിയ വസന്തം, ദുഃഖം എന്ന വീട് ഇതൊന്നും എനിക്ക് വൃത്തത്തില്‍ സങ്കല്പിക്കുകയേ വയ്യാ. ഇവനെക്കൂടി, ഇടശ്ശേരി, തിരിച്ചുവരവ്, കായിക്കരയിലെ മണ്ണ്, ജാനകീ പോരൂ, ഏതു രാമന്‍ തുടങ്ങിയവ ഗദ്യത്തിലും എഴുതാന്‍ വയ്യ. അവ അവയുടെ രൂപം സ്വയം തിരഞ്ഞെടുത്തതാണ്. ഞാന്‍ ഇടപെടുന്നത് അവ ഇഷ്ടപ്പെടുകയില്ല. എന്റെ ഇടപെടലുകള്‍ പിന്നെയാണ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ രൂപത്തിനകത്തു വാക്കുകള്‍, ബിംബങ്ങള്‍, ഘടനകള്‍ ഇവയൊക്കെ തിരഞ്ഞെടുക്കുമ്പോള്‍.

സച്ചിദാനന്ദന്റെ കാവ്യലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച മലയാളകവി ആരാണ്

അങ്ങനെ ഒരു കവിയെ എടുത്തുപറയുക വയ്യ. ഞാന്‍ മുമ്പുപറഞ്ഞ കവികളെല്ലാം ഏറിയും കുറഞ്ഞും എന്റെ കവിതയില്‍ സന്നിഹിതരാണ്. എനിക്ക് ഇന്ന് എഴുത്തച്ഛനെപ്പോലെയോ ആശാനെപ്പോലെയോ എഴുതാനാവില്ല. എന്റെ പല പ്രിയ മലയാളകവികളെക്കുറിച്ചും ഞാന്‍ പലപ്പോഴായി കവിതകള്‍ എഴുതിയിട്ടുണ്ട്. എന്റെ 'ക്യാനന്‍' അവയില്‍നിന്ന് ഊഹിക്കാം, വേറെയും പ്രിയകവികള്‍ ഉണ്ടെങ്കിലും.

പുതിയ കാലത്ത് ആര്‍ക്കും എഴുതാവുന്ന ഒരു സാഹിത്യരൂപമായി കവിത മാറിയിട്ടുണ്ടോ

കവിതയെന്നല്ല, എന്തും ആര്‍ക്കും എപ്പോഴും എഴുതാം, അത് കവിതയാണോ എന്ന് അനുവാചകര്‍ തീരുമാനിക്കും. അവര്‍ ഏകാഭിപ്രായക്കാരാവില്ല, പക്ഷേ, കാലം ചെല്ലുമ്പോള്‍ ചില പൊതുവായ അഭിപ്രായങ്ങള്‍ ഉരുത്തിരിയും. അതിലും വിടവുകള്‍ ഉണ്ടാകാം, ചില വിസ്മൃതരായ കവികള്‍ ചില സാമൂഹികലാവണ്യ സന്ദര്‍ഭങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവരില്‍ ചിലര്‍ താത്കാലികമായ ഒരു ധര്‍മം നിര്‍വഹിച്ചു വീണ്ടും വിസ്മൃതിയിലേക്ക് മറയും. അപ്പോഴും ചിലര്‍ നിലനില്‍ക്കും. അതുകൊണ്ട് നാം ഒരുതരം കവിതയും സെന്‍സര്‍ ചെയ്യേണ്ടതില്ല. നമുക്കു വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാകാം. അവ ആത്യന്തികമാകണമെന്നില്ല. കവികളെപ്പോലെ സഹൃദയരും അവരുടേതായ പാരമ്പര്യങ്ങള്‍ നിര്‍മിക്കുന്നുണ്ട്. എഴുതാന്‍ ഏറ്റവും പ്രയാസമുള്ള സാഹിത്യരൂപമാണ് കവിത എന്നാണു എന്റെ മതവും അനുഭവവും. മറിച്ച് കരുതുന്നവര്‍ ഇന്ന് ധാരാളമായുണ്ട്. അവര്‍ അങ്ങനെത്തന്നെ കരുതട്ടെ.

കവിതയുമായി ലോകം മുഴുവന്‍ സഞ്ചരിച്ചയാളാണ് താങ്കള്‍. ഇനിയും അത്തരം യാത്രകളും കാവ്യസംഗമങ്ങളും സാധ്യമാകുമെന്ന് തോന്നുന്നുണ്ടോ

നമുക്കു പൂര്‍ണമായും പിടികിട്ടിയിട്ടില്ലാത്ത ഒരു ശത്രുവുമായുള്ള യുദ്ധത്തിലാണ് നമ്മള്‍. ആ ശത്രുവിനുപോലും താന്‍ ഒരു വംശഹന്താവായേക്കുമെന്നറിയില്ല, അതും സ്വയം ഒരു അതിജീവനസമരത്തിലാണ്, മനുഷ്യനെന്ന താന്‍ തന്നെ സൃഷ്ടിച്ച ഭസ്മാസുരനെ അതിജീവിക്കാന്‍ പ്രകൃതി ശ്രമിക്കുംപോലെ തന്നെ. കാലാവസ്ഥാമാറ്റമാണ് ഇന്നത്തെ ഒരേയൊരു പ്രമേയം എന്ന് അമിതാവ് ഘോഷ് പറയുന്നതില്‍ ശരിയുണ്ട്. മനുഷ്യന്‍ ഇപ്പോഴെങ്കിലും വിനയം പഠിക്കുമോ എന്നാണു പ്രകൃതി ഉറ്റുനോക്കുന്നത്. ഭാവി പ്രവചനാതീതമാണ്. ഏറെക്കാലം ഏറെ നാടുകളില്‍ യാത്രചെയ്ത എന്നെപ്പോലുള്ളവര്‍ക്ക് ഇനി യാത്രചെയ്തില്ലെങ്കിലും ജീവിക്കാം. എങ്കിലും, മഹാപ്രപഞ്ചത്തിലെ ഈ ചെറിയ ഭൂമിയുടെ കുറെ ഭാഗമെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരെക്കുറിച്ചാണ് എന്റെ വേവലാതി. അതിനുള്ള മറ്റു സാഹചര്യങ്ങള്‍ ഉണ്ടായാല്‍പ്പോലും അത് കഴിയുമോ എന്നു പറയാന്‍ സമയമായില്ല. എങ്കിലും, ഈ സംഭാഷണം ശൂന്യതയില്‍ അവസാനിപ്പിക്കാന്‍ എനിക്കിഷ്ടമല്ല. മനുഷ്യന്‍ പഠിക്കേണ്ട പാഠങ്ങള്‍, പ്രത്യേകിച്ചും പ്രകൃതിസഹജീവനം, ഇപ്പോഴെങ്കിലും പഠിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

സച്ചിദാനന്ദന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Interview with poet K. Sachidanandan