തന്റെ കവിതകള്‍ പാഠപുസ്തകം ആക്കരുതെന്നും തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നുമുള്ള കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭ്യര്‍ത്ഥന മലയാള സാഹിത്യലോകത്തെ ഇളക്കി മറിച്ചു. ഈ പശ്ചാത്തലത്തില്‍ കവിയുമായി സംസാരിക്കുകയാണ് മാതൃഭൂമി ന്യൂസ് പ്രതിനിധി കെ. മധു.

എഴുതിക്കഴിഞ്ഞാല്‍ കവിത ഭാഷയുടേയും സഞ്ചിത സംസ്‌കാരത്തിന്റേയും  ഭാഗമാവും. പിന്നെ അത് പഠിപ്പിക്കരുത് എന്ന് പറയാന്‍ എന്ത് അവകാശമാണ് കവിക്കുള്ളത്?

ഒരവകാശവുമില്ല. അതിനാല്‍ തന്നെ ഇത് എന്റെ യാചന മാത്രമാണ്. എന്റെ കവിത അക്ഷരാഭ്യാസം ഇല്ലാത്തവര്‍ പഠിക്കുകയോ പഠിപ്പിക്കുയോ ചെയ്യരുത് എന്ന അപേക്ഷ മാത്രമാണ് ഇത്. പിന്നെ എഴുതിക്കഴിഞ്ഞാല്‍ അവകാശമില്ല എന്ന് പറഞ്ഞ് കുമാരനാശാന്റെ വരികള്‍ മാറ്റാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? ആശാന്റെ വരികളാണ് എന്ന് പറഞ്ഞ് എനിക്ക് തോന്നിയത് പഠിപ്പിക്കാന്‍ അവകാശമുണ്ടോ? അങ്ങനെ ചെയ്താല്‍ അത് അനുചിതമാണ് എന്ന് പറയേണ്ടതല്ലേ? എനിക്ക് അവകാശം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പാഠപുസ്തകക്കമ്മറ്റികള്‍ പുസ്തകത്തില്‍ കവിത ചേര്‍ക്കും മുമ്പ് വിളിച്ച് എന്റെ അനുമതി തേടുന്നത്? ഞാന്‍ ചത്തുപോയാല്‍ എന്റെ കവിതയെന്ന പേരില്‍ എന്തൊക്കെ പഠിപ്പിക്കും എന്തൊക്കെ ചെയ്യും എന്ന് പറയാനാവില്ല. അതേച്ചൊല്ലി നിയമത്തര്‍ക്കങ്ങളിലേക്ക് പോകാനും എനിക്ക് കഴിവില്ല. അതിനാലാണ് വിനയപൂര്‍വം ഈ യാചന നടത്തിയത്. പിന്നെ പഠിക്കാനും പഠിപ്പിക്കാനും വേണ്ടി  ഇന്നോളം ഞാന്‍ കവിത  എഴുതിയിട്ടില്ല

ഏതോ ഒരു കുട്ടി അക്ഷരത്തെറ്റ് വരുത്തിയതിന് മുഴുവന്‍ കുട്ടികളേയും അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? നിങ്ങളുടെ കവിത ഇഷ്ടമുള്ള ഒരു കുട്ടി സന്തോഷത്തോടെ പഠിക്കുന്നുണ്ടെങ്കില്‍ അതാണ് ശരി എന്ന് ആഹ്ലാദിക്കുകയല്ലേ വേണ്ടത്. ഇപ്പോഴത്തെ വിലക്ക് അപക്വമല്ലേ? 

സ്‌കൂളിലും കോളേജിലും നിന്നല്ല ഞാന്‍ മലയാള ഭാഷ പഠിച്ചത്. ഞാന്‍ വായിച്ച മികച്ച കൃതികളൊന്നും സിലബസ്സില്‍ ഉണ്ടായിരുന്നുമില്ല. ഡോസ്റ്റോവ്‌സ്‌കിയുടെ നോവലുകളും ബോദ്‌ലയറുടെ കവിതകളും എന്തിന് ഇഷ്ടപ്പെട്ട ആശാന്‍ കൃതികള്‍ പോലും സിലബസിന് പുറത്തായിരുന്നു. എന്റെ കവിതയും ആര്‍ക്കെങ്കിലും ഇഷ്ടമാണ് എന്ന് തോന്നിയാല്‍ മാത്രം വായിച്ചാല്‍ മതി. സിലബസ്സില്‍ ഇല്ലെന്ന് വച്ച് വായനക്കാരന്‍ ഇല്ലാതെ പോയാല്‍ എന്റെ കവിതകളും വ്‌സമരിക്കപ്പെട്ടോട്ടെ. മറഞ്ഞു പൊയ്‌ക്കോട്ടെ. പിന്നെ പോര്‍ണോഗ്രാഫി വായിക്കുന്നത് ആരെങ്കിലും സിലബസ്സില്‍ വച്ചിട്ടാണോ? ജന്മവാസനകളെ പെരുപ്പിക്കുന്നത് ഓരോരുത്തരും കണ്ടെത്തി വായിക്കും. അത് പ്രകൃതിനിയമമാണ്. സര്‍വകലാശാലാ ചോദ്യപേപ്പറില്‍ എന്റെ കവിതയെ പറ്റിയുള്ള ചോദ്യങ്ങള്‍ കണ്ട്  ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. അത്രമേല്‍ അര്‍ത്ഥശൂന്യമായ ചോദ്യങ്ങളാണ്. അവയ്ക്ക് ഉത്തരമെഴുതുന്ന കുട്ടികള്‍ എന്നേയും എന്റെ മുന്‍തലമുറകളേയും ശപിക്കും. മാത്രമല്ല പറഞ്ഞല്ലോ, പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടിയല്ല ഞാന്‍ കവിത എഴുതിയത്. 

നേരത്തേ എന്‍. പ്രഭാകരന്റെ കഥ 'കളിയെഴുത്ത്' വന്നു.  പിന്നാലെ ഇപ്പോള്‍ അധ്യാപകരെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ താങ്കളും നടത്തുന്നു. എനിക്ക് മാത്രമേ വിവരമുള്ളൂ എന്ന ഗര്‍വല്ലേ ഇത്. നല്ല അധ്യാപകരെ കൂടിയല്ലേ ഇതുവഴി തള്ളിപ്പറയുന്നത്?

നല്ല കുട്ടികള്‍ ഉള്ള പോലെ നല്ല അധ്യാപകരും ഉണ്ട്. പലരും എന്റെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നെ പഠിപ്പിച്ചിട്ടുള്ള മികച്ച അധ്യാപകരാരും സിലബസ്സിലുള്ളത് മാത്രം പഠിപ്പിച്ച് നടന്ന് പോയവരല്ല. മറിച്ച് സിലബസ്സില്‍ ഇല്ലാത്തതാണ് പലരും നന്നായി പഠിപ്പിച്ചിട്ടുള്ളത്. സിലബസ്സില്‍ വന്നാല്‍ മാത്രമേ എന്റെ കവിത പഠിപ്പിക്കൂ എന്ന് ഏതെങ്കിലും അധ്യാപകന് തോന്നിയാല്‍ അവന്‍ എന്റെ കവിത പഠിപ്പിക്കേണ്ട. കാവ്യാനുശീലനത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എന്റെ വരികള്‍ പരാമര്‍ശവിഷയമാകാന്‍ അര്‍ഹമെന്ന് തോന്നിയാല്‍ മാത്രം അധ്യാപകര്‍ എന്നെ ഓര്‍ത്താല്‍ മതി. ഞാന്‍ എന്റെ കവിത പഠിപ്പിക്കണം എന്ന് പറയുന്നില്ലല്ലോ. അങ്ങനെ പറഞ്ഞാലല്ലേ ഗര്‍വിന്റേയും അഹങ്കാരത്തിന്റേയും പ്രശ്‌നമാകുന്നുള്ളൂ.

ഇതു തന്നെയാണ് പ്രശ്‌നം. ഒരു അധ്യാപിക സന്ദര്‍ശനം എന്ന കവിത തെറ്റായി പഠിപ്പിച്ചതിന് മുഴുവന്‍ അധ്യാപകരേയുമാണ് താങ്കള്‍ കുറ്റപ്പെടുത്തുന്നത്.

സാധാരണക്കാര്‍ക്ക് തെറ്റിയാല്‍ പ്രശ്‌നമില്ല. നെറ്റ് പാസായി  അധ്യാപകരാവുന്നവര്‍ അടിസ്ഥാനകാര്യങ്ങള്‍ പോലും തെറ്റിക്കുന്നത് ഗൗരവതരമാണ്. സംസ്‌കൃതം എം.എയ്ക്ക് പഠിക്കുന്നവര്‍ക്ക് ആനന്ദം എന്ന് എഴുതാനറിയില്ലെങ്കില്‍ അവരെ ഇതുവരെ ആരും തിരുത്തിയിട്ടില്ല എന്നല്ലേ അര്‍ത്ഥം. മോശം കുട്ടിയെ തിരുത്തിയാണ് നല്ല അധ്യാപകനുണ്ടാവുന്നത്. നല്ലത് പഠിക്കാനല്ലേ സ്‌കൂളിലും കോളേജിലും പോകുന്നത്. അല്ലെങ്കില്‍ കുട്ടികളെ ചന്തയില്‍ വിട്ടാല്‍ പോരേ. അപ്പോള്‍ ഇവരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം തന്നെ ശരിയല്ല എന്ന് പറയേണ്ടിവരും. പ്രവേശനത്തിന് നിശ്ചയിക്കുന്ന കുറഞ്ഞ മാര്‍ക്കാണല്ലോ  കോഴ്‌സിന്റെ തന്നെ മാനദണ്ഡം. കോളേജില്‍ പഠിക്കുന്ന കുട്ടി അഞ്ജന എന്ന സ്വന്തം പേര് അജ്ഞന എന്ന് എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ ആരും ആ കുട്ടിയെ തിരുത്തിയിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ പഠിക്കാന്‍ സ്‌കൂളില്‍ പോകേണ്ടതില്ല. പരമമായ നിലവാരത്തകര്‍ച്ചയാണിത്. 

ഈ പാവം കുട്ടികളും അധ്യാപകരും പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെയായി പോകുന്നു. അതിലേറെ മനോവൈകൃതങ്ങള്‍ സമൂഹത്തില്‍ നിത്യേന ഉല്‍പാദിപ്പിക്കുന്ന സീരിയലുകളില്‍ അഭിനയിക്കുന്ന താങ്കള്‍ ഇവരെ കുറ്റപ്പെടുത്തുന്നതിലെ ധാര്‍മ്മികതയെന്ത്? 

സീരിയല്‍ എന്റെ ഉപജീവനമാര്‍ഗ്ഗമാണ്. എന്നാല്‍ കവിത എന്റെ ആത്മാവിഷ്‌കാരമാണ്. ധാരാളം പ്രഫസര്‍ കവികള്‍ നാട്ടിലുള്ളപ്പോള്‍ ഒരു സീരിയല്‍ നടന്റ കവിത എന്തിനാണ് പഠിപ്പിക്കാന്‍ വയ്ക്കുന്നത്. അതെടുത്ത് കളഞ്ഞേക്കൂ എന്നാണല്ലോ ഞാനും ആവശ്യപ്പെടുന്നത്. ഇതിന് മുമ്പ് 25 കൊല്ലം ട്രഷറിയില്‍ ജോലി ചെയ്ത പോലെ തന്നെ ഞാന്‍ ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നു. അന്ന് ട്രഷറിയില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പൊക്കിപ്പിടിച്ച്  നിങ്ങള്‍ എന്തിന് ജോലി ചെയ്യുന്നു എന്ന് ആരും ചോദിച്ചില്ലല്ലോ. മാത്രമല്ല, കോളേജ് അധ്യാപകരെപ്പോലെ സ്വയം മഹാന്മാരാണെന്ന് സീരിയലുകാര്‍ പറയാറുമില്ല. കേരളത്തിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഞാന്‍ കവിയല്ല എന്ന് പ്രഖ്യാപിച്ചോട്ടെ. എനിക്ക് ഒരു പുല്ലുമില്ല. അക്ഷരം പഠിപ്പിക്കേണ്ടുന്ന പ്രഥമവും പ്രധാനവുമായ സ്വന്തം ജോലിയില്‍ മാത്രമേ അധ്യാപകര്‍ വീഴ്ച വരുത്തുന്നുള്ളൂ. ട്രഷറിയില്‍ ബില്ല് കൊടുക്കുമ്പോള്‍ ഒരധ്യാപകനും അമ്പതിനായിരത്തിന് പകരം അയ്യായിരം എന്ന്  ഇന്നോളം തെറ്റി എഴുതിയിട്ടില്ല. അധ്യാപകരെപ്പോലെ തന്നെ നികുതി അടച്ചാണ് സീരിയലില്‍നിന്നും ശമ്പളം വാങ്ങുന്നത്. ഇതു പറയുമ്പോള്‍ എനിക്ക് മുഴുവന്‍ അധ്യാപകരോടും ശത്രുതയാണെന്നൊന്നും കരുതേണ്ടമില്ല. ഇവിടെ തന്നെ കാലടി സര്‍വകലാശാലയിലെ മികച്ച ഒട്ടേറെ അധ്യാപകര്‍ എന്റെ അടുത്ത സുഹൃത്തുക്കളാണ്.

അപ്പോള്‍ ഇതൊരു രാഷ്ട്രീയ നിലപാടാണ്? 

ഏറ്റവും കൂടുതല്‍ വിജയശതമാനമാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി വിദ്യാര്‍ത്ഥികളെ നേടിക്കൊടുക്കുക, പരമാവധി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, വിദ്യാര്‍ത്ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും കോഴ വാങ്ങുക. ഇതാണ്  ഇവിടെ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തിന്റെ ലക്ഷ്യം. ഇതിനാണ് ഈ ആള്‍ പ്രമോഷന്‍. അതു കൂടാതെ വിശാലമായ കോര്‍പറേറ്റ് അജണ്ട വേറേയുമുണ്ട്. ഭാഷയും ഗണിതശാസ്ത്രവും ശരിയായി പരിശീലിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ചിന്താശക്തി വര്‍ദ്ധിപ്പിക്കും. ഭാവനയെ വികസിപ്പിക്കും. ഭാഷാപഠനത്തിലെ അവ്യവസ്ഥകള്‍ ചിന്താശക്തിയെ മന്ദീഭവിപ്പിക്കും. അതൊരു കോര്‍പറേറ്റ് ആവശ്യമാണ്. 

അപ്പോഴും ചോദ്യം ബാക്കിയാവുന്നു. പണ്ട് മഹാരാജാസില്‍ ഒപ്പം പഠിച്ചവരൊക്കെ മലയാള ഭാഷ താങ്കളെപ്പോലെ കൈകാര്യം ചെയ്തവരല്ല. ഏറ്റക്കുറച്ചിലുകളുണ്ട്. പുതിയ തലമുറ തീര്‍ത്തും തെറ്റ് എന്ന് പറയുന്നത് നൊസ്റ്റാള്‍ജിയയാണ്. ഇനി പഠിപ്പിക്കുന്ന രീതിയാണ് തെറ്റെങ്കില്‍ ഏകാകിയായ വായനക്കാരനെ  എന്താണ് സ്വന്തം കവിത എന്ന് പഠിപ്പിച്ചാല്‍ പോരേ. താങ്കള്‍ക്ക് എത് എളുപ്പവുമാണല്ലോ? 

കാവ്യാസ്വാദകനും പഠിപ്പിക്കുന്നവനും തമ്മില്‍ ഗര്‍ഭിണിയും ഗൈനക്കോളജിസ്റ്റും തമ്മിലുള്ള വ്യത്യാസമുണ്ട്. ഗര്‍ഭാവസ്ഥയുടെ ശാസ്ത്രീയസത്യങ്ങളും ആന്തരിക യാഥാര്‍ത്ഥ്യങ്ങളും ഗൈനക്കോളജിസ്റ്റിനേ മനസ്സിലാവൂ. എന്നാല്‍ ഗര്‍ഭത്തിന്റെ വേദനയും ആനന്ദവും ഗര്‍ഭിണിക്ക് മാത്രമേ അറിയാനാവൂ. പിന്നെ ആരും ഗര്‍ഭിണിയാവുന്നത് ഗൈനക്കോളജിസ്റ്റിന് വേണ്ടി അല്ലല്ലോ...!