ശ്രീനാരായണ ഗുരുവിന്റെ വചനം പുസ്തകത്തില്‍ തെറ്റായി അച്ചടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം കോടതിയിലേക്ക് കടന്നിരിക്കുന്നു. ഗുരുവചനം തെറ്റായി അച്ചടിച്ചതില്‍ പുസ്തക പ്രസാധകര്‍ മാപ്പു പറഞ്ഞുകൊണ്ടും വിപണിയില്‍നിന്നു പുസ്തകം പിന്‍വലിച്ചതുകൊണ്ടും പ്രശ്‌നം ഒതുങ്ങിത്തീരാന്‍ പാടില്ലെന്നുമാണ് ഗുരുദേവഭക്തനും മാധ്യമ പ്രവര്‍ത്തകനുമായ സോമനാഥന്‍ പി.എസ്സിന്റെ ആവശ്യം. സോമനാഥനുമായുള്ള സംഭാഷണത്തിലേക്ക്.

അയല്‍പക്കബന്ധം തഴച്ചുവളര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഗുരുവചനത്തെ അയല്‍പക്കം തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാക്കി ചിത്രീകരിച്ചു എന്നാണ് താങ്കള്‍ ആരോപിക്കുന്നത്. 

മൂന്നു മാസം മുമ്പാണ് ഇങ്ങനെയാരു പ്രശ്‌നം ശ്രദ്ധയില്‍ പെടുന്നത്. എന്‍.പി. ബാലചന്ദ്രന്‍ എന്ന വായനക്കാരന്‍ ഓം ചേരി എന്‍.എന്‍. പിള്ള എഴുതിയ 'നന്ദി;  ഒരു വെറും വാക്കല്ല' എന്ന പുസ്തകം വാങ്ങി തുറന്നു നോക്കിയപ്പോള്‍ത്തന്നെ കണ്ണിലുടക്കിയത് 'അയലു തഴപ്പതിനായതിപ്രയത്‌നം നയമറിയും നരനാചരിച്ചിടേണം' എന്ന ഗുരുവചനം 'അയലു തകര്‍പ്പതിനായതിപ്രയത്‌നം നയമറിയും നരനാചരിച്ചിടേണം' എന്നു തെറ്റായി അച്ചടിച്ചുവെച്ചിരിക്കുന്നതാണ്. അദ്ദേഹം അപ്പോള്‍ തന്നെ അത് വില്‍പ്പനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി. അവര്‍ അതേയോ ശരി എന്ന മട്ടില്‍ പുസ്തകം വില്‍പന തുടരുകതന്നെ ചെയ്തു. പുസ്തകം അദ്ദേഹത്തിന്റെ കയ്യില്‍നിന്നു വേണ്ടപ്പെട്ടര്‍ ആരോ വാങ്ങിക്കൊണ്ടുപോയപ്പോള്‍ അദ്ദേഹം പുസ്തകശാലയില്‍ പോയി വീണ്ടും അതേ പുസ്തകം വാങ്ങി. പുസ്തകം തിരുത്തില്ലാതെ തന്നെയാണ് അപ്പോഴും വിറ്റു കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇക്കാര്യം മുന്‍ പിന്നോക്ക വികസന ഡയറക്ടര്‍ വി.ആര്‍. ജോഷിയോട് പറഞ്ഞു. അദ്ദേഹം ഒരു സര്‍ജറി ചെയ്തു കിടക്കുകയായതിനാല്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കുവാനായി എനിക്കും സച്ചിദാനന്ദസ്വാമിക്കും കുറച്ചാളുകള്‍ക്കും അയച്ചു. ഞാന്‍ പുസ്തകശാലയില്‍പ്പോയി ആരോപണവിധേയമായ പുസ്തകം വാങ്ങി വായിക്കുകയും തെറ്റായിട്ടാണ് ഗുരുവചനം അച്ചടിച്ചത് എന്നുറപ്പാക്കാനായി പലര്‍ക്കും അയച്ചുകൊടുക്കുകയും എന്റെ കയ്യിലുള്ള ഗുരുവചനങ്ങളുടെ സമാഹാരത്തില്‍നിന്ന്‌ ഇതേ വചനങ്ങള്‍ കണ്ടെത്തി ഗുരുതരമായ തെറ്റാണ് വരുത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. അയല്‍പക്കബന്ധം തഴപ്പിച്ചു വളര്‍ത്താന്‍ ആഹ്വാനം ചെയ്ത ഗുരുവിനെ അയല്‍പക്കബന്ധം തകര്‍ക്കുന്ന ആളാക്കിയിരിക്കുന്നു! പൊറുക്കാന്‍ പാടില്ലാത്ത ഈ തെറ്റിനെതിരെയാണ് പോരാട്ടം. 
 
പുസ്തകം പിന്‍വലിച്ചു കൊണ്ടുള്ള പ്രസാധകരുടെ വാര്‍ത്താക്കുറിപ്പ് കണ്ടു. എന്റെ ചോദ്യം ഇതാണ്: അപ്പോള്‍ വിറ്റുപോയ പുസ്തകങ്ങളെ നിങ്ങള്‍ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ പുസ്തകങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഗുരുവിനെ അയല്‍പക്ക വിരോധിയായി ചിത്രീകരിക്കുകയല്ലേ ചെയ്യുക? വാങ്ങിയവരോട് അവരുടെ വീടുകളില്‍ പോയി പ്രസ്തുത പുസ്തകം നശിപ്പിച്ചുകളയാന്‍ പറയാന്‍ പറ്റുമോ പ്രസാധകര്‍ക്ക്? വരും തലമുറ ഗുരുവിനെ തെറ്റിദ്ധാരണയോടെയല്ലേ വീക്ഷിക്കുക? ഗുരുദേവനെ തേങ്ങ കൊണ്ട് അടിച്ചു കൊന്നതാണ് എന്ന പ്രചാരണം ഞാന്‍ കേട്ടിട്ടുണ്ട്. ചട്ടമ്പി സ്വാമികളുടെ ശിഷ്യനാണ് അദ്ദേഹം എന്നും പ്രചരിപ്പിച്ചവരുണ്ട്. അത്തരത്തിലുള്ള വാദങ്ങള്‍ കേട്ടറിഞ്ഞുകൊണ്ട് പുസ്തകങ്ങളില്‍ വിളമ്പുന്നവരുമുണ്ട്. അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നു. അതേക്കുറിച്ച് പിന്നീട് വാദപ്രതിവാദങ്ങളും നടക്കുന്നു. തേങ്ങകൊണ്ട് കൊലപ്പെടുത്തിയവർക്കാണോ അയൽപക്കവൈരിയായി ഗുരുവിനെ ചിത്രീകരിക്കാൻ പ്രയാസം? ഇങ്ങനെ സംഭവിക്കുന്നതിനു കാരണം ആദ്യമായി ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയോ അതു പിന്‍പറ്റി എഴുതുകയോ ചെയ്യുമ്പോള്‍ നിശിതമായി എതിര്‍ക്കാനും തടയാനും ശ്രമിക്കാത്തതിനാലാണ്. അന്നങ്ങനെ ചെയ്തിരുന്നെങ്കില്‍ ഗുരുവിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകള്‍ നിലനില്‍ക്കില്ലായിരുന്നു. വിറ്റുപോയ, തെറ്റുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലുമൊന്ന് ഭാവിയിലെ ചരിത്രമാണ്. ചരിത്രമാകുമെന്നതില്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.  അതില്‍ അച്ചടിച്ചതു പ്രകാരം ഗുരുദേവനെ അയല്‍പക്ക വൈരിയാക്കിയിരിക്കുന്നു. ഞാന്‍ തെറ്റായി എഴുതിപ്പോയതാണ് എന്ന് കുറ്റമേല്‍ക്കാന്‍ എഴുത്തുകാരനോ അച്ചടിപ്പിശകു പറ്റിയതാണ് എന്ന് ഏറ്റുപറയാന്‍ പ്രസാധകരോ അക്കാലത്ത് ജീവിച്ചിരിക്കില്ല. പുനര്‍ജനിച്ച് വരികയുമില്ല. അന്ന് അതു വായിക്കുന്നവരെ ആരാണ് തിരുത്തുക? 

Books
നാരായണഗുരുവിൻെറ ശരിയായ വചനം,പുസ്തകത്തിൽ തെറ്റായി അച്ചടിച്ച് വന്നത്

അച്ചടിപ്പിശക് വന്നാല്‍ പുസ്തകം പിന്‍വലിക്കുക എന്നത് സ്വാഭാവികമാണ്. അല്ലാതെ മറ്റെന്തു പരിഹാരമാണ് താങ്കള്‍ മുന്നോട്ടുവെക്കുന്നത്?

അച്ചടിച്ച പുസ്തകത്തില്‍ തെറ്റു പറ്റിപ്പോയി എന്നു പറഞ്ഞിട്ടു കാര്യമില്ല. അതിന്റെ പരിഹാരമാണ് വേണ്ടത്. ആവശ്യം ഇതാണ്. പിന്‍വലിച്ച പുസ്തകം തെറ്റു തിരുത്തി പ്രസിദ്ധീകരിക്കണം. ആമുഖക്കുറിപ്പില്‍ അതേ ഗുരുവചനം തെറ്റില്ലാതെ അച്ചടിക്കുകയും പ്രസ്തുത പുസ്തകത്തിന്റെ മുന്‍ കോപ്പികളില്‍ അച്ചടിച്ചത് ഇങ്ങനെയാണ് എന്നും അത് തെറ്റായി അച്ചടിച്ചതാണ്, ആ തെറ്റിന് നിര്‍വ്യാജം ക്ഷമയും അതേ ആമുഖ പേജില്‍ രേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇതേച്ചൊല്ലി തര്‍ക്കം വരുമ്പോള്‍ എതിര്‍വാദക്കാരുടെ കയ്യില്‍ രേഖയുണ്ടാവുകയുള്ളൂ. 

'അയലു തഴപ്പതിനായതിപ്രയത്‌നം നയമറിയും നരനാചരിച്ചിടേണം' എന്ന ശരിയായ ഗുരുവചനം അദ്ദേഹത്തിന്റെ ആത്മോപദേശശതകത്തിലുള്ളതാണ്. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, ശ്രീനാരായണ സമ്പൂര്‍ണകൃതികളിലോ അച്ചടിച്ചുവന്ന ആത്മോപദേശ ശതകത്തിലോ ഇപ്പോള്‍ ഈ വരികള്‍ ഉള്‍പ്പെട്ടിട്ടില്ല. ആത്മോപദേശം ഗുരു എഴുതിയ സമയത്ത് കുമാരനാശാന്റെ പത്രാധിപത്യത്തിലാണ് വിവേകോദയത്തില്‍ അത് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്. അങ്ങനെ പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ കവിത പുറത്തു വന്നത്. പിന്നീട് പുസ്തകമാക്കിയപ്പോള്‍ നൂറെണ്ണം തികയ്ക്കാനുള്ള ലക്ഷ്യത്തില്‍ 'അയലു തഴപ്പതിനായതിപ്രയത്‌നം നയമറിയും നരനാചരിച്ചിടേണം' മാറ്റി നിര്‍ത്തപ്പെട്ടു. ഗുരുദേവന്റെതായി ഇങ്ങനെയാരു വചനം ഉണ്ടെന്നു പ്രസ്താവിക്കാനുള്ള തെളിവിനായി പരതിയപ്പോഴാണ് അറിയുന്നത് ഈ വചനം അടുത്ത കാലത്തൊന്നും കണ്ടെടുക്കപ്പെടുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന്. പക്ഷേ എന്റെ സ്വകാര്യ പുസ്തകശേഖരത്തില്‍ ഈ വചനമടങ്ങുന്ന ഗുരുകവിതാ സമാഹാരം ഉണ്ട്. അത് ഞാന്‍ ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഭാവിയില്‍ ഏതൊരു മഹാന്റെയും ഉദ്ധരണികള്‍ കേട്ടറിഞ്ഞ് ഉപയോഗിക്കുന്നവര്‍ക്കുള്ള പാഠമായിരിക്കട്ടെ ഇത്.  

P.S Somanathan
പി.എസ് സോമനാഥൻ

പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും താങ്കള്‍ സങ്കീര്‍ണമാക്കുന്നു. പുസ്തകം സംയുക്തമായി അച്ചടിച്ച രണ്ട് പ്രസാധകരും ഖേദം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയതാണ്. 

ഒരു പത്രപ്രസ്താവനയില്‍ നാക്കുപിഴച്ചാല്‍ അതില്‍ ഖേദം പ്രകടിപ്പിച്ചാല്‍ വിഷയം തീര്‍ന്നു. ഒരു നോട്ടീസിലോ ലേഖനത്തിലോ പിഴവ് വന്നാല്‍ അത് തിരുത്തി പ്രസിദ്ധീകരിച്ചാല്‍ പ്രശ്‌നം തീര്‍ന്നു. പക്ഷേ, പുസ്തകം അങ്ങനെയല്ല. എന്റെ കയ്യില്‍ 1953-ലെ എസ്.എന്‍.ഡി.പി. യോഗത്തിന്റെ കനകജൂബിലി പതിപ്പ് ഇപ്പോഴും ഇരിക്കുന്നുണ്ട്. പുസ്തകങ്ങളുടെ മഹത്വമതാണ്. ഇന്നത്തെ അവസ്ഥയില്‍ കേരളം മുന്നോട്ടു പോകുകയാണെങ്കില്‍ ശ്രീനാരായണീയര്‍ എന്നൊരു വിഭാഗം അടുത്ത അമ്പതു കൊല്ലത്തിനു ശേഷം ഉണ്ടാകാന്‍ പോലും സാധ്യതയില്ല. ഗുരുപ്രതിമ പോലും കാണുകയുണ്ടാവില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഗുരുവചനം കൂടി തെറ്റായി രേഖപ്പെടുത്തപ്പെട്ട പുസ്തകം തെളിവായി അവശേഷിക്കും. ഈ കേസുമായി മുന്നോട്ട് പോകുന്നത് ഗുരുഭക്തിയുടെ ഭാഗമാണ്. പരാതിയില്ലാത്തവര്‍ പ്രശ്‌നം പരിഹരിച്ചു എന്നുപറയുന്നതില്‍ അര്‍ഥമില്ല. പരാതി എനിക്കാണ്. ആ പരാതിയുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠംവരെ പോകാനും സജ്ജമാണ്.

ഇതങ്ങനെ ഒതുക്കിത്തീര്‍ക്കേണ്ട ഒന്നല്ല. കേസുമായി മുന്നോട്ടു പോകുകയാണ്. രണ്ട് പ്രസാധകര്‍ക്കും എഴുത്തുകാരനും വക്കീല്‍ നോട്ടീസ് അയക്കാനാണ് തീരുമാനം. അവിടെയും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നു കേള്‍ക്കുന്നു. എന്റെ ആവശ്യം അവര്‍ അംഗീകരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ ഞാന്‍ പിന്‍മാറും. പത്രത്തില്‍ ക്ഷമാപണമല്ല എന്റെ ആവശ്യം പുതിയ കോപ്പികളില്‍, മുന്‍ കോപ്പികളിലെ തെറ്റ് എടുത്തു പറഞ്ഞുകൊണ്ടുള്ള ക്ഷണാപണമാണ്. അതില്‍ക്കുറഞ്ഞ ഒരു കോംപ്രമൈസിനും ഇല്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം ഉന്നതനാവുന്നത് അപ്പോഴാണ്. അതല്ല എങ്കില്‍ ശ്രീനാരായണ വചനത്തെ ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനിച്ചു എന്നെനിക്ക് ആരോപിക്കേണ്ടി വരും. ഗുരുവിന്റെ സോദ്ദേശ്യം അത് എടുത്തുപയോഗിക്കുന്നവര്‍ക്കും ആകാമല്ലോ. ഒരു പുസ്തകം അച്ചടിക്കു മുമ്പേ കടന്നുപോകേണ്ടതായിട്ടുള്ള ഘട്ടങ്ങള്‍ ധാരാളമുണ്ടല്ലോ. ഇതിന്റെ പ്രൂഫ് വായനയും ഫാക്ട് ചെക്കും അക്ഷരത്തെറ്റും അച്ചടിപ്പിശകുമൊന്നും ആരും കണ്ടിട്ടുണ്ടായിരുന്നില്ലേ? ഇങ്ങനെയാണോ പുസ്തകങ്ങള്‍ വായനക്കാരുടെ കയ്യിലെത്തേണ്ടത്?

നൂറു വര്‍ഷം കഴിഞ്ഞിട്ടും പുസ്തകം നിലനില്‍ക്കുന്ന കാലത്തെയാണ് ഗുരുദേവഭക്തനെന്ന നിലയില്‍ ഞാന്‍ ആശങ്കപ്പെടുന്നതും ഭയപ്പെടുന്നതും. തെറ്റു പറ്റിയതാണ് തിരുത്തുന്നു എന്നു പറയാന്‍ എഴുത്തുകാരനും പ്രസാധകരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഭാവിയില്‍ ആ തിരുത്ത് ഗവേഷകരുടെ ചുമതലയാക്കാതെ ഇന്ന്, ഇപ്പോള്‍ അവര്‍ക്ക് തന്നെ ഏറ്റെടുത്ത് തിരുത്താവുന്നതേയുള്ളൂ. ഞാന്‍ സാഹിത്യപ്രവര്‍ത്തകനോ പുസ്തകമെഴുത്തുകാരനോ അല്ല. എഴുത്തുകാരനോടും പ്രസാധകരോടും വ്യക്തിപരമായി വിദ്വേഷമോ വെറുപ്പോ ഇല്ല. പക്ഷേ, ഒരു ശ്രീനാരായണ ധര്‍മപ്രചാരകന്‍ എന്ന നിലയില്‍ ഈ തെറ്റ് ക്ഷമിക്കാന്‍ കഴിയില്ല, തിരുത്താത്തിടത്തോളം കാലം. 

Content Highlights: interview with p s somanthan on sreenarayana guru quote dispute by omcheri n n pillai spcs