മണ്ണ്‌നെ മന്‌സ തിങ്കക്കുള്ളെ
മന്‌സിനെ മണ്ണ് തിങ്കത്
സന്തോസമെല്ലാ സത്തുപ്പോസ്
സങ്കടപ്പെട്ട് നിക്കെമ്
സപ്പറക്കുള്ളെ സാവെ
വെക്ക കണക്കെ
നെഞ്ച്ക്കുള്ളെ തീയെ
വെക്ക കാല. 

(മണ്ണിനെ മനുഷ്യര്‍ തിന്നുമ്പോള്‍ 
മനുഷ്യനെ മണ്ണ് തിന്നുന്നു
സന്തോഷമെല്ലാം ചത്തുപോയി
സങ്കടപ്പെട്ട് നില്‍ക്കുന്നു ഞങ്ങള്‍
സപ്പറത്തിനുള്ളില്‍ ശവത്തെ
വയ് ക്കുന്നതു പോലെ
നെഞ്ചകത്തേക്ക് തീ 
വയ്ക്കുന്ന കാലം.) 

(മണ്ണ് എന്ന കവിതയിൽ നിന്ന്) 

ണികണ്ഠന്‍ പ്രതികരിക്കുകയാണ്. അട്ടപ്പാടി എന്ന നാടിന്റെ നൊമ്പരത്തെ കുറിച്ച്, നശിച്ചു പോകുന്ന കാട്, മലകള്‍, പുഴകള്‍, മാറിപ്പോകുന്ന മനുഷ്യജീവിതം എന്നിവയെ കുറിച്ച്...കാട്ടിലും മേട്ടിലും കിഴങ്ങ് കുഴിച്ചെടുത്ത് തീയില്‍ ചുട്ടുതിന്ന്, മലയിടുക്കുകളില്‍ നിന്ന് തേനെടുത്ത്, പുഞ്ചകൃഷി ചെയ്ത്, കാട്ടുചോലയിലെ തെളിനീര്‍ കുടിച്ച്, കാട്ടിലുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് കറിവെച്ച് തിന്ന് ജീവിച്ചിരുന്ന ഒരു കൂട്ടം ആളുകളുടെ സ്വാതന്ത്ര്യവും പാട്ടും താളവും നൃത്തവുമെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന നേര്‍ക്കാഴ്ച തന്റെ കവിതകളിലൂടെ പങ്കുവെക്കുകയാണ് ഈ ഗോത്രവര്‍ഗ്ഗക്കാരന്‍. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയേയും തനതായ സംസ്‌കാരത്തേയും കുറിച്ച് പരിഷ്‌കൃതസമൂഹമെന്ന് അഹങ്കരിക്കുന്ന സമൂഹത്തിനില്ലാത്ത ആശങ്ക വെറുമൊരു പത്താം ക്ലാസുകാരനായ മണികണ്ഠനുണ്ട്. തന്റെ കരുത്തുറ്റ കവിതകളിലൂടെ അക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താമെന്ന അമിത ആത്മവിശ്വാസമൊന്നും മണികണ്ഠനില്ല. പക്ഷെ ഒരവകാശിയെന്ന നിലയില്‍ ഭൂമിയോടുള്ള തന്റെ ഉത്തരവാദിത്വം ഇവ്വിധമെങ്കിലും ചെയ്യണമെന്നാണ് മണികണ്ഠന്റെ പക്ഷം. 

കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തുന്ന മണികണ്ഠന്‍, അട്ടപ്പാടിയുടെ ദുരിതങ്ങള്‍ പറയുകയാണ്. വളരെ ശക്തമായ ഭാഷയിലാണ് മണികണ്ഠന്റെ എഴുത്ത്. തന്റെ മാതൃഭാഷയായ ഇരുളയിലാണ് മണികണ്ഠന്‍ എഴുതുന്നത്. പിന്നീട് മലയാളത്തിലേക്ക് മണികണ്ഠന്‍ തന്നെ പരിഭാഷപ്പെടുത്തും. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് വയനാട്ടില്‍ സംഘടിപ്പിച്ച സാഹിത്യക്യാമ്പില്‍ മണികണ്ഠന്‍ പങ്കെടുത്തിരുന്നു. അവടെയെത്തിച്ചേര്‍ന്ന എഴുത്തുകാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു മണികണ്ഠന്‍. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. പിന്നീട് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങേണ്ട വന്ന മണികണ്ഠന്‍ എഴുത്തുപേക്ഷിച്ചില്ല. കൂലിപ്പണിക്കിടെ വീണുകിട്ടുന്ന അവസരങ്ങളില്‍ വരികള്‍ എഴുതുന്നത് തുടരുന്നു. ഊരിലെ കുടിവെള്ള പ്രശ്‌നപരിഹാരത്തിനെത്തിയ പോലീസുദ്യോഗസ്ഥനോട് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം മണികണ്ഠന്‍ പങ്കുവെച്ചു. അദ്ദേഹം അതിന് പിന്തുണ നല്‍കി. പച്ചമരത്തണല്‍ കത്തിയെരിയുമ്പോള്‍  എന്ന കവിതാസമാഹാരം അങ്ങനെ പുറത്തിറങ്ങി. രണ്ടാമത്തെ പുസ്തകം അടുത്തു തന്നെ പ്രസിദ്ധീകൃതമാകും. 

മണികണ്ഠന്‍ നമ്മോട് സംസാരിക്കുന്നു...

മണികണ്ഠന്റെ എഴുത്തുകള്‍ക്ക് ഏറെ ആഴമുണ്ട്. ഇത്രയും ആഴമുള്ള എഴുത്തുകള്‍ക്ക് മണികണ്ഠനെ പ്രേരിപ്പിക്കുന്നത് എന്താണ്?

നശിച്ചു പോകുന്ന കാട്, മലകള്‍, പുഴകള്‍, മാറിപ്പോകുന്ന മനുഷ്യജീവിതം എന്നിവയാണ് ആഴമുള്ള എഴുത്തുകള്‍ക്കായി പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. എന്റെ കവിതകളിലെ മുഖ്യപ്രമേയം ദുഃഖം, പ്രത്യാശ, പ്രതീക്ഷ, പ്രണയം എന്നിവയാണ്. നാടിന്റെ ദുഃഖങ്ങളെ മനസ്സാല്‍ ഏറ്റുവാങ്ങി അത് എന്റെ കവിതകളില്‍ പ്രതിഫലിപ്പിക്കുന്നു. കടലാഴത്തില്‍ മുങ്ങിത്തപ്പിയാല്‍ മാത്രമേ കടല്‍മുത്തുകള്‍ കയ്യിലെടുക്കാന്‍ സാധിക്കുകയുള്ളൂ. അതു പോലെ ആഴത്തിലുള്ള ചിന്തകള്‍ ആഴത്തിലുള്ള കവിതകള്‍ക്ക് വഴിയൊരുക്കുന്നു.

അട്ടപ്പാടിയ്ക്ക് വേണ്ടി ആ നാടിന് പുറത്തു നിന്നുള്ളവര്‍ കാലങ്ങളായി ശബ്ദമുയര്‍ത്തുന്നു. അട്ടപ്പാടിയിലെ ഗോത്രവര്‍ഗ്ഗക്കാരനെന്ന നിലയില്‍ മണികണ്ഠന്റെ നാടിനോടുള്ള ഉത്തരവാദിത്വമാണോ കവിതകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്?

ഞാന്‍ സ്വപ്നം കണ്ട നാടിനെ യാഥാര്‍ഥ്യമാക്കാനാണ് എന്റെ സൃഷ്ടികളിലൂടെ ശ്രമിക്കുന്നത്. ഞാന്‍ പിറന്ന നാട് ഇന്നൊരു നരകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് എന്റെ നാടിനെ കരകയറ്റാന്‍ ശ്രമിക്കുന്ന ഒരു കൊച്ചുകവിയാണ് ഞാന്‍. പാലൂട്ടി വളര്‍ത്തിയ അമ്മയെ സ്വന്തം മക്കള്‍ തെരുവില്‍ അലയാന്‍ വിട്ടിരിക്കുന്ന അവസ്ഥയാണ് എന്റെ നാടിന്. ആ നാടിനെ രക്ഷിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വവും കടമയുമാണ്. എന്റെ നാടിനോടുള്ള ഉത്തരവാദിത്വം ഞാന്‍ കവിതകളിലൂടെ പറയാന്‍ ശ്രമിക്കുന്നുവെന്നു മാത്രം.

മണികണ്ഠന്റെ കവിതകളില്‍ പ്രതിഷേധസ്വരം നിഴലിക്കുന്നതായി വായിക്കുമ്പോള്‍ അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ടാണത്? എന്താണ് മണികണ്ഠനെ അസ്വസ്ഥമാക്കുന്നത്?

എന്റെ കവിതകളില്‍ പ്രതിഷേധസ്വരം നിഴലിക്കുന്നതിന്റെ പ്രധാനകാരണം നാടിന്റെ ദയനീയാവസ്ഥയാണ്. അട്ടപ്പാടിയിലെ ഭൂരിഭാഗവും നിരക്ഷരരാണ്. അതു കൊണ്ട് തന്നെ അവരില്‍ ആരെ വേണമെങ്കിലും പറ്റിക്കാമെന്നുള്ള ചിന്തയാണ് അക്ഷരാഭ്യാസമുള്ളവര്‍ക്ക്. ഭൂമി കയ്യേറ്റം, ശിശുമരണം, ആത്മഹത്യ തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്ന നാടാണ് അട്ടപ്പാടി. ഞങ്ങള്‍ക്ക് തനതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അവയെ നല്ല രീതിയില്‍ നിലനിര്‍ത്തിപ്പോന്നവരാണ് ഞങ്ങളുടെ പൂര്‍വികര്‍. പക്ഷെ ഇന്ന് ആ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പോറലേറ്റു കൊണ്ടിരിക്കുകയാണ്. കാട്ടിലും മേട്ടിലും കിഴങ്ങ് കുഴിച്ചെടുത്ത് തീയില്‍ ചുട്ടുതിന്ന്, മലയിടുക്കുകളില്‍ നിന്ന് തേനെടുത്ത്, പുഞ്ചകൃഷി ചെയ്ത്, കാട്ടുചോലയിലെ തെളിനീര്‍ കുടിച്ച്, കാട്ടിലുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് കറിവെച്ച് തിന്ന് ജീവിച്ചവരാണ് ഞങ്ങള്‍. ഇന്ന് ആ സ്വാതന്ത്യമെല്ലാം നഷ്ടമായി. ഞങ്ങളുടെ പാട്ടും താളവും നൃത്തവുമെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതിന്റെ വേഗതയാണെന്നെ അസ്വസ്ഥമാക്കുന്നത്.

ആ സംഭവത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. മധുവിന്റെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മണികണ്ഠന്റെ ഉത്തരം ഇതായിരുന്നു. പക്ഷെ മധുവിന്റെ മരണത്തില്‍ പ്രതികരിച്ച് മണികണ്ഠന്‍ അന്ന്‌  ഒരു കവിതയെഴുതി Pasi

ഒമ്പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതായി കേട്ടിട്ടുണ്ട്. വായനയ്ക്ക് സൗകര്യം കിട്ടിയിരുന്നോ / വായന പതിവുണ്ടോ?

കോഴിക്കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തി. അതിനു ശേഷം പഠിക്കണമെന്ന ആഗ്രഹത്തില്‍ അഗളി ജിവിഎച്ച്എസ്എസില്‍ ചേര്‍ന്നു. പത്താം ക്ലാസ് പാതിയില്‍ പഠനം നിര്‍ത്തി. കുറച്ചു ദിവസം കൂലിപ്പണിക്ക് പോയിക്കൊണ്ടിരുന്നു. അതിനു ശേഷം, പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് വേണ്ടി അട്ടപ്പാടിയില്‍ ആരംഭിച്ച ബ്രിഡ്ജസ് സ്‌കൂളില്‍ ചേര്‍ന്ന് തത്തുല്യതാ പരീക്ഷയെഴുതി പത്താം ക്ലാസ് വിജയിച്ചു. അധികം പുസ്തകങ്ങള്‍ വായിക്കാത്ത ഒരാളാണ് ഞാന്‍. പഠിക്കുന്ന കാലത്ത് കുറച്ചു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് മാത്രം. പിന്നീട് അധികം പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. വായിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ സമയം കിട്ടാറില്ല. പുതിയ ഫോണ്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അതിലാണ് വായന

അട്ടപ്പാടിയില്‍ നിന്നൊരു കവി. എങ്ങനെയാണ് സാഹിത്യലോകം ഗോത്രകവികളെ നോക്കിക്കാണുന്നത്, അര്‍ഹിക്കുന്ന അംഗീകാരം / പ്രോത്സാഹനം ലഭിക്കുന്നുണ്ടോ?

pachamarathanal kathiyeriyumbolഎല്ലാവരും ഗോത്രഭാഷാകവിതയെ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മലയാളകവിത എന്ന തലക്കെട്ടില്‍ നിന്ന് മാറി കേരളകവിത എന്ന തലക്കെട്ടിലെത്തി നില്‍ക്കുന്നു സാഹിത്യലോകം. അംഗീകരിക്കപ്പെടേണ്ടവരാണ് ഗോത്രകവികള്‍. ഒരു ഗോത്രകവിയെന്ന നിലയില്‍ അര്‍ഹിക്കുന്ന പ്രോത്സാഹനം എനിക്ക് ലഭിക്കുന്നുണ്ട്. എന്റെ ആദ്യമലയാള പുസ്തകമായ പച്ചമരത്തണല്‍ കത്തിയെരിയുമ്പോള്‍  എന്ന കവിതാസമാഹാരം പുറത്തിറങ്ങിയതിനു ശേഷം അംഗീകാരങ്ങള്‍ തേടിയെത്തി. അട്ടപ്പാടി ആക്ഷന്‍ കൗണ്‍സിലിങ് എന്ന സംഘടനയുടെ മധുസ്മരണ എന്ന പുരസ്‌കാരം 2018 ല്‍ ലഭിച്ചു. പട്ടാമ്പി എസ്എന്‍ജിഎസ് കോളേജില്‍ നടന്ന കവിതാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ സാധിച്ചു. ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിക്കാന്‍ അവസരം ലഭിച്ചു. ഗോത്രകവിത എന്ന കവിതാസമാഹാരത്തില്‍ എന്റെ കവിതകള്‍ക്ക് ഇടം ലഭിച്ചു.

എങ്ങനെയാണ് എഴുത്തിന്റെ രീതി? ആദ്യം ഇരുളഭാഷയിലെഴുതുകയും പിന്നീട് മലയാളത്തിലേക്കും തമിഴിലേക്കും തര്‍ജമ ചെയ്യുന്ന രീതിയാണോ തുടര്‍ന്ന് പോരുന്നത്?

ഞാന്‍ തമിഴിലും മലയാളത്തിലും എന്റെ ഗോത്രഭാഷയായ ഇരുളയിലും എഴുതാറുണ്ട്. സ്‌കൂളില്‍ പോയി തമിഴ് പഠിച്ചിട്ടില്ല. അച്ഛന്‍ മലയാളവും തമിഴും ഇംഗ്ലീഷും ഹിന്ദിയും വായിക്കുമായിരുന്നു. മലയാളവും തമിഴും എഴുതുകയും ചെയ്യും. അച്ഛനില്‍ നിന്നാണ് ഞാന്‍ തമിഴ് പഠിച്ചത്. 2018 ല്‍ നടന്ന് ഒരു സാഹിത്യോത്സവത്തില്‍ വെച്ചാണ് കവി പി. രാമന്‍ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഗോത്രഭാഷയിലെഴുതാന്‍ ഉപദേശിച്ചതും ഗോത്രഭാഷയുടെ ശക്തിയെന്താണെന്ന് മനസിലാക്കിത്തന്നതും. അന്ന് മുതലാണ് ഞാന്‍ ഗോത്രഭാഷയില്‍ എഴുതാന്‍ തുടങ്ങുന്നത്. ആദ്യം ഇരുളഭാഷയിലെഴുതിയ ശേഷം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന രീതിയാണ് തുടര്‍ന്ന് പോരുന്നത്.

എപ്പോഴാണ് മണികണ്ഠന്‍ കവിതകള്‍ കുറിക്കാന്‍ ആരംഭിച്ചത്? മണികണ്ഠനെ രചനാവഴിയിലേക്ക് നയിച്ചതെന്ത്?

കോഴിക്കോട് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് കവിതയെന്ന എഴുത്തുനിലത്തേക്ക് കാല്‍ വെക്കുന്നത്. എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് കവിതകള്‍ എഴുതിത്തുടങ്ങിയത്. വിട്ടുമാറാത്ത ദുരിതങ്ങളും ദുഃഖങ്ങളും, അച്ഛനമ്മമാരുടെ വേര്‍പെടല്‍ എന്നിവ കാരണം വളരെ ദുഃഖിതനായിരുന്നു. ആ നൊമ്പരങ്ങളാണ് എന്നെ രചനാവഴിയിലേക്ക് നയിച്ചത്.

ഒരു മുഴുവന്‍ സമയ എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഒരു മുഴുസമയ എഴുത്തുകാരനാവാന്‍ ആഗ്രഹമുണ്ട്. പക്ഷെ കുടുംബപ്രാരാബ്ദങ്ങള്‍ അതിന് തടസ്സമാകുന്നുണ്ട്. പിന്നീടൊരിക്കല്‍ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഞാനെഴുതുന്ന ഗോത്രകവിതകള്‍ അംഗീകാരത്തിന് വേണ്ടിയല്ല, ഇരുളഭാഷയിലെഴുതുന്നത്. ഇരുളഭാഷ അറിയുന്നവര്‍ക്ക് മാത്രമേ ആ ഭാഷയില്‍ എഴുതാന്‍ കഴിയുകയുള്ളൂ. ഗോത്രഭാഷകള്‍ നാശോന്മുഖഭീഷണി നേരിടുകയാണ്. നാളെ ഗോത്രഭാഷകള്‍ നിലനില്‍ക്കുമോ എന്ന കാര്യം പോലും സംശയമാണ്. അതു കൊണ്ട് ഗോത്രഭാഷയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഇരുളഭാഷയില്‍ എഴുതുന്നത്.

എന്തൊക്കെയാണ് അട്ടപ്പാടി പോലൊരു സ്ഥലത്ത് നിന്നുള്ള എഴുത്തുകാരന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികള്‍?

കവി എന്ന നിലയില്‍ തിളങ്ങി നിന്നാലും അട്ടപ്പാടിയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കവിത പ്രചരിക്കാത്തതുകൊണ്ട് എന്നേയും എന്റെ കവിതകളേയും ആള്‍ക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. അട്ടപ്പാടിയില്‍ നിന്ന് കവിതകള്‍ എഴുതി കുറച്ചെങ്കിലും പുറംലോകമറിഞ്ഞവര്‍, എന്നെ കൂടാതെ ആര്‍.കെ. അട്ടപ്പാടി, പി. ശിവലംഗന്‍ എന്നിവരാണ്. പല ഊരുകളിലും ഒരുപാട് കഴിവുള്ള കുട്ടികളും ചെറുപ്പക്കാരുമുണ്ട്. തങ്ങളുടെ കഴിവുകളെ എങ്ങനെ വെളിപ്പെടുത്തണമെന്നറിയാതെ ഊരുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവരെ കണ്ടെത്തി ഉയരങ്ങളില്‍ എത്തിക്കാന്‍ ഇവിടെയുള്ള അധികാരികള്‍ ശ്രമിക്കണമെന്ന് ആശിക്കുന്നു.

ഒരു ദിവസം ഇവിടെയുള്ള ജനമൈത്രി പോലീസ് കുടിവെള്ള പ്രശ്നപരിഹാരത്തിനായി വന്നു. എന്റെ കവിതകളെ പുസ്തകരൂപത്തിലാക്കണമെന്ന ആഗ്രഹം സിഐ സലീല്‍ സാറിനോട് പറഞ്ഞു. അദ്ദേഹം മറുത്തൊന്നും പറയാതെ ചെയ്യാമെന്നേറ്റു. അങ്ങനെ എന്റെ ആദ്യസമാഹാരമായ പച്ചമരത്തണല്‍ കത്തിയെരിയുമ്പോള്‍ പുറത്തിറങ്ങിയത്. അങ്ങനെയാണ് ഞാനൊരു കവിയാണെന്നത് അട്ടപ്പാടിയില്‍ അംഗീകരിച്ചതും അറിയപ്പെട്ടതും.

മണികണ്ഠന്റെ കുടുംബത്തെ കുറിച്ച്‌...

കൊളപ്പടി എന്ന ഊരിലാണ് ജനിച്ചു വളര്‍ന്നത്. അമ്മ നഞ്ചി, അച്ഛന്‍ മരുതന്‍. സഹോദരി വള്ളി, സഹോദരന്‍ ചിന്നരാജ്. മുത്തച്ഛന്‍, മുത്തശ്ശി, ചെറിയമ്മ, ചെറിയച്ഛന്‍, അമ്മാവന്‍, അമ്മായി, അവരുടെ മക്കള്‍ തുടങ്ങി ഒരുപാട് പേരുള്ള കൂട്ടുകുടുംബത്തിലാണ് ഞാന്‍ ജീവിച്ചത്. ആ പഴയ കൂട്ടുകുടുംബത്തെ വിസ്മരിക്കാനാവുന്നില്ല. പിന്നീട് ഓരോരുത്തരായി പിരിഞ്ഞുപോയി അണുകുടുംബമായി ചുരുങ്ങി. കോഴിക്കോട് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അച്ഛനും അമ്മയും മരിച്ചത്. അത് എന്നെ വല്ലാതെ തളര്‍ത്തി. പിന്താങ്ങാന്‍ ആളില്ലെങ്കിലും പഠിക്കാനുള്ള ആഗ്രഹം കൊണ്ട് പഠിച്ചു. കൂലിപ്പണിക്ക് പോയി എന്റേതായ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തി. ഭാര്യ നിഷ, മക്കള്‍ ഇരട്ടക്കുട്ടികളാണ്- ആദേഷ്, ആദിഷ്.

Manikandan Family
മണികണ്ഠന്‍ കുടുംബത്തോടൊപ്പം

മണികണ്ഠന്റെ മണ്ണ് എന്ന കവിത

Manikandan's poem

 

Content Highlights: Interview with Manikandan Attappadi Tribal Poet