സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വാർത്തയറിയുമ്പോൾ കോഴിക്കോട് മുക്കം അഗസ്ത്യൻമുഴിയിൽ മകൾ ഡോ. എം.എ. മിനിയുടെ വീട്ടിലായിരുന്നു പി. വത്സല. എഴുത്തിനും അധ്യാപനത്തിനുമായി ഒരു ജന്മം സമർപ്പിച്ച പ്രിയപ്പെട്ട വത്സലടീച്ചർക്ക് പുരസ്‌കാരം ലഭിക്കുന്നത്, വിദ്യാലയങ്ങളിലേക്ക് കുട്ടികൾ തിരിച്ചെത്തുന്ന നാളിൽത്തന്നെയായി എന്നത് യാദൃച്ഛികം. മാതൃഭൂമി പ്രതിനിധി കെ.കെ. അജിത്കുമാറിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്

എഴുത്തച്ഛൻ പുരസ്‌കാരവാർത്തയറിഞ്ഞപ്പോൾ എന്തുതോന്നി?

= വളരെ സന്തോഷം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരമായതിനാൽ വിശേഷിച്ചും. എഴുത്തച്ഛനെ നമ്മുടെയൊക്കെ ഗുരുവായാണ് ഞാൻ കാണുന്നത്. ഭാഷയുടെയും മലയാളനാടിന്റെയും ആകെ ഗുരു. ആ പുരസ്‌കാരം കിട്ടുന്നത് എന്തുകൊണ്ടും സന്തോഷകരം.

ഇടതുപക്ഷത്തോടൊപ്പം നടന്ന ടീച്ചർ അവരിൽനിന്ന് അകന്നെന്നും ഹിന്ദുത്വ ആശയക്കാർക്കൊപ്പം ചേർന്നെന്നും നേരത്തേ വിമർശനമുയർന്നിരുന്നു. ഇടതുപക്ഷത്തുനിന്നുതന്നെയാണ് കുറ്റപ്പെടുത്തലുണ്ടായത്. ഇടതുസർക്കാരിന്റെ കാലത്ത് പരമോന്നതപുരസ്‌കാരം ലഭിച്ചതിലെ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു?

=എനിക്ക് പുരസ്‌കാരം ലഭിച്ചതിൽ ഒരു രാഷ്ട്രീയവും കാണുന്നില്ല. എഴുത്തിന്റെ മികവിനാണ് എനിക്ക് അതു ലഭിച്ചത്. ഇതുവരെ കിട്ടിയവയൊക്കെ അങ്ങനെത്തന്നെ. അതിൽ രാഷ്ട്രീയമൊന്നും ഞാൻ കാണുന്നില്ല. അനുഭവിച്ചതാണ് ഞാൻ എഴുതിയത്. അതാണ് എന്റെ ദർശനവും.

ഇടതുപക്ഷത്താണോ ഇന്നും?

= പക്ഷങ്ങളൊക്കെ വ്യാഖ്യാതാക്കൾ തീരുമാനിക്കുന്നതല്ലേ? ഏതെങ്കിലും പക്ഷമാണെന്ന് എളുപ്പത്തിൽ ആളുകളെ മുദ്രകുത്തുകയാണ്. സത്യം എന്ന് എനിക്ക് ബോധ്യമുള്ളതേ ഞാൻ എഴുതിയിട്ടുള്ളൂ. വിശ്വാസമില്ലാത്തതൊന്നും എഴുതിയിട്ടില്ല. ഒരിക്കൽ ചിന്തിച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് തിരിച്ചും മറിച്ചും ആവർത്തിച്ച് ചിന്തിക്കുമ്പോഴും അതുതന്നെയാണ് ശരി എന്നാണ് എന്റെ അനുഭവം.

നെല്ലിലും ആഗ്നേയത്തിലും കൂമൻകൊല്ലിയിലും മറ്റും ടീച്ചർ ആവിഷ്‌കരിച്ച പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

=ഇന്നും ഭക്ഷണം കഴിക്കാൻ വകയില്ലാത്തവരുണ്ടെന്നത് സങ്കടകരംതന്നെയാണ്. കാട്ടിലെ ആദിവാസികൾക്ക് ഇന്നും വിശപ്പിൽനിന്നു മോചനമായിട്ടില്ല. ഭക്ഷണം ചോദിച്ചതിന് മരണം ലഭിച്ച മധുവിന്റെകാര്യം അറിഞ്ഞപ്പോൾ തിരുനെല്ലിയിൽ പണ്ടുകണ്ട ചന്തു എന്ന കുറിച്യനാണ് ഓർമയിലെത്തിയത്. മാവോവാദത്തിന്റെ പേരിൽ ആളുകളെ പോലീസ് വെടിവെച്ചുകൊല്ലുന്നതറിയുമ്പോൾ, വർഗീസിനെ കണ്ടതും പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതും ഓർമയിലെത്തുന്നു.

മാവോവാദത്തിനോട് അനുഭാവം കാണിച്ചതിന്റെ പേരിൽ വിദ്യാർഥികളെ യു.എ.പി.എ. ചുമത്തി ജയിലിലിട്ടതിനെ കഴിഞ്ഞദിവസം സുപ്രീം കോടതി വിമർശിച്ചിരുന്നു. ആഗ്നേയം എന്ന നോവലെഴുതിയതിന്റെപേരിൽ ടീച്ചർക്കെതിരേയും പണ്ട് പോലീസ് അന്വേഷണമുണ്ടായെന്ന് കേട്ടിട്ടുണ്ട്...

= ആഗ്നേയം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുമ്പോഴാണ് അത്. ആഗ്നേയത്തിലെ പൗലോസ് എന്ന കഥാപാത്രത്തിന് നക്സലൈറ്റ് നേതാവ് വർഗീസുമായി സാമ്യമുണ്ടായിരുന്നു. പോലീസ് വെടിവെച്ചുകോന്നശേഷം കളവ് പ്രചരിപ്പിക്കുകയായിരുന്നെന്ന് നോവലിലുണ്ടായിരുന്നു. ഇത് അധികാരകേന്ദ്രങ്ങളിൽ ചർച്ചയായി. എന്നെയും ഭർത്താവ് എം. അപ്പുക്കുട്ടിയെയും കുറിച്ച് പോലീസ് അന്വേഷിച്ചെന്ന് പിന്നീട് അറിഞ്ഞു. ഞങ്ങൾക്ക് നക്‌സൽ ബന്ധമുണ്ടോ എന്നായിരുന്നു അന്വേഷണം. മാതൃഭൂമിയിൽ അന്വേഷിച്ചപ്പോൾ, ഞങ്ങൾ കോഴിക്കോട്ട് അധ്യാപകരാണെന്ന് വി.എം. നായർ അവരെ അറിയിച്ചു.

കോഴിക്കോട്ടുകാരിയായ ടീച്ചർ നെല്ല് എഴുതാൻവേണ്ടിയാണ് തിരുനെല്ലിയിൽ പോയതും ആദിവാസിജീവിതം അടുത്തറിഞ്ഞതും. എന്തായിരുന്നു അതിനു പ്രേരണ?

= നാമൊക്കെ ജീവിക്കുന്ന ജീവിതത്തിന്റെ മറുപുറം കാണണമെന്നും അറിയണമെന്നുമുണ്ടായിരുന്നു. ആദിവാസിജീവിതത്തിന്റെ യാഥാർഥ്യങ്ങൾ കാണിച്ചുതരാൻ അന്നു സഹായിച്ചത് പട്ടികവർഗവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കെ. പാനൂർ ആണ്. പലതവണ യാത്രചെയ്തും താമസിച്ചും വിവരങ്ങളെടുത്തും നാലുവർഷംകൊണ്ടാണ് ആ നോവൽ പൂർത്തിയാക്കിയത്.

കുട്ടിക്കാലം ആവിഷ്‌കരിക്കുന്ന ‘കിളിക്കാലം’ എന്ന നോവൽ എവിടത്തോളമായി?

= അത് 25 അധ്യായങ്ങളായി. വേഗം പൂർത്തിയാക്കണം എന്നാണ് വിചാരിക്കുന്നത്.

 

Content Highlights: Interview with Malayalam novelist P. Valsala,  Ezhuthachan Puraskaram 2021