കേരളപ്പിറവിയെത്തുടർന്നു നിലവിൽവന്ന ആദ്യത്തെ ഇ.എം.എസ്സ് സർക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരിക്കെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിൽ വരുത്തിയ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ പ്രധാനപ്പെട്ട വിദ്യാഭ്യാസനയങ്ങളെക്കുറിച്ച് മുൻ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുമായുള്ള സംഭാഷണം.


കേരളത്തിലെ വിദ്യാഭ്യാസമേഖലയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ആദ്യം ഉദ്ധരിക്കുന്നത് മുണ്ടശ്ശേരിയുടെ വാക്കുകളെയാണ്. മുണ്ടശ്ശേരി ആധുനികവിദ്യാഭ്യാസത്തിന്റെ പെരുന്തച്ചനായതെങ്ങനെയാണ്?

വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ സംഭാവനകളെ വിദ്യാഭ്യാസനിയമവുമായി ചേർത്തുവച്ചാണ് എല്ലാവരും ചർച്ചചെയ്യാറുള്ളത്. നിശ്ചയമായും കേരളത്തിലെ
സ്കൂളുകളുടെ സ്വഭാവവും സ്വരൂപവും മാറ്റുന്നതിൽ ഇ.എം.എസ് സർക്കാരിലെ വിദ്യാഭ്യാസമന്ത്രിയും സാഹിത്യ നിരൂപകനും പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനുമൊക്കെയായ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ നിയമത്തിന് നല്ലൊരു പങ്കുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.

പക്ഷേ അതുമാത്രമല്ല, ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന ഒട്ടേറെ നടപടികൾ ആ വിദ്യാഭ്യാസ ബില്ലിനോട് ചേർത്തു വച്ച് കാണേണ്ടതുണ്ട്. ഉദാഹരണത്തിന് അതേ സർക്കാർ കൊണ്ടുവന്നതാണ് ഭൂപരിഷ്കാരം. ആ സർക്കാർ ആദ്യം പുറപ്പെടുവിച്ച ഉത്തരവുകളിലൊന്ന് കുടിയിറക്ക് നിരോധനമാണ്. ജന്മിയുടെ ഭൂമിയിൽ കുടിലുകുത്തി അടിമയെപ്പോലെ ആ ജന്മിയുടെ പറമ്പിലെയും വീട്ടിലെയും ജോലികളെല്ലാം ചെയ്ത് ജന്മി എറിഞ്ഞുകൊടുക്കുന്ന അരിയോ തുട്ടുകളോ മാത്രം പെറുക്കിയെടുത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ, ഏറിയകൂറും പട്ടികജാതി- പട്ടിക വർഗവിഭാഗത്തിൽ പെട്ടവരോ ഈഴവർ, മുസ്ലിങ്ങൾ ലത്തീൻ ക്രിസ്ത്യാനികൾ തുടങ്ങിയ പിന്നോക്ക വിഭാഗത്തിൽ പെട്ടവരോ പിന്നെ ഏതുസമുദായത്തിലുംപെട്ട ദരിദ്രരോ...അവരൊക്കെയാണ് കുടികിടപ്പുകാരായി ഉണ്ടായിരുന്നത്. ജന്മിമാർ അവരെക്കൊണ്ട് പണിയെടുപ്പിക്കും , അനിഷ്ടം തോന്നുമ്പോൾ അവിടെ നിന്നും നിർദ്ദയം ഇറക്കി വിടുകയും ചെയ്യും. കുടിയിറക്കുക എന്നാണ് പറയുക. കുടികിടപ്പുകാരെ അവരുടെ കുടികിടപ്പ് സ്ഥലത്തുനിന്നും ഇറക്കിവിടാൻ പാടില്ല എന്ന ഇ.എം.എസ് മന്ത്രിസഭയുടെ ഉത്തരവ് ജന്മിമാരുടെ പരമാധികാരത്തിനെതിരായിട്ടുള്ള കനത്ത ആഘാതംകൂടിയായിരുന്നു.

ഇ.എം.എസ് സർക്കാർ വന്ന് രണ്ടാഴ്ചക്കുള്ളിൽ കുടിയിറക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. കുടിയിറക്ക് നിരോധന ഉത്തരവും വിദ്യാഭ്യാസവും തമ്മിൽ എന്തു ബന്ധമാണ് ഉള്ളതെന്നു ചോദ്യമുയരാം. താമസിക്കുന്നിടത്തുതന്നെ തുടർന്നുള്ള വർഷങ്ങളിലും താനും കുടുംബവും താമസം തുടരും എന്ന ഉറപ്പ് കുടികിടപ്പുകാരനുണ്ടെങ്കിലേ അയാളുടെ കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള ധൈര്യം ഉണ്ടാവുകയുള്ളൂ. ഇറ്റാലിയൻ സംവിധായകനായ എർമാനോ ഓൾമിയുടെ ഒരു ചിത്രമുണ്ട്; ''ട്രീ ഓഫ് വുഡൻ ക്ലോഗ്സ്.'' ആ ചിത്രത്തിന്റെ കഥ ഒറ്റവാചകത്തിൽ പറഞ്ഞാൽ ഒരു കുടികിടപ്പു കുടുംബത്തെ അവിടെനിന്നും ഇറക്കിവിടുന്നതോടുകൂടി പ്രതിസന്ധിയിലാവുന്ന ഒരു സ്കൂൾ ബാലന്റെ കഥയാണ്. അവന്റെ വിദ്യാഭ്യാസം മുടങ്ങുന്നതും തുടർന്നുള്ള നിരാശയും വിഷമതകളുമാണ് സിനിമ.

ചുരുക്കിപ്പറഞ്ഞാൽ ഭൂപരിഷ്കരണനിയമവും കുടിയിറക്ക് നിരോധനനിയമവും കൊടുത്ത ആത്മധൈര്യം മക്കളെ പള്ളിക്കൂടത്തിൽ ചേർക്കാൻ ഇത്തരമൊരു ജീവിതാവസ്ഥയിൽ കഴിയുന്നവർക്കുണ്ടായി. ഈ പശ്ചാത്തലത്തിൽ വിദ്യാഭ്യാസനിയമത്തെ കാണണം. മുണ്ടശ്ശേരിയെ അനുസ്മരിക്കുമ്പോൾ ഇന്ന് ആരോഗ്യ-വിദ്യാഭ്യാസമേഖലകളിൽ കേരളം അനുഭവിക്കുന്ന മികവിന് അടിത്തറയാവുന്ന പ്രവർത്തനങ്ങൾ നടത്തിയ ഒരു വിദ്യാഭ്യാസമന്ത്രിയാണ് അദ്ദേഹം എന്നുകൂടിഓർക്കണം.

വിദ്യാഭ്യാസം നേരെയാവുമ്പോഴാണ് ആരോഗ്യവിദ്യാഭ്യാസവും നേരെയാവുന്നത്. കോവിഡ് കാലത്ത്‌ ആരോഗ്യരംഗത്ത് പിന്തുടരേണ്ടതായ സർക്കാർ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നതിന് കാരണം പൊതുവിൽ വിദ്യാഭ്യാസം ഉയർന്നതുകൊണ്ടാണ്. ഇതിനെല്ലാം പിന്നിൽ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസവകുപ്പിന്റെ പരിഷ്കാരങ്ങളും വളരെ പ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. അധ്യാപകർക്ക് ജോലിസ്ഥിരതയുണ്ടായി, ശമ്പളമുണ്ടായി, അവർക്ക് ആത്മാഭിമാനമുണ്ടായി. ചില മാനേജർമാരുടെ വീട്ടിലെ തൊഴുത്തിലെ പണികളടക്കം ചെയ്തിരുന്നത് അധ്യാപകരായിരുന്നു. അത് മാറ്റിയത് മുണ്ടശ്ശേരി മാഷാണ്.

മുണ്ടശ്ശേരിയുടെകാലത്തെ അധ്യാപനനിയമനവും ഇന്നും പ്രതിസന്ധിയിലായിരുക്കുന്ന മാനേജ്മെന്റ്
സ്കൂൾ അധ്യാപകനിയമനവും ചർച്ചചെയ്യേണ്ടതല്ലേ?

ഗൗരവമുള്ള വിഷയമാണിത്. സങ്കീർണ്ണവുമാണ്. കേരളത്തിൽ ഒരു സമവായം ഇതിനെക്കുറിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്. കാരണം സ്വാശ്രയമേഖലകളിലും എയ്‌ഡഡ് മേഖലകളിലും പ്രധാന സമുദായങ്ങളാണ് പിടിമുറുക്കിയിരിക്കുന്നത്. എല്ലാ സമുദായങ്ങൾക്കും സഭാവിഭാഗങ്ങൾക്കും എയ്‌ഡഡ് സ്കൂളുകളുണ്ട്. അദ്ധ്യാപകനിയമനം ഒരു പ്രത്യേക അവകാശമായി അവർ കൈവശം വച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പിന്നിലെന്താണ് ഉള്ളതെന്ന കാര്യം നമ്മുടെ നാട്ടിൽ പരസ്യമായ രഹസ്യമാണ്. അധ്യാപക നിയമനത്തിൽ നടക്കുന്ന കോഴ, മെറിറ്റ് പാലിക്കപ്പെടുന്നില്ല തുടങ്ങിയ പ്രശ്നങ്ങളൊക്കെയുണ്ട്.

യഥാർഥത്തിൽ സർക്കാർ ശമ്പളം കൊടുക്കുമ്പോൾ അധ്യാപക നിയമനത്തിൽ മെറിറ്റ് ഉറപ്പാക്കാനെങ്കിലും സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ സ്വകാര്യ എയ്‌ഡഡ് മാനേജുമെന്റുകൾ തയ്യാറാവേണ്ടതാണ്. അതിലേക്ക് ആലോചിക്കാവുന്ന ഒരു നിർദ്ദേശം ഇതാണ്- അധ്യാപകരുടെ നിയമനം മാനേജ്മെന്റുകൾ തന്നെ നടത്തട്ടെ, അതിൽ കൈകടത്തണ്ട. പക്ഷേ മാനേജ്മെന്റും സർക്കാരും ചേർന്ന് ഒരു കമ്മറ്റിയുണ്ടാക്കണം. ഒരു സർക്കാർ പ്രതിനിധിയും എല്ലാ കോർപ്പറേറ്റ് മാനേജ്മെന്റുകളുടെയും ഓരോ പ്രതിനിധിയും അവർ കൂടിയിരുന്നിട്ട് സ്വകാര്യ-എയ്‌ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിനായി ഒരു പരീക്ഷ നടത്തുക. ആ പരീക്ഷ, നേരെ ചൊവ്വേ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി അതിനകത്ത് മേൽനോട്ടത്തിന് സുസമ്മതരായ പ്രൊഫഷണൽസ് ഉണ്ടായിരിക്കണം. വൈസ്ചാൻസലർമാരും, വിദ്യാഭ്യാസവകുപ്പ് പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും കൂടിച്ചേർന്ന് മേൽനോട്ടംവഹിച്ച് സ്വതന്ത്രമായിട്ട് പരീക്ഷനടത്തുക. പരീക്ഷയ്ക്കുശേഷം തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ മിനിമം യോഗ്യത നേടിയവരിൽ നിന്നുവേണം അധ്യാപക നിയമനം മാനേജ്മെന്റ് നടത്താൻ. ശമ്പളം കൊടുക്കുന്നത് സർക്കാരായതിനാൽ സംവരണതത്വം പാലിക്കാനും എസ്.സി,എസ്.ടി, ഒ.ബി.സി, ഒ.ഇ.സി തുടങ്ങി എല്ലാ വിഭാഗക്കാർക്കും അർഹതപ്പെട്ട സംവരണം കൊടുക്കാനും മാനേജ്മെന്റ് സമ്മതിക്കുമെന്നാണ് പ്രതീക്ഷ. പുതിയ നിയമനങ്ങളുടെ കാര്യമാണ് പറയുന്നത്. ബാക്കിയുള്ള സീറ്റിലേക്ക് മെറിറ്റടിസ്ഥാനത്തിൽ മാനേജ്മെന്റിനും നിയമിക്കാം. സ്വസമുദായക്കാരെ മാത്രമല്ല, എല്ലാസമുദായക്കാരെയും തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന സന്ദേശവും സമൂഹത്തിന് ഇതുവഴി താല്പര്യമുണ്ടെങ്കിൽ കൊടുക്കാമല്ലോ. ഇത് ബന്ധപ്പട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടകാര്യമാണ്.

പാഠ്യപദ്ധതികൾ തയ്യാറാക്കുന്ന പ്രത്യേക കമ്മറ്റിയ്ക്കു രൂപം കൊടുക്കുമ്പോൾ അതത് സർക്കാരിന്റെ വ്യവസ്ഥാപിത താല്പര്യങ്ങൾ പഠിക്കാൻ കുട്ടികൾ നിർബന്ധിതരാവും എന്നായിരുന്നു പാഠപുസ്തക സമിതി രൂപീകരണം എന്ന നിർദ്ദേശത്തിനെതിരായി മുണ്ടശ്ശേരി നേരിട്ട മറ്റൊരു ആരോപണം.

നമ്മുടേത് ഒരു ജനാധിപത്യസമൂഹമാണ്. ഓരോ വകുപ്പിലെയും പ്രവർത്തനങ്ങൾ എങ്ങനെ വേണം എന്നതിനെക്കുറിച്ച് അതത് കാലത്തെ സർക്കാർ നയങ്ങൾ ആവിഷ്കരിക്കുന്ന വിദഗ്ധർ അംഗങ്ങളായിട്ടുള്ള സമിതികളുമായി ആലോചിച്ചിട്ടാണ്. വിദ്യാഭ്യാസനയം ഓരോ സർക്കാരും രൂപപ്പെടുത്തേണ്ടതുണ്ട്. അത് പൊതുവിൽ ചർച്ചയ്ക്ക് വിഷയമാവും. വിദ്യാഭ്യാസവിചക്ഷണന്മാരെ ഉൾപ്പെടുത്താതെ ഓരോ സർക്കാരും അവർക്കുവേണ്ടവരെ മാത്രം പാഠപുസ്തകങ്ങൾ നിശ്ചയിക്കാനുള്ള കമ്മറ്റിയിൽ ഉൾപ്പെടുത്തിയാൽ അത് സമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യും, വിമർശനങ്ങളുന്നയിക്കും. അതിനാൽ ഇതിനൊരു വ്യവസ്ഥാപിത മാർഗവും മാനദണ്ഡവും ഉണ്ടാക്കുക എന്നതിനു വേണ്ടിയാണ് മുണ്ടശ്ശേരി പാഠപുസ്തക കമ്മറ്റി എന്ന ആശയം രൂപീകരിച്ചത്. ഇന്ന് SCERT യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രിയും പാഠ്യപദ്ധതി പരിഷ്കരിക്കാൻ വേണ്ടി ആശ്രയിക്കുന്ന അക്കാദമിക സമിതിയുണ്ട്. അതിൽ പ്രധാന അധ്യാപകസംഘടനകളിലെ പ്രതിനിധികളുണ്ട്, പ്രശസ്തരായ വിദ്യാഭ്യാസവിചക്ഷണന്മാരുണ്ട്. അവരെല്ലാം കൂടിച്ചേർന്ന് ചർച്ചചെയ്താണ് പാഠ്യപദ്ധതിക്ക് രൂപം കൊടുക്കുന്നത്. കേരളത്തിലാണെങ്കിൽ വ്യത്യസ്ത നിലപാടുകളുള്ള അധ്യാപകസംഘടനകളുടെ പ്രതിനിധികൾ അതിൽ ഉറപ്പായും ഉണ്ടാകും. നല്ല നിലയിലാണ് അതെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനെല്ലാം തുടക്കം കുറിച്ചത് ജോസഫ് മുണ്ടശ്ശേരിയാണെന്ന് ഈയവസരത്തിൽ പറഞ്ഞുകൊള്ളട്ടെ.

Content Highlights:Interview with MA Baby former minister and CPM Leader