പാവങ്ങൾക്ക് തന്നെ കാണാനുള്ള വഴിയടയ്ക്കരുതെന്ന് കാവൽക്കാരനോട് കർശനമായിപ്പറഞ്ഞ പ്രേംനസീർ എന്ന മനുഷ്യൻ. ഇനിയെങ്കിലും മരംചുറ്റിപ്രേമത്തിൽ നിന്നും തന്നെ ഒഴിവാക്കിത്തരൂ എന്ന് സിനിമാമുതലാളിമാരോട് അഭ്യർഥിച്ച പ്രേംനസീർ എന്ന നടൻ. മക്ക സന്ദർശിക്കാൻ കാലമായി എന്നു തിരിച്ചറിഞ്ഞ് ഒരുക്കങ്ങൾ നടത്തിയ അബ്ദുൾഖാദർ എന്ന ആത്മാന്വേഷി...പ്രേംനസീറിന്റെ മകൾ ലൈലാ റഷീദുമായി സംസാരിച്ച് പി.സക്കീർ ഹുസൈൻ തയ്യാറാക്കി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇതിലേ പോയത് വസന്തം' എന്ന പുസ്തകത്തിലുടനീളം മകൾ ലൈല പിതാവിന്റെ മഹത്വത്തെക്കുറിച്ചു വിവരിക്കുന്നു. പുസ്തകവായനയുടെ പശ്ചാത്തലത്തിൽ ലൈലയുമായി നടത്തിയ സംഭാഷണം വായിക്കാം.

പിതാവിലൂടെ മകൾ കണ്ട സിനിമാലോകത്തെക്കുറിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇതിലേ പോയത് വസന്തം' എന്ന പുസ്തകം പറയുന്നു. ലൈലാറഷീദിന്റെ ഡാഡിയെക്കുറിച്ച്...

പ്രേം നസീർ എന്ന അതുല്യനടന്റെ,മനുഷ്യസ്നേഹിയുടെ മകളായി ജനിക്കാൻ കഴിഞ്ഞതിലുള്ള ഭാഗ്യത്തോടാണ് കടപ്പാട്. വളരേ സ്നേഹസമ്പന്നനായിരുന്നു അദ്ദേഹം. എല്ലാവരോടും എല്ലാറ്റിനോടും അദ്ദേഹത്തിന് ആദ്യം വരുന്ന ഭാവം ദയാവായ്പ് തന്നെയായിരുന്നു. ബന്ധുത്വവും സൗഹൃദവും ഒട്ടും മങ്ങലേൽക്കാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നു. വളരെ തിരക്കുപിടിച്ച ജീവിതമുള്ള ഡാഡിയെ ആണ് ഞങ്ങൾ അദ്ദേഹത്തിന്റെ മരണംവരെ കണ്ടിട്ടുള്ളത്. എങ്കിലും ആ തിരക്കിനിടയിൽ വീണുകിട്ടുന്ന വേളകൾ അദ്ദേഹം ചിലവഴിച്ചത് മറ്റുള്ളവർക്കു വേണ്ടിയാണ്. എല്ലാവരേയും അങ്ങോട്ടുപോയി കാണും. കുടുംബകാര്യങ്ങൾ നല്ലവണ്ണം ശ്രദ്ധിക്കും. ഡാഡിയുടെ തിരക്കിനിടയിൽ അറിയാതെപോയ ഒരു ചെറിയകാര്യം പോലും ഞങ്ങളുടെ കുടുംബത്തിലുണ്ടായിട്ടില്ല. ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിവരങ്ങൾ മമ്മിയോട് വിളിച്ചു ചോദിക്കും.

ഡാഡിയ്ക്ക് നന്നായി സ്നേഹിക്കാനറിയാം അത് വേണ്ടതുപോലെ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. രാവിലെ പത്തുമണിയ്ക്ക് ഓഫീസിൽ പോയി വൈകിട്ട് അഞ്ചുമണിയ്ക്ക് വരുന്ന വെറുമൊരു അബ്ദുൾ ഖാദർ ആയാൽ മതിയായിരുന്നു ഡാഡി എന്ന് ഞങ്ങൾ കുട്ടികൾക്ക് ആ പ്രായത്തിൽ തോന്നിക്കൂടായ്കയൊന്നുമില്ലല്ലോ. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ജീവിതം സങ്കല്പിക്കാൻ പോലുമാവില്ലായിരുന്നു. സിനിമാത്തിരക്കില്ലെങ്കിൽ ഡാഡി വീട്ടിലുണ്ടെന്നറിഞ്ഞ് ഓരോരുത്തരും കാണാൻ വരും. വന്നുകഴിഞ്ഞാൽ പിന്നെ തിരക്കോട് തിരക്കാണ്. വന്നവർ പോകുന്നത് എത്ര വൈകിയാലും ഒട്ടും മുഷിയാതെ ഡാഡി അവരെ സ്നേഹത്തോടൈ പരിഗണിക്കും.

ഡാഡിയെ ആളുകൾ കാണാൻ വരുന്നത് അദ്ദേഹത്തിന് വല്യ ഇഷ്ടമായിരുന്നു. താൻ വീട്ടിനകത്തിരിക്കേ ആളില്ല എന്ന് ആരോടും പറയരുതെന്ന് സെക്യൂരിറ്റിയോട് പ്രത്യേകം ചട്ടം കെട്ടുമായിരുന്നു ഡാഡി. സെക്യൂരിറ്റി വലിയ വലിയ സിനിമാക്കാരെയും മറ്റുപ്രശസ്തരേയും മാത്രം കടത്തിവിടുന്നു എന്നും സാധാരണക്കാരെ തിരിച്ചയക്കുന്നുവെന്നും ഡാഡി കേൾക്കാനിടയായി. അപ്പോൾ അയാളോട് പറഞ്ഞതിങ്ങനെയാണ്: ''പ്രശസ്തർക്ക് എവിടെ വന്നും എന്നെ കാണാം, പക്ഷേ പാവങ്ങൾക്ക് എന്റെ വീട്ടുമുറ്റത്തേ വരാനൊക്കൂ. അതുകൊണ്ട് ആരെയും വിലക്കരുത്. മടക്കി അയക്കുന്നത് തെറ്റാണ്. അവർ എത്രയോ ദൂരത്തുനിന്നും വരുന്നവരായിരിക്കും''. അവർ വന്നുകണ്ട് കാര്യം പറഞ്ഞു സന്തോഷത്തോടെ പോയ്ക്കോട്ടേ...'' അന്നുമുതൽ സെക്യൂരിറ്റി എല്ലാവരേയും കടത്തിവിടും. ചിലർ അകത്തേക്ക് വരില്ലെന്നു കണ്ടാൽ ഡാഡി ഇറങ്ങിവന്ന് ഗേറ്റിനടുത്തുപോയി സംസാരിക്കും. ഞങ്ങൾ നേരിൽ കണ്ടിട്ടുള്ളതാണ് ഇതെല്ലാം.

മദ്രാസിലെ വീട്ടിൽ സ്വന്തമായി, വിശാലമായൊരു ലൈബ്രറി തന്നെയുണ്ടായിരുന്നല്ലോ അദ്ദേഹത്തിന്. വായന ശീലമായിരുന്നോ?

ഉർദു, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളിലെ പ്രമുഖരായ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങൾ ഡാഡിയുടെ ശേഖരത്തിലുണ്ടായിരുന്നു. കിട്ടുന്നത് വളരെ ചെറിയ സമയമാണെങ്കിലും വായിക്കും. ദിനേന രണ്ട് പേജെങ്കിലും വായിച്ചിരിക്കും. അത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. വായിച്ചു നിർത്തിയ പേജുകളിലെല്ലാം അടയാളം വെക്കും. അങ്ങനെയാണ് നമ്മൾ മനസ്സിലാക്കുന്നത് ആ പുസ്തകം ഡാഡി തുറന്നിട്ടുണ്ടെന്ന്. അടയാളം വെച്ച പുസ്തകങ്ങൾ മേശപ്പുറത്താണ് ഉണ്ടാവുക. കിട്ടുന്ന സമയത്ത് ഡാഡി ഇരിക്കുന്നിടത്ത് അത് കൊണ്ടുവെക്കുമായിരുന്നു മമ്മി. മമ്മിയ്ക്ക് അത്രയും നിഷ്ഠതയുണ്ടായിരുന്നു ഡാഡിയുടെ എല്ലാ കാര്യത്തിലും. വായന തുടങ്ങിയിടുന്നത് ഡാഡിയാണെങ്കിലും അത് പൂർണവായനയിലേക്കെത്തിക്കുന്നത് പലപ്പോഴും മമ്മിയാണ്. പത്രം വായനയാണ് മറ്റൊരു കൃത്യത. ഉറങ്ങുന്നതിന് മുമ്പ് പത്രം അരിച്ചുപെറുക്കി വായിച്ചിട്ടേ കിടന്നുറങ്ങുകയുള്ളൂ.എത്ര താമസിച്ചു വന്നാലും പത്രം വായിക്കും. രാവിലെ നേരത്തേ പോകുന്ന ദിവസങ്ങളിൽ പത്രം സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. എന്റെയടുത്തു വരുമ്പോൾ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കണ്ടാൽ ഡാഡി എടുത്തുകൊണ്ടുപോകും.

വായന മാത്രമല്ല, സംഗീതവും അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. കർണാടിക് സംഗീതത്തോടായിരുന്നു ഏറെ താൽപര്യം. അതുകേട്ടുകൊണ്ടാണ് രാത്രി ഉറങ്ങുക. പത്രത്തിനുശേഷം സംഗീതം കേട്ടുള്ള ഉറക്കം. ആ ചര്യയ്ക്ക് ഒരിടത്തുപോയാലും മാറ്റമില്ലായിരുന്നു. ഡാഡി ഉറക്കമാകുമ്പോളേക്കും സംഗീതവും താനേ നിലയ്ക്കും. സമയം അഡ്ജസ്റ്റ് ചെയ്തിരുന്നു അതിൽ. 'ധ്വനി' എന്ന സിനിമയുടെ വർക്ക് നടക്കുന്ന സമയത്ത് ടേപ് റിക്കാർഡർ കൊണ്ടുതന്നു ഞങ്ങൾക്ക്. നല്ല പാട്ടുകളാണ് കേൾക്കണം എന്ന് പ്രത്യേകം പറഞ്ഞു. ഇവിടെ നാട്ടിലാകുമ്പോളാണ് ഡാഡി കൂടുതൽ റിലാക്സ് ആവുന്നത്. മദ്രാസിൽ തിരക്കുതന്നെയായിരുന്നു. പലദിവസങ്ങളിലും പരസ്പരം കാണാറില്ല. മമ്മിയോട് ചോദിച്ചാൽ കൃത്യമായി അറിയാം എപ്പോൾ വന്നു, എപ്പോൾ പോയി, എവിടെ പോയി എന്നെല്ലാം.

prem nazir
നസീർ കുടുംബത്തിനൊപ്പം

മമ്മി ഒരു ഉപഗ്രഹം പോലെ ഡാഡിയ്ക്കു ചുറ്റുമുണ്ടായിരുന്നല്ലേ?

മമ്മിയില്ലാതെ ഡാഡിയ്ക്ക് ഒന്നും നടക്കില്ലായിരുന്നു. ഡാഡി നിന്ന നിൽപിൽ ഏതെങ്കിലും ഭാഗത്തേക്ക് തിരിഞ്ഞാൽ അതെന്തിനാണെന്ന് മമ്മിയ്ക്ക് കൃത്യമായിട്ടറിയാം. വീട്ടിലെ കാര്യങ്ങൾ കടുകിട തെറ്റാതെ മമ്മി നിവർത്തിച്ചിരുന്നു. അഭിനയത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു ഡാഡിയ്ക്ക്. ബാക്കിയെല്ലാം മമ്മിയായിരുന്നു. ഡാഡിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും മമ്മിയ്ക്കായിരുന്നു. കണക്കിൽ മമ്മി വിദഗ്ധയായിരുന്നു. അവർ കസിൻസാണ്. മമ്മിയുടെ ഉപ്പയുടെ സഹോദരി അസ്മയുടെ മകനാണ് ഡാഡി. മമ്മിയുടെ കുടുംബത്തിന് കയർ ബിസിനസ്സായിരുന്നു. അതിന്റെ എല്ലാ ക്രയവിക്രയകണക്കുകളും നോക്കി നടത്തിയിരുന്നത് കല്യാണം കഴിഞ്ഞുപോകുന്നതുവരെ മമ്മിയായിരുന്നത്രേ.

ഡാഡിയുടെ സഹായം കൊണ്ട് ജീവിതം പുലർത്തിയിരുന്ന ധാരാളം പേരുണ്ടായിരുന്നു അക്കാലത്ത്. അവർക്കെല്ലാം മാസത്തിൽ ഒരു നിശ്ചിത തുക നിശ്ചയിച്ചിരുന്നു. അത് കൊടുക്കാൻ സമയമാകുമ്പോൾ ഓർമ്മിപ്പിക്കുക മമ്മിയാണ്. അതിനുപുറമേ അപ്രതീക്ഷിതമായി സഹായം ചോദിച്ചവരെയും മമ്മി സഹായിക്കും; ഡാഡിയോട് പറഞ്ഞതിനുശേഷം. ഡാഡി പോയതിനുശേഷവും മമ്മി ആ പതിവ് തെറ്റിച്ചില്ല. അദ്ദേഹത്തിന്റെ സഹായത്താൽ ജീവിച്ചവർ ആ വിയോഗം കാരണം കഷ്ടപ്പെടരുത് എന്ന് മമ്മിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാ പുതുവർഷത്തിലും ചിങ്ങമാസത്തിലും ചില സിനിമാക്കാരും ബിസിനസ്സുകാരും ഡാഡിയോട് കൈനീട്ടം വാങ്ങാൻ വരുമായിരുന്നു. അത് അവരുടെ ഒരു വിശ്വാസമായിരുന്നു. നസീർ സാറിന്റെ കൈനീട്ടം കൊണ്ട് തുടങ്ങുക എന്നത്. ഡാഡി പോയതിനുശേഷം മമ്മി അതും തുടർന്നു.

എന്തായിരുന്നു നിത്യഹരിതനായകന്റെ സൗന്ദര്യരഹസ്യം?

ഭക്ഷണമായിരുന്നു ഡാഡിയുടെ സൗന്ദര്യ രഹസ്യമെങ്കിൽ അത് വളരെ കുറച്ചേ കഴിക്കുമായിരുന്നുള്ളൂ എന്നതായിരുന്നു സത്യം. ഇഷ്ടപ്പെട്ട വിഭവങ്ങൾ എത്രതന്നെ തീൻമേശയിൽ നിന്ന് പ്രലോഭിപ്പിച്ചാലും ഡാഡി തീരുമാനിച്ചിരുന്ന ഒരളവുണ്ട്. അതിനപ്പുറം ഇല്ല. പ്രാതലിന് ഏറ്റവും ഇഷ്ടം പുട്ടുംപയറും പപ്പടവും മുളക് പൊരിച്ചതുമായിരുന്നു. മീനുകളിൽ പ്രിയം കരിമീനിനോടും. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഡാഡിയ്ക്കരികിൽ രണ്ട് പ്ളേറ്റ് അധികം വെക്കുമായിരുന്നു മമ്മി. ആ സമയത്തും ആളുകൾ കാണാനും സിനിമ ചർച്ചചെയ്യാനും വന്നുകൊണ്ടിരിക്കും. അപ്പോൾ അവരെയിരുത്തി ഭക്ഷണം വിളമ്പിക്കൊടുത്ത് ഡാഡിയും കഴിച്ചുകൊണ്ടാണ് ചർച്ച.

ഡാഡിയുടെ സൗന്ദര്യരഹസ്യം എന്തായിരുന്നു എന്നു ചോദിച്ചാൽ അത് അദ്ദേഹത്തിന്റെ ഉമ്മയുടെ പാരമ്പര്യമാണെന്ന് തന്നെ പറയണം. വല്യുമ്മ അതിസുന്ദരിയായിരുന്നു. അതിന്റെ പകുതിയൊക്കെയേ ഡാഡിയ്ക്ക് കിട്ടിയിട്ടുണ്ടായിരുന്നുള്ളൂ എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഉമ്മയുടെ സൗന്ദര്യവും സ്നേഹവും അല്പായുസ്സുള്ളതായിരുന്നു. ഡാഡിയുടെ ചെറുപ്രായത്തിൽ തന്നെ വല്യുമ്മ മരിച്ചുപോയി. ഡാഡിയുടെ ഉമ്മായ്ക്ക് നല്ല സ്വഭാവമായിരുന്നു. അതും കിട്ടിയത് ഡാഡിയ്ക്കാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയാറുണ്ട്. എല്ലാവരോട് ദയയും സ്നേഹവും ആയിരുന്നു അവർക്ക്. വല്യുമ്മയുടെ സ്വഭാവസവിഷേതകൾ വിവരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂത്താപ്പമാരുടെ ഭാര്യമാരൊക്കെ ഇരുന്നു കരയും;അല്ലാഹും നേരത്തേ കൊണ്ടുപോയില്ലേ എന്നും പറഞ്ഞ്. അത്രയ്ക്ക് നല്ലൊരാളായിരുന്നു. പെട്ടെന്നായിരുന്നു ഡാഡിയുടെ ഉമ്മ മരിച്ചത്. ഡാഡിയുടെ ഉമ്മ എന്നുപറയുന്നത് എന്റെ മമ്മിയുടെ ബാപ്പായുടെ സഹോദരിയാണ്. അവർ കസിൻസാണ്. ഉമ്മ മരിച്ചതിനുശേഷം ഡാഡിയും സഹോദരങ്ങളും അവരുടെ ഉപ്പയുടെ സഹോദരങ്ങളുടെ വീട്ടിൽ നിന്നാണ് വളർന്നതും പഠിച്ചതും. പ്രസന്നമായ ജീവിതാദർശങ്ങൾ തന്നെയാണ് ഡാഡിയുടെ സൗന്ദര്യരഹസ്യം.

''മുതലാളി ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം. ഇരുന്നില്ലേൽ ജീവിതകാലം മുഴുവൻ മുതലാളിക്കുമുന്നിൽ നിൽക്കേണ്ടി വരും'' പ്രശസ്തമായ നസീർ വചനത്തെത്തുറിച്ച്?

സംവിധായകൻ ശശികുമാരും മെരിലാന്റ് സുബ്രഹ്മണ്യം മുതലാളിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുമുമ്പ് ഡാഡി ശശികുമാർ സാറിന് കൊടുത്ത ഉപദേശമാണിത്. മുതലാളി ആളൊരു കർക്കശക്കാരനാണ്. അങ്ങനെയിങ്ങനെയൊന്നും വരുതിയിൽ വരില്ല. സിനിമയുടെ എ റ്റു ഇസഡ് കാര്യങ്ങൾ അറിയാം. എടുത്തുചാട്ടം അതുകൊണ്ടുതന്നെ പ്രതീക്ഷിക്കുകയേ വേണ്ട. പക്ഷേ വ്യക്തിപരമായി അദ്ദേഹം നല്ല മനുഷ്യനായിരുന്നു. എല്ലാവർക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണല്ലോ മുതലാളിയുടെ സ്വഭാവം ഇത്ര സരസമായി പറഞ്ഞുകൊടുക്കാൻ ഡാഡിയ്ക്ക് കഴിഞ്ഞത്. ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം, പിന്നെ ഇരിക്കാൻ പറഞ്ഞില്ലെന്നുവരും. മാത്രമല്ല ഇരിക്കാൻ താൻ യോഗ്യനല്ലെന്ന ആത്മവിശ്വാസക്കുറവുമാണത്. സിനിമയിൽ പ്രത്യേകിച്ചും അത്തരം വിനയങ്ങളൊന്നും പോസിറ്റീവായി വന്നുകൊള്ളണമെന്നില്ല. അനുഭവപരിചയമുള്ള ഡാഡിയ്ക്കത്് നന്നായി അറിയാം. ശശികുമാർ സാർ അന്ന് തുടക്കക്കാരനാണ്. തുടക്കക്കാരന്റെ സംഭ്രമം മുതലാളിയ്ക്കുമുന്നിൽ കാണിച്ചാൽ ശരിയാവില്ലല്ലോ. ഡാഡി പറഞ്ഞത് ഒരു സാമാന്യതത്വം കൂടിയാണ്.

കാമുകവേഷങ്ങൾ മടുത്ത നായകൻ; ചെറുപ്പക്കാരെ വിളിച്ച് അഭിനിയിപ്പിക്കൂ എന്ന് സംവിധായകരോട് അങ്ങോട്ട് ആവശ്യപ്പെട്ട നടൻ. ഇന്നത്തെ സിനിമാസാഹചര്യത്തിൽ എങ്ങനെ ചിന്തിക്കുന്നു?

മടുപ്പായിരുന്നു അദ്ദേഹത്തിന് കാലം കുറേ ചെന്നപ്പോൾ. മരംചുറ്റിപ്രേമത്തിന് ഇനി തന്നെ കിട്ടില്ലെന്ന് അദ്ദേഹം തീർത്തുപറയുമായിരുന്നു. പുതിയ കുട്ടികളെ വിളിക്കൂ,മോഹൻലാലും മമ്മൂട്ടിയും ജയറാമുമെല്ലാം നന്നായി അഭിനയിക്കുന്ന കുട്ടികളാണ് അവരെ ധൈര്യമായി കഥാപാത്രങ്ങളെയേൽപിക്കൂ എന്ന് ഡാഡി അവരുടെയൊക്കെ പേരെടുത്ത് പലതവണ പ്രൊഡ്യൂസർമോരോട് പറയുന്നത് കേട്ടിട്ടുണ്ട്. റൊമാൻസിന് ഇനി തന്റെ
മനസ്സുചേരില്ല എന്ന് അദ്ദേഹം പലതവണ പറയുമായിരുന്നു. പക്ഷേ പണം മുടക്കുന്നവർക്ക് അദ്ദേഹത്തിലല്ലാതെ വിശ്വാസമുണ്ടായിരുന്നില്ല.
ആ കാര്യവും പറഞ്ഞ് പലരുമായും തർക്കത്തിലെത്തുമായിരുന്നു ഡാഡി. ഇനിയെങ്കിലുമെന്നെയീ മരംചുറ്റിപ്രേമത്തിൽ നിന്നൊഴിവാക്കാനായില്ലേ എന്ന് അദ്ദേഹത്തെ മനസ്സിലാക്കുന്നവരോട് അഭ്യർഥിച്ചിട്ടുണ്ട്.

ഇന്നത്തെ സിനിമാസാഹചര്യം മാറി. ഇപ്പോഴത്തെ തലമുറയിൽ അഭിനയിക്കാനറിയാത്ത ആരുമില്ല. വഴിയേ പോകുന്നവരെ വിളിച്ച് അഭിനയിപ്പിച്ചാലും നന്നായിട്ട് അഭിനയിക്കും. അന്നത്തെ കാമുകവേഷങ്ങളുടെ പ്രായപരിധികൾ ഇന്നത്തെ സിനിമയുടെ കാര്യത്തിലില്ലല്ലോ.

രണ്ട് മോഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മടക്കം. സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും എന്തുകൊണ്ടായിരുന്നു ആ രണ്ട് മോഹങ്ങൾ അത്രയും കാലം വൈകിപ്പിച്ചത്?

മക്കയിൽ പോകുന്നതും സിനിമ ചെയ്യുന്നതും. ഈ രണ്ട് ആഗ്രഹങ്ങൾ ആ മനസ്സിൽ സഫലമാകാതെ കിടന്നു. മക്കയിൽ പോകാനുള്ള ഒരുക്കത്തിൽ എന്റെയടുക്കൽ നിന്നും അതുസംബന്ധമായ പുസ്തകങ്ങൾ ഒക്കെ എടുത്തുകൊണ്ടുപോയി വായിക്കുകയൊക്കെ ചെയ്തിരുന്നു. ഡാഡിഉണ്ടായിരുന്നെങ്കിൽ ആ കൊല്ലം പോകുമായിരുന്നു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഓർക്കാപ്പുറത്ത് മരണം സംഭവിച്ചില്ലേ.

സിനിമയെടുക്കുന്ന കാര്യത്തിൽ ധാരാളം മുന്നൊരുക്കങ്ങൾ വേണമല്ലോ. അക്കാലത്തെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കഥ അദ്ദേഹം അന്വേഷിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ മുഴുവനായൊന്നും ഞങ്ങളോട് പറയാറില്ല. ശ്രീനിവാസനെ വലിയ ഇഷ്ടമായിരുന്നു ഡാഡിയ്ക്ക്. അതേക്കുറിച്ചൊന്നും ചോദിക്കുന്നത് അത്ര ഇഷ്ടമൊന്നുമല്ല. പറഞ്ഞാൽ കേൾക്കുക. അത്രയേ ഉള്ളൂ.

പിന്നെ എല്ലാ കാര്യങ്ങളും ചോദിച്ചുവിശദമാക്കാനുള്ള സമയത്തൊന്നുമല്ലല്ലോ ആള് വരിക. വന്നപാടേ മുറിയിലേക്ക് പോകും. എന്തെങ്കിലും വിശേഷങ്ങളോ വിഷയങ്ങളോ ഉണ്ടെങ്കിൽ മമ്മിയോട് പറയാൻ ഏൽപിക്കും. ഡാഡിയുടെ വായന, ടിവി കാണൽ തുടങ്ങിയതൊന്നും തടസ്സപ്പെടാൻ പാടില്ലല്ലോ. ഡാഡിയുടെ ചര്യകളെല്ലാം തെറ്റുക ഞങ്ങളുടെ മക്കൾ ഉണ്ടെങ്കിലാണ്. അവരോടൊപ്പം മതിമറന്ന് കളിക്കും. കട്ടിലിൽ ചാടിക്കയറിയും തലകുത്തിമറിഞ്ഞും അവരിലൊരാളായി മാറും ഡാഡി.

സാമ്പത്തികമായി നിങ്ങളെയെല്ലാം ഭദ്രമാക്കിയിരുന്നല്ലോ അദ്ദേഹം.

സാമ്പത്തികമായി അദ്ദേഹം ഒട്ടും മോശമല്ലാത്ത സ്ഥിതിയിലായിരുന്നു മരിക്കുമ്പോൾ. അനാവശ്യചെലവുകളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഞങ്ങളെയെല്ലാം നല്ല സ്ഥിതിയിലാക്കി. മമ്മിയുടെ കണിശമായ കൈകാര്യത്തിൽ ഡാഡിയുടെ അധ്വാനഫലങ്ങൾ ഒട്ടും ചോർന്നുപോയിരുന്നില്ല. ഡാഡിയറിയാതെ മമ്മിയ്ക്കോ, മമ്മിയറിയോതെ ഡാഡിയ്ക്കോ യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലായിരുന്നു. ഹബീബ എന്നായിരുന്ന മമ്മിയുടെ പേര്. എന്താവശ്യമുണ്ടെങ്കിലും മമ്മിയോട് ചോദിക്കാൻ പറയും. എല്ലാം കൊണ്ടും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും നിറഞ്ഞ വസന്തമായിരുന്നു ഡാഡി.

book
പുസ്തകം വാങ്ങാം

അബ്ദുൾ ഖാദർ പ്രേംനസീർ ആയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു?

ഒരു സംശയവുമില്ല പേരുകേട്ടൊരു വക്കീലാവുമായിരുന്നു. ഡാഡിയ്ക്ക് ഏറെ ഇഷ്ടമുള്ള ജോലിയായിരുന്നു അഭിഭാഷകവൃത്തി. ഡാഡിയുടെ കസിൻ വൈ. അബ്ദുൾ സലാം എൽ.എൽ.ബിയ്ക്കു പഠിക്കുമ്പോൾ ഏറെ ഉത്സാഹം ഡാഡിയ്ക്കായിരുന്നു. പഠന ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തത് ഡാഡിയായിരുന്നു. അദ്ദേഹ പേരുകേട്ട വക്കീലായതിൽ ഡാഡി അഭിമാനം കൊണ്ടിരുന്നു.

Content Highlights: Interview with Laila Rasheed daughter of Actor Premnaseer Mathrubhumi Books Ithilepoyath Vasantham