കോഴിക്കോട്‌ കൊട്ടാരംറോഡിലെ സിതാരയിലെ സ്വീകരണമുറിയ്ക്കുപോലും എം.ടിയുടെ മൗനമാണ് അനുഭവപ്പെടുക. ആ മൗനത്തെ ഭേദിച്ച് സരസ്വതി ടീച്ചര്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ അക്ഷരങ്ങളുടെ വീട്ടില്‍ ചിലങ്കയുടെ നാദം നിറയും. ഓര്‍മകള്‍ കെട്ടഴിച്ചുവീണ് ചുറ്റും ചുവടുവയ്ക്കും. എഴുത്തിന്റെ കഥകളിലേയ്ക്ക് വഴിമാറുന്ന ചോദ്യങ്ങളെ ടീച്ചര്‍ നൃത്തത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരും.

കല എന്നതിലുപരി നൃത്തം കൈവരിച്ചിക്കുന്ന നേട്ടങ്ങള്‍ പലതാണ് ഇക്കാലത്ത്. നൃത്താസ്വാദനവും പരിശീലനവും മാറ്റത്തിന് വിധേയമായി എന്ന് അംഗീകരിക്കുന്നുണ്ടോ?

ആസ്വാദനത്തിന്റെ അഭിരുചികളില്‍ പ്രകടമായ മാറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നത്. സംഗീതവും നൃത്തവും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെയൊക്കെ കാലത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇന്ന് നൃത്തമഭ്യസിക്കുന്ന വീട്ടമ്മമാര്‍ വളരെ കൂടുതലാണ്. അത് ആശാവഹമായ മാറ്റമാണ്. വീട്ടുജോലികള്‍ ചെയ്ത് അല്ലെങ്കില്‍ ഓഫീസ് ജോലികള്‍ കഴിഞ്ഞ് സ്വന്തമായ ഒരു കലാപരിശീലനം അതും ശരീരത്തിന് നല്ല വ്യായാമം കിട്ടുന്നതിലേക്ക് സ്ത്രീകള്‍ ശ്രദ്ധകൊടുത്തത് നല്ല പ്രവണതയാണ്. മുമ്പ് പഠിച്ചതായിരിക്കാം, പിന്നെ ബാധ്യതകളാല്‍ നിര്‍ത്തിവെച്ചതാവാം. അതല്ലെങ്കില്‍ ആദ്യംമുതലേ തുടങ്ങുന്നവരായിരിക്കാം. എന്തുതന്നെയായാലും അവനവന് വേണം എന്ന ചിന്തയോട് നൃത്തത്തെയാണല്ലോ ചേര്‍ത്തുപിടിച്ചത്. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നൃത്തത്തിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം ചെറുതല്ല. കുടുംബാന്തരീക്ഷത്തില്‍ നിന്നും നൃത്തത്തിലേക്ക് തിരിച്ചുവരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ അതിജീവനമാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ സന്ധിചെയ്താണ് അവര്‍ മുന്നേറണ്ടി വരിക. 

kalamadalam Saraswathi

ഗുരുകുലവിദ്യാഭ്യാസസമ്പ്രദായത്തിലൂടെ നൃത്തമഭ്യസിച്ചുവന്ന സരസ്വതിടീച്ചര്‍ ഇന്നത്തെ കാലത്തെ നൃത്താഭ്യാസത്തെ എങ്ങനെ നിരീക്ഷിക്കുന്നു?

ഒരുപാട് വ്യത്യാസമുണ്ട്. ഞാനൊക്കെ ശാസ്ത്രീയമായിട്ട് നൃത്തമഭ്യസിച്ചുവന്നതാണ്. അതുകൊണ്ടുതന്നെ അതില്‍ നിന്നും വ്യതിചലിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. എന്റെ മനസ് കൂട്ടാക്കില്ല. പക്ഷേ ഇന്നത്തെ ചില നൃത്തശില്പങ്ങള്‍ കാണുമ്പോള്‍ ഇത്രയൊക്കെ സാധ്യതകള്‍ ഇതിനുണ്ടല്ലോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. നമുക്ക് അങ്ങനെയൊക്കെ ചെയ്യാമായിരുന്നല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. 

ഫ്യൂഷന്‍ എന്നൊക്കെ പറഞ്ഞ് ആളുകള്‍ കാണിച്ചുകൂട്ടുന്നതിനോടൊന്നും താല്പര്യമില്ല. ഭരതനാട്യമാണെങ്കില്‍ ആ നൃത്തരൂപത്തോട് നീതി പുലര്‍ത്തിയിട്ടുമാത്രമേ പുതിയപരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് എന്റെ പക്ഷം. നൃത്തരൂപവുമായി യാതൊരുബന്ധവുമില്ലാത്ത തരത്തില്‍ അവതരിപ്പിച്ച ചിലപരിപാടികളോട് എനിക്ക് എതിര്‍പ്പുണ്ട്. 

അശ്വതിയും ശ്രീകാന്തും കൂടി അംബാശിഖണ്ഡി എന്ന നൃത്തമവതരിപ്പിച്ചത് കണ്ടപ്പോള്‍ ഞാനോര്‍ത്തത് വളരെ പരമ്പരാഗതമായി പഠിച്ചതും പരിശീലിച്ചതും കൊണ്ടായിരിക്കും എനിക്ക് ഇങ്ങനെയൊന്നും ചെയ്യാന്‍ തോന്നാതിരുന്നത് എന്നാണ്. പുതിയ കുട്ടികള്‍ നല്ല ആവിഷ്‌കാരങ്ങളുമായി മുന്നേറട്ടെ. 

നൃത്തത്തെ ജനകീയവല്ക്കരിക്കപ്പെട്ടതായിട്ട് തോന്നിയിട്ടുണ്ടോ?

തൊഴിലുനുവേണ്ടിയിട്ടല്ലാതെ നൃത്തമഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കാലമാണ് ഇത്. അതുകൊണ്ടുതന്നെ നൃത്തം ജനകീയവത്ക്കരിക്കപ്പെട്ടു. മറ്റൊരു തൊഴിലും വീട്ടിലെ ഉത്തരവാദിത്തങ്ങളും കഴിഞ്ഞാണ് സ്ത്രീകള്‍ ഇന്ന് നൃത്തമഭ്യസിക്കുന്നത്. അഭിരുചിയെ പ്രായോഗികമാക്കുകയാണ്. നല്ല മുന്നേറ്റമാണത്. ശാരീരികവും മാനസികവുമായ ഉന്മേഷം തേടുന്നു അവര്‍. ഇന്ന് ഏതുപ്രായത്തിലും കലാഭ്യസനത്തിലേക്ക് വരാം എന്നതും ആളുകള്‍ വരുന്നു എന്നതും ആശാവഹമായ കാര്യമല്ലേ? 

മുമ്പൊക്കെ പ്രശസ്തരായ, പരിചയസമ്പന്നരായ ഒരു വിഭാഗത്തിന്റെ കലയായിരുന്നു നൃത്തമെങ്കില്‍ ഇന്നത് മാറി. പ്രൊഷണലിസം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. വേദി ആര്‍ക്കും ലഭിക്കും. അന്നൊക്കെ പ്രശസ്തി നിര്‍ബന്ധമാണ്. പണ്ടത്തെപോലെ ഗുരു കനിഞ്ഞിട്ട് പഠിക്കേണ്ട ആവശ്യം ഇന്നില്ല. എന്തെല്ലാം മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നൃത്തം പഠിക്കാമോ അതെല്ലാം കുട്ടികള്‍ ഉപയോഗിക്കുന്നു. കുച്ചുപ്പുടി പഠിക്കണമെങ്കില്‍ കുട്ടികള്‍ കുച്ചുപ്പുടി ഗ്രാമത്തില്‍ പോകുന്നു. ഭരതനാട്യം പഠിക്കാന്‍ കലാക്ഷേത്രത്തില്‍ പോകുന്നു. അഭിരുചികള്‍ക്കായി ഏതിടം വരെ പോകാനും കുട്ടികള്‍ തയ്യാറാണ്. അതാണ് കലയോടുള്ള നീതിയും.

kalamadalam Saraswathi

നൃത്തത്തിന്റെ വാണിജ്യവത്ക്കരണത്തെക്കുറിച്ച് 

ഈയടുത്തകാലത്തായി നല്ല രീതിയില്‍ വാണിജ്യവത്ക്കരിക്കപ്പെടുന്നുണ്ട്. പാക്കേജുകളാണ് എല്ലാം. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നൃത്തത്തിന് അകമ്പടി സേവിക്കുന്ന പക്കവാദ്യക്കാര്‍ക്കുതന്നെ നല്ല കാശുകൊടുക്കണം. ഓര്‍ക്കസ്ട്രയുടെ സഹായമില്ലാതെ അവതരണം നടക്കില്ല. ചെലവുകൂടുമ്പോള്‍ ഓര്‍ക്കസ്ട്രയെ മെല്ലെ സി.ഡിയിലേക്കുമാറ്റി. പുതിയ സാങ്കേതികസംവിധാനങ്ങള്‍ വന്നപ്പോള്‍ ആര്‍ടിസ്റ്റുകള്‍ ചോദിക്കുന്ന പൈസയ്ക്ക് തങ്ങളുടെ ഐറ്റത്തിനുവേണ്ട ശബ്ദസഹായങ്ങളെല്ലാം സി.ഡിയിലേക്ക് മാറ്റി. വിദേശത്തെ പരിപാടികള്‍ക്കെല്ലാം അതാണ് സൗകര്യം. 

നൃത്താസ്വാദനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ടോ?

ശാസ്ത്രീയമായിട്ട് നിങ്ങള്‍ എത്രകണ്ട് പെര്‍ഫെക്ടായിട്ടു ചെയ്യുന്നുണ്ടോ അത് അംഗീകരിക്കുന്ന ഒരു വിഭാഗം കലാസ്വാദകര്‍ എന്നുമുണ്ടാകും. അവിടെ നൃത്തമവതരിപ്പിക്കുന്നത് ആരാണ് എന്നതിന് പ്രസക്തിയില്ല എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് പ്രസക്തി. 

ഒരു ഇന്‍സ്റ്റന്‍ഡ് പാചകംപോലെ നൃത്തം തട്ടിക്കൂട്ടുന്നവരോട്.
 
മത്സരങ്ങള്‍ക്ക് ഞാനും ഒരുകാലത്ത് പോയിരുന്നു. സമ്മാനം വാങ്ങിച്ചിരുന്നു. കിട്ടാതിരുന്നപ്പോള്‍ യാതൊരു പരാതിയും പരിഭവവുമില്ലാതെ തിരിച്ചുപോന്നിട്ടുമുണ്ടായിരുന്നു. ഇന്ന് അതല്ലല്ലോ. നിശ്ചയമായിട്ടും സമ്മാനം വാങ്ങിയേ തീരൂ എന്ന് വാശിപിടിക്കുന്നത് നൃത്തം ചെയ്യുന്ന കുട്ടികളല്ലല്ലോ. രക്ഷിതാക്കളല്ലേ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ പറയുന്ന ട്രെന്‍ഡ് എന്നത് ഇതും കൂടിയാണല്ലോ. ഇന്നത്തെ ട്രെന്‍ഡ്  അതാണ്. ഒരു ഗുരുവിന്റെ അടുത്തുനിന്നും മുഴുവനായും പഠിക്കാന്‍ രക്ഷിതാക്കളുടെ ക്ഷമ സമ്മതിക്കില്ല. ഉടനെ അടുത്ത ഗുരുവിന്റെ ശിക്ഷണത്തിലായി. ഇതിന്റെയൊക്കെ അനുഭവം സഹിക്കേണ്ടത് കുട്ടിയും. മത്സരമാണ് ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്.

ഒരു മത്സരം കാണാനിരുന്നപ്പോള്‍ ഇന്ന കുട്ടിയ്ക്കായിരിക്കും സമ്മാനം എന്ന് ഓഡിയന്‍സ് ആദ്യമേ പ്രവചിച്ചത് ഞാന്‍ കേട്ടിരുന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ട്. മുന്‍വിധികള്‍ അവര്‍ പുറപ്പെടുവിച്ചത് ആ കുട്ടി ഇന്ന ടീച്ചറുടെ കീഴിലാണ് എന്ന കാരണത്താലാണ്. അപ്പീലുകള്‍ നിര്‍വചിക്കുന്ന കലയായി നൃത്തം മാറി. 
 
നൃത്തത്തിന്റെ ഗവേഷണസാധ്യത കേരളം പോലെയുള്ള സംസ്ഥാനത്ത് എത്രത്തോളമുണ്ട്?

കേരളത്തിലെ നൃത്തഗവേഷണ സാധ്യതകള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. അധ്യാപകര്‍ക്ക് ക്ഷാമമുണ്ട്. ഉയര്‍ന്ന ഡിഗ്രികള്‍ നൃത്തത്തില്‍ കരസ്ഥമാക്കുന്നവര്‍ ഇന്ന് ധാരാളമാണ്. അവര്‍ക്ക് വേണ്ട അനുകൂലമായ അന്തരീക്ഷം ഇനിയും ഉണ്ടാവേണ്ടതുണ്ട്.
 
ഷേക്‌സ്പീരിയന്‍ കഥാപാത്രങ്ങളെ ഇന്ത്യന്‍ ക്ലാസിക്‌ കലകളിലേക്ക് കൊണ്ടുവന്നാല്‍?

അതുചേരുമോ? ചിലത് ചേരുമായിരിക്കും. ചിലത് ഒട്ടും ചേരില്ല. നമ്മുടെ പുരാണങ്ങളിലെ ഓരോ കഥാപാത്രത്തിനെയും എടുത്ത് അവതരിപ്പിച്ചാല്‍പോലും തീരാത്ത അത്രയുമുണ്ട്. ഒരുപാട് ഗവേഷണങ്ങള്‍ ആവശ്യമുള്ളതാണ് നമ്മുടെ കഥാപാത്രങ്ങള്‍. പരീക്ഷണാടിസ്ഥാനത്തില്‍ അങ്ങനെ ചെയ്യുന്നവരുണ്ടെങ്കില്‍ അത് വ്യത്യസ്തതയ്ക്കു വേണ്ടിയായിരിക്കും. 

നൃത്തമഭ്യസിക്കുന്നവര്‍ സംഗീതവും അറിയണമെന്ന നിര്‍ബന്ധമുണ്ടോ?

അറിയണമല്ലോ. നാലഞ്ച് കൊല്ലമെങ്കിലും സംഗീതമഭ്യസിച്ചിരിക്കണം. കേള്‍ക്കുമ്പോള്‍ രാഗം ഏതാണെന്നെങ്കിലും തിരിച്ചറിയണം. നമ്മുടെ കൂടെ മ്യുസിഷന്‍ ഇരുന്ന് കമ്പോസ് ചെയ്യുമ്പോള്‍ നമുക്ക് അഭിപ്രായവും നിര്‍ദേശങ്ങളും കൊടുക്കാന്‍ സാധിക്കണം. ഇന്ന രാഗം പോര, അവിടെ ഇന്ന രാഗം മതി എന്നൊക്കെ പറയണമെങ്കില്‍ സംഗീതത്തിലും അടിസ്ഥാന അറിവുണ്ടായിരിക്കണം. 

കൊറിയോഗ്രാഫി എന്ന പ്രൊഫഷന്‍

എല്ലാത്തിനെക്കുറിച്ചും നല്ല ജ്ഞാനം വേണം കൊറിയോഗ്രാഫി ചെയ്യാന്‍. സംഗീതത്തെക്കുറിച്ചും കഥാസന്ദര്‍ഭത്തെക്കുറിച്ചും കൊറിയോഗ്രാഫി ആവശ്യപ്പെടുന്ന സംഗീതത്തിന്റെ മൂഡും എല്ലാം അറിഞ്ഞിരിക്കണം. ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന മറ്റു ഉപകരണങ്ങളെക്കുറിച്ച് ധാരണ വേണം. കഥയുടെ മൂഡ് അറിഞ്ഞിരിക്കണം. ഒരുപാട് ചലഞ്ച് നേരിടേണ്ടിവരുന്ന പ്രൊഫഷന്‍ ആണ് കൊറിയോഗ്രാഫ്.

എം.ടിയുടെ സിനിമകളിലെ നൃത്തരംഗങ്ങളെക്കുറിച്ച് അഭിപ്രായം പറയണം എന്നൊക്കെ തോന്നിയിട്ടുണ്ടോ?

ഒട്ടും തോന്നിയിട്ടില്ല. വൈശാലിയിലെ പാട്ട് ആദ്യമായി കേട്ടപ്പോള്‍ എങ്ങനെയായിരിക്കും ഇതിലെ നൃത്തരംഗം ചിത്രീകരിക്കുക എന്നാലോചിച്ചിട്ടുണ്ട്. ചിത്രീകരണം കണ്ടപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടു. പാട്ട് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ വന്ന ഭാവനകളൊന്നുമല്ല. സിനിമയല്ലേ. നമ്മുടെ കയ്യില്‍ ശാസ്ത്രീയമായ നൃത്തമല്ലേ ഉള്ളൂ. അത് ചിത്രീകരിച്ചുവന്നപ്പോള്‍, വേറെ ഒരു ആവിഷ്‌കാരരീതി കണ്ടപ്പോള്‍ ഇഷ്ടം തോന്നി. 

എം.ടി അഭിപ്രായം ചോദിക്കുമായിരുന്നോ?

ഞാന്‍ അങ്ങോട്ട് ചില അഭിപ്രായങ്ങളൊക്കെ തേടാറുണ്ട്. സ്ഥിരമായുള്ള മൂളലൊക്കെത്തന്നെയേ മറുപടിയായിട്ടുണ്ടാവുകയുള്ളൂ. അശ്വതി ചില നൃത്താവിഷ്‌കാരങ്ങളെക്കുറിച്ചൊക്കെ അച്ഛനുമായി സംസാരിക്കാറുണ്ട്. ഈയിടെയായി ഗാന്ധാരിയെക്കുറിച്ച് രണ്ടുമൂന്നൂതവണ അവര്‍ സംസാരിക്കുകയുണ്ടായി. ഞാനിവിടെയിരുന്ന് കേള്‍ക്കും. അപ്പോള്‍ അതിന്റെ വിവിധവശങ്ങളെക്കുറിച്ചൊക്കെ എം.ടി പറയുന്നത് കേട്ടു. 

kalamadalam Saraswathi

തികച്ചും സ്വതന്ത്രമായ ഒരു പ്രൊഫഷന്‍ നയിച്ച ആളാണ് സരസ്വതി ടീച്ചര്‍. അതും ആസ്വാദനമൂല്യം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന നൃത്തമേഖലയാണ് തിരഞ്ഞെടുത്തതും. എന്തൊക്കെയായിരുന്നു വെല്ലുവിളികള്‍?

എന്തുതന്നെയായാലും ഒരു ഭാര്യയാണല്ലോ. അപ്പോള്‍ ഉത്തരവാദിത്തങ്ങളെല്ലാം മുറപോലെ നടത്തേണ്ടതുണ്ടായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടില്ല. അന്നും ഇന്നും. എന്റെ സ്വാതന്ത്ര്യത്തില്‍ ആരും വിലങ്ങുവച്ചിട്ടില്ല. നൃത്തക്ലാസ്‌ തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തുതന്നു. പരിപാടികള്‍ക്കുപോകുമ്പോള്‍ വൈകിയിട്ടാണ് വരിക. അതൊന്നും പരസ്പരം അലോസരപ്പെടുത്തിയിട്ടില്ല. എന്റെ തൊഴിലിന്റെ സ്വഭാവമതാണ് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ചാലപ്പുറത്തുള്ള നൃത്യാലയ എന്ന സ്ഥാപനം എം.ടിയുടെ രൂപകല്പനയാണ്. ദേശമംഗലം മന പൊളിച്ചപ്പോള്‍ അവിടത്തെ തൂണുകളും വാതിലുകളും എല്ലാം കൊണ്ടുവന്ന് നൃത്യാലയയെ വേറിട്ട ഒരു കലാലയമാക്കി മാറ്റിയത് എം.ടിയാണ്. എം.ടിയുടെ പിന്തുണ നിര്‍ലോഭം ലഭിച്ചതുകൊണ്ട് വെല്ലുവിളികള്‍ അധികം നേരിടേണ്ടി വന്നിട്ടില്ല. 

കലാമണ്ഡലം സരസ്വതിയോട് നൃത്താവിഷ്‌കാരത്തിനായി എം.ടിയുടെ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കായിരിക്കും പ്രഥമപരിഗണന?

ഞാന്‍ കഥകളിയൊക്കെ ഒരുപാട് കണ്ടുവളര്‍ന്നതാണ്. പലപ്പോഴും എന്നെ അലട്ടിയ രണ്ട് കഥാപാത്രങ്ങളുണ്ട്. ദമയന്തിയും ദ്രൗപദിയും. ഈ രണ്ട് സ്ത്രീകളും കഥകളികാണുമ്പോള്‍ എന്റെ ഉള്ളില്‍ അലട്ടലുകള്‍ വരുത്താറുണ്ട്. എം.ടിയുടെ കഥാപാത്രങ്ങളെ നിരത്തിയാല്‍ തീര്‍ച്ചയായും ഞാന്‍ തിരഞ്ഞെടുക്കുക സൈരന്ധ്രിയെയാണ്. അജ്ഞാതവാസക്കാലത്ത് വിരാടരാജാവിന്റെ കൊട്ടാരത്തിലെ പാചകക്കാരിയായി, സൈരന്ധ്രിയായി വേഷംമാറുന്ന ദ്രൗപദിയ്ക്കാണ് എന്റെ ആദ്യ പരിഗണന.