ജയറാം രമേഷുമായി മനോജ് മേനോൻ നടത്തിയ അഭിമുഖം വായിക്കാം.

സമകാലിക ഇന്ത്യൻ രാഷ്ട്രീയം നെഹ്രുവിന്റെയും വി.കെ കൃഷ്ണമേനോന്റെയുമൊക്കെ ഓർമകൾ തുടച്ചുനീക്കുന്ന തിരക്കിലാണെന്നാണ് വിമർശനമുയരുന്നത്. ഇതിൽ എത്രത്തോളം വാസ്തവമുണ്ട്

അതെ, മോദി സർക്കാരിന്റെ സിംഗിൾ മൈൻഡഡ് ഫോക്കസാണത്. എന്നാൽ, വാജ്പേയി സർക്കാരിന്റെ കാലത്ത് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. വാജ്പേയിയും കൃഷ്ണമേനോനും അടുത്ത സുഹൃത്തുക്കളായിരുന്നു. 1960-കളിൽ അവർ ഇരുവരും വളരെയടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, മോദി തികച്ചും വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ ഏകലക്ഷ്യം നെഹ്രുവിനെ തകർക്കുക മാത്രമല്ല, നെഹ്രുവിനെ പൂർണമായും തുടച്ചുനീക്കുകകൂടിയാണ്. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നെഹ്രുവിനോടുള്ള അത്രയും വെറുപ്പ് അവർക്ക് ഇന്ദിരാഗാന്ധിയോടില്ല എന്നതാണ്. ഇന്ദിരയോടുള്ള അവരുടെ സമീപനം പരസ്പരവിരുദ്ധമാണ്, മാറിക്കൊണ്ടിരിക്കുന്നതാണ്. എന്നാൽ, നെഹ്രുവിനോടുള്ള അവരുടെ മനോഭാവം വളരെ വ്യക്തമാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ എതിർത്ത് ഇന്ത്യയെ മതേതരവും തുറന്നതുമായ ഒരു ജനാധിപത്യരാജ്യമാക്കിമാറ്റിയത് നെഹ്രുവാണ്. 1940-കളിൽ ആർ.എസ്.എസും ഹിന്ദുമഹാസഭയും കടുത്ത എതിർപ്പുന്നയിച്ച കാര്യങ്ങളാണ് നെഹ്രു നടപ്പാക്കിയത്. നെഹ്രുവിനോടുള്ള വിരോധത്തിന്റെ കാരണം അതാണ്.

നെഹ്രുവിനെയും കൃഷ്ണമേനോനെയും പോലെയുള്ള ബുദ്ധിജീവികൾ ദേശീയരാഷ്ട്രീയത്തിൽ കുറഞ്ഞുവരുകയാണ്. ഇന്റലക്ച്വൽ ആകുന്നതുപോലും ഒരു കുറ്റമായി മാറിയിട്ടുണ്ടോ ഈ സമൂഹത്തിൽ

അതെ, രാഷ്ട്രീയത്തിൽ ഇന്റലക്ച്വൽസ് ഉണ്ടായിരുന്നു. കൃഷ്ണമേനോൻ തീർച്ചയായും ഒരു ഇന്റലക്ചൽ ആയിരുന്നു. അസാധാരണമായനിലയിൽ പുസ്തകവായനയുള്ള, മാസ്മരികമായ പ്രഭാഷണചാരുതയുള്ള ഉജ്ജ്വലവ്യക്തിത്വമായിരുന്നു. ഇന്ത്യക്ക് അദ്ദേഹം വമ്പൻ സംഭാവനകൾ നൽകി. എന്നാൽ, നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ സംഭാവനകൾക്കൊപ്പംതന്നെ വലുതായിരുന്നു അദ്ദേഹത്തിന്റെ വീഴ്ചകൾ! എന്റെ പുസ്തകത്തിൽ അതെല്ലാം ഞാൻ എടുത്തുപറഞ്ഞിട്ടുണ്ട്. വലിയ വിജയങ്ങളും വലിയ പരാജയങ്ങളും വിശദീകരിച്ചിട്ടുണ്ട്. അതേസമയം, നമ്മൾ ഒരു കാര്യം ഓർക്കണം. കൃഷ്ണമേനോൻ ഒരു ദൈവമായിരുന്നില്ല. ബുദ്ധനായിരുന്നില്ല. അദ്ദേഹം ഒരു മനുഷ്യനായിരുന്നു. ഇവരെയൊക്കെ ചരിത്രബിംബങ്ങൾ എന്നനിലയിലാണ് നമ്മൾ വീക്ഷിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഞാൻ നെഹ്രുവിന്റെ കടുത്ത ആരാധകനാണ്. നെഹ്രുവില്ലാതെ ഇന്ത്യ ഒരു മതേതര പാർലമെന്ററി ജനാധിപത്യ റിപ്പബ്ലിക് ആയി നിലനിൽക്കുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. എന്നാൽ, നെഹ്രുവിന്റെ ചില തീരുമാനങ്ങളിലുണ്ടായ ചില പിഴവുകൾ ചൂണ്ടിക്കാട്ടുന്നതിൽനിന്ന് എന്നെ അദ്ദേഹത്തോടുള്ള ആരാധന തടയുന്നില്ല. നേതാക്കളെ ദൈവങ്ങളായോ ചെകുത്താന്മാരായോ ചിത്രീകരിക്കാതെ അവരെ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് ഞാൻ പറയുന്നത് ഇതുകൊണ്ടാണ്. വി ഷുഡ് ലുക് അപ്പോൺ ദെം ഒബ്ജക്ടീവിലി.

മാറിയ ഇന്ത്യയിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നൽകിയിരുന്ന നിർവചനങ്ങൾക്കുപോലും മാറ്റമുണ്ടാകുന്നുവെന്നാണ് വിമർശനം. എന്താണ് താങ്കളുടെ വിലയിരുത്തൽ

ലോകം മുഴുവൻ ലിബറൽ അപ്രോച്ച് കടുത്ത ഭീഷണി നേരിടുകയാണ്. ഇന്ത്യയിൽ തീർച്ചയായും അത് കനത്ത ഭീഷണിയിലാണ്. ഇന്ത്യയിൽ നമുക്ക് തിരഞ്ഞെടുപ്പുകളുണ്ട്. പാർലമെന്റുണ്ട്. വിശാലമായ ജനാധിപത്യമുണ്ട്. ജനാധിപത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യം അഭിപ്രായപ്രകടനസ്വാതന്ത്ര്യമാണ്. അത് അഭിപ്രായസ്വാതന്ത്ര്യമല്ല, അഭിപ്രായം പ്രകടിപ്പിച്ചശേഷമുള്ള സ്വാതന്ത്ര്യമാണ്! ഇറ്റ് ഈസ് ഫ്രീഡം ആഫ്റ്റർ സ്പീച്ച്! അഭിപ്രായപ്രകടനത്തിനുശേഷമുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയിലെ പ്രശ്നം. അഭിപ്രായസ്വാതന്ത്ര്യം വേണം. എന്നാൽ, നിങ്ങൾ സംസാരിച്ചശേഷം ലഭിക്കേണ്ട സ്വാതന്ത്ര്യം വളരെ വളരെ പ്രധാനമാണ്. സർക്കാർ അത് കൈകാര്യംചെയ്യുന്ന രീതി നോക്കൂ. ഉദാഹരണത്തിന് ബംഗാളിൽ എന്താണ് സംഭവിക്കുന്നതെന്ന് വിലയിരുത്തൂ. ജനാധിപത്യത്തിന്റെ പരിപൂർണ പരിഹാസ്യത(കംപ്ലീറ്റ് മോക്കറി ഓഫ് ഡെമോക്രസി)യാണ് അവിടെ നടക്കുന്നത്. നിങ്ങൾ ജയിക്കുമെന്നു കരുതിയ ഒരു തിരഞ്ഞെടുപ്പിൽ നിങ്ങൾ പരാജയപ്പെട്ടതിന്റെപേരിൽ നടക്കുന്ന സംഭവങ്ങളാണവിടെ. പരാജയം അംഗീകരിക്കാൻ അവർ തയ്യാറല്ല. പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്ന രീതി നോക്കൂ. തികഞ്ഞ അതോറിറ്റേറിയൻ രീതിയല്ലേ നടക്കുന്നത്. ചർച്ചയില്ല. സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് അയക്കാറില്ല. മറ്റൊന്ന്, കോവിഡ് വിഷയം ചർച്ചചെയ്യാൻ പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചോ? അദ്ദേഹം മുഖ്യമന്ത്രിമാരുമായി ചർച്ചനടത്തുമ്പോൾപ്പോലും വൺവെ ഡയലോഗല്ലേ നടക്കുന്നത്? അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുന്നു. മുഖ്യമന്ത്രിമാരെ അദ്ദേഹം കേൾക്കാറുണ്ടോ? യോഗങ്ങൾക്കുശേഷം സർക്കാർ പുറത്തിറക്കുന്ന പത്രക്കുറിപ്പുകളിൽ പ്രധാനമന്ത്രി പറഞ്ഞത് മാത്രമായിരിക്കും കൊടുക്കുക. മുഖ്യമന്ത്രിമാർ എന്തു പറഞ്ഞു എന്ന് ഒരിക്കലും ഉൾപ്പെടുത്താറില്ല. ഇതൊക്കെ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങൾക്കുനേരെയുള്ള ഭീഷണികളാണെന്നാണ് ഞാൻ കരുതുന്നത്. സി.ബി.ഐ., ഇ.ഡി., ഇൻകംടാക്സ് തുടങ്ങിയവയെ രാഷ്ട്രീയ എതിരാളികൾക്കുനേരെ ഉപയോഗിക്കുന്നത് നോക്കൂ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലെയുള്ള സ്ഥാപനങ്ങളുടെ അവസ്ഥ കാണൂ. അവയുടെ പ്രൊഫഷണൽ ഓട്ടോണമി മുഴുവൻ നശിച്ചു. സ്ഥാപനങ്ങളെ ആദരിക്കുന്നില്ല. ആസൂത്രണ കമ്മിഷനെ ഇല്ലാതാക്കി. സംസ്ഥാനങ്ങൾക്ക് സ്വന്തം സ്വരം ഉയർത്താൻ കഴിഞ്ഞിരുന്ന, ബദൽ വീക്ഷണകോൺ അവതരിപ്പിക്കാൻ സാധിച്ചിരുന്ന ഏകവേദി ആസൂത്രണ കമ്മിഷനായിരുന്നു. സർക്കാർ ഒരു കൂറ്റൻ എക്കോ ചേംബറായിരിക്കുന്നു! ഒരാൾ സംസാരിക്കും. അതുകേട്ട് മറ്റുള്ളവർ ചെണ്ടയടിക്കാൻ തുടങ്ങും. ഭക്തിയോഗം അതിന്റെ പാരമ്യത്തിലെത്തുന്നതാണിത്!

കോവിഡ് കെടുതിയിലാണ് ലോകവും രാജ്യവും. ഇന്ത്യയിൽ കോവിഡ് മികച്ചരീതിയിൽ കൈകാര്യം ചെയ്തെന്ന പ്രചാരണവുമായി കേന്ദ്രസർക്കാരും ഇല്ലെന്ന വിമർശനവുമായി പ്രതിപക്ഷവും വാദങ്ങൾ ഉയർത്തുന്നു. പ്രചാരണത്തിലും വിമർശനത്തിലും രാഷ്ട്രീയമില്ലേ

നോക്കൂ, ഇപ്പോൾ ഇന്ത്യക്കുമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി വാക്സിനേഷനാണ്. ജൂണിൽ ആദ്യത്തെ 15 ദിവസംകൊണ്ട് 29 ലക്ഷം ഡോസ് വാക്സിനാണ് നൽകാൻ കഴിഞ്ഞത്. 2021 ഡിസംബറിനുമുമ്പ് 100 കോടി ഇന്ത്യക്കാർക്ക് വാക്സിൻ നൽകണമെങ്കിൽ, പ്രതിദിനം 80 ലക്ഷം ഡോസുകൾ വീതം വിതരണം ചെയ്യണം. അതിനർഥം, പ്രതിദിന വാക്സിനേഷന്റെ എണ്ണം മൂന്നിരട്ടിയാക്കി വർധിപ്പിക്കണം. അത് നമ്മൾ ചെയ്യണം. ഇത് ഒരു ദേശീയ പരിപാടിയാണ്. അല്ലാതെ ബി.ജെ.പി.യുടെയോ നരേന്ദ്രമോദിയുടെയോ പരിപാടിയല്ല. കേന്ദ്രവും സംസ്ഥാനങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒരുമിച്ച് നടത്തേണ്ട നാഷണൽ പ്രോഗ്രാമാണ്. നിലവിൽ മൊത്തം ഇന്ത്യക്കാരിൽ 3.9 ശതമാനം ഇന്ത്യക്കാർ മാത്രമേ പൂർണ വാക്സിനേഷൻ എടുത്തിട്ടുള്ളൂ. 70 ശതമാനം പേർക്കെങ്കിലും വാക്സിനേഷൻ നടത്തണമെങ്കിൽ പ്രതിദിനം 80 ലക്ഷം ഡോസുകൾ വീതം നൽകണം. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന വിഷയമാണ്. ഇതൊന്നും പുതിയതല്ല. എന്നിട്ടും എന്തിനാണ് കുംഭമേള നടത്താൻ അനുവദിച്ചത്. നമ്മൾ ഡെൽറ്റ വകഭേദത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഡെൽറ്റ വകഭേദമല്ല, കുംഭ് വകഭേദമാണ്! ഇത് കെടുകാര്യസ്ഥതയുടെ കഥയാണ്. ധാർഷ്ട്യത്തിന്റെ രീതിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോവിഡിനെ കീഴടക്കിയതായി പ്രഖ്യാപിച്ച് ബി.ജെ.പി. വിജയം അവകാശപ്പെട്ടു. രണ്ടാം വ്യാപനം വരുന്നുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അവർ വിജയം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വിജയം എന്നായിരുന്നു അവർ അവകാശപ്പെട്ടത്. മഹാഭാരത യുദ്ധംപോലെ ഒരു യുദ്ധമാണ് കോവിഡിനെതിരേയുള്ള യുദ്ധമെന്നാണ് മോദി പറഞ്ഞത്. ഇതോടെ നമ്മൾ വാക്സിൻ കയറ്റുമതി തുടങ്ങി. പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് കിട്ടുമെന്ന് കരുതിയായിരുന്നു ഇതെല്ലാം!പക്ഷേ, അതുണ്ടായില്ല. ഇതെല്ലാം കെടുകാര്യസ്ഥതയുടെയും ധാർഷ്ട്യത്തിന്റെയും കഥയാണ്. ഇറ്റ്സ് എ സ്റ്റോറി ഓഫ് പ്രിമേച്വർ ഡിക്ലറേഷൻ ഓഫ് വിക്ടറി. എന്നിട്ട് നമ്മൾ ഇപ്പോൾ മൂന്നാം തരംഗം പ്രതീക്ഷിക്കുകയാണ്. ജസ്റ്റ് ഇമേജിൻ.

മോഹമുക്തിയാണ് ബുദ്ധന്റെ ചിന്തകളിൽ പ്രധാനം. ആഗ്രഹങ്ങൾക്കും പദവികൾക്കും പിന്നാലെ പോകാതിരിക്കുക. എന്നാൽ, താങ്കളുടെ പാർട്ടിയായ കോൺഗ്രസിൽ പ്രശ്നങ്ങൾ മോഹങ്ങളെച്ചൊല്ലിയാണ്. തർക്കങ്ങൾ പദവികളെച്ചൊല്ലിയാണ്. എന്താണ് പരിഹാരം

കോൺഗ്രസിൽ സംഭവിക്കുന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ എപ്പോഴും റണ്ണിങ് കമന്ററിയാണ്. എന്നാൽ, ബി.ജെ.പിയിൽ എന്ത് നടക്കുന്നു എന്നത് സംബന്ധിച്ച് റണ്ണിങ് കമന്ററിയില്ല! കോൺഗ്രസ് പാർട്ടി ഒട്ടേറെ വെല്ലുവിളികളെ നേരിടുന്നു എന്നതു ശരിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഞങ്ങൾ ജയിക്കേണ്ടതായിരുന്നു. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ടുശതമാനത്തിലെ വ്യത്യാസം വളരെ നേരിയതാണ്. എന്നിരിക്കിലും എൽ.ഡി.എഫ്. അധികാരത്തിൽവന്നു. അതുപോലെ അസമിലും ബി.ജെ.പി., കോൺഗ്രസ് സഖ്യങ്ങൾ തമ്മിലുള്ള വോട്ടുവ്യത്യാസം വളരെ ചെറുതാണ്. പക്ഷേ, ബി.ജെ.പി അധികാരം നേടി. വോട്ട് ശതമാനം കണക്കാക്കിയാൽ കേരളത്തിലും അസമിലും കോൺഗ്രസ് നല്ല പ്രകടനം കാഴ്ചവെച്ചു. എന്നാൽ രണ്ടിടത്തും ഭരണത്തിലേറാൻ കഴിഞ്ഞില്ല. രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിൽ വരേണ്ടതായിരുന്നു.

കോൺഗ്രസ് വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നകാര്യത്തിൽ സംശയമില്ല. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് നേരിട്ട് ഭരണമുള്ളത്. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ഭരണപങ്കാളിയാണ്. ജൂനിയർ പാർട്ണർ ഇൻ ദ കോയിലേഷൻ. പാർട്ടിക്കുമുന്നിൽ വെല്ലുവിളികളുണ്ടെന്നകാര്യം സത്യമാണ്. എന്നിട്ടും ആയിരക്കണക്കിന് ചെറുപ്പക്കാർ ഈ പാർട്ടിയിൽ അണിനിരന്ന് മൂല്യങ്ങൾക്കും ആശയങ്ങൾക്കുംവേണ്ടി പോരാടുന്നുണ്ട്. ഉദാഹരണത്തിന് കേരളം നോക്കൂ. പാർട്ടിയിലെ യുവതലമുറ വളരെ കമിറ്റഡാണ്. ഒരു സിന്ധ്യയും ഒരു ജിതൻ പ്രസാദയും പാർട്ടിവിട്ടുപോകുമ്പോൾ ഒരു ദിവസത്തേക്ക് അത് ഒരു പ്രധാന വാർത്താ തലക്കെട്ടായിരിക്കും.

തീർച്ചയായും പാർട്ടിയുടെ സംഘടനാപരമായ വെല്ലുവിളികളെ നേരിടാൻ,പാർട്ടിയെ പുനഃസംഘടിപ്പിക്കണം. അംഗങ്ങൾക്ക് തുറന്നുപറയാൻ കഴിയുന്നതരത്തിൽ കൂടുതൽ ആക്ടീവായ പാർട്ടി ഫോറം ഉണ്ടാകണം. അവർക്ക് മനസ്സുതുറക്കാൻ കഴിയണം. അവരെ കേൾക്കണം. അതിന് കഴിയുമെന്ന് എനിക്ക് ഉറച്ചവിശ്വാസമുണ്ട്. പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ കുറച്ചുകാണാൻ ഞാൻ തയ്യാറല്ല. ഞങ്ങളുടെ രാഷ്ട്രീയശത്രു വെൽ ഫണ്ടഡ് ആണ്. അവർ വളരെ സുസംഘടിതരാണ്. മോദിയും അമിത് ഷായും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതരാണ്. അവർ എപ്പോഴും മുന്നോട്ടാണ് ചിന്തിക്കുന്നത്. അവർ അധികാരത്തിലാണ്. അവർക്ക് സ്ഥാപനങ്ങളെ ഉപയോഗിക്കാൻ കഴിയും. എന്നാൽ, കോൺഗ്രസ് പാർട്ടി പടുകൂറ്റൻ പാർട്ടിയാണ്. ജയന്റ് ഓർഗനൈസേഷനാണ്. ഒരു വമ്പൻ ആന എന്നാണ് കോൺഗ്രസ് പാർട്ടിയെ ഞാൻ ഇടയ്ക്ക് വിളിക്കുക! അത് പതുക്കെമാത്രമേ സഞ്ചരിക്കൂ. എന്നാൽ, സഞ്ചരിക്കുമ്പോൾ, വളരെ വ്യക്തവും ഉറച്ചതുമായ രീതിയിലായിരിക്കും അത് യാത്രചെയ്യുക. അതിനാൽ കോൺഗ്രസിലെ പ്രശ്നങ്ങൾ ശരിയാക്കിയെടുക്കാൻ കുറച്ചുകൂടി സമയമെടുക്കും.

എഴുത്തിൽ എന്താണ് താങ്കളുടെ അടുത്തപദ്ധതി?

നെഹ്രുവിന്റെ ഒരു ജീവചരിത്രം എഴുതണമെന്നതാണ് എന്റെ ആഗ്രഹം. 1980-ൽ ചരിത്രകാരനായ എസ്. ഗോപാൽ എഴുതിയതുപോലെയൊന്ന്. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ അതിനുള്ള മെറ്റീരിയലുകൾ ശേഖരിക്കുകയാണ്. പുതുതായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നെഹ്രുവിന് നേർക്കുയരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നെഹ്രുവിന്റെ ഒരു ജീവചരിത്രമെഴുതാൻ ഒട്ടേറെ ചരിത്രകാരന്മാർ എന്നോട് ആവശ്യപ്പെടുന്നുണ്ട്. അടുത്തതായി ഞാൻ ആ പുസ്തകമായിരിക്കും ചെയ്യുക.

Content Highlights : Interview with Jayaram Ramesh And Manoj Menon