‘പെരുമാൾ മുരുകൻ, എന്ന എഴുത്തുകാരൻ മരിച്ചു’. നിർദയമായി വേട്ടയാടിയ ജാതിസംഘടനകൾ ഹൃദയത്തിലേൽപ്പിച്ച മുറിവുകളുടെ നീറ്റലുണങ്ങാതായപ്പോൾ സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ട് പെരുമാൾ മുരുകൻ ഇങ്ങനെ പ്രഖ്യാപിച്ചത് നാലുവർഷങ്ങൾക്കുമുമ്പാണ്. എന്നാൽ, ഇന്ന്, തമിഴ്‌നാട്ടിലെ അട്ടൂരിലെ ഗവൺമെന്റ് അറിഞ്ഞർ അണ്ണ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിലെ വകുപ്പ് മേധാവിയായ പെരുമാൾ മുരുകൻ ഒരു നവോത്ഥാന എഴുത്തുകാരനാണ്. പുനരുത്ഥാനം അദ്ദേഹത്തെ ഭയങ്ങളെ കീഴടക്കാൻതക്ക കരുത്തനാക്കിയിരിക്കുന്നു. നിശ്ശബ്ദനാക്കിയ നാളുകളെ ആവേശത്തോടെ സ്വാംശീകരിച്ചുകൊണ്ട് അതിരറ്റ സന്തോഷത്തോടെ പുത്തൻ ആവിഷ്‌കാരങ്ങൾ തന്റെ കൃതികളിൽ സന്നിവേശിപ്പിക്കുന്ന പുതിയ അവതാരമായി മാറിയിരിക്കുകയാണ് മുരുകൻ.

മലയാളി വായനക്കാർക്ക് പെരുമാൾ മുരുകൻ പുതുമുഖമല്ല. അദ്ദേഹത്തിന്റെ വിവാദഗ്രന്ഥമായ മാതോരുഭാഗൻ (അർധനാരീശ്വരൻ) എന്ന കൃതിക്കെതിരേ ചില ശക്തികൾ ആരോപണമുന്നയിച്ചതോടെയാണ് പ്രസ്തുത കൃതി നിരോധിച്ചത്. എഴുത്തുകാരൻ, സ്വയം അടിച്ചേൽപ്പിക്കപ്പെട്ട പ്രവാസത്തിലേക്കുപോകാൻ നിർബന്ധിതനായി. പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് നിരോധനം നീക്കിയത്. എന്നാൽ, ഉയിർത്തെഴുന്നേറ്റ എഴുത്തുകാരൻ നിയമപോരാട്ട നാളുകളെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. ആ ആഘാതമേൽപ്പിച്ച ഞെട്ടലിൽനിന്നും നാലുവർഷമായിട്ടും മുക്തനായിട്ടില്ല, പെരുമാൾ മുരുകൻ. ‘‘എങ്കിലും മറ്റുള്ളവർ എന്താണ് ഇഷ്ടപ്പെടുന്നതെന്നും ഇഷ്ടപ്പെടാത്തതെന്നും നിങ്ങൾക്ക് തീരുമാനിക്കാനാവില്ല. എന്നാൽ, സത്യം പറയണം. ആഘാതത്തിൽനിന്ന്  കരകയറാനും അതിൽനിന്ന് പൂർണമായും പുറത്തുവരാനും കുറച്ച് വർഷങ്ങൾകൂടി എടുക്കും. അതുകൊണ്ടുതന്നെ തിരിച്ചുനടക്കാൻ എനിക്ക് താത്‌പര്യമില്ല’’ -അദ്ദേഹം പറയുന്നു.

ഒരു എഴുത്തുകാരനെന്നനിലയിൽ, എഴുത്ത് വളരെയധികം സ്വാതന്ത്ര്യത്തിന് ഇടംനൽകുന്നുണ്ട്. എല്ലാ എഴുത്തുകാരെയും പോലെയല്ല മുരുകൻ വായനക്കാരുമായി സംവദിക്കുന്നത്. അദ്ദേഹത്തിന്റെ കൃതികൾ പോളിഷ്, ജർമൻ, കൊറിയൻ ഭാഷകളിൽപോലും എത്തിക്കഴിഞ്ഞു. മുരുകന്റെ വിരൽത്തുമ്പിലൂടെ പിറന്നുവീഴുന്ന ഓരോ വാക്കുകൾക്കുപിന്നിലും ഇന്ന് വിവേകപൂർണമായ ഒരു ആലോചന നടക്കുന്നുണ്ട്. എഴുത്തിന്റേതായ പുത്തൻ സാങ്കേതികതയാണ് മുരുകൻ വികസിപ്പിച്ചെടുക്കുന്നത്. വിഷയം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെങ്കിലും, ആസ്വാദ്യകരമായ രീതിയിൽ അത് പുറത്തുകൊണ്ടുവരാൻ ധാരാളം ആത്മപരിശോധന ആവശ്യമാണെന്നു പറയുന്നു. പുതിയ എഴുത്തുകാരനെന്നനിലയിൽ താനിപ്പോൾ ഒരു പുതിയ ലോകത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന തോന്നലുകളിൽ സംതൃപ്തികണ്ടെത്തുകയാണ് ഇന്നലെയുടെ ഈ റിയലിസ്റ്റിക് എഴുത്തുകാരൻ.

? തന്നിലെ എഴുത്തുകാരൻ മരിച്ചെന്ന് പ്രഖ്യാപിച്ചതിനുശേഷം നിശ്ശബ്ദമായിപ്പോയ ജീവിതത്തിന്റെ ഫലമാണ് താങ്കളുടെ ‘പൂനാച്ചി’ (The Story of a Black Goat). എന്താണ് താങ്കളെ ‘പൂനാച്ചി’ എഴുതാൻ പ്രേരിപ്പിച്ചത്? ഒരു ആടിനെ വിഷയമാക്കാൻ എന്താണ് കാരണം? താങ്കളുടെ കഥകളിൽ മിക്കപ്പോഴും മൃഗങ്ങളെക്കുറിച്ച് പ്രതിപാദിക്കാറുണ്ടല്ലോ. അവയോട് എന്തെങ്കിലും പ്രത്യേക താത്‌പര്യമുണ്ടോ

എഴുത്തുകാരൻ മരിച്ചെന്ന് പ്രഖ്യാപിച്ചപ്പോഴും എഴുത്തുമായുള്ള ബന്ധം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നിശ്ശബ്ദനായ ആ നാളുകളിലും ഞാൻ എഴുതിക്കൊണ്ടേയിരുന്നു. ആ രാകിമിനുക്കൽ എഴുത്തിനെ കുറെക്കൂടി മനോഹരമാക്കി. പൂനാച്ചി എന്ന നോവലിൽ ഒരു ആടിനെയാണ് വിഷയമാക്കിയത്. ആടിന്റെ സംസാരഭാഷയറിയാൻ നമുക്ക് കേൾക്കാനുള്ള കാതുണ്ടായാൽ മതി. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എന്റെ കഥകളെപ്പോഴും ഗ്രാമീണജീവിതത്തെ ചുറ്റിപ്പറ്റിയാണ്. മൃഗങ്ങൾ, ജാതി, മതം, സംസ്കാരം എന്നിവയെല്ലാം കഥകളിൽ കേന്ദ്രബിന്ദുക്കളാകും.

പൂനാച്ചിയുടെ തമിഴ് പതിപ്പിന്റെ ആമുഖത്തിൽതന്നെ ആടിനെ വിഷയമായി തിരഞ്ഞെടുത്തത് എന്തിനെന്നു കാണാം. അവയുടെ ഭാഷ നമുക്ക് എളുപ്പം മനസ്സിലാകും. അതുകൊണ്ടുതന്നെ ഞാനെഴുതാൻ തുടങ്ങിയാൽ ഒരു ആടോ പശുവോ എത്തിനോക്കാൻ തുടങ്ങും, അതെന്റെ എഴുത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. തനതുപ്രദേശത്തിന്റെ സംസ്കൃതിയും സാഹചര്യവും എന്റെ ഇഷ്ടത്തിനനുസരിച്ച് രൂപാന്തരപ്പെടുത്തുന്നതിനുമുമ്പ് അത് സ്വയം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. മൃഗങ്ങൾക്കും ആടുകൾക്കുമിടയിലാണ് ഞാൻ ജീവിച്ചത്. എനിക്ക് വളരെയധികം ഇഷ്ടമുള്ള മൃഗമാണ് എരുമ. എന്റെ വീട്ടിൽ എല്ലായ്‌പ്പോഴും എരുമകളെ വളർത്തിയിരുന്നു, അവ കരുണാർദ്രമായ മനസ്സുള്ളവയാണ്. ‘എരുമചീമട്ടി’ എന്ന പേരിൽ എരുമയെക്കുറിച്ചുള്ള ഒരു കഥപോലും ഞാൻ എഴുതിയിട്ടുണ്ട്. മൃഗങ്ങളും എന്റെ വലിയ കുടുംബത്തിലെ അംഗങ്ങളാണ്. അവരെ മാറ്റിനിർത്താനാവില്ല.

? വിവാദങ്ങൾ താങ്കളുടെ കൂടപ്പിറപ്പാണ് എന്ന് പറയാം. ‘പൂനാച്ചി’യും എന്തെങ്കിലും വിവാദത്തിൽ ചെന്നെത്തിയോ? പുസ്തകങ്ങൾ വിലക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം 

പൂനാച്ചിയിലും ചില വിവാദരാഷ്ട്രീയ പരാമർശങ്ങളുണ്ട്. അസുരന്മാരെക്കുറിച്ചും ആര്യന്മാരും ദ്രാവിഡരും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചും ഞാൻ അതിൽ പറയുന്നുണ്ട്. പൂനാച്ചിയിൽ ആടിനെക്കുറിച്ചും ആടിനെ പരിപാലിക്കുന്നവരെ അസുരരായുമാണ് പ്രതിപാദിക്കുന്നത്. അതാണ് ഞാൻ പറഞ്ഞ അസുരന്മാരുടെ ലോകം. പുസ്തകനിരോധനത്തിനെതിരേ പോരാടേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. പണ്ടും പല പുസ്തകങ്ങൾ നിരോധിച്ചിട്ടുണ്ട്. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെയും ഇ.വി. രാമസ്വാമി പെരിയാരുടെയും കൃതികൾ നിരോധിച്ചിട്ടുണ്ട്. പണ്ടുമുതലേയുള്ള ഇത്തരം നിരോധനങ്ങൾ എതിർക്കപ്പെടേണ്ടതാണ്.

? താങ്കളുടെ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. താങ്കൾ 2019-ൽ എഴുതിയ ‘കഴിമുഖം’ എന്ന കഥ ഒരു ഗ്രാമീണാന്തരീക്ഷത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടോ? തമിഴ് കൃതികൾ മലയാളത്തിലേക്കും തിരിച്ചും വിവർത്തനം ചെയ്യുന്നതിനെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു

കഴിമുഖം (ഒരു നദി കടലിനോട് ചേരുന്ന സ്ഥലം) എന്ന കഥയുടെ മലയാളം മൊഴിമാറ്റം ഇനിയും ഉണ്ടായിട്ടില്ല. അനവധി മലയാളം നോവലുകളും കവിതകളും തമിഴിലേക്ക് വിവർത്തനംചെയ്ത് എത്തുന്നുണ്ട്. ഇവയ്ക്ക് വായനക്കാരുമുണ്ട്. അതേസമയം സമാനമായി തമിഴ് കൃതികളുടെ വിവർത്തനം മലയാളത്തിൽ ലഭ്യമല്ലാത്തതിനാൽ തമിഴിൽ സംഭവിക്കുന്നതൊന്നും മലയാള വായനക്കാർ അറിയണമെന്നില്ല. കേരളത്തിലെ വായനസംസ്കാരത്തെക്കുറിച്ച് പറയുകയാണെങ്കിൽ, തമിഴ്‌നാട്ടിലെ വായനക്കാരിൽനിന്ന് വളരെ വ്യത്യസ്തരാണ് കേരളത്തിലെ വായനക്കാർ. ഉയർന്ന സാക്ഷരതയായിരിക്കാം കാരണം.

? താങ്കളുടെ ഏറ്റവും പുതിയ പുസ്തകമായ ‘അമ്മ’, 2012-ൽ മരണമടഞ്ഞ താങ്കളുടെ അമ്മയ്ക്കായി സമർപ്പിച്ചിരിക്കുന്നു. അതിലെ ശ്രദ്ധേയമായ ചെറുകഥകളെല്ലാം കർഷകരെക്കുറിച്ചാണ് സംസാരിക്കുന്നത്. അത്തരമൊരു ഓർമക്കുറിപ്പ് എഴുതാൻ കാരണമെന്താണ്

എന്റെ അമ്മയ്ക്കുള്ള സമർപ്പണമാണ് ഈ കൃതി. വിധവയായിരുന്ന അമ്മ വെള്ള സാരി ധരിച്ച് കഴിയുമ്പോൾ അത് തിരുത്താൻ അക്കാലത്ത് എനിക്ക് കഴിഞ്ഞില്ല. ഒരമ്മയുടെ ത്യാഗവും സമർപ്പിതജീവിതവും സ്ത്രീത്വവും ഗ്രാമീണ ചുറ്റുപാടും വിഷയമാകുന്ന നിരവധി ചെറുകഥകളുടെ ശേഖരമാണ് അമ്മ. പുസ്തകത്തിന്റെ ആമുഖത്തിൽതന്നെ പറയുന്നത് ‘ഞാൻ അമ്മയുടെ ഹൃദയത്തിലൂടെ ശ്വസിക്കുന്നു’ എന്നാണ്.

? ഒരു വിവാദത്തെത്തുടർന്ന് താങ്കളുടെ പല പുസ്തകങ്ങളും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. താങ്കളുടെ കഥകളിലെ പ്രാദേശിക ഭാഷാപ്രയോഗങ്ങൾ വിവർത്തനം ചെയ്യപ്പെടുമ്പോൾ അവ അതേ അർഥങ്ങളും വികാരങ്ങളും തന്നെ വായനക്കാരിലേക്ക് എത്തിക്കുമെന്ന് തോന്നുന്നുണ്ടോ

വിവർത്തനത്തിന് എല്ലായ്‌പ്പോഴും ഒരു പരിധിയുണ്ട്. വിവർത്തനംചെയ്ത കൃതിയിലേക്ക് പൂർണമായ അർഥം കൊണ്ടുവരുന്നത് വളരെ പ്രയാസകരമാണ്, കൂടാതെ പൂർണമായ അർഥത്തിന്റെ 60 മുതൽ 70 ശതമാനംവരെ മാത്രമേ മൂലകൃതിയിൽനിന്ന് പുറത്തെടുക്കാൻ കഴിയൂ.
രചയിതാവിന്റെ ആശയം മനസ്സിലാക്കി അതേരീതിയിൽ അത് പരിഭാഷപ്പെടുത്തിയ നല്ല വിവർത്തകരെ കിട്ടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്റെ പുസ്തകങ്ങൾ വിവർത്തനംചെയ്തവരിൽ ഭൂരിഭാഗവും മികച്ചവരായിരുന്നു. മാതോരുഭാഗൻ (One Part Woman) ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത അനിരുദ്ധ് വാസുദേവൻ യഥാർഥ പുസ്തകം വായിച്ചതിനുശേഷമാണ് വിവർത്തനം ചെയ്യാൻ താത്‌പര്യമുണ്ടെന്ന് അറിയിച്ചത്. ‘‘നിങ്ങൾ ഈ പുസ്തകം വിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, ദയവായി എന്നെ പരിഗണിക്കുക’’ എന്നാണ് അനിരുദ്ധ് പറഞ്ഞത്. വിവർത്തനംചെയ്ത കൃതി വായിച്ചതിനുശേഷമാണ് പ്രസിദ്ധീകരിക്കാൻ ഞാൻ അനുവാദം നൽകിയതും. വിവർത്തനങ്ങളിൽ അപാകങ്ങൾ സംഭവിക്കാം. ഉദാഹരണത്തിന്, ‘കൂളമാതാരി’ എന്ന കൃതി സീസൺസ് ഓഫ് ദി പാം എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഒരു ചെറിയ ഘടകത്തെക്കുറിച്ച് ചർച്ചചെയ്തതിൽ വിവർത്തകൻ പരാജയപ്പെട്ടു. ചെമ്മരിയാട് എന്ന് എഴുതിയത് വിവർത്തകൻ പരിഭാഷപ്പെടുത്തിയത് വെറും ആടെന്നാണ്. രണ്ടാം പതിപ്പിൽ ഇത് ശരിയാക്കി.

? അധ്യാപനവൃത്തിയെ താങ്കൾ എങ്ങനെ കാണുന്നു? താങ്കളുടെ വിദ്യാർഥികൾക്ക് താങ്കളോടുള്ള സമീപന​മെന്താണ്...

ഒരു അധ്യാപകനോടുള്ള സ്നേഹം വിദ്യാർഥികൾക്ക് പലതരത്തിൽ പ്രകടിപ്പിക്കാം. എന്റെ കോളേജിലെ വിദ്യാർഥികൾ അതിനായി തിരഞ്ഞെടുത്ത മാധ്യമം എഴുത്തായിരുന്നു. ഞാൻ കഠിനമായ മാനസിക ക്ലേശത്തിലൂടെ കടന്നുപോകുന്ന സമയത്ത് കോളേജിലെ 42 വിദ്യാർഥികൾ ചേർന്ന് അവരുടെ അധ്യാപകനായ എനിക്കുവേണ്ടി ‘എങ്കള് അയ്യ’ (നമ്മുടെ സർ) എന്ന പുസ്തകം രചിച്ചു. ഒരു അധ്യാപകനെന്നനിലയിൽ ഞാൻ അവർക്ക് പ്രചോദനം നൽകിയത് എങ്ങനെയെന്നുള്ളതിനെക്കുറിച്ചായിരുന്നു ‘എങ്കള്‌ അയ്യ’ പ്രതിപാദിക്കുന്നത്. പുസ്തകത്തിന് സംസ്ഥാനത്തുടനീളം നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

Content Highlights: Interview with Indian Writer Perumal Murugan