'അനന്തരം'-സച്ചിദാനന്ദന്റെ ആദ്യ കഥാസമാഹാരം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കഥയോളം മനുഷ്യനെ സ്വാധീനിച്ച, ആകർഷിച്ച, അടിമപ്പെടുത്തിയ മറ്റൊന്നില്ല. മനുഷ്യർ മനുഷ്യരോട് കഥ പറഞ്ഞുകൊണ്ടേയിരിക്കുകയും കേട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. സച്ചിദാനന്ദന്റെ വരികളലഞ്ഞ ഭൂമിക വഴിമാറിക്കൊടുത്ത കഥകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

കവിതകളിലെ സച്ചിദാനന്ദൻ, നിരൂപണങ്ങളിലെ സച്ചിദാനന്ദൻ, അധ്യാപനത്തിലെ സച്ചിദാനന്ദൻ, ഒടുക്കം കഥകളിലെ സച്ചിദാനന്ദൻ കൂടിയായിരിക്കുന്നു. 'സച്ചിദാ' എന്ന് സാഹിത്യലോകം ആദരവോടെ വിളിക്കുന്ന ഇന്ത്യൻ കവി 'കഥ' എന്ന മാധ്യമത്തെ എങ്ങനെ നോക്കിക്കാണുന്നു?

മനുഷ്യർ ഉണ്ടായ കാലം മുതൽ കഥകളും ഉണ്ടാകാൻ തുടങ്ങിയിരിക്കണം. അവയിലൂടെ നായകരും പ്രതിനായകരും ദേവീ-ദേവതമാരും അസുര-രാക്ഷസന്മാരും വംശകഥകളും ഐതിഹ്യങ്ങളും ജന്തു കഥകളും ഇതിഹാസങ്ങളും രൂപപ്പെട്ടു. വ്യാസൻ പറയുന്നത് തെറ്റാതെയും നിർത്താതെയും എഴുതിയെടുക്കുന്ന ഗണപതിയും മരണം നീട്ടിവെയ്ക്കാനായി കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഷെഹേര സാദേയും രണ്ടു രീതിയിൽ കഥകളുടെ ഉത്ഭവ സാഹചര്യത്തെ പ്രതീകവത്‌കരിക്കുന്നുണ്ടാകാം. അറബിക്കഥകളും ഈസോപ്പു കഥകളും ബൃഹദ് കഥയും പഞ്ചതന്ത്രവും ജാതകകഥകളും ഇന്നും നമ്മെ ആകർഷിക്കുന്നു. ആലീസിന്റെ അത്ഭുതലോകവും ഗളിവറുടെ യാത്രകളും ആ പാരമ്പര്യത്തിന് തുടർച്ച നൽകുന്നു. ആധുനിക കാലത്ത് ഇറ്റാലോ കാൽവിനോ, ഹോർഹെ ബോർഹസ്, ഫ്രാൻസ് കാഫ്ക, ഗബ്രിയേൽ ഗാർഷ്യാ മാർകേസ്, ബെൻ ഓക്രി തുടങ്ങിയവരും പിന്തുടരുന്നത് ആ പാരമ്പര്യമാണ്. എനിക്ക് റിയലിസ്റ്റ് കഥകളെക്കാൾ ആഹ്ളാദം തന്നിട്ടുള്ളത് ഭ്രമാത്മകതയുടെ സ്പർശമുള്ള ഇത്തരം കഥകളാണ്. അതു കൊണ്ടാകാം മലയാളത്തിലും ഞാൻ മാധവിക്കുട്ടി, സക്കറിയാ, ഒ.വി.വിജയൻ, തോമസ് ജോസഫ്, മേതിൽ രാധാകൃഷ്ണൻ, കരുണാകരൻ തുടങ്ങിയവരുടെ കഥകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്, ഒപ്പം തന്നെ റിയലിസത്തിന് പുതിയ മാനങ്ങൾ നൽകിയ എൻ. എസ്. മാധവൻ, ആർ.ഉണ്ണി, ബി.മുരളി തുടങ്ങി ഒരുപാടു പേരെയും. ഇവർക്കു പൊതുവായുള്ള വൈശിഷ്ട്യത്തെ കവിത്വം എന്നു വിളിക്കാം. സ്വയം കവിയായതുകൊണ്ടാകാം ഉല്പത്തിപ്പുസ്തകവും മഹാഭാരതവും മുതൽ നീണ്ടുകിടക്കുന്ന ഈ മൈത്തിക- സ്വപ്നാത്മക കഥാപാരമ്പര്യത്തോട് എനിക്ക് പ്രതിപത്തി കൂടുതലുള്ളത്. എന്റെ കവിതകളിലെ ആഖ്യാനാംശം നിരൂപകർ ശ്രദ്ധിച്ചിട്ടുണ്ട്. പാരീസിൽ വെച്ച് എന്നെ ഇന്റർവ്യൂ ചെയ്ത ഫ്രെഞ്ച് റേഡിയോയുടെ അഭിമുഖകാരൻ എന്നോടു ചോദിച്ച ഒരു കാര്യം, താങ്കളുടെ കവിതയ്ക്ക് കഥയാകാൻ കൊതിയുണ്ടല്ലേ എന്നാണ്. എന്റെ കഥാ കവിതകൾ അയാൾ വായിച്ചിട്ടില്ല, എന്റെ ഫ്രഞ്ച് സമാഹാരത്തിലെ 'ഗാന്ധിയും കവിതയും', 'അപൂർണം' തുടങ്ങിയ കവിതകൾ വായിച്ചാണ് അയാളതു ചോദിച്ചത്. അതുവരെ ഞാനും ഈ പ്രവണതയെക്കുറിച്ച് ബോധവാനായിരുന്നില്ല. ഇപ്പോൾ, കഥകൾ തന്നെ എഴുതാനാരംഭിച്ചപ്പോൾ എനിക്കതു ബോദ്ധ്യമായി. ഇതിനു മുമ്പ് 'ശക്തൻ തമ്പുരാൻ', 'ഗാന്ധി' തുടങ്ങിയ നാടകങ്ങൾ എഴുതുമ്പോഴും ഇതനുഭവപ്പെട്ടിട്ടുണ്ടെങ്കിലും.

മികച്ചവായനാനുഭവമായി മാറുന്ന ഫ്യൂജിമോറി, സമയം, മരത്തഹള്ളി വാക്കേഴ്സ് ക്ലബ്, മുറാകാമി, പതാക... തുടങ്ങിയ കഥകൾ മനുഷ്യനെന്ന നിസ്സാരജീവിയെ അവന്റെ സ്വയം ധാരണയെക്കാളും നിസ്സാരനാക്കിയിരിക്കുന്നു. കഥകളിലെ ഇന്ത്യൻ സാഹചര്യം എങ്ങനെയാണ് എഴുത്തുകാരൻ നിരീക്ഷിക്കുന്നത്?. കഥകളുടെ ഭൂമികയെന്നാൽ നമ്മുടെ ഇന്ത്യയാണോ?

കഥകളുടെ ആത്യന്തിക ഭൂമിക, കവിതയെപ്പോലെ തന്നെ പ്രപഞ്ചവും അതിലെ മനുഷ്യനുമാണ്. ബഷീറിന്റെ കഥകളിലെ 'സ്ഥലം' പോലെ ഒന്ന് (ഉദാ. സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്). ഇന്ത്യയിൽ ജീവിക്കുന്നവരുടെ 'സ്ഥല' ത്തിന് ഇന്ത്യൻ സ്വഭാവമുണ്ടാവുക സ്വാഭാവികം. ഞാൻ എഴുതാനാഗ്രഹിച്ചതും എഴുതിത്തുടങ്ങിയതുമായ കഥകൾ എവിടെയും സംഭവിക്കാവുന്ന ഒബ്സെഷനുകളുടെ കഥകളാണ്-തോട്ടം, അമൂർത്തം, ഫ്യൂജിമോറിയും മരത്തഹള്ളി വാക്കേഴ്സ് ക്ലബ്ബും പോലും. പക്ഷെ എഴുതി വന്നപ്പോൾ അവയിൽ പലപ്പോഴും സാമൂഹ്യവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ പ്രതിഫലിക്കാനാരംഭിച്ചു. ഉദാഹരണത്തിന് ഫ്യൂജിമോറി ഒരു പൂച്ച പ്രേമിയുടെയും മരത്തഹള്ളി ഒരു നടത്തഭ്രാന്തന്റെയും കഥയായിത്തുടങ്ങിയതാണ്. പക്ഷെ ഒന്നാമത്തേത് ക്രൂരമായ സമഗ്രാധിപത്യത്തിന്റെ ഒരു അലിഗറിയും രണ്ടാമത്തെത് ചില സമീപകാല രാഷ്ട്രീയ സംഭവങ്ങളുടെ പരോക്ഷ പ്രതിഫലനവുമായി പരിണമിക്കുകയായിരുന്നു. 'നാട്' എന്ന കഥ പ്രളയവുമായി ബന്ധപ്പെട്ടത് സ്വാഭാവികമായിരുന്നു, 'പതാക 'യിൽ കശ്മീരിന്റെ അവസ്ഥ കടന്നുവരാതെ വയ്യായിരുന്നു-പലകുറി കശ്മീർ സന്ദർശിച്ചതിന്റെ ഓർമകൾ അതിൽ ഉൾച്ചേർന്നിട്ടുണ്ട്. കഥയും ആത്മകഥനവും അതിൽ കെട്ടുപിണഞ്ഞു കിടക്കുന്നു.

'അനന്തരം
അനന്തരം

ആദ്യകഥാസമാഹാരത്തിന് വളരെ ദീർഘവീക്ഷണത്തോടെയുള്ള തലക്കെട്ടാണ് നല്കിയിരിക്കുന്നത്- അനന്തരം. വായനക്കാർക്ക് വ്യാഖ്യാനിക്കാനുള്ള ഇടം ബാക്കിവെക്കുന്നു 'അനന്തരം'

'അനന്തരം' സമാഹാരത്തിലെ ഒരു കഥയുടെ പേർ കൂടിയാണല്ലൊ. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെങ്ങും രവി മരിച്ചതായി പറയുന്നില്ല. അതു കൊണ്ടാണ് ആ ആന്റി ഹീറോ ഇന്ന് റിപ്​വാൻ വിങ്കിളിനെപ്പോലെ ഉണർന്നു വന്നാൽ എന്തായിരിക്കും അവസ്ഥ, ഓരോ കഥാപാത്രത്തിനും പിൻതലമുറയ്ക്കും എന്തു സംഭവിച്ചിരിക്കാം എന്ന് ഭാവന ചെയ്യാൻ എനിക്ക് ധൈര്യം കൈവന്നത്. സമാഹാരത്തിന് ആ പേർ കൊടുക്കുമ്പോൾ അതു മാത്രമായിരുന്നില്ല മനസ്സിൽ. പല കഥകളിലും അനന്തരം എന്ത് എന്ന ഒരു ചോദ്യം -പല മാനങ്ങളിൽ- അന്തർഭവിച്ചിട്ടുണ്ട്. മരണാനന്തരം, പ്രളയാനന്തരം, ഏകാധിപത്യാനന്തരം തുടങ്ങി പല അനന്തരങ്ങളും കഥകൾക്ക് വിഷയമാകുന്നുണ്ട്. കവിതകളുടെ ഒരു 'അനന്തര'മാണ് ഈ കഥകൾ എന്നും അർത്ഥമുണ്ടായേക്കാം.

സച്ചിദായുടെ സാഹിത്യവും ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയും നേർക്കുനേർ നിൽക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. സത്യത്തിൽ സച്ചിദാ ആരുടെ ഭാഗത്താണ്?

സംശയമെന്ത്, ശരിയായ, നീതിയുക്തമായ, സമത്വോന്മുഖമായ, ആത്മീയത കൈവിടാതെ മതേതരമായ, ഒരു ജനാധിപത്യ സങ്കല്പത്തിന്റെ ഭാഗത്ത്. ഒരു പാർട്ടിയുമായും തന്മയീഭവിക്കാൻ എനിക്കു കഴിയുന്നില്ല. വിമർശനാത്മകമായ അകലം പുലർത്തി അവയുടെ നന്മ-തിന്മകൾ കാണാൻ ശ്രമിക്കുന്നു. യഥാർത്ഥ ജനാധിപത്യവാദികൾ സങ്കുചിത താത്‌പര്യം മാറ്റിവച്ച് ജനാധിപത്യത്തിന്റെ ശത്രുക്കൾക്കെതിരേ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിക്കണം എന്നാഗ്രഹിക്കുന്നു. ധിഷണയുടെ ദുരന്തബോധത്തെ ഇച്ഛയുടെ ശുഭവിശ്വാസം കൊണ്ട് നേരിടാൻ ശ്രമിക്കുന്നു. നമ്മുടെ ദുരവസ്ഥ തുറന്നു കാട്ടുന്നതു തന്നെ ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തനമാണ് -എന്റെ പല കവിതകളുടെയും കഥകളുടെയും നിയോഗം അതാണ്. സാക്ഷ്യത്തിന്റെ സാഹിത്യമെന്നു പറയാം. കാഴ്ച്ചയും ഭാവനയും തമ്മിലുള്ള ഒരു സമന്വയം .

സാഹിത്യത്തിലെ എല്ലാ വിഭാഗങ്ങളോടും സമരസം പുലർത്തുന്നയാളാണ് സച്ചിദാ. പ്രത്യേകിച്ചും ദളിദ് സാഹിത്യത്തോട്. ഇനിയും വളർന്നുമുന്നേറേണ്ടിയിരിക്കുന്ന നമ്മുടെ സാഹിത്യശാഖകളെക്കുറിച്ച് ഒരു അധ്യാപകന്റെ വീക്ഷണത്തിലൂടെ എങ്ങനെ കാണുന്നു?

നമ്മുടെ ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും ശക്തമാണ്. എന്നാൽ ദളിതരുടെയും സ്ത്രീകളുടെയും അവസ്ഥ ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. ജാതിയെ നാം കാർപ്പെറ്റിന്നടിയിൽ ഒളിപ്പിച്ചതേയുള്ളു, ഉന്മൂലനം ചെയ്തില്ല. സമുദായ പരിഷ്കരണ സംഘടനകൾ നവോത്ഥാനാനന്തര കാലത്ത് താഴെക്കിടയിലുള്ളവരെ പിൻതള്ളി കുറച്ചുപേരുടെ അധികാര -ധനസമ്പാദനത്തിനുള്ള സങ്കുചിത സംഘങ്ങളായി. ഗുരുവിനു തന്നെ എസ്.എൻ.ഡി.പി.യെ തള്ളിപ്പറയേണ്ടി വന്നല്ലോ. പുരുഷമേധാവിത്തം കൂടുതൽ ഹിംസാത്മകമായി. സാഹിത്യവും യാഥാർഥ്യവും തമ്മിലുള്ള ഈ വിടവ് നികത്താൻ നവസാമൂഹ്യ പ്രസ്ഥാനങ്ങൾക്കേ കഴിയൂ. ആദിവാസി-ന്യൂനപക്ഷ-എൽജിബിടി പ്രസ്ഥാനങ്ങളും അവയുടെ സാഹിത്യവും ഇനിയും ശക്തിപ്പെടണം. ഭൂരഹിത കർഷകർ, കൈവേലക്കാർ ഇവരുടെ സ്ഥിതിയും ദയനീയമാണ്. മലയാള ഭാഷയിൽ ഒളിച്ചിരുന്ന, അഥവാ അടിച്ചമർത്തപ്പെട്ട, ഭാഷകൾ കവിതയിലും കഥയിലും കൂടി സാഹിത്യത്തിലേയ്ക്ക് കടന്നുവരുന്നത് സന്തോഷജനകമാണ്. ഞാനിപ്പോൾ ശ്രദ്ധിക്കുന്ന ഒരു വിഭാഗം അവരാണ്, മൂന്നാം ലിംഗ സാഹിത്യകാരികൾക്കൊപ്പം.

'നിർത്താതെ നടന്നുകൊണ്ടിരിക്കുന്ന അഭയാർഥികളുടെ കാലുകൾ പോലെ തെളിഞ്ഞുനിന്ന കറുത്തവരകൾ,' 'ശാലിനിയുടെ സാരിയിലെ വരകളുടെ ലാഘവം മാത്രമുള്ള രാജ്യത്തിന്റെ കൊടി,' 'വാൻഗോഗിന്റെ ചെകിട്ടത്തടിക്കാനുള്ള പ്രേരണ'...'അമൂർത്തം' എന്ന കഥ ഒരു അസാധ്യവായനാനുഭവമാക്കി മാറ്റിയിരിക്കുന്നു താങ്കൾ.

നന്ദി. ഏത് അമൂർത്തതയിലേയ്ക്കും മൂർത്തം കടന്നു വരുന്നു. മൂർത്തതയിൽ നിന്ന്- ദി കോൺക്രീറ്റ് - മനുഷ്യന് രക്ഷയില്ല. അമൂർത്ത ചിത്രകലയിൽ നിന്ന് വീഡിയോ ആർട്ടിലേയ്ക്കും ഇൻസ്റ്റലേഷനു കളിലേയ്ക്കും മറ്റുമുള്ള ലോകകലയുടെ നീക്കം പോലും അതു കാണിക്കുന്നു. ശുദ്ധമായ ഫാന്റസികൾ സൃഷ്ടിക്കാൻ പുറപ്പെട്ട എന്റെ കഥകൾക്കുപോലും യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടാനായില്ല. അതു നമ്മെ പൊതിയുന്നു-ഊരിക്കളയാനാകാത്ത, തൊലിയായി മാറിയ, ഒരു പി.പി.ഇ പോലെ. മാസ്ക്കുകളും കയ്യുറകളുമണിഞ്ഞായാലും യാഥാർഥ്യം നമ്മുടെ മുൻപിൽ തന്നെയുണ്ട്.

സ്വാതന്ത്ര്യത്തിനും കുടുംബസമാധാനത്തിനുമായി ആദ്യം വാടകവീട്ടിലേക്കുള്ള താമസം, പിന്നെ 'ഒരു നല്ല മലയാളി'യെപ്പോലെ വയൽ നികത്തി മുറ്റം പോലും കോൺക്രീറ്റ് ഇട്ട, മതിലിൽ കുപ്പിച്ചില്ലു പാകിയ പുതിയ വീട് പണിത മുറാകാമി. നല്ല മലയാളിയെപ്പറ്റിയുള്ള ശ്രദ്ധേയമായ 'നല്ല മതിപ്പുകൾ' എഴുത്തുകാരൻ അവസരോചിതമായി ഉപയോഗിച്ചിരിക്കുന്നു.

നാം അറിയാതെ തന്നെ ശ്രദ്ധിച്ചുപോകുന്നതാണ് മലയാളി മധ്യവർഗത്തിന്റെ ഈ പരിണാമം. നമ്മുടെ സംഗീതപ്രേമം പോലും യന്ത്രങ്ങളെ ഉത്‌പാദിപ്പിച്ചവസാനിക്കുന്നു. മധ്യവർഗത്തിന്റെ വികസന മോഹവും അത്യാർത്തിയുമാണ് പ്രളയവും ഉരുൾപൊട്ടലും വയൽ നഷ്ടവും കൃഷി നാശവും മഹാരോഗവുമായി പാവങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്.

''താൻ ഒരു കഥ പറയുകയല്ല, യാഥാർഥ്യം അതേപടി ആലേഖനം ചെയ്യുകയാണ് എന്ന ഭാവം ഉപേക്ഷിച്ച കഥകൾ ആണ് ഉത്തരാധുനിക കഥകൾ. പറച്ചിലിൽ തന്നെ ഇതൊരു കഥയാണ് എന്ന പ്രതീതി ഉണ്ടാക്കുന്ന കഥകൾ''-കഥാകൃത്തിനു മുന്നിലെ സാധ്യതകളുടെ അനന്തഖനിയെക്കുറിച്ച് വിശദമാക്കാമോ?

അതെ. പഴയ പോലെ യാഥാർഥ്യ പ്രതീതിയുണ്ടാക്കാൻ ഇന്നത്തെ കഥകൾ ശ്രമിക്കുന്നില്ല. വ്യാസനെപ്പോലെ, വാല്മീകിയെപ്പോലെ, ഹോമറെപ്പോലെ, താൻ കഥ പറയുകയാണെന്ന് ഇന്ന് കഥാകൃത്തിനറിയാം, മുമ്പും അതറിയാമായിരുന്നു, പക്ഷെ താൻ യാഥാർഥ്യം പറയുകയാണെന്നു അവർ അഭിനയിച്ചിരുന്നു. ഇന്ന് കഥയും കവിതയും, കഥയും കവിതയും തന്നെയായിരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നു. പുതിയ മാധ്യമ സാങ്കേതികവിദ്യകൾ ഇനിയും മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. യാഥാർഥ്യം അപ്രത്യക്ഷമാവുകയല്ല, പരോക്ഷവും കലാത്മകവുമാവുകയാണിവിടെ.