ആനന്ദിനോട് സംസാരിക്കുമ്പോഴെല്ലാം ചരിത്രവും വര്‍ത്തമാനകാലവും തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതുകാണാം. മനുഷ്യനെയും അവന്റെ ചെയ്തികളെയും പറ്റിയുള്ള മൂര്‍ച്ചയുള്ള വിമര്‍ശനങ്ങള്‍ വാക്കുകളില്‍ തിളങ്ങുന്നു. തരാതരം മാറാത്ത ഉറച്ചനിലപാടുകള്‍ ആ ചിന്തകളുടെ മാറ്റുകൂട്ടുന്നു. ഈ സംഭാഷണത്തിലും അങ്ങനെത്തന്നെ...എഴുത്തുകാരനുമായി രഘു പി, കെ.പി ഉണ്ണി എന്നിവര്‍ ചേര്‍ന്ന് നടത്തിയ അഭിമുഖം.

സാങ്കേതികവിദ്യയുടെ അതിപ്രസരം. അതില്‍ അമിതാവേശത്തോടെ ഉള്‍ച്ചേര്‍ന്നുപായുന്ന തലമുറ. മാറ്റത്തിന്റെ വേഗം കൂടുതലാണെന്നു പറയാമെന്നുതോന്നുന്നു. അതുമൂലം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടായി എന്നു കരുതാമോ?

=ഇത്തരം മാറ്റങ്ങള്‍ എന്നുമുണ്ടായിട്ടുണ്ട്. അമ്പതു കൊല്ലങ്ങള്‍ക്കുമുമ്പ് ഗ്രാമങ്ങളില്‍ വൈദ്യുതിവന്ന കാലം ഇതിന് സമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ മറ്റൊന്നുകൂടി സംഭവിച്ചിട്ടുണ്ട്: സ്പെയ്സ് കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. പണ്ടത്തെ ടണല്‍ വിഷന്‍ മാറി, ബ്രോഡായി കാണാനുള്ള കഴിവ് കൈവന്നു. ഇന്നത്തെ ഈ അവസ്ഥയ്ക്കും മാറ്റംവരും. ഒന്നും പ്രതിസന്ധിയായി വിലയിരുത്തേണ്ടതില്ല. അതുപോലെയാണ് എഴുത്തിലുണ്ടായ മാറ്റവും. കത്തെഴുതുന്നത് വളരെ കുറഞ്ഞു. അതെപ്പോള്‍ നിന്നു എന്നുപോലും അറിയുന്നില്ല. അങ്ങനെയുള്ള മാറ്റത്തെ എന്തുകൊണ്ട് നമുക്ക് സ്വീകരിച്ചുകൂടാ? മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇ-മെയിലോ എന്തുമാകട്ടെ, കാര്യങ്ങള്‍ നടന്നുപോകുന്നില്ലേ? എന്തിനാണ് ഇതിലൊക്കെ ഇത്രയ്ക്ക് ആശങ്കപ്പെടുന്നത്? എനിക്ക് ഇപ്പോള്‍ ഓര്‍മവരുന്നത് ജനതാഭരണകാലത്തെ ഒരു തീരുമാനമാണ്. പബ്ലിക് ബൂത്തുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് അനുവദിച്ചുകൊടുക്കാന്‍ അന്നൊരു തീരുമാനം വന്നു. അതിനെതിരേ ശക്തമായ പ്രതിഷേധമാണ് പലയിടത്തുനിന്നും ഉയര്‍ന്നത്. എന്നിട്ടെന്തു സംഭവിച്ചു? ഇന്നത് നമുക്ക് വിഷമമില്ലാതെ സ്വീകരിക്കാന്‍ കഴിയുന്നുണ്ടല്ലോ. ഇന്‍ഫര്‍മേഷന്‍രംഗത്തെ ഇപ്പോഴത്തെ മാറ്റത്തെയും അതുമായി ബന്ധപ്പെടുത്തിയുള്ള സംവാദത്തെയും ഈ രീതിയില്‍ കണ്ടാല്‍ മതിയാവും. അതത്ര ഗൗരവമുള്ള പ്രശ്‌നമല്ല.

സമൂഹത്തില്‍ അസഹിഷ്ണുത പെരുകുന്നതായി കാണുന്നത്, അതിന്റെ ഒരു ഫലമായി മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയെ കാണാന്‍ കഴിയുമോ?

=അസാസിന്‍ എന്ന പദംതന്നെ ഉണ്ടായത് രസകരമാണ്. ഷിയായത്തുകളിലെ ഇസ്മയിലികളാണ് ചരിത്രത്തിലാദ്യമായി ഓര്‍ഗനൈസ്ഡ് കൊലപാതകങ്ങളും ആത്മഹത്യാ ആക്രമണങ്ങളും നടത്തിയത്. അവരുടെ രീതിതന്നെ പ്ലാനിങ് ഇന്‍ സീക്രട്ട്, ആക്ടിങ് ഇന്‍ പബ്ലിക് എന്നതായിരുന്നു. ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ഹാഷിഷ് കഴിച്ചായിരിക്കുമെന്ന് ആളുകള്‍ വിശ്വസിച്ചു. അങ്ങനെ ഹാഷിഷ് ലോപിച്ച് അസാസിന്‍ എന്നായി. ഒരുപക്ഷേ, ഇതിന്റെ ബാക്കിപത്രമായിരിക്കാം സാര്‍വത്രികമായി നടപ്പാക്കപ്പെടുന്ന ഒടുങ്ങാത്ത കൊലപാതകപരമ്പരകള്‍. ശരിയാണ്. കലാലോകത്തിലെ അസഹിഷ്ണുത ഇന്ന് വലിയൊരു വിഷയമാണ്. എം.എഫ്. ഹുസൈന്റെ കാര്യമടക്കം അങ്ങനെത്തന്നെ. പക്ഷേ, ഒന്നുണ്ട്. ഹുസൈന്‍ ഗിമ്മിക്കുകളുടെ ആളാണ്. അടിയന്തരാവസ്ഥയില്‍ ഹുസൈന്‍ ഇന്ദിരാഗാന്ധിയെ ദുര്‍ഗയായി ചിത്രീകരിച്ച് വരച്ച വ്യക്തിയാണ്. വിവാദമായ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ കലയുടെ അംശമൊന്നും കാണാനാവില്ല. പ്രൊവോക് ചെയ്യാന്‍വേണ്ടി വരച്ചവയാണെന്നാണ് അവ കണ്ടാല്‍ തോന്നുക.

റുഷ്ദിയുടെ കാര്യം

=റുഷ്ദിയും ഇതുപോലെതന്നെ. 'സാത്താനിക് വേഴ്സസി'ലും ആത്മാര്‍ഥതയെക്കാള്‍ കൂടുതല്‍ വിവാദോന്മുഖതയാണ് തോന്നുക. എന്നാല്‍, തസ്ലിമയുടെ 'ലജ്ജ' ആത്മാര്‍ഥതയുള്ള ഒരു കൃതിയാണ്. അവരെ ഹൈദരാബാദില്‍ കൈയേറ്റം ചെയ്തപ്പോള്‍ കേസെടുത്തത് കൈയേറ്റം ചെയ്തവര്‍ക്കെതിരേയല്ല, തസ്ലിമയ്‌ക്കെതിരേയാണ്. സഫ്ദര്‍ ഹശ്മി കൊലചെയ്യപ്പെട്ടത് ഒരു നാടകാവതരണത്തിന്റെ അന്ത്യത്തില്‍ അതേവേദിയില്‍വെച്ചായിരുന്നു എന്ന് ഓര്‍ക്കണം. ഒരു സൃഷ്ടി ഇനി പ്രകോപനപരമാണെങ്കില്‍പ്പോലും അതിനെ നിരോധിക്കേണ്ടതില്ല. അത്രയ്‌ക്കൊക്കെയുള്ള പക്വത സമൂഹം കാണിക്കണം. പക്ഷേ, ഇതെന്നും ഇതുപോലെയായിരുന്നു. ഗാന്ധിജിയെക്കുറിച്ചെഴുതിയ ഒരു പുസ്തകം നെഹ്രു നിരോധിച്ചു, അത് മനസ്സിലാക്കാന്‍ നമ്മുടെ സമൂഹം പക്വമായിട്ടില്ലെന്നു പറഞ്ഞാണത് ചെയ്തത്. അപ്പോള്‍ രാജ?േഗാപാലാചാരി പറഞ്ഞത്, സമൂഹത്തിനല്ല, ഭരണകൂടത്തിനാണ്, രാഷ്ട്രീയനേതൃത്വത്തിനാണ് പക്വതയില്ലാത്തത് എന്നാണ്. കപടനാട്യം ആണെങ്കില്‍പ്പോലും അസഹിഷ്ണുത കാണിക്കേണ്ടതില്ല. എന്തെഴുതിയാലും ആരുടെയെങ്കിലുമൊക്കെ വികാരങ്ങള്‍ ഈ രാജ്യത്ത് വ്രണപ്പെട്ടിട്ടുണ്ടാകും. നിരോധനത്തിന്റെ അവസ്ഥയും മാനദണ്ഡങ്ങളും സ്വസ്ഥമായൊരുതലത്തില്‍ ഒരിക്കലും പരിശോധിക്കപ്പെടുന്നില്ല. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകത്തിന്റെ അവസ്ഥ നമുക്കറിയാവുന്നതാണല്ലോ. ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ ശിവജിയെക്കുറിച്ചുള്ള പ്രതിപാദ്യം കാരണം ആ പുസ്തകംതന്നെ നിരോധിക്കണമെന്ന വാദമുണ്ടായി. കൊല്‍ക്കത്തയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയ ലെനിനെപ്പറ്റിയുള്ള ഒരു സിനിമ, അതില്‍ ലെനിനെ മോശമായിക്കാണിക്കുന്നെന്നു പറഞ്ഞ് ബംഗാളില്‍ നിരോധിക്കാന്‍ ആവശ്യമുയര്‍ന്നു. വാസ്തവത്തില്‍ മേളകളിലെ ചിത്രങ്ങള്‍ക്ക് രാജ്യത്തെ സെന്‍സര്‍ നിയമങ്ങള്‍പോലും ബാധകമല്ല.

ഇത് എല്ലാരംഗത്തും പെരുകിവരുന്നുണ്ടല്ലോ. രാമസേതു വിവാദം

=രാമസേതു ഒരു ജിയോളജിക്കല്‍ ഫീച്ചറാണ്, ആര്‍ക്കിയോളജിക്കല്‍ ഫീച്ചറല്ല. ഹൗ ഡിസ്ട്രക്ടേഴ്സ് കാന്‍ ബിക്കം കണ്‍സര്‍വേറ്റേഴ്സ്? നശിപ്പിക്കുന്നവര്‍ക്ക് സംരക്ഷകന്റെ പരിവേഷം!

ഇതിന് നേര്‍വിപരീതമായ മറ്റൊന്നുണ്ടല്ലോ. സ്വയം പീഡിപ്പിക്കുന്നത്, മതത്തിന്റെയും മറ്റും പേരില്‍ സ്വയം വേദന ഏറ്റവാങ്ങുന്നത്

=വേദനയെന്നത് ശരീരഭാഗങ്ങളിലെ ഒരവസ്ഥാവിശേഷമാണ്. കോംപ്ലക്‌സ് കോംപ്രമൈസ്. അതേസമയം കോംപ്ലിക്കേറ്റഡും. കാഴ്ചയുടെ കാര്യത്തില്‍ പറയുന്നതുപോലെത്തന്നെ. നാം കാണുന്നതെല്ലാം റെക്കോഡ് ചെയ്യപ്പെടുന്നില്ല. റെക്കോഡ് ചെയ്യുന്നതെല്ലാം റീകലക്ട് ചെയ്യാറില്ല. റീകലക്ട് ചെയ്യുന്നതെല്ലാം റീറ്റെയ്ന്‍ ചെയ്യണമെന്നുമില്ല. ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണുവേണ്ടത്. ഇന്നത്തെ ലോകത്തില്‍ അതു കുറഞ്ഞുവരുന്നു. അധികം കൃത്യങ്ങളും ചെയ്യപ്പെടുന്നത് പ്രേരണകളുടെ സ്വാധീനത്താലാണ്, ചിന്തയുടെയല്ല. പ്രേരണകളുടെ സ്വാതന്ത്ര്യം കൂടിക്കൂടിവരുന്നു. വേദനയില്‍ തളരുന്നവനേ വേദനയെ വേദനയായി അറിയുകയുള്ളൂ. അതുതന്നെയാകുന്നു വേദയയോടുള്ള പ്രതിഷേധവും. വേദന എങ്ങനെ വ്യക്തിപരമായ ഒരു അനുഭവമാണോ, അങ്ങനെത്തന്നെയാകുന്നു സ്‌നേഹവും. മനുഷ്യന്റെ കൃത്യങ്ങളെ വിലയിരുത്താനുള്ള മാര്‍ഗം, ഒരുപക്ഷേ, അവന്‍ അവയില്‍ എത്രത്തോളം വ്യക്തിപരമായി പങ്കാളിയാകുന്നുവെന്നുനോക്കിയായിരിക്കും.

ഈ ആത്മപീഡനത്തില്‍ പലതും ദൈവവിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇപ്പോള്‍ അസാധാരണമായി വിശ്വാസം ഏറിവരുകയും ചെയ്യുന്നു.

=ജീവിതം ചൂടാണെന്നു മനസ്സിലാക്കിയ ആദിമമനുഷ്യന്‍ ആ ചൂട് അതിനു സ്വയം ഉത്പാദിപ്പിക്കണമെന്ന് അറിഞ്ഞില്ല. തണുക്കാതിരിക്കുകയും ഉറയ്ക്കാതിരിക്കുകയും വിളറാതിരിക്കുകയും ചീയാതിരിക്കുകയും മാത്രമാണ് ജീവിതമെന്ന് അവന്‍ ധരിച്ചു. മരണത്തെപ്പറ്റി എത്രയേറെ അറിവ് സംഭരിച്ചിട്ടും ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് ഹിമയുഗമനുഷ്യന്റേതില്‍നിന്ന് ഏറെ മുന്നോട്ടുപോയിട്ടില്ല.

നേരമൊരുപാടായി.

'എന്തുകൊണ്ടാണ് കുറെ മനുഷ്യര്‍ പുറമ്പോക്കുമനുഷ്യരായിത്തീരുന്നത്? മറ്റുള്ളവര്‍ക്കുള്ള സംവേദനശക്തി നിഷേധിക്കപ്പെട്ടവരായിത്തീരുന്നത്? തടവുകാരായിത്തീരുന്നത്? മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നവരായിത്തീരുന്നത്?... മരുഭൂമിയില്‍ക്കൂടി കടന്നുവന്ന കുന്ദന്‍, തടവുകാരനായ കുന്ദന്‍, ഈ ചോദ്യങ്ങളൊക്കെ മനസ്സിലാക്കുന്നു. (മരുഭൂമികള്‍ ഉണ്ടാകുന്നത്)'

ഒടുക്കം പിരിയാന്‍നേരത്ത്, എന്തെങ്കിലും എഴുതിത്തരണമെന്നു പറഞ്ഞപ്പോള്‍ ആനന്ദ്ആള്‍ക്കൂട്ടത്തിലെ വരികളാണ് പകര്‍ത്തിത്തന്നത്:

'നിങ്ങളുടെ പ്രായത്തില്‍ സങ്കല്പങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മില്‍ ഒരുപാടു ദൂരം ഉണ്ടായിരിക്കുക സാധാരണമാണ്. ആ ദൂരം അറിയാതിരിക്കുന്നതിലാണ് യുവത്വം കിടക്കുന്നത്. അത് അറിയാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ വൃദ്ധനായിക്കഴിഞ്ഞിരിക്കും'

Content Highlights : Interview with Author  Anand by Raghu p KP Unni