കമ്പ്യൂട്ടറിന്റെ കാലത്ത് എന്ത് കൈയക്ഷരം എന്നു ചോദിക്കാന്‍ വരട്ടെ... കൈയെഴുത്തിലൂടെ അക്ഷരങ്ങള്‍ക്ക് ജീവന്‍ മാത്രമല്ല, വിചാരവികാരങ്ങള്‍ കൂടി പകര്‍ന്നുകൊടുക്കുകയാണ് ഇപ്പോഴും ആര്‍ട്ടിസ്റ്റ് ഭട്ടതിരി. വെറും വാക്കോ വരയോ അല്ല, ഇന്നും പ്രസക്തമായ, ലക്ഷണമൊത്ത കലാരൂപങ്ങള്‍ തന്നെയാണ് ഭട്ടതിരിയുടെ കാലിഗ്രഫിവര്‍ക്കുകള്‍.
അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും ശബ്ദമുണ്ടായിരുന്നുവെങ്കില്‍ ഈ കൈയക്ഷര ദിനത്തില്‍ തീര്‍ച്ചയായും അവര്‍ പറഞ്ഞേനെ ആര്‍ട്ടിസ്റ്റ് ഭട്ടതിരി എന്ന കലാകാരന്‍ അവര്‍ക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന്. മലയാളികള്‍ക്ക്, പ്രത്യേകിച്ച് കയ്യെഴുത്തുകളെ സ്‌നേഹിക്കുന്നവര്‍ക്ക് നാരായണ ഭട്ടതിരിയെന്ന ആര്‍ട്ടിസ്റ്റ് ഭട്ടതിരിക്ക് ആമുഖം ആവശ്യമില്ല. അക്ഷരങ്ങള്‍ക്ക് വികാരം നല്‍കി ജീവിപ്പിക്കുകയാണ് തന്റെ കാലിഗ്രഫി വര്‍ക്കുകളിലൂടെ ഇദ്ദേഹം. 'ദിവസവും വെളുപ്പിന് 3 മണിക്ക് ഉണര്‍ന്നാലുടന്‍ ഒരു മണിക്കൂര്‍ കാലിഗ്രഫി പ്രാക്ടീസ് ചെയ്യുന്നത് പതിവാണ്. അധികം ആലോചിച്ചു സമയം കളയാതെ നേരിട്ട് പേപ്പറിലേക്കു വരയ്ക്കുകയാണ്,' അദ്ദേഹം പറയുന്നു. ഈ വരയ്ക്കുന്നതൊക്കെയും ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്ക് പേജായ 'Bhattathiri Calligraphy'-ല്‍ പോസ്റ്റു ചെയ്യുന്ന ശീലവും അദ്ദേഹത്തിനുണ്ട്.
30 വര്‍ഷത്തിലധികമായി കയ്യെഴുത്തിന്റെ വിശാലമായ മേഖലയില്‍ ഇദ്ദേഹം തന്റെ പേന ചലിപ്പിച്ചു തുടങ്ങിയിട്ട്. അക്ഷരങ്ങള്‍ അദ്ദേഹത്തിന് സ്വന്തം മക്കളെ പോലെയാണ്. ആ സ്‌നേഹവും കരുതലുമാണ് അദ്ദേഹത്തിന്റെ ഓരോ വര്‍ക്കുകളേയും വ്യതസ്തമാക്കുന്നതും. ദേശീയ കയ്യെഴുത്ത് ദിനമായ ജനുവരി 23ന് കാലിഗ്രഫിയെക്കുറിച്ചും അക്ഷരങ്ങളോടുള്ള തന്റെ പ്രണയത്തെക്കുറിച്ചും സംസാരിക്കുകയാണ് ആര്‍ട്ടിസ്റ്റ് ഭട്ടതിരി.
കാലിഗ്രഫിയിലേക്കുള്ള ചുവടുവെയ്പ്പ്
സ്‌ക്കൂള്‍ പഠനകാലം മുതലേ വൃത്തിയായി എഴുതുന്നതില്‍ ശ്രദ്ധിച്ചു പോന്നിരുന്നു. അന്ന് അത് കാലിഗ്രഫിയാണെന്നറിയാതെ ഭംഗിയായി എഴുതിക്കൊണ്ടിരുന്നു. അതു കണ്ട സുഹൃത്തുക്കള്‍ തങ്ങളുടെ പേരുകള്‍ എന്നെക്കൊണ്ട് എഴുതിപ്പിച്ചിരുന്നു. കോളേജ് പഠനത്തിനുശേഷം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേര്‍ന്നപ്പോഴാണ് ചിത്രം വരയ്‌ക്കൊപ്പം എഴുത്തിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
കലാകൗമുദി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്തു തുടങ്ങിയതു തന്നെ കലിഗ്രഫറായിട്ടാണ്. അതിനു മുമ്പും പിന്നീടും മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തിലും അങ്ങനെയൊരു തസ്തിക കണ്ടിട്ടില്ല. വ്യത്യസ്തമായി നിരന്തരമെഴുതിയെഴുതി അതില്‍ കൂടുതല്‍ താല്പര്യം തോന്നി.
കാലിഗ്രഫി എന്നും പ്രസക്തിയുള്ള കല
സാങ്കേതികമായി പുരോഗമിച്ചതു കൊണ്ട് കാലിഗ്രഫിക്ക് ഗുണമേറെയാണ്. ധാരാളം ടൂളുകള്‍ ഉണ്ടായിവരുന്നതു തന്നെ ഒരു ഗുണമാണ്. കേവലം കൈപ്പട എന്നതില്‍ നിന്നും കാലിഗ്രഫി വളരെയേറെ വളര്‍ന്ന് ഒരു കലാരൂപമായി മാറിക്കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ ആകെത്തന്നെ കാലിഗ്രഫി വളരെ ശുഷ്‌കമാണ്. എന്നാല്‍ ഇപ്പോള്‍ പുതുതലമുറ ഇതിലേക്ക് ആകൃഷ്ടരായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ കാലിഗ്രഫി എന്നും പ്രസക്തിയുള്ള ഒരു കലയാണ്.
മലയാളം അക്ഷരങ്ങളെല്ലാം പ്രിയപ്പെട്ടത്
മലയാളത്തിലെ എല്ലാ അക്ഷരവും ഒന്നു പോലെ എനിക്കു പ്രിയപ്പെട്ടതാണ്. ഒരക്ഷരം പോലും എഴുതാന്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ല.
ഖസാക്കിന്റെ ഇതിഹാസം കാലിഗ്രഫിപരമ്പരയാക്കി; ഇനി ജ്ഞാനപ്പാന
ഖസാക്കിന്റെ ഇതിഹാസമാണെന്നു തോന്നുന്നു ആദ്യമായി കാലിഗ്രഫിചെയ്ത നോവല്‍. ചലച്ചിത്രസംവിധായകനായ വിനോദ് മങ്കരയും തസ്രാക്കിലെ ഒ വി വിജയന്‍ സ്മാരകത്തിന്റെ ചുമതലക്കാരനായ ടി.ആര്‍ അജയന്റെയും താത്പര്യപ്രകാരമാണ് ചെയ്തത്. ചെയ്തു കഴിഞ്ഞപ്പോഴേക്കും മനസ്സു നിറഞ്ഞു. പൂന്താനത്തിന്റെ ജ്ഞാനപ്പാന ഖസാക്കിനു മുമ്പേ തുടങ്ങിയതാണെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്നു വിചാരിക്കുന്നു.
കാലിഗ്രഫി ഉപകരണങ്ങളുടെ ലഭ്യതക്കുറവ് പ്രധാന വെല്ലുവിളി
കാലിഗ്രഫിക്കാവശ്യമായ ഉപകരണങ്ങള്‍ കേരളത്തില്‍ ലഭ്യമല്ല. അതിനായി എപ്പോഴും ബോംബെ പോലുള്ള സ്ഥലത്തെ കച്ചവടക്കാരെയോ ഓണ്‍ലൈന്‍ വിപണിയേയോ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ്. ഇത് കാലതാമസത്തിനും കാരണമാകും. ഇത് കേരളത്തിലെ കാലിഗ്രഫി കലാകാരന്മാര്‍ അനുഭവിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ്.
കാലിഗ്രഫിയുടെ ഭാവി ഭദ്രം
കാലിഗ്രഫിയുടെ ഭാവി ശോഭനമാണെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പുതിയ തലമുറ വളരെ താത്പര്യപൂര്‍വം ഈ രംഗത്തേക്കു കടന്നുവരുന്നുണ്ട് എന്നതും ശുഭ സൂചകമായി ഞാന്‍ കാണുന്നു. പത്ര-ദൃശ്യ മാദ്ധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ ഇതിനു പ്രചാരമുണ്ടാക്കാന്‍ വളരെ സഹായിക്കുന്നുണ്ട്. അതു മൂലം ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഈ കലാരൂപത്തിനു കഴിയുന്നുണ്ട്. കഴിഞ്ഞ മാസം കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ കേരളത്തില്‍ ആദ്യമായി ഒരു കാലിഗ്രഫി ഫെസ്റ്റിവല്‍ നടന്നപ്പോള്‍ ലഭിച്ച സ്വീകാര്യത കാലിഗ്രഫിയുടെ ശുഭോദര്‍ക്കമായ ഭാവിയിലേക്കാണു വിരല്‍ചൂണ്ടുന്നത്.
വരും തലമുറയിലെ കലാകാരന്മാരോട്
പുതിയ കലാകാരന്മാര്‍ കമ്പ്യൂട്ടറിനെ കൂടുതല്‍ ആശ്രയിക്കാതെ പേനയും മഷിയുമുപയോഗിച്ചു കാലിഗ്രഫി ചെയ്യണമെന്നാണ്. കമ്പ്യൂട്ടറിനെ തള്ളിപ്പറയുകയല്ല. കാലിഗ്രഫിക്കും കൈപ്പടക്കും നല്ലത് പേനയും മഷിയുമാണ്. ഫൗണ്ടന്‍ പേന ഉപയോഗിച്ചെഴുതാന്‍ പഠിച്ചാല്‍ കയ്യക്ഷരം നന്നാവുകയും ചെയ്യും.
അക്ഷരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രണയം ഓരോ വര്‍ക്കുകളിലും വാക്കുകളിലും നിഴലിക്കുന്നുണ്ട്. അതിനെക്കുറിച്ച് പറയുമ്പോള്‍ പോലും ആ കണ്ണിലെ തിളക്കം നമ്മള്‍ക്ക് ദൃശ്യമാകും. 'ജോലിത്തിരക്കിന്റെയോ മറ്റുകാരണങ്ങളോകൊണ്ട് മാനസിക സംഘര്‍ഷമനുഭവിക്കുമ്പോള്‍ കാലിഗ്രഫി ചെയ്യുന്ന അകത്തെ മുറിയില്‍ പോയി ഒരക്ഷരം എഴുതിയാല്‍ മനസ്സിനെന്തൊരാനന്ദമാണെന്നോ...'
Content Highlights: Interview with Artist Bhattathiri calligraphy artist on National Handwriting Day