നീസ് സലീം എന്ന എഴുത്തുകാരന് ആമുഖങ്ങള്‍ ആവശ്യമില്ല. എഴുത്ത് വായനക്കാര്‍ക്ക് അത്രമേല്‍ പരിചിതമാണ്. എന്നാല്‍, എഴുത്തുകാരന്റെ ജീവിതം അധികമാര്‍ക്കും അറിയില്ല. അഭിമുഖങ്ങളില്‍നിന്ന് എന്നും മാറിനടക്കുന്നു ഈ സാഹിത്യകാരന്‍. എഴുത്താണ്, എഴുത്തുകാരനല്ല സംസാരിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന അനീസ് സലിം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു.

ഇംഗ്ലിഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ് താങ്കള്‍. എഴുത്തില്‍ ആരോടാണ് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ? 

എഴുത്തുകാരനായതില്‍ ആരോടും കടപ്പാടില്ല. ഒരു എഴുത്തുകാരനാകുക എന്നത് എന്റെ മാത്രം സ്വപ്നവും ആഗ്രഹവും ആവശ്യവുമായിരുന്നു. പലരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കള്‍ ' ദാ.. ഒരു നോവലിസ്റ്റ് വന്നിരിക്കുന്നു' എന്ന് പറഞ്ഞ് പരിഹസിക്കും. 'പത്താംക്ലാസില്‍ പഠിത്തം നിര്‍ത്തിയവനാ എഴുത്തുകാരനാകാന്‍ പോകുന്നത്'  എന്ന് പറഞ്ഞ് വാപ്പ എപ്പോഴും കളിയാക്കും. അതുകൊണ്ട് എഴുത്തില്‍ ആരും എനിക്ക് മാതൃകയില്ല. 

എങ്കിലും, പത്താംക്ലാസില്‍ പഠനം നിര്‍ത്തിയ ഒരാള്‍ ഇംഗ്ലിഷില്‍ അഞ്ച് നോവലുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അതിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമല്ലോ  ? 

അത് വീട്ടിലെ ലൈബ്രറിയാണ്. എഴുത്തുകാരനാകാന്‍ എനിക്ക് വഴികാട്ടിയായത് അതാണ്. വീട്ടില്‍ വലിയ ലൈബ്രറി ഉണ്ടായിരുന്നു. വാപ്പയുടേത്. അതില്‍ നിറയെ പുസ്തകങ്ങള്‍. ജനലിന്റെ അറ്റത്ത് ഒരു ഇസി ചെയറിട്ട് പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചതായിരുന്നു കുട്ടിക്കാലം. ആ ജനലിലൂടെ നോക്കിയാല്‍ മുറ്റത്തെ പൂന്തോട്ടം കാണാം. അതിന്റെ അപ്പുറത്തെ റെയില്‍വേ ട്രാക്ക് കാണാം. ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങള്‍ അവിടെ ഉണ്ട്. എന്നെ സംബന്ധിച്ച്, വീട്ടിലെ സ്വര്‍ഗം അതായിരുന്നു. ഏകനായിരുന്നു ഞാന്‍. എല്ലാ അര്‍ത്ഥത്തിലും. നാല് മക്കളാണ് ഞങ്ങള്‍. എന്നിട്ടും. ആ എനിക്ക് പലപ്പോഴും ആശ്വാസമായത് ആ ലൈബ്രറിയാണ്. എന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയത് അതാണ്. പിന്നീട്, കാലക്രമേണ അതും അന്യമായി. അവിടെ ഇപ്പോള്‍ സഹോദരനും കുടുംബവുമാണ് താമസം. ഒരിക്കല്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍, പുസ്തകങ്ങള്‍ കാലിയായ അലമാരയാണ് കണ്ടത്. ആകെ വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറച്ച് മാസികകളും. 

ബന്ധുക്കളും മറ്റും പുസ്തകങ്ങള്‍ കൊണ്ടുപോകും. പിന്നീട് ആ മുറിയില്‍ കയറാന്‍ തോന്നിയിട്ടില്ല. വീട്ടുമുറ്റത്ത് നിന്ന് മുകളിലേക്ക് നോക്കിയാല്‍ എനിക്ക് ലൈബ്രറിയുടെ ജനല്‍ കാണാം. അതിനുള്ളില്‍, ഒരിക്കല്‍ ഏകനായ ഒരു കുട്ടിക്ക് പല ലോകങ്ങള്‍ കാണിച്ചുകൊടുത്ത ആ എഴുത്തുമുറി ഇന്ന് പുസ്തകങ്ങളൊഴിഞ്ഞ് ഒരു ഷോ കേസായി മാറിയിരിക്കും. ആകാഴ്ച കാണാന്‍ എനിക്കാവില്ല. അത് കണ്ടാല്‍ ഞാന്‍ വല്ലാതെ ഉലഞ്ഞുപോയേക്കാം. ഒരിക്കല്‍ എന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള വലിയ യാത്ര ആരംഭിച്ചത് ആ മുറിയില്‍ നിന്നാണ്.. പിന്നെ എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് ഇപ്പോള്‍ എവിടെയോ സ്റ്റക്കായി നില്‍ക്കുകയാണ് ഞാന്‍. വഴികള്‍ അവസാനിച്ചതുപോലെ. 

അവാര്‍ഡ് കിട്ടിയ ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്റ്‌സ് എന്ന നോവലില്‍ ആ മുറിയെക്കുറിച്ച്  സൂചിപ്പിക്കുന്നുണ്ടല്ലോ ? 

അതെ. അവിടെ ഇരുന്ന് പലപ്പോഴും മുറ്റത്ത് നില്‍ക്കുന്ന ചാമ്പക്ക മരങ്ങള്‍ നോക്കിയിരുന്നിട്ടുണ്ട്. അപ്പുറത്തെ റെയില്‍വേ ട്രാക്കിലേക്ക് നോക്കി അങ്ങനെ ഇരിക്കും. ഇരുന്ന് വായിക്കും. 

റെയില്‍വേ സ്റ്റേഷനും ട്രാക്കും ഒക്കെ പലപ്പോഴും കഥകളിലും വിഷയമാകാറുണ്ട്. അത് എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത് ? 

ഞാന്‍ എന്നും ഒരു ഏകാകിയായിരുന്നു. എന്നും പുറത്തുപറയാനാകാത്ത എന്തോ നോവ് എന്റെ ഉള്ളില്‍ കിടപ്പുണ്ട്. ചിലപ്പോള്‍ അത് വല്ലാതെ മനസിനെ മഥിക്കും. ഒരുപക്ഷെ ഒരു എഴുത്തുകാരനായി പോയതിന്റ കുഴപ്പമാകാം അത്. മറ്റ് പലരുടെയും ദുഃഖങ്ങള്‍ വല്ലാതെ ഇന്റേണലൈസ് ചെയ്യും. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ സംബന്ധിക്കുന്നത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് വര്‍ക്കലയിലെ വീട്. കുട്ടിക്കാലത്ത് അവസാന ട്രെയിനും പോകുന്നത് വരെ വീടിന്റെ ഗെയ്റ്റില്‍ പോയി നില്‍ക്കും. അവിടെ ഒരു ബൊഗെയിന്‍ വില്ലയുണ്ട്. ദൂരെ റെയില്‍വേ സ്റ്റേഷന്‍. സ്റ്റേഷനില്‍ നിന്നുള്ള നേരിയ വെട്ടം കാണാം. ട്രെയിന്‍ പോകുമ്പോള്‍ അതിന്റെ പുറകിലെ ചുവന്ന വെട്ടം നോക്കി നില്‍ക്കും. കണ്ണില്‍ നിന്ന് മറയുംവരെ.വളവ് കഴിഞ്ഞ് ട്രെയിനും വെളിച്ചവും കണ്ണില്‍ നിന്ന് മറഞ്ഞാല്‍ എന്റെ മരണം തുടങ്ങി എന്നാണ് എനിക്ക് തോന്നാറ്. ഈ ഭൂമിയില്‍ ഞാന്‍ ആരുമില്ലാതെ ഒറ്റയ്ക്കായതുപോലെ.പിന്നെ ഇരുട്ടാണ്. രാത്രിയാണ്. ഗെയ്റ്റിലെ കൊളുത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഉമ്മആശ്വസിക്കുക. ആ ശബ്ദം കേട്ടാല്‍ ഞാന്‍ ഗെയ്റ്റില്‍ പിടിച്ചു നില്‍പ്പുണ്ടാകും എന്ന് ഉമ്മാക്ക് ഉറപ്പാണ്. 20 വയസ് വരെയൊക്കെ ഇതൊരു ശീലമായിരുന്നു.  ഞാന്‍ അവിടെ തന്നെ നില്‍പ്പുണ്ട് എന്ന് ഉറപ്പിക്കാന്‍ ഉമ്മ ദൂരെ നിന്ന് എന്നെ നോക്കി നില്‍ക്കും. 

വീട്ടിലെ ലൈബ്രറി വാപ്പ ഒരുക്കിയതാണ് എന്ന് പറഞ്ഞു. വാപ്പയ്ക്ക് എഴുത്തും സാഹിത്യവുമായുള്ള ബന്ധം ? 

വാപ്പ 16വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന ആളാണ്. പിന്നീട് സിംഗപ്പോര്‍, മലേഷ്യ തുടങ്ങി രാജ്യങ്ങളില്‍ ജോലി ചെയ്തു. ഓസ്‌ട്രേലിയ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ എന്തോ ഒരു ജോലി ആയിരുന്നു. വ്യക്തമായി ഞങ്ങള്‍ക്കറിയില്ല. പിന്നീട് 25 വര്‍ഷക്കാലം അബുദബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍. നാട്ടില്‍ വരുമ്പോഴെല്ലാം വാപ്പ പുസ്തകങ്ങളാണ് കൊണ്ടുവരാറുള്ളത്. അബുദബിയില്‍ നിന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഒരു കപ്പലില്‍ കുറെ ട്രങ്ക് പെട്ടികള്‍ എത്തി. അത് നിറയെ പുസ്തകങ്ങളായിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഓരോ പെട്ടിയായി തുറന്ന് പുസ്തകം ലൈബ്രറിയില്‍ അടുക്കിവെച്ചത് ഞാനാണ്. മറ്റാരും ആ പെട്ടി ശ്രദ്ധിച്ചിട്ടുപോലുമില്ല. അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം എത്രയോ വലുതായിരുന്നു. 

എഴുത്തില്‍ ആരോടും കടപ്പാടില്ലെന്ന് പറഞ്ഞു. പക്ഷെ പുസ്തകങ്ങളുടെ ലോകം തുറന്നുതന്നത് വാപ്പയാണ്. അപ്പോള്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം വലുതല്ലേ ? 

അങ്ങനെ വിചാരിക്കുന്നില്ല. എന്റെ ഓര്‍മയില്‍ എനിക്ക് പത്തോ പതിനൊന്നോ വയസുള്ളപ്പോള്‍ ഒരിക്കല്‍ വാപ്പ എന്റെ കവിളത്ത് തൊട്ടിട്ടുണ്ട്. ആദ്യവും അവസാനവുമായി. ഞാന്‍ വീട്ടില്‍ മുകളിലത്തെ നിലയിലേക്കുള്ള പടിക്കെട്ടിന് താഴെ നില്‍ക്കുമ്പോഴായിരുന്നു അത്. അതിന് മുമ്പും പിമ്പും എന്നോട് മിണ്ടുകയോ സ്‌നേഹം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പത്താം ക്ലാസില്‍ പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനം എടുത്തത് വാപ്പയെ വല്ലാതെ നോവിച്ചു. പിന്നെ എല്ലാവരുടെയും നിര്‍ബന്ധത്തിന് പോയി എഴുതി. കഷ്ടി മാര്‍ക്കോടെ പാസായി. ഒരക്ഷരം പഠിക്കാത്തവന്‍ എഴുത്തുകാരനാകാന്‍ നടക്കുന്നു എന്ന് പറഞ്ഞ് വാപ്പ എന്നും പുച്ഛിക്കുന്നതാണ് മനസിലേക്ക് ആദ്യം വരിക.

ആദ്യമായി എഴുതുന്നത് ഏത് പ്രായത്തിലാണ് ?

ആദ്യമായി ജെയ് വോക്കര്‍ എന്ന പേരില്‍ ഒരു ചെറുകഥയാണ് എഴുതുന്നത്. റോഡില്‍ അലസമായി നടക്കുന്നവര്‍ക്ക് പറയുന്ന പേരാണ് ജെയ് വോക്കര്‍. ഒരു രൂപയ്ക്ക് ഒരു കെട്ട് വൈറ്റ് പേപ്പര്‍ കിട്ടും അന്ന്. അത് വാങ്ങി അതില്‍ എഴുതി. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലേക്ക് അയച്ചുകൊടുത്തു. ആ കഥ എഡിറ്റര്‍ കാണും. പതിനാറുവയസുകാരന്റെ അത്ഭുത സൃഷ്ടി എന്ന് കരുതും. ഉടന്‍ പ്രസിദ്ധീകരിക്കും എന്നെല്ലാം സ്വപ്നം കണ്ട് കുറെക്കാലം നടന്നു. എല്ലാ ആഴ്ചയും അടുത്തുള്ള ബുക്ക് സ്റ്റോറില്‍ പോയി വീക്ക്‌ലി നോക്കും. വീക്ക്‌ലി വാങ്ങാന്‍ 10 രൂപ കൊടുക്കണം. അത് വീട്ടില്‍ നിന്ന് കിട്ടുക ബുദ്ധിമുട്ടാണ്. അങ്ങനെ ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു പോസ്റ്റ് വന്നു. ആ കഥ നിരസിച്ചുകൊണ്ടുള്ള എഡിറ്ററുടെ മറുപടിയായിരുന്നു. തിരസ്‌കാരങ്ങളുടെ ചരിത്രം അവിടെ തുടങ്ങി. പിന്നെ വീണ്ടും ഒരു ചെറുകഥ കൂടി എഴുതി. പക്ഷെ അതോടെ ചെറുകഥ എഴുത്ത് നിര്‍ത്തി. 

മകനില്‍ ഒരു എഴുത്തുകാരനുണ്ട് എന്ന് വാപ്പ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലേ ? 

ഒരിക്കല്‍ വാപ്പ അബുദബിയില്‍ നിന്ന് വരുമ്പോള്‍ രണ്ട് വലിയ ഫയല്‍ എന്റെ കൈയില്‍ തന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ക്രിയേറ്റിവ് റൈറ്റിംഗിന്റെ പാഠപുസ്തകമാണ്. അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. അത് വായിച്ച് നോക്ക് എന്ന് പറഞ്ഞാണ് തന്നത്. 18വയസില്‍. എന്നിട്ട് ബഷീറിന്റെ ഒരു കഥ തന്നിട്ട് ഇംഗ്ലിഷിലേക്ക് ട്രാന്‍സലേറ്റ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ ട്രാന്‍സ്ലേറ്റ് ചെയ്ത് കൊടുത്തപ്പോള്‍, വാപ്പ അത് ട്രാന്‍സലേറ്റ് ചെയ്തത് എന്നെ ഏല്‍പ്പിച്ചിട്ട് വായിച്ച് നോക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയില്ല എന്ന് തെളിയിക്കുകയായിരുന്നിരിക്കാം വാപ്പയുടെ ലക്ഷ്യം. വാപ്പ തന്ന ക്രിയേറ്റീവ് റൈറ്റിംഗ് പുസ്തകത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നോവല്‍ എഴുതുന്നതില്‍ അത് വളരെ സഹായിച്ചു. 

നോവലിലേക്ക് തിരിയുന്നത് ?

ചെറുകഥ എനിക്ക് വഴങ്ങില്ലെന്ന് മനസിലായപ്പോഴാണ് നോവല്‍ എഴുതി തുടങ്ങുന്നത്. കൊല്‍ക്കത്തയിലെ പഴയ ഒരു കെട്ടിടത്തില്‍ നടക്കുന്ന കഥ. വിവാദം ആക്കിയാലണല്ലോ ഒരു ശ്രദ്ധയൊക്കെകിട്ടുക. അതിനുവേണ്ടി എന്തെല്ലാമോ എഴുതി. കുറെ കീറി കളഞ്ഞു. പിന്നീട് ജീവിതത്തിലെ വലിയ പ്രതിസന്ധിയുടെ കാലമായിരുന്നു. അതില്‍ നിന്ന് കരകയറാന്‍ കുറേ കാലം എടുത്തു. സുഹൃത്തുക്കള്‍ ആരുമില്ല. സ്വയം വരുത്തിവെച്ച പട്ടിണി. വാപ്പ ജോലി നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീടാണ് വീട് വിട്ടുപോകുന്നത്. 

എത്രാമത്തെ വയസില്‍, ആരോടും പറയാതെയാണോ പോകുന്നത് ?

ഉമ്മയോട് പറഞ്ഞിട്ടാണ് പോകുന്നത്. ഹൈദരാബാദിലേക്ക്. 22-ാം വയസില്‍. സുഹൃത്തിന്റെ അടുത്തേക്ക് എന്ന് പറഞ്ഞു. ഷെയര്‍ മാര്‍ക്കറ്റിലെ കുറച്ച് ഓഹരി തുക ഉണ്ടായിരുന്നു. വളരെ കുറച്ച് പണം.  വര്‍ക്കലയില്‍ നിന്ന് ട്രെയിനില്‍ കയറാം. പക്ഷെ ഞാന്‍ തിരുവനന്തപുരത്ത് പോയി അവിടെ നിന്നാണ് ട്രെയിനില്‍ കയറുന്നത്. വര്‍ക്കല എത്തുമ്പോള്‍ ഗെയ്റ്റില്‍ ഉമ്മയും പെങ്ങളും നോക്കി നില്ക്കുന്നുണ്ട്. എനിക്ക് വാതിലില്‍ വന്ന് അവരെ കൈകാണിക്കാം. അവര്‍ അത് പ്രതീക്ഷിച്ചാണ് നില്‍ക്കുന്നത്. പക്ഷെ ഞാനത് ചെയ്തില്ല. 

എത്രകാലം അവിടെ താമസിച്ചു ? 

ആദ്യത്തെ പോക്കില്‍ നാലുമാസം. പനി മൂലം ആരോഗ്യം തീരെ മോശമായപ്പോള്‍ നിവൃത്തിയില്ലാതെ തിരികെ വന്നു. പിന്നെ ഉമ്മ കരഞ്ഞുകൊണ്ട് അപേക്ഷിക്കും. പോകരുത്. എങ്ങെയെങ്കിലും കാശ് ഒക്കെ ഒപ്പിച്ചുതരാം എന്നൊക്കെ പറയും. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞ് പിന്നെയും ഞാന്‍ പോയി. മനസില്‍ ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും എഴുതണം. ആ സമയത്താണ് ആദ്യ പുസ്തകം വിക്‌സ് മാംഗോ ട്രീയുടെ പല ഭാഗങ്ങളും എഴുതുന്നത്. ഹൈദരാബാദില്‍വെച്ച്. 

അവിടെ ചെലവുകള്‍ ഒക്കെ കഴിഞ്ഞത് എങ്ങനെയായിരുന്നു?

പല ജോലിയും ചെയ്തു. ഫ്രീലാന്‍സായി എഴുത്തുപരിപാടികള്‍. ഹോട്ടലില്‍ വെയിറ്റര്‍, അങ്ങനെ. ടിപ് കിട്ടുന്ന പണം ഒരു പെട്ടിയില്‍ ഇടണം. അത് വൈകിട്ട് എല്ലാ വെയിറ്റര്‍മാരും തുല്യമായി പങ്കിട്ടെടുക്കണം എന്നാണ് നിയമം. പക്ഷെ ആരും കാണാതെ ടിപ്പ് കിട്ടിയ ഒരു 50 രൂപ ഞാന്‍ പോക്കറ്റിലാക്കിയിട്ടുണ്ട്. അത്ര നിവൃത്തികേടാണല്ലോ. 800 രൂപയാണ് താമസിക്കുന്ന വീടിന് വാടക. അവിടെ ഒരു കട്ടിലും ബെഡ്ഡും കസേരയും ഉണ്ട്. ശൈത്യകാലത്ത് മരം കോച്ചുന്ന തണുപ്പായിരിക്കും. പുതയ്ക്കാന്‍ പുതപ്പുപോലുമില്ല. ബെഡ്ഡിന്റെ കവര്‍ രാത്രി ഊരി അത് പുതയ്ക്കും. ഒരു സുഹൃത്ത് പത്രത്തില്‍ ജോലി ചെയ്തിരുന്നു. അവന്റെ പക്കല്‍ നിന്ന് പത്രങ്ങള്‍ കൊണ്ടുവരും. അത് ഷര്‍ട്ടിനുള്ളില്‍ വെക്കും. രാത്രി തണുപ്പകറ്റാന്‍. 

വീട്ടില്‍ നിന്ന് പണം കിട്ടില്ലേ.. ? 

അന്നത്തെ മാനസികാവസ്ഥ തന്നെ വേറെയാണ്. സ്വയം വരിച്ച പട്ടിണിയാണ്. വീട്ടില്‍ പറയാന്‍ ദുരഭിമാനം അനുവദിക്കില്ല. മാത്രവുമല്ല എന്റെ വീടുവിട്ട് നില്‍ക്കലിനോട് വീട്ടുകാര്‍ക്ക് താത്പര്യമില്ല. ഞാന്‍ പോയത് എന്റെ മനസിന്റെ സമാധാനത്തിനാണ്. എഴുതാനാണ്. ലോകം മനസിലാക്കാനാണ്. ഭക്ഷണമൊക്കെ വളരെ കുറവായിരുന്നു. ഒരു ബ്രെഡ് പാക്കറ്റ് വാങ്ങിയാല്‍ മൂന്ന് നേരവും കഴിക്കും. വിലകുറഞ്ഞ അച്ചാറുകള്‍ ധാരാളം കിട്ടും. അന്നത്തെ കാലത്ത് സിഗരറ്റ് ഒഴിച്ചുകൂട്ടാന്‍ വയ്യ. സിഗരറ്റ് വാങ്ങി പാതി വലിച്ച് ബാക്കി പിന്നത്തേക്ക് മാറ്റിവെക്കും. വലി നിര്‍ത്തിയിട്ട് കുറച്ചേ ആയുള്ളു. രണ്ടാമത്തെ മകള്‍ ഉണ്ടായപ്പോള്‍ അവള്‍ വലുതാകുമ്പോള്‍ ഞാന്‍ ജീവനോടെ ഉണ്ടാകുമോ എന്ന പേടി തോന്നിത്തുടങ്ങിയപ്പോള്‍ വലി നിര്‍ത്തി. 

അന്നെല്ലാം കുളിക്കാന്‍ സോപ്പുപോലും ഉണ്ടാകില്ല. വാപ്പ പണ്ട് തന്ന ഷേവിംഗ് ക്രീമിട്ട് കുളിക്കും. റൂമിന് അഡ്വാന്‍സ് കൊടുത്ത പണത്തില്‍ നിന്ന് ഇടയ്ക്കിടെ കടം വാങ്ങും. ചെക്ക് വന്നില്ല. ശമ്പളം കിട്ടാന്‍ വൈകി എന്നെല്ലാം പറഞ്ഞ്. പട്ടിണി സഹിക്കാതെയാകുമ്പോള്‍.  പക്ഷെ അവര്‍ക്ക് മനസിലായിട്ടുണ്ടാകാം നിവൃത്തികേടുകൊണ്ടാണ് എന്ന്. റോസ് വില്ല എന്ന മലയാളികളുടെ ഒരു ഹോട്ടലിലാണ് കഴിക്കാന്‍ പോകുക. 13 രൂപയാണ് ഊണിന്. മീനുകള്‍ വറുത്ത് നിരത്തിവെച്ചിരിക്കുന്നതുകാണുമ്പോള്‍ കൊതിയടക്കാനാകില്ല. പക്ഷെ മീന്‍ കഴിച്ചാല്‍ അടുത്ത ദിവസം പട്ടിണിയാകും. 

അന്ന് വീട് മിസ് ചെയ്തിരുന്നില്ലേ.. ? 

ഞാന്‍ പറഞ്ഞല്ലോ അന്നത്തെ മാനസികാവസ്ഥ തന്നെ വേറെയാണ്. രാത്രിയായാല്‍ ഹൈദരാബാദില്‍ താമസിക്കുന്ന മുറിയുടെ മുകളില്‍ കയറി നില്‍ക്കും. ഹുസൈന്‍ സാഗര്‍ ലേക്ക് കാണാം. റെയില്‍വേ പാളം കാണാം. നാട്ടിലേക്കുള്ള ട്രെയിന്‍ പോകുന്നത് നോക്കി നില്‍ക്കും എല്ലാ രാത്രികളിലും. ആ  ട്രെയില്‍ ഓടിയെത്തുന്നത് എന്റെ നാട്ടിലേക്കാണ്. അവിടെ എന്നെ ഓര്‍ത്ത് ഉമ്മയുണ്ടാകും സഹോദരങ്ങളുണ്ടാകും.. ആ ട്രെയിന്‍ മറഞ്ഞാലുണ്ടാകുന്ന ശൂന്യത വലുതാണ്. 

പിന്നെ വീട്ടിലേക്ക് വരുന്നത് എപ്പോഴാണ് ? 

ഹൈദരാബാദില്‍ കുറച്ചുകാലം നിന്ന ശേഷം ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും യാത്ര പോയി. പലയിടങ്ങളിലും ഞാന്‍ കണ്ട കാഴ്ചകള്‍ എന്നെ ഏറെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യം, പട്ടിണി, കുഞ്ഞുങ്ങളഉടെ ദുരിതം. ഒരിക്കല്‍ ഒരു ഉന്തുവണ്ടി ഉന്തിക്കൊണ്ട് ഒരാള്‍. അയാളുടെ ഭാര്യയും ഒപ്പമുണ്ട്. ആ വണ്ടിയുടെ അടിയില്‍ ഒരു അറയില്‍ രണ്ട് കുട്ടികള്‍. തീരെ മെലിഞ്ഞ് ചോര വറ്റിയ കുഞ്ഞഉങ്ങള്‍. ഇന്നും അവരുടെ മുഖം പോലും എനിക്ക് ഓര്‍മയുണ്ട്. ഒരുപക്ഷേ ഞാന്‍ ഇല്ലാതായാല്‍ എന്റെ മക്കള്‍ക്ക് ആ അവസ്ഥ വരുമോ എന്ന് ഒരു പേടിയോടെ ഓര്‍ക്കാറുണ്ട്. 

താങ്കള്‍ ജീവിതത്തില്‍ വെല്‍ സെറ്റില്‍ഡാണ്. നല്ല വരുമാനമുള്ള ജോലിയുണ്ട്. പിന്നെ എന്തിന് ഭയം ? 

അറിയില്ല.. ഓരോ തോന്നലാണ്. 

പിന്നെ. യാത്രകള്‍ക്ക് ശേഷം ? 

ഞാന്‍ രണ്ട് വര്‍ഷത്തോളം കഴിഞ്ഞ് വീട്ടിലെത്തി. ട്രെയിന്‍ വീടിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ അന്നും എന്റെ ഉമ്മ അവിടെ കാത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ എത്തുന്ന കാര്യം ഉമ്മയ്ക്ക് അറിയില്ല. പക്ഷെ ഞാന്‍ പോയ ദിവസം മുതല്‍ എല്ലാ ദിവസവും ഉമ്മ എന്നെ കാത്ത് അവിടെ നില്‍ക്കുമായിരുന്നു എന്ന് പെങ്ങളാണ് പറഞ്ഞത്. ഞാന്‍ പോകുമ്പോള്‍ കറുത്ത് ചുരുണ്ട് ഇടതൂര്‍ന്ന മുടിയാണ് ഉമ്മയ്ക്ക്. തിരികെയെത്തുമ്പോള്‍ ആ തലയില്‍ ഒരെണ്ണമില്ലാതെ എല്ലാ മുടിയും വെളുത്തിരുന്നു. 

വാപ്പ എങ്ങനെയാണ് തിരികെ വന്നപ്പോള്‍ സ്വീകരിച്ചത് ? 

വാപ്പയ്ക്ക് പ്രത്യേകിച്ച് വികാരമൊന്നുമില്ല. അത് പണ്ടും അങ്ങനെയാണ്. മറ്റ് മക്കളോടെല്ലാം വലിയ സ്‌നേഹമായിരുന്നു. എന്നോട് എന്തുകൊണ്ട് ദേഷ്യം എന്ന് മനസിലായിട്ടില്ല. തിരികെ വന്നപ്പോള്‍ വാപ്പ പറഞ്ഞത് എന്തായാലും പഠിത്തമില്ല. ജീവിക്കണമല്ലോ. വല്ല കടയും ഇട്ടുതരാം. ചെരുപ്പുകടയോ പലചരക്ക് കടയോ കാര്‍ വാഷ് വില്‍ക്കുന്ന കടയോ മറ്റോ എന്ന്. ഗള്‍ഫില്‍ എവിടെയെങ്കിലും പോയി ആരും കാണാതെ വല്ല ജോലിയും ചെയ്ത് ജീവിക്കാം എന്നായിരുന്നു എന്റെ ചിന്ത. 

വളരെ കുറച്ചേ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളു. എന്റെ മകന്‍ ഉണ്ടായ ശേഷം കൊച്ചിയിലേക്ക് ഞങ്ങള്‍ പോകാന്‍ ഇറങ്ങുമ്പോള്‍ പോട്ടെ എന്ന ഒരു വാക്ക്. അങ്ങനെ വളരെ കുറച്ച്. വിവാഹത്തിന് പോലും മറ്റാരോ വഴിയാണ് കാര്യങ്ങള്‍ പറയുക. ഉമ്മയോട് വല്ലാത്ത അടുപ്പമായിരുന്നു. ഒരുപക്ഷെ എന്റെ എല്ലാ ഇന്‍സെക്യൂരിറ്റീസിന്റെ സമയത്തും ചേര്‍ത്ത് പിടിച്ച് കൂടെ നിനനതുകൊണ്ടാകാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉച്ചയൂണിന്റെ സമയത്ത് പോലും ഉമ്മയെ കാണാന്‍ വീട്ടിലേക്ക് ഓടും. രണ്ടരകിലോമീറ്റര്‍ ദൂരമുണ്ട് വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക്. ഒരു മണിക്കൂര്‍ കഷ്ടിയാണ് ലഞ്ച് ടൈം. ഓടി വന്ന് അടുക്കളയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് തിരിച്ച് ഓടും സ്‌കൂളിലേക്ക്. അപ്പോഴേക്കും ബെല്‍ അടിച്ചിട്ടുണ്ടാകും. 

പലചരക്ക് കടയൊന്നും തുടങ്ങാതെ പരസ്യകമ്പനിയില്‍ എത്തിപ്പെടുന്നത്.. ?  

എപ്പോഴും പത്രങ്ങളില്‍ ജോലി പരതും. എന്തെങ്കിലും ജോലി നേടി എങ്ങനെയെങ്കിലും രക്ഷപ്പെടണം. അങ്ങനെയാണ് കൊച്ചിയില്‍ ഒരു ചെറിയ പരസ്യക്കമ്പനിയിലെ ഒഴിവിനെ കുറിച്ച് അറിയുന്നത്. അവിടെ മൂന്ന് മാസം ജോലി ചെയ്തു. ഏതെങ്കിലും വലിയ ഏജന്‍സിയില്‍ ജോലിക്ക് കയറണം എന്നായിരുന്നു പിന്നെ ചിന്ത. പിന്നെയാണ് എഫ്‌സിബി ഉള്‍ക്കയില്‍ ജോലി കിട്ടുന്നത്. നോര്‍ത്തിലെ മാസ് ഹോട്ടലിലാണ് അന്ന് താമസം. 2000 രൂപയാണ് ശമ്പളം. 1000 രൂപ മുറി വാടക. ആ മുറിയില്‍ ഇരുന്ന് രാത്രി മുഴുവന്‍ എഴുതും. വാപ്പാടെ കൈയില്‍ ഒരു ടൈപ്പ് റൈറ്റര്‍ ഉണ്ടായിരുന്നു. അത് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. പെങ്ങള്‍ വഴി അത് വാപ്പയോട് ചോദിച്ചു. പക്ഷെ തന്നില്ല. പിന്നെ സ്വന്തമായി ഒരു ടൈപ്പ് റൈറ്റര്‍ വാങ്ങി. 

ആദ്യ നോവല്‍ എഴുതിയത് ?

26 വയസില്‍ വിക്‌സ് മാംഗോ ട്രീ എഴുതി. പലര്‍ക്കും അയച്ചുകൊടുത്തു. എല്ലാവരും നിരസിച്ചു. 38 ആം വയസിലാണ് അത് പ്രസിദ്ധീകരിക്കപ്പെടുന്നത്. തിരസ്‌കാരത്തിന്റെ വേദന നന്നായി അറിഞ്ഞിട്ടുണ്ട്. പലവട്ടം. അതിനിടെ മറ്റ് പല നോവലുകളും എഴുതിത്തുടങ്ങി. പക്ഷെ പൂര്‍ത്തീകരിച്ചില്ല.

ഏറ്റവും കൂടുതല്‍ പ്രാവശ്യം പുസ്തകങ്ങള്‍ തിരസ്‌കരിക്കപ്പെട്ട ഒരു എഴുത്തുകാരനാണ് നിങ്ങള്‍. 26 വയസില്‍ എഴുതിയ പുസ്തകം 38 വയസുവരെ കാത്തിരിക്കേണ്ടി വന്നു പ്രസിദ്ധീകരിക്കാന്‍. ഏതെങ്കിലും ഘട്ടത്തില്‍ മനസ് മടുത്തിരുന്നോ?

കൊച്ചിയില്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള താമസമുറിയിലിരുന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി ഒരിക്കലും എഴുതില്ലെന്ന്. തിരസ്‌കാരങ്ങളില്‍ ഏറെ മനംനൊന്താണ് അത്തരമൊരു തീരുമാനമെടുത്തത്. അങ്ങനെ അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസിലേക്ക് ഒരു ചിന്തവന്നു. 50-55 വയസാകുമ്പോള്‍ ഞാന്‍ ആലോചിക്കും, ഞാന്‍ എവിടെയെത്തി ജീവിതത്തില്‍ എന്ന്. എങ്ങുമെത്താതെ എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ച വര്‍ഷങ്ങള്‍ ആയിരിക്കും പിന്നില്‍. അന്ന് ചിലപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നിയേക്കും. ഒരു പക്ഷെ പിന്നെയും ഞാന്‍ പരിശ്രമിച്ചിരുന്നുവെങ്കില്‍ എന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടേനെ എന്നുകരുതി സങ്കടപ്പെടും. ആ ചിന്തയില്‍ നിന്നാണ് വീണ്ടും വീണ്ടും പരിശ്രമിക്കണം, എഴുത്ത് ഒരിക്കലും നിര്‍ത്തരുത് എന്ന് ഞാന്‍ തീരുമാനിച്ചത്. 

താങ്കളുടെ എല്ലാ പുസ്തകങ്ങളും സങ്കടങ്ങള്‍ പങ്കുവയ്ക്കുന്നവയാണ്?

ഞാന്‍ ആദ്യം പറഞ്ഞതുപോലെ എന്റ കുട്ടിക്കാലം ദുഷ്‌കരമായിരുന്നു. എന്നും ഒറ്റപ്പെടലായിരുന്നു. അച്ഛന്‍-മകന്‍ ബന്ധത്തിലെ പ്രശ്‌നങ്ങള്‍. ഇതെല്ലാം ആകാം കാരണം. 

വാപ്പായ്ക്ക് എഴുത്തുമായുള്ള ബന്ധം ? 

വാപ്പാക്ക് എഴുത്തുകാരനാകാനായിരുന്നു മോഹം. കുറെ ശ്രമിച്ചിട്ടുണ്ട്. നടന്നിട്ടില്ല. പിന്നെ ചിലവയെല്ലാം ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി. ബഷീറുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അവര്‍ തമ്മില്‍ കത്തുകള്‍ അയക്കും. ബഷീറിന്റെ കത്തുകള്‍ ധാരാളം വാപ്പയെത്തേടി എത്തിയിട്ടുണ്ട്. ബഷീറിന്റെ എല്ലാ കത്തുകളും ഗോഡ് ബ്ലെസ് യൂ.. എന്ന് എഴുതിയാകും അവസാനിപ്പിക്കുക. ഒരിക്കല്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. ബേപ്പൂരില്‍ പത്തേമാരി ഉണ്ടാക്കുന്നു. ജപ്പാനില്‍ നിന്നുള്ള ഒരു സെയ്‌ലര്‍ ഉണ്ട്. കുറെയാത്ര ചെയ്താലേ അനുഭവങ്ങള്‍ ഉണ്ടാകൂ. ഒരു എഴുത്തുകാരന് ഏറ്റവും അത്യാവശ്യം അനുഭവങ്ങളാണല്ലോ. അങ്ങനെ വര്‍ക്കലയില്‍ നിന്ന് ട്രെയിനില്‍ ഞാന്‍ ബേപ്പൂരെത്തി. അവിടെ ചെന്നപ്പോള്‍ ആ ജപ്പാന്‍കാരനായ സെയ്‌ലര്‍ അവിടെ ഇല്ല. കോഴിക്കോട് ഹോട്ടലിലാണ് എന്ന് പറഞ്ഞു. 

ബേപ്പൂര്‍ വരെ എത്തിയതല്ലേ. ബഷീറിനെ കണ്ടുകളയാം എന്ന് കരുതി. ബഷീറിനെകുറിച്ച് അറിഞ്ഞതും വായിച്ചതും വെച്ച് വലിയ സങ്കല്‍പ്പങ്ങളോടെയാണ് ചെല്ലുന്നത്. വീട്ടില്‍ വിളിച്ചിരുത്തി ചായ തരും. കുറെ തമാശ പറയും. എന്നെല്ലാം. വീടിന് മുന്നിലെത്തിയപ്പോള്‍ ഒരു ചാരുകസേരയില്‍ ദേഹത്ത് എണ്ണതേച്ച് കിടക്കുകയാണ്. ഗെയ്റ്റിന് മുന്നില്‍ എന്നെ കണ്ടപ്പോള്‍ ആരാ എന്ന് ചോദിച്ചു. ഒന്നു കാണാന്‍ വന്നതാ എന്ന് ഞാന്‍ പറഞ്ഞു.  എഴുന്നേറ്റ് നിന്ന് ദാ കണ്ടില്ലേ. പോ എന്ന് പറഞ്ഞു. ഞാന്‍ ആകെ വിഷമിച്ചുപോയി. വീട്ടിനുള്ളിലേക്ക് കയറിയ ബഷീര്‍ തിരിഞ്ഞുനിന്നിട്ട് പേരെന്താ എന്ന് ചോദിച്ചു. അനീസ് എന്നു പറഞ്ഞു.  എന്തോ ഒരലിവ് തോന്നിക്കാണും. എന്നിട്ട് വീട്ടിലേക്ക് പോകൂ ഇങ്ങനെ ചുറ്റിത്തിരിഞ്ഞു നടക്കാതെ എന്ന് പറഞ്ഞ് അദ്ദേഹം ഉള്ളിലേക്ക് പോയി. എന്റെ വാപ്പയുടെ പേര് പറഞ്ഞാല്‍ അങ്ങനെയായിരിക്കില്ല സാഹചര്യം. പക്ഷെ അപ്പോള്‍ അത് പറയാന്‍ തോന്നിയില്ല. 

എന്നിട്ട് സെയ്‌ലറെ കണ്ടോ ? 

കോഴിക്കോട് ഹോട്ടലിലെത്തി അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു. കൂടെ യാത്ര ചെയ്ത് എനിക്ക് എഴുതണം. നോ നോ.. യൂ ഗോ, യു വില്‍ ഡൈ എന്ന് പറഞ്ഞ് അദ്ദഹേം ആ ആഗ്രഹം വിലക്കി. ഇത് അത്ര എളുപ്പമല്ല എന്നും അപകടം നിറഞ്ഞതാണ് എന്നും പറഞ്ഞു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ആ ഉരു അപകടത്തില്‍പ്പെട്ടെന്നും അവരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും പത്രത്തില്‍ വായിച്ചു. 

എഴുത്തുകാരനായത് കണ്ടിട്ടാണോ വാപ്പ മരിക്കുന്നത് ?

അല്ല. എന്റെ എഴുത്തുജീവിതത്തെ കുറിച്ചൊന്നും വാപ്പ അറിഞ്ഞിട്ടില്ല. അതിന് മുമ്പേ മരിച്ചു. വാപ്പ വീട്ടുമുറ്റത്ത് മരച്ചുവട്ടില്‍ കസേരയിട്ടിട്ട് അവിടെ ഇരുന്നാണ് ചിലപ്പോഴൊക്കെ വായിക്കുക. അങ്ങനെ ഒരു ദിവസം വായിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. കൈയില്‍ പാതി വായിച്ച പുസ്തകമുണ്ട്. പടിയില്‍ വീണു. രക്തം ഛര്‍ദിച്ചു. പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചു. ഞാന്‍ വീട്ടിലെത്തി ആ പുസ്തകം തുറന്നപ്പോഴാണ് കണ്ടത് വാപ്പ ബുക്ക് മാര്‍ക്കായി വെച്ചത് വാപ്പയുടെ മരുന്ന് പാക്കറ്റായിരുന്നു. വാപ്പ അവസാനം വായിച്ചുകൊണ്ടിരുന്ന പേജ് .. അത് അടയാളം മാറാതെ അങ്ങനെ... മയ്യത്ത് കുളിപ്പിച്ചതിന് ശേഷം ഞാന്‍ വാപ്പായെ തൊട്ടുനോക്കി. വല്ലാത്ത തണുപ്പ്. അത് എന്റെ വിരല്‍ത്തുമ്പിലേക്ക് ഇരച്ചുകയറി. ആ തണുപ്പ് അറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. അന്നോളം വാപ്പായുടെ സ്‌നേഹത്തിന്റെ ചൂട് അറിഞ്ഞിട്ടില്ല. പക്ഷെ വാപ്പായുടെ ശരീരത്തെ മരവിപ്പ് എന്നെ ഉലച്ചുകളഞ്ഞു.

ബഷീറിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ ? 

ഉണ്ട്. ബഷീറിന്റെയും എംടിയുടേയുതം ഒട്ടുമിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഉറൂബിന്റെയും വായിച്ചിട്ടുണ്ട്. 

ബഷീര്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ. പ്രത്യേകിച്ച് എത് ദുഃഖങ്ങളും തമാശയുടെ മേമ്പൊടി ചേര്‍ത്ത് പറയുന്ന വ്യക്തിയാണ് താങ്കള്‍ . ബഷീറും അങ്ങനെയാണല്ലോ ? 

ഒരിക്കലും ഇല്ല. പിന്നെ തമാശ മനഃപൂര്‍വം ഒരു ടൂളായി ഉപയോഗിക്കുന്നതല്ല. അതെല്ലാം എഴുത്തിന്റെ കൂടെ വന്നുപോകുന്നതാണ്.
 
ഇംഗ്ലിഷില്‍  ആരുടെയെല്ലാം പുസ്തകങ്ങളായിരുന്നു കുട്ടിക്കാലത്ത് വായിക്കുക ? 

എല്ലാ നല്ല എഴുത്തുകാരുടെയും പുസ്തകങ്ങള്‍ ഉണ്ട് ലൈബ്രറിയില്‍. ഞാന്‍ വായിച്ചിരുന്നത് വിഎസ് നായ്പാള്‍, ഗ്രഹാം ഗ്രീന്‍, മാര്‍ക്വേസ്, ക്രിസ്റ്റഫര്‍ ഇഷര്‍വുഡ്, സോള്‍ ബെല്ലോ, വില്യം ഫോക്‌നര്‍, ഗുണ്ടര്‍ ഗ്രാസ്, ജോണ്‍ അപ്ഡിക് , ഡിഎച്ച് ലോറന്‍സ്...തുടങ്ങിയവരുടെ ഒക്കെ പുസ്തകങ്ങളാണ്. നാട്ടിലുള്ളപ്പോള്‍ ബ്രിട്ടിഷ് കൗണ്‍സിലില്‍ കസിന്റെ മെംബര്‍ഷിപ്പ് കാര്‍ഡുപയോഗിച്ച് പുസ്തകങ്ങള്‍ എടുക്കുമായിരുന്നു. നാല് പുസ്തകങ്ങള്‍ ഒരു മാസം എടുക്കാം. അതുമായി ട്രെയിനില്‍ കയറി വര്‍ക്കല എത്തിയാല്‍ പിന്നെ വായിച്ച് തീരുംവരെ മറ്റ് ജോലികളില്ല. അടുത്ത പുസ്തകങ്ങള്‍ പോയി എടുക്കാന്‍ കാത്തിരിക്കും. 

ഇപ്പോള്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍,എഴുത്തുകാര്‍.. ? 

ജൂലിയന്‍ ബാര്‍ണസ്, മാര്‍ഗരറ്റ് അറ്റ്‌വുഡ്, ജുംപാ ലാഹിരി, ജെഎം കോട്‌സീ, റോഡി ഡോയ്ല്‍. 

അഞ്ച് നോവലുകള്‍ക്കും പുരസ്‌കാരം കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും. പക്ഷെ പുരസ്‌കാരങ്ങള്‍ കൈപ്പറ്റില്ല. പുരസ്‌കാരങ്ങള്‍ താങ്കള്‍ക്ക് പ്രചോദനം ആകാറില്ലേ. ? 

പുരസ്‌കാരം കൈപ്പറ്റാന്‍ പോകില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അത് പുതിയ കാര്യമല്ല. ഒരിക്കലും ഞാന്‍ പോയിട്ടില്ല. അത് വാര്‍ത്തയാകേണ്ടതുമല്ല. കാരണം ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് ചെന്ന് നില്‍ക്കാന്‍ കഴിയില്ല. അത് എന്റെ വൈകല്യമായാണ് ഞാന്‍ കാണുന്നത്. അപരിചിതരോട് സംസാരിക്കാന്‍ ഞാന്‍ കുറേ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഒരു ഇന്‍ട്രോവേര്‍ട്ട് ആയിപ്പോയതുകൊണ്ടാണ്. അത് ഷോ ഓഫ് അല്ല. പിന്നെ പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. പുരസ്‌കാരം കിട്ടിയാല്‍ ആ ബുക്കുകള്‍ കൂടുതല്‍ വായിക്കപ്പെടും. അത് അംഗീകാരം തന്നെയാണ്. കൂടുതല്‍ എഴുതാനും പ്രചോദനമാണ്. ഉത്തരവാദിത്തവുമാണ്. 

എഴുത്തുകാരെ സാംസ്‌കാരിക പ്രവര്‍ത്തര്‍ എന്നാണ് പറയുക. അവര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ കൂടി സമൂഹത്തോട് ഇല്ലേ. മിണ്ടാതെ ഒളിഞ്ഞിരുന്ന് എഴുതി മറയുന്നത് ശരിയാണോ.. ? 

എന്റെ പ്രതികരണം എന്റെ എഴുത്തിലൂടെയാണ്. വിക്‌സ് മാംഗോ ട്രീ എന്ന കഥയുടെ പശ്ചാത്തലം അടിയന്തരാവസ്ഥയാണ്. ഒരു നിയമം എങ്ങനെ പല മനുഷ്യരെയും ബാധിക്കുന്നു എന്നതാണ് ഞാന്‍ പറഞ്ഞത്. വാനിറ്റി ബാഗ് എന്നെ ആശങ്കപ്പെടുത്തിയിട്ടുള്ള പല സംഭവങ്ങളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. പക്ഷെ  ആത്യന്തികമായി ഒരു സംഭവം എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു എന്നതരത്തിലാണ് എന്റെ കഥകള്‍ വികസിക്കുക.മനുഷ്യരുടെ വികാരങ്ങളിലേക്ക് കടന്നുചെന്ന് കഥപറയുകയാണ് എനിക്കിഷ്ടം. 

ഒരു അപരിചിതത്വം ഉണ്ട് താങ്കളോട് കേരള സമൂഹത്തിന് എന്ന് തോന്നിയിട്ടുണ്ട്. അത് താങ്കളുടെ പ്രകൃതം കൊണ്ടുകൂടിയാണ്. അത് എങ്ങനെ ബാധിക്കുമെന്നാണ് കരുതുന്നത് ? 

പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാത്തത് പുസ്തകവായനയില്‍ എന്തെങ്കിലും പ്രതിഫലനം ഉണ്ടാക്കും എന്ന് വിചാരിക്കുന്നില്ല. പൊതുവേദികളില്‍ ചെന്നാല്‍ കൂടുതലായി പുസ്തകങ്ങള്‍ വായിക്കപ്പെടും എന്നും കരുതുന്നില്ല. പണ്ടുകാലത്ത് ഇതൊന്നും ഇല്ലാതിരുന്നിട്ടും നമ്മള്‍ പുസ്തകങ്ങള്‍ വായിച്ചു. മാറുന്ന കാലത്ത് ഇങ്ങനെ പാടില്ലായിരിക്കാം. പക്ഷെ കാലത്തിന് അനുസരിച്ച് എന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ ഒരു ഒറ്റയാനായിപ്പോയി. ഒറ്റയാന്‍ എന്ന് പറയുമ്പോള്‍ അത് ശക്തനാണ്. എനിക്ക് അതും ചേരില്ല. ഞാന്‍ ഒരു ഏകാകിയായിപ്പോയി എന്ന് പറയുന്നതാകും ശരി. 

മറ്റ് എഴുത്തുകാരുമായൊക്കെ ബന്ധം സൂക്ഷിക്കാറുണ്ടോ ? 

ഞാന്‍ ആകെ വിളിച്ച് സംസാരിച്ചിട്ടുള്ളത് കവി റഫീഖ് അഹമ്മദിനെയാണ്. അതും ഒരു വട്ടം. അദ്ദേഹത്തിന്റെ മരണമെത്തുന്ന നേരത്ത് എന്ന കവിത എനിക്ക് ഇഷ്ടമാണ്. 

ആഖ്യാനരീതികളിലെല്ലാം വലിയതോതില്‍ ഭാവുകത്വ പരിണാമങ്ങള്‍ സംഭവിക്കുന്ന കാലമാണ്. അത്തരത്തില്‍ താങ്കളുടെ എഴുത്തുരീതിയും മാറാറുണ്ടോ ?

പല കഥകളില്‍ പല ക്രാഫ്റ്റ് പരീക്ഷിക്കാറുണ്ട്. അത് ആ കഥ മനസില്‍ വരുമ്പോള്‍ വന്നുപെടുന്നതാണ്.  

ജീവിതപരിസരങ്ങളില്‍ നിന്ന് മാത്രമാണോ താങ്കളുടെ കഥകള്‍ ജനിക്കാറുള്ളത്. പലപ്പോഴും അങ്ങനെ തോന്നാറുണ്ട് ?

ബ്ലൈന്‍ഡ് ലേഡിയും സ്‌മോള്‍ ടൗണ്‍ സീയും ഒരു പരധി വരെ അങ്ങനെയാണ്. വിക്‌സ് മാംഗോ ട്രീയില്‍ കഥാപാത്രത്തിന് പരാജയ ഭീതിയുണ്ട്. അത് എന്റെ തന്നെ ഭീതിയാണ്. ഇമ്രാന്‍ ജബ്ബാര്‍ എന്ന കഥാപാത്രത്തിന്റെ ഹാലുസിനേഷന്‍ എന്റെ തന്നെ ഹാലുസിനേഷനാണ്. പക്ഷെ ടെയില്‍സ് ഫ്രം എ വെന്‍ഡിംഗ് മെഷിന്‍ ഒരു പെണ്‍കുട്ടിയുടെ കഥയാണ്. 

വര്‍ക്കല എത്രത്തോളം സ്വാധീനിച്ചു എഴുത്തിനെ ?

വര്‍ക്കലയില്‍ ആകെ മനോഹരമായിട്ടുള്ളത് കടല്‍ മാത്രമാണ് എന്നതായിരുന്നു എന്റെ കുട്ടിക്കാലത്തെ വിശ്വാസം. വലിയ വലിയ നഗരങ്ങളോട് വല്ലാത്ത അഭിനിവേശമായിരുന്നു. എങ്ങനെയും വര്‍ക്കലയില്‍ നിന്ന് രക്ഷപ്പെടണം. വലിയ നഗരങ്ങളില്‍ ചെന്ന് ജീവിക്കണം എന്നെല്ലാം തോന്നുമായിരുന്നു. പക്ഷെ പല നാടുകള്‍ ചുറ്റിയപ്പോള്‍, ജനങ്ങളുടെ പട്ടിണിയും വിദ്വേഷവും ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും എല്ലാം കണ്ട് കഴിഞ്ഞപ്പോഴാണ് വര്‍ക്കല മനോഹരമാണെന്നും നിറയെ കഥകള്‍ ആ നാട്ടിലുണ്ട് എന്നും തിരിച്ചറിയുന്നത്. 

ഇനിയും വര്‍ക്കല കഥകള്‍ക്ക് വിഷയമാകുമോ ?

ഉണ്ടാകാം. പക്ഷെ ഇപ്പോള്‍ എഴുത്തിനെക്കുറിച്ച് പുസ്തകങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ല. അതിനുള്ള മാനസികാവസ്ഥയല്ല. ആ ചിന്ത തന്നെ ഭയപ്പെടുത്തുന്നതാണ്. 

താങ്കളുടെ രാഷ്ട്രീയം ?

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അമിത വിശ്വാസമില്ല. എന്റെ രാഷ്ട്രീയം വിഷയാസ്പദമാണ്. ഒരു വിഷയത്തില്‍ ശരി നിലപാട് എടുക്കുന്നവര്‍ ആരായാലും അവരെ ഞാന്‍ പിന്തുണയ്ക്കും.
 
സൗഹൃദങ്ങള്‍ ?

വളരെ ചുരുക്കം പേരാണ്. എന്ന് പറഞ്ഞാല്‍ അഞ്ചുപേര്‍ പോലും ഉണ്ടാകില്ല. സ്‌കൂള്‍ കാലത്തുള്ള ഒരു സുഹൃത്ത് ഇപ്പോഴും ഉണ്ട്. 

10 വരെ മാത്രം പഠിച്ച അനീസ് സലിം എഴുതിയ പുസ്തകം ഇപ്പോള്‍ ചില യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്നുണ്ട്. വാനിറ്റി ബാഗ് ?

അതെ. ഷോലാപൂര്‍യൂണിവേഴ്‌സിറ്റിയില്‍ എംഎയ്ക്ക് പാഠപുസ്തകമാണ് അത്. 

ഇന്‍ട്രോവേര്‍ട്ട് എന്ന് പറയുമ്പോഴും താങ്കളുടെ ജോലി പെര്‍ഫോമന്‍സ് ഏറെ ആവശ്യമുള്ളതാണ്. അപ്പോള്‍ അതിലൊരു വൈരുധ്യമില്ലേ ?

പ്രൊഫഷന്റെ ഭാഗമായി കാണേണ്ടി വരിക പരമാവധി ഏഴോ എട്ടോ പേരെയാണ്. പണ്ടൊന്നും പ്രസന്റേഷന് പോലും ഞാന്‍ പോകുമായിരുന്നില്ല പക്ഷെ അതെന്റെ ഉപജീവനമാര്‍ഗമാണ്. മറ്റ് തൊഴില്‍ എനിക്കറിയില്ല. ഇത് ചെയ്തില്ലെങ്കില്‍ കുടുംബം പോറ്റാനാകില്ല. മനസിനെ പാകപ്പെടുത്തിയാണ് അതൊക്കെ ചെയ്യാറ്. പിന്നെ ഇപ്പോള്‍ ഓരോ ക്ലയന്റ്‌സും കുടുംബാംഗങ്ങളെപോലയാണ്. അത്രയും അടുപ്പമുള്ളതിനാല്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറില്ല. അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ എന്നെ ആദ്യം വിളിച്ച് അഭിനന്ദിക്കുക കല്യാണ്‍ സില്‍ക്‌സിലെ പട്ടാഭിരാമനാണ്. അവരുമായെല്ലാം വര്‍ഷങ്ങളുടെ ബന്ധമുണ്ട്. 

താങ്കള്‍ എഴുതിയതില്‍ ഏറ്റവും ഇഷ്ടമുള്ള പരസ്യവാചകം ഏതാണ് ?

എല്ലാം നല്ലതാകാന്‍ വേണ്ടി തന്നെ ചെയ്യുന്നതാണ്. പക്ഷെ കൂടുതല്‍ പ്രശംസ കിട്ടിയത് മില്‍മയ്ക്ക് വേണ്ടി എഴുതിയതാണ്. 'മില്‍മ കേരളം കണികണ്ടുണരുന്ന നന്‍മ.' ആ പരസ്യവാചകം എഴുതിയതിന് ഒരു അധ്യാപികയെ ഏതോ ചടങ്ങില്‍ പിന്നീട് പൊന്നാട അണിയിച്ചതായി പത്രത്തില്‍ വായിച്ചു. 

താങ്കള്‍ എഴുതിയ വാചകത്തിന് മറ്റൊരാളെ പൊന്നാട അണിയിച്ചെന്നോ ?

അതെ. പിന്നീട് അന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയതാണ്. മറ്റൊരു വാചകമാണ് എഴുതിയത്. അങ്ങനെ എന്തെല്ലാമോ അവര്‍ ന്യായങ്ങള്‍ പറഞ്ഞു. പിന്നെ ഞാനത് വിട്ടു. 

ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്റ്‌സ് അമറിന്റെ സുയിസൈഡ് നോട്ടാണ്. കഥാപരിസരവും കഥാപാത്രങ്ങളഉമെല്ലാം ജീവിതത്തില്‍ നിന്നുള്ളവരാണ്. അഥ് ആത്മകഥാംശമുള്ള നോവലാണോ ?

ഒരു വലിയ പരിധി വരെ അതെ. അത് എഴുതി ഒരു ഘട്ടം എത്തിയപ്പോള്‍ അങ്ങനെ ആയതാണ്. ജാവി, അമര്‍ എന്ന കഥാപാത്രങ്ങള്‍ മരിക്കുകയാണ്. കഥയിലെ ജാവിക്ക് സംഭവിച്ചത് തന്നെയാണ് എന്റെ പെങ്ങളുടെ മകന് സംഭവിച്ചത്. അമറിലൂടെ ഞാന്‍ എന്നെ തന്നെയാണ് പകര്‍ത്താന്‍ ശ്രമിച്ചത്. ചിലപ്പോള്‍ എന്റെ കഥാപാത്രങ്ങളെക്കുറഇച്ച് ഓര്‍ക്കുമ്പോള്‍ ഭയം തോന്നാറുണ്ട്. അവരുടെ ദുര്‍ഗതി എനിക്കും ജീവിതത്തില്‍ സംഭവിക്കുന്നതുപോലെ. 

സ്‌മോള്‍ ടൗണ്‍ സീ എന്ന നോവലിലും എഴുത്തുകാരനായ വാപ്പയുടെ മരണം. മകന്റെ ഏകാന്തത. അവന്റെ മാനസിക വ്യാപാരങ്ങള്‍ ?

അതെ. ആ നോവല്‍ എഴുതിത്തുടങ്ങിയപ്പോള്‍ അത് അവസാനിപ്പിക്കുംവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സാധാരണയായി ഞാന്‍ എഴുതിക്കഴിഞ്ഞ് അവസാനവട്ട തിരുത്തലുകള്‍ക്കായി മറ്റെവിടേക്കെങ്കിലും പോകാറുണ്ട്.അങ്ങനെ പോകുംമുമ്പ് ആദ്യത്തെ ഡ്രാഫ്റ്റ് മകനെ ഏല്‍പ്പിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ അത് പബ്ലിഷറെ ഏല്‍പ്പിക്കണം എന്ന് അവനോട് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. 

എഴുത്തുരീതികള്‍ എങ്ങനെയാണ് ?

രാവിലെ നാല് മണിക്ക് എഴുന്നേറ്റ് എഴുതുകയാണ് പതിവ്. ഏഴ് മണിവരെ. പിന്നെ വീട്ടിലെ തിരക്കുകള്‍. മക്കള്‍ സ്‌കൂളില്‍ പോകാനുള്ള തിരക്ക്. ജോലിക്ക് പോകണം. ചിലപ്പോള്‍ ഉച്ചയൂണിന്റെ ഇടവേളകളില്‍ എഴുതും. 

എഴുത്തിനായി ഏതെല്ലാം രാജ്യങ്ങളില്‍ പോയിട്ടുണ്ട് ?

ഏതന്‍സ്, ബുഡാപെസ്റ്റ്, കൊളംബോ, പട്ടായ.. അവസാനവട്ട തിരുത്തലുകള്‍ക്കും പൂര്‍ത്തീകരണത്തിനുമാണ് ഇങ്ങനെയുള്ള യാത്രകള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ 16മണിക്കൂര്‍ വരെ തുടര്‍ച്ചയായി എഴുതും. പിന്നെ അടുത്തുള്ള ഏതെങ്കിലും പാര്‍ക്കിലോ മറ്റോ പോയി അല്‍പ്പനേരം ഇരിക്കും. ഒരു ടൂറിസ്റ്റായി ഇന്നോളം ഒരു രാജ്യവും സന്ദര്‍ശിച്ചിട്ടില്ല. 

ആവിഷ്‌കാര സ്വാതന്ത്ര്യം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ് ഇത്. എന്തിലും വിവാദങ്ങളാണ്. താങ്ങള്‍ക്ക് അത്തരം അനുഭവങ്ങള്‍. പ്രത്യേകിച്ച് വാനിറ്റി ബാഗിന് ശേഷം ?

വാനിറ്റി ബാഗ് പറയുന്നത് ഹിന്ദു മുസ്ലിം വിദ്വേഷത്തെക്കുറിച്ചാണ്. ആരായിരിക്കും എതിര്‍പ്പ് ഉയര്‍ത്തി വരിക എന്ന് എഴുത്തുഘട്ടത്തില്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാന്‍ എഴുതിയതില്‍ ഏറ്റഴും വിറ്റുപോയ പുസ്തകവും അതാണ്. മാംഗോബാഗ് എന്ന സിറ്റിയിലെ വാനിറ്റി ബാഗ് എന്ന തെരുവാണ് പശ്ചാത്തലം. അവിടെ പലര്‍ക്കും പാകിസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെ പേരാണ്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നതും മറ്റുമാണ് കഥ. പക്ഷെ ആ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍ ആണ് ചര്‍ച്ചയായത്. പാകിസ്ഥാനില്‍ എന്റെ നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് സ്‌മോള്‍ ടൗണ്‍ സീ യാണ്. അതിലാണെങ്കില്‍ രാഷ്ട്രീയം തീരെയില്ല. അപ്പോള്‍ എന്നെ സംബന്ധിച്ച് രാഷ്ട്രീയം മുന്‍നിര്‍ത്തി നോവലുകള്‍ വിലയിരുത്തപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്തിട്ടില്ല. 

അടുത്ത നോവല്‍ തുടങ്ങി എന്ന് കേട്ടു ?

തുടങ്ങിയിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു തുരത്തില്‍ അകപ്പെട്ടിരിക്കുകായണ് ഞാന്‍.  ചുറ്റും അനിശ്ചിതത്വങ്ങളുടെ ദ്വീപുകള്‍. പലപ്പോഴും ചിന്തകള്‍ക്ക് അടുക്കും ചിട്ടയുമില്ല. പലകാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. പല ഇമോഷനുകളും ഭയപ്പെടുത്തുന്നു. ഇനി മനസ് പാകപ്പെട്ട് ഒരു വരിയെങ്കിലും എഴുതാന്‍ എന്ന് കഴിയും എന്നറിയില്ല.

പക്ഷെ താങ്കളുടെ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വേണം.  ബിലാലിനെ പോലെ അമറിനെ പോലെ മനസിനെ മഥിക്കുന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ? 

ഇനിയൊരു പുസ്തകം പിറക്കുമോ എന്നറിയില്ല. ഒരു പുസ്തകം കൂടി എങ്കിലും എഴുതണം എന്നുണ്ട്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു സുഹൃത്തിന് അത് സമര്‍പ്പിക്കണം എന്നും. അറിയില്ല. 

ചിലപ്പോള്‍ എഴുത്തില്‍ ഒരു അത്ഭുതം സംഭവിക്കാനുള്ള ഉള്ളുരുക്കങ്ങളാകാം ഇത്. Happiness in intelligent people is the rarest thing i know എന്നാണ് ഹെമിംഗ്വേ പറഞ്ഞിട്ടുള്ളത് ?

ഞാന്‍ ഒരിക്കലും ഇന്റലിജന്ര് ആയിരുന്നില്ല. പഠിക്കാന്‍ കഴിവില്ലാത്ത ആളുകളോട് പെരുമാറാന്‍ അറിവില്ലാത്ത ഒരു ഏറ്റവും സാധാരണക്കാരന്‍. അതുകൊണ്ട് ആ വാചകം എനിക്ക് ചേര്‍ന്നേക്കില്ല.

Content Highlights: The Vicks Mango Tree, Tales From A Vending Machine, Vanity Bagh, The Blind Lady’s Descendents , The Small-Town Sea, Anees Salim