• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരനായി തുടരാന്‍ താല്പര്യമില്ല- ആനന്ദ് നീലകണ്ഠന്‍

Sep 21, 2020, 04:24 PM IST
A A A

ആലോചിച്ചു കഴിഞ്ഞാല്‍ തമാശയാണ്. ഒരു ടെലിവിഷന്‍ ഷോ എണ്‍പത് കോടി ബജറ്റിലാണ് ഓടുക. ഞാന്‍ മാറ്റിയെഴുതുന്ന സ്‌ക്രിപ്റ്റില്‍ വിശ്വസിച്ചുകൊണ്ട് അവര്‍ പൈസയിറക്കുന്നു. 300 കോടിയുടെ വിവിധഭാഷാ ചിത്രമാണ് ഈയിടെ പ്രഖ്യാപിച്ചത്. അത് പക്ഷേ പുരാണത്തെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്.

# ഷബിത
Anand Neelakandan
X

ആനന്ദ് നീലകണ്ഠന്‍ | ഫോട്ടോ: മാതൃഭൂമി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ എന്‍ജിനീയറായിരിക്കേയാണ് ആനന്ദ് നീലകണ്ഠന്‍ 'അസുര'യിലേക്ക് ശ്രദ്ധകൊടുത്തത്. അസുരയെന്ന ഒറ്റ നോവല്‍ കൊണ്ട് ഇന്ത്യന്‍ എഴുത്തുകാരില്‍ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നായി ആനന്ദ് നീലകണ്ഠന്‍ മാറി. എട്ടുവര്‍ഷത്തെ എഴുത്തുകാലയളവില്‍ എട്ടു നോവലുകളും അഞ്ഞൂറോളം സീരീസുകളും തിരക്കഥകളുമെഴുതിയ ആനന്ദ് പറയുന്നു താന്‍ തുടങ്ങിയിട്ടേ ഉള്ളൂ...എഴുത്തുകളുടെ തിക്കിലും തിരക്കിലും പെട്ട് ലോക്‌ഡൗണ്‍ കാലത്ത് പോലും നിന്ന് തിരിയാന്‍ സമയം കിട്ടാത്ത എഴുത്തുകാരന്‍ മാതൃഭൂമി ഡോട്‌കോമിന് അനുവദിച്ച അഭിമുഖം വായിക്കാം.

എഴുത്തിനെ ദൈവികവല്ക്കരിക്കുന്നവരോടും എഴുതാനാഗ്രഹിക്കുന്നവരോടുമായി താങ്കളൊരിക്കല്‍ പറഞ്ഞു- ഇതത്ര വലിയ കാര്യമൊന്നുമല്ല, ആയിരുന്നെങ്കില്‍ ഞാനേറ്റെടുക്കില്ലായിരുന്നു എന്ന്. എഴുത്ത് അത്രയും നിസ്സാരമാണോ? 

ഇന്ധനമില്ലാത്ത വായന ഒരു വായനയാണോ എന്നൊരു മറുചോദ്യമാണ്  ഉത്തരം. വായനക്കാരനോട് ബഹുമാനമുള്ള എഴുത്തുകാരനാണ് എഴുതേണ്ടത്. വായനക്കാരനോട് ബഹുമാനമില്ലാതെ എഴുതിയാല്‍ എഴുത്തിലും വായനയിലും ഇന്ധനമുണ്ടാവുകയില്ല. എഴുത്തുകാരനെ മനസ്സിലാക്കിയെടുക്കാന്‍ വേണ്ടി ഇത്ര കഷ്ടപ്പെട്ട് പുസ്തകം വായിക്കാന്‍ ആര്‍ക്കാണ് സമയമുള്ളത്? പുസ്തകങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത് പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോടും ടെലിവിഷനുകളോടും മറ്റു സാങ്കേതികവിദ്യകള്‍ നല്കുന്ന ധാരാളം വിനോദോപാധികളോടാണ്. ഇതു മനസ്സില്‍ കണ്ടുകൊണ്ട് വേണം എഴുതാന്‍. പഴയപോലെ വായനയ്ക്ക് സമയം മാറ്റിവെക്കാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കം പേരെ ഉള്ളൂ. എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന രീതിയില്‍ എഴുതണം എന്നാണ് എനിക്ക് പറയാനുള്ളത്.

എഴുത്തെന്നല്ല, ലോകത്ത് ഒരു സാധനവും നിസ്സാരമല്ല. പക്ഷേ എഴുത്തിനെ ദൈവികവല്ക്കരിക്കുന്നതില്‍ തികച്ചും കാല്പനികത മാത്രമേ ഉള്ളൂ. ചുരുക്കംചില എഴുത്തുകാരായിട്ടു തന്നെ പറഞ്ഞുണ്ടാക്കിയതാണ് അങ്ങനെയൊരു ദൈവികപരിവേഷമെന്നാണ് എന്റെ അഭിപ്രായം. എഴുത്ത് മറ്റേതൊരു തൊഴിലുംപോലെ തന്നെയാണ്, ഒരു പടികൂടി മുന്നോട്ട് കടന്നു കഴിഞ്ഞാല്‍ മറ്റ് കലകളെപ്പോലെതന്നെ.

ഒരു പാട്ടുകാരന്‍ കാലങ്ങളോളമുള്ള പരിശീലനം കൊണ്ടാണ് പാടുന്നത്. സാധകം അവരുടെ ചര്യകളിലൊന്നാണ്. ലതാമങ്കേഷ്‌കര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ഇപ്പോളും ദിവസത്തില്‍ അവര്‍ നാലഞ്ച് മണിക്കൂര്‍ അവര്‍ സാധകം ചെയ്യുന്നുവെന്ന്. എഴുത്തും അതുപോലെതന്നെയാണ്. പരിശീലനത്തിലൂടെ തെളിയുന്ന ഒന്നാണ്. കണ്ടമാനം എഴുതിക്കഴിയുമ്പോഴാണ് കുറച്ചെന്തെങ്കിലും പ്രസിദ്ധീകരിക്കാം എന്നുള്ള നിലയിലേക്ക് എത്തുക. ഇങ്ങനെ ഒരു രസത്തിന്റെ പുറത്ത് എഴുതിക്കൊണ്ടിരിക്കുക എന്നത് നമ്മള്‍ പാഷനോടെ ജോലിചെയ്യുന്നതു പോലെ തന്നെയാണ്. അതിനുള്ള ഗൗരവമേ നമ്മള്‍ കൊടുക്കേണ്ടതുള്ളൂ. ദൈവികതയൊക്കെ അടിച്ചേല്‍പിക്കലാണ്. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ജോലി, ചിത്രവര, തിരക്കഥയെഴുത്ത്, നോവലെഴുത്ത്, ബാലസാഹിത്യം, ബാഹുബലി ത്രയത്തിലെ മൂന്നാമത്തെ നോവല്‍ പൂര്‍ത്തീകരണം. മള്‍ട്ടി ടാസ്കുകളെ എങ്ങനെ മാനേജ് ചെയ്യുന്നു?

ഇത് കേട്ട് ഞാന്‍ തന്നെ ഞെട്ടുന്നു. അങ്ങനെ ഒരു ഭീകരനാവണമെന്ന് കരുതി എഴുതിത്തുടങ്ങിയതൊന്നുമല്ല. കുറേ രസമുള്ള കാര്യങ്ങള്‍ ചെയ്തു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തെന്നിത്തെന്നിപോകുന്ന രസമുള്ള ഒരു ജീവിതം. അതിലപ്പുറമൊന്നുമില്ല. ഇപ്പറഞ്ഞതില്‍ ഇഷ്ടമില്ലാതെ പഠിച്ചത് എന്‍ജിനീയറിങ് മാത്രമാണ്. ദിലീപിന്റെ കഥാപാത്രം പറഞ്ഞ ഡയലോഗ് പോലെ, അത് കഴിഞ്ഞ് ജോലിയുടെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല, പിന്നെ പട്ടിണി കിടന്ന് മരിക്കണ്ടല്ലോ എന്നു വിചാരിച്ചിട്ടാണ് ജോലിയ്ക്കു പോയിത്തുടങ്ങിയതെന്ന്. അതുതന്നെയാണ് എന്റെയും അവസ്ഥ.

ചിത്രം വരയും നോവലെഴുത്തുമൊക്കെ രസംപിടിച്ച് ആവേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണ്. അതില്‍ മുഴുകുമ്പോള്‍ സമയവും കാലവും പോകുന്നത് അറിയില്ല. തിരക്കഥയെഴുത്ത് പല പ്രൊഡ്യൂസര്‍മാരും ഇങ്ങോട്ട് വന്ന് ചോദിച്ചിട്ടാണ് എഴുതിക്കൊടുക്കുന്നത്. കാശ് തന്നിട്ടാണ്, വെറുതെയല്ല. പക്ഷേ അതും എഴുത്തിന്റെ ഭാഗമായതുകൊണ്ട് ആസ്വദിച്ചുചെയ്യാന്‍ പറ്റുന്നു. ബാലസാഹിത്യം എഴുതാന്‍ തുനിഞ്ഞതെന്താണെന്നു വച്ചാല്‍ ഇപ്പോഴും ഏറ്റവും ആഘോഷിച്ചു വായിക്കുന്നത് ബാലസാഹിത്യമാണ്. ആഖ്യാനത്തിന്റെ ഒരുപാട് മാനങ്ങള്‍ ആവശ്യപ്പെടുന്ന ബോബനും മോളിയുമാണ് ഇപ്പോഴും ഇഷ്ടം. ആര്‍.കെ നാരായണന്റെ പുസ്തകങ്ങളും പിന്നെ കോമിക്‌സുകളും അമര്‍ച്ചിത്രകഥകളും ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയിഷ്ടമാണ് ബാലസാഹിത്യം.

ബാഹുബലി ത്രയത്തിലെ മൂന്നാമത്തെ നോവല്‍ പൂര്‍ത്തീകരണം കരാറിന്റെ ഭാഗമാണ്. ബാഹുബലിയുടെ ഒഫീഷ്യല്‍ പ്രീക്വല്‍ ആയതുകൊണ്ട് സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ടതുണ്ട്. സമയബന്ധിതമായി ചെയ്തു തീര്‍ക്കുമ്പോളും അത് എഴുത്തായതിനാലും ചെയ്യാന്‍ ഇഷ്ടമുള്ളതിനാലും രസമായി എടുക്കുന്നു. ഇഷ്ടമുള്ള കുറേ കാര്യങ്ങളില്‍ മുഴുകി, അതേറ്റെടുത്തുകൊണ്ട് സുഖിച്ച് ജീവിക്കുന്ന ഒരാളാണ് ഞാന്‍. 

ഇന്ത്യന്‍ മൈത്തികകഥാപാത്രങ്ങളെ പുന:സൃഷ്ടിക്കുമ്പോള്‍ എഴുത്തുകാരന്റെ മുമ്പില്‍ വെല്ലുവിളികളില്ലേ?ഹിന്ദുദൈവങ്ങളെയാണ് തൊട്ടുകളിക്കുന്നത്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സാധിപ്പിക്കേണ്ട കാലമാണ്. നോവലുകള്‍ക്കു പിന്നിലെ ഗവേഷണപഠനങ്ങളെക്കുറിച്ച്? 

പുരാണങ്ങളിലെ കഥകള്‍ എഴുതുന്ന ആദ്യത്തെ ആളൊന്നുമല്ല ഞാന്‍. എത്രയോ കാലങ്ങളായിട്ട് പുരാണങ്ങള്‍ പുന:സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ എല്ലാത്തിലും, മലയാളത്തിലടക്കം.ഇലയ്ക്കും മുള്ളിനും കേടുണ്ടാവുമോ എന്നൊന്നും നോക്കാറില്ല. എനിക്കറിയുന്നത് ഞാന്‍ എഴുതുന്നു. ഗവേഷണം എന്നു പറഞ്ഞാല്‍ പരന്ന വായന തന്നെയാണ്. ചെറുപ്പം മുതലേ കേട്ട ധാരാളം കഥകളുണ്ട്. കഥകളി, ഓട്ടം തുള്ളല്‍, യക്ഷഗാനം തുടങ്ങിയവയെല്ലാം കാണാറുണ്ട്, കേള്‍ക്കാറുണ്ട്. റെക്കോഡ് ചെയ്തു വക്കാറുണ്ട്. ഇതെല്ലാം ചെയ്യുന്നത് ഈ വിഷയത്തില്‍ താല്പര്യമുള്ളത് കൊണ്ടാണ്. ഏതെങ്കിലും ഒരു ദൈവത്തെ അങ്ങ് അവഹേളിച്ചു കളയാം എന്ന ബുദ്ധിയോടെ ഒരിക്കലും എഴുതിയിട്ടില്ല. കഥയ്ക്ക് വേണ്ടതെന്തോ അതെഴുതുന്നു. ഇതിനെക്കുറിച്ച് അധികം ചിന്തിച്ചു കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. പേടിച്ച് ജീവിക്കാന്‍ തീരെയൊട്ട് സൗകര്യവുമില്ല. 

'ഭൂമിജ', ശാന്ത, ശിവകാമി...ഇതിഹാസങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ ആനന്ദ് നീലകണ്ഠന്‍ സമകാലികതയുമായി ബന്ധിപ്പിക്കുമ്പോള്‍?

കഥകള്‍ എന്നും സമകാലികമായിരിക്കണം. സമകാലികതയുമായിട്ട് ബന്ധമില്ലാതെ, വര്‍ത്തമാനകാലവുമായിട്ട് സംസാരിക്കാാത്ത ഒരു കഥയും കഥയല്ല. എന്റെ എഴുത്ത് രാമായണത്തെക്കുറിച്ചാവാം മഹാഭാരതത്തെക്കുറിച്ചാവാം അല്ലെങ്കില്‍ സാങ്കല്പികനഗരമായ മഹിഷ്മതിയെക്കുറിച്ചാവാം. പക്ഷേ അതിലൊക്കെയുള്ളത് ഇന്നത്തെ കാലവും ഇന്നത്തെ ആളുകളും തമ്മിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും തന്നെയാണ്. കഥാസന്ദര്‍ഭവും കഥാകാലഘട്ടവും മാറിയിട്ടുണ്ടാകും. പക്ഷേ മനുഷ്യന്റെ സ്വാഭാവത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. മനുഷ്യന്റെ സ്വഭാവം സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് എഴുത്തുകാരന്റെ ധര്‍മം. അത് അയാളുടെ കഴിവ് അനുസരിച്ച് കഥകളില്‍ പ്രതിഫലിക്കും. അത് പ്രതിഫലിപ്പിക്കാന്‍ പറ്റാത്തിടത്ത് മാത്രമാണ് പ്രതിസന്ധികളുണ്ടാവുക. എഴുതിത്തുടങ്ങിയിട്ടല്ലേയുള്ളൂ, തെളിയുമായിരിക്കും. എന്റെ ഏറ്റവും മികച്ച കഥകള്‍ വാരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

എന്തുകൊണ്ടാണ് പുരാണകഥാപാത്രങ്ങളെ മാത്രം മുഖ്യമായും തിരഞ്ഞെടുക്കുന്നത്? എന്താണ് ഇതിനു പിന്നിലെ പ്രചോദനം? ആദ്യമായി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വായനയിലേക്ക് വന്നതെപ്പോഴാണ്?

രാമായണവും മഹാഭാരതവും മാത്രമല്ല ഞാന്‍ എഴുതിയിട്ടുള്ളത്. ഹിന്ദി ടെലിവിഷനുകളിലും ധാരാളം കഥകള്‍ എഴുതിയിട്ടുണ്ട്. 'അദാലത്ത്' എന്ന കുറ്റാന്വേഷണ സീരീസ് എഴുതി. അശോക ചക്രവര്‍ത്തിയെ കഥാപാത്രമാക്കിയ ചരിത്രാഖ്യായിക നൂറ്റിമുപ്പതോളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. പക്ഷേ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ എല്ലാം പുരാണങ്ങളുമായി ബന്ധപ്പെട്ടവയാണ്. എഴുത്തുകാരന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടുക എന്നു പറയില്ലേ. അതാണ് സംഭവിക്കുന്നത്. പ്രസാധകര്‍ ഒരു സീരിയല്‍ നിര്‍മാതാക്കളുടെ അത്രയും റിസ്‌ക് എടുക്കാന്‍ താല്പര്യം കാണിക്കില്ല. പുസ്തകങ്ങള്‍ക്ക് ധാരാളം വായനക്കാരുണ്ടാവുകയും അവയെല്ലാം എന്റെ പേരില്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന സമയത്ത് ഒന്ന് മാറി ചിന്തിക്കാനുള്ള ധൈര്യം ഇന്ത്യയിലെ വലിയ പബ്ലിഷേഴ്‌സിനുപോലുമില്ല. 

ആലോചിച്ചു കഴിഞ്ഞാല്‍ തമാശയാണ്. ഒരു ടെലിവിഷന്‍ ഷോ എണ്‍പത് കോടി ബജറ്റിലാണ് ഓടുക. ഞാന്‍ മാറ്റിയെഴുതുന്ന സ്‌ക്രിപ്റ്റില്‍ വിശ്വസിച്ചുകൊണ്ട് അവര്‍ പൈസയിറക്കുന്നു. 300 കോടിയുടെ വിവിധഭാഷാ ചിത്രമാണ് ഈയിടെ പ്രഖ്യാപിച്ചത്. അത് പക്ഷേ പുരാണത്തെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്. പ്രസാധകര്‍ക്ക് അത്ര ആവേശമുണ്ടാകില്ലല്ലോ. തീര്‍ച്ചയായും മറ്റ് മേഖലകളിലേക്ക് തിരിയണമെന്നാണ് എന്റെ ആഗ്രഹം. ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരനായി തുടരാന്‍ താല്പര്യമില്ല. 

താങ്കളുടെ വായനയിലെ ക്ലാസിക്കുകളെക്കുറിച്ച്? 

കയ്യില്‍ കിട്ടുന്ന എന്തും വായിക്കും. ക്ലാസിക് വായന എന്ന വിവേചനമൊന്നുമില്ല. അതത് കാലത്തിലുള്ള എഴുത്തുകാരുടെ കഥകള്‍ വായിക്കാന്‍ ശ്രമിക്കും. കൂടുതലായിട്ടും ഓഡിയോ ബുക്കുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ ലോക്ഡൗണ്‍ പിരീഡില്‍ പലവലിപ്പത്തിലുള്ള തൊണ്ണൂറ്റിമൂന്നോളം പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞു. പതിവുവായനയിലുള്ള മാഗസിനുകളൊഴികെ. ഓഡിയോ ബുക്കുകളുടെ ഗുണം ഏറെ ഉപയോഗപ്പെടുത്തിയ ആളാണ് ഞാന്‍. എനിക്ക് വായിക്കാനറിയാത്ത, എന്നാല്‍ കേട്ടാല്‍ മനസ്സിലാവുന്ന ധാരാളം ഭാഷകളുണ്ട്. തമിഴ്, കന്നട, ഉര്‍ദു, തുടങ്ങിയവ. ആ ഭാഷകളിലെ പുസ്തകങ്ങളുടെ ഒറിജിനല്‍ വായന എനിക്ക് ഓഡിയോ ബുക്ക് വഴി കിട്ടുന്നു. പോരാത്തതിന് ഇരുന്ന് വായിക്കണ്ട. നമ്മള്‍ നടക്കുമ്പോളും ഇരിക്കുമ്പോളും കിടക്കുമ്പോളും കേള്‍ക്കാം. 

വാട്‌സാപ്പില്‍ താങ്കള്‍ ഒരു അറിയിപ്പ് തരുന്നുണ്ട്, ദിവസം ഒരേയൊരു തവണയേ വാട്‌സാപ്പ് നോക്കുകയുള്ളൂ, അത്യാവശ്യമാണെങ്കില്‍ മാത്രം വിളിച്ചു പറയുക. അല്ലെങ്കില്‍ എന്റെ മറുപടിയ്ക്കായി കാത്തിരിക്കുക- ഇത്തരത്തിലുള്ള എന്തല്ലാം ചിട്ടകള്‍ പാലിക്കുന്നു?, താങ്കളുടെ ഒരു ദിവസത്തെ എങ്ങനെയാണ് എഴുത്തിനും വായനയ്ക്കുമായി വീതിയ്ക്കുന്നത്?

വാട്‌സാപ്പിലുള്ളത് ഒരാഗ്രഹമാണ്. കുറേയൊക്കെ പാലിക്കാന്‍ ശ്രമിക്കാറുണ്ട്. സോഷ്യല്‍മീഡിയയുടെ ആകര്‍ഷണം അത്ര എളുപ്പത്തിലൊന്നും നമ്മളെ വിട്ടുപോകില്ല. എത്ര ബലം പിടിച്ചിരുന്നാലും ദിവസം ഒന്നര- രണ്ട് മണിക്കൂര്‍ എനിക്ക് നഷ്ടമാകുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. 'സോഷ്യല്‍ ഡിലേമ' എന്നൊരു ഡോക്യുമെന്ററിയുണ്ട് നെറ്റ്ഫ്‌ളിക്‌സില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരേയാണത്. ഇച്ഛാശക്തി കൊണ്ടൊന്നും സോഷ്യല്‍ മീഡിയയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റില്ല. എങ്ങനെ നമ്മളെ അതിന്റെ വലയത്തില്‍ നിന്നും പുറത്തുവിടാതിരിക്കാം എന്നതിന് കോടിക്കണക്കിന് രൂപയുടെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടാണ് നമ്മള്‍ മത്സരിക്കുന്നത്. 

രാവിലെ നേരത്തേ എഴുന്നേല്ക്കും. എഴുത്ത് മിക്കവാറും കഥ പറച്ചിലാണ്. ഞാന്‍ എഴുതേണ്ടതെല്ലാം ആദ്യം റെക്കോഡ് ചെയ്യും. പിന്നെയാണ് എഴുതുക. ഞാന്‍ പറഞ്ഞതിന്റെ തൊണ്ണൂറ് ശതമാനവും കളയാനുള്ളതായിരിക്കും. പത്ത് ശതമാനേ എഴുതാന്‍ കിട്ടുകയുള്ളൂ. എഴുതാനിരിക്കുകയാണെങ്കില്‍ പേപ്പര്‍ മൊത്തം ചുരുട്ടിക്കളയണം. തുടര്‍ച്ചയായി കഥ പറഞ്ഞുകൊണ്ടേയിരിക്കും ഞാന്‍. റെക്കോഡ് പോസ് ചെയ്ത് വേണ്ടത് എടുക്കാം. തിരക്കഥയും അതേ രീതിയിലാണ് എഴുതുന്നത്. ചിന്തിക്കാനിടകൊടുക്കാതെ പറഞ്ഞുപോവും. അപ്പോള്‍ വരുന്നതൊക്കെ പോരട്ടെ. അഞ്ചുശതമാനമേ നമുക്ക് അതില്‍ നിന്നും അരിച്ചെടുക്കാനുണ്ടാവുകയുള്ളൂ. പക്ഷേ ആ അഞ്ച് ശതമാനം കിട്ടുക എന്നത് നാലഞ്ച് ദിവസം കുത്തിയിരുന്നിട്ടും ഒരക്ഷരം പോലും എഴുതാന്‍ കിട്ടാത്തവരേക്കാള്‍ ഭേദമല്ലേ. ഇത് എനിക്ക് നന്നായിട്ട് വര്‍ക്ക് ചെയ്യുന്ന കാര്യമാണ്. രാവിലെ നാല് തൊട്ട് ഏഴ് മണിവരെയാണ് എഴുത്ത്. പിന്നെ ഫ്രീയായി. ദിവസവും ഏതെങ്കിലുമൊരു ഷോ കാണും. ഒരു സിനിമയോ അരസിനിമയോ കണ്ടു വെക്കും, പിന്നെ പുസ്തകങ്ങള്‍ കേള്‍ക്കും. സമയം ധാരാളമാണ്.

എഴുത്തിലേക്ക് തിരിഞ്ഞിട്ട് എട്ടുവര്‍ഷമായി. എട്ട് നോവലുകള്‍ എഴുതി. അഞ്ഞൂറോളം എപ്പിസോഡുകള്‍ വിവിധ തീമുകളിലായി എഴുതി. വരാനിരിക്കുന്ന നോവലുകള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. രണ്ട് ഷോകള്‍ ഏതാണ്ട് തീര്‍ന്നു. ഒരു സിനിമയുടെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായി. ലോക്ഡൗണ്‍ കാലത്ത് എല്ലാ ദിവസവും സിനിമ കണ്ടിട്ടുണ്ട്, പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. വീമ്പു പറയുകയല്ല. ഇതിന്റെയൊക്കെ കണക്ക് ഞാന്‍ വക്കുന്നുണ്ട്. കാരണം എന്റെ ദിവസം ഞാന്‍ എങ്ങനെ ചിലവഴിച്ചു എന്നതിന്റെ കണക്ക് ഞാന്‍ തന്നെ വക്കണമല്ലോ. സമയം പോകുന്നതറിയില്ല. അങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്ര സമയം ചിലവഴിക്കുന്നു എന്ന് കണ്ടുപിടിച്ചത്. അതിന്റെ പ്രചോദനത്തില്‍ നിന്നും മാറുക എന്നതും എളുപ്പമല്ല. ഇങ്ങനെയൊക്കെത്തന്നെയാണ് എന്റെ ഒരു ദിവസം. 

ഏറ്റവും മികച്ച സാങ്കേതിക വിദ്യകളെ എഴുത്തിനായി ആശ്രയിക്കുന്നയാളാണ് താങ്കള്‍. ഇതൊക്കെ ഒന്നു പരിചയപ്പെടുത്താമോ?

എല്ലാ പ്രൊഫഷണല്‍ എഴുത്തുകാരും സ്വീകരിക്കുന്ന സാങ്കേതികവിദ്യകളൊക്കെയേ എനിക്കും പരിചയമുള്ളൂ. ഉദാഹരണത്തിന് സ്‌ക്രിവിനെര്‍ എന്ന ഒരു സോഫറ്റ് വെയറിലാണ് നോവല്‍ എഴുതുന്നത്. അത് നോവല്‍ എഴുതിത്തരുകയൊന്നുമില്ല. സംഘാടനം വളരെ എളുപ്പമാണ്. അതിലേക്ക് എല്ലാം ടാഗ് ചെയ്തിടാം. ഏതൊക്കെ കഥാപാത്രങ്ങള്‍, എന്തെല്ലാം ഡയലോഗുകള്‍ ആരെല്ലാം പറഞ്ഞു എന്നൊക്കെ അറിയാന്‍ കഴിയും.
സിനിമ, സീരീസ് കഥകള്‍ മുഴുവന്‍ എഴുതുന്നത് ഫൈനല്‍ ഡ്രാഫ്റ്റ് എന്ന സോഫ്റ്റ് വെയറിലാണ്. തിരക്കഥകള്‍ എഴുതാന്‍ എളുപ്പമാണ്. റൈറ്റേഴ്‌സ് ഡ്യുയറ്റ്, ഫേഡ് ഇന്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളുമുണ്ട്. ഡ്രാഗണ്‍ സോഫ്റ്റ് വെയര്‍ കൊണ്ട് എഴുത്ത്‌ എളുപ്പമാക്കാം. അക്ഷരപ്പിശകുകള്‍ സൂക്ഷിച്ചു തിരുത്തണം. ഗ്രാമര്‍ ചെക്കിങ് സോഫ്റ്റ് വെയര്‍ കൂടി ഉള്ളതുകൊണ്ട് ആ കാര്യത്തിലും ആശങ്കയില്ല. ഒരു രസത്തിലങ്ങനെ എഴുതിപ്പോവുകയാണ്. പിന്നെ കാശും കിട്ടുന്നുണ്ടല്ലോ. അപ്പോള്‍ കൂടുതല്‍ ഉത്സാഹം അത്രയേ ഉള്ളൂ. 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പെണ്‍രാമായണം' ഏറെ ചര്‍ച്ചചെയ്യപ്പെട്ട പുസ്തകമാണ്. രാമായണത്തിലെ പെണ്‍കഥാപാത്രങ്ങളെ പുനര്‍വായിക്കുമ്പോള്‍ ആരോടാണ് താങ്കള്‍ക്ക് കൂടുതല്‍ പ്രതിപത്തി? 

സീതയോടാണ് എനിക്ക് മറ്റെല്ലാ കഥാപാത്രങ്ങളേക്കാളും കൂടുതല്‍ മമത. നമ്മള്‍ സാധാരണ കണ്ടുപരിചയിച്ച സീതയല്ല, വാല്മീകിയുടെ സീതയെയാണ് കൂടുതല്‍ ഇഷ്ടം. പലവേദികളിലും ഞാനത് പറഞ്ഞിട്ടുണ്ട്. ദ്രൗപദിയെക്കാളും ശക്തമായ കഥാപാത്രമാണ് സീത. തുളസീദാസിന്റെ സീതയാണ് നമ്മുടെ പൊതുബോധത്തിലുള്ള സീത. ആ സീതയല്ല വാല്മീകിയുടെ സീത. തുളസീദാസിന്റെ സീത ഉത്തരഭാരതത്തിലെ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന, ഭര്‍ത്താവിനെ എപ്പോഴും അനുസരിക്കുന്ന സീതയാണ്. യഥാര്‍ഥത്തില്‍ വാല്മീകിയുടെ സീതയെ നമ്മള്‍ നോക്കുകയാണങ്കില്‍ എല്ലാം സീതയുടെ ചോയ്‌സ് ആണ്. രാമന്റെയൊപ്പം കാട്ടില്‍ പോകണമെന്ന് സീതയാണ് തീരുമാനിക്കുന്നത്. രാമന്‍ പറഞ്ഞിട്ട് കൂടെ പോയതല്ല. രാവണന്‍ വരുമ്പോള്‍ ലക്ഷ്മണരേഖ (വാല്മീകി രാമായണത്തില്‍ ലക്ഷ്മണരേഖ ഇല്ല, മറ്റ് കഥകള്‍ കൂടി പരിഗണിച്ചാണ് പറയുന്നത്) മുറിച്ച് കടക്കണം എന്ന് തീരുമാനം എടുക്കുന്നത് സീതയാണ്. രക്ഷിക്കാനായി ലങ്കയിലേക്ക് ഹനുമാന്‍ വരുമ്പോള്‍ രാമന്‍ തന്നെ വന്ന് യുദ്ധംചെയ്ത് രാവണനെ തോല്പിച്ച്, തന്നെ മോചിപ്പിച്ച് കൊണ്ടുപോകണം എന്ന് തീരുമാനമെടുക്കുന്നത് സീതയാണ്. വാല്മീകി രാമായണത്തില്‍ രാമന്‍ പറയുന്നുണ്ട് സീതയോട്, തന്റെ കര്‍ത്തവ്യം കഴിഞ്ഞു. ഇനി എവിടെ വേണമെങ്കിലും സീതയ്ക്കു പോകാം എന്ന്. അതിന് ശേഷം സീതയാണ് തീരുമാനമെടുക്കുന്നത് താന്‍ അഗ്നിപരീക്ഷ ചെയ്യും എന്ന്. രാമന്‍ ഉപേക്ഷിച്ചുകഴിഞ്ഞപ്പോള്‍ സിംഗിള്‍ മദര്‍ സ്റ്റാറ്റസിലിരുന്നുകൊണ്ട് രാമന്റെ കുട്ടികളെ വളര്‍ത്തി സീത. സീത ആയോധനവിദ്യ പഠിപ്പിച്ച കുട്ടികളാണ് രാമന്റെ അശ്വമേധത്തെ പിടിച്ചുകെട്ടുന്നത്. ഇതിലും വലിയ മധുരപ്രതികാരമുണ്ടോ?

ദ്രൗപദി പക്ഷേ ഒരു പ്രതികാരവും ചെയ്യുന്നില്ല. കുറേ ഒച്ചയും ബഹളവുമൊക്കെ ഉണ്ടാക്കുന്നുവെന്നല്ലാതെ ഭീമനിലൂടെയും അര്‍ജുനനിലൂടെയുമൊക്കെയാണ് പ്രതികാരം വീട്ടുന്നത്. അതിനുശേഷമോ യുദ്ധത്തില്‍ അഞ്ചുമക്കളും മരിക്കുന്നു. ദ്രൗപദിയുടെ ഫെമിനിസം ദുരന്തത്തിലാണ് എത്തിച്ചേരുന്നത്. സീതയുടെ ഫെമിനിസം എത്ര പോസിറ്റീവാണ്. അത് മധ്യകാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ്. വാല്മീകിയുടെ സീത വലിയ പ്രതികാരമാണ് രാമനോട് ചെയ്യുന്നത്. ആദ്യം സ്വയം അഗ്നിപരീക്ഷയ്ക്കു വിധേയയായപ്പോള്‍ രണ്ടാമത്തെ തവണ രാമന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഈ അപമാനത്തിന് താന്‍ നില്‍ക്കില്ല എന്നു പറഞ്ഞിട്ടാണ് സീത ഭൂമിയിലേക്ക് തന്നെ പോകുന്നത്. അതിലും വലിയ അവകാശമൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല. കാരണം സീതയുടെ തിരഞ്ഞെടുപ്പാണത്. ഭര്‍ത്താവ് വന്ന് വിളിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് കൂടെപോകേണ്ട സീതയാണ് പക്ഷേ തന്റെ മക്കളെ പക്വരാക്കിയതിനുശേഷം സ്വയം തീരുമാനമെടുക്കുന്നത്. ഇത്രയും ശക്തയായ സ്ത്രീ കഥാപാത്രത്തെ എന്റെ പരിമിതമായ വായനയില്‍ മറ്റെങ്ങും കണ്ടിട്ടില്ല. 

എല്ലാവര്‍ക്കും പരിചിതമായ കഥാപാത്രങ്ങളാണ് ഇതിഹാസകഥാപാത്രങ്ങള്‍ എന്നത് വായനയെയും എഴുത്തിനെയും എങ്ങനെ സ്വാധീനിക്കുന്നു?

എല്ലാവര്‍ക്കു പരിചിതമായ കഥാപാത്രങ്ങളെയല്ല ഞാന്‍ കൊടുക്കുന്നത്.അവരുടെ പേര് എല്ലാവര്‍ക്കും പരിചിതമായിരിക്കും. പക്ഷേ പുതിയൊരു വീക്ഷണകോണില്‍ക്കൂടിയാണ് ഞാന്‍ അവരെ അവതരിപ്പിക്കുന്നത്. നമ്മുടെ ഇതിഹാസങ്ങളൊന്നും തന്നെ ഏകമാനമായ വായനയ്ക്കുവിധേയമാക്കാന്‍ പറ്റുന്നവയല്ല. എങ്ങനെ വായിച്ചാലും അതിലെ ഓരോ കഥാപാത്രങ്ങളും ഇതിഹാസതുല്യരാണ്. രാമയണത്തിലെയോ മഹാഭാരതത്തിലെയോ ഓരോ കഥാപാത്രങ്ങളെയുമെടുത്തിട്ട് നമുക്ക് മറ്റൊരു ഇതിഹാസം രചിക്കാം. 'അസുര' എഴുതിയതിന് ശേഷം 'വാനര'യില്‍ ഞാന്‍ ചെയ്തത് അതാണ്. ബാലിയെ വച്ചിട്ട് വേറൊരു കഥ. ബാലിയും സുഗ്രീവനും താരയും തമ്മിലുള്ള ത്രികോണപ്രേമത്തിന്റെ, ചതിയുടെയും വഞ്ചനയുടെയും ഇതിഹാസം പോലൊരു കഥയാണ് അവിടെ ഒളിഞ്ഞുകിടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എല്ലാവരും അറിയുന്ന കഥാപാത്രങ്ങളല്ല, എല്ലാവരും അറിയുന്ന കഥാപാത്രങ്ങളുടെ ആരും ശ്രദ്ധിക്കാത്ത മുഖങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. 

ഇന്ത്യന്‍ എപ്പിക്കുകളെക്കുറിച്ച് പറയുമ്പോള്‍ രണ്ട് പ്രതിഭകളുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് -ദേവ്ദത്ത് പട്നായിക്, ആനന്ദ് നീലകണ്ഠന്‍. നിങ്ങള്‍ പരസ്പരം ഇതിഹാസങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടോ? ദേവ്ദത്തിനോട് അനുകൂലിക്കാന്‍ തോന്നിയ ഘടകങ്ങള്‍ ഉണ്ടോ?

സിയാകെ രാമനില്‍ ഞാന്‍ തിരക്കഥാകൃത്തും ദേവദത്ത് കണ്‍സല്‍ട്ടന്റുമായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവ്ദത്ത് എന്റെ സുഹൃത്താണ്. പല പരിപാടികളിലും വെച്ച് കാണാറുണ്ട്. ദേവദത്ത് ഒരു പണ്ഡിതനാണ്. കഥകള്‍ പറയുക എന്നതല്ല, മറിച്ച് ഇതിഹാസങ്ങളുടെ നോണ്‍ഫിക്ഷന്‍ മേഖലയിലാണ് അദ്ദേഹത്തിന്റെ മുഴുവന്‍ നിരീക്ഷണവും. പല സീരീസുകളിലും ദേവ്ദത്ത് റിസര്‍ച്ച് സ്‌കോളറായിട്ടും ഞാന്‍ അതിന്റെ കഥാകൃത്തുമായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ കാലഘട്ടത്തിനനുസരിച്ച് ഇതിഹാസങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം കൊടുക്കുന്നയാളാണ് അദ്ദേഹം. പലപ്പോഴും അദ്ദേഹത്തോട് യോജിക്കുന്ന ധാരാളം ഘടകങ്ങള്‍ ഉണ്ട്. യുക്തിയോട് കൂടി ഇതിഹാസങ്ങളെ സമീപിക്കാം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എനിക്കിഷ്ടമാണ്. പലപ്പോഴും ശക്തമായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. വിവാദങ്ങളെ ഗൗനിക്കാതെ തന്റെ നിലപാടില്‍ ശക്തമായി ഉറച്ചു നില്‍ക്കുന്ന ദേവ്ദത്ത് പലപ്പോഴും ആകര്‍ഷണീയനായി തോന്നിയിട്ടുണ്ട്.

അസുരന്മാരെ കുട്ടികള്‍ക്കു വേണ്ടി  അവതരിപ്പിക്കുന്ന ഉദ്യമം കൂടി കഴിഞ്ഞിരിക്കുന്നു- ഇനിയെന്ത്?

കുറേ കഥകളുടെ ചവറ് ഡ്രാഫ്റ്റ് (ഒന്നാം ഡ്രാഫ്റ്റ്) റെഡിയാണ്. ഇനി പോളിഷ് ചെയ്യണം.രണ്ട് സിനിമകള്‍ കൂടി ക്യൂവില്‍ ഉണ്ട്. ഇതിനിടയില്‍ വാനര സിനിമയാകുന്നു. തിരക്കഥയിലേക്ക് കയറേണ്ടി വരും. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ രണ്ട് ഷോകള്‍ ഉണ്ട്. അതിന്റെ തിരക്കുകളിലേക്ക് കയറണം. പെണ്‍രാമായണത്തിന്റെ ഇം​​ഗ്ലീഷ് പതിപ്പില്‍ താടകയെയും മന്ഥരയെയും കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാനിരിക്കുന്നു. കുറച്ച് കഥകളുടെ ഓഡിയോ സീരീസ് വരുന്നുണ്ട്. നേരത്തെ കൊടുത്ത അസുരമാര്‍ഗ പുസ്തകമാവാനുണ്ട്. ദേവയാനിയുടെ മൂന്ന് പുസ്തകങ്ങളുടെ സീരീസ് പാതിയില്‍ നിര്‍ത്തിയിരിക്കുകയാണ്.അത് പൂര്‍ത്തീകരിക്കണം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ കോളം എഴുതിവരുന്നു. മുന്നൂറോളം രാമയണങ്ങള്‍ പലപാഠങ്ങള്‍ എന്ന് പറഞ്ഞ് പല രാമായണങ്ങളിലെയും നമുക്ക് ഉള്‍ക്കൊള്ളാനുള്ള കഥകള്‍ പറയുന്ന ഓഡിയോ സീരീസ് വരാനുണ്ട്. ഇങ്ങനെയൊക്കെ എഴുത്തിന്റെ ചുറ്റുവട്ടത്തുണ്ട് ഞാന്‍.

Content Highlights: Interview, Anand Neelakandan

 

PRINT
EMAIL
COMMENT
Next Story

കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍

ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിന്റെ ഉടമസ്ഥതയിലുള്ള 'റെഡീമർ' ബോട്ട് .. 

Read More
 

Related Articles

നമ്മുടെയെല്ലാം അജ്ഞാത ജീവിതം, ജയന്റേയും
Books |
Books |
'ഹൃദയം എങ്ങനെ കഴുകാം';ബ്രിട്ടീഷ്-ഇന്ത്യന്‍ കവി ഭാനു കപിലിന് റ്റി.എസ് എലിയറ്റ് അവാര്‍ഡ്
Movies |
'ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം തീരാനോവുമായി'...പാട്ടെഴുതുമ്പോള്‍ ബിജിബാല്‍ മുന്നില്‍ നിറഞ്ഞുനിന്നു
Books |
ശില്പങ്ങള്‍ ഒതുക്കപ്പെടുന്നത് ആര്‍ക്കുവേണ്ടിയാണ്?
 
  • Tags :
    • Anand Neelakandan
    • Books
    • Shabitha
More from this section
മഹാകവി കുമാരനാശാനും പത്‌നി ഭാനുമതിയമ്മയും
കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മുതലാളി ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കണം; ഇല്ലേല്‍ പിന്നെയൊരുകാലത്തും ഇരിക്കാനാവില്ല- ഒരു പ്രേംനസീര്‍ തത്വം
KP Balachandran
വിവര്‍ത്തകന്റെ ഷെര്‍ലക് ഹോംസ്
M Nandakumar
ചെമ്പോലയിലെ ചരിത്രത്തിന്റെ ചിരികള്‍
EK Nayanar
'എന്ത് പിറന്നാള്‍, എന്താഘോഷം'...ഇന്നും സഖാവ് അങ്ങനെയേ പറയൂ!-ശാരദ ടീച്ചര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.