യാത്രയയപ്പിനെക്കുറിച്ചുള്ള കഥ എഴുതിക്കൊണ്ടാണ് അംബികാസുതന്‍ മാങ്ങാട് നെഹ്രു കോളേജില്‍ അധ്യാപകനായി ചേര്‍ന്നത്. എന്നാല്‍ അംബികാസുതന്റെ യാത്രായയപ്പും അവിശ്വസനീയമായ കഥയായി മാറി. സാഹിത്യവേദിയിലെ അധ്യാപകരും വിദ്യാര്‍ഥികളും അതിനുവേണ്ടി ഒരുങ്ങുന്നെന്നറിഞ്ഞ് ഒരു വൈകുന്നേരം ലളിതമായ ചടങ്ങ് മതി എന്ന് അംബികാസുതന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, രണ്ടു രാപകലുകള്‍ നീണ്ട, മറ്റൊരിടത്തും നടന്നിട്ടില്ലാത്തവിധം ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. നൂറോളം എഴുത്തുകാര്‍ വന്നുചേര്‍ന്നു. അംബികാസുതന്റെ കഥകള്‍ ഇതുപതിലധികം ചിത്രകാരന്മാര്‍ കാന്‍വാസിലാക്കി. കഥകളുടെ രംഗാവിഷ്‌കാരങ്ങളും നടന്നു. സംസാരിച്ച വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും തൊണ്ടയിടറി.

വിരമിക്കുന്നു എന്നറിഞ്ഞ് കോട്ടയത്തുനിന്ന് ഒരാള്‍ അംബികാസുതനെ കാണാന്‍ വന്നു. അവന്‍ കെട്ടിപ്പിടിച്ചു. 'മാഷേ, മനുപ്രതാപ് എന്ന പേരില്‍ ഞാന്‍ 100 ബാലസാഹിത്യകൃതികള്‍ എഴുതി. മാഷാണ് എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. മനോജ് പി. നായര്‍ എന്ന പേര് മാറ്റി മനുപ്രതാപ് എന്നാക്കിയത് മാഷാണ്. 30 കൊല്ലം മുന്‍പത്തെ വിദ്യാര്‍ഥിയായിരുന്നു മനു.

ഇത്തവണ കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നടക്കുമ്പോള്‍ നിഷ എന്ന നാല്പത്തിരണ്ടുകാരി വന്നു. കഥയെഴുതുന്ന കൗമാരക്കാരെ തോല്‍പ്പിച്ച് ഇത്തവണ കഥാമത്സരത്തില്‍ ഒന്നാംസമ്മാനം അവര്‍ക്കാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കിയശേഷം ഭരതനാട്യം പി.ജി.ക്ക് ചേര്‍ന്നിരിക്കയാണ്. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ക്ലാസില്‍ കഥാമത്സരം നടത്തി ഒന്നാംസമ്മാനം കൊടുത്ത് കഥയെഴുതാനുള്ള ധൈര്യം കൊടുത്തത് അംബികാസുതനെന്ന് നിഷ.

സന്തോഷ് ഏച്ചിക്കാനം നെഹ്രു കോളേജില്‍ പഠിക്കുന്ന കാലത്ത് കവിയായിരുന്നു. ധാരാളം രചനകള്‍ വായിച്ചുകൊടുത്ത് തിരുത്തിക്കൊടുത്തിരുന്നു. ഒരിക്കല്‍ അംബികാസുതന്‍ പറഞ്ഞു: 'സന്തോഷേ, നീ കവിത ഇനി എഴുതേണ്ട. കഥ എഴുതിയാല്‍മതി'. സന്തോഷ് അങ്ങനെ കഥയിലേക്ക് മാറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ പല കഥകളും പില്‍ക്കാലത്ത് ക്ലാസില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു എന്ന ഭാഗ്യവും അംബികാസുതനുണ്ടായി.

അധ്യാപന ജീവിതം 

അധ്യാപനം സംതൃപ്തി നല്‍കിയോ?

തീര്‍ച്ചയായും. മികച്ചൊരു കഥയെഴുതിക്കഴിയുമ്പോള്‍ കിട്ടുന്നത് പോലെയുള്ള സന്തോഷം തന്നെയാണ് നല്ലൊരു ക്ലാസ് കഴിയുമ്പോഴും. ആ ആനന്ദം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും. ക്ലാസുകളെ ഒരു കഥ പോലെ സരസവും ഉദ്വേഗജനകവും മൂല്യാധിഷ്ഠിതവുമാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. ഏറ്റവും പുതിയ കാര്യങ്ങള്‍, പുതിയ പുസ്തകങ്ങള്‍ ക്ലാസില്‍ എന്നും പരിചയപ്പെടുത്താന്‍ ശ്രമിച്ചു. എന്റെ മേശപ്പുറത്തുള്ള ലഡ്ജറില്‍ കുട്ടികള്‍ക്ക് കൊടുത്ത പുസ്തകങ്ങളുടെ കണക്കാണ്. ഒരു സഞ്ചരിക്കുന്ന ലൈബ്രറി പോലെ വീട്ടിലെ പുസ്തകങ്ങള്‍ വായനക്കാരായ വിദ്യാര്‍ഥികള്‍ക്ക് എന്നും കൊണ്ടുവന്ന് വിതരണം ചെയ്തിരുന്നു.

നെഹ്രു കോളേജില്‍ അധ്യാപകനായി വന്ന സാഹചര്യത്തെപ്പറ്റി?

33 വര്‍ഷം മുന്‍പ് നെഹ്രു കോളേജില്‍ ഒപ്പുപുസ്തകത്തില്‍ ആദ്യത്തെ ഒപ്പുചാര്‍ത്തി, ആദ്യക്ലാസിലേക്ക് പടികള്‍ കയറി. രണ്ടാം നിലയിലായിരുന്നു ക്ലാസ്. എനിക്കൊപ്പം പ്രായമുള്ളവരും എന്നേക്കാള്‍ പ്രായം കൂടിയ മൂന്നുപേരും ക്ലാസിലുണ്ടായിരുന്നു. 'ഘടാഘടിഗ'ന്മാരായ എഴുപതോളം വിദ്യാര്‍ഥികള്‍. ഭയം അടിവയറ്റില്‍നിന്ന് തൊണ്ടയിലേക്ക് പൊന്തിവരുന്നുണ്ടെങ്കിലും മുഖത്ത് പുഞ്ചിരിയുണ്ടാക്കി ക്ലാസ്മുറിയിലേക്ക് വലതുകാല്‍വെച്ച് കയറിയപ്പോള്‍ കണ്ടു, ബോര്‍ഡില്‍ നെടുനീളത്തില്‍ വലിയ അക്ഷരങ്ങളില്‍ എനിക്ക് സ്വാഗതം: 'വരുന്നു, വയനാട്ടുകുലവന്‍' വാസ്തവത്തില്‍ എനിക്ക് സന്തോഷമായി. ഏതാനും ദിവസം മുന്‍പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കവര്‍ ഫീച്ചര്‍ വയനാട്ടുകുലവനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. അത് വായിച്ച വിദ്യാര്‍ഥികളിലാരോ കുറിച്ചതാണ്. എഴുത്തുകാരന്‍ എന്ന പരിഗണനയും സ്‌നേഹവും എനിക്ക് അന്നുതൊട്ട് ഇന്ന് പടിയിറങ്ങുന്നതുവരെ കിട്ടി.

കോളേജില്‍ ജോയിന്‍ ചെയ്യുന്നതിനുമുന്‍പ്, രണ്ടുദിവസം മുന്‍പ്, കോളേജിന്റെ മാനേജര്‍ മാലോം പട്ടേലര്‍ എന്ന വിഖ്യാതനായ മനുഷ്യന്‍ വെറ്റിലച്ചെല്ലം മടിയില്‍വെച്ച്, അച്ഛനൊപ്പം ചെന്ന എന്നോട്, 'ഇന്നലെ റേഡിയത്തില്‍ നിന്റെ കഥ കേട്ടിന്, ജോറായിന് ട്ടോ, നല്ലോണം എഴുതണം' എന്ന് അനുഗ്രഹിച്ചതും മനസ്സില്‍ ഇപ്പോഴും തുളുമ്പുന്നു.

എഴുത്തുജീവിതം

കാസര്‍കോട് ഗവ. കോളേജില്‍ പഠിക്കുന്ന കാലത്താണല്ലോ കോളേജ് മാഗസിനുകളിലും മറ്റും രചനകള്‍ നടത്തിക്കൊണ്ട് സര്‍ഗാത്മകതയ്ക്ക് തുടക്കം കുറിച്ചത്. അക്കാലത്തെപ്പറ്റി എങ്ങനെ ഓര്‍ക്കുന്നു?

കാസര്‍കോട് ഗവ. കോളേജില്‍ പഠിക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ എഴുത്തിന് ഇരുന്നിരുന്നു. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ 'ജീവിതപ്രശ്‌നങ്ങള്‍' ആണ് ആദ്യകഥ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'തടവ്' എന്ന കഥ മാസികയില്‍ അച്ചടിച്ചുവന്നു. അച്ചടിച്ച ആദ്യകഥ. 'ജീവിതപ്രശ്‌നങ്ങള്‍' കൈയെഴുത്തു മാസികയിലായിരുന്നു.

കാസര്‍കോട് കോളേജില്‍ പഠിക്കുമ്പോള്‍ ലേഖനങ്ങളും കഥകളും കുറേ എഴുതി. ജന്തുശാസ്ത്രം ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ലേഖനം കവര്‍ സ്റ്റോറിയായി വന്നതിന്റെ വിസ്മയം ഇന്നും പോയിട്ടില്ല. 'കഥ' മാസിക സംസ്ഥാന തലത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം. പടയണിപോലുള്ള മാസികകളുടെ മത്സരത്തിലും യൂനിവേഴ്സിറ്റിതലത്തിലുമൊക്കെ കഥയില്‍ സമ്മാനം. മലയാള നാട് വാരികയില്‍ രണ്ടുമൂന്നു കഥകള്‍ അക്കാലത്ത് വന്നതും ഓര്‍ക്കുന്നു. പിന്നീട് എം.എ. പഠനകാലത്തും എം.ഫില്‍ പഠനകാലത്തും കുറച്ച് കഥകളും ലേഖനങ്ങളും എഴുതി.

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 1986-ല്‍ 'കണ്ണുരോഗം' എന്ന കഥയെഴുതി. അക്കേഷ്യ നട്ടുതുടങ്ങിയ കാലം. രാസകീടനാശിനികള്‍ക്കെതിരേ സമരം ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ (എന്‍ഡോസള്‍ഫാന്‍ 81-ല്‍ തളിക്കാന്‍ തുടങ്ങിയെങ്കിലും ചര്‍ച്ചചെയ്യപ്പെട്ടുതുടങ്ങിയിട്ടേ ഇല്ല. 2001 മുതലാണ് പത്രങ്ങളില്‍ കാസര്‍കോട്ടെ ദുരന്തം ചര്‍ച്ചയാവുന്നത്) അക്കേഷ്യക്കെതിരേ പേരാടുന്നതിനെക്കുറിച്ചാണ് കഥ. രണ്ടുവര്‍ഷം മുന്‍പ് അക്കേഷ്യക്കെതിരേ ഒരു ലേഖനം ഞാന്‍ മാതൃഭൂമിയില്‍ എഴുതി. അക്കൊല്ലംതന്നെ സാഹിത്യവേദി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ അക്കേഷ്യ ഇനി വെച്ചുപിടിപ്പിക്കില്ലെന്ന തീരുമാനമെടുത്ത് ഞങ്ങള്‍ക്ക് അഭിനന്ദനക്കത്തയച്ചത് ഞങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്.

86-ല്‍ത്തന്നെ, ഗംഗയുടെ മലനീകരണത്തെക്കുറിച്ച് അതിന്റെ കരയില്‍ പത്തുദിവസം താമസിച്ച അനുഭവത്തില്‍നിന്ന് എുതിയ ലേഖനം വന്നതും മറക്കാനാവുന്നില്ല. ഇതൊക്കെ കൊണ്ടാണ് അന്ന് ഇന്റര്‍വ്യൂവിന് നെഹ്രുവില്‍ എത്തിയത്.

സയന്‍സ് ബിരുദധാരി പിന്നീടെങ്ങനെ മലയാള ഭാഷാ പഠനരംഗത്തേക്ക് ചുവടുമാറ്റി?

ജന്തുശാസ്ത്രം ഡിഗ്രി കഴിഞ്ഞ് മലയാളം എം.എ.ക്ക് ചേരാന്‍ നിശ്ചയിച്ചപ്പോള്‍ ഞാനാകെ ആശയക്കുഴപ്പത്തിലായി. ബ്രണ്ണനിലും കോഴിക്കോട് സര്‍വകലാശാലാ കാമ്പസിലും പ്രവേശനം ഉണ്ട്. ഒരിടത്ത് തലവന്‍ എം.എന്‍.വിജയന്‍ മറ്റേടത്ത് അഴീക്കോടും. ആരെയും വിടാന്‍ തോന്നുന്നില്ല. ഒടുവില്‍ പി.ജി. പഠനത്തിന് നല്ലത് കോളേജല്ല യൂനിവേഴ്സിറ്റി സെന്ററാണെന്ന ചിന്ത വന്ന് അഴീക്കോടിന്റെ ശിഷ്യനായി. സുകുമാര്‍ അഴീക്കോട് ആത്മകഥയില്‍ പറഞ്ഞ പ്രിയപ്പെട്ട മൂന്നുനാല് ശിഷ്യന്മാരില്‍ ഒരാളായി അദ്ദേഹത്തിനെപ്പോലുള്ളവരുടെ ക്ലാസിലിരിന്നതിന്റെ അനുഗ്രഹമാണ് എന്റെ അധ്യാപന ജീവിതത്തിലും വഴികാട്ടിയായത്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍? 'എന്‍മകജെ' എന്ന നോവല്‍?

രണ്ട് പതിറ്റാണ്ടുകാലം എന്‍ഡോള്‍ഫാന്‍ ദുരന്തഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കുടിച്ച കണ്ണീരാണ് അന്‍പതാമത്തെ പുസ്തകത്തില്‍. എന്‍ഡോസള്‍ഫാനെക്കുറിച്ച് അറുപതോളം ലേഖനങ്ങള്‍ എഴുതി. നാല് കഥകളും. അതില്‍നിന്ന് തിരഞ്ഞെടുത്ത 33 രചനകളാണിതില്‍. എന്‍മകജെ എന്ന മലയാളത്തിലെ ബെസ്റ്റ് സെല്ലറായ നോവലിന്റെ രണ്ടാംഭാഗമായി വായിക്കാവുന്ന പുസ്തകമാണ്. 'മാതൃഭൂമി'യിലാണ് മിക്കവാറും ലേഖനങ്ങള്‍ വെളിച്ചം കണ്ടത്.

എന്‍മകജെ 18 പതിപ്പുകള്‍ വന്നു. ഹിന്ദി ഉള്‍പ്പെടെ നാലുഭാഷകളില്‍ വിവര്‍ത്തനം വന്നു. എട്ടു യൂനിവേഴ്സിറ്റികളില്‍ പാഠപുസ്തകമാണിത്. എട്ടാംക്ലാസില്‍ 'രണ്ടുമത്സ്യങ്ങള്‍' എന്ന കഥ ഇതിനകം 25 ലക്ഷം വിദ്യാര്‍ഥികള്‍ പഠിച്ചുകഴിഞ്ഞു. ഇങ്ങനെ പുതിയ തലമുറയില്‍ നല്ല പരിസ്ഥിതിബോധം ഉണ്ടാക്കാന്‍ സാഹിത്യത്തിലൂടെ ശ്രമിച്ച് വിജയിച്ചിട്ടാണ് നെഹ്രുവില്‍നിന്ന് വിടവാങ്ങുന്നത്. 2012-ല്‍ കേരള സര്‍ക്കാരിന്റെ പ്രഥമ ഹരിത പുരസ്‌കാരം സാഹിത്യവേദിക്ക് ലഭിച്ചതും മറക്കാനാവില്ല.

'നെഹ്രു'വില്‍ ചേര്‍ന്നപ്പോഴാണ് 'വസുദേവയ്യരുടെ ഈ ഭൂമി' എന്ന കഥ ( മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ആദ്യകഥ ) വരുന്നത്. റിട്ടയര്‍ ചെയ്യുന്ന മലയാളം പ്രൊഫസറെക്കുറിച്ചാണ്. യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് പോകുമ്പോള്‍ വസുദേവയ്യര്‍ തലേന്ന് നട്ട ആര്യവേപ്പിന്റെ തൈ പിഴുതെടുത്ത് പോകുന്നതാണ് കഥ.

അക്കൊല്ലംതന്നെ ആരംഭിച്ച 'സാഹിത്യവേദി' ആയിരുന്നു ഞാന്‍ നട്ട ആര്യവേപ്പ്. ഇറങ്ങിപ്പോകുമ്പോള്‍ പിഴുതെടുക്കാന്‍ പറ്റാത്തവിധം സാഹിത്യവേദി ആകാശം മുട്ടുന്ന മാമരമായി, അറിയപ്പെടുന്ന വേദിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ മരത്തിന്റെ തണലിലും നന്മയിലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. അതുകൊണ്ട് പടികളിറങ്ങുന്നില്ല.

സര്‍ഗാത്മകമായ കുതിപ്പുകൊണ്ടും സാമൂഹികബോധം കൊണ്ടും കാമ്പസുകള്‍ക്ക് മാതൃകയായ സാഹിത്യവേദിയെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ ആലോചിക്കുകയാണ്. ഒന്‍പതാമത്തെ വീടാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാഹിത്യവേദി നിര്‍മിക്കുന്നത്. നെഹ്രു കോളേജില്‍ ചേര്‍ന്ന ശേഷമാണ് 'സാധാരണ വേഷങ്ങള്‍' എന്ന ആദ്യ കഥാസമാഹാരം ഇറങ്ങുന്നത്. ഇപ്പോള്‍ പടിയിറങ്ങുമ്പോള്‍ കഴിഞ്ഞാഴ്ച സച്ചിദാനന്ദന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കി പ്രകാശിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍: നിലവിളികള്‍ അവസാനിക്കുന്നില്ല' എന്ന പുസ്തകം അന്‍പതാമത് പുസ്തകമാണ്. അതില്‍ 19 പുസ്തകങ്ങള്‍ 'പൊഞ്ഞാറ്' (ആദ്യ നാട്ടുഭാഷാ നിഖണ്ടു) പോലെ 'മലയാളത്തിലെ തെയ്യം കഥകള്‍' പോലെ, 'മലയാളത്തിലെ പരിസ്ഥിതി കഥകള്‍' പോലെ, 'ജീവിതത്തിന്റെ ഉപമ' (13 വിദ്യാര്‍ഥികള്‍ ചേര്‍ന്നെഴുതിയ ആദ്യ കാമ്പസ് നോവല്‍) പോലെ എഡിറ്റ് ചെയ്ത പുസ്തകങ്ങളാണ്. 21 ചെറുകഥാ സമാഹാരങ്ങള്‍.

നിരൂപണ ഗ്രന്ഥങ്ങളും നോവലുകളും നോവലെറ്റ് സമാഹാരങ്ങളും ചേര്‍ക്കുമ്പോള്‍ അന്‍പതായി. അതുകൊണ്ട്, പടികളിറങ്ങുമ്പോള്‍ അഭിമാനത്തോടെ, തല ഉയര്‍ത്തിപ്പിടിച്ച് എനിക്ക് പടികള്‍ ഇറങ്ങാം. ലോകം മുഴുവന്‍ മൂടിപ്പുതച്ച് സുഖമായി ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്ന് അത്രത്തോളം പണിയെടുത്തിട്ടുണ്ട്. ആയിരത്തോളം പ്രബന്ധങ്ങള്‍ ആനുകാലികങ്ങളില്‍ വന്നത് വേറെയുമുണ്ട്. ചെയ്ത പ്രഭാഷണങ്ങള്‍ക്ക് കണക്കില്ല.

ഏറ്റവും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പറഞ്ഞല്ലോ?

ഉണ്ട്. ഒരു വലിയ വേദന മാത്രം പറയാം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വൈലോപ്പിള്ളിയെക്കുറിച്ച് 2004-ല്‍ ഒരു ലേഖനം ഞാനെഴുതിയതിന്റെ പ്രതികരണമായി ഒരു കത്ത് അച്ചടിച്ചുവന്നു. എന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍' നോവല്‍ മോഷണമാണെന്ന്. വ്യാജ പേരിലായിരുന്നു കത്ത്. നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍, തെളിവുകളോടെ കത്തെഴുതിയ ആളെ കണ്ടെത്തിയപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചുപോയി.

എന്റെ കോളേജിലെ ആത്മാര്‍ഥ സുഹൃത്തുക്കളിലൊരാളായ അധ്യാപകനാണ്. അന്നുമുതലാണ്, 'സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തെക്കാള്‍ ഏറ്റവും പേടിക്കണം' എന്ന കവിവാക്യം ഞാന്‍ ഒരു ഉരുക്കഴിക്കാന്‍ തുടങ്ങിയത്. ആ കത്തുകൊണ്ട് നോവലിന് ഒരു പരിക്കും പറ്റിയില്ല. ഒന്‍പത് പതിപ്പുകള്‍ ഇറങ്ങി. വിവിധ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി. ചിലയിടങ്ങളില്‍ ഇപ്പോഴും പാഠപുസ്തകമാണത്. മൂന്നരവര്‍ഷംകൊണ്ട് നെഞ്ചുരുകി ഇരുന്ന് എഴുതിയ നോവലാണ് മരക്കാപ്പ്.

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Ambikasuthan Mangad, Enmakaje, Vettachekkan Enna Theyyam, Marakkappile Theyyangal, EndosulfanIssue