സാഹിത്യവും ശാസ്ത്രവും കമ്യൂണിസവും വേദാന്തവും ഒരു മനുഷ്യനില്‍ സംഗമിച്ചതാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഇവയെല്ലാം സംഗമിച്ച് സമഗ്രരൂപം കൊണ്ട മഹാപ്രപഞ്ചസ്‌നേഹമാണ് അക്കിത്തത്തിന്റെ കവിത. എല്ലാം ഉള്‍ക്കൊള്ളുന്ന കടല്‍ശംഖിന്റെ നാദം ആ കവിതയില്‍ മുഴങ്ങുന്നത് കേള്‍ക്കാം. അക്കിത്തത്തെ ഏറെ പ്രചോദിപ്പിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ശ്രേണിയില്‍പ്പെട്ട ഒരു സന്ന്യാസി അദ്ദേഹവുമായി നടത്തിയ ഈ അഭിമുഖം കവിയുടെ കാതലില്‍ച്ചെന്ന് തൊടുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുകയും ഇ.എം.എസിന്റെ കൂടെ പ്രവര്‍ത്തിക്കുകയും ചെയ്ത അങ്ങ് വിപ്ലവപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഈ മണ്ണില്‍ വേരോടാതെ പോയതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?

വേദാന്തര്‍ഗതമായ തുല്യതയുള്ള പ്രായോഗികരൂപം എന്ന നിലയിലാണ് ഞാനാദ്യം കമ്യൂണിസ്റ്റ് സംവിധാനത്തെ കണ്ടത്. രണ്ടുതവണ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എന്റെ മുമ്പില്‍ വന്നിരുന്നു. ഒരു ചുമന്ന കാര്‍ഡ്. അതിലെഴുതിയിരുന്ന വരി ഞാനിന്നും ഓര്‍ക്കുന്നു, 'ലെനിന്‍ സ്ഥാപിച്ചു വളര്‍ത്തിയ പാര്‍ട്ടിയില്‍ അംഗമാവുന്നത് എന്റെ ജീവിത ദൗത്യമാണ്'. ഞാനാ മെമ്പര്‍ഷിപ്പ് സ്വീകരിച്ചിട്ടില്ല. ഇ.എം.എസിന്റെ സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയിലെ പല ഭാഗങ്ങളും ഞാന്‍ കേട്ടെഴുതിയതാണ്.

രണദിവെ 1946-ല്‍ കൊണ്ടുവന്ന 'കല്‍ക്കട്ട തിസീസി'നുശേഷം ജീവിതം വഴിത്തിരിവിലെത്തി. വിപ്ലവത്തിലൂടെ കമ്യൂണിസം എന്ന ഹിംസയുടെ പക്ഷം(സ്റ്റാലിന്റെ വഴി) അക്കാലത്തെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. അന്ന് തൃശ്ശൂര്‍ യോഗക്ഷേമസഭയുടെ ഓഫീസില്‍ ഒരു പരിപാടിക്കായി പോയ എന്റെ കൂടെ ഒരു സുഹൃത്തും താമസിച്ചിരുന്നു. വടക്കന്‍ മലബാറിലെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ നേതാവ്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പോലീസുകാരുടെ അടികൊണ്ടു മരിച്ചുപോയി. ഇംഗ്ലീഷ് ഭാഷയില്‍ വലിയ പ്രാവീണ്യമുള്ള പരമ സാത്വികനായ വ്യക്തി. അദ്ദേഹം രണദിവെയ്ക്കയച്ചിരുന്ന (ഇംഗ്ലീഷില്‍ കുനുകുനാ എഴുതിയ)കുറിപ്പ് എന്റെയും ശാസ്തൃശര്‍മന്‍ കരിക്കാടിന്റെയും മറ്റു പലരുടെയും സാന്നിധ്യത്തില്‍ വായിച്ചുകേട്ടു. അദ്ദേഹം തന്റെ കാലുറയില്‍ കരുതിയിരുന്ന തോക്ക് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെ പാപ്പാളി എന്ന പോലീസുകാരനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ആ തോക്ക് കരുതിയിരുന്നത് എന്നു മനസ്സിലായി. 'പാപ്പാളിപീപ്പിളിയൂതി പരക്കെ തല്ലി' എന്നൊരു വായ്പാട്ട് എല്ലാവരുടെയും ചുണ്ടിലുണ്ടായിരുന്നു.

വലിയ വേദനയാണ് ഉള്ളില്‍ തോന്നിയത്. അന്നുമുതല്‍ ജീവിതം മറ്റൊരു ദിശയിലേക്കു മാറിയൊഴുകി. വലിയൊരു പരിണാമമാണ് 'കല്‍ക്കട്ട തിസീസ്' എന്നിലുണ്ടാക്കിയത്. കെ. ദാമോദരനെപ്പോലുള്ള ഉള്‍ക്കാഴ്ചയും പാണ്ഡിത്യവുമുള്ളവരുടെ ആശയങ്ങള്‍ പാര്‍ട്ടി നയമായി സ്വീകരിച്ചിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയിട്ടുണ്ട്. ദാമോദരനെ ദാര്‍ശനികനായ ഒരാള്‍ എന്നൊക്കെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ വീക്ഷണം ഇന്ത്യന്‍ മണ്ണിന്റെ സ്വത്വത്തെ ഉള്‍ക്കൊള്ളുന്നതും ഉപനിഷത്തിലൂന്നിയതുമായ കാഴ്ചപ്പാടായിരുന്നു.

വേദാന്തപ്രചാരണത്തിനുവേണ്ടി 'അനാദി' എന്ന മാസിക തുടങ്ങിയ അങ്ങ് വേദസംരക്ഷണത്തെ സ്വധര്‍മമായി ഏറ്റെടുത്തിട്ടുള്ള ആളാണല്ലോ? വേദത്തോടുള്ള ആരാധനയ്ക്കു പിന്നില്‍ ?

അനാദി മാസിക എഴുപതുകളില്‍ എന്റെ ഉത്സാഹത്തില്‍ തുടങ്ങിയതാണ്. വി.എം. നായരും ബാലാമണിയമ്മയും ചേര്‍ന്ന് ആദ്യലക്കം തവനൂരില്‍ പ്രകാശനം ചെയ്തു. അവിടെത്തന്നെയാണ് പ്രസും ഓഫീസും ഉണ്ടായിരുന്നത്. ഒരാവേശത്തില്‍ വേദസാഹിത്യ പ്രചാരണത്തിനുവേണ്ടി തുടങ്ങിയതാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ കാശില്ലാതെ, സഹായിക്കാന്‍ ആളില്ലാതെ നിരാശനായി എല്ലാം നിര്‍ത്തേണ്ടിവന്നു. ഏര്‍ക്കര രാമന്‍ നമ്പൂതിരി, ഇ.ആര്‍. ശ്രീകൃഷ്ണ ശര്‍മ, ഡോ. കെ. കുഞ്ചുണ്ണിരാജ തുടങ്ങിയ മഹാ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടാനും ഇത്തിരിവട്ടത്തില്‍ ഒരാവേശമുണ്ടാക്കാനും കഴിഞ്ഞു എന്നതു മാത്രമാണ് അതുകൊണ്ടുണ്ടായ ഗുണം. ഒരിക്കല്‍ പൊന്നാനിയില്‍ പോയപ്പോള്‍ ഇടശ്ശേരി അനാദി വായിക്കാറുണ്ടായിരുന്നുവെന്നും തനിക്ക് പരിചിതമല്ലാത്ത പുതിയൊരു ലോകം അക്കിത്തം തന്റെ മുന്നില്‍ തുറന്നുവെച്ചു എന്നും പറയുകയുണ്ടായി. ഇതിനൊക്കെ ശേഷമാണ് വേദപ്രചാരണത്തിന് പുതിയ വഴികള്‍ രൂപപ്പെട്ടുവന്നത്.

വേദപ്രചാരണം റേഡിയോയിലൂടെപ്പോലും ചെയ്യാന്‍ ശ്രമിച്ച ഒരാളാണ് ഞാന്‍. അത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരുന്നു അത്. മനുഷ്യരാശിയെ എല്ലാ ബലഹീനതകളില്‍നിന്നും മോചിപ്പിക്കാനുള്ള ശക്തി വേദത്തിനുണ്ട്. ഈ തത്ത്വചിന്തയുടെ ആഴം തിരിച്ചറിഞ്ഞിട്ടാണ് വിവേകാനന്ദസ്വാമികളും മറ്റും അതിന്റെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതെന്നു ഞാന്‍ കരുതുന്നു. ശങ്കരാചാര്യരുടേത് ഭാരതകേന്ദ്രിത പ്രവര്‍ത്തനങ്ങളായിരുന്നുവെങ്കില്‍ വിവേകാനന്ദന്റേത് ലോകത്തെ ആകെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നുവല്ലോ. വേദം എല്ലാവരുടെയും സ്വത്താണ്. 

വേദം ജാതിമതഭേദമെന്യേ സംസ്‌കൃതഭാഷ പോലെ എല്ലാവരും അഭ്യസിക്കേണ്ടതാണ്. ലോകത്തിലെ ഒട്ടുമിക്ക ചിന്താരീതികളും വേദത്തില്‍ കാണാന്‍ കഴിയും. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് വേദത്തിലെ സമത്വദര്‍ശനമാണ്. സര്‍വജീവജാലങ്ങളെയും അത് ഒരു പോലെ കാണുന്നു. 'സമാനമന്ത്രം' തന്നെ ഉദാഹരണം. 'സംഘച്ഛ്വം സംവദത്വം...' വേദം വാഗ്ദാനം ചെയ്യുന്ന തുല്യത. അതെങ്ങനെ പ്രായോഗികമാക്കാമെന്നതായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെ ആഗ്രഹം. 'സമത്വദര്‍ശനം' എന്റെ ലക്ഷ്യമാണ്. ആ തുല്യത ലോകത്തു കൊണ്ടുവരാന്‍ കമ്യൂണിസ്റ്റ് ആദര്‍ശത്തിനാവും എന്നു കരുതിയാണ് ഞാന്‍ അത്തരം ആശയങ്ങളുമായി അടുത്തത്. തുല്യതയെ ആണല്ലോ മാര്‍ക്‌സ് മുന്നോട്ടുവെച്ചത്. പ്രപഞ്ചത്തിന്റെ മുഴുവന്‍ സമദര്‍ശനമായ ഉപനിഷദ്ചിന്തയെ മാര്‍ക്‌സ് അറിയാന്‍ ഇടയായിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.

'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി' ഈ വരികളിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത് ഭാരതീയ ഋഷിദര്‍ശനത്തെ തന്നെയാണ് എന്നു പറഞ്ഞാല്‍ തെറ്റുണ്ടോ?

'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' പുറത്തിറങ്ങിയതിനുശേഷം വളരെ ആനന്ദം പകരുന്ന ഒരു സംഭവമുണ്ടായി. വിനോബാ ഭാവെ പ്രകടിപ്പിച്ച അഭിപ്രായമാണത്. വിനോബാഭാവെ ഞാന്‍ ഏറെ ആദരിക്കുന്ന ഒരു വ്യക്തിയാണ്, ഭാരതീയനായ കമ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആള്‍. മലയാളം നന്നായി വശത്താക്കിയിരുന്ന അദ്ദേഹം എന്റെ ആ കവിത വായിച്ചശേഷം പറഞ്ഞത് 'ഈ കവിതാ പുസ്തകം ഒരുവശത്ത് ഇംഗ്ലീഷിലും മറുവശത്ത് ഹിന്ദിയിലുമായി അച്ചടിച്ച് ലോകം മുഴുവന്‍ പ്രചരിപ്പിക്കണ'മെന്നാണ്. ഈ അഭിപ്രായം വിനോബാ ഭാവെയുടേതാണെന്നത് എന്റെ ഉള്ളില്‍ വലിയ സന്തോഷമുണ്ടാക്കി.

അങ്ങു സംസാരിച്ചത് ജീവിതത്തിലെ വലിയൊരു പരിണാമത്തെപ്പറ്റിയാണല്ലോ?

സര്‍വജീവജാലങ്ങള്‍ക്കും സ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു ജീവിതകലയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇടശ്ശേരിയും നാലപ്പാടനും എനിക്കു പറഞ്ഞുതന്നത് അതാണ്. കല്‍ക്കത്തയിലെ 'ശാന്തിനികേതനില്‍' പോയപ്പോള്‍ രാംകിങ്കര്‍ ബേജ് രൂപകല്പന ചെയ്ത ഒരു ഗാന്ധിപ്രതിമ കണ്ടു, തലയോട്ടിയില്‍ ചവിട്ടിനില്‍ക്കുന്ന ഗാന്ധി. അതു കണ്ടപ്പോള്‍ എനിക്ക് എന്റെ 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരിയാണ് ഓര്‍മവന്നത്. ഞാനെന്റെ കവിതയില്‍ ചെയ്തിട്ടുള്ളത് ആശയത്തിന്റെ തിരിച്ചിടലാണ്. രാംകിങ്കറും അഹിംസയുടെ ഒരുതരം തിരിച്ചിടലല്ലേ ഈ ശില്പത്തിലൂടെ ചെയ്തിട്ടുള്ളത് എന്നെനിക്കു തോന്നി.

ശ്രീരാമകൃഷ്ണമഠവുമായുള്ള അങ്ങയുടെ ബന്ധം എങ്ങനെയാണ് രൂപപ്പെട്ടത് ?

കുഞ്ഞുണ്ണിമാഷാണ് ആശ്രമവുമായി കൂടുതല്‍ ബന്ധപ്പെടുത്തിയത്. കവിതയെഴുതാന്‍ പ്രേരിപ്പിച്ചത് അക്കിത്തമാണെന്നു കുഞ്ഞുണ്ണിമാഷ് പറയുമായിരുന്നു. 'എന്നെ കവിയാക്കിയത് അങ്ങാണ്' എന്ന് പലവട്ടം എന്നോടും പറഞ്ഞിട്ടുണ്ട്. അന്ന് കുഞ്ഞുണ്ണിമാഷ് രാമകൃഷ്ണമിഷനിലാണ് താമസിച്ചിരുന്നത്. കുഞ്ഞുണ്ണിമാഷുമായുള്ള ആത്മബന്ധമാണ് ശ്രീരാമകൃഷ്ണ ആശ്രമങ്ങളുമായി അടുത്തു പരിചയപ്പെടാന്‍ നിമിത്തമായിത്തീര്‍ന്നത്. കോഴിക്കോട് റേഡിയോ നിലയത്തിലുണ്ടായിരുന്ന ഞാന്‍ അങ്ങനെ കോഴിക്കോട് രാമകൃഷ്ണമിഷനിലെത്തി. സിദ്ധിനാഥാനന്ദസ്വാമി, പണ്ഡിതവരേണ്യന്‍ മൃഡാനന്ദസ്വാമി, ശക്രാനന്ദ സ്വാമി എന്നിവരുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അവരെല്ലാവരും ഇവിടെ ഇല്ലത്തുവരുകയും ചെയ്തിട്ടുണ്ട്.

ശാരദാദേവിയെക്കുറിച്ച് അക്കാലത്ത് എഴുതാനിടയായ ഒരു കീര്‍ത്തനം പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'ഭജനാവലി'യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രബുദ്ധകേരളം മാസികയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുത്തത് ഓര്‍മവരുന്നു. പിന്നെ രാമകൃഷ്ണമിഷന്റെ ആഗോള അധ്യക്ഷനായിരുന്ന സ്വാമി രംഗനാഥാനന്ദ ഒരു അസാധാരണ വ്യക്തിത്വമായിരുന്നു. വാഗ്മിയും തപസ്വിയുമായിരുന്ന അദ്ദേഹത്തെ ആരാധനയോടെയാണ് എല്ലാവരും കണ്ടിരുന്നത്. സ്വാമികളെക്കുറിച്ച് 'രംഗനാഥാനന്ദസ്വാമിക്ക് സ്വാഗതം' എന്ന ഒരു ലേഖനം എഴുതിയത് ഓര്‍മവരുന്നു.

ശ്രീരാമകൃഷ്ണമഠങ്ങളുടെ ആഗോളതലസ്ഥാനമായ കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തില്‍ താമസിച്ച കാര്യം ഇടയ്ക്കിടെ ഓര്‍മിക്കാറുണ്ട്. ICAR-ന്റെ ഡയറക്ടറായിരുന്ന ഡോ. കെ.പി.എ. മേനോനാണ് ഈ യാത്ര ആസൂ ത്രണം ചെയ്തത്. ഗംഗയുടെ തീരത്ത് വിവേകാനന്ദഭാവനയില്‍ വിരിഞ്ഞ ആശ്രമസങ്കേതവും തൊട്ടടുത്തുള്ള ദക്ഷിണേശ്വരം കാളീക്ഷേത്രവും ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കു മറക്കാനാവാത്ത അനുഭ വത്തെയാണ് നല്‍കുന്നത്. പ്രത്യേകിച്ചും കാളീസവിധത്തിലെ പരമഹംസരുടെ മുറിയില്‍ ഒരു പ്രത്യേക അനുഭവമുണ്ട്. ശ്രീരാമകൃഷ്ണന്‍ ഉണര്‍ത്തി സജീവമാക്കിയ ദക്ഷിണേശ്വരം കാളിയോടും എന്തെന്നില്ലാത്ത ആകര്‍ഷണം തോന്നിയിട്ടുണ്ട്.

വിവേകാനന്ദ സാഹിത്യത്തെ അടുത്തറിഞ്ഞിട്ടുള്ള ഒരാളെന്ന നിലയ്ക്ക് അതു ചെലുത്തിയ ജീവിതസ്വാധീനത്തെപ്പറ്റി പറയാമോ ?

വിവേകാനന്ദനിലേക്കുള്ള യാത്ര സ്വാഭാവികമായും സംഭവിച്ചതാണ്. സ്വാമി വിവേകാനന്ദനെ വായിക്കാത്ത എഴുത്തുകാര്‍ മലയാളത്തില്‍ അക്കാലത്തുണ്ടായിരുന്നില്ല എന്നാണെനിക്കു തോന്നുന്നത്. (ചിരിച്ചുകൊണ്ട്) ഇപ്പോഴത്തെ ആളുകളുടെ കാര്യം അത്ര അറിയില്ല. ഗുപ്തന്‍നായരുടെ ചെറിയ വിവര്‍ത്തനങ്ങള്‍ മനോഹരം തന്നെ. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പ്രായോഗികവേദാന്താശയങ്ങളും വിവേകാനന്ദകൃതികളിലെ പ്രചോദകശക്തിയുമാണ്.

ഞാനെപ്പോഴും ആദരവോടെയാണ് മഹര്‍ഷി അരവിന്ദനെ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ 'സാവിത്രി' എന്ന മഹാകാവ്യം ഇംഗ്ലീഷില്‍നിന്നും വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാല്‍ പറ്റിയില്ല. മുപ്പതുശതമാനം ചെയ്തുവെച്ചിരുന്നു. പിന്നീട് നടുക്കടലില്‍ അകപ്പെട്ടപോലെയായി, മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ഇക്കാലത്താണ് പി. പരമേശ്വരന്‍ അരവിന്ദോയുടെ മുഴുവന്‍ കൃതികളും എനിക്കെത്തിച്ചുതരുന്നത്. അതില്‍ ഫ്യൂച്ചര്‍ പോയട്രി നേരത്തേ വായിച്ചിരുന്നു. എന്നാല്‍, വളരെ ആഴമുള്ള ഒരു ചെറിയ പ്രഭാഷണം 'ഉത്തരപ്പാറ പ്രസംഗം' ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അത് പരമേശ്വര്‍ജിതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യ എന്നാല്‍ ഒരു ഫിലോസഫിയാണ് എന്നാണ് അതില്‍ പറയുന്നത്, പത്തിരുപതു വര്‍ഷം മുമ്പത്തെ കാര്യമാണ്.

അരവിന്ദഘോഷ് അധ്യാപനം നടത്തിയ ബറോഡയിലെ സ്ഥലം ഇപ്പോള്‍ ഒരു ആശ്രമമാണ്. അവിടെയും ഞാന്‍ പോയിട്ടുണ്ട്. അതുപോലെ ആദരത്തിനു കാരണമായ മറ്റൊരു വ്യക്തിത്വം മഹാത്മജിയുടേതാണ്. അദ്ഭുതത്തോടെ കേള്‍ക്കുക, ഇവരുടെ രണ്ടുപേരുടെയും പ്രചോദനകേന്ദ്രം സ്വാമി വിവേകാനന്ദനായിരുന്നു. (വിവേകാനന്ദശിഷ്യ അയര്‍ലന്‍ഡുകാരിയായ സിസ്റ്റര്‍ നിവേദിതയാണ് മഹര്‍ഷി അരവിന്ദന് മാര്‍ഗദര്‍ശനം നല്‍കിയിരുന്നത്. ഈ സിസ്റ്റര്‍ നിവേദിത ഇന്ത്യയ്ക്കു നല്‍കിയ സംഭാവനകളെപ്പറ്റി ധാരണയുള്ളവരാണോ ഇപ്പോഴത്തെ ആളുകളെന്ന് എനിക്കു സംശയമുണ്ട്). ഗാന്ധിജി രാഷ്ട്രപിതാവാണെങ്കില്‍ രാഷ്ട്രപിതാമഹന്‍ സ്വാമി വിവേകാനന്ദനാണെന്ന് കുട്ടികൃഷ്ണമാരാര്‍ പറഞ്ഞത് ഈ യാഥാര്‍ഥ്യത്തെക്കൂടി മനസ്സില്‍വെ ച്ചുകൊണ്ടാവണം.

യോഗക്ഷേമസഭയുടെപോലും തുടക്കവും പ്രവര്‍ത്തനവും വിവേകാനന്ദന്റെ പ്രായോഗികവേദാന്തത്തില്‍ ഊന്നിയുള്ളതായിരുന്നു എന്നകാര്യം അധികമാര്‍ക്കും അറിയില്ല. ഗാന്ധിജിയുടെ സ്വാധീനവും യോഗക്ഷേമസഭയുടെ പ്രവര്‍ത്തനത്തിനുണ്ടായിരുന്നു. ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് യോഗക്ഷേമസഭയുടെ പ്രവര്‍ത്തകനായത്. അന്നാണ് വി.ടി.യെ പരിചയപ്പെടുന്നതും. എനിക്ക് ഗുരുതുല്യനായ വി.ടി.യില്‍ വിവേകാനന്ദനുള്ള സ്വാധീനം ആഴത്തിലുള്ളതായിരുന്നു. വി.ടി.യുടെ രസിക സദനത്തിലും മേഴത്തൂരിലും ഗാന്ധിശിഷ്യന്മാര്‍ ഉത്തരേന്ത്യയില്‍നിന്ന് വന്നു താമസിച്ചിട്ടുള്ളതും എനിക്കറിയാം. ഞാന്‍ വിവേകാനന്ദനെക്കുറിച്ച് രണ്ടു കവിതകള്‍ എഴുതിയിട്ടുണ്ട്, ഒന്ന് 'വിവേകാനന്ദം' മറ്റേത് 'വിവേകാനന്ദനാര്.'

ശ്രീരാമകൃഷ്ണ വചനാമൃതം ഒരുപാട് ഉള്‍ക്കാഴ്ച തന്നിട്ടുള്ള ഗ്രന്ഥമാണെന്ന് അങ്ങു പറഞ്ഞിട്ടുള്ളത് ഓര്‍മവരുന്നു ?

വിവേകാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണനെ വിശേഷിപ്പിച്ചത് അവതാരവരിഷ്ഠന്‍ എന്നാണല്ലോ. ആ അവതാരശ്രേഷ്ഠനെ സ്വല്പമെങ്കിലും മനസ്സിലാക്കാനുള്ള വഴി 'The Gospel of Sri Ramakrishna' ആണ് (ശ്രീരാമകൃഷ്ണ വചനാമൃതം). ദിവസേന ഞാനാ പുസ്തകം നിഷ്ഠയോടെ വായിച്ചിരുന്നു. വേറിട്ടൊരു ഗ്രന്ഥമാണത്. എപ്പോഴും ൈകയില്‍ സൂക്ഷിക്കേണ്ടുന്ന പുസ്തകം. കുട്ടികൃഷ്ണമാരാരെയൊക്കെ പരിവര്‍ത്തനം ചെയ്യിച്ചത് വചനാമൃതപാരായണമായിരുന്നു. ഗാന്ധിജിയിലും വചനാമൃതസ്വാധീനം നന്നാ യിട്ടുണ്ട്. വചനാമൃതത്തിന് ഏതൊരാളെയും പരിവര്‍ത്തനം ചെയ്യാനുള്ള ശക്തിയുണ്ട്. ഉപനിഷദ്ജ്ഞാനത്തിനു ലഭ്യമായതിലുംവെച്ച് ഏറ്റവും ലളിതമായ ആവിഷ്‌കാരമാണത്.

ഭാഗവതം വിവര്‍ത്തനം ചെയ്തശേഷം എന്തു തോന്നി ? 

സത്യത്തില്‍ ഭാഗവതവിവര്‍ത്തനം ജീവിതത്തില്‍ സംഭവിച്ച മൂന്നാം പരിണാമമാണ്. വലിയൊരു സ്വസ്ഥത വന്നതുപോലെ. പക്ഷേ, കവിതയെഴുത്ത് പൂര്‍ണമായും നഷ്ടപ്പെട്ടു.

വായന ഇപ്പോഴുമുണ്ടോ?

കുട്ടികള്‍ വായിച്ചുതരുന്നത് കേള്‍ക്കും.

പുതുതലമുറയോടുള്ള സന്ദേശം?

പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനതിനു യോഗ്യനല്ല.

Content Highlights: Interview with Akkitham Achuthan Namboothiri