ഇംഗ്ലീഷ് ബാലസാഹിത്യത്തില്‍ ഏറെ പ്രശംസപിടിച്ചുപറ്റിയ ബട്ടര്‍ഫിംഗേഴ്സിന്റെയും ലിസ്സാര്‍ഡ് ഓഫ് ഓസിന്റെയും രചയിതാവ് എ. ഖൈറുന്നിസ കോഴിക്കോട്ടെത്തി. കുട്ടികളോട് സംസാരിച്ചു. മാതൃഭൂമി ബുക്‌സില്‍നിന്ന് കുട്ടികളുടെ ഇഷ്ടപുസ്തകങ്ങള്‍ നല്‍കി. നര്‍മത്തിലൂടെ കുട്ടികള്‍ക്ക് അറിവുപകരുന്ന 'ലിസാര്‍ഡ് ഓഫ് ഓസ്' രചിച്ച കഥ പറഞ്ഞു. കഥപറഞ്ഞ് രസിപ്പിക്കുന്നയാള്‍ തൊട്ടരികെയെത്തിയപ്പോള്‍ കുട്ടികള്‍ക്കും സന്തോഷം.
ഒട്ടും ഒച്ചയില്ലാത്ത ദീപാവലിയും കൊടുംകാട്ടിലെ കൂട്ടായ്മയുമൊക്കെ കേട്ടപ്പോള്‍ കുട്ടികള്‍ക്ക് സംശയം, ഏറ്റവും സന്തോഷംകിട്ടുന്നതെപ്പോള്‍?, 'ബട്ടര്‍ ഫിംഗേഴ്സി'ന്റെ അടുത്തപുസ്തകം എന്നുവരും, എങ്ങനെയായിരിക്കും, ആരൊക്കെയായിരിക്കും കഥാപാത്രങ്ങള്‍, അവര്‍ എന്തുചെയ്യും എന്നൊക്കെ കൊച്ചുകൂട്ടുകാര്‍ കഥാകാരിയോട് ചോദിച്ചു. ഒടുവില്‍ ഖൈറുന്നിസ എഴുത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.
മൃഗങ്ങളെയും ചെറുജീവികളെയും കഥാപാത്രങ്ങളാക്കുന്നത് എന്തുകൊണ്ടാണ്...
ഗൗരവമുള്ള ഭാഷയില്‍ എഴുതിയാല്‍ കുട്ടികള്‍ക്ക് ഒന്നും ഗ്രഹിക്കാനാവില്ല. കുട്ടിക്കൗതുകങ്ങളുടെ ലോകത്ത് പല്ലിക്കും കൊതുകിനും പാറ്റയ്ക്കുമൊക്കെ വലിയ സ്ഥാനമാണ്. ഷൂ ബോക്‌സില്‍പ്പെട്ട് ഓസ്ട്രേലിയയില്‍നിന്ന് ഇന്ത്യയിലെത്തുന്ന പല്ലി എന്നുപറയുമ്പോള്‍ത്തന്നെ കുട്ടിക്ക് അതിശയമുണരും. കണ്ണുകള്‍ വിടരും. ലോകത്തെ എല്ലാ കഥപറച്ചിലുകാരും ഈ ജിജ്ഞാസയും സസ്‌പെന്‍സുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. അനേകരെ ആകര്‍ഷിക്കുന്ന അറേബ്യന്‍ രാത്രികള്‍പോലും അങ്ങനെയാണ്. കുട്ടികളുടെ ലോകത്ത് മൃഗങ്ങളും ജീവികളുമൊക്കെ അവരുടെ കൂട്ടുകാരാണ്. ഒരുമയിലിനെ കുട്ടി കാണുന്നത് മുതിര്‍ന്നയാള്‍ കാണുമ്പോലെയല്ല. അപ്പോള്‍ കുട്ടികള്‍ക്ക് ഈ പ്രതീകങ്ങള്‍ ഉപയോഗിച്ച് വലിയ കാര്യങ്ങള്‍ പകര്‍ന്നുനല്‍കുകതന്നെ.
ബാലസാഹിത്യവഴിയില്‍ എത്തിയതെങ്ങനെയാണ്...
യാദൃച്ഛികമായിട്ടാണ്. 1996-ല്‍ ഇന്ത്യ ബുക്ക് ഹൗസിന് വെറുതേ ഒരു എന്‍ട്രി അയച്ചു. കുട്ടികള്‍ക്കുള്ള കഥ. രണ്ടാംസമ്മാനം കിട്ടി. രണ്ടുമൂന്നുമാസം കഴിഞ്ഞ് അപരിചിതരായ രണ്ടുപേര്‍ വീട്ടിലെത്തി. ട്വിങ്കിളിന്റെ എഡിറ്റര്‍ ഭര്‍ത്താവുമൊത്ത് വന്നതായിരുന്നു. അവരുടെ പ്രേരണയും പ്രോത്സാഹനവുംമൂലം എഴുതി.
ഏഴുവര്‍ഷം തുടര്‍ച്ചയായി കഥാരചനയ്ക്ക് ഒന്നാംസമ്മാനം കിട്ടി. ഇത് എനിക്കുപറ്റിയ വഴിയാണെന്ന് തോന്നി. എന്റെ മകനെ കഥപറഞ്ഞ് ഊട്ടുകയും ഉറക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അവന്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് പാഠപുസ്തകംപോലെ പ്രയോജനപ്പെട്ടു. പിന്നെ കഥകളയച്ചും തുടര്‍ക്കഥകളാക്കിയും പുസ്തകപരമ്പരയാക്കിയുമൊക്കെ മുന്നോട്ടുപോയി. കുട്ടികളുടെ മനസ്സില്‍ ജീവിക്കുന്ന കഥാപാത്രങ്ങളുണ്ടായി. പെന്‍ഗ്വിന്‍ കഥകളും നോവലുകളും പ്രസിദ്ധീകരിച്ചതോടെ വലിയൊരു വായനസമൂഹം സ്വന്തമായി.
കുട്ടികള്‍ക്കായി എഴുതുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍...
കുട്ടിക്കാഴ്ചകളിലേക്ക് ഭാവന തുറന്നുവിടും. അമാനുഷിക കാര്യങ്ങളോ ക്രൈമോ മാന്ത്രികകഥകളോ ഞാനെഴുതാറില്ല. പകരം മാനുഷികതയ്ക്കും ഫലിതത്തിനും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാര്യങ്ങള്‍ക്കും പ്രാധാന്യംനല്‍കും. കുട്ടി സ്‌കൂളില്‍ പഠിച്ചതിന്റെ അനുബന്ധം എന്നനിലയില്‍ കാണാവുന്ന ശാസ്ത്രവും സ്‌പോര്‍ട്സും സാമൂഹിക തത്ത്വങ്ങളുമൊക്കെ കഥയില്‍ കുട്ടിയറിയാതെ ഉള്‍ച്ചേര്‍ക്കും. ഇതിനെല്ലാമുപരി കുട്ടിക്ക് പുസ്തകം ശരിക്കും ആസ്വദിക്കാനുള്ള വക അതിലുണ്ടാവും. എനിക്ക് ദിശാബോധം നല്‍കുന്നത് നര്‍മമാണെന്നുപറയാം.
റൂസ്സോ മുതല്‍ ജോണ്‍ നോഹ്വരെയുള്ളവര്‍ ബാലസാഹിത്യത്തിന് പ്രത്യേക മാര്‍ഗദര്‍ശനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്...
അത് വിവേകത്തോടെയുള്ള വായനയ്ക്ക് പ്രേരകമാവാനാണ്. നമ്മുടെ നാട്ടില്‍ വിദേശങ്ങളില്‍ നല്‍കുന്നതുപോലെ ബാലസാഹിത്യരചനയ്ക്ക് ശ്രദ്ധനല്‍കുന്നില്ലെന്ന് അഭിപ്രായമുണ്ട്. ചില വികസിതരാജ്യങ്ങളില്‍ പാഠപുസ്തകം തയ്യാറാക്കുന്നതിനെക്കാള്‍ ശ്രദ്ധയോടെയാണ് ബാലസാഹിത്യരചനയും കുട്ടികള്‍ക്കായുള്ള ചിത്രരചനയുമൊക്കെ. കുട്ടികളെ വഴിതെറ്റിക്കാവുന്ന പുസ്തകങ്ങളുണ്ട്. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. വിമര്‍ശകരും നിരൂപകരുമൊക്കെ ബാലസാഹിത്യത്തിന്റെ കാര്യത്തിലും ജാഗ്രതയുള്ളവരായിരിക്കണം.
സ്‌പെല്ലിങ്ങുകൊണ്ടും ഉച്ചാരണംകൊണ്ടും മനസ്സുകളില്‍ പതിഞ്ഞ ചൊല്ലുകളുടെ പുനരാഖ്യാനംകൊണ്ടുമൊക്കെ കഥകളില്‍ വ്യത്യസ്തത കൊണ്ടുവരുന്നുണ്ടല്ലോ...
ഇതുപലതും നിരന്തരമായ ശ്രദ്ധയും ഗവേഷണവുംകൊണ്ട് കൊണ്ടുവരുന്നതാണ്. ശശി തരൂരിനെപ്പോലെയും മിത്താലി രാജിനെപ്പോലെയും മറ്റുമുള്ള പ്രമുഖവ്യക്തികള്‍ ഇതേക്കുറിച്ച് പ്രശംസചൊരിയുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. സാമൂഹികവിമര്‍ശനത്തിന്റെ ഒരംശം എന്റെ എല്ലാ കഥകളിലുമുണ്ട്. വിവാഹധൂര്‍ത്ത്, മാലിന്യപ്രശ്‌നം, സ്വര്‍ണത്തോടുള്ള ഭ്രമം, ആഡംബരതത്പരത എന്നിവയെയൊക്കെ പരിഹാസരൂപേണ വിമര്‍ശിക്കുന്നു. എന്നാല്‍, അവ കഥയില്‍ ഉപദേശരൂപം കൈവരിക്കുന്നുമില്ല.
'ടു ബീ ഓര്‍ നോട്ട് ടു ബീ' എന്ന ഷേക്സ്പിയര്‍ പ്രയോഗം തേനീച്ചക്കഥയില്‍ വരുമ്പോള്‍ അതിനൊരു പുതിയ അര്‍ഥതലം കൈവരുന്നു. ബീ തേനീച്ചയാണല്ലോ. 'ടങ് ഇന്‍ ചീക്ക്-ദി ഫണ്ണി സൈഡ് ഓഫ് ലൈഫ്' എന്ന കൗമാരക്കാര്‍ക്കുവേണ്ടി എഴുതിയ പുസ്തകത്തില്‍ ഇത്തരം സമീപനം കൂടുതലായി സ്വീകരിച്ചിട്ടുണ്ട്. വായിച്ച് ചിരിച്ചുചിരിച്ച് തീരരുത്. ചിന്തിക്കണം.
Content Highlights: Interview with A. Khyrunnisa. Noted author of children's fiction, speaker, academic and a columnist, who created the iconic popular comic book character 'Butterfingers'.