'നാട്യകലയുടെ സാമൂഹ്യശാസ്ത്രം' എന്ന അഭിമുഖപരമ്പര ഇവിടെ അവസാനിക്കുകയാണ്. കലയ്ക്കായി ജീവിതം സമർപ്പിക്കുകയും കലയിലൂടെ സാമൂഹിക പരിവർത്തനവും സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് പ്രചോദനവുമായ ചില വിശിഷ്ട വ്യക്തിത്വങ്ങളെ അടുത്തറിയാൻ സാധിച്ചത് മഹാഭാഗ്യം. കോവിഡ് കാലം ഈ അറിവുകളിലൂടെ ധന്യമായി. മാറിവരുന്ന ലോകവ്യവസ്ഥയിൽ നമ്മുടേതായ വഴികൾ കണ്ടെത്താൻ മുൻപേ പോയവർ തെളിച്ചുവെച്ച വഴിവിളക്കുകൾ നമുക്ക് സഹായകമാവട്ടെ.

ഇല്യാന സിറ്റാറിസ്റ്റി. ജന്മം കൊണ്ട് ഇറ്റലിക്കാരിയെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഇന്ത്യയിൽ. രാജ്യം നൃത്തത്തിന് പദ്മശ്രീ നൽകി ആദരിച്ച ആദ്യ വിദേശ വനിത. ജന്മനാട്ടിലും ഇന്ത്യയിലും നിരവധി പുരസ്കാരങ്ങൾ നേടിയ ഇല്യാന, ഒരു നർത്തകി മാത്രമല്ല, മികച്ച എഴുത്തുകാരി കൂടിയാണ്. ഒഡീസ്സിയുടെ കുലപതി ഗുരു കേളുചരൺ മഹാപത്രയെക്കുറിച്ച് എഴുതിയ 'The Making of a Guru' എന്ന പുസ്തകം ഏറെ പ്രശംസ നേടി. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ചത് 'My Journey- A Tale of two births' എന്ന ആത്മകഥയാണ്- 2015 ൽ. 2016 ൽ ഇന്ത്യയിൽ പദ്മശ്രീയും ഇറ്റാലിയൻ സർക്കാരിന്റെ 'Order of the Star of Italian Solidarity' എന്ന പരമോന്നത ബഹുമതിയും നേടി. ഇപ്പോൾ ഭുവനേശ്വറിൽ 'ആർട്ട് വിഷൻ'(Art Vision)എന്ന സ്വന്തം കലാസ്ഥാപനത്തിൽ ഒഡീസ്സിയും ഛാവുവും പഠിപ്പിക്കുന്നു.

ഇറ്റലിയിൽ നാടകരംഗത്തേക്ക് എങ്ങനെയാണ് പ്രവേശനം നടന്നത്?

വളരെ യാദൃച്ഛികമയി സംഭവിച്ചതാണ്. ഞാൻ കുടുംബത്തിൽ നിന്ന് മാറിനിന്ന് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ പരിശ്രമിക്കുന്ന കാലം. അപ്പോഴാണ് 'തിയാട്രോ ടാസ്കാബീൽ ബെർഗാമോ' (Teatro Tascabile Bergamo) യുടെ പരസ്യം കണ്ടത്. അങ്ങനെ അവിടെ പഠിക്കാൻ ചേർന്നു. കുറച്ചു മാസം കഴിഞ്ഞപ്പോൾ അവരുടെ നാടകത്തിൽ ഒരു പ്രധാന വേഷം ചെയ്യാൻ അവസരമുണ്ടായി. ആ കമ്പനിയിൽ മൂന്ന് വർഷം തുടർന്നു. പിന്നെ കുറച്ചുകൂടി ശാരീരിക പ്രകടനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തിയ്യറ്റർ ചെയ്യാനായി ശ്രമം. വെർമോണ്ടിലെ 'ജെർസി ഗ്രോട്ടോവ്സ്കി', ഡെൻമാർക്കിലെ 'യൂജീനിയോ ബാർബറാ' എന്നീ കമ്പനികളിൽ നിന്നും പഠിച്ചു. അഭിനയിച്ചു. പക്ഷേ എന്റെ സ്വന്തം എന്ന് തോന്നുന്ന ഒരു മാധ്യമത്തെ ഞാൻ അപ്പോഴും അന്വേഷിച്ചു കൊണ്ടേയിരുന്നു. ആയിടയ്ക്കാണ് ഞാൻ ബെർഗാമോയിൽ, എന്റെ സ്വന്തം പട്ടണത്തിൽ, ഒരു കഥകളി കാണാനിടയാവുന്നത്. ഇന്ത്യൻ നൃത്തം ശരീരത്തിന്റെ വ്യാകരണത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. അങ്ങനെ കഥകളി പഠിക്കാൻ ശ്രമിച്ചു. ആ ശ്രമം മൂന്ന് മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. എങ്കിലും ശരീരത്തിന്റെ അനന്തസാധ്യതകളോട് കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നു അത്.

 

aswathi nair
അശ്വതി നായർ. ഫോട്ടോ: എ.കെ.ബിജുരാജ് | മാതൃഭൂമി

ആദ്യമായി ഇന്ത്യയിൽ എത്തിയത് റോഡ് മാർഗമാണെന്ന് കേട്ടിട്ടുണ്ട്.

1974- ൽ ആയിരുന്നു അത്. ഇറാഖിന്റെയും ഇറാന്റെയും അതിർത്തികൾ അന്ന് തുറന്നു കിടന്നിരുന്നു. അത്‌പോലെ റഷ്യ അഫ്ഗാനിസ്ഥാനെ ആക്രമിച്ചിട്ടുമില്ല. കിഴക്കോട്ടുള്ള യാത്ര അന്നത്തെ ചെറുപ്പക്കാർക്ക് ഒരുതരം ലഹരിയായിരുന്നു. ഹെർമൻ ഹെസ്സെയെയും ജാക്ക് കെറുവാക്കിനെയും മറ്റും വായിച്ചിട്ട് ഒരു തീർഥാടനം പോലെയുള്ള യാത്ര! തയ്യാറെടുപ്പുകൾ ഒന്നുമില്ല. അന്നന്ന് എങ്ങനെ കഴിഞ്ഞുകൂടാം ഇതായിരുന്നു വെല്ലുവിളി. അപരിചിതമായ ഭൂപ്രകൃതിയും സംസ്കാരവും ഭാഷയും എല്ലാം അതിന്റെ ആക്കം കൂട്ടി. ഇസ്താംബൂൾ വരെ ഞാൻ ഓറിയന്റ് എക്സ്പ്രസ്സിൽ യാത്ര ചെയ്തു. അവിടന്ന് പല വണ്ടികളിലായി കാബൂൾ എത്തി. അവിടെ നിന്ന് ബസ്സിലും ട്രെയിനിലുമായി അമൃത്സറിലെത്തി. ഇന്ത്യയിൽ ഞാൻ ആദ്യം തങ്ങിയത് ധരംശാലയിലാണ്. പിന്നെ നേപ്പാളിലും ഗോവയിലും പോയി. വെനീസ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ ആർട്ട് ഒരു വിഷയമായി പഠിച്ചതിനാൽ തെക്കേ ഇന്ത്യയിൽ ബാദാമിയിലും ആയിഹോളയിലും ഞാൻ പോയി. സാഹസികമായ ആ യാത്ര കഴിഞ്ഞ് തിരിച്ച് ബെർഗാമോയിൽ എത്തിയ ഞാൻ എന്റെ ഡോക്ടറൽ തീസിസ്സ് 'സൈക്കോ അനാലിസിസ് ആന്റ് ഈസ്റ്റേൺ ഫിലോസഫി' (Psycho Analysis and Eastern Philosopy) എന്ന വിഷയത്തിൽ സമർപ്പിച്ചു.

യൂറോപ്യൻ നാടകം, കഥകളി, ഒഡീസ്സി, ഛാവു... വ്യത്യസ്തമായ കലാസംസ്കാരങ്ങളിലൂടെ താങ്കൾ യാത്ര ചെയ്തിട്ടുണ്ട്. അന്തർസാംസ്കാരികത്വത്തെ എങ്ങനെ കാണുന്നു?

ആശയവിനിമയ ഉപാധികൾ ധാരാളമായി ഉള്ളതിനാൽ ഇന്ന് വിഭിന്ന സംസ്കാരങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എളുപ്പമാണ്. അന്ന്, എഴുപതുകളിലും എൺപതുകളിലും സാംസ്കാരിക വിനിമയം പലപ്പോഴും ഒരു അന്വേഷണത്തിന്റെ ഫലമായിരുന്നു. അതുകൊണ്ടു തന്നെ ആ കണ്ടെത്തലുകൾ ഒരുപാട് സന്തോഷവും സംതൃപ്തിയും നൽകിയിരുന്നു. ഓരോ സംസ്കാരത്തിന്റെയും മൂല്യം കണ്ടെത്തേണ്ടത് പ്രധാനമാണ്. കാൾ യങ്ങിന്റെ (Carl Jung) സൈക്കോ അനാലിസിസ്സ് പഠനങ്ങളാണ് എന്നെ കിഴക്കൻ സിദ്ധാന്തങ്ങളോട് അടുപ്പിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങൾ സൗകര്യപൂർവ്വം മറന്നുകളഞ്ഞ മൂല്യബോധം എനിക്കിവിടെ കണ്ടെത്താനായി. അതുപോലെ, കലയിൽ മാത്രമല്ല, എല്ലാ മേഖലയിലും കാണുന്ന നാനാത്വത്തെ നാം മനസ്സിലാക്കണം. അപ്പോഴേ നമ്മൾ മനുഷ്യത്വമുള്ളവരാകൂ.

തികച്ചും വ്യത്യസ്തമായ നൃത്തരൂപങ്ങളാണ് ഒഡീസ്സിയും ഛാവുവും. ഇത് രണ്ടും ഒരുപോലെ കൈകാര്യം ചെയ്യാൻ എങ്ങനെയാണ് ശരീരത്തെ പാകപ്പെടുത്തിയത്?

ഏറെ വ്യത്യസ്തമാണെങ്കിലും രണ്ട് നൃത്തരൂപങ്ങളും ഒരേ മണ്ണിൽ ഉണ്ടായതാണ്. ഒരേ സംസ്കാരത്തിനാൽ പരിപോഷിപ്പിക്കപ്പെട്ടതാണ്. വ്യത്യസ്തമാണെങ്കിലും ഇവ രണ്ടും പരസ്പരപൂരകങ്ങളുമാണ്. എനിക്ക് എന്റെ ശരീരത്തിലെ രണ്ട് ഊർജ്ജങ്ങളുടെ- ഭാവങ്ങളുടെ -ആശയപ്രകാശനരീതിയാണ് ഈ രണ്ട് കലകളും. സ്ത്രൈണ ഊർജ്ജം ഒഡീസ്സിയിലൂടെയും പൗരുഷ ഊർജ്ജം ഛാവുവിലൂടെയും എനിക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നു. ആദ്യഘട്ടങ്ങളിൽ ശരീരഭാഷയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നു. പിന്നീട് അത് ശീലമായി, ശ്വസനരീതിപോലെ സ്വായത്തമായി എന്ന് പറയാം. ഒന്ന് മറ്റൊന്നിനെ ചെറിയ വിധത്തിലാണെങ്കിലും പരിപോഷിപ്പിക്കുന്നു.

എപ്പോഴാണ് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചത്?

ബോധപൂർവം എടുത്ത തീരുമാനമായിരുന്നില്ല അത്. അതങ്ങനെ സംഭവിക്കുകയായിരുന്നു. പഠിക്കുന്തോറും പഠിക്കാൻ ഇനിയും ഉണ്ട് എന്ന് തോന്നിയിരുന്നു. പഠനം അവസാനിക്കുന്നില്ല. ഇപ്പോഴും തുടരുന്നു.

Content Highlights:Interview series Natyakalayude Samoohikasastram by Aswathi V nair with Padmasree Ileana Citaristi