മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മഹാഭാരതം ഒരു സ്വതന്ത്രസോഫ്റ്റ്വേർ എന്ന ലേഖനപരമ്പരയിലൂടെ മഹാഭാരതവായനയുടെ തികച്ചും ജനകീയവും ജനാധിപത്യവുമായ വശങ്ങളിലേക്കാണ് കെ.സി നാരായണൻ വിരൽ ചൂണ്ടുന്നത്. വൈചിത്ര്യം, നാടകീയത, മഹർഷിശാപക്കുരുക്കുകൾ, ചരിത്ര വസ്തുതകൾ, എന്നിങ്ങനെ നാലോ അഞ്ചോ അടരുകളുള്ള അർഥസമ്പന്നമായ നോവലാണ് എഴുത്തുകാരന്റെ വീക്ഷണത്തിൽ മഹാഭാരതം. മഹാഭാരതമെന്ന നോവലിനെക്കുറിച്ച് കെ.സി നാരായണനുമായി ഡോ. എൻ.പി വിജയകൃഷ്ണൻ നടത്തിയ സംഭാഷണം വായിക്കാം.
'മലയാളിയുടെ രാത്രികൾ' എന്ന പുസ്തകത്തിലെ സാംസ്കാരിക-സാഹിത്യ-സൗന്ദര്യശാസ്ത്രമെഴുത്തിൽനിന്ന് തികച്ചും വിഭിന്നമായ കെ.സി. നാരായണനെയാണ് 'മഹാഭാരതം-ഒരു സ്വതന്ത്ര സോഫ്റ്റ്വേർ' എന്ന പരമ്പരയിൽ കാണുന്നത്. ഈ ഭാവമാറ്റം അല്ലെങ്കിൽ രൂപാന്തരം യാദൃച്ഛികമാണോ?
1993 കാലം. ഞാൻ അന്ന് കണ്ണൂർ 'മാതൃഭൂമി'യിൽ ജോലിചെയ്യുകയാണ്. പകലിലെ ഒഴിവുവേളകളിൽ ഡിസ്ട്രിക്ട് ലൈബ്രറിയിൽ പോവുമായിരുന്നു. അവിടെവെച്ചാണ് കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ മഹാഭാരതവിവർത്തനം ഒന്നും രണ്ടും വാള്യങ്ങൾ വായിക്കുന്നത്. കാലങ്ങൾ കഴിഞ്ഞു. പുതിയ ഉദ്യോഗവുമായി കോട്ടയത്തെത്തി. ഭാഷാപോഷിണിയിലെ സഹപ്രവർത്തകനായ ഡോ. കെ.എം. വേണുഗോപാൽ മഹാഭാരത വിവർത്തനത്തിന്റെ ആറ് വാള്യങ്ങളും വായിക്കാൻ തന്നു. സുമാർ ആയിരംപേജുവരും. നോവൽ വായിക്കുന്നതുപോലെയാണ് വായന തുടങ്ങിയതും അവസാനിപ്പിച്ചതും. 2011-ൽ അമേരിക്കയിലുള്ള മകളുടെ അടുത്തുപോയി. മരുമകൻ ദീപുവിന്റെ ഗ്രന്ഥശേഖരത്തിലുള്ള ഇൻഡോളജിസ്റ്റായ വെന്റിഡോണിഗറുടെ Hidus, an Alternative History എന്ന പുസ്തകം വായിക്കാനിടയായി. അതിൽ മഹാഭാരതത്തെക്കുറിച്ചും ഒരു അധ്യായമുണ്ട്. 'കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് വിഷണ്ണനായ യുധിഷ്ഠിരൻ, കലിംഗയുദ്ധം കഴിഞ്ഞ് അതിശോകത്തിലാണ്ടുപോയ അശോകചക്രവർത്തിയുടെ രൂപാന്തരമാണെന്നുതോന്നും' എന്ന വാക്യം ഒരു ഇടിമിന്നൽ ആകാശത്തെ മുഴുവൻ തിളക്കുന്നതുപോലെ മഹാഭാരതം ഒരു പുതിയവെളിച്ചത്തിൽ കാണാൻ സഹായിച്ചു. തൃഷ്ണ, ദുഃഖം എന്നീ ആശയങ്ങൾ മഹാഭാരതത്തിൽ ചിതറിക്കിടക്കുകയാണ്. ഇതാണ് കേന്ദ്രപ്രമേയം എന്നുതോന്നി. ഇതിനിടയിൽ റൊമീല ഥാപ്പറുടെ 'Ashoka, The Decline of the Mourian Empire' എന്ന പുസ്തകവും വായിച്ചു. അതിൽ അശോകന്റെ ക്രൂരതയെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും പറയുന്നുണ്ട്. അശോകന്റെ ശിലാശാസനങ്ങളിലൊന്നിൽ ആത്മകഥാപരമായ ദുഃഖം രേഖപ്പെടുത്തിയിട്ടുമുണ്ട്. ബുദ്ധമതത്തിലേക്ക് ആളുകൾ ആകൃഷ്ടരാവുന്ന, വർണധർമം വെടിഞ്ഞ് പരധർമം സ്വീകരിക്കുന്ന സാഹചര്യത്തിൽ അത് തടയാനും ചാതുർവർണ്യവ്യവസ്ഥ ഉറപ്പിക്കാനും എഴുതപ്പെട്ട പുസ്തകമായി മഹാഭാരതത്തെ കാണുന്ന രീതിയിലാണ് എഴുതിത്തുടങ്ങിയത്.
മഹാഭാരതകഥയെ നിയന്ത്രിക്കുന്നതും നിർണയിക്കുന്നതും മഹർഷിമാരുടെ ശാപമാണെന്ന് സമർഥിച്ച് അവരെ പ്രതിനായകസ്ഥാനത്ത് നിർത്തിയുള്ള ആദ്യ അധ്യായം രൂപപ്പെട്ടത് എങ്ങനെയാണ്?
സംയമികളായ മഹർഷിമാർ നിഷ്കളങ്കരെ ശപിക്കുന്നത് മഹാഭാരതത്തിലെ ഒരു പ്രശ്നമായി തോന്നി. പരാശരമഹർഷിക്ക് ഒരു പുഴ കടക്കാനുള്ള സമയക്ഷമ ദീക്ഷിക്കാനാവാതെ സത്യവതിയെ പ്രാപിച്ചതാണ് വ്യാസജന്മം. ശുദ്ധരും മറുവശത്ത് അവിശുദ്ധരുമായ മഹർഷിമാരുടെ സംയമമില്ലാത്ത പ്രവൃത്തികൾകൊണ്ടാണ് കഥ മുന്നോട്ടുപോകുന്നത്. മഹർഷി എന്ന അർഥത്തെ തിരസ്കരിക്കുന്ന മറ്റൊരു അർഥം മഹാഭാരതത്തിലുണ്ട്
മഹാഭാരതം നോവൽപോലെ വായിച്ച രീതി എങ്ങനെയാണ്?
ധർമാത്മാക്കളായി വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങൾ അധർമത്തിലൂടെ സഞ്ചരിക്കുന്ന വൈരുധ്യത്തിനുമുന്നിലെ അമ്പരപ്പ് വ്യാസൻതന്നെ പ്രകടിപ്പിക്കുന്നുണ്ട്. വൈചിത്ര്യം, നാടകീയത, മഹർഷിശാപക്കുരുക്കുകൾ, ചരിത്രവസ്തുതകൾ എന്നിങ്ങനെ നാലോ അഞ്ചോ അടരുകളുള്ള അർഥസമ്പന്നമായ നോവലാണ് മഹാഭാരതം. ധർമത്തെ അർഥകാമങ്ങൾ എന്തുകൊണ്ടാണ് സേവിച്ചുനിൽക്കാത്തത് എന്ന് വ്യാസൻ സംശിക്കുന്നുമുണ്ട്.
എന്താണ് 'മഹാഭാരതനോവലി'ലെ കേന്ദ്രപ്രമേയം?
ചൂതും യുദ്ധവുംതന്നെ. ചൂതിന്റെ രൂപാന്തരമാണ് യുദ്ധം. കാണിയും കളിക്കാരനും പണയവസ്തുവും ദ്യൂതസഭയും ഒന്നാവുന്ന അവസ്ഥ. ദസ്തയേവ്സ്കിയുടെ നോവലുകളിൽ ചൂതുകളിയും കുറ്റംചെയ്യലും പശ്ചാത്താപവുമൊക്കെയുണ്ട്. അത്തരമൊരു ഭാവമാണ് ഈ മഹാനോവലിലെ കഥാപാത്രമായ ധർമപുത്രർക്കുമുള്ളത്.
മഹാഭാരതം കഥയ്ക്കൊപ്പം ചരിത്രവുമാകുന്നില്ലേ?
കൃത്യമായ അർഥത്തിൽ ചരിത്രമല്ലെങ്കിലും ഏഴുനൂറ്റാണ്ടിന്റെ ചരിത്രസ്മൃതികൾ മഹാഭാരതത്തിലുണ്ട്. ബ്രാഹ്മണസമൂഹം രൂപപ്പെടുന്നത്, അതിനെതിരായി ബൗദ്ധ-ജൈന-ചാർവാകന്മാർ വരുന്നത്, അവർ തമ്മിലുള്ള സംവാദസംഘർഷങ്ങൾ-ഇങ്ങനെ സ്മൃതികളായി മഹാഭാരത്തിൽ ചരിത്രം ലയിച്ചുകിടക്കുന്നുണ്ട്. മനുഷ്യനിലെ പൈശാചികഭാവങ്ങൾ പുറത്തുവരുന്ന കഥയാണ് മഹാഭാരതം. മനുഷ്യപ്രകൃതത്തെ മറിച്ചിടുന്ന പുസ്തകം.
ഭഗവദ്ഗീതയുടെ അർഥാന്തരങ്ങൾ എന്താണ്?
ചാതുർവർണ്യമാണ് ശരി. മറുധർമങ്ങളിലേക്ക് പോകരുത്. ഇതാണ് ഗീതോപദേശം. ക്ഷത്രിയന്റെ കർമം യുദ്ധംചെയ്യലാണ്. വർണധർമത്തെ സംശയിക്കരുത് എന്നാണ് ഗീത ആവർത്തിക്കുന്നത്.
സഞ്ജയന്റെ റിപ്പോർട്ടിങ്ങായിട്ടാണ് കുരുക്ഷേത്രയുദ്ധത്തിന്റെ ഘടന. കെ.സി.യിലെ പത്രപ്രവർത്തകൻ എഴുത്തിൽ എത്രമാത്രം മുൻകൈയെടുത്തിട്ടുണ്ട്?
ഒരു വാർത്ത എഴുതുമ്പോൾ പ്രധാനവാർത്ത ആദ്യം. പിന്നെ വിശദാംശങ്ങൾ എന്ന പത്രറിപ്പോർട്ടിലെ ഘടനതന്നെയാണ് മഹാഭാരതത്തിലും കാണുന്നത്. പരമ്പര പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ എനിക്ക് ആദ്യമായി ലഭിച്ച അഭിനന്ദനക്കത്ത് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സാറിന്റേതായിരുന്നു. അത് ഞാൻ നന്ദിപൂർവം ഓർമിക്കുന്നു. നോവലിസ്റ്റുകൂടിയായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ സുഭാഷ്ചന്ദ്രൻ മഹാഭാരതപരമ്പര ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു എന്നറിയിച്ചപ്പോൾ നോവലായി വായിച്ചവിധവും പത്രാധിപദൃഷ്ടിയിലുള്ള എഴുത്തും ഫലിച്ചിരിക്കാം എന്നുതോന്നി. ഒരു പണ്ഡിതന്റെയോ അധ്യാപകന്റെയോ കണ്ണിൽ വായിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല എഴുത്തിന്റെ രൂപം.
മഹാഭാരതത്തെ ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന് വിശേഷിപ്പിക്കുന്നത് എന്തർഥത്തിലാണ്?
മഹാഭാരതത്തിലെ ഇതിവൃത്തമെടുത്ത് ആർക്കും മറ്റൊന്നാക്കി മാറ്റാം. വി.എസ്. ഖാണ്ഡേക്കറുടെ 'യയാതി' മഹാഭാരതത്തിലെ കഥാപാത്രത്തെ വികസിപ്പിച്ച് എഴുതിയ നോവലാണ്. യയാതി മറ്റൊരാൾക്ക് മാറ്റിയെഴുതാൻ പറ്റില്ല. പുസ്തകത്തിന് പകർപ്പവകാശപരിരക്ഷയുണ്ട്. ഉടമസ്ഥതയുള്ള പുസ്തകമാണത്. മഹാഭാരതത്തിന് ഉടമസ്ഥനില്ല. ആർക്കും മാറ്റിപ്പണിയാം. മാറ്റിയെഴുതാം. സോഫ്റ്റ്വേർ മേഖലയും ഉടമസ്ഥതാനിയന്ത്രണംകൊണ്ട് പരിരക്ഷിതമാണ്. ഒരു സോഫ്റ്റ്വേർ സ്ഥാപിക്കാൻ പണം കൊടുക്കണം എന്ന നിബന്ധനക്കാലത്ത് 1983-ൽ റിച്ചാർഡ് സ്റ്റാൾമാൻ, ആർക്കും എങ്ങനെയും ഉപയോഗിക്കാം, വിതരണംചെയ്യാം എന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ്വേറിന് രൂപംകൊടുത്തു. മഹാഭാരതത്തെയും ഇന്നത്തെ യുഗത്തിൽ സ്വതന്ത്രസോഫ്റ്റ്വേർ ഉപമകൊണ്ടേ വിശേഷിപ്പിക്കാനാവൂ. മഹാഭാരതം ലോകത്തിന്റെ സമ്പത്തായിക്കഴിഞ്ഞു. പീറ്റർ ബ്രൂക്ക് പാരീസിൽ മഹാഭാരതം നാടകമായി അവതരിപ്പിച്ചുകഴിഞ്ഞു.
ഇവിടെ ഇപ്രകാരം സംഭവിച്ചിരിക്കുന്നതാണല്ലോ ഇതിഹാസം. മഹാഭാരത ഇതിഹാസത്തെ വർത്തമാനകാലവുമായി ചേർത്തുവായിച്ചാലോ?
മഹാഭാരതം ഭാരതനാട്ടിൽ നിത്യം നിത്യം സംഭവിച്ചുകൊണ്ടിരിക്കുന്നു.
Content Highlights :Interview KC Narayanan Regarding Mahabharatham As a Novel Dr.NP Vijayakrishnan