അനിശ്ചിതത്വമുള്ളവൻ എപ്പോഴും അശാന്തനായിരിക്കും. അശാന്തന് ഒരിക്കലും സുഖം ലഭിക്കില്ല. ഇതറിഞ്ഞിട്ടും ഇതിനുവേണ്ടി പരിശ്രമിക്കാനുള്ള ആഗ്രഹം മനുഷ്യന് വിട്ടുപോവില്ല എന്നതാണ് വസ്തുത. വ്യാസൻ പറയുന്നത് അർഥം ആസ്വദിക്കണം എന്നുണ്ടെങ്കിലും ഉചിതമായ മാർഗം ധർമമാണ് എന്നാണ്-
എഴുത്തുകാരനും പത്രപ്രവർത്തകനും അധ്യാപകനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ തന്റെ മഹാഭാരതഖനനാനുഭവങ്ങൾ ഡോ. എൻ. പി വിജയകൃഷ്ണനുമായി പങ്കുവെക്കുന്നു.

മഹാഭാരതത്തെക്കുറിച്ച് എഴുതുന്നതിനെക്കാൾ ക്ലേശമാണ് പുസ്തകം വായിച്ച് ഖനിച്ചെടുക്കൽ. രണ്ടും സാധിച്ച അനുഭവപശ്ചാത്തലം എന്താണ്...

അടിയന്തരാവസ്ഥയ്ക്കെതിരേ പ്രവർത്തിച്ച വിദ്യാർഥി എന്നനിലയിൽ അക്കാലത്ത് കോളേജിൽ പോകാൻ സാധിച്ചിരുന്നില്ല. അന്നൊക്കെ ബാലചന്ദ്രൻ ചുള്ളിക്കാടും ഞാനും നോവലിസ്റ്റായ പോഞ്ഞിക്കര റാഫിയെ കാണാൻ ചെല്ലുമായിരുന്നു. വ്യാസന്റെ മഹാഭാരതം രണ്ടാം പ്രപഞ്ചസൃഷ്ടിയാണെന്ന് റാഫിസാർ ഒരിക്കൽ പറയുകയുണ്ടായി. ഈ വിശേഷണം ഒരു വെളിച്ചമായി എന്റെയുള്ളിലേക്ക് കടന്നു.
മഹാഭാരതം ഏഴുവാള്യങ്ങളും കമ്പോടുകമ്പ് വായിച്ചു. കാര്യമായി ഒന്നും മനസ്സിലായില്ല. ഭാരതം വായിച്ചവനാണെന്ന് വീമ്പുപറയാൻ കഴിഞ്ഞു എന്നുമാത്രം. കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ പരിഭാഷ വായിക്കുമ്പോൾ സംശയസ്ഥലങ്ങളിൽ മൂലവുമായി ഒത്തുനോക്കി സംശയനിവൃത്തിവരുത്താനും ശ്രമിച്ചിട്ടുണ്ട്. ബംഗാളിയായ കിസരി മോഹൻ ഗാംഗുലി മഹാഭാരതം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും വായിച്ചു. എന്റെ വിഷയം ഫിലോസഫിയാണ്. ഫിലോസഫിക്കൽ ഫ്രെയിമിൽനിന്ന് മാറിപ്പോകാത്ത വ്യാസദർശനചക്രവാളത്തിനകത്തുനിന്നുള്ള തർജമകളാണ് ഇരുവരുടെയും. വിദ്വാൻ കെ. പ്രകാശത്തിന്റെ ഗദ്യപരിഭാഷയും വായിക്കുകയുണ്ടായി. ഹൈസ്കൂൾ പഠനകാലത്ത് എന്റെ മലയാളം അധ്യാപകനും പണ്ഡിതനുമായ പി.പി. പരമേശ്വരവാരിയർസർ കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടനം' വായിക്കാൻ ഉപദേശിച്ചു. അന്നുമുതലേ മഹാഭാരതത്തെക്കുറിച്ച് അറിയാനുള്ള താത്‌പര്യം തുടങ്ങി. Epistemology and aesthetics of the Mahabharatha (മഹാഭാരതത്തിന്റെ ജ്ഞാനപദ്ധതിയും സൗന്ദര്യശാസ്ത്രവും) എന്ന പുസ്തകം ഇപ്പോൾ ഇംഗ്ലീഷിൽ എഴുതിത്തീർന്നു. ആറ് അധ്യായങ്ങളിലായി 1,73,363 വാക്കുകളുണ്ട്. പകർത്തിയെഴുത്ത് നടക്കുന്നു. കൊറോണകൊണ്ടുണ്ടായ മഹാഭാഗ്യംതന്നെ. നാലുവേദം വ്യസിച്ചെടുത്ത വ്യാസൻ മഹാഭാരതം അഞ്ചാംവേദമാണെന്ന് പറയുന്നു. വേദപഠനത്തിന് സാങ്കേതികപരിശീലനവും അധികാരിഭേദവുമുണ്ട്. എല്ലാവർക്കും അവകാശപ്പെട്ട മോക്ഷത്തിന് സാധാരണക്കാരെയും അധികാരികളാക്കാനാണ് വ്യാസൻ അഞ്ചാംവേദം സൃഷ്ടിച്ചത്. നാട്യം പഞ്ചമം വേദം എന്ന് ഭരതമുനിയും പറയുന്നു. കലാവിദ്യ മോക്ഷത്തിനുള്ള ഉപാധിയായി കാണുന്ന സംസ്കാരം ഭാരതത്തിലുണ്ട്. തത്ത്വങ്ങളെ കഥയിലൂടെ ആവിഷ്കരിച്ച് സാമാന്യജനങ്ങളിലേക്ക് എത്തിക്കുന്ന കലാസൃഷ്ടികൂടിയാണ് മഹാഭാരതം. ബോധഹീനന്മാർക്ക് ബോധമുളവാക്കലാണ് ഇവിടെ കലാലക്ഷ്യം. ജ്ഞാനശാസ്ത്രത്തിൽനിന്ന് ഉരുത്തിരിയുന്ന സൗന്ദര്യശാസ്ത്രം സ്ഥൂലസൂക്ഷ്മകാരണഭാവങ്ങളിൽ പ്രതിഫലിക്കുന്നത് എങ്ങനെയെന്ന് മഹാഭാരതത്തെ മുൻനിർത്തി വിചിന്തനം ചെയ്യുകയാണ് പുസ്തകത്തിൽ.

ധർമക്ഷേത്രമായ കുരുക്ഷേത്രം അധർമക്ഷേത്രമായി മാറുന്നതിന്റെ വ്യാഖ്യാനം എന്താണ്?

കർമക്ഷേത്രം എന്നാണ് കുരുക്ഷേത്രത്തിന്റെ അർഥം. കർമക്ഷേത്രത്തിൽ ഒത്തുകൂടിയവർ ധർമമാണോ അധർമമാണോ ആചരിച്ചത് എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരംതേടിപ്പോകുമ്പോൾ കാമലോലുപരാണ് മഹാഭാരതകഥാപാത്രങ്ങളിൽ മഹാഭൂരിപക്ഷവും എന്നുകാണാൻ കഴിയും. ധൃതരാഷ്ട്രരും ഭീഷ്മരും ദ്രോണരും ധർമമറിഞ്ഞ് അധർമത്തിന് കൂട്ടുനിൽക്കുന്നതായിട്ടാണ് സൂക്ഷ്മഭാവത്തിൽ തെളിയുന്നത്.

ധർമിഷ്ഠർ അധാർമികരാവുന്നതിലെ മനോഭാവം എന്താണെന്നാണ് തോന്നിയിട്ടുള്ളത്?

ജീവിതത്തിൽ രണ്ടുലക്ഷ്യങ്ങളും രണ്ടുമാർഗങ്ങളുമാകാം. കാമം ലക്ഷ്യമാക്കുന്നവൻ അർഥഭോഗത്തിനായി യത്നിക്കുന്നു. മോക്ഷം ലക്ഷ്യമാക്കുന്നവനോ ധർമം ആചരിക്കുന്നു. കാമം എന്നാൽ ഇന്ദ്രിയമനസ്സുകൾ നൽകുന്ന അനുഭവം എന്നാണ് അർഥം. അത് അനിശ്ചിതത്വമാണ് നൽകുന്നത്. കാരണം ഒരേ വസ്തുതന്നെ സുഖവും ദുഃഖവും തരുന്നു. അധികാരം, പണം, പദവി, പ്രശസ്തി ഇവയാണ് അർഥം. ഇവ സംഭരിക്കാനും സ്ഥിരമായി സൂക്ഷിക്കാനും നടത്തുന്ന ഏതു ശ്രമവും സുഖദുഃഖസമ്മിശ്രമായിരിക്കും. ഈ സമ്മിശ്രഭാവത്തിൽനിന്ന് ജനിക്കുന്ന അനുഭവമാണ് അനിശ്ചിതത്വം. അനിശ്ചിതത്വമുള്ളവൻ എപ്പോഴും അശാന്തനായിരിക്കും. അശാന്തന് ഒരിക്കലും സുഖം ലഭിക്കില്ല. ഇതറിഞ്ഞിട്ടും ഇതിനുവേണ്ടി പരിശ്രമിക്കാനുള്ള ആഗ്രഹം മനുഷ്യന് വിട്ടുപോവില്ല എന്നതാണ് വസ്തുത. വ്യാസൻ പറയുന്നത് അർഥം ആസ്വദിക്കണം എന്നുണ്ടെങ്കിലും ഉചിതമായ മാർഗം ധർമമാണ് എന്നാണ്.

യുദ്ധത്തിന്റെ സുവിശേഷമാണ് മഹാഭാരതം എന്ന നിരീക്ഷണത്തെ പുസ്തകത്തിൽ ഖണ്ഡിക്കുന്നുണ്ടല്ലോ...

യുദ്ധത്തിൽ എല്ലാവരും തോൽക്കുന്നു. സമാധാനത്തിൽ എല്ലാവരും ജയിക്കുന്നു. അതുകൊണ്ട് സമാധാനമാണ് കാമ്യം എന്ന് പറയുന്നത് ശ്രീകൃഷ്ണനാണ്. മഹാഭാരതയുദ്ധാവസാനം ശാന്തിപർവത്തിൽ മരണം കാത്തുകിടക്കുന്ന ഭീഷ്മർ രാഷ്ട്രവ്യവഹാരത്തിന്റെ കലയും തത്ത്വചിന്തയും ശാസ്ത്രവും തന്റെ കൊച്ചുമകന് പറഞ്ഞുകൊടുക്കുന്നുണ്ട്. ഭീഷ്മരുടെ അവസാനത്തെ ഉപദേശം ഇതാണ്: ''ഉണ്ണീ, മഹാരാജാവേ, കഴിയുമെങ്കിൽ യുദ്ധം ചെയ്യരുത്. യുദ്ധത്തിൽ ജയിക്കാൻ കഴിവുമാത്രം പോരാ. ഭാഗ്യംകൂടി വേണം. ആ ഭാഗ്യം എപ്പോഴും നിന്റെകൂടെ ആയിരിക്കില്ല.'' തുടർന്നുവരുന്ന അധ്യായങ്ങളിലും യുദ്ധം ഒഴിവാക്കി സമാധാനത്തോടുകൂടി എങ്ങനെ ജീവിക്കണമെന്നാണ് മഹാഭാരതം ഉദ്ഘോഷിക്കുന്നത്.

വായനയിൽ സ്വരൂപിച്ച ഭഗവദ്ഗീതാസത്ത എന്താണ്?

സ്വകർമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനേ നമുക്കുകഴിയൂ. കാരണം, കർമം വർത്തമാനകാലവും ഫലം ഭാവികാലവുമാണ്. നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നത് വർത്തമാനകാലത്തെ മാത്രമാണ്. ഭൂതകാലത്തെയോ ഭാവികാലത്തെയോ നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് വർത്തമാനകാലധർമത്തിൽ സമ്പൂർണ സമർപ്പണംചെയ്യുന്ന ആരും വൻവിജയം വരിക്കും. ഭാവിഫലത്തെക്കുറിച്ച് ആകുലപ്പെടാതെ ആത്മനിയന്ത്രണത്തോടെ വർത്തമാനകാലകർമത്തിൽ ശ്രദ്ധിക്കുന്നതാണ് ധർമാചരണത്തിന്റെ ഉത്തമമാർഗം. ഇതിനെയാണ് ധർമഫലത്തെ കാമിക്കാതെ കർമംചെയ്യുക എന്നു പറയുന്നത്. അല്ലാതെ പണിയെടുത്താൽ കൂലി കൊടുക്കേണ്ട, അതാണ് നിഷ്കാമകർമം എന്ന വ്യാഖ്യാനം അസംബന്ധം എന്നേ പറയാൻ കഴിയൂ.

ഗാന്ധിജി അനാസക്തിയോഗത്തെ മാതൃകയാക്കി നവഭാരതത്തിൽ ഭഗവദ്ഗീതയുടെ പ്രസക്തിയെക്കുറിച്ച് ബോധവാനായത്, ഗാന്ധിദർശനപഠിതാവെന്ന നിലയിൽ വിലയിരുത്തുന്നതെങ്ങനെയാണ്?

നിഷ്കാമമായി കർമം ചെയ്യുന്നതിനെയാണ് അനാസക്തിയോഗം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തെ അനാസക്തിയോഗമാക്കി മാറ്റിയതുകൊണ്ടാണ് നിർമാണപ്രവർത്തനങ്ങളും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഗാന്ധിജി മാറ്റിയത്. ഹിന്ദു-മുസ്ലിം മൈത്രി, അയിത്തോച്ചാടനം, സ്വദേശിവസ്ത്രനിർമാണം, സ്ത്രീശാക്തീകരണം എന്നുതുടങ്ങി സാധാരണഗതിയിൽ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകാത്ത കാര്യങ്ങളും ഗാന്ധിജി രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റി. നല്ല കർമം എന്നൊന്നില്ല. നന്നായി ചെയ്യുന്ന കർമമേയുള്ളൂ. ഏത് കർമവും നന്നായി ചെയ്താൽ അത് മഹത്തായിരിക്കും. അതുകൊണ്ടാണ് രാജ്യഭാരംപോലെ തോട്ടിപ്പണിയും മഹത്താണെന്ന് അദ്ദേഹം കണ്ടെത്തിയത്.

കെ.എസ്. രാധാകൃഷ്ണനിലെ പത്രപ്രവർത്തകനും പ്രഭാഷകനും അധ്യാപകനും ഏതേതെല്ലാം രീതിയിൽ മഹാഭാരതത്തിലും തുടർന്നുള്ള രചനയിലും സ്വാധീനിച്ചിട്ടുണ്ട്?

എന്നിലെ അധ്യാപകനാണ് എഴുത്തിൽ പ്രവർത്തിക്കുന്നത്. എഴുതുന്നത് മറ്റുള്ളവർക്ക് മനസ്സിലാവണം എന്ന നിർബന്ധം എപ്പോഴും ഓർമിപ്പിക്കുന്നത് പത്രപ്രവർത്തകനുമാണ്.

മഹാഭാരതത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക അവസ്ഥയുമായി ചേർത്തുവെച്ചുള്ള നിരീക്ഷണം എന്താണ്?

'മണ്ടിമണ്ടിക്കരേറുന്നു മോഹവും' എന്ന് പൂന്താനം എഴുതിയത് എവിടെയെവിടെ പ്രസക്തമാവുന്നുവോ അവിടെയവിടെ അതാണ് ശരി എന്നും മോഹത്തിൽനിന്ന് വിമുക്തമാകണമെന്നും മഹാഭാരതം പറയുന്നു. അധികാരവിനിയോഗലക്ഷ്യം ധർമാചരണമായിരിക്കണം. അധികാരം തലമുറകൾക്കായി സംവരണംചെയ്ത് സൂക്ഷിക്കുന്ന രാഷ്ട്രീയകാലത്ത്, മക്കൾ ഭാരവും ഭാണ്ഡവുമാവുന്ന കാലത്ത് മഹാഭാരതത്തിന് പ്രസക്തിയേറുന്നു.

മഹാഭാരതത്തിലെ കഥ ആസ്വദിച്ചത് എങ്ങനെയാണ്?

രാജ്യാവകാശത്തിന് വേണ്ടിയുള്ള, ബന്ധുക്കളായ രണ്ടുവിഭാഗത്തിന്റെ സ്പർധയും സംഘർഷവും സംഹാരവുമാണ് മഹാഭാരതകഥ എന്ന് ഒറ്റവാചകത്തിൽ സംഗ്രഹിച്ചു പറയാവുന്ന ഘടനതന്നെ അദ്ഭുതമല്ലേ.

Content Highlights: Interview Dr KS Radhakrishnan and NVijayakrishnan on the philosophic thought of Mahabharatha